"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 15, വ്യാഴാഴ്‌ച

കാല്‍പ്പെരുമാറ്റം - കെ ടി സതീശന്‍


എല്ലാം തുറന്നു പറയണമെന്നുണ്ടായിരുന്നു അവന്. ഇത്തിരിമുമ്പാണ് ഓടിച്ചിട്ട് പിടിച്ചും വലിച്ചും ഉന്തിതളളിയും ഓഫീസ്മുറിയിലേക്ക് കൊണ്ടു വന്നത്. വാതില്‍ക്കല്‍ കുട്ടികളെയും അദ്ധ്യാപകരെയും കൊണ്ടു നിറയുന്നതു കണ്ട് ക്ലാര്‍ക്ക്, ഫയല്‍ അടച്ചുവെച്ച് ഭീതിയോടെ എഴുന്നേററു. 

മുമ്പ് ഇങ്ങനെയൊരു സന്ദര്‍ഭത്തെ നേരിടാത്തതുകൊണ്ടും എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്തതു കൊണ്ടും പരിഭ്രമത്തില്‍ നിന്നു മോചിതനാവാത്ത ഹെഡ്മാസ്‌ററര്‍ ഏററവും വലിപ്പമുളള ചൂരല്‍ പിന്നെയും പിന്നെയും അവനുവേണ്ടി തെരഞ്ഞുകൊണ്ടിരുന്നു. 

അസ്ഥിയും മാംസവും വേദനിക്കും വണ്ണം ആരുടെയൊക്കയോ മുറുകെയുളള പിടിയില്‍ നിന്നും വേര്‍പെട്ട അവന്‍ സ്ഥലകാലങ്ങള്‍ വെളിപ്പെടാനായി കിതപ്പോടെ എല്ലാവരെയും നോക്കി. ഓടിക്കൂടിയവരൊക്കെ വെറുക്കപ്പെട്ട ജന്തുവിനെ എന്ന പോലെയാണ് നോക്കുന്നത്. ടീച്ചര്‍മാരും പുരികം കൂര്‍പ്പിക്കുന്നു. ഹെഡ്മാസ്‌ററര്‍ അപ്പോഴും വിറയ്ക്കുകയാണ്. ഭയംകൊണ്ടു വിഭ്രമപ്പെട്ടു പോയിരുന്ന അവന്‍ അതിലേറെ വിറച്ചു.

ചുററും കൂടി നില്‍ക്കുന്നവരില്‍ തന്റെ ചങ്ങാതിമാരുണ്ട്. കഥ പറഞ്ഞു തരാറുളള മാഷുണ്ട്. ശിപായി നാണുവുണ്ട്. അവരൊക്കെ വാതിലിനു പുറത്താണ്. ഓരോ ഹൃദയവും ഭയാനകമാം വണ്ണം മിടിക്കുന്നു. പകച്ചുപോയതിന്റെ വിറമാറാതെ താന്‍ മാത്രം അകത്ത് ഒററയ്ക്കും. മനസാക്ഷി സ്‌നേഹ സന്നാഹങ്ങളോടെ അരികുപററി നിലനില്‍പ്പുളളതുകൊണ്ട് കുററബോധമോ അപമാനമോ കൊണ്ട് കണ്‍പീലികള്‍ വാടിയില്ല. 

കരകരയെന്നു ശബ്ദമുണ്ടാക്കിത്തിരിയുന്ന ഓഫീസ് മുറിയുടെ പങ്കയ്ക്ക് താഴെ ഭയന്നു തളര്‍ന്നു പോയതുകൊണ്ടാണ് നെററിയിലെ വിയര്‍പ്പു തുടച്ചത്. ഹെഡ്മാസ്‌ററര്‍ക്ക് ഇഷ്ടപ്പെട്ടില്ലായിരിക്കണം തെമ്മാടി നിന്റെ നാവിറങ്ങിപ്പോയോടാ എന്നലറിക്കൊണ്ടാണ് അടി വീണത്. മുഖത്തും പുറത്തും ചന്തിയിലും പോരാടുന്ന വീറാണ് ഹെഡ്മാസ്‌ററര്‍ക്ക്. കണ്ണും മൂക്കുമില്ലാതെ അടിതടുത്തു നോക്കിയപ്പോഴൊക്കെ കൈത്തണ്ടയിലും തിണര്‍പ്പു പൊട്ടി. 

വേദനയൊന്നും അിറയുന്നില്ല. ഇമ വെട്ടാതെ ചുണ്ടു പിളര്‍ത്താതെ ഓരോ തവണ ഹെഡ്മാസ്‌റററെ നോക്കുമ്പോഴും ചങ്കോളം വന്ന വാക്കുകള്‍ വലിയ നിശ്വാസങ്ങളാകുകയാണ്. അപ്പോഴൊക്കെ സങ്കടപ്പെട്ട് അവന്‍ പുറത്തേക്ക് നോക്കി. ലോകത്തെ തന്നെ തമസ്‌ക്കരിക്കാനായി. അവന്റെ കണ്ണുകള്‍ ഇറുക്കെ അടഞ്ഞു പോയി. 

കണ്ണടച്ചപ്പോള്‍, സ്‌കൂള്‍ ഗേററിനു മുന്നില്‍ ചണച്ചാക്കു വിരിച്ചിട്ടതില്‍ കുനിഞ്ഞിരുന്നു ചില്ലറ എണ്ണുന്ന മാതളനാരങ്ങാ വില്‍പ്പനക്കാരനെ ഒരൊറ്റ തേങ്ങലില്‍ അവന്‍ കണ്ടു. ഇലകളില്‍ നിന്നും ശബ്ദമുണ്ടാക്കാതെ പാറി വന്ന തണുത്ത കാററ് അടിയുടെ വടുവിലൂടെ ഉരസിപ്പോകുന്നതും ആ നില്‍പ്പില്‍ അവന്‍ അടിമുടി അറിഞ്ഞു.

മാതള നാരങ്ങ ഒരല്ലി തിന്നണോ.....ഏകദേശം അറുപത്തഞ്ചു വയസ്സുളള മെലിഞ്ഞ മനുഷ്യന്‍ ചിരപരിചിതനെ പ്പോലെയാണ് അവനോടു ചോദിച്ചത്. അങ്ങനെയാണ് ആ പരിചയം ആരംഭിക്കുന്നത്. 

പുരാതന കാലത്ത് നഷ്ടപ്പെട്ട വിലപിടിപ്പുളള എന്തോ ഒന്ന് തിരയുന്നതു പോലെയാണ് എപ്പോഴും ആ മുഖം. കൊളുത്തു പോലുളള ശരീരവും അയഞ്ഞ വെളള താടിയും കണ്ടിട്ടാവണം കുട്ടികളെല്ലാവരും മിശിഹാ എന്ന ഇരട്ടപ്പേരാണ് അയാളെ വിളിച്ചിരുന്നത്. ആരോ ഇട്ട വിളിപ്പേരുമായി, ആരോ തിന്ന് വലിച്ചെറിഞ്ഞ കുരു പോലെ സ്‌കൂളിന്റെ പടിക്കല്‍ മാതള നാരങ്ങകള്‍ക്കിടയില്‍ എന്നും കാണാറുണ്ട്. പ്രത്യേകിച്ച് ശ്രദ്ധിക്കാറില്ല. 

തന്റെ പ്രാവിന് പതിവില്ലാത്തൊരു വാട്ടം കണ്ടപ്പോള്‍ മരുന്നു ചോദിച്ചറിയാനായി നിഖിലിനെ കാത്തിരിക്കുകയായിരുന്നു അവന്‍. തുറന്നു വിട്ടാല്‍ ഏററവും ഉയരത്തില്‍ പറന്നിരുന്ന പ്രാവാണ് കഴുത്തു ചുരുക്കി കണ്ണു മൂടി നിന്നത്. ആദ്യം അച്ചനോട് ചോദിച്ചു. ജീവശാസ്ത്രം എടുക്കുന്ന മാഷോടും ചോദിച്ചു. ഒടുവിലാണ് നിഖിലിനെ തിരക്കിയത്. പ്രാവുകളെ കുറിച്ചുളള ചുട്ടു വിദ്യകള്‍ ഏറെക്കുറെ അവനറിയാം. 

ഉച്ചനേരത്തെ തിരക്ക് ഗേററിലൂടെ കടന്നു പോയ്‌ക്കോണ്ടിരുന്നു. ആള്‍ക്കൂട്ടത്തിനുളളിലൂടെ വെട്ടിച്ച് നിഖിലിന്റെ വണ്ടിയെങ്ങാനും വരവുണ്ടോ എന്ന് നോക്കിയിരിക്കുന്നതിനിടെയാണ് മാതള നാരങ്ങാ തിന്നണോ എന്ന മിശിഹയുടെ ചോദ്യം അവനതു ശ്രദ്ധിച്ചതേയില്ല. 

കൈപ്പത്തിയോളം പോന്ന തുണിസഞ്ചിയില്‍ ചില്ലറ എണ്ണിക്കെട്ടിയ ശേഷം മാതള നാരങ്ങതൊലി കളയാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ മിശിഹ മെററല്‍ കൂനയില്‍ കുറേ നേരമായി വഴിയിലേക്കു നോക്കിയിരിക്കുന്ന അവന് വീണ്ടുമൊന്നു നോക്കി ഒരല്ലി നീട്ടികൊണ്ട് അയാള്‍ ഇടങ്കോലിട്ടു. 

നല്ല സ്വാദുണ്ട് നോക്കണോ.....? ശ്ശടാ..... ഇതു വലിയ ശല്യമായല്ലോ. ചിലര്‍ ഇങ്ങനെയാണ്. എല്ലാം തിന്നാനുളളതാണെന്നും എല്ലായിടവും വിസര്‍ജ്ജിക്കാനുളളതാണെന്നും സ്വയം കരുതും. കിഴവന്‍ വെറുതെ ഇരിപ്പല്ലെ. വര്‍ത്തമാനം പറയാനൊരു പഴുതു തിരയുകയാവും. അവന്റെ അഹന്തകള്‍ മിശിഹ എന്നൊരാളെ പരിഗണിച്ചതേയില്ല.

അവന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നത് മിശിഹയ്ക്കും മനസ്സിലായപ്പോഴാണ് പ്രാവിന് എന്തുപററി എന്ന ചോദ്യം കൊണ്ട് അയാള്‍ അവനെ കുടുക്കിയത്. ആ ചോദ്യം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പൊടുന്നനെ അവന്‍ മിശിഹായെ നോക്കി.

തന്റെ പ്രാവുകളെ കുറിച്ചാണ് അയാള്‍ സംസാരിക്കുന്നത്. ചില്ലറക്കാരനല്ലല്ലോ? ഇയാള്‍ക്കിതൊക്കെ എങ്ങനെ അിറയാനാവുന്നു.

താടിയിളക്കിക്കൊണ്ട് മാതളയല്ലി തിന്നുകയാണ്. ഒന്നുമറിയാത്തതുപോലെ മിശിഹ ചവച്ചരക്കുന്നതിനിടെ തന്നത്താന്‍ പറഞ്ഞു.

കുറച്ചു കഞ്ഞിക്കൂര്‍ക്കയും നാല് തളിര് തുളസിയും പ്രാവിന്റെ കൂട്ടിലിട്ടാല്‍ നാളേയ്ക്ക് വാട്ടം മാറി ഉഷാറാവില്ലെ.... ഇതിനാണോ ഉച്ചയ്ക്ക് പഷ്ണികിടക്കുന്നത്.

തന്റെ അതിശയം അവന്‍ വെളിക്കുകാട്ടിയില്ല. സ്വയം കനം കുറഞ്ഞതുപോലെ തോന്നിയെങ്കിലും അയാളോട് ഒന്നും പറയാനും പോയില്ല. നിഖില്‍ വരുമ്പോള്‍ വരട്ടെ എന്ന് തീരുമാനിച്ച് എഴുന്നേററു. സ്‌കൂള്‍ വിട്ട ഉടനെ നോട്ടുപുസ്തകം സ്‌ററിയറിംങ്ങ് ആക്കി വരമ്പിലൂടെയും ഇടവഴിയിലൂടെയും വണ്ടി ഓടിച്ച് വീട്ടിലെത്തി. കിളച്ചു മാടിയ മണ്ണില്‍ കഞ്ഞിക്കൂര്‍ക്ക ഉണ്ട്. മുററത്ത് തുളസിയും. പുലരും മുമ്പേ പോയി പറിച്ചു. പ്രാവിന്റെ കൂട് ആകെയൊന്ന് അഴിച്ചു പണിയാന്‍ തീരുമാനിച്ചു കൊണ്ടാണ് നേരം പുലര്‍ന്നത്.

കസേരയിട്ടു കയറി നിന്നാല്‍ തക്കാളിപ്പെട്ടികൊണ്ടുളള കൂടിന്റെ ഉള്‍വശം കാണാം. വെളളപ്രാവ് മൂലയ്‌ക്കൊരിടത്ത് പതുങ്ങി നില്‍പ്പാണ്. എന്തു പറ്റീടാ എന്നു ചോദിച്ചതും മറ്റു പ്രാവുകളും കുറുകി. എല്ലാറ്റിനെയും തൊട്ടുഴിഞ്ഞ് ഓരോരുത്തരെ പേരു ചൊല്ലി വിളിച്ചിറക്കി ആകാശത്തേക്കു വിട്ടു. ഒഴിഞ്ഞ നീലിമയിലേക്ക് കുതറി പിടഞ്ഞു പൊന്തുന്ന പ്രാവുകളെ കണ്ണു മറയും വരെ അവന്‍ നോക്കി. 

കൂടു മേഞ്ഞ കുടപ്പന ഓലയും ഓല പാറാതിരിക്കാന്‍ കനം വച്ച ഓട് നിലത്തിട്ട് തക്കാളിപ്പെട്ടി പിഴുതിറക്കി. ഓരോ ആണി പറിച്ചും പുതിയവ തറച്ചും കൊണ്ടിരുന്നപ്പോള്‍ കൂടിന്റെ രൂപം മാറുകയായിരുന്നു. രണ്ടു മണിയുടെ ഇംഗ്ലീഷ് വാര്‍ത്ത തുടങ്ങിയപ്പോള്‍ ചോറ് തിന്നെടാ..... എന്ന് അമ്മ പിന്നെയും വിളിച്ചു പറഞ്ഞു. കൂട് തീരട്ടെ. ഇനിയും ഇത്തിരിപണിയെ ബാക്കിയുളളൂ. കുഞ്ഞൊരു പലക കഷണം കൊണ്ട് വാതിലുറപ്പിച്ച് കൊളുത്തും വച്ചതോടെ കൂട് പഴയതിലും മോടിയായി.

അടിയില്‍ കടലാസു വിരിക്കുമ്പോഴും കഞ്ഞിക്കൂര്‍ക്കയും തുളസിയും വിതറുമ്പോഴും അതൊക്കെ നോക്കി വിങ്ങിത്തൂങ്ങി നില്പായിരുന്നു വെളള പ്രാവ്.

പിറ്റേന്ന് സ്‌കൂളിലേക്ക് പുറപ്പെടുമ്പോള്‍ പ്രാവിനേക്കാള്‍ ഉഷാറ് അവനായിരുന്നു. ഗേറ്റ് കടക്കുമ്പോള്‍ മരുന്ന് എങ്ങനെയുണ്ട് എന്ന മട്ടില്‍ മിശിഹ ഒന്നു നോക്കി. പുരികമുയര്‍ത്തി ചിരിച്ച് അവനും പരിചയം ഉറപ്പിച്ചു. ഓരോ ദിവസവും ഇടവേളയ്ക്കു ബെല്ലടിക്കുബോള്‍ കൂട്ടുകാര്‍ ഗേറ്റിനരികിലേക്ക് ഓടാറുളളതും അടച്ചിട്ട ഗേറ്റിന്റെ പഴുതിലൂടെ മിശിഹ നീട്ടിതരുന്ന മാതളയല്ലികള്‍ തിരക്കുകൂട്ടി വാങ്ങാറുളളതും വെറുതെയല്ല എന്നവനു തോന്നി. 

ബെല്ലടിച്ചതിനാല്‍, കോലാഹലമുപേക്ഷിച്ച് അതാതു ക്ലാസിലേക്ക് എല്ലാവരും പൊയ്ക്കഴിഞ്ഞാല്‍ ഗേറ്റിനരികല്‍ തനിച്ചിരുന്നു വെയിലുകൊളളുന്ന മിശിഹയെ അവന് ക്ലാസിലിരുന്നാല്‍ കാണാം. അയാള്‍ ഒററയ്ക്ക് വര്‍ത്തമാനം പറയുകയാണ്. വീര്യം ക്ഷയിച്ച ഒരു മനുഷ്യന്‍. 

ഉച്ചയാകുമ്പോഴൊക്കെ അവന്‍ മിശിഹയുടെ അടുത്തെത്തുക പതിവായിരുന്നു. ചിലരെ പുറം തടവി പറഞ്ഞ് സ്വാമിയുടെ പീടികയിലേക്കു പറഞ്ഞയക്കുന്നത് പലകുറി കണ്ടിട്ടുണ്ട്. ഒരിക്കല്‍ ചോദിക്കുകയും ചെയ്തു. മിശിഹ ചിരിച്ചതേയുളളൂ. ആ ഗുരുത്വാകര്‍ഷണത്തിന്റെ അര്‍ത്ഥം പിന്നീട് അവന് ഉരുത്തിരിഞ്ഞു.

ഉച്ചയ്ക്കു ഭക്ഷണം കഴിക്കാതെ ചുറ്റിത്തിരിയുന്നവരെ ഒറ്റനോട്ടത്തില്‍ അടയാളമിട്ടു പിടിക്കുമായിരുന്നു മിശിഹ. 

ഉണ്ടായിട്ടു തിന്നാത്തവരെയും ദാരിദ്യം കൊണ്ടു തിന്നാത്തവരെയും ഏതു യൂണിഫോം കൊണ്ടു തിരിച്ചറിയാനാവാത്തവിധം സമപ്പെടുത്തിയാലും ചില കണ്‍തടങ്ങള്‍ സമുദ്രത്തോളം ആണ്ടുതന്നെ കിടക്കുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു.

പരസ്പരം കാണുമ്പോള്‍ ഒരാള്‍ മറ്റൊരാളുടെ കണ്ണിലേക്കാണല്ലോ ആദ്യം നോക്കേണ്ടി വരിക. ഒരു മനുഷ്യന്റെ കണ്ണില്‍ നിന്നും മറ്റൊരു മനുഷ്യന്റെ കണ്‍കുഴിയിലേക്കുളള ദൂരം മുഖത്തോടു മുഖമാക്കിയത് ആദ്യ നോട്ടത്തിലെ വിശക്കുന്നവനെ തിരിച്ചറിയാന്‍ വേണ്ടി തന്നെയാണ്.

സ്വാമിയുടെ പീടികയില്‍ മയമുളള പൊറോട്ടയും ഉണക്കമുളളന്‍ വറുത്തിട്ട ഒഴുക്കന്‍ സാമ്പാറും ഒരു കോപ്പ പച്ചവെളളവും കിട്ടും. ഇതിനെല്ലാം ചേര്‍ത്ത് നാലു രൂപയേ വരൂ. മിശിഹയുടെ ലങ്കോട്ടിയില്‍ കരുതിവെച്ച നാണയങ്ങളുണ്ട്. ഒരാള്‍ വിശന്നു നടക്കുന്നത് മറ്റൊരാള്‍ അധികം തിന്നുന്നതു കൊണ്ടാണെന്ന് മണ്ണു തേച്ച തിണ്ണയില്‍ വെറുതെ ആകാശം നോക്കിക്കിടക്കുമ്പോള്‍ മിശിഹയുടെ മനസില്‍ ഊറിവരാറുമുണ്ട്.

സ്‌കൂള്‍ വിട്ട്, അല്പ നേരത്തെ കളിയും കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ മാതള നാരങ്ങകള്‍ നിറച്ച ചാക്ക് തലയിലേറ്റി മിശിഹയും കൂടെ പോരും.

ധാരാളം കഥകള്‍ പറഞ്ഞുകൊണ്ടാണു നടത്തം. തകര വേവിച്ചു തിന്നുന്ന മുത്തച്ചന്‍മാരെ കുറിച്ചും, തന്നത്താന്‍ സംരക്ഷിച്ച് ആറ്റു തീരത്തു നിലാവത്തുറങ്ങിയവരെ കുറിച്ചും കിളക്കാനും നടാനും മാത്രമായി ആവേശത്തോടെ നേരം പുലര്‍ത്തിയിരുന്നവരെ കുറിച്ചുമാണ് കഥകള്‍ ഏറെയും. ഓരോ ദിവസം മടങ്ങുമ്പോളും ഓരോന്നാണ് കഥ. ആ കഥകളിലൊക്കെ വിചിത്രമായ ആളുകളാണ് ഉണ്ടായിരുന്നത്.

ഒരു മേല്‍ക്കൂര കൊണ്ട് തടയാവുന്നതാണ് കാലവര്‍ഷം എന്ന മൗഢ്യം അവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരും പുര പണിതില്ല. ചുവരു വച്ചില്ല. ചൊവ്വും നിരപ്പുമില്ലാത്ത പാര്‍പ്പുകളില്‍ മനപ്രയാസമില്ലാതെ പൊറുത്തു. കണ്ണു തിരുമിക്കൊണ്ടുണര്‍ന്നു. വെയിലത്തു വച്ചുണക്കിയ വേരുകള്‍ കൊണ്ട് ഉച്ച ഭക്ഷണം കഴിച്ചു. ഒരു കാലത്ത് തങ്ങള്‍ മൃഗങ്ങളായിരുന്നുവെന്നും വിഷച്ചെടികളെയും മരുന്നുകളെയും തിരിച്ചറിയുന്ന ആത്മാവിന്റെ നാസിക തരിമ്പെങ്കിലും അവശേഷിച്ചിരിക്കുന്നുവെന്നും വിശ്വസിച്ചതുകൊണ്ട് നൂററിയെഴുപതും നൂററിഎണ്‍പതും വയസ്സുവരെ ജീവിച്ചു. ഒഴുക്കു വെളളത്തില്‍ ദേഹം നനച്ച് നട്ടുച്ചക്കുറങ്ങുകയും ഒരു നിശ്ചിത കാലയളവ് എന്നില്ലാതെ വിശക്കുമ്പോള്‍ മാത്രം അടുപ്പിന് വേണ്ടി കുഴിയുണ്ടാക്കുകയും ചെയ്തു. വായുവിന്റെ ഗന്ധംകൊണ്ട് മഴയുടെ വരവറിഞ്ഞു. വെയിലേററു കട്ടപിടിച്ച തളരാത്ത പേശികളില്‍ കിടത്തി തലമുറകളെ ഉറക്കി.

എല്ലാ കഥകള്‍ക്കൊടുവിലും മിശിഹ കണ്ണുതുടക്കും. കരയുകയായിരുന്നില്ല. ഓര്‍ക്കുകയായിരുന്നു. അഴുകിയ മധുരങ്ങളില്‍ നിന്ന് മനസ്സ് വേര്‍പ്പെടുകയായിരുന്നു.

പിരിഞ്ഞുപോകുമ്പോള്‍ അയാള്‍ വളരെ സന്തോഷത്തോടെയാണ് പാട്ടുകള്‍ പാടി കൈവീശി നടക്കാറ്. ദൈവമേ, എനിക്ക് മിതമായ വരുമാനമുണ്ടായാല്‍ മതി. എന്നോട് മല്ലിടരുതേ എന്നര്‍ത്ഥമുളള പാട്ട് നടന്നു മറഞ്ഞാലും വളരെ ദൂരം കേട്ടുകൊണ്ടേയിരിക്കും. അവര്‍ കുട്ടികള്‍ കാതോര്‍ത്തുകൊണ്ട് നേരം പുലരാനായി പിരിഞ്ഞകലും. 

പിടികിട്ടാത്ത എന്തൊക്കെയോ ദുരന്തഭാരങ്ങള്‍, കുഴിഞ്ഞ കണ്‍തടമുളള പുതിയ കുട്ടികളെ കാണുമ്പോള്‍ അവരോളം കുനിഞ്ഞ് മാതള നാരങ്ങയുടെ അല്ലികള്‍ മിശിഹ ചിരിച്ചു നീട്ടുന്നു. താനൊരു തെരുവു കച്ചവടക്കാരനാണെന്നോ അവര്‍ ചെറിയ കാല്‍വെപ്പുകള്‍ കൊണ്ട് ചെറിയ മണ്ട്ഡലങ്ങള്‍ അളന്നു തുടങ്ങിയ കുട്ടികളാണെന്നോ വക തിരിച്ചു കാണാതെ എല്ലാവരെയും ഹൃദയത്തില്‍ കരുതിവെയ്ക്കുന്നു. ഇളം നിറമുളള രുചി നുണയുമ്പോള്‍ ഓരോ കുഞ്ഞുമുഖങ്ങളിലും അല്പാല്‍പ്പമായി തെളിയുന്ന എളിയ പുഞ്ചിരി മതിയായിരുന്നു അയാള്‍ക്ക്.

പതിവുപോലെ എല്ലാവരും കൈവീശി-പിരിഞ്ഞു. എന്നും പിരിയുമ്പോള്‍ പറയാറുളളതുപോലെ അന്നും മിശിഹ വിളിച്ചു പറഞ്ഞു: കഷ്ടപ്പെടാന്‍ വേണ്ടി നിങ്ങള്‍ നേരം കളയുക. നാളെ നമ്മള്‍ കണ്ടെന്നു വരില്ല. മിശിഹയും മിശിഹയുടെ പാട്ടും മരങ്ങള്‍ക്കിടയിലേക്ക് അകന്നകന്നു പോയി.

വീട്ടിലെത്തിയപ്പോള്‍ പതിവുപോലെ പ്രാവിന്‍ കൂടിനരികിലേക്ക് ചെന്നു. മിശിഹയെ കുറിച്ച് ആദ്യമൊക്കെ അച്ഛനോട് പറയുമായിരുന്നു. പണിത്തിരക്കിനിടെ കേള്‍ക്കാന്‍ നേരമില്ലെങ്കിലും അമ്മയോട് പറയും. എന്നാല്‍ പ്രാവുകളാണ് കുറച്ചുകൂടി ശ്രദ്ധിച്ചു കേള്‍ക്കുക. അതുകൊണ്ടാണ് വരും വഴിയെ പ്രാവുകളെ തിരക്കുന്നത്. അരിമണികള്‍ തിന്നുമ്പോഴും ചിറകു വൃത്തിയാക്കുമ്പോഴും മിശിഹയെ കുറിച്ചു കേള്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ തല ചെരിച്ചു നോക്കാറുണ്ട് പ്രാവുകള്‍. അവയോടു വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കെ മരക്കൊമ്പ് പൊട്ടി വീഴുമ്പോലെയാണ് ചുമലിലേക്ക് അടിവീണത്. 

രോഷാകുലമായ അന്തരീക്ഷം പെട്ടെന്ന് ചെവിയില്‍ നിറഞ്ഞു. ഹെഡ്മാസ്‌ററര്‍ വിചാരണ തുടരുന്നു.

അവന്‍ കണ്ണു തുറന്നു. വിറച്ചു വിറച്ചു പറയാനൊരുങ്ങി. ഒരു വാക്കും വന്നില്ല. പക്ഷേ, അതൊക്കെ അവന് ഓര്‍മയുണ്ട്. നേര്‍മയുടെ പുളളികൊണ്ട് കുറിച്ചിട്ട ഒരു അത്യാഹിതം.

സ്‌കൂളിലേക്കു പുറപ്പെട്ടതായിരുന്നു. ജംഗ്ഷനില്‍ എത്തിയതേയുളളൂ. അപ്രതീക്ഷിത വേഗത്തില്‍ ചലിക്കുന്ന ആള്‍ത്തിരക്കാണു കണ്ടത്. അവ്യക്തമായ ആരവങ്ങള്‍. ആകാശത്തോളം പടര്‍ന്ന ആന്തലുകള്‍! മാതള നാരങ്ങകള്‍ ചക്രം കയറി ചതഞ്ഞും ചിലത് ഉരുണ്ടു തെറിച്ചും റോഡരികില്‍ കിടക്കുന്നതു കണ്ടാണ് ആള്‍ക്കൂട്ടത്തിന് പഴുതുണ്ടാക്കി തടിയന്‍മാരുടെ കാലുകള്‍ക്കിടയിലൂടെ ഒന്നെത്തി നോക്കിയത്. ദശ ചിതറിയ ശരീരവും നനഞ്ഞൊട്ടിയ വെളള താടിയും ചോരയില്‍ നിന്നു കോരിയെടുക്കുകയാണ് നാട്ടുകാര്‍..! ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോ ജീവനുണ്ടായിരുന്നോ.

പരിഭ്രമങ്ങളും നിഗമനങ്ങളും റോഡരികില്‍ തര്‍ക്കിച്ചു നടക്കുമ്പോള്‍ അവന്‍ നിലം തൊടാതെ സ്‌കൂളിലേക്കു പാഞ്ഞു. മിശിഹ അപായപ്പെട്ടിരിക്കുന്നു എന്ന് മറ്റെവിടെയാണ് ആദ്യം പറയുക. എല്ലാവരും ബെല്ലടിക്കും മുമ്പേ ചിട്ടയായി സ്‌കൂളില്‍ എത്തുന്നവരായതുകൊണ്ട് വൈകിയ വഴിയില്‍ ആരെയും കണ്ടില്ല. 

ശരവേഗത്തിലാണ് സ്‌കൂളിലെത്തിയത്. ആദ്യത്തെ പീരിഡ് പകുതിയോളം കഴിഞ്ഞിരുന്നു. അടഞ്ഞ ഗേററിനപ്പുറത്തെ മഹാശാന്തതയിലേക്ക് പാഞ്ഞു കേറിയതും ഓഫീസ് മുറിയുടെ പരിസരത്തേക്കു കാലു തിരിഞ്ഞു. ഹെഡ്മാസ്‌റററോഡ് പറയണോ.. ആദ്യം കൂട്ടുകാരോട് പറയണോ.. വീട്ടുകാരെകുറിച്ച് ചോദിച്ച സന്ദര്‍ഭങ്ങളില്‍ നിശബ്ദ്ധനായി ഇരുന്ന മിശിഹയ്ക്ക് ബന്ധുക്കളായി ആരെങ്കിലും ഉണ്ടോ ആവോ? അവന്‍ ഒന്നു നിന്നു. കുറെ കിതച്ചു. തൊണ്ട വരളുകയാണ്. 

ബെല്ലടിക്കാനുപയോഗിക്കുന്ന കനമുളള റെയില്‍ കഷ്ണത്തില്‍ ചെറിയൊരു തുളയില്‍ തൂക്കി ഇട്ടിരിക്കുകയാണ് ബെല്ലുമുട്ടി. ഓരോ മണിക്കൂറിലും ശിപായി നാണു വന്ന് ബെല്ലടിച്ച് യഥാസ്ഥാനത്തു തന്നെ വച്ചു പോകാറുളളതാണ്.

അത് അവനെടുത്തു.

അവന്റെ ഹൃദയം പറയാനുളളതൊക്കെ പറഞ്ഞു തീര്‍ക്കുകയായരുന്നു. ഒടുങ്ങാത്ത, തടകളില്ലാത്ത അവനെ സംബന്ധിച്ചിടത്തോളം തുച്ഛമായ ഒരു വാക്ക്.

മന്ത്രി മരിച്ചാലും പി.ടി.എ. പ്രസിഡന്റ് മരിച്ചാലും അവരൊക്കെ പ്രമുഖരാണ്. പക്ഷെ, മിശിഹ എങ്ങനെയാണ് മഹാനല്ലാതാവുക.

സ്‌കൂളിന്റെ മഹാശാന്തതയില്‍, പഴകിയ കുമ്മായ തൂണുകളില്‍, മുററങ്ങളില്‍, ക്ലാസു മുറികളില്‍, മണിയടി ശബ്ദം നീണ്ടു നീണ്ടു പോയി.

ഓരോ ക്ലാസിലും പിന്‍സീററിലാണ് കുട്ടബെല്ല് ആദ്യം ചെന്നലച്ചത്. അവരെഴുന്നേററപ്പോള്‍ ഒന്നൊന്നായി ക്ലാസുകള്‍ മേലേക്കു പൊന്തി. ചൂരലും കൊണ്ടു നിരീക്ഷണത്തിനിറങ്ങിയ ഹെഡ്മാസ്‌ററര്‍ അന്ധാളിച്ച് നാലുപാടും നോക്കി. പലരും മുററത്തേക്കിറങ്ങിക്കഴിഞ്ഞിരുന്നു. ഇതിനിടെ ടീച്ചര്‍മാരും കാര്യമറിയാന്‍ പലവഴിക്കിറങ്ങി. ചില പെണ്‍കുട്ടികള്‍ മാത്രം പുസ്തക സഞ്ചി തോളത്തിട്ട് ബഞ്ചിനരികത്തു തന്നെ നിന്നു.

മതിലിനു പഴുതുകള്‍ പലതുമുണ്ട്. മൈതാനത്തേക്കു തുറക്കുന്ന ഒരു വഴി. ഓഫീസിനടുത്തുളള കവാടം. കൂട്ടബെല്ല് അണപൊട്ടി വന്നാല്‍ പിന്നെന്ത് വഴി. സ്‌കൂള്‍ ഒന്നാകെ പുറത്തേക്കൊഴുകി.

ക്ലാസു വിട്ട് ഇറങ്ങി ഓടിയവര്‍ അവന്റെ മുന്‍പിലൂടെ തിക്കിതിരക്കി കടന്നു പോകുമ്പോഴും അവന്‍ ബല്ലടിച്ചുകൊണ്ടിരുന്നു. രാമചന്ദ്രാ.. മുരുകാ.. മാധവന്‍ മാഷേ.. ഓടി വരിന്‍ പാവം നമ്മുടെ മിശിഹ. എന്ന് ഉറക്കെ-ഉറക്കെ മനസില്‍ വിളിച്ചു പറയുകയും ചെയ്തു.

ഡ്രില്‍ മാഷും കണക്കു മാഷും അനേകം കൂട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടിച്ച് തൂക്കി ഓഫീസ് മുറിയിലേക്കു കൊണ്ടു പോകുമ്പോഴും മിശിഹയെ കുറിച്ച് തുടരെ തുടരെ വിളിച്ചു പറഞ്ഞു. ആരും കേട്ടില്ല.

ആ നില്‍പില്‍, തെമ്മാടി എന്നു വിളിച്ചുകൊണ്ട് ഹെഡ്മാസ്‌ററര്‍ വീണ്ടും ചൂരല്‍ ഉയര്‍ത്തിയപ്പോള്‍ എല്ലാം വിക്കി വിക്കി പറയാനാഞ്ഞ് ഒരു വട്ടം കൂടി അവന്‍ നെററിയിലെ വിയര്‍പ്പു തുടച്ചു.