"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 22, വ്യാഴാഴ്‌ച

അനിവാര്യമായ സ്വാതന്ത്ര്യ സമരത്തിന്തയ്യാറാവുക - എ. ശശീധരന്‍


ഒന്നാം ലക്കത്തിന്റെ തുടര്‍ച്ച....

എന്നാല്‍ ജാതിസംബന്ധമായി അവസരസമത്വം നിഷേധിച്ചിരിക്കുകയാ ണെന്നു കാണാം. പൊതുതെരഞ്ഞെടുപ്പുകളുടെ കാര്യം തന്നെ എടുക്കുക. റിസര്‍വ് ചെയ്തിട്ടുളള സീററുകളില്ലാതെ പട്ടികജാതി-വര്‍ഗ്ഗ ജനതയ്ക്ക് മത്സരിക്കാനിടം കൊടുക്കില്ല. മററു ജാതിക്കാരുടെ കാര്യത്തിലാണെങ്കില്‍ ഇടതുപക്ഷത്തുനിന്നും വലതുപക്ഷത്തുനിന്നും മത്സരിച്ചു ജയിച്ചു വരുന്നവര്‍ അവരുടെ ജനസംഖ്യാനുപാതത്തിലധികമാണ്. അവര്‍ അവരുടെ സാമുദായിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഇനി സര്‍ക്കാരുദ്ദോഗസ്ഥരുടെ കാര്യമെടുത്താലും റിസര്‍വേഷന്‍ 8% പോലും തികഞ്ഞിട്ടില്ല. താഴെത്തട്ടിലുളള പ്യൂണ്‍ പോലുളള തസ്തികകളിലാണധികവും ഇവര്‍ നിയമിക്കപ്പെടുന്നത്. തീരുമാനങ്ങള്‍ എടുക്കുന്ന തസ്തികകളില്‍ ഇവരുടെ പ്രാതിനിധ്യം തീരെയില്ല. സെന്‍ട്രല്‍ സെക്രട്ടറിയേററില്‍ നൂറിലേറെ സെക്രട്ടറിമാരുളളതില്‍ ഒരാള്‍ പോലും ഈ സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല. ന്യായമായും 30 ലേറെ പോസ്‌ററുകള്‍ക്കര്‍ഹതയുണ്ട്. സംസ്ഥാന സെക്രട്ടിറിയേറ്റിലും ഇതു തന്നെയാണു സ്ഥിതി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഭരണഘടനയിലെ അനുഛേദം 15(4)ഉം 15(5)ഉം 16(4)(എ)യും എഴുതിച്ചേര്‍ത്തിട്ടുളളത്. 16(4) അനുസരിച്ച് കേന്ദ്രത്തിന്റെയോ സംസ്ഥാനങ്ങളുടെയോ തസ്തികകളില്‍ ജനസംഖ്യാനുപാതികമായ സംവരണം നടത്തണം. 16(4)എ അനുസരിച്ച് എല്ലാതലങ്ങളിലും മതിയായ സംവരണം ലഭിക്കാത്തതിനാല്‍ പ്രമോഷനിലും സംവരണം നടത്തണം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാറില്ല. കേരളത്തില്‍ 16(4)(എ) അനുസരിച്ചുളള സംവരണം നടപ്പിലാക്കിയിട്ടില്ല. നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ ചിലതില്‍ (ഉദാ: രാജസ്ഥാന്‍, യു.പി.) ഹൈക്കോടതിതടയുകയും സുപ്രീംകോടതി ശരി വെക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോടതി വിധി മറികടക്കുന്നതിന് പാര്‍ലമെന്റില്‍ ബില്ലവതരിപ്പിച്ചെങ്കിലും അതു പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഇത് പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിന്റെ ഉന്നമനത്തിനായി ട്ടുളളതാണ്. 123 എം.പിമാര്‍ ഈ സമൂഹത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലുണ്ടെങ്കിലും അവര്‍ രാഷ്ട്രീയ യജമാനന്‍മാരുടെ ആജ്ഞാനുവര്‍ത്തികള്‍മാത്രമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ അതു പാസ്സാകുമായിരുന്നു.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ സബ്‌സിടികളും മററു ടാക്‌സ് ഇളവുകളും ഇന്‍ഫ്രാസ്ട്രച്ചര്‍ ഗ്രാന്റുകളും മററും നേടി നടത്തുന്ന സ്വകാര്യ വ്യവസായങ്ങളിലും ന്യായമായും സംവരണം പാലിക്കേണ്ടത്അനിവാര്യമാണെന്ന് തത്വത്തില്‍ എല്ലാവരും അംഗീകരിച്ചിട്ടുണ്ടെങ്കിലും അതും നടപ്പിലാക്കുന്നില്ല. 

എയ്ഡഡ് കോളേജ് മേഖലയില്‍ സംവരണം നടപ്പിലാക്കുന്നതിനുവേണ്ടി കൂടിയാണ് യു.ജി.സി. ഗ്രാന്റു നല്‍കുന്നത്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഗ്രാന്റ്, ശബളപരിഷ്‌ക്കരണത്തിലെ അധിക തുക എന്നിവ യു.ജി.സി. നല്‍കുന്നു. കെട്ടിടം വയ്ക്കാന്‍ സ്ഥലം സര്‍ക്കാര്‍ നല്‍കുന്നു. ലൈബ്രറി ഗ്രാന്റ്, ലബോറട്ടറി ഗ്രാന്റ് എന്നിവയും മററാവശ്യങ്ങള്‍ക്കുളള തുകയും മുഴുവന്‍ ജീവനക്കരുടെയും ശബളവും സര്‍ക്കാര്‍ നല്‍കുന്നു. ന്യായമായും ഭരണഘടനാപരമായി പട്ടികജാതി-വര്‍ഗ്ഗ ജനതയ്ക്കു ലഭിക്കേണ്ടുന്ന തസ്തികകള്‍ മററു സമുദായങ്ങള്‍ക്കായി ചോര്‍ത്തിക്കൊടുത്തുകൊണ്ടിരിക്കുന്നു. ശബളം മാത്രമല്ല റിട്ടയര്‍ ചെയ്യുന്നതോടെ ലഭിക്കുന്ന പെന്‍ഷനും പട്ടികജാതി-വര്‍ഗ്ഗ ജനതകള്‍ക്കര്‍ഹതപ്പെട്ടത് മററു ജാതിക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇതു തന്നെ സ്‌കൂളിലും സംഭവിക്കുന്നു. ഈ പിടിച്ചുപറി നിര്‍ബാധം തുടരുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിലാണിതു നടക്കുന്നത്.


കേരള എഡ്യൂക്കേഷന്‍ റൂള്‍ വകുപ്പ് 11 പ്രകാരം എയ്ഡഡ് മേഖലയിലെ നിയമനങ്ങളെല്ലാം പി.എസ്.സിക്കു വിടണമായിരുന്നു. വിദ്യാഭ്യാസ ബില്ലിനെതിരെ പ്രൈവററ് സ്‌കൂള്‍ മാനേജ്‌മെന്റ് സുപ്രീംകോടതി വരെ പോയെങ്കിലും അതിലെ 11-ാം വകുപ്പുള്‍പ്പെടെ പ്രധാന വകുപ്പുകള്‍ തളളിക്കളയുവാന്‍ സുപ്രീംകോടതി തയ്യാറായില്ല. 1960 മെയ് 30ന് എറണാകുളത്ത് ചേര്‍ന്ന കെ.പി.സി.സി. യോഗം ഈ വകുപ്പു നിര്‍ത്തിവയ്ക്കുന്നതിന് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. അന്നു തന്നെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് ആ വകുപ്പ് നിര്‍ത്തി വച്ചു. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന്റെ ഉപജീവനത്തിനും തദ്വാര ഉണ്ടാകുമായിരുന്ന സാമ്പത്തിക സാമൂഹ്യ സാംസ്‌ക്കാരിക ഉന്നമനത്തിനും തടയിടുകയായിരുന്നു ആ ഓര്‍ഡിനന്‍സിലൂടെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ശീ. പട്ടം താണുപിളള ചെയ്തത്. ലഭ്യമായ കണക്കുകള്‍ ഇപ്രകാരമാണ്.

ഇത് അദ്ധ്യാപക തസ്തികകളുടെ മാത്രം കാര്യമാണ്. ഈ കണക്കനുസരിച്ച് കോളേജുകളില്‍ നഷ്ടപ്പെട്ടത് 719 അദ്ധ്യാപക തസ്തികകളും സ്‌ക്കൂളുകളില്‍ 11514 തസ്തികകളുമാണ്. പ്രൈവററ് സ്‌ക്കൂളുകളില്‍ പട്ടികജാതി-വര്‍ഗ്ഗത്തില്‍പ്പെട്ട 447 പേര്‍ അദ്ധ്യാപകരായി ജോലിചെയ്യുന്നുണ്ടെങ്കിലും അതൊന്നും റിസര്‍വേഷനിലൂടെ നേടിയതല്ല. വാദത്തിനുവേണ്ടി 447 പേരുടെപ്രാതിനിധ്യം അംഗീകരിച്ചാല്‍ പോലും 11067 തസ്തികകള്‍ സ്‌ക്കൂളിലും 719 തസ്തികകള്‍ കോളേജുകകളിലും ഭരണഘടനാപരമായി പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിനു ലഭിക്കേണ്ടതുണ്ട്. അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളില്‍ ലഭിക്കേണ്ടതായ തസ്തികകകള്‍ ഈ പരിഷ്‌കൃത സമൂഹം എന്നവകാശപ്പെടുന്നവര്‍ പിടിച്ചുപറിക്കുകയാണ്. ഇതു മൂലം നഷ്ടം പ്രതിവര്‍ഷം 130 കോടിയോളം രൂപയാണ്. പെന്‍ഷന്‍ ഇനത്തില്‍ വേറെയും. ഇതൊന്നും മാനേജുമെന്റ് ചെലവില്‍ നിയമിക്കപ്പെടുന്ന തസ്‌കകളല്ല. ശബളം കൊടുക്കുന്നത് സര്‍ക്കാരാണ്. ഒരു സര്‍ക്കാരുദേഗസ്ഥന്‍ 100 രൂപ കൈക്കൂലി വാങ്ങിച്ചാല്‍ ജാഗരൂഗരാകുന്ന മാദ്ധ്യമങ്ങളും വിജിലന്‍സ് അധികാരികളും എല്ലാം സ്‌ക്കൂള്‍, കോളേജ് മാനേജുമെന്റുകള്‍ ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനം നടത്തുന്നതിനെയും കണ്ടില്ലെന്നു നടിക്കുന്നു. യാതൊരു ഭാഗത്തുനിന്നും ഒരെതിര്‍പ്പുമില്ല. എങ്കിലും ഇത് വരാനിരിക്കുന്ന കൊടുങ്കാററിനുളള ശാന്തതമാത്രമാണ്. 

തുടരും.......