"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 22, വ്യാഴാഴ്‌ച

ശബ്ദിക്കുന്ന ശില - കാവില്‍ രാജ്


കാവില്‍രാജ്
(അധഃസ്ഥിതരായ സഹോദരിമാര്‍ ഒരു ദിവസം ജോലികഴിഞ്ഞു 
മടങ്ങുമ്പോള്‍ കാമഭ്രാന്തര്‍ ആക്രമിച്ച കഥയാണ് കര്‍ണ്ണാടകത്തിലെ തങ്കച്ചിക്കല്ല് നമ്മോടു പറയുന്നത്. ഹംപിദേവിയെ പ്രാര്‍ത്ഥിച്ചപ്പോള്‍ ശിലയായി മാറുവാനുള്ള വരം നല്‍കിയെന്നാണ് ഐതിഹ്യം. കേരളത്തില്‍ മണ്ണാത്തിപ്പാറ,വേലത്തിക്കല്ല് എന്നീ പേരുകളില്‍ കണ്ടുവരുന്ന ശിലാരൂപങ്ങളും ഈ ഐതിഹ്യത്തെയാണ് സൂചിപ്പിക്കുന്നത്. ജീവന്‍ കൊടുത്താലും മാനം കെടുത്തില്ലായെന്നതിനുള്ള ഉറച്ച തീരുമാനമാണ് അധഃസ്ഥിത വനിതകളുടെ ഇച്ഛാശക്തി. ഇവിടെ അധഃസ്ഥിതയായ ഒരു കന്യക സൂര്യദേവനെ പ്രാര്‍ത്ഥിച്ച് വരം നേടി സ്വന്തം മാനം രക്ഷിച്ചെങ്കിലും ശിലയായ് തീര്‍ന്നവള്‍ ഇന്നും ശബ്ദിക്കുന്നു)

കന്യകഃ
ജീവിക്കാന്‍, അഴുക്കേറും 
വസ്ത്രങ്ങള്‍ വെളുപ്പിക്കാന്‍
നോവേറ്റും വേല ചെയ്യാന്‍,
സവര്‍ണ്ണര്‍ ദാസ്യയാക്കി
ആവിയില്‍ പുഴുങ്ങുന്ന
ഭാണ്ഡവും ചുമന്നെത്തും
ജീവിതം, സമ്മാനിച്ചും
ഭൂമിയില്‍ ഭൃഷ്ടയാക്കി.
നേരംപോയ് തുണിക്കെട്ടും
താങ്ങിയെന്‍ വീട്ടിലെത്താന്‍
ദൂരവും കുറെയേറേ-
യുണ്ടല്ലോ സൂര്യദേവാ.
കല്ലിന്മേല്‍ ചേലചുറ്റി-
ക്കണ്ടാലും പൊക്കിനോക്കി
കൊല്ലുന്ന കാമഭ്രാന്തര്‍
കറങ്ങും കാലമല്ലോ. 
കാമാഗ്നി ജ്വലിക്കുന്ന
കണ്ണുകള്‍ ചുവപ്പിച്ചും
സാമൂഹ്യ വിരുദ്ധന്മാര്‍
ചുറ്റിലും വന്നെത്തുന്നു.
താമസം കൂടാതെന്നില്‍
കാരുണ്യം നിറയ്ക്കില്ലേ
കാമത്തിന്‍ കിങ്കരന്മാര്‍
കശക്കും മുമ്പേ തന്നെ.
അല്ലലിന്‍ ഇരുട്ടേറെ-
യെന്നെയും കവര്‍ന്നല്ലോ
കല്ലാക്കി രൂപം മാറ്റാന്‍
മന്ത്രമൊന്നേകു ദേവാ.
സൂര്യദേവന്‍ഃ
ജാതിയില്‍ രജകസ്ത്രീ,
നിന്നുടെ കര്‍മ്മത്തിന്റെ
പാതയില്‍ വിശുദ്ധ നീ
നല്‍വരം നല്‍കുന്നു ഞാന്‍.
ഭീതിയാല്‍ കിതക്കേണ്ട
ധീരയായ് നടന്നോളൂ
വീഥിയില്‍ നിനക്കാരും
വിഘ്‌നങ്ങള്‍ വരുത്തില്ല.
ആത്മരക്ഷയ്ക്കായ് മാത്രം
ഈ വരം പ്രയോഗിക്കു
നീയുടന്‍ കല്ലായ് മാറും
മോക്ഷവും ലഭിച്ചീടും.
ചാരിത്ര ശുദ്ധിയില്‍ നീ-
യാരെയും വെല്ലുന്നവള്‍
ഭാവിയില്‍ ചരിത്രത്തില്‍
നാഴികക്കല്ലായ്മാറും.
നീ തൊട്ടാലശുദ്ധരും
ശുദ്ധരായ് ഭവിച്ചീടും
നീ മാറ്റു കൊടുത്തെന്നാല്‍
മാളോരു വാങ്ങിച്ചിടും
ഭൃഷ്ടയല്ലെന്നോര്‍ക്കുക,
രാഷ്ട്രനിര്‍മ്മിതിക്കായി
സത്വരം, സംഘശക്തി
വളര്‍ത്താന്‍, സംഘടിക്കു.
ശിലാരൂപംഃ 
പെണ്ണൊച്ച കേള്‍ക്കുന്നില്ലേ?
ത്രൈലോക്യ തമ്പുരാനേ
പെണ്ണുടല്‍ രക്ഷയ്ക്കായി
പ്രത്യക്ഷപ്പെടില്ലേ, നീ
പെണ്ണിനെ നശിപ്പിക്കും
സവര്‍ണ്ണ മേധാവിത്തം
മണ്ണിതിലൊടുക്കാനായ,്
ആയുധമെടുക്കില്ലേ? 
ഇല്ലെങ്കില്‍ ഞങ്ങള്‍തന്നെ
സംഘത്താല്‍ ശക്തിനേടും
അല്ലലും, ഇല്ലായ്മയും,
എന്നേയ്ക്കായ് മറന്നേക്കും
കൊല്ലുവാന്‍ ഞങ്ങള്‍ക്കിഷ്ട-
മില്ലേലും,പറഞ്ഞേക്കാം
ഇല്ലില്ല, സഹിക്കില്ല!
ആയുധം ഞങ്ങളേന്തും.
------------
മാറ്റ്- സവര്‍ണ്ണക്ക് ശുദ്ധമാവാന്‍ 
സ്വീകരിക്കുന്ന വെളുത്ത വസ്ത്രം.
പെണ്ണൊച്ച- ബലാല്‍സംഗം ചെയ്യപ്പെട്ട
സ്ത്രീശബ്ദം.