"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 17, ബുധനാഴ്‌ച

വൈക്കം സത്യാഗ്രഹം; സത്യവും മിഥ്യയും - കല്ലറ സുകുമാരന്‍
നൂറ്റാണ്ടു സമരം

തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ അഥവാ ചാന്നാര്‍ സമുദായത്തില്‍ ക്രിസ്തീയ മിഷനറിമാരുടെ പ്രവര്‍ത്തനം മൂലം സാരമായ മാറ്റങ്ങള്‍ 19 ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുണ്ടായി. ക്രിസ്തുമതത്തിലേക്ക് മാര്‍ഗം കൂടിയ ചാന്നാന്മാര്‍ വ്യവസ്ഥാപിത ജാത്യാചാരങ്ങള്‍ ലംഘിച്ച് ക്രിസ്ത്യാനികളെപ്പോലെ സ്വത്തു സമ്പാദിക്കാനും വിദ്യാഭ്യാസം ചെയ്യാനും നഗ്നത മറയ്ക്കാന്‍ തയാറാവുകയും ക്രിസ്തീയ മിഷറിമാര്‍ അവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. നിലവിലിരുന്ന വ്യവസ്ഥ അനുസരിച്ച് അയിത്തജാതിക്കാരന്‍ വസ്ത്രം ധരിക്കുന്നതു പോലും കുറ്റകരമായിരുന്നു. 1850 ഡിസംബര്‍ 5 ആം തിയതി റവ. ജോര്‍ജ് മാത്തന്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്ക് അയച്ച ചര്‍ച്ച് റിപ്പോര്‍ട്ടില്‍ കിഴക്ക് പുലയന്‍ വസ്ത്രം ധരിക്കാറില്ലെന്നും മരത്തിന്റെ തൊലിയും തേക്കിന്റെ ഇലയുമാണ് നഗ്നത മറയ്ക്കാന്‍ ഉപയോഗിച്ചിരുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചുകൂടി പുരോഗമനം ഉണ്ടായപ്പോള്‍ അധഃകൃതരിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അരയുടെ മുന്‍ഭാഗം മാത്രം എന്തെങ്കിലും കൊണ്ട് മറയ്ക്കുവാനുള്ള അനുവാദം ലഭിച്ചു. ശൂദ്രര്‍ക്കു താഴെയുള്ള തീയര്‍, ചാന്നാന്‍, പുലയന്‍, പറയര്‍, കുറവര്‍, വേലര്‍, വെളുത്തേടര്‍ തുടങ്ങിയ യാതൊരു ജാതിയിലും പെട്ട സ്ത്രീപുരുഷന്മാര്‍ മുട്ടിനു മുകളിലും പൊക്കിളിന് താഴെയുമുള്ള നഗ്നതയല്ലാതെ മറ്റ് ശരീര ഭാഗങ്ങള്‍ മറയ്ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായിരുന്നു. തത്സംബന്ധമായി 165 വര്‍ഷങ്ങള്‍ക്കു മുമ്പ് എ ഡി 1829 ല്‍ (കൊല്ലവര്‍ഷം 1004 ആം ആണ്ട് മകരമാസം 23 ആം തിയതി) തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ച രാജകീയ തിരുവെഴുത്ത് വിളംബരം ചുവടെ ചേര്‍ക്കുന്നു.

'കല്‍ക്കുളം, ഇരണിയില്‍, വിളവംകോട് മൂന്നു മണ്ടപത്തും വാതുക്കല്‍ ചേര്‍ന്ന പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ചാന്നാട്ടികള്‍ ഉത്തരവിനും കീഴ്മക്കും വിരോധമായിട്ട് മേലില്‍ ചീല ഉടുക്കയും മറ്റെല്ലാ കുടിയാനവന്മാര്‍ക്കും ഒപ്പം ചാന്നാന്മാരു ചെയ്യാനുള്ള ഊഴിയ വേലകാര്യം കേള്‍ക്കാതെ നിരസിക്കുകയും ചെയ്തിരിക്കുന്ന ഹേതുവാല്‍ ചാന്നാന്മാര്‍ക്കും നായരുള്‍പ്പെട്ട ആളുകള്‍ക്കും തമ്മില്‍ കലശലിന് ഇടയുണ്ടാകകൊണ്ടും ആ സംഗതി പ്രമാണിച്ചു പ്രസിദ്ധപ്പെടുത്തുന്നതു എന്തെന്നാല്‍, ചാന്നാന്മാരും ആ ജാതിയില്‍ നിന്ന് ക്രിസ്തുമാര്‍ഗത്തില്‍ ചേര്‍ന്നിരിക്കുന്നവരും മറ്റെല്ലാ കുടിയാനവന്മാര്‍ക്കും ഒപ്പം ഊഴിയ വേലക്കാര്യങ്ങള്‍ ശരിയായിട്ടു ചെയ്തു കൊള്ളുകയും വേണം... നമ്മുടെ രാജ്യത്തുള്ള കുടികള്‍ക്ക് അവരവരുടെ സന്തോഷപ്രകാരം ഏതേതു മതത്തില്‍ ചേരണമെന്ന് ആഗ്രഹമുണ്ടോ ആ മതത്തില്‍ ചേരുന്നതിനു തടയില്ലാതെ നാം വിട്ടിരിക്കുന്നുവെങ്കിലും ഏതുവകയില്‍ ചേര്‍ന്ന ക്രിസ്തുവരാകട്ടെ മറ്റുള്ള ആളുകള്‍ ആകട്ടെ വലിപ്പമുള്ള ജാതിക്കാരോടു കീഴ്മര്യാദപ്രകാമുള്ള മുറകള്‍ക്കു വിരോധമായിട്ടു നടക്കുന്നതിന് നാം സമ്മതിക്കുന്നതും അല്ല. മര്യാദക്കാരായിട്ടുള്ള കുടിയാനവന്മാര്‍ ഏതു ജാതിയിലുള്ളവരായാലും മതത്തിന്റെ കാര്യം പ്രമാണിച്ച ഒരു കലംബല്‍ ഉണ്ടാകുകയില്ലെന്ന് നാം നിശ്ചയിച്ചിരിക്കുന്നു. (ഫോഴ്‌സ് ന്യൂസ്. 1993 ആഗസ്റ്റ്) എങ്കിലും ഏതു തരത്തില്‍ ചേര്‍ന്നവരാകട്ടെ ഏതു ജാതിയില്‍ ചേര്‍ന്നവരാകട്ടെ അവരവര്‍ക്കു ബോധിച്ചതിന്‍വണ്ണം ക്ഷേത്രങ്ങളും ക്രിസ്തുമതത്തില്‍ ചേര്‍ന്ന പള്ളിക്കൂടങ്ങളും മറ്റും തുലുക്കമാര്‍ഗത്തില്‍ ചേര്‍ന്ന പള്ളികളും മറ്റും ഇതിന്മണ്ണം കര്‍മ്മം കഴിക്കുന്ന സ്ഥലങ്ങള്‍ മുറപ്രകാരം ബോധിപ്പിച്ചാല്‍ ആ സംഗതികള്‍ നല്ലവണ്ണം വിചാരിച്ചു നോക്കി മറ്റുള്ള ജാതിക്കാര്‍ക്കു ഒരു അസഹ്യത്തിനും ഇടയില്ലാതിരിക്കുന്ന സ്ഥലമായിട്ടു നിശ്ചയിച്ചു കൊടുക്കുകയും ചെയ്യുക'
ഡോ. അംബേദ്ക്കറും വട്ടമേശസമ്മേളനങ്ങളും - വി.എ. ആദിച്ചന്‍
അധ:സ്ഥിതര്‍ക്ക് അംഗീകാരം

ആദ്യത്തെ രജത രേഖ - സൈമണ്‍കമ്മീഷന്‍ റിപ്പോര്‍ട്ട്1919ലെ ഇന്ത്യന്‍ ഭരണപരിഷ്‌ക്കാര ബില്‍ നടപ്പിലാക്കിയതില്‍ പല പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഭരണാധികാരികള്‍ക്കും പലവിധ ക്ലേശങ്ങള്‍ ജനങ്ങള്‍ക്കും നേരിടേണ്ടി വന്ന സാഹചര്യങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷം അരക്ഷിതാവസ്ഥയുടേതായി മാറിയിരുന്നു. എങ്ങും അസംതൃപ്തി; ഒപ്പം ജനതയുടെ സ്വാതന്ത്ര്യതൃഷ്ണ; ഭരണാധികാരികളുടെ അടിച്ചമര്‍ത്തല്‍! വിദേശീയാധിപത്യത്തിന്റെ താണ്ഡവനൃത്തം! ജനരോഷം എങ്ങും ആളിപ്പടര്‍ന്നു. രാഷ്ട്രീയാന്തരീക്ഷത്തിനു ചൂടേറി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനമുന്നേറ്റത്തിന് ആര്‍ക്കും വര്‍ദ്ധിക്കാനതു കാരണമായി.

അതിനെല്ലാമൊരു താല്ക്കാലിക മുട്ടുശാന്തിയെന്നവണ്ണം ജനശ്രദ്ധ തിരിച്ചുവിടാന്‍ ബ്രിട്ടീഷ് ഭരണതന്ത്രജ്ഞര്‍ തയ്യാറായി. ഭരണപരിഷ്‌കാര ബില്ലിലെ ന്യൂനതകള്‍ പരിഹരിച്ച് ഒരു പുതിയ ഭരണനയം ആവിഷ്‌കരിക്കാമെന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ സമ്മതിച്ചു. ബില്ലിലെ പാകപ്പിഴകള്‍ പുനപരിശോധിച്ച് ഇന്ത്യന്‍ ജനതയുടെ പ്രതികരണങ്ങള്‍ കൂടി കണക്കിലെടുത്ത് ഒരു പുതിയ ഭരണപരിഷ്‌ക്കാരനയം ആവിഷ്‌ക്കരിക്കാനുള്ള പ്രാരംഭനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതിന്റെ പ്രാഥമിക ഘട്ടമെന്ന നിലയ്ക്ക് ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ സൈമണ്‍ കമ്മീഷനെ ചുമതലപ്പെടുത്തി ഇന്ത്യയിലേക്കയച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടു വെസ്റ്റുമിനിസ്റ്ററില്‍ ജോയിന്റ് സെലക്ട് കമ്മറ്റി പരിശോധിക്കുമെന്നും, ഇന്ത്യന്‍ ജനതയുടെ പ്രതികരണങ്ങളും അവിടെ വച്ച് പരിഗണനാര്‍ഹമാക്കുമെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു.