"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 18, ഞായറാഴ്‌ച

ആര്‍ട്ടിസ്റ്റ് ശിവദാസന്‍: അപരാജിതന്‍ തിരിഞ്ഞു നോക്കുമ്പോള്‍..


ശിവദാസന്‍ 
മൂലകുടുംബം

പാലക്കാട്ടുള്ള പന്നിയൂരാണ് മൂലകുടുംബം. അവിടത്തെ ശ്രീവരാഹക്ഷേത്രം കുടുംബക്ഷേത്രമാണ്. അഞ്ച് തലമുറ മുമ്പ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ പണിക്കായാണ് പൂര്‍വികര്‍ വരുത്തപ്പെട്ടത്. അവിടെ നിന്നും പുതുവാ മനയിലെ നമ്പൂതിരിമാര്‍ മനയുടെ നിര്‍മ്മാണത്തിനും മറ്റുമായി ഞങ്ങളുടെ ഉപകുടുംബത്തെ ഇവിടെ കൂട്ടിക്കൊണ്ടുവന്നു (ഇപ്പോഴത്തെ എറണാകുളം ജില്ലയുടെ തെക്കേ അതിര്‍ത്തി). പഞ്ചായത്ത് രൂപീകരിക്കപ്പെട്ടതോടെ കുടുംബം എടക്കാട്ടുവയലിലും ആമ്പല്ലൂരുമായി വിഭജിക്കപ്പെട്ടു. എന്റെ അച്ഛന്‍ നാണു ആചാരി, അമ്മിണി ആചാരി എന്ന ചെല്ലപ്പോരില്‍ നാട്ടിലറിയും.

നമ്പൂതിരിമാരുടെ വകയായി ഇവിടെ അടുത്ത് തോട്ടറയില്‍ ഒരു സംസ്‌കൃത സ്‌കൂളുണ്ട്. അച്ഛന്‍ അവിടെ നാല് ക്ലാസ്സ് പഠിച്ചിട്ടുണ്ട്. ആ വിദ്യാഭ്യാസത്തിന്റെ മികവില്‍ അച്ഛന്‍ കുറേ സംസ്‌കൃത ശ്ലോകങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നു. എന്തിനെക്കുറിച്ചൊക്കെയാണ് അച്ഛന്‍ എഴുതിയിരുന്നതെന്ന് ആര്‍ക്കും അറിയില്ല. എല്ലാം അച്ചടിക്കാനെന്നു പറഞ്ഞ് സ്വന്തക്കാരിലൊരാള്‍ വന്ന് വാങ്ങിക്കൊണ്ടു പോയി. എന്നെന്നേക്കുമായി അച്ഛന്റെ ഗ്രന്ഥങ്ങള്‍ ലോകത്തിന് നഷ്ടമായി!

അമ്മയുടെ പേര് മീനാക്ഷി. വൈക്കത്തിനടുത്ത് ഉദയനാപുരത്താണ് അമ്മയുടെ വീട്. അമ്മയെ ഓര്‍ക്കുമ്പോള്‍ 'കുടമൂത്ത് ' എന്ന കലാരൂപമാണ് ഓര്‍മ്മ വരുന്നത്. കൈകൊട്ടിക്കളിത്താളത്തില്‍ പെണ്ണുങ്ങള്‍ വട്ടത്തില്‍ നിന്നു കളിക്കുന്ന കളിയാണിത്. എല്ലാവരും കൈവിരലുകളില്‍ ഇരുമ്പിന്റെ മോതിരം അണിഞ്ഞിരിക്കും. പാട്ടുപാടി താളത്തില്‍ ചുവടുവെച്ച് മണ്‍കുടം വായുവിലെറിയും. കുടും കൈയില്‍ തിരികെ പിടിക്കുമ്പോള്‍ അതിന്റെ വാവട്ടത്തില്‍ ഊതും. മണ്‍കുടത്തില്‍ മോതിരം മുട്ടുന്ന ശബ്ദവും ഊതുമ്പോള്‍ പുറപ്പെടുന്ന ശബ്ദവും പാട്ടും ചേര്‍ന്ന് ഒരു അഭൗമ സംഗീത വിരുന്നുതന്നെ ആസ്വാദകര്‍ക്ക് ലഭ്യമാകുന്നു. ഇതിനും പുറമേ കുടം വഴുതിവീഴാതിരിക്കാനുള്ള അവധാനതക്കിടയില്‍ വെക്കുന്ന ചുവടുകള്‍ പ്രത്യേക വിന്യാസത്തില്‍ രൂപപ്പെടുന്നതും കൗതുകകരമായ കാഴ്ചയാണ്. അമ്മ ഈ അടുത്തിടെയാണ് മരിച്ചതെങ്കിലും അതിനും എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് ആ കലാരൂപം അപ്രത്യക്ഷമായിരുന്നു. അച്ഛനും അമ്മക്കും 12 കുട്ടികള്‍ ജനിച്ചിരുന്നു. അതില്‍ ജീവിച്ചുകിട്ടിയത് രണ്ടേരണ്ടുപേര്‍ മാത്രം, ഞാനും ഒരു പെങ്ങളും!

സാമൂഹികം

ഞങ്ങല്‍ വിശ്വകര്‍മ്മജര്‍ എന്ന് പൊതുവേ അറിയപ്പെടുന്നുവെങ്കിലും കുലത്തൊഴിലിലെ വൈവിധ്യം കൊണ്ട് വിഭാഗീയതകളുമുണ്ട്. തൊഴിലില്‍ ഓരോരുത്തരും കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ക്ക് കല്പിച്ചുകിട്ടിയിരിക്കുന്ന മൂല്യമനുസരിച്ച് സമുദായത്തിനിടയിലെ പദവിയിലും ഉന്നത- അധമത്വം വന്നുചേര്‍ന്നു. സ്വര്‍ണത്തില്‍ പണിയെടുക്കുന്നവര്‍ ഉന്നതരും ഇരുമ്പില്‍ പണിയെടുക്കു ന്നവര്‍ അധമരും എന്ന ധാരണ പൊതു സമൂഹത്തിലും കടന്നുകൂടിയിരിക്കുന്നു. ആശാരിമാരില്‍ മരയാശാരി മുന്‍പന്‍, കല്ലാശാരി രണ്ടാംകിട. എന്നാല്‍ പറഞ്ഞുവരുമ്പോള്‍ എല്ലാവരും വിശ്വകര്‍മ്മജര്‍!


പള്ളിക്കൂടം

പ്രൈമറി വിദ്യാഭ്യാസം എടക്കാട്ടുവയല്‍ യു പി സ്‌കൂളിലായിരുന്നു. ആരക്കുന്നം സെ.ജോര്‍ജ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്ത് പടംവരയിലാണ് താത്പര്യം. തൃപ്പൂണിത്തുറ RLV യില്‍ പെയിന്റിംങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠിച്ചു. അതുകഴിഞ്ഞ് അവിടെനിന്നും ശില്പകലയില്‍ പോസ്റ്റ് ഡിപ്ലോമ എടുത്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഞാന്‍ മൂന്നുതവണ ഡ്രോയിംഗില്‍ മത്സരിച്ചു. ഒരു തവണ ഫസ്റ്റും ഒരുതവണ സെക്കന്റും മറ്റൊരു തവണ അയോഗ്യതയായി പോവുകയും ചെയ്തു. അത്തവണ ഒന്നാം സ്ഥാനത്തിന് അര്‍ഹനായത് ജയചന്ദ്രന്‍ നിലമ്പൂരാണ്. എനിക്ക് ഒന്നാം സമ്മാനം കിട്ടിയ 82' ല്‍ എറണാകുളം ജില്ലക്ക് ആകെ കിട്ടിയത് അതുമാത്രമായിരുന്നു.

ചിത്രകലയില്‍ ഗ്രൂപ്പ എക്‌സിബിഷനുകള്‍ നടത്തി. സോളോ, 2014 സെപ്തംബര്‍ 16 മുതല്‍ 26 വരെ എറണാകുളം ഡര്‍ബാര്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടത്തിയത് ഒന്നു മാത്രം. പല പ്രാദേശിക സമിതികളും, ഇപ്പോള്‍ കേരള വിശ്വകര്‍മ്മ സമിതിയും അവാര്‍ഡ് തന്നു. കഴിഞ്ഞ 15 വര്‍ഷമായി എടക്കാട്ടുവയലില്‍ 'തക്ഷശില' എന്ന കലാ പ്രസ്ഥാനം നടത്തിവരുന്നു. കുരുത്തോലക്കളരി, പടയണി, കരിന്തലക്കൂട്ടം, നാട്ടുപൊറാട്ട്, തിയേറ്റര്‍ വര്‍ക്ക് ഷോപ്പ് തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ നടത്തി. സിപ്പി പള്ളിപ്പുറം, സി ജെ കുട്ടപ്പന്‍, ശിവപ്രസാദ്, പ്രഭ തിരുവല്ല, കുരീപ്പുഴ ശ്രീകുമാര്‍, വൈക്കം വിജയലക്ഷ്മി, മണര്‍കാട് ശശികുമാര്‍ തുടങ്ങിയവര്‍ വിവിധ അവസരങ്ങളില്‍ വന്ന് പങ്കെടുത്തു.

പുളിക്കമാലിയിലും വൈപ്പിനിലും അയ്യന്‍കാളി പ്രതിമകള്‍ ചെയ്തു. വൈപ്പിനില്‍ ഒരു വ്യക്തിയും അയ്യന്‍കാളി പ്രതിമ തീര്‍പ്പിച്ച് വാങ്ങിയിട്ടുണ്ട്. 45 ശ്രീനാരായണ ഗുരു പ്രതിമകളും വിവിധ യിടങ്ങളില്‍ ചെയ്തു. ഗാന്ധി പ്രതിമകളും. പവലിയനുകള്‍ക്കുവേണ്ടിയും വര്‍ക്കുകള്‍ ചെയ്തു. പ്രഭ തിരുവല്ലയുടെ കൂടെ ചെയ്ത 'കിളിമകള്‍' എന്ന ചുവര്‍ ചിത്ര - ശില്പകല ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ശിവപ്രസാദിന്റെ 'ഭേരി' എന്ന സിനിമക്കും, 'ചിതറിയവര്‍' എന്ന സിനിമക്കും കലാസംവിധാനം ചെയ്തു. ചിതറിയവരില്‍ മടവതിയുടെ പരികര്‍മ്മിയായി പ്രത്യക്ഷപ്പെടുകയും ചെയ്തു. സിനിമക്കുവേണ്ടി കഥകളും തിരക്കഥകളും വേറെയും തീര്‍ത്തിട്ടുണ്ട്. ഒരെണ്ണം ഉടനെ പുറത്തിറക്കാനാവുമെന്ന് കരുതുന്നു.

ജീവിതം, ചുറ്റുപാടുകള്‍

ഞങ്ങളുടെ വീടിന്റെ അടുത്ത ദലിതരുടെ ഒരു കോളനിയുണ്ട്. ശാരീരികമായ സവിശേഷതകള്‍ കൊണ്ടോ സാംസ്‌കാരിക നിലവാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടോ ഭൗമിക പരിസര ങ്ങളുടെ വ്യതിരിക്തതകള്‍കൊണ്ടോ പരസ്പരം വേറിടാത്ത ജനതയാണ് ഞങ്ങള്‍ എന്നത് ഒരു വസ്തുതയാണ്. എന്നിട്ടും ദലിതുകള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു അകലം വന്നു. ഇതിന് ജാതിവ്യവസ്ഥയെയല്ലാതെ മറ്റെന്തിനേയെങ്കിലും കുറ്റപ്പെടുത്താ നാവില്ല. അതിന്റെ കാഠിന്യം കുറക്കാന്‍ എന്നെക്കൊണ്ടാവുന്നതു ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ ദലിത് വിഭാഗത്തില്‍ നിന്നും വിവാഹം ചെയ്തത്; പ്രേമ വിവാഹമായിരുന്നെങ്കിലും. RLV യില്‍ എന്റെ ഒപ്പം സംഗീതം പഠിച്ചിരുന്ന, വൈപ്പിന്‍ എടവനക്കാട്ടു കാരി സീനയെയാണ് ഞാന്‍ വിവാഹം ചെയ്തത്. എന്റെ സദുദ്ദേശ്യത്തെ തകിടം മറിച്ചുകൊണ്ട് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുകയാണുണ്ടായത്. എന്റെ വീട്ടുകാരും സീനയുടെ വീട്ടുകാരും ഒരേപോലെ ഞങ്ങളെ അകറ്റി, ഒറ്റപ്പെടുത്തി. വിവാഹം ആദ്യം രജിസ്റ്റര്‍ ചെയ്യുകയാ ണുണ്ടയത്. സീനയുടെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി, എറണാകുളം ശിവക്ഷേത്രത്തില്‍ വെച്ച് പിന്നീട് മതപരമായ ചടങ്ങുകളോടെയും വിവാഹം നടത്തി. ഭാര്യയുടെ ആളുകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരും ഉദ്യോഗസ്ഥന്മാരുമായ ആളുകളുമുണ്ടായിരുന്നു. അവരുടെ നീരസവും എതിര്‍പ്പും അവിടെ അതിന്റെ പാരമ്യത്തിലായിരുന്നു. എന്റെ സ്വന്തക്കാരിലൊരാളുടെ വിവാഹ ത്തിന് ഞാനും സീനയും കൂടി സദ്യയുണ്ണാനിരുന്നപ്പോള്‍ ഈര്‍ഷ്യ പൂണ്ട എന്റെ ആളുകള്‍ ഒന്നടങ്കം എഴുന്നേറ്റു പോയി. അപ്പോള്‍ ഞങ്ങള്‍ക്കു മാത്രമായി സദ്യ വിളമ്പിത്തന്നുകൊണ്ട് എന്റെ കൂട്ടുകാര്‍ ഞങ്ങളുടെ സഹായത്തിനെത്തി.

ആയിടെ കഷ്ടപ്പാടുകളുടെ നാളുകളാണ് തള്ളിനീക്കിയത്. കൊമേഴ്‌സ്യല്‍ ആര്‍ട്ട് വര്‍ക്കിന് പുറമേ, ഞാന്‍, പണിതീര്‍ന്ന കെട്ടിടങ്ങള്‍ക്ക് വൈറ്റ് സിമന്റ് അടിക്കുവാനും പോകുമായിരുന്നു. എന്നാല്‍ അത്തരം വീടുകളുടെ കല്‍പ്പണി മുഴുവന്‍ എന്റെ സ്വന്തക്കാരാണ് ചെയ്തിരുന്നത്. അതിനാല്‍ ആ പണിയും എനിക്ക് കിട്ടാതായി.

കലാപ്രവര്‍ത്തനത്തിലൂടെ കലാപം തുടരുകയാണ് ഞങ്ങളിപ്പോള്‍. ഞങ്ങള്‍ അച്ഛനമ്മമാരുടെ കലാവിഭാഗങ്ങളില്‍ പ്രിഭയുള്ളവരാണ് ഞങ്ങളുടെ രണ്ട് ആണ്‍മക്കളും. മൂത്തവന്‍ വിഷ്ണു ശിവദാസ് സംഗീതത്തില്‍ 7 വര്‍ഷം കലാപ്രതിഭയായിരുന്നു. ഇളയ മകന്‍ അജിത് ശിവദാസിന് അഭിനയം, എഴുത്ത്, വര, ആനിമേഷന്‍ എന്നിവയിലാണ് പ്രതിഭ. എന്റെ പുതിയ സംരംഭം ഒരു സിനിമയാണ്. കഥ, തിരക്കഥ, കലാസംവിധാനം എന്നിവയിലാണ് എന്റെ പങ്കാളിത്തം.