"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 15, വ്യാഴാഴ്‌ച

മഹാത്മ അയ്യന്‍കാളിയുടെ പ്രസക്തിയും പട്ടികവിഭാഗങ്ങളുടെ ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ അവസ്ഥയുടെ പരിഹാരവും - എ ശശിധരന്‍


അയ്യന്‍‌കാളി 
വളര്‍ച്ച എന്നത് താഴെ നിന്നു മേലോട്ടാണ്. പക്ഷെ ഒരറ്റം മേലോട്ടും മറ്റെ അറ്റം താഴോട്ടും വളരുകയായിരുന്നു ജാത്യാതിഷ്ഠിത ഇന്ത്യന്‍ സമൂഹം. സവര്‍ണ്ണര്‍ മേലോട്ടും അവര്‍ണര്‍ കീഴോട്ടും. കീഴോട്ടു വളര്‍ന്നവര്‍ ഇനിയും താഴേക്കു പോകുവാനാകാത്ത വണ്ണം ചവിട്ടിയരക്കപ്പെട്ടു. അനിവാര്യമായും ഓരോ മനസ്സും മോചനത്തിനായി വെമ്പല്‍ കൊള്ളുകയായിരുന്നു. മേലാളന്മാരുടെ ക്രൂരതയും മൃഗതുല്യപരിഗണനയും മൂലം സ്‌ഫോടനാത്മക മായ അന്തരീക്ഷം സംജാതമായിരുന്നെങ്കിലും അതിനെ ചലനാത്മകമാക്കു ന്നതിന് ഒരു നേതൃത്വത്തിന്റെ അഭാവം ദൃശ്യമായിരുന്നു. ചരിത്രത്തിന്റെ ഈ സന്നിദ്ധഘട്ടത്തിലാണ് വെള്ളിനക്ഷത്രം പോലെ പ്രഭ ചൊരിഞ്ഞുകൊണ്ട് അയ്യന്‍കാളി എന്ന ചരിത്ര പുരുഷന്റെ താരോദയം സംഭവ്യമായത്. 

സവര്‍ണ്ണ ചരിത്രകാരന്മാരുടെ തമസ്‌ക്കരണത്തെ അതിജീവിച്ച അയ്യന്‍കാളിയെ കേവലം പട്ടികജാതി നേതാവായും കര്‍ഷകതൊഴിലാളി നേതാവായും ഒക്കെ ചിത്രീകരിച്ച് ചരിത്രത്തിന്റെ ഒരു മൂലയിലേക്കൊതുക്കുവാന്‍ വ്യാപകമായ കുത്സിത ശ്രമങ്ങളാണു നടക്കുന്നത്. ഹിന്ദുമതത്തിന്റെ ക്രൂരമായ ജാത്യാചാരത്താല്‍ അടിച്ചമര്‍ത്തപ്പെട്ടുപോയ ജനതയെ രക്ഷിച്ചെടുത്ത് മറ്റു സമുദായ ങ്ങള്‍ക്കൊപ്പമെത്തിക്കുന്നതിനായി വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനക്ഷമമാവുകയായിരുന്നു അദ്ദേഹം. ആ രീതിയില്‍ അദ്ദേഹം സൈദ്ധാന്തികന്‍, യോദ്ധാവ്, സംഘാടകന്‍, വാഗ്മി, സമുദായ നേതാവ്, മനുഷ്യ സ്‌നേഹി, സാമൂഹ്യപരിഷ്‌ക്കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, നിയമജ്ഞന്‍, നീതിപാലകന്‍, പാര്‍ലമെന്റേറിയന്‍ എന്നീ വിവിധ തലങ്ങളില്‍ വിപ്ലവകരമായ സേവനങ്ങളാണ് കാഴ്ചവെച്ചത്. ഇത്രയും ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു നേതാവും കേരളക്കരയിലെന്നല്ല, ലോകത്തിലൊരിടത്തും ജീവിച്ചിരുന്നതായി കേട്ടുകേള്‍വി പോലുമില്ല, 

1912 ല്‍ ശ്രീമൂലം പ്രജാസഭയില്‍ തന്റെ ജനതയുടെ ദൈന്യതയും അടിയന്തിരാവശ്യങ്ങളും ഉന്നയിക്കുകയും തന്റെ ജനതക്കായി സര്‍ക്കാര്‍ ഉദ്യോഗവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും നേടിയെടുക്കുകയും അധഃസ്ഥിതര്‍ക്ക് ഏക്കറുകണക്കിനു കൃഷി ഭൂമി നേടിയെടുക്കുകയും ചെയ്തതു വഴി അതിവിദഗ്ധനായ ഒരു പാര്‍ലമെന്റേറിയനെയാണ് നമുക്കു കാണുവാന്‍ കഴിയുന്നത്. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലൂടെ അധഃസ്ഥിത ജനതയെ എങ്ങനെ കരകയറ്റുവാന്‍ കഴിയും, എന്നു തെളിയിക്കുകയായിരുന്നു, അദ്ദേഹം. മിച്ച ഭൂമി പതിച്ചു വാങ്ങി കൃഷി ചെയ്ത് ജീവസന്ധാരണം നടത്തി ഉപജീവനത്തിലൂടെ അതിജീവനം സാദ്ധ്യമാക്കുവാന്‍ കഴിയും എന്ന് തെളിയിക്കുകയുമായിരുന്നു അദ്ദേഹം ചെയ്തത്. പിന്നീടു വന്ന അതിവിദഗ്ധരായ പാര്‍ലമെന്റേറിയന്മാരായ നെഹ്രുവിനും, എ. കെ ഗോപാലനും ഇ.എം.എസ്സിനും കെ. കരുണാകരനും എ.കെ. ആന്റണിക്കും അച്യുതമേനോനും ഒന്നും തന്നെ അധഃസ്ഥിത ജനതയെ രക്ഷിക്കാന്‍ ജനപ്രതിനിധി സഭകളെ ഉപയോഗിക്കുവാന്‍ കഴിഞ്ഞിട്ടില്ല അല്ലെങ്കില്‍ അവരത് ചെയ്തില്ല. (എന്നാല്‍ മുസ്ലിം നേതാക്കള്‍ക്ക് സമുദായോദ്ധാരണ ത്തിന് അത് ചെയ്യുവാന്‍ കഴിഞ്ഞു, എന്നുള്ളത് ചരിത്രമാണ്) മുന്‍ചൊന്ന അയ്യന്‍കാളി അതിനാല്‍ പാര്‍ലമെന്റേറിയന്‍മാരെക്കാള്‍ മികച്ച പാര്‍ലമെന്റേറിയനാണ്.

സാധുജന പരിപാലനസംഘത്തിന്റെ സ്ഥാപനം ഇന്നത്തെ ജാതിസമുദായ നേതാക്കളുടേതില്‍ നിന്ന് ഉന്നതമായ വീക്ഷണമായിരുന്നു. അവിടെ നാം ദര്‍ശിക്കുന്നത് വിഭിന്ന ജാതിക്കാരെ സമഭാവനയോടെ കാണുന്ന ഒരു നവോദ്ധാന നായകനെയാണ്. 

കോടതിയില്‍ പോയി നീതി തേടുന്നതിനു തന്റെ ജനതക്കു സാദ്ധ്യമാല്ലാതിരുന്ന കാലഘട്ടത്തില്‍ സ്വന്തം കോടതി സ്ഥാപിക്കുകയും നീതി നടപ്പിലാക്കുകയും ചെയ്ത ന്യായാധിപനാണദ്ദേഹം. ആ രീതിയില്‍ മഹാനായ ദാര്‍ശനികനായും പാര്‍ലമെന്റേറിയനായും കര്‍മ്മധീരനായ യോദ്ധാവായും പ്രഗത്ഭനായ രാഷ്ട്രീയക്കാരനായും വിദ്യാഭ്യാസപ്രവര്‍ത്തകനായും മനുഷ്യസ്‌നേഹിയായും വാഗ്മീകിയായുംസമുദായോദ്ധാരകനായും നവോദ്ധാനനായകനായും ന്യായാധിപനായും പരിണമിക്കുന്ന മഹാത്മാവ് സ്വയം ഒരു പ്രസ്ഥാനമായി മാറുന്നതായാണ് നമുക്കനുഭവപ്പെടുക. നമ്മെ സംബന്ധിച്ചിടത്തോളം കണ്‍കണ്ട ദൈവമാണദ്ദേഹം. കേരളത്തിലെ നവോദ്ധാന നായകന്മാരില്‍ പ്രമുഖരായ അയ്യാവുസ്വാമി, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു എന്നിവര്‍ ആത്മീയ ഉപദേശങ്ങള്‍കൊടുത്ത് മാറിയിരുന്നു ചിന്തിച്ചപ്പോള്‍ തന്റെ ജനതയുടെ മോചനത്തി നായി ചിന്താപദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും അതു നടപ്പിലാക്കുവാന്‍ മുന്നിട്ടിറങ്ങുകയും ചെയ്‌തെന്ന വ്യത്യാസം അവരും അയ്യന്‍കാളിയും തമ്മിലുണ്ട്. മുന്‍ ചൊന്നവരെ ആരാധനാപാത്ര ങ്ങളാക്കി ദൈവീകരിച്ചെങ്കില്‍ ഒരു ദൈവദൂതനെപ്പോലെ അധഃസ്ഥിത വിഭാഗത്തിലവതരിച്ച അയ്യന്‍കാളിയെ എന്തുകൊണ്ട് ദൈവമായി അംഗീകരിച്ചുകൂടാ. അങ്ങനെസഹസ്രാബ്ദങ്ങളായി നിലനിന്ന സവര്‍ണ്ണ മേധാവിത്വത്തിന്റെ അസ്ഥിത്വത്തെ ഉടച്ചു വാര്‍ത്തുകൊണ്ട് കേരളചരിത്രത്തിന് ഈടുറ്റ സംഭാവനകള്‍ നല്‍കി. തന്റെ ജനതയെ ആത്മാഭിമാനമുള്ളവരാക്കി വളര്‍ത്തുന്നതിന് ശക്തമായ അടിത്തറ ഇട്ടുകൊണ്ടാണ് മഹാത്മാവ് മണ്‍മറഞ്ഞത്.

കാലഗതിയില്‍ മഹാത്മാവിന്റെ ചിന്താ പദ്ധതികള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുന്നതില്‍ സമുദായം ഗുരുതരമായ വീഴ്ചയാണു വരുത്തിയത്. അദ്ദേഹം സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെ പതനത്തോടെയാണ് തകര്‍ച്ച ആരംഭിച്ചത്. അതിനു കാരണങ്ങള്‍ പലതാണ്. ഒന്നാമതായി വീക്ഷണമുള്ള നേതാക്കള്‍ ഇല്ലായിരുന്നു. രണ്ടാമതായി പ്രതിലോമശക്തികള്‍ മഹാത്മാവിന്റെ ജാമാതാവിനെ തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പുലയ മഹാസഭ രൂപീകരിച്ചത്. ഭിന്നിപ്പിച്ചു ഭരിക്കുക, എന്ന ഇംഗ്ലീഷികാരുടെ തന്ത്രം അധഃസ്ഥിതനുമേല്‍ പ്രയോഗിച്ചു വിജയിപ്പിച്ചു. അനാഥമായ മറ്റു സമുദായങ്ങള്‍ ഓരോ മഹാസഭകള്‍ രൂപീകരിച്ചതോടെ ശിഥിലീകരണം പൂര്‍ണ്ണമായി. അബ്രാരാഹ്മണസമുദായങ്ങളായ നായര്‍, മുതല്‍ കീഴോട്ടുള്ളവരിലെ അവാന്തര വിഭാഗങ്ങള്‍ എന്‍. എസ്. എസ്സിനു കീഴിലും ഈഴവാദി പിന്നോക്കക്കാര്‍ എസ്. എന്‍. ഡി. പി ക്കു കീഴിലും ഒരുമയിലൂടെ ശാക്തിക ചേരിയായി നിലകൊണ്ടപ്പോള്‍ പട്ടികജാതി - വര്‍ഗ്ഗ സമൂഹം തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. പിന്നീട് കേരളീയ സമൂഹം ധ്രൃതഗതിയില്‍ പല മാറ്റങ്ങള്‍ക്കും വിധേയമായി. കേരള മെമ്മോറിയലിലൂടേയും ഈഴവ മെമ്മോറിയലിലൂടേയും മറ്റു സമുദായങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയപ്പോഴും ജാതിമത രാഷ്ട്രീയ ശാക്തികച്ചേരി ജനാധിപത്യ സര്‍ക്കാരിലൂടെ അധികാരം പങ്കിട്ടപ്പോഴും, അവയുടെയെല്ലാം മുന്നില്‍ പകച്ചു നിന്ന പട്ടികജാതി വര്‍ഗ്ഗ സമൂഹം ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്നാമ്പുറങ്ങളില്‍ തളക്കപ്പെടുകയായിരുന്നു. അങ്ങനെ ദളിത് കോണ്‍ഗ്രസ്സായും പട്ടികജാതി മോര്‍ച്ചയായും പട്ടികജാതി ക്ഷേമ സമിതിയായും അനേകം മഹാസഭകളായും ചെറിയ ചെറിയ പ്രാദേശിക സമുദായ യൂണിറ്റുകളായും സാസ്‌ക്കാരിക സംഘടനകളായും അമീബയെപ്പോലെ വീണ്ടും വീണ്ടും ഭിന്നിച്ച് സംഘടനകള്‍ പെരുകിക്കൊണ്ടി രിക്കുന്നു. അവയ്‌ക്കോരോന്നിനും താന്‍പോരിമയുള്ള അനേകം നേതാക്കന്മാരുമുണ്ട്. ഒരു സംഘടനയും മറ്റൊന്നിനെ അംഗീകരിച്ചു കൊടുക്കുകയില്ല. ഒരു നേതാവും മറ്റൊരു നേതാവിനെ അംഗീകരികക്കുകയില്ല. ഓരോ സംഘടനയിലും മറ്റു സംഘടനകള്‍ എന്തുകൊണ്ട് നമ്മുടേതില്‍ നിന്നും വ്യത്യസ്ഥമാകുന്നു എന്ന ചര്‍ച്ച നടക്കുന്നു. അതുകൊണ്ടു തന്നെ സ്ഥിരമായ ശത്രുത ഈ സംഘടനകള്‍ തമ്മില്‍ ഉടലെടുക്കുന്നു. നേര്‍ക്കുനേര്‍ കണ്ടാല്‍ സംസാരിക്കാതാകുന്നു. ഒരേ ലക്ഷ്യത്തിലേക്കെത്തേണ്ടവര്‍ ശത്രുകക്കളാകുമ്പോള്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വിഖാദം സംഭവിക്കുകയും ലക്ഷ്യപ്രാപ്തിയില്‍ നിന്ന് സ്ഥിരമായി അകന്നു പോകുകയും ചെയ്യുന്നു. ഈയൊരവസ്ഥക്ക് രാസത്വരകങ്ങളായി ഭവിക്കുന്നത്. വലിയൊരളവുവരെ രാഷ്ട്രീയം തന്നെയാണ്. മറ്റൊരു ഘടകം മഹാസഭകള്‍ തമ്മിലുള്ള ശാക്തിക മത്സരവും തന്റെ സമുദായമാണ് മറ്റു സമുദായത്തേക്കാള്‍ ഉന്നതസ്ഥാനീയര്‍ എന്നുള്ള ചിന്തയുമാണ്. മറ്റു സമുദായങ്ങളിലും മതങ്ങളിലും അങ്ങിനെയുള്ള ഉഛനീചത്വങ്ങള്‍ നിലനില്‍ക്കുന്നെങ്കിലും സാമുദായികമായും മതപരമായും അവരൊന്നായതുകൊണ്ടുതന്നെയാണവര്‍ ശക്തിയാര്‍ജ്ജിച്ച തെന്നുള്ള സത്യം പട്ടികവിഭാഗനേതാക്കന്മാര്‍ക്കുള്‍ക്കൊള്ളാനായിട്ടില്ല. അങ്ങനെ ശകതി നശിച്ച പട്ടികജാതി-വര്‍ഗ്ഗ ജനതയുടെ വിവിധ തലങ്ങളിലുള്ള അവകാശങ്ങള്‍ മറ്റുള്ളവര്‍ വച്ചനുഭവിക്കുന്ന 
താണ് വര്‍ത്തമാനകാലാനുഭവങ്ങള്‍. ഇന്ത്യന്‍ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളില്‍ മതസ്വാതന്ത്ര്യം ഒഴികെ മറ്റൊന്നും തന്നെ നമുക്കനുഭവഭേദ്യമാകുന്നി ല്ലെന്നതാണു സത്യം. പട്ടികജാതി പീഢനനിരോധനനിയമം പോലും ശത്രുപക്ഷത്തിനു ഗുണം ചെയ്യുന്ന വിധത്തിലാണ് രൂപ കല്പന ചെയ്തിട്ടുള്ളത്. അവസാനമായി പട്ടികജാതി ജനതയേയും ന്യൂനപക്ഷ ജനതയേയും ആ നിയമ പ്രകാരം ഒരേ ഗണത്തില്‍പ്പെടുത്തിയതു നിമിത്തം മുസ്ലിം ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പട്ടികജാതി-വര്‍ഗ്ഗ ജനതയെ അക്രമിച്ചാല്‍ പ്രസ്തുത നിയമപ്രകാരം കേസെടുക്കുവാന്‍ സാദ്ധ്യമല്ലാതെ വന്നിരിക്കുന്നു. അതായത് ഈ ജനതയെ ആക്രമിക്കുവാനുള്ള ലൈസന്‍സ് നിയമപ്രകാരം അവര്‍ക്കു നല്‍കി എന്നര്‍ത്ഥം. ഭരണഘടനാപരമായി ലഭിക്കേണ്ടുന്ന വിദ്യാഭ്യാസം ലഭിക്കുന്നില്ല. പ്രൈമറി തലത്തിലും ഹൈസ്‌ക്കൂള്‍ തലത്തിലും ഹയര്‍ സെക്കന്ററി തലത്തിലുമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുകയും അണ്‍ എയ്ഡഡ് മേഖലയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുകയും ചെയ്തപ്പോള്‍ പ്രൈവറ്റ് മാനേജ്‌മെന്റുകള്‍ ചോദിക്കുന്ന പണം മുടക്കി വിദ്യ അഭ്യസിപ്പിക്കേണ്ട ഗതികേടിലാണ് പട്ടികജാതി-വര്‍ഗ്ഗ സമൂഹം. അതിനു വരുമാനമാര്‍ഗ്ഗമില്ലാതെ നട്ടം തിരിയുകയാണവര്‍. ആധുനിക തൊഴില്‍ രംഗത്തു പിടിച്ചു നില്‍ക്കുന്നതിന് ആധുനിക വിദ്യാഭ്യാസം ആവശ്യമാണ്. ആ രംഗത്തേക്ക് പ്രവേശിക്കാനനുവദിക്കാതെ പരമ്പരാഗത തൊഴിലില്‍ മാത്രമായി അവരെ തളച്ചിടുന്നതിനുള്ള ഗൂഢപദ്ധതികളുടെ ഭാഗമായാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ അടച്ചുപൂട്ടലും വിദ്യാഭ്യാസ കച്ചവടവും നടക്കുന്നത്. ഇതിനെയെല്ലാം അതിജീവിച്ച് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നവരെ ഉന്നത വിദ്യാഭ്യാസ രംഗം കാത്തിരിക്കുന്നത് വന്‍ ചതിക്കുഴികളാണ്. സംവരണ സീറ്റുകളില്‍ വിദ്യാഭ്യാസ മുതലാളിമാരുടെ കച്ചവടസ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കൊടുക്കുന്നതോടെ അവര്‍ ചോദിക്കുന്ന ഫീസ് കൊടുക്കുവാന്‍ നിവര്‍ത്തിയില്ലാതെ പലരും പിന്‍വാങ്ങുകയാണു ചെയ്യുന്നത്. വിദ്യാഭ്യാസ വായ്പ എടുക്കാമെന്നു വച്ചാല്‍ ബാങ്കു ചോദിക്കുന്ന ജാമ്യ വസ്തു നല്‍കുവാന്‍ പട്ടികജാതിക്കാരന്റെ കയ്യിലില്ല. പഠന വായ്പ ലഭിക്കാത്ത തിനാല്‍ രജനി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത അനുഭവം നമ്മുടെ മുന്നിലുണ്ട്. എങ്കിലും ചിലരെങ്കിലും ഉന്നതമായ വിദ്യാഭ്യാസം സമ്പാദിച്ചു പുറത്തിറങ്ങുന്നുണ്ട്. പക്ഷെ അവര്‍ക്കു നിയമനം ലഭിക്കുന്നത് സംവരണ തസ്തികകളില്‍ മാത്രമാണ്. ആകെയുള്ള തസ്തികകളില്‍ 50 % മാത്രമാണ് സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അത് ഇങ്ങനെയാണ്. ഈഴവ - 14, മുസ്ലിം - 12, പട്ടികജാതി - 8, പട്ടികവര്‍ഗ്ഗം - 2, നാടാര്‍ - 2, എല്‍ സി - 4, വിശ്വകര്‍മ്മ - 3, മറ്റു പിന്നോക്കക്കാര്‍ - 3, ധീവര - 1, പരിവര്‍തത്തന ക്രിസ്ത്യാനി - 1. ബാക്കി 50 % ത്തില്‍ റിസര്‍വ്വേഷനില്ല. ആ 50 ശതമാനത്തില്‍ മെറിറ്റുണ്ടെങ്കില്‍ പോലും പട്ടികജാതിക്കാരനു നിയമനം ലഭിക്കുന്നില്ലെന്നാണനുഭവം. 14 ശതമാനംറിസര്‍വ്വേഷന്‍ വാങ്ങുന്ന ഈഴവനും 12 ശതമാനം റിസര്‍വ്വേഷന്‍ വാങ്ങുന്ന മുസ്ലിങ്ങളും 7 ശതമാനം റിസര്‍വേഷന്‍(എല്‍ സി 4 + നാടാര്‍ 2 + പരിവര്‍ത്തിത 1) വാങ്ങുന്ന ക്രിസ്ത്യാനികളും വ്യാപകമായി പ്രചരിപ്പിക്കുന്നു പട്ടികജാതിക്കാര്‍ക്ക് റിസര്‍വേഷനുണ്ടല്ലോ ഞങ്ങള്‍ക്കൊന്നുമില്ല, എന്ന്. വാസ്തവത്തില്‍ പട്ടികജാതി-വര്‍ഗ്ഗ സമുദായങ്ങളെ റിസര്‍വേഷനില്‍ മാത്രം ഒതുക്കിക്കൊണ്ട് ബാക്കിയെല്ലാം കൊള്ളയടിക്കുകയാണ് ഇതര സമുദായക്കാര്‍ ചെയ്യുന്നത്. ഈയിടെ പട്ടികജാതിയില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിനി എല്ലാ വിഷയങ്ങളിലും എ + വാങ്ങി എന്ന വാര്‍ത്തയോട് മറ്റു ജാതിക്കാരിയായ ഒരു വീട്ടമ്മ പ്രതികരിച്ചത് അവര്‍ക്കു റിസര്‍വേഷനുണ്ടല്ലോ എന്നാണ്. പരീക്ഷയില്‍ ഒരേ ചോദ്യപേപ്പറിനെയാണ് എല്ലാവരും അഭിമുഖീകരിക്കുന്നതെന്നും പേപ്പര്‍ വാലുവേഷനില്‍ ഇളവുകളൊന്നും ഇല്ലെന്നുള്ള പരമാര്‍ത്ഥത്തെപ്പോലും കവച്ചു വെക്കുന്ന തെറ്റിദ്ധാരണാജനകമായ ഒരന്തരീക്ഷം വ്യാപകമായ കള്ളപ്രചരണങ്ങള്‍ മൂലം സാധിച്ചെടുത്തി രിക്കുന്നു കേരളീയ സമൂഹം. വാസ്ഥവത്തില്‍ അര്‍ഹമായതുപോലും തരുന്നില്ല എന്നതാണു സത്യം. കേന്ദ്രസര്‍ക്കാരിലെ എല്ലാ വകുപ്പുകളിലും, സാങ്കേതികവും തൊഴില്‍പരവുമായ എല്ലാ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും പട്ടികജാതി വിഭാഗത്തിനു ഗുണകരമാകുമായിരുന്ന ഈ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയില്ല. 147 തൊഴില്‍ മേഖലകളില്‍ 10 എണ്ണത്തില്‍ മാത്രമാണു സംവരണം. ശാസ്ത്രസാങ്കേതികം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെഡിക്കല്‍ എഞ്ചിനീയറിംഗ്, സൈന്യം, അര്‍ത്ഥസൈന്യം, വ്യോമയാനം, സാമ്പത്തികസേവനമേഖല എന്നിങ്ങനെ അനേകമനേകം മേഖലകളില്‍ സംവരണം തരാതെ മറ്റു ജാതിക്കാര്‍ അവ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ എയിഡഡ് വിദ്യാഭ്യാസമേഖലയില്‍ സംവരണം തരാതെ പട്ടിക വിഭാഗത്തില്‍ നിന്നും മറ്റുള്ളവര്‍ തട്ടിയെടുത്തത് 12,000 തസ്തികകളാണ്. അങ്ങനെ എത്രയെത്ര അവസരങ്ങളാണ് നമുക്കു നഷ്ടപ്പെടുന്നത്. അങ്ങനെ ഒരു ഭാഗത്തു വിദ്യാഭ്യാസപരമായി മുന്നേറാനനുവദിക്കാതെ തളച്ചിട്ടും വിദ്യാഭ്യാസമുള്ളവരെ തൊഴിലുകളില്‍ നിന്നകറ്റി നിര്‍ത്തിയും, സാമൂഹ്യ സാമ്പത്തിക സാംസ്‌ക്കാരിക ഉന്നമനത്തില്‍ നിന്ന് വളരെ ഫലപ്രദമായി ഈ വിഭാഗത്തെ തടഞ്ഞു നിര്‍ത്തുന്നു.

രാഷ്ട്രീയാധികാരത്തിലൂടെ സാമൂഹ്യമായ ഉന്നമനം ലക്ഷ്യമാക്കിയാണ് ഭരണഘടനയില്‍ ജനപ്രതിനിധിസഭകളില്‍ ഭരണഘടന അനുഛേദം 243 ഡി, 243 ടി, 330, 332, 334, എന്നീ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍ മുമ്പു സൂചിപ്പിച്ചതുപോലെ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്നാമ്പുറങ്ങലിലാണ് പട്ടിക സമൂഹം. കെ. പി. എം. എസ്സ് മുതലായ മഹാസഭകളുടെ രാഷ്ട്രീയ ചായ്‌വുകള്‍ കാരണം ഒരു യഥാര്‍ത്ഥ പട്ടികജാതിക്കാരനെപ്പോലും ഒരു ജനപ്രതിനിധി സഭയിലേക്കും അയക്കുവാന്‍ കഴിയുന്നില്ല. അതിനാല്‍ ക്ഷേമപദ്ധതികള്‍ പോലും ശരിയായ രീതിയില്‍ നടപ്പിലാക്കി എടുക്കുന്നതിന് ഈ വിഭാഗക്കാര്‍ക്ക് കഴിയുന്നില്ല. പദ്ധതികളേറെയുണ്ടെ ങ്കിലും നിയമത്തിലെ കുരുക്കുകള്‍ മൂലം ഇതൊന്നും ഈ ജനതക്കനുഭവിക്കാന്‍ കഴിയുന്നില്ല. ആ കുരുക്കുകളഴിക്കുന്നതിനുള്ള ജനപ്രതിനിധികളുമില്ല. എല്ലാം രാഷ്ട്രീയപാര്‍ട്ടികളുടെ വിപ്പനുസരിച്ച് വോട്ടു ചെയ്യാന്‍ കൈ പൊക്കുന്ന വെറും റോബോട്ടുകള്‍ മാത്രം. അങ്ങനെ ഒരു വശത്ത് വിദ്യാഭ്യാസ സാമ്പത്തിക സാംസ്‌ക്കാരിക മുന്നേറ്റവും മറുവശത്ത് രാഷ്ട്രീയഅധികാര മുന്നേറ്റവും വളരെ ഫലപ്രദമായി തടഞ്ഞുകൊണ്ട് പട്ടിക സമൂഹത്തെ വീണ്ടും ചവിട്ടി താഴ്ത്തുകയാണ് ഈ സമൂഹം ചെയ്യുന്നത്.

മറ്റൊന്ന് പട്ടികജാതി ലിസ്റ്റിലേക്കുള്ള കടന്നു കയറ്റമാണ്. ഭരണഘടനാപരമായി ന്യൂനപക്ഷ പദവി അനുഭവിക്കുകയും തദ്വാരാ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കരസ്ഥമാക്കുകയും ഒന്നരനൂറ്റാണ്ടുകള്‍ക്കു മുമ്പേ മതം മാറ്റത്തിലൂടെ എല്ലാ വിധ മനുഷ്യാവകാശങ്ങളും അനുഭവിച്ചു പോരുകയും ചെയ്യുന്ന മുസ്ലിം ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ ഇപ്പോള്‍ പട്ടികജാതി പദവി കൂടി ആവശ്യപ്പെടുന്നു. മുസ്ലിങ്ങള്‍ മൂന്നു നൂറ്റാണ്ടുകള്‍ ഇന്ത്യയില്‍ ഭരണവര്‍ഗ്ഗമായിരുന്നുകൊണ്ട് സകലവിധ സൗഭാഗ്യങ്ങളും അനുഭവിചച്ചവരാണെന്നോര്‍ക്കണം. മുസ്ലിം രാജാക്കന്മാരുടെ സ്വത്തുക്കള്‍പോലും വഖഫ് ബോര്‍ഡുകളാണ് വച്ചനുഭവിക്കുന്നത്. കൂടാതെ ലോകമതങ്ങളായ ഇസ്ലാം ക്രിസ്ത്യന്‍ മതങ്ങള്‍ക്ക് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിന് കോടിക്കണക്കിനു ഡോളറാണ് വിദേശസഹായമായി ലഭിക്കുന്നത്. ഹിന്ദു സമുദായത്തില്‍ അനേകം ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കളും ഉണ്ടെങ്കിലും വിദേശപണം വരുന്നുണ്ടെങ്കിലും അവയുടേയൊന്നും കൈകാര്യ കര്‍ത്വത്തിലും ഉപഭോഗത്തിലും ഈ ജനതയ്ക്കു പങ്കൊന്നുമില്ല. ഈ സാഹചര്യത്തിലാണ് പരിമിതമായ സംവരണം മാത്രം അനുഭവിക്കുന്ന പട്ടികജാതിക്കാരുടെ സംവരണം തട്ടിയെടുക്കു ന്നതിന് മേല്‍ സൂചിപ്പിച്ച മതങ്ങളും ധീവര കുടുംബി മുതലായ സമുദായങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഒത്താശയോടെ ശ്രമിക്കുന്നതും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളുടെ നടുവില്‍ കിടന്നു നട്ടം തിരിയുകയാണീ സമൂഹം.

ഇവ പരിഹരിക്കുന്നതിന് ആദ്യമായി പ്രശ്‌നങ്ങള്‍ പരിഹൃദമാക്കേണ്ടത് ആര്‍ക്കാണോ ആ ജനതയുടെ ഒത്തൊരുമയാണ് വേണ്ടത്. അതിനായി പരസ്പരമുള്ള വിഴുപ്പലക്കലും ഭിന്നിപ്പുകളും അവസാനിപ്പിക്കണം. അതിനു തടസ്സങ്ങളേറെയാണ്. ഒന്നാമതായി ഓരോ സമുദായങ്ങളുടെയും മനോഭാവമാണ്. തന്റെ സമുദായമാണ് വലുതെന്നും ഉത്കൃഷ്ഠമെന്നുമുള്ള ചിന്ത മാറ്റിവച്ച് സമഭാവനയോടെ എല്ലാവരേയും കാണുവാന്‍ കഴിയണം. എല്ലാവരേയും ഒരേ ചരടില്‍ കോര്‍ത്തിണക്കണം. രണ്ടാമതായി ദളിത് വല്‍ക്കരണമാണ്. ദളിത് എന്ന പദം എല്ലാവരും മാറി മാറി ധരിക്കുന്നതുമൂലം ആകൃതി നഷ്ടപ്പെട്ട തൊപ്പി പോലെയായിരിക്കുന്നു. പട്ടിക ജാതിക്കാരും ഒ. ബി. സി. വിഭാഗത്തില്‍പെട്ടവരും മതം മാറിയവരും എല്ലാം ദളിതരാണെന്നു പറയുന്നു. ഒരു വാദം, മതം മാറിയവര്‍ നമ്മുടെ സഹോദരങ്ങളാണെന്നാണ്. അവരും നമ്മളും ഒരു സമുദായമായി മാറണമെന്നാണൊരു വാദം. അതെങ്ങനെ സാധിക്കുമെന്നവര്‍ പറയുന്നില്ല. സംഘടിത മതത്തിന്റെ ഭാഗമായവര്‍ വച്ചനുഭവിക്കുന്ന പള്ളികളും അതിന്റെ സ്വത്തുക്കളും പട്ടികജാതി വര്‍ഗ്ഗക്കാര്‍ക്കായി വിട്ടു തന്നുകൊണ്ട് അവരുടെ ആരാധനാസമ്പ്രദായത്തേയും സമുദായാചാരമര്യാദകളേയും സ്വീകരിക്കുമോ അതോ പട്ടികജാതി സമൂഹത്തെ തങ്ങളുടെ മതത്തിലേക്കു ചേര്‍ക്കുമോ. ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളത് രണ്ടാമത് പറഞ്ഞതാണ്. അതുകൊണ്ട് അത്തരം പ്രവര്‍ത്തനങ്ങളേയും ചെറുത്ത് തോല്പ്പിക്കേണ്ടതുണ്ട്. മൂന്നാമതായി രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാമ്പുറങ്ങളില്‍ തളക്കപ്പെട്ടു പോയവരെ കഴിഞ്ഞ 57 വര്‍ഷത്തെ ഭരണത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിനു വന്നു സംഭവിച്ച അപചയവും രാഷ്ട്രീയക്കാരില്‍ നിന്നുള്ള അവഗണനയും പറഞ്ഞു മനസ്സിലാക്കി അവരെ മുഖ്യധാരയിലേക്കാനയിക്കേണ്ടതുണ്ട്. നാലാമതായി ചെറിയ ചെറിയ പ്രാദേശിക സമുദായങ്ങളെയും സാംസ്‌ക്കാരിക സംഘടനകളേയും മുഖ്യധാരയിലേക്കാനയി ക്കേണ്ടതുണ്ട്. ഇതിനായി ചെയ്യാവുന്നത് കക്ഷി രാഷ്ട്രീയ - സംഘടനാ-ഭേദമന്യേ ഓരോ പ്രദേശങ്ങളിലേയും പട്ടികജാതി-വര്‍ഗ്ഗ ജനതയുടെ കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ്.

സംഘടിച്ചുകഴിഞ്ഞാല്‍ എന്താണു നേടിയെടുക്കേണ്ടതെന്നതിനെക്കുറിച്ച് ജ്ഞാനമാണാവശ്യം. അതിനായി കൂട്ടായ ചര്‍ച്ച വേണം. പിന്നെ ഒരു പ്രവര്‍ത്തനപരിപാടിയും ഒരു മാര്‍ഗ്ഗ രേഖയും വേണം. ഏതു മാര്‍ഗ്ഗത്തിലൂടെ മുന്നേറണം. ജനാധിപത്യത്തിലൂടെയാണോ, ബലപ്രയോഗത്തിലൂടെയാണോ ഇതു നേടിയെടുക്കേണ്ടതെന്ന് തീരുമാനിക്കണം. ഭാരതത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യ പരമായ മാര്‍ഗ്ഗമാണഭികാമ്യം. ജനാധിപത്യത്തിലൂന്നിക്കൊണ്ട് തന്നെ അനേകം പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. അതിന്റെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളണം. 1970 കളിലെ ദളിത് പാന്തര്‍ പ്രസ്ഥാനം ഇതിനൊരു മാതൃകയാണ്. ആദ്യകാലങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ചെങ്കിലും അതിന്റെ ഉള്ളടക്കത്തിലെ പിഴവും വീക്ഷണത്തിലെ പിശകും നിമിത്തം അതും പരാജയപ്പെടുകയാണുണ്ടായത്. 

ഡോ. ബാബാസാഹേബ്, അംബേദ്കറും, മഹാത്മാ അയ്യന്‍ കാളിയും നമുക്കേകിയ മാര്‍ഗ്ഗദര്‍ശ്ശനങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മാര്‍ഗ്ഗമാണ് നമുക്കു കരണീയം. ഡോ. അംബേദ്കര്‍ നമുക്കു വേണ്ടി അനേകം വകുപ്പുകളാണ് ഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുള്ളത്. അത് ഇവയാണ്. 15(4), 15 (5), 16 (4), 16 (4 എ), 17, 46, (243 ഡി), (243 ടി), 330, 332, 334, 335, 338, 338(എ), 341, 342, 366 (24), 366 (25) ഈ അധികാരങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കിയാല്‍ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിന് എല്ലാ രംഗത്തും മറ്റു സമുദായങ്ങള്‍ക്കൊപ്പ മെത്തുവാന്‍ സാധിക്കും. ഇതിനായി ജനാധിപത്യപരമായ രീതിയില്‍ സമരങ്ങള്‍ സംഘടിപ്പിക്കണം. കേവലം മെമ്മോറാണ്ടത്തിലും പ്രകടനത്തിലും ധര്‍ണ്ണയിലും ഒതുങ്ങിയാല്‍ വഞ്ചി തിരുനക്കരതന്നെ കിടക്കും. വഞ്ചികുറ്റിയില്‍ നിന്നഴിക്കണം. അയ്യന്‍കാളി നമുക്കു കാട്ടിത്തന്ന മാര്‍ഗ്ഗരേഖ ഇവിടെ നാം സ്വീകരിക്കേണ്ടി വരും. അതിന് നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുന്നേറ്റമാണാവശ്യം. ലക്ഷ്യം വിജയം മാത്രമായിരിക്കണം. അതിനിടെ വന്നുപെടുന്ന കഷ്ടപ്പാടുകള്‍ സഹിക്കാന്‍ തയ്യാറാകണം. ഇവിടെ അയ്യന്‍കാളിയുടെ ഉപദേശമായിരിക്കണം ചെവിക്കൊള്ളേണ്ടത്. സന്ധിയില്ലാതെ സമരം ചെയ്യേണ്ടി വരും. ഓരോ നേട്ടത്തിനു പിന്നിലും അതിന്റേതായ വേദനകളും കഷ്ടപ്പാടുകളുമുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു വേണം പ്രവര്‍ത്തിക്കുവാന്‍.

ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ സമൂഹത്തെ സംബന്ധിച്ച ശരിയായ പഠനം നടത്തണം. ആര്‍ക്കെല്ലാം എന്തെല്ലാമാണാവശ്യം എന്നു മനസ്സിലാക്കണം. സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ള സഹായങ്ങളെ അപഗ്രധിക്കണം. ഇതുവരെയുള്ള സഹായങ്ങളെ കൊണ്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തണം.

സര്‍ക്കാര്‍ സഹായങ്ങള്‍ വെറും ക്ഷേമപ്രവര്‍ത്തനങ്ങളാണ്. അത് മുതലാളിത്തത്തിന്റെ ഒരു പ്രവര്‍ത്തനരീതി മാത്രമാണ്. തൊഴിലാളികളുടെ ക്ഷേമം മുതലാളിക്കത്യാവശ്യമാണ്. ആരോഗ്യമുള്ള തൊഴിലാളികളെ മാത്രമെ മുതലാളിക്കാവശ്യമുള്ളൂ. അതിനുള്ള അത്യാവശ്യഘടകങ്ങള്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യസുരക്ഷ, മാനസികാരോഗ്യത്തിനായി കലാസാംസ്‌ക്കാരിക പരിപാടികളോ യാത്രകളോ അങ്ങനെയുള്ള ചിലതു മാത്രം. അതുകൊണ്ടൊന്നും അതിജീവനം നടക്കുകയില്ല. ഒരു കുടുംബത്തിന്റെ വരുമാനം കൊണ്ട് ആ കുടുംബത്തിലെ എല്ലാവരുടേയും എല്ലാ ആവശ്യങ്ങളും നടക്കണം. വീടു വെക്കാന്‍ കഴിയണം, കുഞ്ഞുങ്ങള്‍ക്കു നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ കഴിയണം, മക്കളെ വിവാഹം ചെയ്യിക്കാന്‍ കഴിയണം, വൃദ്ധരേയും രോഗികളേയും സംരക്ഷിക്കണം. ഇത്രയുമാണ് ഒരു കുംടുംബത്തിന് അതിജീവിക്കേണ്ട ഏറ്റവും ചുരുങ്ങിയ പ്രശ്‌നങ്ങള്‍. ഇതൊന്നും സര്‍ക്കാര്‍ സഹായം കൊണ്ടു നടക്കുകയില്ല. വീടു വെക്കാന്‍ കൊടുക്കുന്ന സഹായം ഒന്നിനും തികയില്ല. രണ്ടോ മൂന്നോ ലക്ഷം രൂപ കൊടുത്താല്‍ വീടിന്റെ സ്‌കെലിട്ടണ്‍ പോലുമുണ്ടാവുകയില്ല. ആ പണി തുടങ്ങിയാല്‍ പിന്നെ വര്‍ഷങ്ങളോളം ആ കുടുംബത്തിന്റെ മുഴുവന്‍ വരുമാനവും അതിനായി നീക്കി വെക്കേണ്ടി വരുന്നു. കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി ആ പണി തീര്‍ക്കുവാന്‍ നോക്കുന്നു. സമയത്തിനു തിരിച്ചടക്കുവാന്‍ കഴിയാതെ കടക്കെണിയിലകപ്പെടുകയും കുടുംബസംരക്ഷണം സാദ്ധ്യമല്ലാതെ വരുകയും ചെയ്യുന്നു. മറ്റു ചെറിയ സഹായങ്ങളുടെ കഥയും തൊഴിലിനുള്ള സഹായങ്ങളുടെ കഥയും ഇതുപോലെത്തന്നെയാണ്. സ്ഥായിയായി ഈ ജനത രക്ഷപ്പെടുവാനുള്ള യാതൊരു പോംവഴിയും സര്‍ക്കാരിന്റെ പക്കലില്ല. മറിച്ച് എല്ലാം നാശത്തിലേക്കുള്ള വഴികളായി പരിണമിക്കുന്നു. അതുകൊണ്ടു കൂടിയാണ് സര്‍ക്കാര്‍ ഫണ്ടുകള്‍ ചെലവാകാതെ പാഴാകുന്നത്.

ഇതെങ്ങിനെയാണ് പരിഹരിക്കേണ്ടത്? വഴിയുണ്ട്. ഉപജീവനത്തിലൂടെ അതിജീവനം സാദ്ധ്യമാക്കണം. അതിനു മതിയായ വേതനം ലഭിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ലഭിക്കണം. വിദഗ്ധ തൊഴിലും അവിദഗ്ധ തൊഴിലും ഉണ്ട്. വിദഗ്ധ തൊഴില്‍ ലഭിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസം വേണം. വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യവും എങ്ങനെ അകറ്റി നിര്‍ത്തപ്പെടുന്നു, എന്നുള്ളതും മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ഇതിനു പരിഹാരമായി രണ്ട് വഴികളാണ് സ്വീകരിക്കേണ്ടത്. ഒന്നാമതായി ആധുനിക ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലൂടെ വിശദമായ പഠന സൗകര്യങ്ങളുള്ള മറ്റു വിദ്യാര്‍ത്ഥികളുമായി മത്സരിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടര്‍ സാക്ഷരത വേണം. അതിനായി കമ്പ്യൂട്ടറുകളുടെ ലഭ്യത ഉറപ്പ് വരുത്തണം. ഇത് നിര്‍ദ്ധന ജനതയ്ക്കായി സര്‍ക്കാര്‍ ലഭ്യമാക്കണം. അതിന് കാര്യ പ്രാപിതിയും ആത്മാര്‍ത്ഥതയുമുള്ള അദ്ധ്യാപകരെ നിയമിക്കണം. ഫണ്ടിനു വേണ്ടി മറ്റെങ്ങും പോകേണ്ടതില്ല. ഓരോവര്‍ഷവും ലാപ്‌സാകുന്ന ഫണ്ടിന്റെ ഒരു സംഞ്ചിത നിധി ഉണ്ടാക്കണം. രണ്ടാമതായി ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഭാഗത്തു നിന്നും സഹായങ്ങള്‍ ഉണ്ടാകണം. ഏതു വിദ്യാഭ്യാസസ്ഥാപനത്തിലും പഠിക്കുവാനും കഴിയണം. സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പോലെ തന്നെ എല്ലാ വിദ്യാലയങ്ങളിലും ഫീസ് ഇളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കണം. സഞ്ചിത നിധിയില്‍ അതിനുള്ള പണം ഉണ്ടാകും. എസ്. ടി. ഫണ്ട് ഉപയോഗിച്ച് ആറളം ഫാമില്‍ ഏഴായിരം ഏക്കര്‍ ഭൂമി പട്ടികവര്‍ഗ്ഗക്കാര്‍ക്കു വേണ്ടി സര്‍ക്കാര്‍ വിലയ്ക്കു വാങ്ങിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് ഇതൊരതിശയോക്തിയല്ല. ഇത്രയും സംഘടിതശക്തിയിലൂടെ സര്‍ക്കാരിനെക്കൊണ്ട് ചെയ്യിക്കേണ്ടതാണ്. ഇനിപ്പറയുന്നത് സമുദായം നേരിട്ടു ചെയ്യേണ്ടതാണ്. നിര്‍ദ്ധനകുടുംബങ്ങള്‍ പുലര്‍ന്നു പോകുന്നതിനുള്ള തൊഴിലവസരങ്ങള്‍ ഉണ്ടാകണം. അതിനുവേണ്ടി കുടുംബശ്രീ പോലുള്ള സംഘങ്ങളും പുരുഷ സംഘങ്ങളും രൂപീകരിക്കാവുന്നതാണ്. ഇവരെ ഉപയോഗിച്ച് ഒരു ലേബര്‍ ആര്‍മി രൂപീകരിക്കാം. ഈ ലേബര്‍ ആര്‍മിക്ക് പ്രദേശത്തെ ഏതു തൊഴിലും ഏറ്റെടുത്ത് നടത്തിക്കൊടുക്കാം. തരിശു ഭൂമികള്‍ പാട്ടത്ത്‌ന് എടുത്ത് കൃഷി നടത്താം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രാദേശികമായി വിറ്റഴിക്കാം. അങ്ങനെ തൊഴിലും വരുമാനവും ഉണ്ടാക്കി ആ അടിത്തറയില്‍ നിന്ന് അനന്തര തലമുറയെ വിദ്യാഭ്യാസത്തിലേക്ക് നയിക്കുകയും പുതിയ ഏതു വെല്ലുവിളികളും ഏറ്റെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും വേണം. ഉപജീവനത്തിലൂടെ അതിജീവനം സാധിച്ചവര്‍ക്കൊപ്പം അല്ലാത്തവരേയും എത്തിക്കുവാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കാകും. എന്നാല്‍ മുന്‍ പറഞ്ഞ മാതിരി അര്‍ഹമായതെല്ലാം നേടിയെടുക്കുന്നതിനുള്ള സംഘടനാപരമായ പ്രവര്‍ത്തനം കൂടെയില്ലെങ്കില്‍ കൈവരിച്ച നേട്ടങ്ങളെല്ലാം വൃധാവിലാകും. ഇതു കൂടാതെ ശ്രദ്ധിക്കപ്പെടേണ്ട ഒരു മേഖലയാണ് സാംസ്‌ക്കാരികരംഗം. ഓരോ സാഹിത്യകാരനും നിരന്തരം ബന്ധപ്പെടുന്ന സമൂഹത്തിന്റെ കഥ പറയുന്ന രീതിയാണ് കേരള സാംസ്‌ക്കരികരംഗത്തു കാണുന്നത്. മുട്ടത്തു വര്‍ക്കിയും വൈക്കം മുഹമ്മദ് ബഷീറും എം. പി വാസുദേവന്‍നായരും ഒക്കെ അതാണു ചെയ്തത്. എന്നാല്‍ അവര്‍ കഥയെഴുതിയപ്പോള്‍ ക്രിസ്ത്യാന്‍ സാഹിത്യകാരനെന്നും മുസ്ലിം സാഹിത്യകാരനെന്നും നായര്‍ സാഹിത്യകാരനെന്നും വേര്‍തിരിവില്ലായിലുന്നു. പക്ഷെ ടി. കെ. സി വടുതലയേയും സി. അയ്യപ്പനേയും എല്ലാം ദളിത് സാഹിത്യകാരന്മാരാക്കി. ജാതി മൂലധനമാകുന്ന സമൂഹത്തില്‍ ജനകീയ കലാരൂപങ്ങളായ സിനിമയോ നാടകമോ പട്ടികജാതിക്കാരന്റെ കഥ പറയുന്നില്ല. സവര്‍ണ്ണന്റേയും മുസ്ലിം ക്രിസ്ത്യന്‍ മതസ്ഥരുടേയും കഥ പറയുന്നുമുണ്ട്. തെങ്ങുകയറ്റക്കാരനേയും മറ്റും ബഫൂണുകളായി അവതരിപ്പിക്കപ്പെടുന്ന ധാരാളം കലാസൃഷ്ടികള്‍ ഉണ്ടാകുന്നുമുണ്ട്. കേരളസാഹിത്യ ചരിത്രം മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ പട്ടികജാതി-വര്‍ഗ്ഗ ജനതയെ നിന്ദിതരും അവഹേളനാപാത്രങ്ങളും ആയിട്ടാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ ജനതയുടെ സ്വത്വം കണ്ടെത്തുന്ന ശക്തവും സത്യസന്ധവുമായ രചനകള്‍ ഉണ്ടാകുന്നില്ല. 

അതോടൊപ്പം പട്ടികജാതി-വര്‍ഗ്ഗ ജനയുടെ സമകാലീന അവസ്ഥ വെളിവാക്കുകയും അവരെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന ഈടുറ്റ ഉപന്യാസ, പുസ്തക രചനകളും ഉണ്ടാകുന്നില്ല. ഉണ്ടായാല്‍ തന്നെ വരേണ്യ വര്‍ഗ്ഗത്തിന്റെ കൈകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മാധ്യമരംഗം അവയെ അവഗണിക്കുകയാണ് ചെയ്യുന്നത്. പണം കൊടുത്ത് പത്ര സമ്മേളനങ്ങള്‍ നടത്തിയാല്‍ പോലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നില്ല. എന്നാല്‍ വഴി തെറ്റിക്കുന്ന ദളിതിസവും രാഷ്ട്രീയചായ്‌വും കാണിക്കുന്ന രചനകളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിനൊരു പ്രതിവിധിയായി മാധ്യമരംഗത്ത് പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിന്റെ തനതായ പല ചുവടുവെയ്പുകളും ഉണ്ടായെങ്കിലും ധനപരമായ കാരണങ്ങളാലും സമൂദായത്തിന്റെ പ്രോല്‍സാഹനമില്ലായ്മയാലും നിലച്ചു പോകുകയാണുണ്ടായത്. അതുകൊണ്ട് നമുക്ക് നമ്മുടേതായ ഒരു കലാസാഹിത്യരംഗം ഉണ്ടാകണം. ശ്രദദ്ധേയമായ പത്ര മാധ്യമങ്ങളും ഉണ്ടാകണം. ഈ രംഗത്തെ എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടു വരുന്നതിനും സമുദായം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ യുവജന വിദ്യാര്‍ത്ഥിരംഗത്തും കാതലായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഡോ. അംബേദ്ക്കര്‍ ഉപദേശിച്ചതുപോലെ പഠിക്കുക, പോരാടുക, സംഘടിക്കുക.