"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 16, വെള്ളിയാഴ്‌ച

'ത്ത'യില്‍ 'പള്ളി'കൊള്ളുന്ന ബുദ്ധന്‍


'ത്ത' എന്ന മലയാളത്തിലെ സ്വരം സംസ്‌കൃതത്തിലെ 'ദ്ധ'ക്ക് പകരമായി പ്രതിഷ്ഠ നേടിയതാണ്. ബുദ്ധം മലയാളത്തില്‍ പുത്തനായി. പിന്നീട് പുതിയതിന് എല്ലാം 'പുത്തന്‍' എന്ന പേരുവന്നു. 

ബുദ്ധ ജൈനങ്ങ ളാണല്ലോ മതമെന്ന നിലയില്‍ കേരളക്കരയില്‍ ആദ്യമെത്തുന്നത്. ഇവകളില്‍ ജൈനം ആരാധന യിലും ആചാരങ്ങ ളിലും ബുദ്ധം ബോധനപ്രക്രിയകളിലാണ്ഏര്‍പ്പെട്ടത്.'പാലി' ഭാഷയിലാ യിരുന്നു ബൗദ്ധ പ്രബോധന പ്രക്രിയ നിര്‍വഹിക്കപ്പെട്ടത്. അത്‌നുവേണ്ടി അവര്‍ സ്ഥാപിച്ചതാണ് 'പാലിക്കൂട'ങ്ങള്‍. പിന്നീട് അത് 'പള്ളിക്കൂട'ങ്ങളായി ഉച്ചരിക്കപ്പെട്ടു. മറ്റു മതങ്ങളും പില്ക്കാലത്ത് കടന്നു വന്നപ്പോഴും അവരുടെ വിദ്യാകേന്ദ്രങ്ങളെ 'പള്ളി' കള്‍ എന്നു തന്നെ വിളിച്ചുവന്നു. അതാണ് 'ഓത്തുപള്ളി' എന്ന പ്രയോഗം നിലവില്‍ വരാനിടയായത്.

പള്ളിക്കൂടത്തില്‍ നിന്നും പാലിപഠനം പൂര്‍ത്തിയാക്കി കഴിഞ്ഞയാളെ ബുദ്ധന്‍ എന്നു തന്നെയാണ് വിളിച്ചുവന്നതും. 'ബോധ്യ'മായവന്‍, ആരോണോ ആ ആളാണ് ബുദ്ധന്‍. ഇവിടത്തെ വഴക്കമനുസരിച്ച് 'പുത്തന്‍'. 'ദ്ധ' ഇവിടത്തുകാര്‍ക്ക് വഴങ്ങാത്തതുപോലെ പാലിയിലും ചില സ്വരങ്ങള്‍ക്ക് വഴക്കമില്ല. 'ര' കാരം ('രേഭം' എന്നേ സംസ്‌കൃതത്തില്‍ പ്രയോഗിക്കാറുള്ളൂ) പാലിയില്‍ കുറവാണ്. അങ്ങിനെ ബുദ്ധ ധര്‍മ്മം എന്ന് പറയാറില്ല 'ധമ്മം' എന്നേ പറയാറുള്ളൂ. എന്നാല്‍ 'രേഭം' ഒരു അക്ഷരത്തിനു ശേഷം വരുന്നിടത്ത് ഉപയോഗിച്ചു കാണുന്നുണ്ട്. ഉദാ: ശ'ര'ണം.. എന്നീ വാക്കുകള്‍.

പലയിടങ്ങളിലും പാലിക്കൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അവിടെ എത്തി പല ആളുകളും ബുദ്ധന്മാരായിത്തീര്‍ന്നു. പാലിയിലെ ബുദ്ധം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി, ധമ്മം ശരണം ഗച്ഛാമി എന്ന വന്ദന സൂക്തങ്ങള്‍ക്ക് , ഞാന്‍ ബുദ്ധന്റെ അടുത്തുപോകുന്നു, ഞാന്‍ ബുദ്ധ സംഘത്തിലേക്ക് പോകുന്നു, ഞാന്‍ ബുദ്ധ ധമ്മത്തിലേക്ക് പോകുന്നു എന്നാണല്ലോ അര്‍ത്ഥം. ഇതില്‍ പോകുന്നു എന്നു പറയുന്നത് എവിടത്തെ ഉദ്ദേശിച്ചാണ്, പാലിക്കൂടത്തിലേക്കല്ലാതെ മറ്റൊരിടത്തെയും ഉദ്ദേശിച്ചല്ല. അവിടെ ബുദ്ധനുണ്ട്. പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹം ചൊരിയുന്ന ദേവനല്ല ബുദ്ധന്‍. പ്രാര്‍ത്ഥന വാങ്ങി പ്രതിഫലമായി അനുഗ്രഹം കൊടുക്കുവാന്‍വേണ്ടി ഒരു കേന്ദ്രത്തിലിരിക്കുന്ന ദാതാവല്ല ബദ്ധന്‍. പിന്നെയോ അത് ബുദ്ധ ധമ്മമാണ്. അതിലേക്കാണ് ആളുകള്‍ എത്തുന്നത് ബുദ്ധം ശരണം ഗച്ഛാമി... ബുദ്ധ ധമ്മം, ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായോ കൂടുതല്‍ ഉത്കര്‍ഷങ്ങള്‍ക്കുവേണ്ടിയോ വഴിപാട്, പ്രാര്‍ത്ഥന എന്നിവകൊടുത്ത് പകരമായി വാങ്ങുന്നതോ ആയ ഒന്നല്ല. 

പാലി പഠനകേന്ദ്രങ്ങള്‍ - പാലിക്കൂടങ്ങള്‍ പലയിടങ്ങളിലും സ്ഥാപിക്കപ്പെട്ടു. എല്ലായിടത്തും ബുദ്ധന്‍ തന്നെയായിരുന്നതുകൊണ്ട് ആ സ്ഥലപ്പേരില്‍ത്തന്നെയാണ് അവകളെല്ലാം അറിയപ്പെട്ടിരുന്നത്. പില്ക്കാലത്ത് ഹൈന്ദവര്‍ പാലിക്കൂടങ്ങളെ ആക്രമിച്ചു കീഴടക്കി ദേവാലയങ്ങളാക്കി മാറ്റി. അപ്പോഴും സ്ഥലപ്പേരില്‍ത്തന്നെ ഹിന്ദുക്ഷേത്രങ്ങള്‍ അറിയപ്പെട്ടു. പ്രതിഷ്ഠിക്കപ്പെട്ട ദൈവങ്ങളുടെ പേരിലായിരുന്നില്ല. കാരണം മിക്കയിടങ്ങളിലേയും പ്രതിഷ്ഠകളും ഒന്നുതന്നെയായിരുന്നു. വൈക്കത്തപ്പന്‍, ഗുരുവായൂരപ്പന്‍, എറണാകുളത്തപ്പന്‍, ചോറ്റാനിക്കര അമ്മ, ആറ്റുകാലമ്മ... എന്നിങ്ങനെ സ്ഥപ്പേരു ചേര്‍ത്ത് ദേവാലയങ്ങള്‍ അറിയപ്പെടാന്‍ കാരണം അതാണ്. 

പാലിക്കൂടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവരാണ് ബുദ്ധന്മാര്‍ - പുത്തന്മാര്‍ എന്നു സൂചിപ്പിച്ചുവല്ലോ. പുത്തന്മാരുടെ തലമുടി വടിച്ചുകളഞ്ഞിരിക്കും. അവരെ യാണ് 'മണ്ടന്മാര്‍' എന്നു വിളിച്ചുവന്നത്. ബുദ്ധിയുള്ളവന്‍ (തലയുള്ളവന്‍) എന്ന അര്‍ത്ഥത്തിലാണ് 'മണ്ടന്മാര്‍' എന്ന പ്രയോഗം നിലവില്‍ വന്നത്. 'പുത്തി' 'പൂതി' എന്നീ വാക്കുകള്‍ മണ്ടന്മാരുടെ പര്യായങ്ങളാണ്. 'പുത്തിയുള്ളവന്‍' എന്ന വാക്ക് ഇന്നത്തെ അര്‍ത്ഥത്തിലാണ് പരിഹാസമാകുന്നത്. പാലിക്കൂടങ്ങളില്‍ നിന്നും പുറത്തുവരുന്നവരെ ബഹുമാനത്തോടെ വിളിച്ചിരുന്ന വാക്കാണത്. പിന്നീട് പുതുക്കംകൊണ്ട എല്ലാറ്റിനേയും പുത്തന്‍ (New) എന്നു വിളിച്ചുവന്നു.

പുത്തകേന്ദ്രങ്ങളാണ് പത്തനം. പിന്നീട് അത് പട്ടണമായി മാറി. പത്തനം പാലി വാക്കാണ്. സംസ്‌കൃതത്തില്‍ ജനങ്ങളുടെ അധിവാസ കേന്ദ്രങ്ങളെ 'പുരം' എന്നാണ് വിളിക്കുന്നത്. പുരത്തില്‍ വസിക്കുന്നവന്‍ ആരാണോ അവനാണ് 'പൗരന്‍' (നഗരവാസി). പഞ്ചമരും പാഷണ്ഡന്മാരും ഗ്രാമത്തിനു വെളിയില്‍, സ്മശാനത്തിന് അരികില്‍ താമസിക്കണമെന്നാണ് ചാണക്യന്‍ അര്‍ത്ഥശാസ്ത്രത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. പൗരന്മാര്‍ എന്നതുപോയിട്ട് മനുഷ്യര്‍ എന്ന പരിഗണന പോലും ലഭിക്കാത്തവരാണ് ഇക്കൂട്ടര്‍. അങ്ങനെ സവര്‍ണര്‍ മാത്രമേ പൗരന്മാരായിരുന്നുള്ളൂ. ഇന്ന് ആ വാക്ക് Citzen എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുന്നു. 

ഗ്രാമവും പുരവും ഇന്നത്തെ അര്‍ത്ഥത്തിലുള്ള, നാട്ടിന്‍പുറം - പട്ടണം എന്ന നിലയില്‍ വേര്‍തിരിച്ചിരുന്നില്ല. സൈന്ധവ ജനതയുടെ ആവാസകേന്ദ്രങ്ങളേയും ആര്യന്മാര്‍ തങ്ങളുടെ സാഹിത്യങ്ങളില്‍ പുരങ്ങള്‍ എന്നു തന്നെ വിശേഷിപ്പിച്ചു. ദേവേന്ദ്രന് 'പുരന്ധരന്‍' എന്നൊരു പര്യായമുണ്ട്. പുരന്ധരന്‍ പുരങ്ങളെ നശിപ്പിച്ചവനാണ്. ആര്യന്‍ അധിനിവേശം നടന്നിട്ടില്ലെന്നും സൈന്ധവനാഗരികതയെ അവര്‍ നശിപ്പിച്ചിട്ടില്ലെന്നും വാദിക്കുന്നവര്‍ ഇന്ദ്രന്റെ ഈ വിശേഷണ ത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്തിനും ഏതിനും ന്യായീകരണങ്ങള്‍ കണ്ടെത്തി തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുന്ന വരാണല്ലോ ആര്യന്മാര്‍. അങ്ങനെ അവര്‍ ആദിവാസികളെ വനവാസികളാക്കി. ആദിവാസികളെ അങ്ങനെ വിളിക്കുന്നവര്‍ പിന്നീട് വന്നവരായിരിക്കണമല്ലോ. ആ യുക്തിയെ മറച്ചുവെക്കുന്നതിനായാണ് തദ്ദേശീയരോടുള്ള ഈ ആര്യന്‍ അഭിസംബോധന എന്ന് കണ്ടെത്താന്‍ വിഷമമില്ല. ആര്യന്മാരെ സംബന്ധിച്ചിട ത്തോളം തദ്ദേശീയര്‍ വനവാസികളും തങ്ങള്‍ പൗരന്മാരുമാണ്. വിദ്യാഭ്യാസം പോലെയുള്ള മനുഷ്യാവകാശങ്ങള്‍ ആര്യന്മാരാല്‍ തടയപ്പെട്ടവരാണ് തദ്ദേശീയര്‍ എന്ന ചരിത്രസത്യം ഇതിലൂടെ മറച്ചുവെക്കപ്പെടുന്നു. ആദിവാസികള്‍ പുരങ്ങളില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ പൗരന്മാരുമല്ല. മറിച്ച് വനത്തില്‍ കഴിഞ്ഞുവന്നവരാണ്... എന്നിങ്ങനെയാണ് പുത്തന്‍ വ്യാഖ്യാനങ്ങള്‍ ഇതുസംബന്ധിച്ച് കെട്ടിയെഴുന്നെള്ളിക്കപ്പെടുന്നത്.

പത്തനത്തില്‍ പുരം അധിനിവേശിക്കുകയാണ് ചെയ്തത്. എന്നാല്‍ മുഴുവനായും പത്തനത്തെ ഇല്ലായ്മ ചെയ്യുവാന്‍ പുരത്തിനായില്ല. ചിലപ്പോള്‍ ഒറ്റക്കും ചിലപ്പോള്‍ പുരത്തോടു ചേര്‍ന്നും പത്തനം നിലനിന്നു. പത്തനാപുരം എന്ന സ്ഥലപ്പേര് ശ്രദ്ധിക്കുക. ഇപ്പോള്‍ ഗവേഷണം നടക്കുന്ന പത്തനത്ത് പുരം അധിനിവേശിച്ചെങ്കിലും പത്തനമായിത്തന്നെ നിലനിന്നുപോന്നു. കായികശക്തി ഉപയോഗിച്ച് നളിപ്പിക്കപ്പെടാതെ കാലപ്പഴക്കംകൊണ്ട് ഒരു പട്ടണവും നശിക്കാറില്ല. പുരന്ധരന്മാരുടെ ധര്‍മ്മം അതാണല്ലോ!