"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 14, ബുധനാഴ്‌ച

ദേവസ്വം ബോര്‍ഡ് സംവരണ തത്വം അട്ടിമറിക്കുന്നത് ഭരണഘടനാ വിരുദ്ധം - എന്‍ ആര്‍ സന്തോഷ്‌


സന്തോഷ്‌  
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡ് നിയമലങ്ങളില്‍ സംവരണ തത്വം അട്ടിമറിക്കുന്നത് ഒരു തുടര്‍ക്കഥയാകുന്നു. സംസ്ഥാനത്ത് സര്‍ക്കാരിന് കീഴിലുളള ദേവസ്വം ബോര്‍ഡിലെ 16 സ്‌കൂളുകളില്‍ ഈയിടെ 275 പേരുടെ നിയമനം നടത്തിയപ്പോള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഒരാള്‍ക്ക് പോലും നിയമനം നല്‍കിയില്ല. ദേവസ്വം ബോര്‍ഡ് ആക്റ്റനുസരിച്ച് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്‍റ്  ബോര്‍ഡ് രൂപീകരിച്ചതിനു ശേഷമേ നിയമന ങ്ങള്‍ നടത്താവൂ എന്നാണ് ചട്ടം. എന്നാല്‍ ഇതിനു വിരുദ്ധമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് രൂപീകരിക്കുന്നതിന് മുമ്പ് ആണ് ലോവര്‍ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്ററി വരെയുളള സ്‌കൂളുകളില്‍ ദേവസ്വം ബോര്‍ഡ് നിയമനം നടത്തിയതും പട്ടികവിഭാഗക്കാരെ അയിത്തം കല്‍പ്പിച്ച് മാറ്റി നിറുത്തിയതതും. ദേവസ്വം ബോര്‍ഡ് 275 പേരെ നിയമിച്ചപ്പോള്‍ 208 നായര്‍ സമുദായ യുവതി യുവാക്കള്‍ക്ക് അദ്ധ്യാപകരായോ അനദ്ധ്യാപകരായോ ജോലി കിട്ടി. ഈഴവ സമുദായത്തിലെ 46 പേര്‍ക്കും ബ്രാഹ്മണ സമുദായത്തിലെ 9 പേര്‍ക്കും നിയമനം ലഭിച്ചു. ബാക്കിയുളള 12 പേര്‍ ക്രിസ്ത്യന്‍, മുസ്ലീ വിഭാഗങ്ങളില്‍ നിന്നും മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുളളവരാണ്. ക്രിസ്ത്യന്‍, മുസ്ലീ വിഭാഗങ്ങളില്‍ നിന്നു പോലും പ്രാതിനിധ്യം ഉണ്ടായിട്ടും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും ഒരാളെപ്പോലും നിയമിച്ചില്ല. അതായത് ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികവിഭാഗ സംവരണ തത്വം പാലിച്ചില്ലെന്നര്‍ത്ഥം. അതുകൊണ്ട് തന്നെ നായര്‍ സമുദായത്തിന് ജോലിയുടെ 75.63 ശതമാനവും ഈഴവ സമുദായത്തിന് 16.72 ശതമാനവും ലഭിച്ചു. 

ദേവസ്വം ബോര്‍ഡ് സ്വയംഭരണാവകാശമുളള ഒരു സ്ഥാപനമാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയിലെ 335-ാം ആര്‍ട്ടിക്കിള്‍ അനുശാസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ വ്യവസ്ഥ പാലിക്കാതിരിക്കാന്‍ മാത്രം സ്വയംഭരണാവകാശമുളള ബോര്‍ഡല്ല. നിയമനത്തിനുളള പരീക്ഷയില്‍ മറ്റു വിഭാഗ ഉദ്ദ്യോഗാര്‍ത്ഥികളെ അപേക്ഷിച്ച് മാര്‍ക്ക് കുറവാണെങ്കില്‍ പോലും മേല്‍ ആര്‍ട്ടിക്കിള്‍ അനുസരിച്ച് പട്ടികവിഭാഗ ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കേണ്ടതാണ്. ഭരണാഘടനാ വ്യവസ്ഥകളോടുളള ധിക്കാരമാണ് ഇവിടെത്തെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണിക്കുന്നത്. ദേവസ്വം ബോര്‍ഡിനെ സംമ്പദ്ധിച്ച വിവരങ്ങള്‍ കേരള സര്‍ക്കാരിന്റെ സൈറ്റില്‍ കൊടുത്തിട്ടുണ്ടെങ്കിലും ഇവിടെ തസ്തികകളില്‍ നിയമനം നടത്തുന്നത് എങ്ങനെ എന്ന് അതില്‍ കൊടുത്തിട്ടുണ്ട്. 

2002-ല്‍ ഉദ്ദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുളള ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.ബാബു നല്‍കിയ പരസ്യത്തില്‍ പറഞ്ഞിരുന്നത് ബോര്‍ഡില്‍ സാമുദായിക സംവരണത്തിന് വ്യവസ്ഥ യില്ലെന്നാണ്. തിരുവിതാംകൂര്‍ രാജഭരണത്തില്‍ സര്‍ക്കാര്‍ ഉദ്ദ്യോഗങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുബോള്‍ ഉദ്ദ്യോഗാര്‍ത്ഥികളുടെ സാമൂഹ്യ നില കൃത്യനിര്‍വ്വഹണത്തിന് ഹാനിയാകരുതെന്ന് നല്‍കിയിരുന്ന അടിക്കുറിപ്പിന്റെ മറ്റൊരു രൂപമാണ് മേല്‍പ്പറഞ്ഞത്. ബോര്‍ഡായാലും കോര്‍പ്പ റേഷനായാലും മാതൃനിയമമായ ഭരണഘടനയ്ക്ക് അനുസൃതമായി നിയമമൂണ്ടാക്കാനാകൂ എന്നതാണ് നിയമം. അല്ലെങ്കില്‍ ആ നിയമം അസാധു അഥവാ അള്‍ട്രാവയേഴ്‌സ് ആണ്. നായര്‍ സമുദായാംഗമായ ദേവസ്വം ബോര്‍ഡ് മന്ത്രി വി. എസ്. ശിവകുമാര്‍ സ്വജന പക്ഷപാതം കാട്ടുകയാണിവിടെ. 

കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായിരുന്ന ജി. സുധാകരന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രജോലികള്‍ ഒഴിച്ചുള്ള നിയമനങ്ങള്‍ പി. എസ്. സിക്ക് വിടാന്‍ ഉത്തര വിടിരുന്നു. പട്ടിക വിഭാഗക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു അത്. എന്നാല്‍ എന്‍. എസ്. എസ്സിന്റെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി മന്ത്രി ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി. എസ്. സിയ്ക്ക് വിടാനുള്ള മുന്‍സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കുകയും നിയമനങ്ങള്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നടത്താന്‍ ഉത്തരവിട്ടുകയാണുണ്ടായത്. അതിലൂടെ സംവരണ തത്വതങ്ങള്‍ പാലിക്കാതിരിക്കാനും പട്ടികവിഭാഗക്കാരെ ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങളില്‍ നിന്നും ഒഴിവാക്കാനും സര്‍ക്കാരിനു കഴിഞ്ഞു.

അതിനാല്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗ നിയമനങ്ങളില്‍ കാട്ടിയിട്ടുള്ള ഈ ഭരണഘടനാ ലംഘനം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടനെ നടപടി കൈകൊള്ളണം. നിയമനുസൃതമായ സ്‌കൂളുകളില്‍ നടത്തിയിട്ടുള്ള നിയമനങ്ങള്‍ മരവിപ്പിക്കുകയും വേണം. ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങളില്‍ മാത്രമല്ല, സര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളിലും ഭരണഘടനാ പ്രകാരം പട്ടികവിഭാഗരക്കാര്‍ക്ക് ജനസംഖ്യാ അനുപാതികമായ സംവരണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. ഇരുപതിനുതാഴെ അനുവദിക്കപ്പെട്ട തസ്തികളുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ നിയമനം പി. എസ്. സിക്കു വിടേണ്ട എന്ന നിയമം ഇപ്പോള്‍ നിലവിലുണ്ട്. അതിനാല്‍ വിവിധ ബോര്‍ഡുകള്‍ അക്കാദമി കള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവടങ്ങളിലെ നിയമനം പി. എസ്. സി.ക്ക് വിടുന്നില്ല. അതിനാല്‍ ഈ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണ തഃ്വം പാലിക്കപ്പെടുന്നില്ല. ഈ സ്ഥാപനങ്ങളില്‍ ഒരു പട്ടികതവിഭാഗക്കാരണപോലും കണ്ടെത്താനുകഴിയില്ല. ആയതുകൊണ്ട് ഈ സമ്പ്രദായം ഇനി കേരളത്തില്‍ അനുവദിക്കാന്‍ കഴിയില്ല. പട്ടികജാതിക്കാരായ 14 സംവരണ എം. എല്‍. എ. മാര്‍ നിയമസഭകളില്‍ ഇരിക്കുമ്പോഴാണ്. പട്ടികജാതിക്കാര്‍ക്കെതിരെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നത്. സംവരണമെന്ന രാഷ്ട്രീയ അവകാശത്തെ അധികാരമായി പ്രയോഗിച്ചു കൊണ്ട് രാഷ്ട്രീയ പ്രതിനിധികളെയല്ലാത്തെ പട്ടികവിഭാഗക്കാരുടെ സമുദായ പ്രതിനിധികളായ എം. എല്‍. എ. മാരെ എന്നു സൃഷ്ടിക്കാന്‍ ഈ വിഭാഗകാര്‍ക്ക് കഴിയും അന്നുമാത്രമെ ഭരണഘടനാ വിരുദ്ധമായ സംഘടിത സമുദായങ്ങളായ നായര്‍, ഈഴവ, മുസ്ലീ, ക്രൈസ്തവ സമുദായങ്ങളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധമായ ഇത്തരം നിലപാടുകളെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയു. –