"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 18, ഞായറാഴ്‌ച

കാവാരിക്കുളം കണ്ഠന്‍ കുമാരന്‍ - പ്രൊഫ. എസ് കൊച്ചുകുഞ്ഞ്


എസ് കൊച്ചുകുഞ്ഞ് 
കേരളത്തിലെ നവോത്ഥാന പ്രക്രിയില്‍ ചരിത്രലിപികളില്‍ രേഖപ്പെടുത്താ തെ മണ്‍മറഞ്ഞു കിടക്കു ന്നതും അര്‍ഹിക്കുന്ന ആദരവ് കിട്ടാത്തതുമായ നീ രവധി ദളിത് നവോത്ഥാന നായകന്‍മാരുണ്ട്. മഹാത്മാ അയ്യങ്കാളി, പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്‍, കുറുമ്പന്‍ ദൈവത്താന്‍, ശുഭാനന്ദ ഗുരുദേവന്‍ എന്നിവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ടെങ്കിലും കൃ ഷ്ണാദി ആശാന്‍ , പി സി ചാഞ്ചന്‍ ,കല്ലട രാമന്‍ നാരായണന്‍, പാമ്പാടി ജോണ്‍ ജോസഫ്, യേശു അടിയാന്‍, കാവാരിക്കുളം കണ്ഠന്‍ കുമാരന്‍ ,ആര്യാട്ട് ഊപ്പ, പഴൂര്‍ കുഞ്ഞാണി തുടങ്ങി നിരവധി അനവധി ദളിത് സാമൂഹ്യ പരിഷ്‌കര്‍ത്താ ക്കള്‍ ചരിത്രത്തിന്റെ മാലിന്യ കൂമ്പാരത്തിലേക്ക് എറിയപ്പെട്ടിരിക്കുക യാണ്. സ്വസമുദായങ്ങളാല്‍ പോലും തമസ്‌കരിക്കപ്പെട്ട ഈ മഹാന്‍മാരെ കേരള സമൂഹത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ അമരത്ത് പ്രതിഷ്ഠിക്കേണ്ട ബാധ്യത നാമോരോരുത്തരും ഏറ്റെടുക്കേണ്ട ധര്‍മ്മപ്രവര്‍ത്തിയാണ്. സാംബവ സമുദായങ്ങളെ സംബന്ധിച്ചിടത്തോളം സാംബവരുടെ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കാവാരിക്കുളം കണ്ഠന്‍ കുമാരനെ അടുത്തറിയുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തി കൂടെ ആവശ്യകതയാണ്.

യൂറോപ്പില്‍ ഉദയം ചെയ്ത നവോത്ഥാന പ്രക്രിയ ക്രമേണ ഇന്ത്യയിലും ബാധിച്ച കാലഘട്ടത്തിലാണ് കേരളത്തില്‍ കാവാരിക്കുളം കണ്ഠന്‍ കുമാരന്‍ സാമൂഹ്യ പരിഷ്‌കരണത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വരുന്നത്. ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ട തിരുവല്ല താലൂക്കില്‍ മല്ലപ്പള്ളിക്കടുത്ത് പെരുമ്പട്ടി എന്ന ഗ്രാമത്തില്‍ ശ്രീമാന്‍ കണ്ഠന്റേയും മാണിയുടേയും മകനായി 1868-ല്‍ രാജരാജശ്രീ കാവാരിക്കുളം കണ്ഠന്‍ കുമാരന്‍ ഭൂജാതനായി. ആ കാലഘട്ടത്തില്‍ ഇല്ലായ്മയുടെയും അടിമത്വ ത്തിന്റേയും മടിയിലേക്കാണ് അദ്ദേഹം ജനിച്ചു വീണത്. അടിമത്വത്തിന്റെ ക്രൂരതകള്‍ തന്നെയും തന്റെ കുടുംബത്തേയും വേട്ടയാടിക്കൊണ്ടിരുന്നത് അനുഭവിച്ചാണ് അദ്ദേഹം വളര്‍ന്നത്. സമ്പൂര്‍ണ്ണ മേധാവിത്വത്തിന്റെ ക്രൂരതകള്‍ താനും തന്റെ ജനതയും ഏറ്റുവാങ്ങുന്നത് നിസഹായതയോടെയും എന്നാല്‍ ഉള്ളില്‍ കനലെരിയുന്ന രോഷത്തോടെയുമാണ് അദ്ദേഹം സ്വീകരിച്ചത്. ജാതിഭ്രാന്തന്മാര്‍  സംഘടിതമായി ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ അഃിനെ ചെറുക്കാന്‍ സംഘടിതമായി നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു. ജനിച്ച് വീഴാനോ, ജീവിച്ച് മരിക്കാനോ ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത ദയനീയ അവസ്ഥകള്‍ , ക്രൂരമര്‍ദ്ദനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാകുന്ന നിസഹായതകള്‍, വൃത്തിഹീനവും അപരിഷ്‌കൃതവുമായ ഭക്ഷണശീലങ്ങള്‍ തുടങ്ങി ശാരീരിക മാനസിക വികാസത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍. ഇവയെല്ലാം തരണം ചെയ്യുവാനും ഈ ഭൂമിയില്‍ ജനിച്ചു എന്ന് സ്വയം ഉറപ്പ് വരുത്താനും നിലവിലുണ്ടായിരുന്ന സാമൂഹ്യ വ്യവസ്ഥതിക്ക് മാറ്റം വരുത്തുവാനും സംഘടനാബോധത്തിനു മാത്രമേ കഴിയു എന്ന തിരിച്ചറിവില്‍ നിന്നാണ് കേരളത്തില്‍ ആദ്യമായി സാംബവരുടെ സംഘടനയ്ക്ക് അദ്ദേഹം രൂപം കൊടുത്തത്.

1903 ല്‍ രൂപം കൊണ്ട എസ്.എന്‍.ഡി.പി യ്ക്കും 1906-ല്‍ രൂപം കൊണ്ട എന്‍.എസ്.എസ്സിനും 1907 -ല്‍ രൂപംകൊണ്ട സാധുജന പരിപാലന സംഘത്തിനും 1910-ല്‍ രൂപികരിച്ച യോഗക്ഷേമ സഭയ്ക്കും സമാന്തരമായി 1910 -ല്‍ (കൊല്ലവര്‍ഷം 1087 ചിങ്ങമാസം 13-ാം തീയതി)അഖില തിരുവിതാംകൂര്‍ ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന പറയര്‍ സംഘം രൂപം കൊണ്ടു. ചങ്ങനാശേരി ചന്തയ്ക്കു പടിഞ്ഞാറുവശം മണലോട് വീട്ടില്‍ ആര്യാട് ഊപ്പയുടെ ഭവനത്തിലായിരുന്നു സംഘത്തിന്റെ ആസ്ഥാനം. കാവാരിക്കുളം കണ്ഠന്‍ കുമാരന്‍, ആര്യാട് ഊപ്പ, നാരകത്തറ കുഞ്ഞയ്യപ്പന്‍ , പഴൂര്‍ കുഞ്ഞാണി എന്നീ നാലുപേര്‍ ചേര്‍ന്നാണ് സംഘം രൂപികരിച്ചത്. സംഘത്തിന്റെ പ്രസിഡന്റായി കാവാരിക്കുളം കണ്ഠന്‍ കുമാരനും സെക്രട്ടറിയായി ആര്യാട് ഊപ്പയും രംഗത്ത് വന്നു.

ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള ബോധവത്കരണം, പരിഷ്‌കൃത ജീവിത സാഹചര്യങ്ങളുടെ പ്രാധാന്യം എന്നിവയാണ് ആദ്യ കാലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നത്. എല്ലാ ഞായറാഴ്ഷകളിലും സംഘം ചേരുകയും പ്രാര്‍ത്ഥനയും ഭാവികാര്യങ്ങളെപ്പറ്റി ചര്‍ച്ചയും നടന്നിരുന്നു. ഈ ചര്‍ച്ചയുടെ ഫലമായി തിരുവിതാകൂറിലങ്ങോളമിങ്ങോളം ബ്രഹ്മ പ്രത്യക്ഷ പറയര്‍ സംഘത്തിന്റെ ശാഖകള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. അതിന്റെ മുന്നോടിയായി കാവാരിക്കുളം കണ്ഠന്‍ കുമാരന്‍ സാംബവരുടെ വാസകേന്ദ്രങ്ങള്‍ തേടിചെല്ലുകയും വര്‍ത്തമാന കാലത്തില്‍ സംഘട നയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി സംഘത്തിന്റെ ശാഖകള്‍ അവിടവിടങ്ങളിലൊക്കെ സ്ഥാപിക്കു കയും ചെയ്തു. എല്ലാ ആഴ്ചകളിലും സംഘം കൂടുവാനും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ദിവസം വിശ്രമിക്കുക, അപരിഷ്‌കൃതമായ ഭക്ഷണശീലങ്ങള്‍, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക, കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുക, ശരീരശുദ്ധി, വസ്ത്ര ശുദ്ധി, പരിസര ശുദ്ധി ,പ്രാര്‍ത്ഥിക്കുവാനും ധ്യാനിക്കുവാനും, ചിന്തിക്കുവാനും സമയം കണ്ടെത്തുക, കലാകായിക വാസനകളെ പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക അച്ചടക്കം ശീലമാക്കുക തുടങ്ങിയ കൃത്യങ്ങള്‍ ചെയ്തുകൊണ്ട് ഓരോ ശാഖയേയും ഒരു പാഠശാലകൂടിയാക്കുക എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് അവിടങ്ങളില്‍ നടന്നിരുന്നത്. മുതിര്‍ന്നവര്‍ക്ക് പഠനത്തിനായി നിശാപഠനശാലകളും തുടങ്ങിയിരുന്നു. എന്നാല്‍ സാംബവര്‍ സംഘടിക്കുന്നത് സവര്‍ണ്ണര്‍ക്ക് ഒട്ടും ദഹിച്ചില്ല. അവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. പ്രധാനമായും അവരുടെ ശല്യം പ്രധാന ഓഫീസായ മണലോട്ട് വീടിന് നേരെയായിരുന്നു. അതിനാല്‍ ഓഫീസ് മണലോട്ട് വീട്ടില്‍ നിന്നും ആറ്റുവക്കര എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.

കണ്ഠന്‍ കുമാരന്‍
അക്കാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് ശ്രീമൂലം തിരുനാള്‍ മഹാരാജാവായിരുന്നു. ജനകീയ സഭയും പ്രജാസഭയും അന്ന് നിലവില്‍ വന്നിരുന്നു. അഞ്ചു രൂപയ്ക്കുമേല്‍ കരം തീരുവയുള്ളവര്‍ തെരഞ്ഞെടുത്ത് രൂപികരിച്ചതായിരുന്നു ജനകീയ സഭയും, പ്രജാസഭയും. വോട്ടു കൂടുതല്‍ നേടുന്നവരായിരുന്നു പ്രജാസഭാ മെമ്പര്‍മാരായിരുന്നത്. എന്നാല്‍ അയിത്തജാതിക്കാര്‍ക്ക് അതിനുളള അവസരം ലഭിച്ചിരുന്നില്ല. ദളിതരെ പ്രജാസഭയില്‍ ഉള്‍പ്പെടുത്തുവാന്‍ വേണ്ടി കാവാരിക്കുളം കണ്ഠന്‍ കുമാരന്റെ നേതൃത്വത്തില്‍ നിരവധി നിവേദനങ്ങള്‍ നല്‍കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി 1913- ല്‍ പറയരെ പ്രതിനിധീകരിച്ച് കാവാരിക്കുളം കണ്ഠന്‍ കുമാരനെ പ്രജാസഭാ മെമ്പറായി മഹാരാജാവ് നോമിനേറ്റ് ചെയ്തു. ഈ കാലയളവില്‍ സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. നിരന്തരമായി ശാഖകള്‍ സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പ്രജാസഭയില്‍ അവതരിപ്പിക്കുവാനും അദ്ദേഹം പരിശ്രമിച്ചു. സംഘടനയുടെ പേര് നന്ദനാര്‍ വംശവര്‍ദ്ധിനി എന്നാക്കി മാറ്റുകയും ചെയ്തു.

കാവാരിക്കുളം കണ്ഠന്‍ കുമാരന് പ്രജാസഭയില്‍ എത്തിചേരുന്നതിനായ് അന്ന് യാത്രാ സൗകര്യങ്ങള്‍ തുലോം കുറവായിരുന്നു.അദ്ദേഹം നടന്നാണ് അന്ന് തിരുവനന്തപുരത്ത് പ്രജാസഭയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. പകല്‍ സമയങ്ങളില്‍ നടന്നും സന്ധ്യയാകുമ്പോള്‍ പറയര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ അന്തിയുറങ്ങിയും നാലും അഞ്ചും ദിവസങ്ങള്‍ കൊണ്ടാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിരുന്നത്. രാത്രിയില്‍ തങ്ങുന്ന കേന്ദ്രങ്ങളില്‍ അദ്ദേഹത്തിന് നല്ല സ്വീകരണങ്ങളാണ് ലഭിച്ചിരുന്നത്. രാത്രിയില്‍ യോഗം കൂടുകയും അവരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

സാംബവര്‍ പൊതുവെ നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു ഭൂമിപ്രശ്‌നം. ഭൂമി ലഭിക്കുന്നതിനുവേണ്ടി അക്കാലത്ത് പ്രജാസഭാംഗങ്ങളായിരുന്ന ശ്രീ അയ്യന്‍കാളി, പൊയ്കയില്‍ യോഹന്ന#ാന്‍ , പാമ്പാടി ജോണ്‍ ജോസഫ്, കല്ലട രാമന്‍ നാരായണന്‍ , യേശു അടിയാന്‍, കുറുമ്പന്‍ ദൈവത്താന്‍ തുടങ്ങിയവര്‍ ഏകീകരിച്ച് ഭൂമിപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും ഭൂമി പതിച്ചു കിട്ടുന്നതിനും മഹാരാജാവിനോട് ആവശ്യപ്പെട്ടു. അതിന്റെ ഫലമായി ഭൂമി അനുവദിക്ക പ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ അദ്ദേഹം സ്വന്തമായി അക്ഷരാഭ്യാസ ത്തിനുള്ള സൗകര്യങ്ങളൊരുക്കുവാന്‍ തുടങ്ങി. സംഘത്തിന്റെ ശാഖകളില്‍ കൂടിയായിരുന്നു അത് സാധ്യമാക്കിയിരുന്നത്. പ്രജാസഭയില്‍ അംഗമായിരിക്കേ ദളിതരുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുളള ഇടപെടലുകള്‍ അദ്ദേഹം നടത്തിയിരുന്നു. തന്റെ സമുദായത്തിലെ കുട്ടികളെ സ്ഥലപരിമിതിയുടെ പേരിലും മറ്റുകാരണത്താലും സ്‌കൂളില്‍ പ്രവേശിപ്പിക്കാത്തതിനെ അദ്ദേഹം പ്രജാസഭയില്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസത്തിന് തടസ്സമായി നില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാംബവരുടെ പഠനം സുഗമമല്ലെന്ന് കണ്ട അദ്ദേഹം സാംബവര്‍ക്കായി നിരവധി സ്‌കൂളുകള്‍ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങുകയുണ്ടായി. ഇങ്ങനെ 52-ഓളം സ്‌കൂളുകളാണ് അദ്ദേഹം തന്റെ സമുദായത്തിന് വേണ്ടി അക്കാലത്ത് തുടങ്ങിയത്. തന്റെ പ്രജാസഭാ സമാജികത്വം വിദഗ്ദമായി ഉപയോഗിച്ച് കൊണ്ടാണ് അക്കാലത്ത് അദ്ദേഹം ആ സ്‌കൂളുകള്‍ നടത്തികൊണ്ട് പോയത്. കുന്നത്തുര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശാരി, പീരുമേട് , മാവേലിക്കര , കരുനാഗപ്പള്ളി, അടൂര്‍, അമ്പലപ്പുഴ എന്നീ താലുക്കുകളിലാണ് ആ സ്‌കൂളുകള്‍ നിലനിന്നിരുന്നത്. നാല്‍പ്പത്തിയാറ് പറയരും, മൂന്ന് ഈഴവരും , രണ്ട് നായന്മാരും ,ഒരു ക്രിസ്ത്യാനിയും ഉള്‍പ്പെട്ടിരുന്ന അദ്ധ്യാപകരാണ് ഈ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നത്. ഈ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ഗ്രാന്റ് അനുവദിക്കണ മെന്നും അദ്ധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകസ്‌കോളര്‍ഷിപ്പുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പ്രജാസഭയില്‍ ആവശ്യപ്പെട്ടു.

ദരിദ്രരായ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന ആശയം ആദ്യമായി സര്‍ക്കാരിന്റെ മുന്‍പില്‍ അവതരിപ്പിച്ചത് ശ്രീ കാവാരിക്കുളം കണ്ഠന്‍ കുമാരനാണ്. ഫീസും മറ്റും വഹിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ ഫീസില്‍ നിന്നും ഒഴിവാക്കണമെന്നും ഫീസ് അടക്കാന്‍ നിവൃത്തിയില്ലാത്ത ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിക്കാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാംബവര്‍ നേരിട്ട മറ്റൊരു പ്രശ്‌നമായിരുന്നു തൊഴില്‍ പ്രശ്‌നം. എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി നല്‍കണമെന്ന് 22-ാം പ്രജാസമ്മേളനത്തിലും 23-ാം സമ്മേളനത്തിലും അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായ മേഖലയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വളരെ വലുതായിരുന്നു. പറയരുടെ പരമ്പരാഗത തൊഴിലായ ഈറ്റ നെയ്ത്തു വ്യവസായം പരിപോഷിപ്പിക്കുവാന്‍ അദ്ദേഹം നിരവധി നിവേദനങ്ങള്‍ മഹാരാജാവിനു നല്‍കുകയുണ്ടായി. സൗജന്യമായി റിസര്‍വ്വ് വനങ്ങളില്‍നിന്നും ഈറ്റ വെട്ടാനുള്ള അനുവാദം, ഈറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ദുരിതങ്ങളും അദ്ദേഹത്തിന്റെ മുഖ്യവിഷയങ്ങളായിരുന്നു.

സമുദായ കാര്യങ്ങളില്‍ ദിവാനുമായി ആലോചിച്ച് രാജാവിന്റെ അനുമതിയോടെ വളരെയേറെ കാര്യങ്ങള്‍ ചെയ്യുവാന്‍ അദ്ദേഹത്തിനു സാധിച്ചു. കിഴക്കന്‍ മേഖലകളില്‍ ശ്രീ കാവാരിക്കുളത്തിന്റെ പേരില്‍ മഹാരാജാവ് വസ്തുവകകള്‍ നല്‍കുകയുണ്ടായി. അവിടങ്ങളിലൊക്കെ അദ്ദേഹം ദളിത് കോളനികളും, സ്‌കൂളുകളും സ്ഥാപിക്കുകയുണ്ടായി. 1918- ല്‍ 'പറയര്‍''എന്ന പേരിനു പകരം 'സാംബവര്‍''എന്ന പേര് അനുവദിക്കണ മെന്നാവശ്യപ്പെട്ട് അദ്ദേഹം ശ്രീമൂലം പ്രജാസഭയില്‍ നിവേദനം സമര്‍പ്പിച്ചു. അത് അനുവദിക്കപ്പെടുകയും ചെയ്തു. തന്റെ ജീവിതം സമുദായപ്രവര്‍ത്തന ത്തിനു സമര്‍പ്പിച്ച ആ ധീരന്‍ സമുദായപ്രവര്‍ത്തനത്തിനിടയില്‍ കോഴഞ്ചേരി താലൂക്കില്‍പ്പെട്ട ആറന്‍മുളയ്ക്കടുത്ത് ആറാട്ടുപുഴ എന്ന ഗ്രാമത്തില്‍ വെച്ച് 1935-ല്‍ അന്ത്യശ്വാസം വലിച്ചു.

അടിച്ചമര്‍ത്തപ്പെട്ട ഒരു കാലഘട്ടത്തില്‍ തന്റെ സമുദായത്തിനു വേണ്ടി അഹോരാത്രം പ്രയത്‌നിച്ചയാളാണ് രാജരാജശ്രീ കാവാരിക്കുളം കണ്ഠന്‍ കുമാരന്‍. സാമൂഹ്യ പരിഷ്‌കരണത്തിന്റെ പിന്നാമ്പുറങ്ങളില്‍ പോലുമില്ലാതിരുന്ന പലരും സ്വസമുദായത്തിന്റെ പ്രചരണ കോലാഹലങ്ങളില്‍ സാമൂഹ്യനവോത്ഥാന നായകരായി വിളങ്ങിയപ്പോള്‍ സ്വസമുദായത്താല്‍ അവഗണിക്കപ്പെട്ട് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് അദ്ദേഹത്തെ വലിച്ചെറിഞ്ഞതിന്റെ ഉത്തരവാദിത്വം നമുക്കോരോരുത്തര്‍ക്കുമുണ്ട്. പോസ്‌റററുകളിലും ഫ്‌ളക്‌സ് ബോര്‍ഡുകളിലും സ്വന്തം തലവെച്ച് പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്ന നാം നമുക്ക് ആരാധ്യരായ പലരേയും സമൂഹത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ മടിക്കുന്നു. ആധികാരികമായ പഠനങ്ങളോ ഗ്രമ്പങ്ങളോ അദ്ദേഹത്തിനു മാത്രം നാം നിഷേധിച്ചു. സമ്മേളന നഗരിയുടെ പേരിലൊതുങ്ങുന്ന ശ്രീ കാവാരിക്കുളം കണ്ഠന്‍ കുമാരനെ പൂജിക്കുവാനും അദ്ദേഹത്തിന്റെ സ്മരണ നാമുള്ളടത്തോളം നിലനിര്‍ത്തുവാനും നമുക്ക് കഴിഞ്ഞില്ലെ ങ്കില്‍ ഈ സാംബവ സംഘടനകളില്‍ നാം പ്രവര്‍ത്തിച്ചത് കൊണ്ട് അര്‍ത്ഥമില്ല. ആധികാരിക രേഖകള്‍ കണ്ടെത്തുവാനും അദ്ദേഹത്തെ പഠനവിഷയമാക്കുവാനുമാണ് നാം മത്സരിക്കേണ്ടത്. ഏറ്റവും കൂടുതല്‍ കാലം പ്രജാസഭയില്‍ അംഗമായിരുന്ന, നമുക്ക് ഭൂമി സമ്മാനിച്ച, വിദ്യാഭ്യാസം നല്‍കിയ, നമുക്ക് വേണ്ടി സ്‌കൂളുകള്‍ സ്ഥാപിച്ച .ചിതറിക്കിടന്ന നമ്മെ സംഘടനാരൂപത്തിലേക്ക് നയിച്ച, അച്ചടക്കമുള്ള ജീവിതചര്യകള്‍ ശീലിക്കാന്‍ പ്രാപ്തമാക്കിയ സര്‍വ്വോപരി നമ്മളെ മനുഷ്യരായി ജിവിക്കാന്‍ പഠിപ്പിച്ച ആ വീര സമുദായ സ്‌നേഹിയെ ആദരിക്കാത്തിടത്തോളം നാം ഒരു കാലത്തും സമുദായപ്രവര്‍ത്തകരാകുന്നില്ല. പൊതുസമൂഹം ശ്രീ കാവാരിക്കുളം കണ്ഠന്‍ കുമാരനെ ചര്‍ച്ച ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കുകയാണ് നമുക്ക് അദ്ദേഹത്തിന് നല്‍കുവാനുള്ള ഗുരുദക്ഷിണ.