"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 22, വ്യാഴാഴ്‌ച

അഭിമുഖം: പുതിയകാലം പുതിയ വെല്ലുവിളികള്‍ - സി.കെ. ജാനു/ ആര്‍. സുനില്‍


സി.കെ. ജാനു
നാല്‍പ്പത്തിയെട്ടു ദിവസം നീണ്ടുനിന്ന കുടില്‍കെട്ടി സമരം കഴിഞ്ഞിട്ട് ഒരു വ്യാഴവട്ടക്കാലം പിന്നിട്ടു കഴിഞ്ഞു. പിറന്ന മണ്ണില്‍ അതിജീവനത്തി നുളള അവകാശത്തിനായി ഇപ്പോഴും പോരാടുകയാണ് ആദിവാസി ജനത. ആ പുതിയകാലത്തെ പുതിയ വെല്ലുവിളികളെ കുറിച്ച്

പിറന്ന മണ്ണില്‍ ജീനിക്കാനാവാതെ പട്ടിണി മരണത്തിലേക്ക് ആദിവാസികള്‍ എടുത്തെറിയപ്പെട്ട പശ്ചാത്തലത്തിലാണ് സെക്രട്ടറിയേറ്റിന്റെ മുന്നില്‍ 2001-ല്‍ കുടില്‍ കെട്ടി സമരം നടത്തിയത്. പനവല്ലിയില്‍ നിന്ന് മലബാര്‍ എക്‌സ്പ്രസ്സില്‍ ടിക്കറ്റെടുക്കാന്‍ കാശില്ലാതെ തിരുവനന്തപുരത്തേക്ക് തീവണ്ടി കയറിയ നൂറ്റിയമ്പതോളം ആദിവാസികളായിരുന്നു സമരത്തിന്റെ ശക്തി. ഇവരെ കണ്ട് ടിക്കറ്റ് പരിശോധകന്‍ പോലും അന്തിച്ചു നിന്നു. അന്ന് ഗീതാനന്തന്‍ ടി.ടി.യോട് ചോദിച്ചത് അഭയാര്‍ത്ഥികള്‍ക്ക് എന്തിന് ടിക്കറ്റെന്നായിരുന്നു. 

ഊരുകളിലെ പട്ടിണി സഹിക്കാനാവാതെ കൈക്കുഞ്ഞുങ്ങളെയും തോളിലേറ്റി അമ്മമാര്‍ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നീങ്ങി. അവര്‍ക്ക് സെക്രട്ടറിയേറ്റ് ഒരല്‍ഭുത ലോകമായിരുന്നു. 48 ദിവസം നീണ്ടു നിന്ന സമരം വിജയിച്ചു. സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമിയും പാര്‍പ്പിടവും പുനരധിവാസവും ഉറപ്പുനല്‍കി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആദിവാസി മിഷന് രൂപം നല്‍കി. അവര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നം തത്ത്വത്തില്‍ അംഗീകരിച്ചു.

എന്നാല്‍, ഈ വിജയത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ അട്ടിമറിച്ചു. ആദിവാസി ഇപ്പോഴും ഭൂരഹിതരായി പട്ടിണി മരണത്തെ നേരിടുന്നു. അവര്‍ക്ക് മുമ്പില്‍ സമരമല്ലാതെ മറ്റ് വഴിയില്ല. അതുകൊണ്ടാണ് ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനു വീണ്ടും സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയത്. പുതിയകാലത്തെ പുതിയ വെല്ലുവിളികളെ കുറിച്ച് സി.കെ.ജാനു സംസാരിക്കുന്നു.

എന്തുകൊണ്ടാണ് വീണ്ടുമൊരു പ്രക്ഷോഭത്തിന് തയ്യാറായത്? 2001-ലെ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പഴായോ?
കുടില്‍കെട്ടി സമരത്തിനുശേഷമാണ് ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. അതനുസരിച്ച് ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുന്ന കുറെ ഭൂമിയും കണ്ടെത്തി. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ ആദിവാസികള്‍ക്കായി മാറ്റിവെച്ച ഭൂമിയില്‍ അനധികൃതമായി കൈയ്യേറ്റം നടത്തുന്നുവെന്നതാണ് പുതിയകാലത്തെ വെല്ലു വിളി. കുടില്‍ കെട്ടി സമരത്തെ തുടര്‍ന്ന് ആദിവാസി പുനരധിവാസ ത്തിനായി എവിടെയെല്ലാം ഭൂമി മാറ്റിവെച്ചോ അവിടെയെല്ലാം സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആദിവാസികള്‍ക്ക് പ്രക്ഷോഭമല്ലാതെ മറ്റു വഴിയില്ല. ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ സുപ്രീംകോടതിയും കേന്ദ്രപരിസ്ഥിതി മന്ത്രാലയവും അനുമതി നല്‍കിയ ഭൂമിപോലും വിട്ടുകൊടുത്തിട്ടുപോലുമില്ല. സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിയ വാക്കുപാലിക്കണമെന്നാണ് ഇപ്പോഴത്തെ സമരത്തിന്റെ ആവശ്യം. ഇത് ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

ഭൂമികയ്യേറ്റവും പൈനാപ്പിള്‍ കൃഷിയും

പുനരധിവാസ മേഖലയായ ആറളം ഫാമില്‍ സര്‍ക്കാര്‍ വിലക്കുവാങ്ങിയ ഭൂമിയില്‍ പകുതി ആദിവാസികള്‍ക്ക് വിതരണവും ചെയ്തല്ലോ?
ഏഷ്യയിലെ ഏറ്റവും മികച്ച ആദിവാസി പുനരധിവാസ കേന്ദ്രം എന്നായിരുന്നു സര്‍ക്കാര്‍ ആറളത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഇത് സമ്പൂര്‍മായി തകര്‍ത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. 3000-ത്തിലധികം കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയെങ്കിലും അവര്‍ക്ക് ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഉണ്ടായില്ല. ആദിവാസികള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. വന്യജീവി സങ്കേതവും ഫാമും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നിടത്ത് വനംവകുപ്പ് നേരെത്തെ വൈദ്യുതി വേലികെട്ടിയിരുന്നു. എന്നാല്‍, ആദിവാസികളെ പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് തുരത്താന്‍ ആദ്യം ചെയ്തത് വൈദ്യുതി വേലി മുറിക്കുകയാണ്. ഇതോടെ ആനയടക്കം വന്യമൃഗങ്ങള്‍ പുനരധിവാസ മേഖലയിലിറങ്ങി. ആദിവാസികളുടെ ജീവന് കടുത്ത ഭീഷണി ഉയര്‍ത്തി. 

പുനരധിവാസ മേഖലയിലെ മാധവി എന്ന സ്ത്രീയെ ആന ചവിട്ടിക്കൊന്നു. മാധവി ആദിവാസി അല്ലായിരുന്നെങ്കില്‍ വനംവകുപ്പ് ഓഫീസും കാടും കത്തിക്കുമായിരുന്നില്ലേ? വനംവകുപ്പ് പിറ്റെദിവസം വൈദ്യുത വേലി നിര്‍മ്മിക്കുമെന്ന് ഉറപ്പു നല്‍കില്ലേ? ആദിവാസികള്‍ക്ക് നഷ്ടപരിഹാരം പോലും സര്‍ക്കാര്‍ നല്‍കിയില്ല. അവരുടെ ജീവന് പുല്ലുവിലയെന്നാണ് സര്‍ക്കാരിന്റെ മനോഭാവം. പട്ടികവര്‍ഗ്ഗ വകുപ്പ് ഇവിടെ നോക്കുകുത്തിയാവുകയാണ്. 

ഫാമില്‍ നടക്കുന്ന പൈനാപ്പിള്‍ കൃഷിയാണല്ലോ പ്രധാന പ്രശ്‌നം. ഇതില്‍ മന്ത്രിയും പട്ടിക വര്‍ഗ്ഗ വകുപ്പും എന്തു നിലപാടാണ് സ്വീകരിക്കുന്നത്?
ട്രൈബല്‍ വികസന ഫണ്ട് (ടി.എസ്.പി) ഉപയോഗിച്ച് വാങ്ങിയ ഭൂമിയില്‍ 3000 ഏക്കര്‍ (പകുതി ഭൂമി) കമ്പനിയായി നിലനിര്‍ത്തുന്നതിന് ആദിവാസി സംഘടനകള്‍ എതിര്‍ത്തിരുന്നു. അന്നും ഇന്നും സര്‍ക്കാര്‍ പറയുന്നത് പുനരധിവാസ മേഖലയിലെ കുടുംബങ്ങളുടെ മുഖ്യ സേവന ദാതാവാണ് ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ എന്നാണ്. ആദിവാസികളുടെ ക്ഷേമമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മന്ത്രി പി.കെ.ജയലക്ഷ്മിയും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവിടെ സംഭവിച്ചത് എന്താണ്. 2000 ഏക്കറോളം ഭൂമിയില്‍ സ്വാകാര്യ വ്യക്തികള്‍ പൈനാപ്പിള്‍ കൃഷി നടത്തുന്നു. പാട്ടം (പുറം കരാര്‍) നല്‍കിയതാകട്ടെ ഏതാണ്ട് 250 ഏക്കറിനുമാത്രം. ഭൂമി കമ്പനിയുടെ സ്വകാര്യ സ്വത്തല്ല. ആദിവാസികളുടേതാണ്. എന്നിട്ടും പൈനാപ്പിള്‍ കൃഷി നടത്താന്‍ കമ്പനി തീരുമാനമെടുത്തുവെന്നാണ് മന്ത്രി പറയുന്നത്. ഇതില്‍ നിന്ന് സര്‍ക്കാര്‍ ഒത്താശയോടെയാണ് കൃഷി നടത്തുന്നതെന്ന് വ്യക്തം. പൈനാപ്പിള്‍ പഴുത്ത മണം കാട്ടില്‍ പരന്നതോടെ ആനക്കൂട്ടം ഇപ്പോള്‍ ഫാമില്‍ തമ്പടിച്ചിരിക്കുകയാണ്. വനം വകുപ്പും കൃഷി അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേ സമയം കമ്പനി അധികൃതര്‍ ഫാമിലെ മൂന്നും നാലും ബ്ലോക്കുകളില്‍ കൂടി മരങ്ങള്‍ വെട്ടി പൈനാപ്പിളിനെ നിലം ഒരുക്കുകയാണ്. കൃഷിക്ക് ഉപയോഗിക്കുന്ന വീര്യം കൂടിയ കീടനാശിനിയും ഹോര്‍മോണുകളും ആദിവാസികളുടെ ജീവന് ഭീഷണിയാണ് എന്ന കാര്യത്തിലും സംശയമില്ല. ഇവിടെ വിളയുന്ന പൈനാപ്പിളുകള്‍ ആദിവാസി ക്ഷേമത്തിനല്ല, ദ്രോഹത്തിനാണ്. ഇത് പൂര്‍ണ്ണമായി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. 

ആറളത്ത് ഇനി എന്ത് ചെയ്യണം?
പുനരധിവാസ പ്രവര്‍ത്തനത്തില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുളളത്. ഭവനനിര്‍മ്മാണ പദ്ധതി പാതിവഴിയിലാണ്. ആദ്യം നിര്‍മ്മിതി കേന്ദ്രം വീടുകള്‍ പണിത് ആദിവാസികളെ പറ്റിച്ചു. അതിനു ശേഷം പല കോണ്‍ട്രാക്ടര്‍മാരെയും ഏല്‍പ്പിച്ചു. ഇവര്‍ക്കെല്ലാം പണം കിട്ടി. ഏന്നാല്‍ സ്വന്തമായി വീട് നിര്‍മ്മാണം ഏറ്റെടുത്ത ആദിവാസികള്‍ക്ക് പണം നല്‍കാന്‍ ടി.ആര്‍.ടി.എം. ഉദ്ദോഗസ്ഥന്‍ തയ്യാറല്ല. ഇയ്യാളുടെ താല്‍പ്പര്യത്തിനനുസരിച്ചാണ് തുക വിതരണം. മാത്രമല്ല, 10000 രൂപ, 20000 നല്‍കിയ ശേഷം 50000 രൂപ നല്‍കിയതായി വ്യാജ രേഖയും ഉണ്ടാക്കുന്നു. ഇത് അവസാനിപ്പിക്കു ന്നതിന് വ്യക്തികള്‍ക്ക് ബാങ്ക് വഴി തുക നേരിട്ട് നല്‍കണം. ഫാമിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ആദിവാസികള്‍ക്ക് പങ്കാളിത്തം ഉണ്ടാകണം. കാര്‍ഷിക മേഖലയുടെ വികസനത്തിന് പദ്ധതി വേണം. കുടിവെളള പദ്ധതികള്‍ എങ്ങുമെത്തിയിട്ടില്ല. ഫാമിങ് കമ്പനിയില്‍ ആദിവാസികള്‍ക്ക് പങ്കാളിത്തം നല്‍കണം. ആറളത്തുളളവരുടെ പങ്കാളിത്തത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. ആരെങ്കിലും തുമ്മിയാല്‍ നിയമ സഭ സ്തംഭിപ്പിക്കുന്ന സംസ്ഥാന മാണ് കേരളം. ആറളത്തെ നിയമ ലംഘനങ്ങള്‍ എന്തുകൊണ്ട് നമ്മുടെ സഭയെ ഇളക്കി മറിക്കുന്നില്ല. പൈനാപ്പിള്‍ കൃഷിയിലെ കരാറുകാര്‍ കോണ്‍ഗ്രസ്സുകാരായിട്ടും ഇടതുപക്ഷം നിശമ്പ്ദത പാലിക്കുന്നതെന്തുകൊണ്ട്. 

നിയമം കയ്യേറ്റക്കാരുടെ വഴിക്ക്
പൂക്കോട് സര്‍വ്വകലാശാല ഭൂമി സംബദ്ധിച്ച വിവാദത്തില്‍ എങ്ങനെ പ്രതികരിക്കുന്നു? വികസനത്തിന് എതിരാണ് ഈ നീക്കമെന്നാണ് വൈസ് ചാന്‍സലര്‍ പറഞ്ഞത്? 
വയനാടിന്റെ വികസനം ആദിവാസികള്‍ തടയുകയില്ല. എന്നാല്‍, ആദിവാസി ഭൂമിയില്‍ മാത്രം സര്‍ക്കാര്‍ വികസന പരിപാടി നടപ്പാക്കുന്നതിന് എതിര്‍ക്കും. വയനാട്ടില്‍ വേറെ എത്രയോ ഭൂമി ലഭ്യമാണ്. അവിടെയെല്ലാം വികസന പ്രവര്‍ത്തനം നടത്തട്ടെ. ഇപ്പോള്‍ വി.സി. നിയമ വിരുദ്ധമായിട്ടാണ് മല ഇടിച്ചു നിരത്തുന്നത്. ഹെലിപ്പാഡും സര്‍വ്വകലാശാല അദ്ധ്യാപകര്‍ക്കുളള സുഖവാസ കേന്ദ്രവും നിര്‍മ്മിക്കാന്‍ അദ്ദേഹം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന വാര്‍ത്ത കണ്ടു. ഈ ഭൂമി ആരുടേതാണ്? ഇത് വനഭൂമിയാണ്. ഇക്കാര്യം വനംമന്ത്രി നിയമസഭയിലും സമ്മതിച്ചു. ഒരു ഹെക്ടറിലധികം വന ഭൂമി വനേതര ആവശ്യത്തിന് ഉപയോഗിക്കണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന കാര്യം വി.സി.ക്ക് അറിയില്ലേ? 

സുപ്രീംകോടതി വ്യക്തമായ വ്യവസ്ഥകളോടെയാണ് സംസ്ഥാനത്താകെ 19000 ഏക്കര്‍ വനഭൂമി ആദിവാസി പുനരധിവാസത്തിന് നല്‍കിയത്. ഇതില്‍ ഉല്‍പ്പെട്ടതാണ് പൂക്കോട് വനഭൂമി. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒരു കടലാസുപോലും വി.സി.യുടെ കയ്യില്‍ ഇല്ല. അദ്ദേഹം പറയുന്നത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചുയെന്നാണ്. സുപ്രീംകോടതിക്കുമേല്‍ അധികാരമുളളവരാണോ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്ദോഗസ്ഥര്‍. ഇവരെടുത്ത തീരുമാനം നിയമ പരമായി നിലനില്‍ക്കില്ല. എല്ലാകാര്യത്തിലും മുഖ്യമന്ത്രി പറയുന്നത് നിയമം നിയമത്തിന്റെ വഴിക്കുപോകു മെന്നാണ്. എന്നാല്‍ ആദിവാസി ഭൂമിയുടെ കാര്യം വരുമ്പോള്‍ നിയമം കയ്യേറ്റക്കാരുടെ വഴിക്കാണ്. ഇക്കാര്യത്തില്‍ ആദിവാസികള്‍ക്ക് നീതി ഒരിക്കലും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ നിയമം നടപ്പാക്കിയാല്‍ വയനാട് ഡി.എഫ്.ഒ. ധനേഷ്‌കുമാറിന്റെ സ്റ്റേഉത്തരവ് സര്‍ക്കാര്‍ അംഗീകരിക്കണ്ടേ? നിയമ ലംഘനം നടത്തിയ വി.സി.ക്കെതിരെ നടപടി സ്വീകരിക്കണം. സാധാരണ നിയമത്തെക്കുറിച്ച് അറിവുളളവരാണ് വൈസ് ചാന്‍സലര്‍മാര്‍. എന്നാല്‍, അശോകന്‍ നടത്തുന്ന പ്രവര്‍ത്തനം കണ്ടാല്‍ അദ്ദേഹം ഏതെങ്കിലും നിര്‍മ്മാണ കമ്പനിയുടെ തലപ്പത്തിരിക്കേണ്ട ആളാണെന്ന് തോന്നും. 

വയനാട്ടിലെ ജനപ്രതിനിധികളെല്ലാം സര്‍വ്വകലാശാലയ്ക്ക് ഒപ്പമാണ്. പരിസ്ഥതി വാദികളുടെ പിന്തുണയും ലഭിക്കുന്നില്ല? 
ആദിവാസി വിഷയത്തില്‍ വയാനാട്ടിലെ രാഷ്ട്രീയക്കാരെല്ലാം അഭിപ്രായ വ്യത്യാസം മറന്ന് ഒറ്റക്കെട്ടാണ്. ഇവരുടെ യെല്ലാം നല്ല ഭക്ഷ്യവിഭവമാണ് ആദിവാസികള്‍. ഇത് നഷ്ടപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ പലയിടത്തും നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയിട്ടുണ്ട്. വനനിയമം ലംഘിച്ച് നെല്ലിയാമ്പതി പാട്ടഭൂമി ഏറ്റെടുക്കണമെന്ന് പരിസ്ഥിതി വാദികളായ എം.എല്‍.എ.മാര്‍ രംഗത്തിറങ്ങി. പരിസ്ഥിതി നിയമം ലംഘിച്ച ആറന്‍മുള വിമാനത്താവളം സ്ഥാപിക്കുന്നതിന് ഇവര്‍ സംഘടിതമായി എതിര്‍ത്തിരുന്നു. എന്നാല്‍ ആദിവാസികള്‍ക്ക് ലഭിച്ച വനഭൂമിയുടെയും പ്രൊജക്ട് ഭൂമിയുടെയും കാര്യം വരുമ്പോള്‍ ഇവരെല്ലാം നിശബ്ദരാവുന്നതിനും പിന്നില്‍ ചില താല്‍പര്യങ്ങളുണ്ട്. വംശപരമായി ആദിവാസികള്‍ വേറിട്ടു നില്‍ക്കുന്നവരാണല്ലോ. സര്‍വ്വകലാശാല വനനിയമം ലംഘിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ആദിവാസികള്‍ ക്കൊപ്പം നില്‍ക്കാന്‍ ഇവരാരും ഉണ്ടാവില്ല. ഭരണഘടനാപരമായ പരിരക്ഷ ലഭിക്കേണ്ടവരാണ് ആദിവാസികള്‍.

മുത്തങ്ങ സമരത്തിനുശേഷം കാര്യമായി ഭൂമികിട്ടാത്ത ജില്ലയാണ് വയനാട്. പ്രൊജക്ട് ഭൂമികള്‍ മാത്രമാണ് ഇവിടെ വിതരണം ചെയ്തിട്ടുളളത്. ബഹുഭൂരിപക്ഷവും ഭൂരഹിതരുമാണ്. എങ്ങിനെയാണ് ഭൂരാഹിത്യം പരിഹരിക്കുക?
മുത്തങ്ങയ്ക്ക് ശേഷമല്ല, മുത്തങ്ങയ്ക്ക് മുമ്പും വയനാട്ടിലെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. പ്രോജക്ട് ഭൂമികള്‍ മാത്രമാണ് സര്‍ക്കാര്‍ ഇവിടെ ആദിവാസികള്‍ക്കായി വിതരണം ചെയ്യ്തത്. ടി.എസ്.പി. ഫണ്ടില്‍ നിന്ന് ഭൂമി വാങ്ങാന്‍ വയനാടിനെ മാത്രമായി 50 കോടി രൂപ മാറ്റി വെച്ചിട്ട് വര്‍ഷങ്ങളായി. സര്‍ക്കാരിനെ ഭൂമി കണ്ടെ ത്താനും നടപ്പാക്കാനും താല്‍പ്പര്യമില്ല. ഇപ്പോള്‍ 25 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെ ഭൂമി വാങ്ങുന്നതിന് ആദിവാസി കുടുംബത്തിന് 10 ലക്ഷം വരെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇത് യഥാര്‍ത്ഥത്തില്‍ പുനരധിവാസ പാക്കേജ് തന്നെ അട്ടിമറിക്കാനാണ്. ഉദ്ദ്യോഗസ്ഥര്‍ വന്‍തോതില്‍ പണം ഉണ്ടാക്കും. ആദിവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്ന് ഉറപ്പാണ്. മാത്രമല്ല, വയനാട്ടിലെ ആദിവാസികളുടെ കൂട്ടായ്മ തകര്‍ത്ത് അവരുടെ ജീവിതത്തെ ശിഥിലമാക്കുകയും ചെയ്യും. 

കുടുംബശ്രീ പ്രവര്‍ത്തനം ആദിവാസി മേഖലയില്‍ ഗുണപരമായ മാറ്റം വരുത്തുന്നുണ്ടോ?
ആദിവാസി മേഖലയിലെ ഊരുകളില്‍ കുടുംബശ്രീ പ്രവര്‍ത്തനം കൊണ്ട് മാറ്റമു ണ്ടാക്കാന്‍ കഴിയില്ല. പോഷകാഹാര വിതരണം അവരെ ഏല്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി. അട്ടപ്പാടിയില്‍ മൂന്നു പഞ്ചായത്തിലും കുടുംബശ്രീ പോഷകാഹാര വിതരണം നടത്തുമ്പോഴാണ് കുട്ടികള്‍ മരിച്ചു വീണത്. ഇവര്‍ വിതരണം ചെയ്തത് കാലിത്തീറ്റയേക്കാള്‍ മോശമായ പോഷകാഹാരമാണെന്ന് ചൂണ്ടിക്കാണിച്ചത് സി.എ.ജി. റിപ്പോര്‍ട്ടാണ്. യഥാര്‍ത്ഥത്തില്‍ ആദിവാസികളോടുളള താല്‍പര്യമല്ല പദ്ധതികള്‍ വഴിവരുന്ന വന്‍തുകയാണ് അവരുടെ ലക്ഷ്യം.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദിവാസി മേഖലയില്‍ നിന്ന് ആളെക്കൂട്ടാനുളള സംവിധാനമാണ് കുടുംബശ്രീ പഞ്ചായത്തില്‍ നിരന്തരം യോഗങ്ങള്‍ ചേരും. ആദിവാസി ഊരുകളില്‍ ഇതുകൊണ്ട് എന്ത് പ്രയോജനം. ഇപ്പോള്‍ പണിയര്‍ക്ക് പഞ്ഞമാസത്തില്‍ ഭക്ഷണം നല്‍കാനുളള പണം കുടുംബശ്രീയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതു വളരെ വിചിത്രമായ കാര്യമാണ്. പണിയര്‍ക്ക് കോളനികളില്‍ ഭക്ഷണം പാകംചെയ്ത് കുടുംബശ്രീക്കാര്‍ നല്‍കും. പണിയര്‍ക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനറിയില്ലെന്നാണ് ഇവരുടെ വിചാരം. ഭക്ഷണം പാകം ചെയ്യുക വഴി നല്ലോരു തുക കുടുംബശ്രീ പ്രവര്‍ത്തകരുടെ കയ്യിലെത്തും. ഇതിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും പണം ലഭിക്കും. ആദിവാസികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കേണ്ട ആവശ്യമില്ല. ഇത് ആദിവാസികള്‍ക്ക് വേണ്ടിയുളള പദ്ധതി ആസൂത്രണമല്ല, മറ്റാര്‍ക്കോ വേണ്ടിയാണ് ഇതെല്ലാം നടപ്പാക്കുന്നത്. 

അട്ടപ്പാടിയില്‍ കോടിക്കണക്കിനുരൂപ സര്‍ക്കാര്‍ ചെലവഴിച്ചിട്ടും ആദിവാസികള്‍ പട്ടിണി മരണത്തെ നേരിടുകയാണല്ലോ? 
അട്ടപ്പാടിയില്‍ വളരെ ഭീകരമായ അവസ്ഥയണുളളത്. അവിടെത്തെ പാരമ്പര്യ ഗോത്ര ജീവിതത്തെ പൂര്‍ണ്ണമായും തകര്‍ത്തു. പണ്ട് ആദിവാസികളുടെ ശക്തമായ കൂട്ടായ്മ ഉണ്ടായിരുന്ന സ്ഥലമാണ്. ഇത് തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് അഹാഡ്‌സ് ആണ്. കന്നുകാലികളും ആടും പരമ്പരാഗത കൃഷിയും ചേര്‍ന്ന ഗോത്ര ജീവിതമായിരുന്നു ആദിവാസികളുടെ കരുത്ത്. അത് ഇല്ലാതാക്കി. 

പാരമ്പര്യ ജീവിതം തകര്‍ക്കാനാണോ അഹാഡ്‌സ് പ്രൊജക്ടുമായി എത്തിയതെന്ന് സംശയിക്കണം. ഉപജീവനമാര്‍ഗ്ഗം ഇല്ലാതായതോടെ ആദിവാസികള്‍ ചിന്നിചിതറി. ജീവിതം മെച്ചപ്പെടുത്തുന്നതിന് ഒരു പദ്ധതിയും അഹാഡ്‌സ് നടപ്പാക്കിയതുമില്ല. അവര്‍ ചെയ്‌തൊരു നല്ലകാര്യം കുറെ വീടുകള്‍ നിര്‍മ്മിച്ചുവെന്നത് മാത്രമാണ്. അഹാഡ്‌സിന്റെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുപോലും ആദിവാസി ഭൂമി കയ്യേറിയാണ്. അവര്‍ അവകാശപ്പെടുന്നത് ഊരുകളില്‍ വികസന സമിതികളുണ്ടാക്കി ആദിവാസികളെ ശാക്തീകരിച്ചുവെന്നാണ്. അങ്ങളെ എന്തെങ്കിലും പ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ഇന്ന് നിസ്സഹായരായി നിന്ന് അവര്‍ നിലവിളിക്കില്ലായിരുന്നു. ശിശുമരണങ്ങള്‍ സംഭവിക്കില്ലായിരുന്നു. മാത്രമല്ല, സര്‍ക്കാരിന്റെ പദ്ധതികളിലെ വന്‍ അഴിമതികളെ ചോദ്യം ചെയ്യാന്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് കഴിയുമായിരുന്നു. ഇതൊന്നും സംഭവിച്ചിട്ടില്ല. ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി. കാളിയമ്മയെ പോലെ ചിലര്‍ അട്ടപ്പാടിയില്‍ ഉയര്‍ന്നു വന്നതും അഹാഡ്‌സിന്റെ സംഭാവനയല്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ദൂരിത ജീവിതമാണ് കാളിയമ്മയ്ക്ക് കരുത്ത് പകരുന്നത്. 

ഭൂമി അന്യാധീനപ്പെട്ട കേസുകളധികവും അട്ടപ്പാടിയിലാണ്. ഇപ്പോഴും ആദിവാസി ഭൂമി കയ്യേറ്റം തുടരുകയുമാണ്?
ആദിവാസിഭൂമി അന്യാധീനപ്പെട്ട ഒരു കേസിലും സര്‍ക്കാര്‍ കോടതി ഉത്തരവ് ഉണ്ടായിട്ടും നടപടി സ്വീകരിച്ചില്ല. കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതി അനുമതി നല്‍കിയ വനഭൂമിയിലേറെയും പാലക്കാട് ജില്ലയിലാണ്. ഇത് പതിച്ചു നല്‍കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാട്. മാത്രമല്ല, അട്ടപ്പാടിയും ആദിവാസി ഭൂമി സര്‍ക്കാര്‍ കയ്യേറുകയാണ്. അട്ടപ്പാടി ബ്ലോക്ക് എന്നറിയപ്പെടുന്ന 'ആടുഫാമി' നെ 50 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടായിരുന്നു. അതിപ്പോള്‍ സര്‍ക്കാര്‍ കോളേജിനായി ഏറ്റെടുക്കുകയാണ്. കൃഷി മന്ത്രിയും എം.എല്‍.എ.യുമെല്ലാം ഇതിനെ പച്ചക്കൊടി വീശിക്കഴിഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണ ത്തിന്റെ പേരില്‍ വിവിധ വകുപ്പുകള്‍ കോടിക്കണക്കിനു രൂപ ചിലവഴിച്ചിട്ടുണ്ട്. ഇതിന്റെ 10 ശതമാനം പോലും ആദിവാസി കള്‍ക്ക് ലഭിച്ചിട്ടില്ല. പഞ്ചായത്തു വഴി ഭൂരഹിതരായ ആദിവാസി കള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയിലും വന്‍തട്ടിപ്പ് നടന്നതായി പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ഇതിനെകുറിച്ചെല്ലാം സമഗ്രമായ വിചിലന്‍സ് അന്വേഷണം നടത്തണം. അട്ടപ്പാടിയില്‍ ശിശുമരണം ഇപ്പോഴും അവസാനിച്ചിട്ടില്ല. കുടുംബശ്രീ പ്രസ്ഥാനം ഉള്‍പ്പെടെ ആദിവാസികളുടെ പേരില്‍ കൊളള തുടരുകയാണ്. 

ഇടുക്കിയിലെ പുനരധിവാസ മേഖലയില്‍ വ്യാപകമായി ഭൂമി കയ്യേറ്റം നടക്കുന്നുണ്ടെന്ന് വാര്‍ത്തയുണ്ടല്ലോ?
ഇടുക്കിയിലെ കുണ്ടള-ചിന്നക്കനാല്‍-മറയൂര്‍ തുടങ്ങിയ മേഖലകളില്‍ ആദിവാസി പുനരധിവാസ ത്തിനായി നല്‍കിയ ഭൂമി പലരും കയ്യേറിയിട്ടുണ്ട്. ഇക്കാര്യം പുനരധിവാസ മിഷന്റെ അന്വേഷണ റിപ്പോര്‍ ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ സര്‍ക്കാരും പട്ടികവര്‍ഗ്ഗ വകുപ്പും നോക്കുകുത്തിയാണ്. ഐ.ടി.ഡി.പി. ഉദ്ദോഗസ്ഥര്‍ വരെ ഇതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ആദിവാസി ഭൂമി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് നടപ്പാക്കാന്‍ സര്‍ക്കാ രിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യുന്ന നിയമ നിര്‍മ്മാണങ്ങളും ഇവിടെ പരിശോധിക്കുന്നില്ല. ആദിവാസി ഭൂമി സംരക്ഷിക്കുന്നതിന് 1999-ലെ നിയമം നിയമസഭ യാണ് പാസാക്കിയതെന്നകാര്യം പോലും സര്‍ക്കാര്‍ മറക്കുകയാണ്.

മാവോവാദികള്‍ ആദിവാസി മേഖലകളില്‍ പിടിമുറുക്കുമെന്നാണല്ലോ സര്‍ക്കാരിന്റെ വാദം. ഇതിനെല്ലേ നിരീക്ഷണം ശക്തമാക്കിയത്?
ആദിവാസികളുടെ പട്ടിണി ഇല്ലാതാക്കുന്നതും ഭൂരാഹിത്യം പരിഹരിക്കുന്നതും ഭരണഘടനാപരമായി സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇത് നിറവേറ്റുന്നില്ല. കോഴിക്കോട് മുതുകാട് പുനരധിവാസ മേഖലയില്‍ കഴിഞ്ഞ ആറുമാസത്തിനുളളില്‍ എട്ട് അസ്വാഭാവിക മരണമുണ്ടായി. ഇതുപുറത്തു വന്നപ്പോള്‍ അവിടേക്ക് എത്തിച്ചത് തണ്ടര്‍ബോള്‍ട്ടിനെയാണ്. 

വികസന പ്രവര്‍ത്തനങ്ങള്‍ പോലീസിനെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ആദിവാസി ഊരുകള്‍ പോലീസ് രാജിനും കീഴിലാക്കുന്ന വികസനമാകും. പാരമ്പര്യമായി വനഭൂമിയില്‍ ജീവിച്ചുപോന്ന ആദിവാസികളെ സ്വയം സന്നദ്ധകുടിയൊഴിക്കല്‍ പരിപാടി പ്രഖ്യാപിച്ച് വനത്തില്‍ കുടിയിറക്കുന്നത് അവരുടെ ജീവിതം തകര്‍ക്കാനാണ്. നാട്ടില്‍ ജീവിക്കുന്നവര്‍ക്കുപോലും ഭൂമിയില്ലാത്തപ്പോള്‍ ഇവരുടെ പുനരധിവാസം എങ്ങനെയാണ് നടപ്പാക്കുക.