"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 22, വ്യാഴാഴ്‌ച

ഇന്ത്യയിലെ ജാതികള്‍ - ഡോ. ബി ആര്‍ ആംബേഡ്കര്‍1916 മെയ് 9 ന് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ ഡോ. എ എ ഗോള്‍ഡന്‍വെയ്‌സര്‍ നരവംശ സെമിനാറില്‍ വായിച്ച് അവതരിപ്പിച്ച പ്രബന്ധം.

ഓന്നാം ഭാഗത്തിന്റെ തുടര്‍ച്ച.....

ജാതിയുടെ വിവിധ ലക്ഷണങ്ങളെപ്പറ്റിയുളള വിമര്‍ശനപരമായ വിലയിരുത്തലില്‍ നിന്ന് സംശയാതീതമായി വെളിവാകുന്ന ഒരു വസ്തുതയിതാണ്. ഗോത്രബാഹ്യവിവാഹത്തിന്റെ നിരോധനം അഥവാ അഭാവം മാത്രമാണു ജാതിയുടെ അന്തസത്ത. എന്നാല്‍ നരവംശ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനെ ചിലരെങ്കിലും നിഷേധിച്ചേക്കും. ജാതിയുടെ പ്രശ്‌നങ്ങളില്ലാത്ത, മിശ്രവിവാഹനിരോധനമില്ലാത്ത, സമൂഹങ്ങളുമുണ്ടല്ലോ. പൊതുവായ തലത്തില്‍ ഇതു ശരിയായിരിക്കാം. സാംസ്‌ക്കാരികമായി ഭിന്നമായതും അകലങ്ങളില്‍ വര്‍ത്തിക്കുന്നതും പരസ്പരബന്ധമില്ലാത്തതും ഗോത്രബാഹ്യവിവാഹനിരോധനം പാലിക്കുന്നതുമായ സമൂഹങ്ങള്‍ ഒരു യാഥാര്‍ത്യമാണ്. ഈ വീഷണത്തിന് ഉപോല്‍ബലകമായി യുണൈററഡ് സ്റ്റേറ്റ്‌സിലെ നീഗ്രോകളും വെളളക്കാരും അമേരിന്ത്യന്‍ എന്നറിയപ്പെടുന്ന വിവിധ ഗോത്രവര്‍ഗ്ഗക്കാരും ചിത്രീകരിക്കപ്പെടാം. എന്നാല്‍ കാര്യങ്ങള്‍ കൂട്ടികുഴക്കരുത്. ഇന്‍ഡ്യയിലെ സ്ഥിതി ഭിന്നമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ ഇന്‍ഡ്യയിലെ ജനങ്ങള്‍ ഏകരൂപമായ ഒരു ജനതയാണ്. നിശ്ചിതപ്രദേശങ്ങളില്‍ അധിവസിക്കുന്ന ഇന്‍ഡ്യയിലെ വിവിധ വംശക്കാര്‍ ഏറെക്കുറെ പരസ്പ്പരം ലയിക്കുകയും ഏകരൂപമായ ജനതയുടെ ഏകമാനദണ്ഡമായ സാംസ്‌ക്കാരികൈക്യം അര്‍ജ്ജിക്കുകയും ചെയ്തിരിക്കുന്നു. ഈ ഐകരൂപ്യം ഒരു അടിസ്ഥാനമായി സ്വീകരിച്ചാല്‍ ജാതി മൊത്തം സ്വഭാവത്തില്‍ പുതിയൊരു പ്രശ്‌നമായിത്തീരുകയും ഗോത്രബാഹ്യവിവാഹനിരോധനമുളള സാമൂഹിക സംഘത്തിന്റെയൊ ഗോത്രസംഘത്തിന്റെയൊ സാമീപ്യം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അത് ഇല്ലാതായിത്തീരുകയും ചെയ്യുന്നു. ഇന്‍ഡ്യയില്‍ ജാതി എന്നതിനര്‍ത്ഥം, ജനസമൂഹത്തെ ഗോത്രബാഹ്യവിവാഹികനിരോധനം കൊണ്ട് പരസ്പരം ഇഴുകിച്ചേരാന്‍ അനുവദിക്കപ്പെ ടാത്ത നിശ്ചിതവും സുസ്ഥിരവുമായ ഘടകങ്ങളിലേക്കു വെട്ടിനുറുക്കിയിടുക എന്നതാണ്. അപ്പോള്‍ ഗോത്രബാഹ്യവിവാഹനിരോധനം മാത്രമാണ് ജാതിയുടെ പ്രത്യാക ലക്ഷണമെന്ന നിഗമനം അനിവാര്യമായിത്തീരുന്നു. ഗോത്രബാഹ്യവിവാഹത്തെ എങ്ങനെ നിരോധിച്ചു നിറുത്തുന്നു എന്നു വിശദീകരിക്കാന്‍ കഴിഞ്ഞാല്‍ ജാതിയുടെ ഉത്പത്തിയും യാന്ത്രികവൃത്തിയും ഫലത്തില്‍ തെളിയിച്ചുവെന്ന് പറയാം. 

ജാതിസംഹിതയുടെ നിഗൂഢത തുറന്നുകാട്ടാനുളള താക്കോലായി, ഗോത്രബാഹ്യ വിവാഹ നിരോധനത്തെ ഞാന്‍ എന്തുകൊണ്ട് പരഗണിക്കുന്നു എന്ന് ഊഹിക്കാന്‍ നിങ്ങള്‍ക്കു പ്രയാസം തോന്നുന്നുണ്ടാവാം. നിങ്ങളുടെ ഭാവനയെ കൂടുതല്‍ ക്ലേശിപ്പിക്കാതെ എന്റെ കാരണങ്ങള്‍ വ്യക്തമാക്കാം.

ഇന്‍ഡ്യന്‍ സമൂഹത്തെപ്പോലെ പ്രാകൃത കാലഘട്ടത്തിന്റെ അവശിഷ്ടങ്ങള്‍ വെളിപ്പെടുത്തുന്ന മറ്റൊരു നാഗരികസമൂഹവുമില്ല. അതിന്റെ മതം സാരാംശത്തില്‍ പ്രാകൃതമാണ്. അതിന്റെ ഗോത്രപരമായ ധര്‍മസംഹിത, കാലത്തിലും നാഗരീകതയിലും മുന്നേററമുണ്ടായിട്ടും, ഇന്നും പ്രാകൃ തമായ വീര്യത്തോടുക്കൂടി ത്തന്നെയാണ് പ്രയോഗക്കപ്പെടുന്നത്. പ്രാകൃതമായ അവശിഷ്ടങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അന്യഗോത്രങ്ങളില്‍ നിന്നു മാത്രമെ വിവാഹം പാടുളളൂ എന്ന സമ്പ്രദായം. പ്രാകൃതസമൂഹത്തില്‍ നിലനിന്നുപോന്ന ഈ സമ്പ്രദായം വിശദീകരണം അവശ്യമില്ലാത്ത തരത്തില്‍ പ്രസിദ്ധമാണ്. ചരിത്രത്തിന്റെ വളര്‍ച്ചയോടുക്കൂടി ഈ സമ്പ്രദായത്തിന് അപചയം നേരിടുകയും, ഏററവും അടുത്ത രക്തബന്ധമുളളവരൊഴികെ മററാരുമായും വിവാഹബന്ധത്തില്‍ ഏര്‍പ്പെടാമെന്ന സ്ഥിതി വന്നു ചേരുകയും ചെയ്തു. എന്നാല്‍ ഇന്‍ഡ്യയിലെ ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം മുന്‍ചൊന്ന വിവാഹസമ്പ്രദായം ഇന്നും നിശ്ചിതമായ നിരോധനാജ്ഞ യാണ്. ഇന്‍ഡ്യന്‍ സമൂഹം ഇപ്പോഴും കുലക്രമം (രഹമി ്യെേെലാ) നുണഞ്ഞിറക്കുന്നു-ഗണങ്ങള്‍ നിലവിലില്ലെങ്കിലും-വൈവാഹിക നിയമങ്ങള്‍ ഇതു വ്യക്തമാക്കുന്നു. രക്തബദ്ധമുളളവര്‍ തമ്മില്‍ വിവാഹം പാടില്ലെന്നു മാത്രമല്ല, സഗോത്രജര്‍ തമ്മിലുളള വിവാഹം പോലും ദൈവനിന്ദയായി കരുതപ്പെടുന്നു.
അതിനാല്‍ സഗോത്രവിവാഹം ഇന്‍ഡ്യയിലെ ജനങ്ങള്‍ക്കു അജ്ഞാതമാണെന്നത് ഓര്‍മ്മിക്കേണ്ട ഒരു പ്രധാന വസ്തുതയാണ്. ഇന്‍ഡ്യയിലെ വിവിധ ഗോത്രങ്ങള്‍ ബഹിര്‍ ഗോത്ര വിവാഹസമ്പ്രദായം പുലര്‍ത്തിപ്പോരുന്നു. കുലചിഹ്ന സംഘടനകളോടുകൂടിയ മററുവിഭാഗങ്ങളും ഇങ്ങനെ തന്നെ. ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് ബഹിര്‍ഗോത്ര വിവാഹസമ്പ്രദായം ഒരു മതവിശ്വാസമാണെന്നും ആരും അതുലംഘിക്കാന്‍ ധൈര്യപ്പെടുകയില്ലെന്നും അതിശയോക്തി കൂടാതെ പറയാം. ജാതികള്‍ക്കിടയില്‍ മിശ്രവിവാഹനിരോധനമുണ്ടെങ്കില്‍പ്പോലും ഗോത്രബാഹ്യമായ വിവാഹം കര്‍ശനമായി പാലിക്കപ്പെടുന്നു. മിശ്രവിവാഹ നിരോധനം ലംഘിച്ചാലുളളതില്‍ക്കൂടുതല്‍ കനത്ത ശിക്ഷയാണ് ഗോത്ര ബാഹ്യമാത്ര വിവാഹം ലംഘിച്ചാല്‍ നല്‍കപ്പെടുന്നത്. അപ്പോള്‍, ഗോത്ര ബാഹ്യമാത്രമായ വിവാഹ സമ്പ്രദായമാണു നിയമമെങ്കില്‍ ജാതികളുണ്ടാവുകയില്ല. കാരണം ഗോത്രത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുകയെന്നത് ഗോത്രങ്ങളുടെ സംയോജനമാണ്. എങ്കിലും നമുക്ക് ജാതികളുണ്ട്. അപ്പോള്‍ അവസാന വിശകലനത്തില്‍ ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ഗോത്രബാഹ്യ വിവാഹ രീതിക്കുമേല്‍ സഗോത്ര വിവാഹ നിരോധനം അവരോധിക്കപ്പെട്ടതാണ് ജാതിസൃഷ്ടിയുടെ മൂലകാരണമെന്നു സിദ്ധാന്തിക്കുന്നു. എന്നിരുന്നാലും മൗലികമായി ബഹിര്‍ഗോത്ര വിവാഹ സമ്പ്രദായം സ്വീകരിച്ച ഒരു ജനതയ്ക്കിടയില്‍ മിശ്രവിവാഹ സമ്പ്രദായം നിരോധിക്കുക യെന്നത് (ജാതിരൂപവല്‍ക്കരണത്തിനു തുല്യമാണിത്) ഗൗരവമേറിയ ഒരു പ്രശ്‌നമാണ്. അപ്പോള്‍ ബഹിര്‍ഗോത്ര വിവാഹ സമ്പ്രദായം നിലനിര്‍ത്താനുപയുക്തമായ മാര്‍ഗ്ഗങ്ങളെ ആശ്രയിച്ചിരിക്കും ജാതിപ്രശ്‌നത്തിന്റെ പരിഹാരമാര്‍ഗ്ഗം.