"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 18, ഞായറാഴ്‌ച

സംഘപരിവാറില്‍ ദലിതരുടെ ഒഴുക്കുണ്ടാകുന്നത് എന്തുകൊണ്ട് ? - കുന്നുകുഴി എസ് മണി


കേരളക്കരയില്‍ പ്രബലരാഷ്ട്രീയപ്രസ്ഥാനമായി വളര്‍ത്താന്‍ ബി.ജെ.പി.യുടെ അഖിലേന്ത്യാ പ്രസിഡന്റിന്റേയും ആര്‍.എസ്.എസ്. മേധാവിയുടേയും കാര്‍മ്മികത്വത്തില്‍ സംഘപരിവാര്‍ ആവിഷ്‌ക്കരിച്ചി രിക്കുന്ന തന്ത്രത്തില്‍ ദലിതര്‍ ഒഴുകി പോകുന്നതായ കണ്ടെത്തലാണ് ''സംഘപരിവാറും ദലിതരും'' എന്ന കെ.കെ. കൊച്ചിന്റെ ലേഖനം (ഒക്‌ടോബര്‍ 3). ലേഖനത്തില്‍ കൊച്ചുപറയുന്നത് ''കേരളത്തിലെ ദലിതരുടെ ചരിത്രാനുഭവങ്ങളേയും സംഘടനാപ്രക്ഷോഭങ്ങളിവരുടെ സ്വതന്ത്രനേതൃത്വ ത്തേയും ഉള്‍ക്കൊള്ളാതെയുള്ള ആശയമണ്ഡലമാണ് ജാതിവ്യവസ്ഥയെയും രാജ്യത്തിന്റെ വൈവിധ്യങ്ങളേയും കണക്കിലെടു ക്കാതെ എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് മോഹന്‍ഭഗവത് അവകാശപ്പെട്ടത്'. ഈ മോഹന്‍ ഭഗവത് അവകാശപ്പെടുമ്പോള്‍ 14-ാം നൂറ്റാണ്ടുമുതല്‍ക്കുതന്നെ ബ്രാഹ്മണമേധാവിത്വം ഹിന്ദുസംസ്‌ക്കാരത്തെ ഒരു മതമെന്ന പേരില്‍ ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അധ:സ്ഥിതര്‍ ഉള്‍പ്പെടെയുള്ള കീഴാളവിഭാഗങ്ങളെ മുഴുവന്‍ ഹിന്ദുക്കളാക്കി മാറ്റിയത്. 14-ാം നൂറ്റാണ്ടിനുമുന്‍പ് വരേയും അങ്ങിനെ ഒരു മതമില്ലായിരുന്നു. അങ്ങിനെ ഒരു മതം ഇന്ത്യയില്‍ അന്നോളം ആരെങ്കിലും സ്ഥാപിച്ചതായി ഒരു തെളിവുമില്ല. ആര്‍ക്കുമത് അറിയുകയുമില്ല. യഥാര്‍ത്ഥത്തില്‍ ദ്രാവിഡപണ്ഡിതന്മാര്‍ ഇന്ത്യന്‍ഭാഷയായ സംസ്തൃതത്തില്‍ രചിച്ച വേദങ്ങളേയും തത്വശാസ്ത്രങ്ങളേയുമെല്ലാം ആര്യബ്രാഹ്മണകൂട്ടങ്ങള്‍ ഹിന്ദുമതത്തിന്റെ പ്രാമാണികഗ്രന്ഥങ്ങളെന്ന പേരില്‍ മാറ്റിമറിക്കുകയായിരുന്നു. അതുവരെ പ്രകൃതിശക്തികളേയും പ്രകൃതിപ്രതിഭാസങ്ങളേയും ആരാധിച്ചുപോന്നിരുന്ന പ്രകൃതിമതക്കാരായ അധ:സ്ഥിതരേയും ആ ജീവിതമതം, ജൈനമതം, ബുദ്ധമതം എന്നിവയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടും, അവരിലെ പണ്ഡിതന്മാരെ കൊന്ന് കൊല വിളിച്ചുകൊണ്ട് ഹിന്ദുമതം ഇന്ത്യക്കാരുടെമേല്‍ അടിച്ചേല്‍പ്പിച്ചത്. അതുകൊണ്ട് ക്രിസ്തുമതത്തെ പോലെയോ, ഇസ്ലാംമതത്തെപ്പോലെയോ ഇന്ത്യയിലെ ആജീവിക, ജൈന, ബുദ്ധമതങ്ങളെ പോലെയോ ഹിന്ദുമതം സ്ഥാനവല്‍ക്കരിക്കപ്പെട്ടതല്ല. എന്നിട്ടും അതൊരു മതമെന്നപോലെ ഇന്ത്യാമഹാരാജ്യത്ത് വ്യാപരിക്ക പ്പെടുന്നു. 

ഇന്ത്യയില്‍ ഭരണത്തിലെത്തിയ ബി ജെ പി കേരളത്തില്‍ പിടിമുറുക്കാന്‍ പ്രബല അധ:സ്ഥിത ജാതിക്കാരായ പുലയരേയും, പിന്നോക്കവിഭാഗങ്ങളില്‍ പ്രബലരായ ഈഴവരേയും പിടിച്ചെടുക്കാനുള്ള കുതന്ത്രങ്ങളിലാണ്. ഇവരെ പിടിച്ചെടുക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നാണെന്നാണ് കൊച്ചിന്റെ നിരീക്ഷണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാല്പതുകള്‍ക്കുശേഷം ഇവിടെ തഴച്ചുവളര്‍ന്നത് സാമൂഹ്യ അസമത്വ ങ്ങളാല്‍ ദുരിതം പേറി ജീവിതം കഴിച്ചിരുന്ന പുലയരേയും പറയരേയും വിപ്ലവ പ്രഭാഷണങ്ങളിലൂടെയും വിപ്ലവഗാനങ്ങളിലൂടെയും മസ്തിഷ്‌കപ്രഷേളനപ്രക്രിയ വഴിക്കായിരുന്നു. ആദ്യകാലകമ്മ്യൂണിസ്റ്റ് നേതാവായ പി.ഭാസ്‌ക്കരനെപ്പോലുള്ളവരുടെ വിപ്ലവഗാനങ്ങള്‍ ആവര്‍ത്തികള്‍ കേട്ടാല്‍ പാവം പുലയനും പറയനും പാര്‍ട്ടിക്കുള്ളില്‍ വീണുപോകും. വ്യാപകമായ മതപരിവര്‍ത്തനവും ഇതേ രീതിയില്‍തന്നെയായിരുന്നു. അങ്ങിനെ പുലയരെയും പറയരെയും കൊണ്ട് തഴച്ചുവളര്‍ന്ന പാര്‍ട്ടി പില്‍ക്കാലത്ത് അതേ പുലയരേയും പറയരേയും അടിച്ച് ദൂരത്തെറിയുകയും പിന്നോക്കജാതികളിലെ മഹാഭൂരിപക്ഷക്കാര്‍ പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കുകയും അവരുടെ വരുതിയില്‍ ഇന്നും പാര്‍ട്ടി പ്രവര്‍ത്തിക്കുന്നു. വെള്ളംകോരികളും, വിറകുവെട്ടികളുമായി ചില ദലിതര്‍ ഇന്നും പാര്‍ട്ടിസേവ ചെയ്യുന്നുണ്ട്. അസന്തുഷ്ടരായ ദലിതരുടെ പിന്തുണ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും പൊഴിഞ്ഞുപോക്കു തുടരുന്നുണ്ട്. ഇതുലക്ഷ്യം വച്ചാണ് സംഘപരിവാര്‍ പിന്തുണയോടെ ബി ജെ പി ക്കാര്‍ ദലിതരിലെ പുലയരേയും പിന്നോക്കക്കാരിലെ ഈഴവരേയും പാര്‍ട്ടിക്കുള്ളില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

1970-ല്‍ എം.എന്‍.ഗോവിന്ദന്‍ നായരുടെ അനുഗ്രഹാശിസ്സുകളോടെ പി.കെ. ചാത്തന്‍മാസ്റ്റര്‍, പി.കെ.രാഘവന്‍ എന്നിവരെ നേതൃത്വമാക്കി രൂപം കൊണ്ട കെ.പി.എം.എസ്. ദീര്‍ഘകാലം സി.പി.ഐ.യുടെ പോഷക സംഘടനയായാണ് നിലനിന്നത് എന്നാണ് ദലിത് ബുദ്ധിരാക്ഷസനായ കെ.കെ. കൊച്ചിന്റെ വിദഗ്ദമായ കണ്ടെത്തല്‍. ഈ കണ്ടെത്തല്‍ ഏറ്റവും വലിയ തെറ്റാണ്. ഇനി പറയുന്ന കാര്യങ്ങള്‍ കൊച്ച് ശ്രദ്ധയോടെ വായിക്കട്ടെ. 1968-69 കാലഘട്ടത്തോടെ ആള്‍ ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ പൊളിഞ്ഞ് പാളീഷായ പരുവത്തിലായിരുന്നു. ഈ കാലത്ത് അന്നത്തെ പ്രസിഡന്റ് കെ. കൃഷ്ണന്‍ എക്‌സ്. എം.എല്‍.എ യും, ജനറല്‍ സെക്രട്ടറിയായ ഞാനും, മുന്‍പ്രസിഡന്റ് വെളിയം കേശവന്‍, ചവറ മാധവന്‍ എന്നിവര്‍ ചേര്‍ന്ന് ഡെപ്യൂട്ടി പി.ആര്‍.ഡി. യായിരുന്ന നന്തന്‍കോട് ജെ.ആര്‍.ദാസ്, ചന്ദ്രശേഖരശാസ്ത്രി എക്‌സ് എം.എല്‍.എ. എന്നിവരെ ക്കണ്ട് മറ്റൊരു സംഘടന പുലയര്‍ക്ക് കേരളാടിസ്ഥാനത്തില്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഈ ആലോചനയാണ് മുന്‍മന്ത്രി പി.കെ. ചാത്തന്‍മാസ്റ്ററില്‍ ചെന്നെത്തിച്ചത്. അന്ന് പുലയന്‍ മഹാസഭയെന്നു പറഞ്ഞാല്‍ പി.കെ. രാഘവന് വലിയ അലര്‍ജിയായിരുന്നു. സമുദായസംഘടനയേക്കാള്‍ അയാള്‍ സ്‌നേഹിച്ചിരുന്നത് സി.പി.ഐ.യെയാണ്. ആ കാലത്ത് സ്റ്റാച്യുവിലെ ഹാപ്പി ടൂറിസ്റ്റ് ഹോമില്‍ താമസിച്ചിരുന്ന പി.കെ. രാഘവന്‍ എം.എല്‍.എ.യെ ചെന്നുകണ്ട എന്നോട് പി.കെ. രാഘവന്‍ ചോദിച്ചത് ''ഏതെടോ ഈ പുലയര്‍മഹാസഭ, നിങ്ങള്‍ക്ക് വേറെ ജോലിയില്ലെ, വേണമെങ്കില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍പ്പോരേ' എന്നായിരുന്നു. ആ മാന്യദേഹമാണ് പില്‍ക്കാലത്ത് അന്തസ്സും നാണവുമില്ലാതെ കെ.പി.എം.എസ്സിന്റെ അമരക്കാരനായിരുന്നത്.

ഈ ആചോലനകളുടെ എല്ലാം ഫലമായി 1968 മാര്‍ച്ച് 17 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്ത പുരത്തെ പാളയം ടാങ്‌ഹോട്ടലിന്റെ മുകളിലത്തെ ഹാളില്‍വച്ച് പി.കെ. ചാത്തന്‍മാസ്റ്റര്‍, കെ. ചന്ദ്രശേഖരശാസ്ത്രി, ജെ.ആര്‍.ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു പുലയര്‍ക്ക് കേരളാടിസ്ഥാന ത്തില്‍ ഒരു സംഘടന ഉണ്ടാക്കുവാന്‍ ഒരു ആലോചനായോഗം ചേര്‍ന്നു. സമുദായ സ്‌നേഹികളും അവരിലെ ബുദ്ധിജീവികളും യുവജനങ്ങളുമെല്ലാം യോഗത്തിനെത്തിയിരുന്നു. ഈ യോഗത്തില്‍ ആള്‍ട്രാവന്‍കൂര്‍ പുലയമഹാസഭയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ടി.കൃഷ്ണനും, ജനറല്‍സെക്രട്ടറി ഞാനും, മുന്‍പ്രസിഡന്റ് വെളിയം കേശവന്‍, ചവറ മാധവന്‍, നീലകണ്ഠന്‍മാസ്റ്റര്‍, സി. അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.കെ. ചാത്തന്‍മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാനാടി സ്ഥാനത്തില്‍ പുതിയൊരു പുലയര്‍മഹാസഭ ഉണ്ടാക്കുവാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഞാനെഴുന്നേറ്റ് പുതിയ സംഘടന രാഷ്ട്രീയത്തിന് അതീതമായിരിക്ക ണമെന്നും രാഷ്ട്രീയം പാടില്ലെന്നും ആവശ്യപ്പെട്ടു. കമ്മിറ്റിയില്‍ സംബന്ധിച്ച ഭൂരിപക്ഷം പേരും എന്റെ അഭിപ്രായത്തോട് യോജിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ നിലവിലുള്ള ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭയിലെ നിലവിലുള്ള നേതാക്കള്‍ക്ക് പുതിയ സംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് ടി. കൃഷ്ണന്‍ എക്‌സ് എം.എല്‍.എ. ആവശ്യവുമായെത്തി. പക്ഷെ, ചാത്തന്‍ മാസ്റ്റര്‍ പ്രസ്തുത ആവശ്യത്തെ ശക്തമായി എതിര്‍ത്തതോടെ യോഗനടപടികള്‍ ശബ്ദായനമായി. ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ നേതാക്കളായ ഞങ്ങള്‍ ടി.കൃഷ്ണന്‍ എക്‌സ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ വാക്കൗട്ട് നടത്തി ഇറങ്ങിപ്പോന്നു. ആ കാരണത്താല്‍ പിന്നീട് നടന്ന ഏകോപന സമിതിയിലോ 1969 ഡിസംബര്‍ 28 ന് കൊല്ലത്തു ചേര്‍ന്ന കെ.പി.എം.എസ്. രൂപീകരണത്തിലോ ഞങ്ങള്‍ പങ്കെടുത്തില്ല. 1970-ല്‍ തിരുവനന്തപുരത്ത് നന്ദാവനം സ്‌ക്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് 'കേരള പുലയര്‍ മഹാസഭ' (കെ.പി.എം.എസ്.) നിലവില്‍വന്നു. പി.കെ. ചാത്തന്‍മാസ്റ്റര്‍ പ്രസിഡന്റും, ചന്ദ്രശേഖരശാസ്ത്രി എക്‌സ് എം.എല്‍.എ. ജനറല്‍ സെക്രട്ടറിയും ജെ.ആര്‍.ദാസ് ട്രഷററുമായി. ഈ കാരണങ്ങളാല്‍ ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ കെ.പി.എം.എസില്‍ ലയിച്ചില്ല. ടി. കൃഷ്ണനോടോപ്പം നിന്ന ആള്‍ട്രാവന്‍കൂര്‍ പുലയര്‍ മഹാസഭ ആള്‍കേരള പുലയര്‍മഹാസഭയായി പ്രവര്‍ത്തനം തുടര്‍ന്നു. ഞാന്‍ അതോടൊപ്പം സമുദായ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.

ഈ കാലത്തൊന്നും എം.എന്‍.ഗോവിന്ദന്‍നായരുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നില്ല. കെ.പി.എം.എസ്. രൂപീകരിക്കാന്‍ സി.പി.ഐ.യുടെ പോഷകസംഘടനയുമായിരുന്നില്ല. എന്നാല്‍ ചാത്തന്‍ മാസ്റ്ററുടെ മരണത്തോടെയാണ് പുലയര്‍ മഹാസഭയെ എക്കാലത്തും എതിര്‍ത്തു പോന്നിരുന്ന പി.കെ. രാഘവന്‍ പുലയര്‍മഹാസഭയെ ജനവികാരം മാനിക്കാതെ സിപിഐ പാളയത്ത് കൊണ്ടുപോയി കെട്ടുകയായിരുന്നു. ഈ സംഭവങ്ങളൊന്നും അറിയാതെയാണ് കെ.കെ. കൊച്ച് ലേഖനം ചമച്ചിരിക്കു ന്നത്. പിന്നീട് സി.പി.ഐ.ക്കാരനായ പുന്നല ശ്രീകുമാര്‍ കെ.പി.എം.എസിന്റെ നേതൃത്വം ഏറ്റെടുത്ത് മുന്നോട്ടുപോയെങ്കിലും ചില സാമ്പത്തിക ഇടപാടുക ളെത്തുടര്‍ന്ന് പ്രസ്ഥാനം രണ്ടായി പിളരുകയായി രുന്നു. പുന്നല ഗ്രൂപ്പും, ടി.വി.ബാബു ഗ്രൂപ്പും അങ്ങനെ ഉണ്ടായതാണ്.

തുടര്‍ന്ന് കൊച്ചുപറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് പറയാമെങ്കിലും തീര്‍ത്തും സമ്മതിക്കാന്‍ ആവില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍തന്നെ ദലിതരെ പിടിച്ചെടുക്കാന്‍ പ്രത്യേക രാഷ്ട്രീയ സംഘടനകള്‍ക്ക് രൂപം കൊടുക്കാന്‍ തയ്യാറായി. ദലിത് കോണ്‍ഗ്രസ്സ് തുടര്‍ന്ന് മുസ്ലീംലീഗ് ദലിത് ലീഗും, സി.പി.എം പട്ടികജാതി ക്ഷേമസമിതിയും, ബി.ജെ.പി. പട്ടികജാതി മോര്‍ച്ചയുമുണ്ടാക്കി. പക്ഷെ, ഇവയിലൊന്നിലും ദലിത് സ്വാധീനം കാണാനില്ല. കാരണം ഇവരൊന്നും ദലിതരുടെ ക്ഷേമമല്ല ലക്ഷ്യമിടുന്നതെന്ന് ദലിതരും മനസ്സിലാക്കി. പകരം ദലിതരുടെ വോട്ടാണ് എല്ലാവരുടേയും ലക്ഷ്യം. മണ്ഡല്‍കമ്മീഷനും, രംഗനാഥ മിശ്രകമ്മീഷനും പട്ടികജാതിക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വന്നവരല്ലെങ്കിലും അവരുടെ റിപ്പോര്‍ട്ടുകളില്‍ ഭരണഘടനാപരമായ സംവരണാനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുംവിധം കടന്നാക്രമി ക്കാനാണ് ശ്രമിച്ചിരിക്കുന്നത്. രാജ്യത്തെ പിന്നോക്കവിഭാഗങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വന്ന വി.പി. മണ്ഡല്‍ എന്ന വിദ്വാന് പട്ടികജാതിക്കാരുടെ സംവരണ കാര്യത്തില്‍ തീര്‍പ്പുകല്പിക്കാന്‍ എന്തവകാശമാണുള്ളത്? ചോദിക്കാത്തതും പറയാത്തതുമായ കാര്യങ്ങില്‍ ഇടപെടാന്‍ ആരാണ് അവകാശം നല്‍കിയത്? അതെപോലെ ക്രൈസ്തവദലിതരുടെ ക്ഷേമകാര്യങ്ങളെ ക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച രംഗനാഥമിശ്ര കമ്മീഷനും പട്ടികജാതിക്കാരുടെ സംവരണകാര്യത്തില്‍ കടന്നുകയറി റിപ്പോര്‍ട്ട് എഴുതാന്‍ ആരാണ് പറഞ്ഞത്? പട്ടികജാതിക്കാരെയും അവരുടെ ഭരണഘടനാദത്തമായ അവകാശങ്ങളേയും ഏത് കമ്മീഷനും കയറിമെയാമെന്നാണോ? ഇതില്‍ കടന്നുപിടിച്ചാണ് സംഘപരിവാറും ബി ജെ പിയുമൊക്കെ ദലിതരുടെ രക്ഷകരായി രംഗത്ത് അവതരിച്ചത്. 

കെ.കെ.കൊച്ചിന്റെ ഒരു ലേഖനത്തിന് മുന്‍പൊരിക്കല്‍ ഞാന്‍ 'ദലിതരെ സംഘപരിവാര്‍ കൊണ്ടുപോകട്ടെ'യെന്ന് എഴുതിയത് വിസ്മരിച്ചുകൊണ്ടല്ല ഇപ്പോള്‍ എഴുതുന്നത്. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന മൊഴി അന്വര്‍ത്ഥമാക്കും വിധം എല്ലാപേര്‍ക്കും തട്ടിക്കളിക്കാനുള്ള വെറുമൊരു ഉപകരണം മാത്രമാണിന്ന് കേരളത്തിലെ ദലിതര്‍. അത് ആവോളം അവര്‍ തട്ടിക്കളിക്കട്ടെ. കാരണം മുഖ്യധാരാരാഷ്ടീയക്കാരും ഒരുവിഭാഗം സവര്‍ണലോബികളും ചേര്‍ന്ന് കേരളത്തിലെ ദലിതരെ ഒന്നിക്കാന്‍ അനുവദിക്കാതെ വിഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷുകാരന്റെ പഴയ ഭിന്നിപ്പിക്കല്‍ നയം ഉയര്‍ത്തിക്കൊണ്ട് ദലിതരെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവിടുന്നവന് ഒരിക്കലും മോചനമില്ല. രംഗനാഥമിശ്രകമ്മീഷനു മുന്‍പുതന്നെ ദലിത് ക്രൈസ്തവരെ പ്രത്യേക ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പട്ടികജാതി സംവരണം നല്‍കണമെന്ന വാദം ഉയര്‍ന്നിരുന്നു. ആ കാര്യം ദലിത് ഫെഡറേഷന്‍ നേതാക്കളായ പോള്‍ ചിറക്കരോടും, കല്ലറസുകുമാരനും അന്നത്തെ കെ.പി.എം.എസ്. രക്ഷാധികാരി പി.കെ. രാഘവനും ആവശ്യപ്പെട്ടു. ഇത് ഭരണഘടനാ പരമല്ലെങ്കിലും മാറിയ കാലത്ത് സാമൂഹ്യപരിഗണനവെച്ച് അംഗീകാരം പിടിച്ചുപറ്റിയിരുന്നു. കാരണം ക്രൈസ്തവദലിതര്‍ക്ക് സംവരണാനുകൂല്യം നല്‍കുമ്പോള്‍ എല്ലാ ക്രൈസ്തവര്‍ക്കും അത് കൊടുക്കേണ്ടിവരുമെന്ന് ചിലര്‍ പ്രചാരണം നടത്തിയിരുന്നു. ഭരണഘടനാപരമായ പട്ടികജാതി സംവരണം ജാതിയുടെ സംവരണമായിരുന്നു. അത് മതസംവരണമല്ല. പക്ഷെ അധികാരിവര്‍ഗ്ഗം മതം കൂട്ടികുഴച്ചാണ് ഇന്നും പട്ടികജാതി സംവരണം നല്‍കുന്നത്. ഇത് ഭരണഘടനയുടെ ലംഘനമാണെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഞാന്‍ ലേഖനങ്ങളിലൂടെ പ്രതികരിക്കുകയും ലേഖനമെഴുതുകയും ചെയ്തിട്ടുള്ളതാണ്.

ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പറയുന്നു പൗരന് ഏത് മതം സ്വീകരിക്കുന്നതിനും എവിടെ പോയി ജീവിക്കുന്നതിനും അവകാശമുണ്ടെന്ന് പക്ഷെ പട്ടികജാതിക്കാരന്‍ ക്രിസ്തുമതം സ്വീകരിച്ചാല്‍ മാത്രം ജാതിയുടെ സംവരണം നിഷേധിക്കുന്നത് എന്തുകൊണ്ട്? അതിനുപറയുന്ന ഒരു സ്ഥിരം ഉത്ത രമുണ്ട്. 1950-ലെ പ്രസിഡന്‍ഷ്യല്‍ റൂളാണ്. അത്രഭയങ്കരമാണോ ഈ പ്രസിഡന്‍ഷ്യല്‍ റൂള്‍? ഏത് റൂളും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന 1956 നവംബര്‍ 26 ന് റദ്ദാക്കപ്പെടേണ്ടതോ, സ്വയം റദ്ദാക്കേണ്ടതോ ആയിരുന്നു. ഇന്ത്യന്‍ ഭരണഘടനയെ ധിക്കരിച്ചുകൊണ്ട് ഒരു പ്രസിഡന്‍ഷ്യല്‍ റൂളിന്റെ മറവില്‍ പട്ടികജാതി ക്രൈസ്തവര്‍ക്ക് ജാതി സംവരണം നിഷേധിക്കുന്നത് ഒരു ജനസഞ്ചയ ത്തെ പരസ്യമായി വഞ്ചിക്കുന്നതിന് തുല്യമാണ്. പ്രസിഡന്‍ഷ്യല്‍ റൂളാണോ ഇന്ത്യ പിന്‍തുടരന്നത്. അതോ ഇന്ത്യന്‍ ഭരണഘടനയാണോ? ഏതാണെന്ന് അധികാരിവര്‍ഗ്ഗം ജനമദ്ധ്യത്തില്‍ ഇനിയെങ്കിലും തുറന്നുപറയണം. കെ.കെ. കൊച്ചിന്റെ നിരീക്ഷണത്തില്‍ പറയുന്ന കെ.പി.എം.എസ്. രംഗനാഥ മിശ്രകമ്മീഷനും റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടായതോടെയാണ് ടി.വി. ബാബു വിഭാഗം സംഘപരിവാര്‍ ബാന്ധവത്തിന് തയ്യാറായതെന്നാണ്. കുമ്മനം രാജശേഖര ന്റെ വലം കൈയ്യായി തുറവൂര്‍ സുരേഷ് ക്ഷേത്രങ്ങളിലെ മതപ്രഭാഷകനാകുന്നതെന്ന് കൊച്ചു പറയു മ്പോള്‍ അതിന് എത്രയോ മുന്‍പുതന്നെ ബിജെപി ദേശീയ മെമ്പര്‍ കൂടിയായ കൈനകരി ജനാര്‍ദ്ദനെന്ന ദലിത് നേതാവ് ക്ഷേത്രങ്ങളിലെ മതപ്രഭാഷണം, കഥാപ്രസംഗം എന്നിവ നടത്തിക്കൊണ്ടിരിക്കുന്നത് കൊച്ച് അറിയാതെപോയത് ഖേദകരമാണ്. ദലിതര്‍ക്ക് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് സംഘപരിവാര്‍ ബാന്ധവം ആയികൂടാ. അവരുമായി വേദി പങ്കിട്ടുകൂടാ. അതാണല്ലോ ടി.വി.ബാബുവിന്റെ കായല്‍സമ്മേളന ശതാബ്ധിസമ്മേളനത്തില്‍ ഉദ്ഘാടകനായി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചത്. ദലിതര്‍ക്കും ദലിത് സംഘടനകള്‍ക്കും കേരളത്തില്‍ ആരുമായും കൂട്ടുകൂടാം. പക്ഷെ ദലിത്പക്ഷത്തിന്റെ ആരുമായും കൂട്ടുകൂടാം. പക്ഷെ, ദലിത് പക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അധികാരത്തില്‍ പങ്കാളിത്വമനുവദിക്കണം. ജാതിവിവേചനം ഇല്ലായ്മ ചെയ്ത് മനുഷ്യനെന്ന ബോധം സൃഷ്ടിക്കണം. മനുഷ്യനെന്ന നിലയില്‍ സംഘപരിവാറിന്റേയോ, ആര്‍.എസ്.എസുകാരന്റെയോ മകളെ പ്രേമബന്ധം കൂടാതെ വിവാഹാദിബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയണം. ഇതു സാധിച്ചാല്‍ ദലിത് ഐക്യവും സാദ്ധ്യമല്ലാത്ത ഒരു സമസ്യയായി മാറും. അതിന് കൊച്ചിനെപ്പോലുള്ളവര്‍ ദൂരെ മാറിനിന്ന് പല്ലിളിക്കേണ്ട കാര്യമുണ്ടോ?