"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 18, ഞായറാഴ്‌ച

ദലിത് മുന്നേറ്റത്തിലെ യുഗ്മനക്ഷത്രങ്ങള്‍ - ആര്‍. അനിരുദ്ധന്‍


കേരളത്തില്‍ അധഃസ്ഥിതി നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ബീജാവാപം നല്‍കിയ മഹാത്മ അയ്യങ്കാളിക്കും പൊയ്കയില്‍ യോഹന്നാനും, പാമ്പാടി ജോണ്‍ ജോസഫിനും ശേഷം പ്രസ്തുത മുന്നേറ്റങ്ങളുടെ പ്രോജ്ജ്വല മായ ചരിത്ര പന്ഥാവില്‍ യുഗ്മനക്ഷത്രങ്ങളെ പ്പോലെ ജ്വലിച്ചുനിന്ന മഹാരഥന്മാരാണ് കല്ലറ സുകുമാരന്‍സാറും പോള്‍ ചിറക്കാരോട് സാറും അയ്യങ്കാളി പ്രസ്ഥാനത്തിന്റെ തിരോധാനം സൃഷ്ടിച്ച ശൂന്യതയില്‍ കേരളത്തിലെ ദലിത് മുന്നേറ്റ പ്രസ്ഥാനം ഉപജാതി ധ്രുവീകരണം എന്ന സാമൂഹിക പ്രതിഭാസത്തിന് വഴിമാറുകയും ദലിത് സാമുദായിക പ്രക്രിയ ഒരു മിഥ്യയായി തിരസ്‌കൃതമാവുകയും തദ്വാര ദലിത് സമൂഹം അനിര്‍വചനീയ മായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയമാവുകയും ചെയ്ത 20-ാം നൂറ്റാണ്ടിന്റെ ആദ്യ  ശതാബ്ദങ്ങളിലാണ് ദലിത് മുന്നേറ്റത്തിന് നവീന ഭാവുകത്വം പുനഃനിര്‍വചനവും നല്‍കിക്കൊണ്ട് കാലഘട്ടത്തിന്റെ അനിവാര്യതെന്നോണം കല്ലറയും പോളും കേരളത്തിന്റെ സാമൂഹിക മുന്നേറ്റചരിത്രത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ രചിച്ചുകൊണ്ട് കടന്നു വരുന്നത്. നിയതാര്‍ത്ഥത്തില്‍ യുഗപ്രഭാവന്മാരായ കല്ലറയും പോളും നേതൃത്വം നല്‍കിയ സമാനതകളില്ലാത്ത സംഘടിത മുന്നേറ്റങ്ങളിലൂടെയാണ് നൂറ്റാണ്ടുകളായി ജാതിമത ധ്രുവീകരണങ്ങളില്‍പ്പെട്ട സാമുദായിക സ്വത്വം നഷ്ടപ്പെട്ട കേരളത്തിലെ ദലിത് സമൂഹം അധഃസ്ഥിതി നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ചുകൊണ്ട് തങ്ങള്‍ ഒരൊറ്റജനതയും സമുദായവും സംസ്‌കാരവുമാണെന്ന വിശാലമായ അവബോധത്തിലേക്ക് സംഘശക്തിയാര്‍ജിക്കുന്നത്.

ജാത്യാധിഷ്ഠിതമായ കേരളീയ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നാണ്, അഗാധമായ ജലാശയത്തിനടിയിലെ ചേര്‍ക്കുണ്ടില്‍ നിന്നും മുളപൊട്ടി സാഹസപ്പെട്ട് ജലോപരിതലത്തിലെത്തി പൊട്ടിവിരിഞ്ഞ് സൗരഭ്യം വിതറിയ നീലത്താമരപ്പൂക്കളെപ്പോലെ കല്ലറയും പോളും ദലിത് സമൂഹത്തെ നിരന്തരം ബോധ്യപ്പെടുത്തിയ ഈ യുഗപുരുഷന്മാര്‍ രണ്ടുപേരും ക്രൈസ്തവ കുടുംബ പശ്ചാത്തലത്തില്‍ നിന്നായിരുന്നു സമൂഹത്തിലെ തിന്മകളെ ചോദ്യം ചെയ്യാന്‍ കടന്നു വന്നത്. അനിഷേധ്യമായ തന്റെ നേതൃത്വപാടവത്താല്‍ കല്ലറ ദലിത് സമൂഹത്തെ ജാതിക്കും മതത്തിനും അതീതമായി സാമുദായികതയിലേക്കും വിമോചനപോരാട്ടത്തിലേക്കും കൈപിടിച്ച് ഉയര്‍ത്തിയ പ്പോള്‍ അനന്യമായ തന്റെ ധൈഷണിക ശക്തിയില്‍ പോള്‍ ചിറക്കരോടാകട്ടെ പ്രസ്തുത മുന്നേറ്റങ്ങള്‍ക്ക് സൈദ്ധാന്തികഭാഷ്യം സൃഷ്ടിക്കുകയായിരുന്നു.

ക്രിസ്തുമതം അനുഭവവേദ്യമാക്കിയ സാംസ്‌കാരിക നവോത്ഥാനത്തിന്റെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും പുതിയ ലോകത്തെ സ്വപ്നം കണ്ടുകൊണ്ടായിരിക്കണം കല്ലറയുടെയും പോളിന്റെയും പൂര്‍വ്വികര്‍ ഒരു നൂറ്റാണ്ടുമുമ്പ് ക്രിസ്തുമത ആശയങ്ങളെ വാരിപ്പുണരുക മാത്രല്ല ഇടയമതത്തിന്റെ കടുത്ത വിശ്വാസിയും പ്രചാരകനുമായാണ് ജീവിതം നയിച്ചത്. ക്രിസ്തുവിന്റെ സുവിശേഷത്തെ പ്രാണവായുപോലെ നെഞ്ചിലേറ്റിയ അദ്ദേഹത്തിന് അക്കാലത്ത് ഒരു പാതിരിയുടെ വിതാനത്തിലേക്ക് വികസിക്കുവാനും കഴിഞ്ഞിരുന്നു. പോളിന്റെ ജന്മദേശമായ മാരാമണും തിരുവല്ലയും അക്കാലത്ത് ക്രിസ്തുമത പ്രചാരവേലയുടെ ഒരു മുഖ്യകേന്ദ്രമായിരുന്നല്ലോ. ആറ് സഹോദരിമാര്‍ക്കിടയില്‍ ഏക ആണ്‍തരിയായി പിറന്ന പോള്‍, സ്‌നേഹനിധികളായ മാതാപിതാക്കളും സഹോദരിമാരും ചൊരിഞ്ഞ സ്‌നേഹവാത്സല്യങ്ങളുടെ നടുവിലായിരുന്നു ബാല്യകാലം പിന്നിട്ടത്. എന്നാല്‍ ബാല്യം മുതല്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നിരുന്ന ചുഴലിരോഗം മിക്കപ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നു. എങ്കിലും മിടുക്കനും ധീരനുമായ പോള്‍ പ്രതികൂലമായ പതിവ് തെറ്റിക്കാതെ എല്ലാദിവസവും മാരാമണിലെ പള്ളിക്കൂടത്തില്‍ അക്ഷരക്കൂട്ടുകളുടെ മാസ്മരികത ഹൃദ്യസ്തമാക്കാന്‍ എത്തിയിരുന്നതായി അദ്ദേഹത്തിന്റെ സഹപാഠികള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ബാല്യകാലം മുതല്‍ വിദ്യാഭ്യാസത്തോട് അപരിമേയമായ ഒരു അഭിനിവേശം പോളില്‍ നിറഞ്ഞു നിന്നിരുന്നു. നിയമം ഉള്‍പ്പെടെ മൂന്ന് മാനവിക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടും ജ്ഞാനസമ്പാദന ത്തോടുള്ള അഭിനിവേശം അദ്ദേഹത്തില്‍ കെട്ടടങ്ങിയില്ല. സര്‍വ്വകലാശാല വിദ്യാഭ്യാസകാല ത്താണ് വിശ്വസാഹിത്യത്തോടും കമ്മ്യൂണിസത്തോടും വിട്ടുപിരിയാനാവത്ത ഒരു ആത്മസൗഹൃദം പോളില്‍ ജന്മമെടുക്കുന്നത്.

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള കല്ലറയാണ് കല്ലറ എന്ന സാമൂഹിക വിപ്ലവകാരിക്ക് ജന്മം നല്‍കിയത്. രണ്ട് തലമുറയ്ക്ക് മുമ്പേ ക്രിസ്തുമതത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരു ന്നവരായിരുന്നു കല്ലറയുടെ പൂര്‍വികര്‍. എന്നാല്‍ കല്ലറയുടെ മാതാപിതാക്കളാകട്ടെ ക്രിസ്തുമത ത്തോട് അമിതതാല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ജന്മദേശമായ വൈക്കത്തായിരുന്നു സുകുമാരന്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നത്. എന്നാല്‍ കല്ലറയുടെ മാതാവിന്റെ മരണാനന്തരം കുടുംബം തൊഴില്‍ തേടി പീരുമേട്ടിലേക്ക് കുടിയേറിയപ്പോള്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും ആ മലയോര പ്രദേശത്തേക്ക് പറിച്ചുനടപ്പെട്ടു. പില്‍കാലത്ത് കുടിയേറ്റ മേഖലയായ പീരുമേട് കല്ലറ സുകുമാരന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്റെ പ്രധാനപ്രവര്‍ത്തന കേന്ദ്രമായി മാറുകയും ചെയ്തു. പീരുമേട്ടിലെ പള്ളിക്കൂടത്തില്‍ വിദ്യാഭ്യാസം തുടര്‍ന്ന കല്ലറയ്ക്ക് പക്ഷേ നിരവധി പ്രതിസന്ധികളാല്‍ ഏഴാം ഫോറത്തില്‍ വച്ച് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. (പില്ക്കാലത്ത് അദ്ദേഹം കഠിനാധ്വാനത്തിലൂടെ എം.എ. ബിരുദംകരസ്ഥമാക്കുകയുണ്ടായി) ഏഴാം ഫോറത്തില്‍ പഠിക്കുമ്പോള്‍ തന്നെ നേതൃത്വപാടവത്തിന്റെ ജ്വാലകള്‍ കല്ലറയില്‍ പ്രതിഫലിച്ചിരുന്നതായി അദ്ദേഹത്തിന്റെ അദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു വേള സ്‌കൂള്‍ ലീഡറായിപ്പോലും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. സ്‌കൂള്‍ വിദ്യാഭ്യാസാനന്തരം കേവലം 18 വയസ്സ് പ്രായമുള്ള പ്പോഴാണ്, 1957ല്‍ കല്ലറസുകുമാരന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. പീരുമേട്ടില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മെരിസാനിസെല്‍ സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന വൈകല്യങ്ങളില്‍ അസംതൃപ്തനായ അദ്ദേഹം പാര്‍ട്ടിസെല്ലുമായുള്ള ബന്ധം ഉടനെ ഉപേക്ഷിക്കുകയും സ്വതന്ത്രമായ പ്രവര്‍ത്തനശൈലിയിലൂടെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങുകയും ചെയ്തു. 

ബാല്യകാലം മുതല്‍ തന്നെ അധഃസ്ഥിത വിഭാഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ കല്ലറയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്തുകൊണ്ട് ജനസംഖ്യയില്‍ നിര്‍ണ്ണായകമായ അധഃസ്ഥിതി വിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്‍തള്ളപ്പെടുന്നു എന്ന ചോദ്യം അദ്ദേഹത്തിന്റെ ചിന്തകളെ എക്കാലവും ഇളക്കിമറിച്ചുകൊണ്ടിരുന്നു. ഒരു വേള തന്റെ ചുറ്റുപാടില്‍, ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ അനുഭവിച്ചുകൊണ്ടിരുന്ന വിവേചനങ്ങളും ചൂഷണങ്ങളും അവകാശലംഘനങ്ങളും കണ്ടില്ലെന്ന് നടിക്കുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

തോട്ടം തൊഴിലാളികളുടെ സംഘടിതമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന കാലഘട്ടത്തിലാണ് അധ:സ്ഥിത വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജാതിമതവിഭാഗീയതകള്‍ക്ക് അതീതമായി അവരെ സംഘടിപ്പിക്കുന്നതിനും ഒരു സ്വതന്ത്രപ്രസ്ഥാനത്തിന്റെ ആവശ്യകതയെപ്പറ്റി കല്ലറ ആഴത്തില്‍ ചിന്തിക്കുന്നത്. കാലിക പ്രസക്തമായ ഈ ചിന്തയുടെ പരിണിതഫലമായിരുന്നു പീരുമേട് താലൂക്ക് ഹരിജന്‍ ഫെഡറേഷന്‍. ഇടുക്കി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുള്ള 12 പേരുടെ കൂട്ടായ്മയിലാണ് ഫെഡറേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതിമത - രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഇടുക്കിജില്ലയിലെ അധ:സ്ഥിത ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് അവരുടെ അകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഫെഡറേഷന്റെ സ്ഥാപകലക്ഷ്യം.

ഫെഡറേഷന്‍ യാഥാര്‍ത്ഥ്യമായതോടെ ഇടുക്കി ജില്ലയില്‍ പ്രത്യേകിച്ചും പീരുമേട്ടിലെയും മറ്റും തോട്ടം മേഖലയിലെ അധ:സ്ഥിതജനവിഭാഗങ്ങള്‍ക്കിടയില്‍ സംഘബോധത്തിന്റെ പുതിയൊരുണര്‍വ്വ് സംജാതമാകുകയും അധ:സ്ഥിതവിഭാഗങ്ങള്‍ ഒന്നൊന്നായി ഫെഡറേഷന്റെ കൊടിക്കീഴില്‍ അണിനിരക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ അവസരത്തിലാണ് ഇടുക്കിയിലെ പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിക്കുവാനും പ്രക്ഷോഭം സംഘടിപ്പിക്കുവാനും കല്ലറ തയ്യാറാകുന്നത്. 1962-ല്‍ ഉജ്ജ്വലമായ ഒരു സമരത്തിലൂടെ കല്ലറ സുകുമാരന്‍ തോട്ടം തൊഴിലാളികളുടെ അനിഷേധ്യ നേതാവായി മാറി. ഇക്കാലത്താണ് പീരുമേട്ടിലെ എസ്.ഐ.ടി.ഇ. കമ്പനിയിലെ 8 തേയില തോട്ടങ്ങളിലായി തൊഴില്‍ ചെയ്തിരുന്ന 5,000ത്തോളം തൊഴിലാളികളുടെ മിനിമം ബോണസ് 40 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ തേയിലത്തോട്ടങ്ങളുടെ നടത്തിപ്പുകാരനായ യൂറോപ്യന്‍ മാനേജ്‌മെന്റ് നിഷേധാത്മകമായ സമീപനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കല്ലറ സുകുമാരന്‍ കമ്പനിയുടെഹെഡാഫീസ് പടിക്കല്‍ മരണപര്യന്ത സത്യാഗ്രഹം ആരംഭിച്ചു. സത്യാഗ്രഹത്തിന്റെ 11-ാം ദിവസം മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാമെന്ന് പ്രഖ്യാപിക്കുകയും കല്ലറ നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. പൊതുപ്രവര്‍ത്തനരംഗത്ത് കല്ലറയുടെ ആദ്യവിജയമായിരുന്നു ഇത്. 1964-ല്‍ എ.വി. തോമസ് കമ്പനിവക കൊച്ചുനടക്കാനം മേഖല എസ്റ്റേറ്റുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ കല്ലറ 9 ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചുകൊണ്ട് വീണ്ടും സമരരംഗത്ത് സജീവമായി. പ്രസ്തുത സമരരവും വിജയിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ എക്കാലവും ഇടപെട്ടിരുന്ന കല്ലറ, 1977-ല്‍ സി.കെ.ടി.യു. എന്ന സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനത്തിനു രൂപം നല്‍കുകയും ശ്രദ്ധേയമായ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നിയതാര്‍ത്ഥത്തില്‍ ഫെഡറേഷന്‍ നടത്തിയ ധീരമായ ഇടപെടലുകളിലൂടെയാണ് ഫെഡറേഷന് ജനഹൃദയങ്ങളില്‍ സ്ഥാനം നേടാനായത്. ഫെഡറേഷന്റെ ശക്തമായ ഇടപെടലുകളുടെ ഫലമായാണ് റാണികോവില്‍ ഹരിജന്‍ കോളനി, പീരുമേട് വെല്‍ഫയര്‍ ഹോസ്റ്റല്‍ എന്നിവ യാഥാര്‍ത്ഥ്യമാകുന്നത്. ഇതോടെ ഫെഡറേഷന്‍ പീരുമേട് താലൂക്കിലെ അധ:സ്ഥിതവിഭാഗങ്ങളുടെ സുശക്തമായ ജനകീയപ്രസ്ഥാനം എന്ന നിലയില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. 1967 ആയപ്പോഴേക്കും മലമടക്കുകളുടെ രംഗഭൂമിയായ ഇടുക്കി ജില്ലയുടെ മുക്കിലും മൂലയിലും ഫെഡറേഷന്റെ പ്രവര്‍ത്തനം വ്യാപിച്ചു. ഇതേവര്‍ഷം ആഗസ്റ്റ് 15-ന് എ.ബി.ടി.ലോക്ക് ഔട്ടിനെതിരെ നിരാഹാരസമരം പ്രഖ്യാപിച്ചുകൊണ്ട് കല്ലറസുകുമാരന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന നേതാവായി വീണ്ടും സമരരംഗത്ത് സജീവമായി. ഏതാണ്ട് ഇതേ കാലയളവില്‍ തന്നെയാണ് അതായത്, 1969-ല്‍ ഇടുക്കി ജില്ലയുടെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏഴോളം ഹരിജന്‍ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് കല്ലറ സുകുമാരന്‍ ഒരു ഏകോപന സമിതിക്ക് രൂപം നല്‍കുന്നത്. ഇതിലൂടെ ജാതിക്കും മതത്തിനും അതീതമായി അധ:സ്ഥിത വിഭാഗങ്ങളെ ഏകോപിപ്പിക്കാനും സംഘടിപ്പിക്കാനും കഴിയുമെന്ന് കല്ലറ തെളിയിച്ചു. തുടര്‍ന്നുള്ള കാലഘട്ടം ഫെഡറേഷന്റെയും ഒപ്പം കല്ലറസുകുമാരന്‍ എന്ന ജനനായകന്റെയും വളര്‍ച്ചയുടേയും സുവര്‍ണ്ണകാലഘട്ടമായിരുന്നു.

1970-കളുടെ തുടക്കം മുതല്‍ ഫെഡറേഷന്റെ പ്രവര്‍ത്തനം കേരളത്തിലുടനീളം വ്യാപിപ്പിക്കുന്ന തിനുള്ള അശ്രാന്തപ്രവര്‍ത്തനങ്ങളില്‍ കല്ലറസുകുമാരന്‍ വ്യാപൃതനായി. ദലിത് വിമോചനാര്‍ത്ഥം കേരളത്തിലെ അധ:സ്ഥിതജനവിഭാഗങ്ങളെ ഒരു കൊടിക്കീഴില്‍ അണിനിരത്തുക എന്ന ആശയമാണ് കല്ലറയെ ഇതിലേക്ക് നയിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം ഫെഡറേഷന്‍ സംഘടിപ്പിച്ച പഠനക്ലാസ്സുകളും നേതൃത്വ പരിശീലന ക്യാമ്പുകളും പതിനായിരക്കണ ക്കിന് സമുദായാംഗങ്ങളെ ഫെഡറേഷന്‍ നേതൃത്വം നല്‍കിയ ഐതിഹാസികമായ വിമോചന പോരാട്ടത്തിലേക്ക് കണ്ണിചേര്‍ക്കു വാന്‍ വഴിയൊരുക്കി. ഫെഡറേഷന്റെ പതിനായിരക്കണക്കിന് സന്നദ്ധഭടന്മാര്‍ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് പ്രസ്ഥാനത്തിന്റെ ആശയവുമായി കടന്നുചെന്നു. ജനപഥങ്ങളില്‍ നിന്നും ജനപഥങ്ങളിലേക്ക് വിമോചനത്തിന്റെ അഗ്നിജ്വാലയുമായി നിതാന്തമായി സഞ്ചരിച്ചുകൊണ്ടിരുന്ന കല്ലറയുടെ പ്രവാചകസമാനമായ വാക്കുകള്‍ കേള്‍ക്കാന്‍ എവിടെയും ജനങ്ങല്‍ തടിച്ചുകൂടുക പതിവായിരുന്നു. കടത്തിണ്ണയിലും കോളനികളിലും അന്തിയുറങ്ങിയും പ്രവര്‍ത്തകര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചും പലപ്പോഴും പട്ടിണികിടന്നും അദ്ദേഹം ഫെഡറേഷന്റെ ആശയവുമായി കേരളത്തിലുടനീളം നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. നിയതാര്‍ത്ഥത്തില്‍ മഹാത്മാ അയ്യന്‍കാളി നേതൃത്വം നല്‍കിയ അധ:സ്ഥിത സാമുദായിക മുന്നേറ്റത്തിന് ശേഷം കേരളത്തിലെ കീഴാളവിഭാഗങ്ങള്‍ നടത്തിയ ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഉജ്ജ്വല മാതൃകയായിരുന്നു ഫെഡറേഷന്റെ രൂപീകരണത്തിലൂടെ യാഥാര്‍ത്ഥ്യ മായത്. 1977 ആയപ്പോ ഴേക്കും കേരളത്തിലെ അധ:സ്ഥിതവിഭാഗങ്ങളുടെ അനന്യമായ സംഘടിത മുന്നേറ്റം എന്ന നിലയില്‍ കേരളത്തിലുടനീളം ഫെഡറേഷന്‍ ശക്തമായ സാന്നിദ്ധ്യമായി മാറുകയും കല്ലറ സുകുമാരന്‍ പ്രസ്തുത മുന്നേറ്റത്തിന്റെ സമാനതകളില്ലാത്ത അമരക്കാരനായി വികസിക്കുകയും ചെയ്തു. തുടര്‍ന്ന്, ഘട്ടംഘട്ടമായി കേരളത്തിലെ ദലിത് മുന്നേറ്റത്തെ ശക്തിപ്പെടുത്തുന്നതില്‍ വ്യാപൃത നായ കല്ലറ 1979-ല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ദി ഡിപ്രസ്ഡ് ക്ലാസസ്സ് ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇന്ത്യ (സി.ഡി.ഒ.) എന്നൊരു ദേശീയ പ്രസ്ഥാനത്തിനും നേതൃത്വം നല്‍കുകയുണ്ടായി. കേരളത്തില്‍ ഫെഡറേഷന്‍ നേതൃത്വം നല്‍കിയ ദലിത് മുന്നേറ്റത്തിന്റെ മാതൃകയില്‍ ഒരു ദേശീയ പ്രസ്ഥാനം, അതായിരുന്നു കല്ലറയുടെ ലക്ഷ്യം. ആന്ധ്രാപ്രദേശില്‍നിന്നുള്ള ഇ.വി. ചിന്നയ്യയാ യിരുന്നു സി.ഡി.ഒ.യുടെ സ്ഥാപകപ്രസിഡന്റ്; കല്ലറ ജനറല്‍സെക്രട്ടറിയും. സി.ഡി.ഒ. യുടെ രൂപീകരണാന്തരം ദേശീയതലത്തില്‍ ദലിത് പ്രസ്ഥാനം ശ്രദ്ധയാകര്‍ഷിക്കുന്ന കാലഘട്ടത്തിലാണ് കല്ലറ സുകുമാരന്‍പോള്‍ ചിറക്കരോട് എന്ന പ്രതിഭാധനനായ എഴുത്തുകാരനെ കണ്ടെത്തുന്നത്. ഈ കണ്ടെത്തല്‍ ഫെഡറേഷന്റെ പ്രയാണത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുകതന്നെ ചെയ്തു. ഫെഡറേഷന്‍ മുണ്ടക്കയത്ത് സംഘടിപ്പിച്ച ഒരു പഠനക്യാമ്പില്‍ ഡോ. അംബേദ്ക്കറെപ്പറ്റി ക്ലാസ്സെടുക്കാന്‍ ക്ഷണിക്ക പ്പെടുന്നതോടെയാണ് പോള്‍ ചിറക്കരോട് ദലിത് പ്രസ്ഥാനവുമായി ആത്മബന്ധം സ്ഥാപിക്കുന്നത്. കേരളം സംഭാവന ചെയ്ത ദലിത് ചിന്തകരില്‍ അഗ്രഗാമിയായ പോള്‍ ചിറക്കരോടിന്റെ രംഗപ്രവേശ ത്തോടെ കേരളത്തിലെ ദലിത് പ്രസ്ഥാനം കൂടുതല്‍ ഉണര്‍വ്വും കരുത്തുമാര്‍ജ്ജിച്ചു. പോള്‍ ചിറക്കരോടിന്റെ വിജ്ഞാനഗരിഷ്ഠമായ ക്ലാസ്സുകളും പ്രഭാഷണങ്ങളും കേള്‍വിക്കാരെയും സംഘാടകരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നവയായിരുന്നു. ഫെഡറേഷന്‍ നേതൃത്വം നല്‍കിയ വിമോചന മുന്നേറ്റങ്ങള്‍ക്ക് അംബേദ്ക്കറിസത്തിന്റെ രീതി ശാസ്ത്രത്തിലൂടെ താത്വികഭാഷ്യം നല്‍കപ്പെട്ടതോടെ പോള്‍ ചിറക്കരോട് എന്ന എഴുത്തുകാരന്‍ ഒരു സൈദ്ധാ ന്തികന്റെ വിതാനത്തിലേക്ക് വികസിക്കുകയും ഫെഡറേഷന്‍ അതിന്റെ പ്രയാണത്തില്‍ ഗതിവേഗം ആര്‍ജിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരേഞെട്ടില്‍ വിടര്‍ന്ന പൂക്കള്‍ പോലെ കല്ലറയും പോളും ഫെഡറേഷന്റെ അമരക്കാരായി മാറിയതോടെ ഫെഡറേഷന്‍ കേരളത്തിലെ അധ:സ്ഥിതരുടെ ഏറ്റവും വലിയ സംഘടിത -സാമുദായിക മുന്നേറ്റമായി വികസിച്ചു. അക്കാലത്ത് കേരളീയ സമൂഹത്തില്‍ ദലിതര്‍ നേരിട്ടുകൊണ്ടിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ നിരവധി പ്രശ്‌നങ്ങളെയും അതിക്രമങ്ങളെയും പൊതുജനങ്ങളുടെയും ഗവണ്‍മെന്റിന്റേയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ഫെഡറേഷന്‍ വഹിച്ച് പങ്ക് നിര്‍ണ്ണായകമായിരുന്നു. ദലിതര്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ക്കെ തിരെ ഫെഡറേഷന്‍ നടത്തിയ ചെറുത്തുനില്പുകള്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുംവിധം ശക്തവും വേറിട്ട തുമായിരുന്നു. എസ്.ഐ. സോമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കേരളത്തിലെ ദലിതരുടെ ആത്മബോധം ഉണര്‍ത്തുകയും കേരളത്തിലുടനീളം ഫെഡറേന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു.

ഫെഡറേഷന്‍ നേതൃത്വം നല്‍കിയ ജനകീയമുന്നേറ്റങ്ങളില്‍ ദേശീയശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു 1983-ലെ ഗുരുവായൂര്‍ പദയാത്ര. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് മാത്രം നല്‍കിയിരുന്ന നമസ്‌ക്കാരസദ്യയ്ക്ക് പൂണൂല്‍ ധരിക്കാതെ കയറിയതിന് സാമൂഹിക പ്രവര്‍ത്തകനായ സ്വാമി ആനന്ദതീര്‍ത്ഥരെ ഒരു സംഘം യാഥാസ്ഥിതിക ഹിന്ദുക്കള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചും ബ്രാഹ്മണര്‍ക്ക് മാത്രം നടത്തിയിരുന്ന നമസ്‌ക്കാരസദ്യയില്‍ ജാതിമതഭേദമന്യേ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം ആവശ്യപ്പെട്ടുമായിരുന്നു ഫെഡറേഷന്‍ ഗുരുവായൂരിലേക്ക് പദയാത്ര സഘടിപ്പിച്ചത്. സ്വാമി ആനന്ദതീര്‍ത്ഥരെ ജാതിഹിന്ദുക്കള്‍ മര്‍ദ്ദിക്കുമ്പോള്‍ കല്ലറസുകുമാരന്‍ തിരുവനന്തപുരത്തായിരുന്നു. സാമൂഹികപ്രശ്‌നങ്ങളില്‍ വളരെപ്പെട്ടെന്ന് പ്രതികരിക്കുന്ന സ്വാഭാവക്കാരനായ കല്ലറ തിരുവനന്തപുരത്ത് വ്ച്ചാണ് ഗുരുവായൂര്‍ പദയാത്ര പ്രഖ്യാപിക്കുന്നത്. ഒടുവില്‍ 1983 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച പദയാത്ര ഫെബ്രുവരി 13 ന് വിജയകരമായി ഗുരുവായൂരില്‍ പര്യവസാനിക്കുകയും നമസ്‌ക്കാരസദ്യയ്ക്ക് എല്ലാഹിന്ദുക്കള്‍ക്കും പ്രവേശിക്കാം എന്ന സ്ഥിതി സംജാതമാവുകയും ചെയ്തു. ''സാക്ഷാല്‍ ഗാന്ധി പരാജയപ്പെട്ടിടത്ത് കല്ലറയുടെ വിജയം'' എന്നാണ് ദേശീയ പത്രങ്ങള്‍ ഗുരുവായൂര്‍ പദയാത്രയെ വിശേഷിപ്പിച്ചത്. 

യ്യൗവനത്തിന്റെ വസന്തത്തില്‍ തന്നെ ഏറെ സ്വാധീനിച്ച കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിയോജിച്ചുകൊണ്ടാണ് പോള്‍ ചിറക്കരോട് ദലിത് പ്രസ്ഥാനവുമായി ആത്മബന്ധം സ്ഥാപിക്കു ന്നതെന്ന് സൂചിപ്പിച്ചല്ലോ. ഒരു എഴുത്തുകാരനും, ചിന്തകനും, വാഗ്മിയുമെന്ന നിലയില്‍ തന്റെ കഴിവുകളെ മുഴുവന്‍ ദലിത് വിമോചനത്തിന് വേണ്ടി സമര്‍പ്പിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പോള്‍ ചിറക്കരോട്. ദലിതരുടെ പ്രശ്‌നങ്ങളെ അവരോടൊപ്പം തോളോട്‌തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് മനസ്സിലാക്കിയ പോള്‍ ചിറക്കരോട് എഴുത്തിലും ദലിത് ജീവിതാവസ്ഥയെ അനന്യസദൃശ്യമായി അടയാളപ്പെടുത്തുകയുണ്ടായിയ 1957-ല്‍ തന്നെ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ മലയാള സാഹിത്യചക്രവാളത്തില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ പോളിനു കഴിഞ്ഞു. മലയാള ത്തിലും ഇംഗ്ലീഷിലുമായി അറുപത്തിയെട്ടിലധികം ഉത്കൃഷ്ടഗ്രന്ഥങ്ങള്‍ രചിച്ച പോളിന്റെ രചനകളില്‍ ഭൂരി ഭാഗവും ദലിത് ജീവിതാവസ്ഥയെ കേന്ദ്രപ്രമേയമാക്കിയിട്ടുള്ളതാണ്. ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് ദലിത് സാഹിത്യപ്രസ്ഥാനം പിറവി കൊള്ളു ന്നതിനും ഒരു ദശാബ്ദക്കാലത്തിന് മുമ്പാണ് പോള്‍ ചിറക്കരോട് ദലിത് ജീവിതത്തെ ഇതിവൃത്തമാക്കിക്കൊണ്ട് കഥകളും നോവലുകളും എഴുതിക്കൊണ്ട് മലയാള സാഹിത്യ ചക്രവാളത്തില്‍ തന്റെ ഇടം അടയാളപ്പെടുത്തുന്നത്. ഇക്കാലത്താണ് പുലയത്തറ എന്ന നോവല്‍ പ്രസിദ്ധീകരിച്ചുകൊണ്ട് പോള്‍ ചിറക്കരോട് ദലിത് ഭാവുകത്വത്തിന്റെ തീക്ഷ്ണാനുഭവങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടു ത്തുന്നത്. അങ്ങനെ പോളിന്റെ അപരിമേയമായ അക്ഷരവിന്യാസത്തിലൂടെ ക്രൈസ്തവ-ഹൈന്ദവ മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ ജാതീയമായ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും അനുഭവിച്ചു കൊണ്ടിരുന്ന കീഴാളരുടെ ജീവിതത്തിന്റെ ഊഷരത എന്തെന്ന് മലയാളികള്‍ വായിച്ചറിഞ്ഞു. ഗാന്ധിയന്‍ ആശയങ്ങള്‍ക്കൊപ്പം ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും വിമര്‍ശന വിധേയമാക്കാന്‍ ഇക്കാലത്ത് പോള്‍ ചിറക്കരോട് തയ്യാറാകുന്നുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉപരിവര്‍ഗതാല്പര്യ സങ്കല്പങ്ങളെ ഇത്രയേറെ ശക്തമായ ഭാഷയില്‍ വിമര്‍ശന വിധേയമാക്കിയ എഴുത്തുകാരന്‍ ഒരുപക്ഷേ പോള്‍ ചിറക്ക രോട് മാത്രമായിരിക്കും. ഇന്ത്യയെപോലെ കൊടിയസാമൂഹികവിവേചനങ്ങളും അസമത്വവും നിലനില്‍ ക്കുന്ന രാജ്യത്ത് സമഗ്രമായൊരു സാമൂഹിക പരിവര്‍ത്തനം സംജാതമാകണമെങ്കില്‍ രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങള്‍ സംഘശക്തിയാര്‍ജ്ജിക്കേണ്ടത് അനിവാര്യമാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന എഴുത്തുകാരനായിരുന്നു പോള്‍ ചിറക്കരോട്. താന്‍ പ്രതിനിധാനം ചെയ്യുന്ന ജനസമൂഹം നൂറ്റാണ്ടു കളായി അനുഭവിക്കുന്ന വിവേചനങ്ങളെയും തിരസ്‌ക്കരണത്തെയും എഴുത്തിലൂടെയും പ്രസംഗത്തിലൂ ടെയും തുറന്നുകാട്ടുന്നതില്‍ എപ്പോഴും പോള്‍ ചിറക്കരോട് തന്റെ ധൈഷണികതയെ പ്രയോജന പ്പെടുത്തിയിരുന്നു. ഇന്ത്യയിലുടനീളം സഞ്ചരിച്ച ആ ബഹുമുഖ പ്രതിഭ പതിനായിരങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. ഒരു വേള അദ്ദേഹം മേധാപട്ക്കറും അരുന്ധതിറോയിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി. ലോകപ്രസിദ്ധ ഭാഷാപണ്ഡിതന്‍ നോംചെസ്‌കിയുമായി പോള്‍ ചിറക്കരോട് നടത്തിയ സംവാദങ്ങള്‍ അത്യന്തം ശ്രദ്ധേയമാണ്. എഴുത്തിന്റെ ഗിരിശൃംഗങ്ങളില്‍ വിരാചിക്കുമ്പോഴും തന്റെ സ്വത്വത്തെ ഒളിപ്പിച്ചുകൊണ്ടായിരുന്നു സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ വാപൃതനായിരുന്നെങ്കില്‍ തീര്‍ച്ചയായും ബഹുമതികളും പാരിതോഷികങ്ങളും അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. എന്നാല്‍ മരണാനന്തരം അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തെ തേടിയെത്തുകതന്നെ ചെയ്തു. വിക്കിപീഡിയപോലുള്ള അന്തര്‍ദേശീയ വെബ്‌സൈറ്റുകള്‍ അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ പ്രകീര്‍ത്തിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചതും അന്തര്‍ദേശീയ പ്രസാധകരായ പെന്‍ഗ്വിന്‍ബുക്‌സ് പോള്‍ ചിറക്കരോടിന്റെ ആത്മകഥ പ്രകാശനം ചെയ്യാന്‍ തയ്യാറായതും ഈ അംഗീകാരത്തിന്റെ തെളിവുകളാണ്. ജീവിതത്തിന്റെ സായാഹ്നത്തില്‍ ഒരു വിദേശ സര്‍വ്വകലാശാല നല്കിയ ഡോക്ടറേറ്റ് ആണ് അദ്ദേഹത്തിനു ലഭിച്ച മറ്റൊരു അംഗീകാരം.

ദലിത് മുന്നേറ്റവുമായി ആത്മബന്ധം സ്ഥാപിക്കുന്നതു മുതല്‍ പ്രസ്തുത മുന്നേറ്റത്തിന്റെ ആത്മാംശ മായി അലിഞ്ഞുചേരാനും മര്‍ദ്ദിതര്‍ക്കൊപ്പം അവരില്‍ ഒരാളായി അവര്‍ക്കൊപ്പം സഞ്ചരിക്കാനും പോള്‍ ചിറക്കരോടിന് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേ ഷതയാണ്. കേരള ഹരിജന്‍ ഫെഡറേഷന്‍ ഇന്ത്യന്‍ ദലിത് ഫെഡറേഷനായി വികസിച്ചപ്പോഴം ഫെഡറേഷ ന്റെ നേതൃത്വത്തില്‍ ഐ.എല്‍.പി. രൂപീകരിച്ചപ്പോഴും ഐ.എല്‍.പി.യുടെ സംഘശക്തിയില്‍ കേരളത്തില്‍ ബഹുജന്‍ സമാജ്പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചപ്പോഴും അതിന്റെ നേതൃനിരയില്‍ കല്ലറസുകുമാരനൊപ്പം പോള്‍ ചിറക്കരോടും ഉണ്ടായിരുന്നു. നിയതാര്‍ത്ഥത്തില്‍ മഹാത്മാ അയ്യന്‍കാളിക്ക് ശേഷം കല്ലറയുടേയും പോളിന്റെയും നേതൃത്വത്തില്‍ കേരളത്തില്‍ രൂപപ്പെട്ട് വികസിച്ച ആധുനിക ദലിത് പ്രസ്ഥാനത്തില്‍ നിന്നും ഊര്‍ജ്ജം ആവാഹിച്ചുകൊണ്ടാണ് കേരളത്തില്‍ ബഹുജന്‍ രാഷ്ട്രീയം വേരോട്ടം സൃഷ്ടിക്കുന്നത് എന്നുകാണാന്‍ പ്രയാസമില്ല. മറ്റൊരു അര്‍ത്ഥത്തില്‍ അംബേദ്ക്കറിസത്തിന്റെ ആശയാടിത്തറയില്‍ സാമൂഹികമായി സംഘടിപ്പിച്ച് രാഷ്ട്രീയശക്തിയായി വികസിപ്പിക്കാന്‍ അധ:സ്ഥിത ജനവിഭാഗങ്ങളെ ഉദ്‌ബോധിപ്പിച്ച മഹാന്മാരായ പോളിന്റെയും കല്ലറയുടെയും ചിന്താധാരകള്‍ സൃഷ്ടിച്ച സാമൂഹിക പശ്ചാത്തലമായി രുന്നു. കേരളത്തില്‍ ബഹുജന്‍ രാഷ്ട്രീയത്തിന് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചത് എന്ന വസ്തുതയും നാം വിസ്മരിക്കാതിരിക്കു.

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ പദയാത്രയുടെ വിജയാനന്തരം ഫെഡറേഷന്‍ സംഘടിപ്പിച്ച എല്ലാ പ്രക്ഷോഭമുന്നേറ്റങ്ങളിലും കല്ലറയ്‌ക്കൊപ്പം പോളും നേതൃനിരയില്‍ തന്നെ ഉണ്ടായിരുന്നു. ക്രിസ്തീയസഭകള്‍ക്കുള്ളിലെ ജാതീയമായ വിവേചനത്തെ തുറന്നുകാട്ടിക്കൊണ്ട് 1984-ല്‍ ഫെഡറേ ഷന്‍ നടത്തിയ ദലിത് ക്രൈസ്തവ സമരം, 1987-ലെ ജാതിവിരുദ്ധ ജാഥ, ആദിവാസികളുടെ മണ്ണും മാനവുംസംരക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് 1989-ല്‍ വയനാട് നിന്നും തിരുവനന്തപുര ത്തേക്ക് നടത്തിയ ചരിത്രപ്രസിദ്ധമായ ആദിവാസി മാര്‍ച്ച്, ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പി ക്കപ്പെട്ട വൈക്കം സത്യാഗ്രഹ അനുസ്മരണ സമ്മേളനം തുടങ്ങിയ പ്രക്ഷോഭങ്ങളിലും പരിപാടികളിലും കല്ലറയ്‌ക്കൊപ്പം നേതൃനിരയില്‍ പോളും ഉണ്ടായിരുന്നു. ഗുരുവായൂര്‍ പദയാത്രയ്ക്കുശേഷം ഫെഡറേഷന്‍ സംഘടിപ്പിച്ച അത്യന്തം ജനശ്രദ്ധയാകര്‍ഷിച്ച പ്രക്ഷോഭമായിരുന്നു ആദിവാസി മാര്‍ച്ച. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെഡറേഷന്‍ നടത്തിയ ആദിവാസി മാര്‍ച്ചിലൂടെയാണ് ഒരു ദലിത് പ്രസ്ഥാനം ആദ്യമായി ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത്.

മഹാത്മാഅയ്യന്‍കാളിക്കും, പൊയ്കയില്‍ അപ്പച്ചനും ശേഷം കേരളത്തിലെ അധ:സ്ഥിതവിഭാഗ ങ്ങളെ ജാതി-മത വിഭാഗീയതകള്‍ക്കതീതമായി സാമുദായിക-രാഷ്ട്രീയ- സ്വത്വബോധത്തിലേക്കും സംഘശക്തിയിലേക്കും, മനുഷ്യാവകാശപോരാട്ടങ്ങളിലേക്കും നയിച്ച യുഗപ്രഭാവന്മാരായ നേതാക്കള്‍ എന്ന നിലയിലായിരിക്കും ഒരുപക്ഷേ വരും തലമുറ കല്ലറയെയും പോളിനെയും ചരിത്രത്തില്‍ തിരിച്ചറിയുക. ഏതാണ്ട് ഒരു നൂറ്റാണ്ട് പിന്നിടുന്ന കേരളത്തിലെ ദലിത് പ്രസ്ഥാന ങ്ങളുടെ ചരിത്രത്തില്‍ കാലത്തിന് പോലും മായ്ക്കാന്‍ കഴിയാത്ത മുദ്രകള്‍ അടയാളപ്പെടുത്തിയതിന് ശേഷമാണ് കല്ലറയും പോളും കാലയവനികയ്ക്കുള്ളില്‍ അനശ്വരരാകുന്നത്. ഡോ. അംബേദ്ക്കറും മഹാത്മാ അയ്യന്‍കാളിയും ആവിഷ്‌ക്കരിച്ച അധ:സ്ഥിത നവോത്ഥാന വിമോചന മാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്ന്, ദലിതര്‍ ഒരു സാമുദായിക-രാഷ്ട്രീയ ശക്തിയായി വികസിക്കേണ്ടതിന്റെ അനിവാര്യത കേരളത്തിലെ അധ:സ്ഥിത വിഭാഗങ്ങളെ ബോധ്യപ്പെടുത്തിയ ഈ യുഗപുരുഷന്മാരുടെ ആഹ്വാനങ്ങളും ഉദ്‌ബോധനങ്ങളും പ്രവര്‍ത്തനമാതൃകകളും ദലിത് മുന്നേറ്റങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് തീര്‍ച്ചയായും ശക്തിപകരുക തന്നെ ചെയ്യും.