"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 18, ഞായറാഴ്‌ച

വള്ളോന്‍ എം.എല്‍.സി - ഒര്‍ണ കൃഷ്ണന്‍കുട്ടി


കെ പി വള്ളോന്‍ 
പഴയ കൊച്ചി രാജ്യത്ത്, കൊച്ചി കായലിന് സമീപമുള്ള മുളവക്കാട് ദ്വീപില്‍ കോലങ്ങാട്ട് വീട്ടില്‍ പിഴങ്ങന്റെയും മാലയുടേയും ഏക സന്താനമായി ജനിച്ചു. പറയത്തക്ക ഔപചാരിക വിദ്യാഭ്യാസമൊന്നും നേടാതിരുന്ന വള്ളോന്‍ സ്വപ്രയത്‌നത്താല്‍ ലോകപരിചയം നേടി. ഒരു മേസന്‍ പണിക്കാരനായി ജീവിതം ആരംഭിച്ച അദ്ദേഹം 1917 ല്‍ എളങ്കുന്നപുഴ കോനാരി തറയിലെ താര എന്ന ബാലികയെ വിവാഹം കഴിച്ചു. തൊഴിലിനോടൊപ്പം തന്റെ സമുദായം അനുഭവിച്ചു കൊണ്ടിരുന്ന സാമൂഹ്യപീഡനങ്ങളില്‍ മനം നൊന്ത വള്ളോന്‍ സമുദായിക രംഗത്തേക്കും തന്റെ കഴിവുകള്‍ പ്രയോഗിക്കാന്‍ തുടങ്ങി. സ്വന്തം സമുദായത്തില്‍ നിലനിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആദ്യമായി എതിര്‍ത്തു. ആദ്യമായി അതിനായി സ്വന്തം തറവാട്ടില്‍ പൂര്‍വ്വീകര്‍ പാരമ്പര്യമായി വച്ച് ആരാധന നടത്തിയപോന്ന കല്ലും കരിങ്കുറ്റിയും പിഴുതെറിഞ്ഞു. അങ്ങനെ തന്റെ സമുദായത്തിലെയും വീട്ടിലെയും ആരാധനാ കേന്ദ്രങ്ങള്‍ നശിപ്പിച്ചുകൊണ്ട് സമുദായത്തെ വരഞ്ഞുമുറുക്കിയ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായി. 1924 ഓടുകൂടി വള്ളോന്‍ സമുദായ നേത്വത്വത്തിലേക്ക് ഉയര്‍ന്നുവന്നു. ആ വര്‍ഷം എറണാകുളം മഹാരാജാസ് കോളേജില്‍ വച്ച് കൂടിയ കൊച്ചി പുലയ മഹാസഭയും വാര്‍ഷീകത്തോടെ കൊച്ചിയുടെ നേതാവായി കൊണ്ട് ആ സമ്മേളനത്തോടെ സമുദായ നേതാവെന്ന അംഗീകാരവും നേടി. 

കൊച്ചി പുലയ മഹാസഭയുടെ ജോയിന്റ് സെക്രട്ടറിയായി പ്രസ്തുത സമ്മേളനം എം.എല്‍.സിയെ തെരഞ്ഞെടുത്തിരുന്നു. കൊച്ചി ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കണമെങ്കില്‍ ബിരുദമോ, കരംതിരിവോ ആവശ്യമായിരുന്നു. എങ്കില്‍ മാത്രമെ എന്തിനെ പ്രതിനിധീകരിച്ചാണെങ്കിലും അംഗമാകാന്‍ കഴിയുമായിരുന്നുള്ളു. അത്തരം ഒരാളെ ലഭിക്കുക വളരെ അപൂര്‍വ്വമായിരുന്നുള്ളു. തിരുവിതാംകൂര്‍ പ്രജാസഭയില്‍ പുലയരെ പ്രതിനിധീകരിച്ച് ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയെ നിയമിച്ചത് പോലെ കൊച്ചിയില്‍ പണ്ഡിറ്റ് കെ.പി. കറുപ്പനെയാണ് പുലയരുടെ പ്രതിനിധിയായി നോമിനേറ്റ് ചെയ്തിരുന്നത്. മാസ്റ്റര്‍ തനിക്ക് ലഭിച്ച സ്ഥാനം കൊണ്ട് പുലയരുടെ ഉന്നതിക്കായി വലിയ സേവനങ്ങളാണ് ചെയ്തത്. 1915 ല്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുത്ത മാസ്റ്ററുടെ കാലാവധി കഴിഞ്ഞു വീണ്ടും നോമിനേറ്റ് ചെയ്യാന്‍ തീരുമാനങ്ങളുണ്ടായപ്പോള്‍ മാസ്റ്റര്‍ തന്നെ പുതിയ നിര്‍ദ്ദേശവുമായി മുന്നോട്ടുവന്നു. ഇനി കൊച്ചിയിലെ അവശ സമുദായത്തെ പ്രതിനിധീകരിക്കാന്‍ ആ സമുദായത്തിലെ തന്നെ ആളുണ്ടെന്നും അതിനായി തിരുകൊച്ചി പുലയര്‍ മഹാസഭയുടെ നേതാവായ പി.സി.ചാഞ്ചനെ നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുണ്ടായി. 1926 ല്‍ കാലാവധി പൂര്‍ത്തിയാക്കിയ ചാഞ്ചന് ശേഷം 1931 ആഗസ്റ്റില്‍ ശ്രീ.വള്ളോനെ ലെജിസ്‌ളേറ്റീവ് അംഗമായി നോമിനേറ്റ് ചെയ്തു. തുടര്‍ന്ന് മൂന്നുവര്‍ഷം വള്ളോന്‍ തന്റെ വര്‍ഗ്ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അപാരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. തുടര്‍ന്നുള്ള വര്‍ഷത്തേക്കും വള്ളോനെ തെരഞ്ഞെടുത്തെങ്കിലും 1940 നവംബര്‍ വരെ സഭയില്‍ ഹാജരായിട്ടില്ലെന്ന് സഭ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ചെറായി രാമദാസ് രേഖപ്പെടുത്തുന്നു. ശ്രീ.വള്ളോന്റെ സഭാപ്രവര്‍ത്തനങ്ങള്‍ മുഴുവനും സമുദായത്തിനും സംഘടനക്കും വേണ്ടി വിനിയോഗിച്ചു. കൊച്ചിയില്‍ നിന്നും 'ഹരിജന്‍' എന്ന ഒരു പത്രവും ആരംഭിച്ചുകൊണ്ട് സമുദായത്തിലും സംഘടനയിലും ആശയപ്രചരണത്തിനുള്ള ഉപാധികള്‍ കണ്ടെത്തി. വള്ളോന്റെ സഹകരണത്താല്‍ എത്രയോ പുലയ വിദ്യാര്‍ത്ഥികളെ എറണാകുളത്ത് ഹരിജന്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ സ്ഥാപിച്ചുകൊണ്ട് അവരെ താമസിപ്പിച്ചു പഠിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ എം.എല്‍.സി ഉണ്ടാക്കി. കേരളത്തിലെ തദ്ദേശ സ്വയംഭരണ പട്ടിക വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയും കേരള പുലയര്‍ മഹാസഭയുടെ സ്ഥാപകന്മാരില്‍ ഒരാളുമായ പി.കെ.ചാത്തന്‍ മാസ്റ്ററെ സാമുദായിക രാഷ്ട്രീയ മണ്ഡലത്തില്‍ വളര്‍ത്തി വലുതാക്കിയതില്‍ കെ.പി.വള്ളോന് നിര്‍ണ്ണായക പങ്കുണ്ട്.