"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 21, ബുധനാഴ്‌ച

'ശംഖധ്വനി'യില്‍ മുഴങ്ങുന്നത് - എലിക്കുളം ജയകുമാര്‍


സമയബന്ധിതമായി അവതരിപ്പിക്കപ്പെടുന്ന ദൃശ്യവും ശ്രവ്യവുമായ കലാരൂപമാണ് നാടകം. കാഴ്ചക്കാരന്റെ മനസ്സിലേക്ക് വ്യക്തികള്‍ കഥാപാത്രങ്ങളായി പരിണമിക്കുന്ന, അഭിനയത്തി കവോടെയും സംഭാഷണത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയില്‍ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന ഈ കലാരൂപം ഏതു തരക്കാര്‍ക്കും ആസ്വാദ്യ ജനകമാണ്. ഗഗനമായി ചിന്തിക്കുന്നവര്‍ക്ക് കേള്‍വിയിലൂടെയും അല്ലാത്തവര്‍ക്ക് കാഴ്ചയിലൂടെയും (അഭിനയം) ആശയങ്ങളുമായി പൊരുത്തരപ്പെട്ടു പോകാനാവും. സമൂഹത്തില്‍ നിന്നും എഴുത്തുകാരന്‍ കണ്ടെടുക്കുന്ന ജീവിതത്തിന്റെ സ്ഥലകാലാധിഷ്ഠിത മായ പ്രത്യക്ഷീകരണമാണിതെന്നു ചുരുക്കം.

സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് കുഞ്ഞുക്കുട്ടി കൊഴുവനാലിന്റെ ശംഖധ്യനി എന്ന നാടകം. 20 ആം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ ദലിതനുഭവങ്ങള്‍ നാടകത്തിനു വിഷയമായിട്ടുണ്ട്. മറ്റൊരു കലാരൂപമായി കാക്കാരിശ്ശി നാടകം അയ്യന്‍കാളിയുടെ കാലം മുതല്‍ അരങ്ങേറി വരുന്നു. എന്നാല്‍ ദലിത് ക്രിസ്ത്യന്‍ വിഷയ പരാമര്‍ശിത നാടകങ്ങള്‍ അധികമുണ്ടായിട്ടില്ല എന്നത് അവിതര്‍ക്കിതമായ ഒരു വസ്തുതയാണ്. അതിനു കാരണം ദലിത് ക്രിസ്ത്യന്‍ വിഭാഗം ഇന്നും ഒരു സമുദായമെന്ന നിലയില്‍ സ്വന്തം അസ്ത്വിത്വം കണ്ടെത്തിയിട്ടില്ല എന്നുള്ളതുതന്നെ. വിശാലമായ ക്രൈസ്തവ സഭയിലെ പാര്‍ശ്വവത്കൃത സ്വത്വ പുനര്‍നിര്‍മ്മിതിയിലാണ് ഇന്ന് ദലിത് ക്രൈസ്തവ വിഭാഗങ്ങള്‍. ഈ ആശയത്തെ മുന്‍നിര്‍ത്തി സ്വത്വാധിഷ്ഠിത പുനരേകീകരണത്തിനാണ് ശംഖധ്വനിയിലൂടെ കുഞ്ഞുകുട്ടി കൊഴുവനാല്‍ സമുദായത്തോടും പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്യുന്നത്.

സ്ത്രീ എന്ന നിലയിലും കീഴാള വിഭാഗം എന്ന നിലയിലും ദ്വിമുഖമായ അവഗണന അനുഭവിക്കുന്ന സെലിന്‍ എന്ന ബിരുദധാരിണി പുലയ ക്രിസ്ത്യാനി പെണ്ണിലൂടെയാണ് കഥ വളരുന്നത്. സഭാ തണലില്‍ വര്‍ത്തിക്കുന്ന വര്‍ക്കിച്ചന്‍ മുതലാളിയുടെ ക്രൂരത കണ്ട് മാനസിക രോഗിയായി മാറിയ സെലിന്റെ പിതാവ് നാടകത്തിന്റെ കേന്ദ്രബിന്ദുവാണ്. വഴിതെറ്റിയ ഇടയനെപ്പോലെ, ആദ്യം തെറ്റദ്ധരിപ്പിക്കപ്പെട്ട വികാരിയച്ചന്റെ മാനസാന്തരം സത്യത്തിലേക്കും യാഥാര്‍ത്ഥ്യങ്ങളിലേക്കും ഒരു മടക്കം ആവശ്യമാണ് എന്ന പ്രേരണ നല്‍കുന്നുണ്ട്. ഫാദര്‍ ടോം യഥാര്‍ത്ഥ ക്രൈസ്തവവീക്ഷണവും മാതൃകാപരമായ ക്രിസ്തുതത്വങ്ങള്‍ സഭയില്‍ പുലരണമെന്നാഗ്രഹിക്കുന്ന ആളുമാണ്. ഇത് എഴുത്തുകാരന്റെ സഭയിലെ പുതുതലമുറയിലുള്ള പ്രതീക്ഷയും പ്രത്യാശയും സൂചിപ്പിക്കുന്നതാണ്.

ചിതറിപ്പോയ സമുദായത്തിന്റെ ഏകീകരണമാണ് ഏറ്റവും അനിവാര്യമെന്ന സൂചന പ്രധാനപ്പെട്ട താണ്. അവസാനം പത്രോസ് പറയുന്നിടത്ത് നാം പൂര്‍ണതയിലെത്തുന്നു. 'പോകൂ മോളേ, ചുമലില്‍ അടിമത്വത്തിന്റെ നുകം ബന്ധിച്ച്, കന്നിനെ പോലെ പണിയെടുപ്പിച്ച് അരാജകത്വത്തിന്റെ അഗാധതയിലേക്കു താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ സന്തതിയാണു നീ'. ഇവിടെ യഥാര്‍ത്ഥ കീഴാളബോധം പകര്‍ന്ന സംഘടിത ശക്തിയായി മാറുന്നതിനെ കുറിച്ചും സാമൂഹിക നീതിയും സഭാ നീതിയും രണ്ടാണ് എന്ന ഒരു തിരിച്ചറിവ് ജനത്തിന് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. സാമൂഹിക നീതിയും സഭാ നീതിയും ഒന്നാകുന്നിടത്ത് മാത്രമേ യഥാര്‍ത്ഥ ക്രൈസ്തവ ദര്‍ശനം സാധ്യമാകൂ എന്ന് വ്യംഗ്യേന ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് കുഞ്ഞുകുട്ടി കൊഴുവനാല്‍.

സംഭാഷണപ്രധാനമായ നാടകത്തില്‍ ശക്തമായ പ്രതിഷേധത്തിന്റെ മുള്‍മുനകള്‍ നെഞ്ചില്‍ തറക്കും വിധം ക്രമീകരിച്ചിരിച്ചിരിക്കുന്നു. പ്രശ്‌നാധിഷ്ഠിത - സംഘട്ടന - ഘട്ടം കടന്ന് മാനവീകരണ മെന്ന വിദൂര സ്വപ്‌നത്തിലേക്ക് എത്തിച്ചേരാന്‍ ഇനിയും ദലിത് ക്രൈസ്തവര്‍ സ്വത്വാധിഷ്ഠിതമായി ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ നാടകം കുഞ്ഞുകുട്ടി കൊഴുവനാലിന്റെ ശക്തമായ രചനയാണ്. വാദപ്രതിവാദങ്ങളിലൂടെ പുതിയ ആശയ തലങ്ങള്‍ രൂപപ്പെടാന്‍ പര്യാപ്തവുമാണ്. കുഞ്ഞുകുട്ടി കൊഴുവനാലിന് ആശംസകളോടെ.....