"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 19, തിങ്കളാഴ്‌ച

കാവാരിക്കുളം കണ്ഠന്‍ കുമാരന്‍ നവോത്ഥാന ചരിത്രം തമസ്‌ക്കരിച്ച നവോത്ഥാനനായകന്‍ (1866-1935) - പ്രൊഫ. എസ് കൊച്ചുകുഞ്ഞ്


കാവാരിക്കുളം
കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ട കീഴാള മുന്നേറ്റങ്ങളുടെ പഠനം കഷ്ടിച്ച് രണ്ട് ദലിത് നവോത്ഥാന നായകരിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ഒന്ന് അയ്യങ്കാളിയും, മറ്റേത് പൊയ്കയില്‍ ശ്രീകുമാരഗുരുദേവനും. കുറുമ്പന്‍ ദൈവത്താന്‍, പാമ്പാടി ജോണ്‍ജോസഫ്, കൃഷ്ണാദി ആശാന്‍, പി.സി. ചാഞ്ചന്‍ തുടങ്ങിയവരെപ്പറ്റി പരാമര്‍ശങ്ങളും ചെറുപഠനങ്ങളും നടന്നിട്ടുണ്ട്. പക്ഷെ കാവാരിക്കുളം കണ്ഠന്‍കുമാരന്‍, കല്ലട രാമന്‍ നാരായണന്‍ തുടങ്ങിയ ദലിത് സാമൂഹിക പരിഷ്‌ക്കര്‍ ത്താക്കളെ പ്പറ്റിയോ, അവര്‍ നേതൃത്വം നല്‍കിയ നവോത്ഥാന മുന്നേറ്റങ്ങളെ പ്പറ്റിയോ കാര്യമായ എന്തെങ്കിലും പഠനങ്ങള്‍ നടന്നതായി അറിയുന്നില്ല.

നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കും ബുദ്ധിജീവികള്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടം കിട്ടിയപ്പോള്‍ സൂചി കുത്താന്‍ ഇടം ഡോ.ബാബസാഹിബ് അംബേദ്കര്‍ക്ക് കിട്ടാതെ പോയതുപോലെ കേരള നവോത്ഥാന ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ നവോത്ഥാന നായകനാണ് കാവാരിക്കുളം കണ്ഠന്‍ കുമാരന്‍. ലോകചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു കാലഘട്ടമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളും. ലോകമെമ്പാടും, പൗരാവകാശങ്ങള്‍ക്കും മൗലികാവകാശങ്ങള്‍ക്കും വേണ്ടി അടിമകളും അധ:സ്ഥിതരും കലാപമുയര്‍ത്തിയ കാലഘട്ടമായിരുന്നു അത്. ആഗോളകോളനി വ്യവസ്ഥയ്‌ക്കെതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള കോളനി രാജ്യങ്ങള്‍ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കാലം. ആ കാലഘട്ടത്തില്‍ത്തന്നെയാണ് ദലിതരും, ദലിതേതരുമായ നിരവധി സാമൂഹികപരിഷ്‌ക്കര്‍ത്താക്കളും നവോത്ഥാന നായകരും കേരളത്തില്‍ ജനിക്കുകയും വളരുകയും സമൂഹത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തത്. അവരില്‍ ഒരുവനായിട്ട് കാവാരിക്കുളം കണ്ഠന്‍ കുമാരന്‍ 150 വര്‍ഷം മുമ്പ് അന്ന് കൊല്ലം ജില്ലയില്‍ ഉള്‍പ്പെട്ട തിരുവല്ല താലൂക്കില്‍ മല്ലപ്പള്ളിക്കടുത്ത പെരുമ്പട്ടി ഗ്രാമത്തില്‍ കണ്ഠന്റെയും മാണിയുടെയും മകനായി ഭൂജാതനായത്. ഇല്ലായ്മയുടെ നടുവില്‍ ജീവിതം തുടങ്ങിയ സ്മര്യപുരുഷനെ സ്വന്തം കുടുംബത്തി ന്റെയും സ്വജനങ്ങളുടെയും ദുരിതപൂര്‍ണ്ണമായ ജീവിതമാണ് സാമൂഹിക പ്രവര്‍ത്തകനും, നവോത്ഥാന നായകനുമാക്കിയത്. ജാതിവ്യവസ്ഥയുടെ അടിച്ചമര്‍ത്തല്‍ ശക്തികളെ നേരിട്ടുകൊണ്ടും, സ്വസമുദായത്തിന്റെ ആവാസകേന്ദ്രങ്ങള്‍ തേടിപിടിച്ച് അവിടങ്ങളില്‍ പരിഷ്‌കൃത ജീവിതത്തി ന്റെയും സ്വയം പരിഷ്‌ക്കരണ പ്രക്രിയയുടേയും സന്ദേശങ്ങള്‍ എത്തിച്ചുകൊണ്ടുമാണ് കാവേരിക്കുളം കണ്ഠന്‍കുമാരന്‍ കേരള നവോത്ഥാനപ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. 

കേരള നവോത്ഥാനത്തിന്റെ ചിത്രം പ്രസിദ്ധ ചിന്തകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ വരയ്ക്കുന്നതി ങ്ങനെ: 'സ്വാതന്ത്ര്യ സമരത്തിന്റെ അലകള്‍ അടിക്കുന്നതിനു മുമ്പുതന്നെ കേരളം ഒരു രണഭൂമിയായി രുന്നു. അനാചാരങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ വിവിധ സാമൂഹിക വിഭാഗങ്ങള്‍ ആരംഭിച്ച സമരങ്ങള്‍ മലയാളക്കരയിലാകെ പ്രത്യേകിച്ചു തിരുവിതാംകൂര്‍ പ്രദേശത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. വിവിധ വിഭാഗങ്ങള്‍ക്കുള്ളില്‍ രൂപംകൊണ്ട നവീകരണ ശ്രമങ്ങള്‍ ഒന്നിച്ചുവന്നു ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്വഭാവം ആര്‍ജ്ജിച്ചതോടെ ജാതിഭേദവും മതദ്വേഷവും ഇല്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാരാജ്യമെന്ന മഹനീയ സങ്കല്‍പ്പം മലയാളമനസ്സുകില്‍ ഉറച്ച സ്ഥാനം നേടി.' (പ്രൊഫ. എസ്.കൊച്ചുകുഞ്ഞ് - മതാധിഷ്ഠിത രാഷ്ട്രീയ ചരിത്രപശ്ചാത്തലം' ജ 4 ഫേബിയന്‍ ബുക്‌സ്, 2009) 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യരണ്ട് ദശകങ്ങളിലായി കേരളത്തിന്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കുള്ളില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കായി സാമുദായിക സംഘടനകള്‍ രൂപംകൊണ്ടു. 1903-ലാണ് ശ്രീനാരായണഗുരു അദ്ധ്യക്ഷനും മഹാകവി കുമാരനാശാന്‍ സെക്രട്ടറിയുമായുള്ള എസ്.എന്‍.ഡി.പി. യോഗത്തിന്റെ രൂപീകരണം. 1906-ല്‍ അഖിലകേരളനായര്‍ സമാജം രൂപം കൊള്ളുകയും പിന്നീടതു എന്‍.എസ്.എസ്. ആയി പരിണമിക്കുകയും ചെയ്തു. 1910-11 കാലഘട്ടത്തില്‍ നമ്പൂതിരി സമുദായത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടി യോഗക്ഷേമ സഭ രൂപംകൊണ്ടു.

അയ്യങ്കാളി, തോമസ് വാദ്ധ്യാര്‍, ഹാരീസ് വാദ്ധ്യാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1907-ല്‍രൂപം കൊണ്ട സാധുജനപരിപാലനസംഘം, പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ നേതൃത്വത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ രൂപംകൊണ്ട പ്രത്യക്ഷരക്ഷാദൈവസഭ ജഞഉട, കൃഷ്ണാദിആശാന്‍ എന്നറിയപ്പെടുന്ന ചാത്തന്‍കൃഷ്ണാദിയുടെ നേതൃത്വത്തില്‍ 1913-ല്‍ രൂപംകൊണ്ട കൊച്ചി പുലയജനമഹാസഭ. കാവാരിക്കുളം കണ്ഠന്‍കുമാരന്റെ നേതൃത്വത്തില്‍ 1910-ല്‍ സ്ഥാപിതമായ ബ്രഹ്മപ്രത്യക്ഷ സാധുജനപരിപാലന പറയര്‍സംഘം, ഇതേകാലത്ത് കല്ലട രാമന്‍നാരായണന്റെ നേതൃത്വത്തില്‍ കുറവര്‍ (സിദ്ധനര്‍) സമുദായത്തില്‍ നടന്ന നവീകരണ ശ്രമങ്ങള്‍ തുടങ്ങിയവയാണ് തിരുവിതാംകൂറിലും കൊച്ചിയിലുമുള്ള ദലിത് സംമൂഹത്തില്‍ നവോത്ഥാനത്തിന്റെ വെളിച്ചം എത്തിച്ചത്. 

ഉപജാതികളില്‍ ഭിന്നിച്ചുനിന്ന ഈഴവസമൂഹത്തിനും അതേവിധത്തില്‍ ഭിന്നിച്ചുനിന്ന നായര്‍ സമൂഹത്തിനും അതേവിധത്തില്‍ ഭിന്നിച്ചുനിന്ന നായര്‍സമൂഹത്തിനും നവോത്ഥാനകാലഘട്ടത്തില്‍ തന്നെ ഉപജാതികളെ ഇല്ലാതാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് ആ സമൂഹങ്ങളില്‍ ഉപജാതിയ്ക്ക തീതമായ സാമൂഹികമായ ഏകോപനം ഉണ്ടായി. നിര്‍ഭാഗ്യവശാല്‍ ഉപജാതികളില്‍ ഭിന്നിച്ചുനിന്ന ദലിത് സമൂഹത്തില്‍ ഉപജാതിയ്ക്കതീതമായ ഒരു ഏകോപനം ഉണ്ടായില്ല. സാധുജന പരിപാലന സംഘം പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും യാഥാര്‍ത്ഥ്യമായില്ല. ഒരപവാദം പി.ആര്‍.ഡി.എസ്. മാത്രമാണ്. ഈ സംഘടന ഔപചാരികമായി രൂപം കൊള്ളുന്നതിന് മുമ്പുതന്നെ ജാതി-ഉപജാതി- ഉള്‍ജാതികളെ പൊഴിച്ചുകളയാന്‍ ആ കൂട്ടായ്മയ്ക്ക് കഴിഞ്ഞിരുന്നു. ദലിതരിലെ നവോത്ഥാനശ്രമങ്ങള്‍ ഉപജാതി കേന്ദ്രിതമായിപ്പോയെങ്കിലും വിവിധ ഉപജാതികള്‍ക്കുള്ളില്‍ നടന്ന നവീകരണശ്രമങ്ങള്‍ ഒന്നിച്ചു വന്നപ്പോള്‍ അതൊരു ദലിത് നവോത്ഥാനപ്രസ്ഥാനമായി.

തിരുവിതാംകൂറില്‍ പറയരുടെ (സാംബവരുടെ) ആവാകേന്ദ്രങ്ങളിലാകെ ബ്രഹ്മപ്രത്യക്ഷ സാധുജനപരിപാലന പറയര്‍ സംഘത്തിന്റെ ശാഖകള്‍ സ്ഥാപിച്ചുകൊണ്ടാണ് കണ്ഠന്‍കുമാരന്‍ തന്റെ സമുദായത്തിന്റെ നവീകരണശ്രമങ്ങളില്‍ സജീവമായത്. ജാതിവ്യവസ്ഥ ദലിതര്‍ക്ക് അനുവദിക്കാതിരുന്ന പരിഷ്‌കൃത ജീവിതത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണമായിരുന്നു സംഘത്തിന്റെ ശാഖകളില്‍ നടന്നിരുന്നത്. സാധുജനപരിപാലനസംഘവും പി.ആര്‍.ഡി.എസ്സും ചെയ്തതുപോലെ ഞായറാഴ്ച ദിവസം വിശ്രമദിവസമാക്കുക.

അപരിഷ്‌കൃതമായ ഭക്ഷണരീതികള്‍, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക, വസ്ത്രശുദ്ധി, ശരീരശുദ്ധി, പരിസരവൃത്തി തുടങ്ങിയവ നിര്‍ബന്ധിതമാക്കുക, സാമ്പത്തിക അച്ചടക്കം ശീലിക്കുക, സാദ്ധ്യമായ രീതിയില്‍ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുക, ചിന്തിക്കാനും ധ്യാനിക്കാനും സമയം കാണുക. കലാവാസനകളെയും കായികകലകളെയും വികസിപ്പിക്കുക തുടങ്ങിയ സ്വയം പരിഷ്‌ക്കരണ പ്രക്രിയകളെപ്പറ്റിയുള്ള ബോധവല്‍ക്കരണങ്ങളാണ് സംഘത്തിന്റെ ശാഖകളില്‍ നടന്നത്. ഓരോ ശാഖയും അന്നത്തെ നിലയില്‍ ഒരു പാഠശാലകൂടിയായിരുന്നു.

ദലിത് സമൂഹം പൊതുവില്‍ നേരിട്ട ഒരു സങ്കീര്‍ണ്ണപ്രശ്‌നമായിരുന്നു ഇല്ലായ്മ. ഇല്ലായ്മകളില്‍ പ്രധാനം ഭൂമി ഇല്ലായ്മയും വിദ്യാഭ്യാസം ഇല്ലായ്മയും ആയിരുന്നു. അയ്യങ്കാളി, കാവാരിക്കുളം കണ്ഠന്‍കുമാരന്‍, പൊയ്കയില്‍ യോഹന്നാന്‍ (1950 നുശേഷം പൊയ്കയില്‍ ശ്രീ. കുമാരഗുരു) പാമ്പാടി ജോണ്‍ജോസഫ്, കല്ലടരാമന്‍നാരായണന്‍, യേശുഅടിയാന്‍, കുറുമ്പന്‍ ദൈവത്താന്‍ തുടങ്ങിയ ദലിത് നവോത്ഥാന നായകരെ ഈ രണ്ട് ഇല്ലായ്മകള്‍ക്ക് പരിഹാരം കാണാനുള്ള പ്രയത്‌നത്തിനായിരുന്നു പ്രാധാന്യം കൊടുത്തത്. മേല്‍പ്പറഞ്ഞ നവോത്ഥാനനായകരെല്ലാം അവരവരുടെ സമൂഹത്തെ പ്രതിനിധീകരിച്ച് ശ്രീമൂലം പ്രജാസഭയില്‍ അംഗങ്ങളായിരുന്നു. പ്രജാസഭയുടെ ഓരോ സമ്മേളനത്തിനും ദലിത് സാമാജികരുടെ പ്രധാനപ്പെട്ട ആവശ്യം അവരവരുടെ സമുദായത്തിനു ഭൂമി പതിച്ചുകിട്ടുക എന്നതായിരുന്നു. 1912 മുതല്‍ ശ്രീമൂലം പ്രജാസഭയില്‍ ദലിത് പ്രാതിനിധ്യം ഉണ്ടായി. ആദ്യം 1912 മുതല്‍ അയ്യങ്കാളിയും, 1913 മുതല്‍ കാവാരിക്കുളം കണ്ഠന്‍കുമാരനും പ്രജാസഭ മെമ്പര്‍മാരായിരുന്നു. അയ്യങ്കാളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം (16 കൊല്ലക്കാലം) പ്രജാസഭാമെമ്പറായിരുന്ന ദലിത് സാമാജികര്‍ കാവാരിക്കുളം കണ്ഠന്‍കുമാരനായിരുന്നു.

ദലിത് സംഘടനകളുടെ ഔപചാരിക രൂപീകരണങ്ങള്‍ക്കു മുമ്പുതന്നെ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെപ്പറ്റി എല്ലാ ഉപജാതിവിഭാഗങ്ങളും ഗൗരവമായിത്തന്നെ ചിന്തിച്ചിരുന്നു. സാധുജന പരിപാലനസംഘത്തിന്റെ ഗൗരവമായിത്തന്നെ ചിന്തിച്ചിരുന്നു. സാധുജനപരിപാലനസംഘത്തിന്റെ രൂപീകരണ വര്‍ഷത്തില്‍ത്തന്നെ വിദ്യാഭ്യാസ നിഷേധത്തിനെതിരേയുള്ള സമരവും ആസൂത്രണവും ചെയ്തല്ലോ. 1907-ല്‍ തുടങ്ങി 1908-ല്‍ അവസാനിച്ച കാര്‍ഷികസമരം വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ളതായിരുന്നു. സമരം വിജയിക്കുകയും, വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്‌തെങ്കിലും 1915 വരെയും സര്‍ക്കാര്‍ ഉത്തരവ് നടപ്പില്‍ വന്നില്ല. ഈ സാഹചര്യത്തിലാണ് സാധുജന പരിപാലനസംഘം, പ്രത്യക്ഷ രക്ഷാദൈവസഭ, ബ്രഹ്മപ്രത്യക്ഷ സാധുജനപരിപാലന പറയര്‍ സംഘം എന്നിവ സ്വന്തമായി അക്ഷരാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുവാന്‍ തുടങ്ങിയത്. 20-ാം നൂറ്റാണ്ടി ന്റെ തുടക്കത്തില്‍ത്തന്നെ പി.ആര്‍.ഡി.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. 1914-ല്‍ സാധുജനപരിപാലനസംഘം വെങ്ങാനൂരില്‍ ഒരു സ്‌ക്കൂള്‍ തുടങ്ങുകയുണ്ടായി. മേല്‍ സൂചിപ്പിച്ചതു പോലെ ബ്രഹ്മപ്രത്യക്ഷ സാധുജനപരിപാലന പറയര്‍ സംഘത്തിന്റെ ഓരോ ശാഖയും ഒരു പാഠശാലകൂടിയായിരുന്നു. മുതിര്‍ന്നവര്‍ക്കുവേണ്ടി നിശാപാഠശാലയും തുടങ്ങിയിരുന്നു.

ദലിത് സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നതിക്കായി കാവാരികുളം കണ്ഠന്‍കുമാരന്‍ പ്രജാസഭ യില്‍ നടത്തിയ ഇടപെടലുകള്‍ പല സഭാരേഖകളും വ്യക്തമാക്കുന്നുണ്ട്. ഒരുദാഹരണം: പറയസമുദായ നേതാവ് കാവാരികുളം കണ്ഠന്‍കുമാരന്‍ വിദ്യാഭ്യാസപ്രശ്‌നത്തിന്റെ മറ്റൊരുവശമാണ് 23.2.1915 ല്‍ അവതരിച്ചത്. വിദ്യാഭ്യാസകോഡില്‍ നിരോധിക്കുന്നില്ലെങ്കിലും തന്റെ സമുദായത്തിലെ കുട്ടികളെ സ്‌ക്കൂളില്‍ പ്രവേശിക്കുന്നില്ലെന്നും മിസ്റ്റര്‍ കണ്ഠന്‍കുമാരന്‍ (നോമിനേറ്റ് ചെയ്യപ്പെട്ട മെമ്പര്‍) പറഞ്ഞു. സ്ഥലക്കുറവിന്റെ പേരില്‍ അവര്‍ക്ക് തുടര്‍ച്ചയായി പ്രവേശനം നിഷേധിക്കുകയാണ്. ആ ബുദ്ധിമുട്ട് പരിഹരിക്കണം. (Proceeding of the Sreemoolam popular Assembly of Travancore 11 th session P.100 Kerala Legislative library) സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ അധ:സ്ഥിത വര്‍ഗ്ഗകുട്ടികള്‍ക്ക് പ്രവേശനം സുഗമമല്ലെന്നുകണ്ട സാഹചര്യത്തിലാണ് ഒരു ബദല്‍ സംവിധാനമെന്ന നിലയില്‍ സ്‌ക്കൂളു കളുടെ ഒരു ശൃംഖലതന്നെ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ കാവാരികുളം കണ്ഠന്‍കുമാരന്‍ നടത്തിക്കൊണ്ടുപോയത്. വിഭവശേഷിയില്ലാത്ത തന്റെ സമുദായത്തെ ഉപയോഗിച്ച് അത്തരം ഒരു സംവിധാനം നിലനിര്‍ത്താന്‍ കഠിനാദ്ധ്വാനവും ഇച്ഛാശക്തിയും കൊണ്ടുമാത്രം സാധ്യമല്ലെന്നുകണ്ട അദ്ദേഹം സര്‍ക്കാര്‍ സഹായത്തിനായി തന്റെ പ്രജാസഭാസാമാജികത്വം വിദഗ്ദ്ധമായി ഉപയോഗിച്ച തിന്റെ തെളിവാണ് 22.2.1917-ല്‍ അദ്ദേഹം പ്രജാസഭയില്‍ ചെയ്ത പ്രസംഗം 'കുന്നത്തൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, പീരുമേട്, മാവേലിക്കര, കരുനാഗപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളിലായി ഞങ്ങളുടെ സമുദായം നടത്തുന്ന 52 സ്‌ക്കൂളുകളുണ്ട്. ആ സ്‌ക്കൂളിലെ ടീച്ചര്‍മാരില്‍ നാല്പത്താറുപേര്‍ പറയരും, മൂന്നുപേര്‍ ഈഴവരും, രണ്ടുപേര്‍ നായന്മാരും, ഒരാള്‍ ക്രിസ്ത്യാനിയുമാണ്. ആ സ്ഥാപന ങ്ങളുടെ സഹായത്തിനായി വേണ്ടത്ര ഗ്രാന്റ് അനുവദിക്കുകയും ടീച്ചര്‍മാരെ സ്ഥിരപ്പെടുത്തുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. (Proceeding of the Sreemoolam popular Assembly of Travancore 13 th session P.146 Kerala Legislative library)ഏകാദ്ധ്യാപക സ്ഥാപനമാണെങ്കിലും സ്‌ക്കൂളുകളുടെ ഒരു ശൃംഖല ഈ തരത്തില്‍ നടത്തിക്കൊണ്ടുപോകാന്‍ കണ്ഠന്‍കുമാരന്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനത്തിന് 1917-ല്‍ കഴിഞ്ഞിരുന്നത് മഹത്തായ ഒരു നവോത്ഥാനനേട്ടം തന്നെയായിരുന്നു. 

1926 മാര്‍ച്ച് 3 ന് നടന്ന പ്രജാസഭയുടെ ഇരുപത്തിരണ്ടാമത് സമ്മേളനത്തില്‍ മലയാളം അഞ്ചാം ക്ലാസ്സിലും ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലും പഠിക്കുന്ന പറയര്‍ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌ക്കോളര്‍ഷിപ്പ് നല്‍കി പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതുപോലെ ഫീസും മറ്റുചെലവുകളും വഹിക്കാന്‍ കഴിവില്ലാത്തതുകൊണ്ട് വിദ്യാഭ്യാസം മതിയാക്കുന്ന ധാരാളം ദലിത് കുട്ടികള്‍ ഉണ്ടെന്നും, അവരെ ഫീസില്‍നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. ദരിദ്രരായ കുട്ടികള്‍ക്കു ഉച്ചഭക്ഷണം നല്‍കണമെന്ന ആശയം കണ്ഠന്‍കുമാരനാണ് ആദ്യമായി സര്‍ക്കാരിന്റെ മുന്നില്‍ വയ്ക്കുന്നത്. ആ സമ്മേളനതന്നെ പറയര്‍ക്ക് ഒരു തമിഴ് സ്‌ക്കൂള്‍ മാരംകുളത്ത് സ്ഥാപിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് അപേക്ഷിച്ചു.

ദലിതര്‍ പൊതുവില്‍ നേരിട്ട മറ്റൊരു പ്രധാന പ്രശ്‌നമാണ് സര്‍ക്കാര്‍ സര്‍വ്വീസിലെ ജോലിയില്ലായ്മ. പ്രജാസഭയുടെ 22-ാമത് സമ്മേളനത്തില്‍ എഴുതാനും വായിക്കാനും അറിയാവുന്ന ദലിതര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി കൊടുക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. സഭയുടെ 23-ാമത് സമ്മേളന ത്തിലും സര്‍ക്കാര്‍ജോലിക്കുള്ള അപേക്ഷ അദ്ദേഹം ആവര്‍ത്തിച്ചു. തന്റെ സമുദായത്തില്‍ വളരെ ക്കുറച്ച് യുവാക്കളേ സ്‌ക്കൂള്‍ ലിവിങ്ങ് പരീക്ഷ പാസായിട്ടുള്ളൂവെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന ജോലി കൊടുക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തികവികസനത്തിന് ഭൂമിസമ്പാദനത്തോടൊപ്പം സമുദായത്തിന്റെ പരമ്പരാഗത തൊഴിലായ ഈറ്റപ്പണി സുഗമമായി നടത്തിക്കൊണ്ടുപോകണമെന്നു കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടാ യിരുന്നു. പ്രജാസഭയുടെ 22-ാമത് സമ്മേളനത്തില്‍ ഈറ്റത്തൊഴിലില്‍ ഏര്‍പ്പെടുന്ന സാംബവ സമുദായങ്ങള്‍ക്ക് റിസര്‍വ്വ് വനങ്ങളില്‍നിന്നു തലച്ചുമടായി ഈറ്റ വെട്ടിക്കൊണ്ടുവരാനുള്ള പാസ് സൗജന്യമായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന കിട്ടണമെന്ന ആവശ്യം ഉന്നയിച്ചു. പ്രജാസഭയുടെ നിരവധി സമ്മേളനങ്ങളില്‍ ഈറ്റത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഇന്നും ശരാശരി സാംബവകുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗം ഈറ്റത്തൊഴില്‍ തന്നെ. പക്ഷേ അസംസ്‌കൃത സാധനമായ ഈറ്റകിട്ടാതെ തിരുവിതാംകൂര്‍ മേഖലയിലെ സാംബവര്‍ കഷ്ടപ്പെടുകയാണ്. എക്കാലത്തും ഒരു സാംബവ സമുദായമെങ്കിലും കേരള നിയമസഭയില്‍ ഉണ്ടായിരിക്കും. എന്നാല്‍ അവരാരും കണ്ഠന്‍കുമാരന്‍ പ്രജാസഭയില്‍ കാണിച്ച താല്‍പ്പര്യം ഈറ്റത്തൊഴിലാളികള്‍ക്കുവേണ്ടി നാളിതുവരെ കാണിച്ചിട്ടില്ല. കൊച്ചി നിയമസഭയില്‍ മെമ്പറായിരുന്ന പുലയസമുദായത്തില്‍പ്പെട്ട ശ്രീ.പി.സി. ചാഞ്ചന്‍ (1928) പറയരായ ഈറ്റത്തൊഴിലാളികള്‍ക്കുവേണ്ടി സഭയില്‍ കാണിച്ച താല്‍പ്പര്യം ഇവിടെ സ്മരിക്കപ്പെടേണ്ടതാണ്. സമുദായസംഘടനകള്‍ക്കോ, രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ പറയരായ ഈറ്റത്തൊഴിലാളികള്‍ കുടുംബങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടു കള്‍ക്ക് പരിഹാരം കാണാന്‍ യാതൊരു താല്‍പ്പര്യവും ഇല്ല എന്നുള്ളത് ഒരു ദു:ഖസത്യം മാത്രം.

പരിമിതികള്‍ ഏറെ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു കാവാരികുളം കണ്ഠന്‍കുമാരന്‍ പറയ (സാംബവ) സമുദായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടത്. ഇന്ന് കാലം മാറിയിരിക്കുന്നു. വ്യവസ്ഥിതി മാറിയിരിക്കുന്നു ഒപ്പം പുതിയ വെല്ലുവിളികളും........!