"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 16, വെള്ളിയാഴ്‌ച

വരച്ചും പാടിയും പഠിപ്പിച്ചും നെയ്‌തെടുത്ത് വലുതാക്കിയ കുഞ്ഞന്‍ ജീവിതം


കുഞ്ഞന്‍ മാഷ്‌ 
വീട്

തൃപ്പൂണിത്തുറക്ക് കിഴക്ക് ഇരുമ്പനം കരയില്‍ തറേപ്പടി വീട്ടില്‍ അര്‍ജുനന്റെയും പൊനാലയുടെയും എട്ടു മക്കളില്‍ മൂത്തവനായി 1951 ല്‍ ജനിച്ച മകനാണ് കുഞ്ഞന്‍ എന്ന ഇപ്പോഴത്തെ കുഞ്ഞന്‍ മാഷ്. എട്ടാമത്തെ മകള്‍ സതിയാണ് വീട്ടിലെ ഒരേയൊരു പെണ്‍തരി. തറേപ്പടി ചോതിയാണ് അര്‍ജുനന്റെ അച്ഛന്‍. തൃപ്പുണിത്തുറ രാജകുടുംബത്തിലെ ചികിത്സകനായി തൃശൂരുനിന്നും എത്തിയ ഡോ. രാമന്‍മേനോന്‍ പാര്‍ത്തിരുന്ന കെട്ടിടത്തിനു സമീപമാണ് ചോതിയുടെ കുടുംബം കഴിഞ്ഞുകൂടിയിരുന്നത്. അദ്ദേഹമാണ് വില്ലാളിവീരനായ അര്‍ജുനന്റെ പേരുതന്നെയാവട്ടെ എന്നു പറഞ്ഞുകൊണ്ട് കുഞ്ഞന്റെ അച്ഛന് ആ പേരിട്ടത്.

കുടുംബം

അര്‍ജുനന്‍ കോലുകളി ആശാനായിരുന്നു. തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിന് ഒരു പ്രധാന ഇനമായി അര്‍ജുനന്റെ കോല്‍കളി ഉള്‍പ്പെടുത്തുമായിരുന്നു. മക്കളില്‍ കുഞ്ഞന്‍ ഒഴികെ, അര്‍ജുനനും പൊനാലയും ഉള്‍പ്പെടെ തൃപ്പൂണിത്തുറയിലെ ഡോ. ചന്ദ്രന്റെ RCM (രാഖി ചന്ദ്രന്‍ മെമ്മോറിയല്‍) ഹോസ്പിറ്റലിലേയും അവരുടെതന്നെ CKKM ഫാര്‍മസ്യൂട്ടിക്കല്‍സിലേയും ജോലിക്കാരായിരുന്നു. സാധാരണ ജീവനക്കാര്‍ ചെയ്യാനറക്കുന്ന, മാലിന്യം നീക്കലും അപകടങ്ങളില്‍ മുറിവേറ്റ് എത്തുന്ന ജഡങ്ങള്‍ തുന്നിച്ചേര്‍ക്കുന്ന ജോലിയുമൊക്കെ ഇവരാണ് ചെയ്തിരുന്നത്.

സ്ഥലം

വിശാലമായ നല്പാടങ്ങള്‍ക്കു നടുവിലെ തറയായിരുന്നു അന്നത്തെ ഇരുമ്പനം. 'ഹിഡുംബവനം' എന്ന വാക്കില്‍ നിന്നാണ് ഇരുമ്പനം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. അവിടത്തെ ജനത ഹിഡുംബിയുടെ ഗോത്രത്തില്‍ പെട്ട ആദിമരുടേതാണ്. ഈ സ്ഥലത്തെ കേന്ദ്രപ്രമേയമാക്കി എം എം മേനോന്‍ എഴുതിയ നോവലാണ് 'ജീവപര്യന്തം'. ഇരുമ്പനം പാടത്തിന്റെ വടക്കുപടിഞ്ഞാറെ കരയായ കാരിക്കാമുറിയിലെ ആളുകള്‍ ഇരുമ്പനത്തു നിന്നും വന്ന പാര്‍പ്പുകാരാണെന്നും പറയപ്പെടുന്നു. ഇന്ന് ഈ സ്ഥലം എറണാകുളം സിറ്റിയുടെ ഭാഗമാണ്.

പുലയരായ കുഞ്ഞന്റെ കുടുംബം പാടത്ത് കര്‍ഷകത്തൊഴില്‍ ചെയ്തുതന്നെയാണ് ജീവിച്ചിരുന്നത്. മൂക്കഞ്ചരി ബാങ്ക് മാനേജരായിരുന്ന ചെറിയാന്‍ മുതലാളിയുടെ പാടത്തെ പണിക്കരായിരുന്നു അര്‍ജുനന്റെ കുടുംബം. ഇടുക്കി ഡാം വന്നതോടെ ഇരുമ്പനം പാടത്തേക്കുള്ള നീരൊഴുക്കു തടയപ്പെട്ടു. അതോടൊപ്പം കൊച്ചിന്‍ റിഫൈനറീസ് വന്നപ്പോള്‍ മലിനജലം പാടങ്ങളില്‍ നിറയുകയും ചെയ്തു. കളകള്‍ക്കുപോലും വളരാനാകാത്തവണ്ണം പാടങ്ങളാകെ മലിനമായി നശിച്ചു. ജൈവികത നഷ്ടപ്പെട്ട പാടങ്ങള്‍ ഉടമകള്‍ തരിശാക്കിയിട്ടു. പാടത്തുപണിക്കാരായ പുലയരുടെ ജീവിതം വഴിമുട്ടി. ഈ ചുറ്റുപാടിലാണ് ചെറിയാന്‍ മുതലാളി ഡോ. ചന്ദ്രന് അര്‍ജുനന്റെ കുടുംബത്തെ പരിചയപ്പെടുത്തി ക്കൊടുക്കുന്നതും ആശുപത്രിയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കുന്നതും. 

പള്ളിക്കൂടം

മൂന്നര വയസ്സുവരെ ഓടിക്കളിച്ചുനടന്നിരുന്ന കുഞ്ഞന് പെട്ടെന്ന് പോളിയോ പിടിപെട്ടു. ഒരു കാല്‍ തളര്‍ന്നുപോയി. ചികിത്സകഴിഞ്ഞ് പതുക്കെ മുടന്തിനടക്കാനേ ആവുമായിരുന്നുള്ളൂ. ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ കുഞ്ഞന്‍ കരിങ്ങാച്ചിറയിലുള്ള പള്ളിവക എല്‍ പി സ്‌കൂളില്‍ പഠിച്ചു. ആറു മുതല്‍ പത്തുവരെ വിദ്യാഭ്യാസം ഇരുമ്പനം ഹൈസ്‌കൂളിലായിരുന്നു. 1969 ല്‍ SSLC പാസായി. തുടര്‍ന്ന് എറണാകുളം മഹാരാജാസില്‍ ചേര്‍ന്ന് മൂന്നാം ഗ്രൂപ്പ് പഠിച്ച് പ്രീ-ഡിഗ്രി പാസായി. അതിനുശേഷം ശ്രീമാതാ ആര്‍ട്ട് സെന്ററില്‍ നിന്ന് ഡ്രോയിംഗിലും പെയിന്റിംഗിലും പരിശീലനം നേടി. പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിച്ചിരുന്ന സ്റ്റഡി സെന്ററില്‍ നിന്നും അക്കൗണ്ടന്‍സിയും ടൈപ്പ് റൈറ്റിംഗും ഷോര്‍ട്ട് ഹാന്‍ഡും പാസായി. RLV സംഗീതനാടക അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തൃപ്പൂണിത്തുറ വൈമീതിയില്‍ നടത്തിയിരുന്ന ഇന്‍സ്റ്റിട്ട്യൂട്ടിലെ, കൊല്ലംകാരന്‍ സോമന്റെ കീഴില്‍ ശാസ്ത്രീയ സംഗീതവും കുഞ്ഞന്‍ അഭ്യസിച്ചു. അദ്ദേഹത്തില്‍ നിന്നുതന്നെ അല്പം തബലയും ഹാര്‍മോണിയവും വായിക്കാനും പഠിച്ചു.

സര്‍ക്കാര്‍ സര്‍വീസ്

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പദ്ധതിയായ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് പ്രകാരം കുഞ്ഞന് 1975 ല്‍, എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള JBS കീച്ചേരിയില്‍ അണ്‍ട്രെയിന്റ് അധ്യാപകനായി നിയമനം ലഭിച്ചു. തുടര്‍ന്ന് വടക്കേ അറ്റത്തുള്ള HMDP സ്‌കൂളില്‍ ട്രെയിനിയായി പോയി. അവിടെത്തന്നെയുള്ള SNM BTS നിന്നും TTC യും പാസായി. വീണ്ടും കീച്ചേരി JBS ല്‍ സൂപ്പര്‍ ന്യൂമററിയായി നിയമനം ലഭിച്ചു. 1982 ല്‍ കാരിക്കോട് UPS ലേക്ക് സ്ഥലംമാറി പോയി. 1993 ല്‍ അവിടെനിന്നും കോലഞ്ചേരിയിലെ കറുകപ്പള്ളിയിലുള്ള GUPS ലേക്ക് സ്ഥംമാറ്റമായി. 2004 ല്‍ ഹെഡ്മാസ്റ്ററായി വീണ്ടും കീച്ചേരിയിലേക്കുതന്നെ വന്നു. 2006 ല്‍ അവിടെനിന്നും വിരമിച്ചു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചു.

കുഞ്ഞന്‍ , രാജമ്മ 
വില്ലടിച്ചാംപാട്ട്

ഒരു ദലിത് കലാരൂപമാണ് വില്ലുപാട്ട്. പുരാണകഥകള്‍ വില്ലടിച്ചുപാടി അവതരിപ്പിക്കുമെങ്കിലും അതിനെ ദേശികരുടെ ചരിതവും പോരാട്ടങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കും. തണ്ട് തറയിലുറപ്പിച്ച വില്ലിന്റെ മുകളില്‍ വരുന്ന ഞാണില്‍ മണി കെട്ടിയിട്ടുണ്ടാവും ഇതില്‍ കോലുകൊണ്ടടിച്ചുപാടുന്ന മുഖ്യനാണ് കുഞ്ഞന്‍. വില്ലിന്റെ രണ്ടറ്റത്തും കൂമ്പന്‍ തൊപ്പിക്കാര്‍ ഇരിക്കും. ഇവരാണ് ഹാസ്യം അവതരിപ്പിക്കുന്നത്. മുഖ്യന്‍ പാടുന്ന പാട്ടിലെ കാര്യങ്ങള്‍ സമകാലിക വിഷയവുമായി ഇവര്‍ ബന്ധിപ്പിക്കും. മറ്റു കളിക്കാര്‍ പച്ചിലകള്‍ ദേഹത്തു ചുറ്റിനിന്ന് ഇവര്‍ പറയുന്നതൊക്കെ അഭിനയിച്ചുകാണിക്കും. സംഘത്തില്‍ 11 പേര്‍ വേണം. 

അടുത്തൊക്കെയുള്ള അവര്‍ണരുടെ ക്ഷേത്രങ്ങളിലാണ് വേദികള്‍ ലഭിച്ചിരുന്നത്. ദൂരേക്കെങ്ങും പോയിട്ടില്ല. 10 രൂപയൊക്കെ പ്രതിഫലം കിട്ടിയിരുന്നു. അച്ഛനില്‍ നിന്നും അകമഴിഞ്ഞ പ്രത്സാഹനം ഇക്കാര്യത്തില്‍ കുഞ്ഞനു കിട്ടിയിരുന്നു.

തിരുവാങ്കുളം ഉദയഭാനുവും കഥാപ്രസംഗവും

കുഞ്ഞനെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് തിരുവാങ്കുളം ഉദയഭാനു. കുഞ്ഞന്‍ പറഞ്ഞിട്ടുള്ള, കഥാപ്രസംഗങ്ങളുടേയും വില്ലടിച്ചാംപാട്ടിന്റേയുമൊക്കെ സ്‌ക്രിപ്റ്റ് ഉദയഭാനുവിന്റേതാണ്. പാടാനും നന്നായി കഥപറയാനും കഴിവുള്ള ഒരാളെ തോടുമ്പോഴാണ് ഉദയഭാനു കുഞ്ഞനെ കണ്ടുമുട്ടുന്നത്. വില്ലടിച്ചാംപാട്ടിലെ മികവ് കണ്ടറിഞ്ഞ ഉദയഭാനു താന്‍ ആദ്യമായി എഴുതിയ 'കല്ലറമണ്ഡപം' എന്ന കഥപറയാന്‍ കുഞ്ഞനെത്തന്നെ തെരഞ്ഞെടുത്തു. 50 ല്‍ ഏറെ വേദികളില്‍ ഈ കഥ കുഞ്ഞന്‍ പറഞ്ഞു. ഉദയഭാനുവിന്റെ തന്നെ 'രക്തപുഷ്പങ്ങള്‍' ആയിരുന്നു രണ്ടാമത്തെ കഥ. അത്രയുംതന്നെ വേദികളില്‍ ഈ കഥയും പറഞ്ഞു. ഒട്ടാകെ 114 വേദികള്‍....

തൃപ്പൂണിത്തുറയിലെ മാളേക്കാട് സ്‌കൂളില്‍ ഉണ്ണിമാഷിന്റെ റിട്ടയര്‍മെന്റിന് കഥപറഞ്ഞപ്പോള്‍ ചില ആളുകള്‍ കഥകളുമായി കുഞ്ഞനെ സമീപിച്ചു. കാസര്‍കോട്ടുനിന്നും കുടകിലേക്ക് കുടിയേറിയ പുരുഷോത്തമനും അക്കൂട്ടത്തില്‍ പെടുന്നു. കുഞ്ഞന്‍ അതെല്ലാം വേണ്ടെന്നുവെച്ചു. 1975 ല്‍ കീച്ചേരിയില്‍ എത്തിയകാലത്ത് അവിടെ അടുത്തുള്ള തോട്ടറ സംസ്‌കൃത യു പി സ്‌കൂളിലെ അധ്യാപകരുടെ റിട്ടയര്‍മെന്റ് പരിപാടിക്ക് 'കല്ലറമണ്ഡപം' അവതരിപ്പിച്ചുകൊണ്ട് കഥാപ്രസംഗവേദി കുഞ്ഞന്‍ വിട്ടു.

കഥാസാരം

തിരുവാങ്കുളം ഉദയഭാനു തയ്യാറാക്കിയ 'കല്ലറമണ്ഡപം' ഒരു ദലിത് കഥയാണ്. പ്രണയ - ദുരന്തമാണ് അതിന്റെ കഥാഘടന. നായകന്‍ അന്യനാട്ടില്‍ കലങ്ങളോളം താമസിക്കുന്നു. പ്രണയിനി നാട്ടില്‍ അവന്റെ വരവും കാത്തിരിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് പരിഷ്‌കാരിയും ഉദ്യോഗസ്ഥനുമായ നായകന്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അയാളുടെകൂടെ ഭാര്യയുമുണ്ടായിരുന്നു! പരാജയം ഏറ്റുവാങ്ങുന്ന പ്രണയിനി എല്ലാറ്റിനോടും യാത്രചൊല്ലി ഒരു ശ്മശാനത്തിലേക്ക് നടന്നുചെല്ലുന്നു. അവിടെ ഒരു രാജകുമാരിയുടെ പ്രേതം നായികയെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്നു. നായിക തന്റെ പ്രണയദുരന്തത്തിന്റെ കഥ പ്രേതത്തോട് പറയുന്നു. ആ കഥയാണ് കുഞ്ഞന്‍ പ്രേക്ഷരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അത് ആ രാജകുമാരിയുടെ കഥതന്നെയായിരുന്നു! 'ഹൊറര്‍' സങ്കേതത്തിലാണ് 'കല്ലറമണ്ഡപ'ത്തിന്റെ അവതരണം ആരംഭിക്കുന്നത് എന്നത് ഒരു സവിശേഷതയാണ്.

നെയ്ത്ത്

കീച്ചേരിയില്‍ ജോലിക്ക് ചേര്‍ന്ന ആദ്യകാലത്ത് കുഞ്ഞന്‍ അവിടെ വാടവവീട്ടിലാണ് താമസിച്ചിരുന്നത്. ശമ്പളം 100 രൂപ മാത്രം. ജോലി താല്‍ക്കാലിക അടിസ്ഥാനത്തിലായിരു ന്നതിനാല്‍ വെക്കേഷന്‍ കാലത്ത് ടെര്‍മിനേഷനിലുമാകും. അക്കാലത്ത് കുഞ്ഞന്‍ മാഷ് കൈയില്‍ കൊണ്ടുനടന്നിരുന്നത് പ്ലാസ്റ്റിക് കെയിന്‍ കൊണ്ടു നെയ്ത, ഗോളാകൃതിയിലുള്ള ഒരു ബാഗായിരുന്നു. അന്ന് അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പട്ടികജാതി ക്ഷേമ സംഘത്തിന്റെ ആളുകള്‍, കുഞ്ഞന്‍ മാഷിനോട് പ്ലാസ്റ്റിക് നെയ്ത്ത് കുട്ടികളെ പരിശീലിപ്പിക്കാമോ എന്നു ചോദിച്ചു. ടെര്‍മിനേഷന്‍ കാലത്ത് വരുമാനമില്ലാതാകുമെന്നതിനാല്‍ കുഞ്ഞന്‍ മാഷും സഹകരിച്ചു. കുട്ടികള്‍ക്കും അതാണല്ലോ സൗകര്യം. സ്വന്തക്കാരില്‍ പെട്ട ചന്ദ്രിക എന്നൊരു സഹോദരിയാണ് കുഞ്ഞന്‍ മാഷിനെ നെയ്ത്ത് പഠിപ്പിച്ചത്. ബോഗ്, ബാസ്‌കറ്റ് പേഴ്‌സ് എന്നിവ നെയ്യുകയും കട്ടില്‍, കസേര, ടീപോയ്, സൈക്കിള്‍ ബോക്‌സ് എന്നിവ വരിയുകയും ചെയ്തിരുന്നു. നെയ്ത്തിന് പമ്പരക്കണ്ണി, പൂക്കണ്ണി എന്നിവയും വരിയലിന് ചക്രക്കണ്ണിയും കണ്ണിയില്ലാതെയും നെയ്യുന്നതാണ് ഈ കൈത്തൊഴിലിലെ രീതികള്‍. കുട്ടികളില്‍ നിന്ന് 5 രൂ5പയാണ് ഫീസിനത്തില്‍ ഈടാക്കിയിരുന്നത്. അന്തഛിദ്രം മൂലം സംഘം നശിക്കുന്നതുവരെ നല്ലരീതിയില്‍ ഇവിടെ പരിശീലനം നടന്നിരുന്നു. കെയിന്‍ വരിയലിന്റെ ഉപയോഗംതന്നെ ഇല്ലാതായപ്പോള്‍ ഈ തൊഴില്‍ ചെയ്തിരുന്നവരും വിസ്മൃതിയിലായി.

കുടുംബം

കീച്ചേരിയില്‍ വാടകക്ക് താമസിക്കുന്ന കാലത്ത് തൊട്ടുത്തുള്ള ദലിത് കുടുംബത്തിലെ രാജമ്മയെ വിവാഹം ചെയ്തു. കുഞ്ഞന്‍ മാഷിന്റെ അത്ര വിദ്യാഭ്യാസമോ വീട്ടിലെ സാമ്പത്തിക ചുറ്റുപാടുകളോ രാജമ്മക്ക് ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. നിത്യയും ദിവ്യയും. രണ്ടുപേരും B.Com HDC Compu: ബിരുദമെടുത്തവരും വിവാഹിതരുമാണ്. HM ആയി കീച്ചേരിയിലേക്കുള്ള രണ്ടാം വരവില്‍, സ്‌കൂളിന്റെ തൊട്ടടുത്ത് കുറച്ച് സ്ഥലം വാങ്ങി വീടുവെച്ച് അവിടെ താമസിക്കുകയാണ്.

വിശ്രമം

ശിശുവായിരിക്കുമ്പോള്‍ പോളിയോ ബാധ ഏല്‍പ്പിച്ച കടുത്ത ദുഃഖത്തില്‍ ജീവിതം തുടങ്ങിയ കുഞ്ഞന്‍ മാഷ് വിശ്രമ ജീവിതം നയിക്കുമ്പോള്‍ പൂര്‍ണ സന്തോഷവാനും ആരോഗ്യവാനുമാണ്. പോളിയോ ശരീരത്തെ തളര്‍ത്തിയെങ്കിലും തിരിച്ചടികള്‍ ഒരിക്കലും കുഞ്ഞനെ തളര്‍ത്തിയില്ല. ആദ്യം ജോലിയില്‍ പ്രവേശിക്കുന്ന സ്‌കൂളില്‍ ഏറിയ കൂറും സഹപ്രവര്‍ത്തകര്‍ ദലിതരായിരുന്നു. രണ്ടാമത്തെ സ്‌കൂളിലെ സ്ഥിതി നേരേ മറിച്ചായിരുന്നു. എല്ലായിടത്തും കുഞ്ഞന്‍ മാഷ് ഒരേപോലെ സ്വീകരിക്കപ്പെട്ടു. നന്നായി പാടാനും മനോഹരമായി എഴുതാനും വരക്കാനും കഴിവുള്ള കുഞ്ഞന്‍ എല്ലായിടത്തും ജാതിക്കും വൈകല്യങ്ങള്‍ക്കും അതീതമായി സ്വീകരിക്കപ്പെട്ടു. കാഴ്ചയില്‍ത്തന്നെ കാലുവയ്യാത്തൊരാള്‍ക്ക് കിട്ടിയിരുന്ന സഹതാപം കൊണ്ടാണ് തന്റെ ജാതിയിലെ പതിതത്വം ശ്രദ്ധിക്കാതെ പോയതെന്ന് കുഞ്ഞന്‍ മാഷ് ഓര്‍ക്കുന്നു. ആ അര്‍ത്ഥത്തില്‍ വിലയിരുത്തുമ്പോള്‍, മറ്റു ദലിതരെ അപേക്ഷിച്ച് തനിക്കുകിട്ടയ സ്വീകര്യത തന്റെ വൈകല്യത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നുകൂടി മാഷ് ചിന്തിക്കുന്നു. ഇത് ദലിതന് നീക്കിവെച്ചിട്ടുള്ള പൊതു അവജ്ഞയില്‍ നിന്ന് കുഞ്ഞന്‍ മാഷിനെ ഒഴിവാക്കി നിര്‍ത്തി. 'കഴിവാ'ണ് ജന്മപശ്ചാത്തലമല്ല പരിഗണിക്കേണ്ടത് എന്ന വസ്തുതക്ക് കുഞ്ഞന്‍ മാഷിന്റെ കാര്യത്തില്‍ സമ്മതിയുണ്ട്. എന്നാല്‍ കുഞ്ഞന്‍ മാഷിന്റെ വംശം കഴിവുണ്ടായിട്ടും 'ജന്മദോഷം' ചുമത്തി അകറ്റി നിര്‍ത്തപ്പെടുന്നവരുടേതാണ്.

വിരസമായ വേളകള്‍ ഇപ്പോഴും കുഞ്ഞന്‍ മാഷിന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടില്ല. കാലികമായ നെറികേടുകളോട് തന്റെ ഇടത്തിരുന്നുകൊണ്ടാണെങ്കിലും പ്രതികരിച്ചുകൊണ്ട് മാഷ് സജീവമാവുകയാണ്.