"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 12, തിങ്കളാഴ്‌ച

പ്രിയപ്പെട്ട കെ പി എം എസ് യുവാക്കളേ, നന്നാവില്ലെന്നു സ്വയം തീരുമാനിച്ചോ !?


ഇന്ന്  (12 - 1 - 2015)സ്വാമി വിമേകാനന്ദന്റെ 152 ആം ജന്മദിനാചരണത്തോടനുബന്ധിച്ച് 'യുവജാഗ്രതാ സംഗമം' നടത്തിയല്ലോ. ഇന്ത്യയിലെ ദലിത് സമൂഹത്തെ ജീവിതകാലത്തൊ രിക്കലും അഭിസംബോധന ചെയ്തിട്ടുള്ള ആളല്ല വിവേകാനന്ദന്‍. എന്നാല്‍ ദലിതര്‍ക്കുവേണ്ടി സംസാരിച്ചവരില്‍, ഇന്ത്യയില്‍ ആദ്യമായി സംവരണമേര്‍പ്പെടുത്തിയ ഛത്രപതി സാഹുജി മഹാരാജും ഇന്ത്യയില്‍ ആദ്യമായി ദലിതര്‍ക്കുവേണ്ടി പള്ളിക്കൂടം ആരംഭിക്കുകയും അംബേഡ്കര്‍ക്ക് വിദേശത്തുപോയി പഠിക്കാന്‍ ധനസഹായം ചെയ്യുകയും ചെയ്ത ബറോഡയിലെ ഗെയ്ക്ക്വാദ് മഹാരാജാവും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജ്യോതിറാവു ഫൂലെയും സാവിത്രീഭായി ഫൂലെയും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തയ്യാറായതിലൂടെ സ്ഥാനത്യാഗത്തിനു വഴങ്ങേണ്ടിവന്ന പ്രധാനമന്ത്രിയായിരുന്ന വി പി സിങ് - അദ്ദഹം ഇനി ഒരു പട്ടികജാതിക്കാരന്‍ പ്രധാനമന്ത്രിയാകട്ടെ എന്ന് ആഗ്രഹിക്കുക മാത്രമല്ല അത് പ്രവൃത്തിപഥത്തില്‍ എത്തിക്കുകയും ചെയ്തു - തുടങ്ങിയ സവര്‍ണരുടെ ഏതെങ്കിലും സ്മരണീയ ദിനങ്ങള്‍ നിങ്ങള്‍ അചരിച്ചിട്ടുണ്ടോ?

കേരളത്തില്‍, പഞ്ചമിയെ പഠിപ്പിക്കാന്‍ തയ്യാറായത് ഒരു സവര്‍ണനാണ്. ആദ്യത്തെ ദലിത് വിദ്യാര്‍ത്ഥിനിയായിരുന്ന പഞ്ചമിയുടെ പേരില്‍ സംഘംമുണ്ടാക്കിയ കെ പി എം എസ് കാര്‍ക്ക് ആ അധ്യാപകനെ ഒന്ന് അനുസ്മരിച്ചാല്‍ എന്താ? പരിനാട് കലാപം കൂടുതല്‍ രക്തരൂക്ഷിതമാകാതെ അയ്യന്‍കാളിയോടൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്ന് അഹോരാത്രം പണിയെടുത്ത ചങ്ങനാശേരി പരമേശ്വരന്‍ പിള്ള, കൊച്ചിയില്‍ പുലയ വംശോദ്ധാരണപ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങലും ചെയ്തുകൊടുത്ത കൃഷ്ണമേനവന്‍ വക്കീല്‍ തുടങ്ങിയവരുടേയൊക്കെ സ്മരണീയ ദിനങ്ങള്‍, ആയവര്‍ ചോരകൊടുത്ത് നേടിത്തന്ന സ്വാതന്ത്ര്യം അനുഭവിക്കുന്ന നിങ്ങള്‍ക്ക് എന്തുകൊണ്ട് ഒരുക്കലെങ്കിലും ഒന്ന് ആചരിച്ചുകൂടാ?

വിവേകാനന്ദന്‍ അമേരിക്കയില്‍ പോയി സായിപ്പന്മാരെ നോക്കി 'അമേരിക്കയിലെ സഹോദരി സഹോദരന്മാരേ,' എന്ന് സംബോധന ചെയ്തപ്പോള്‍ സദസാകെ ഇളകി മറിഞ്ഞു, അതോടെ വിവേകാനന്ദന്‍ 5 മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ചു എന്നുമാണോ നിങ്ങളും വിശ്വസിക്കുന്നത്? എന്തുകൊണ്ടാണ് വിവേകാനന്ദന്‍ ഇന്ത്യയിലെ പട്ടികജാതിക്കാരെ നോക്കി, 'ഇന്ത്യയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ' എന്ന് പറയാതിരുന്നത്?

വിവേകാനന്ദന്‍ നടത്തിയതായി പറയുന്ന ഷിക്കാഗോയിലെ ലോക മതസമ്മേളനത്തിലെ പ്രസംഗത്തിന് വെറും 7 മിനിറ്റുമാത്രമേ എടുത്തിരുന്നുള്ളൂ. അതും സഭാകമ്പം കൊണ്ട് അദ്ദേഹം പെട്ടെന്ന് ഇരുന്നുപോയി എന്ന് സുഹൃത്തിന് അയച്ച കത്തില്‍ പറയുന്നു. വിവേകാനന്ദന്‍ പ്രസ്തുത സമ്മേളനത്തില്‍ ഒരു ക്ഷണിതാവ് ആയിരുന്നില്ല എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? (കൂടതല്‍ അറിയാന്‍ 'സ്വാമി വിവേകാനന്ദന്‍ ഒരു സോഷ്യലിസ്‌റ്റോ?' - എസ് കെ ബിശ്വാസ്, പരിഭാഷ: വി പ്രഭാകരന്‍, 'മറുപുറം' - ഐ ശാന്തകുമാര്‍ എന്നിവരുടെ പുസ്തകങ്ങള്‍ വായിക്കുക)

സ്വാമി വിവേകാനന്ദന്‍ 1863 ജനുവരി 12 ന് ജനിക്കുകയും 1902 ജൂലൈ 4 ന് അന്തരിക്കുകയും ചെയ്തു. അക്കാലയളവിലും അതിനുശേഷവും ഇന്ത്യയിലൊട്ടാകെയും കേരളത്തിലും നവോത്ഥാന സമരങ്ങള്‍ നടന്നു. നവോത്ഥാന സമരനായകരായ വൈകുണ്ഠസ്വാമികള്‍, തൈക്കാട്ട് അയ്യാസ്വാമികള്‍, അയ്യന്‍കാളി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, പൊയ്കയില്‍ അപ്പച്ചന്‍, പെരിയാര്‍, കെ പി കറുപ്പന്‍ തുടങ്ങിയവരിലാരെങ്കിലും വിവേകാനന്ദന്റെ ഒരു വരിയെങ്കിലും ഉദ്ധരിച്ചിട്ടുണ്ടോ, മാതൃകയാക്കിയിട്ടുണ്ടോ? ആദരണീയനായി അനുസ്മരിച്ചിട്ടുണ്ടോ? അവര്‍ക്കാര്‍ക്കുമില്ലാത്ത അവധാനതയും അറിവും ആത്മാര്‍ത്ഥയും ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് എവിടെനിന്നുകിട്ടി?

ഇനി വിവേകാനന്ദന്‍ അങ്ങനെ പറഞ്ഞു എന്നുതന്നെ വെക്കുക. 'മതഭ്രാന്തി'നെക്കുറിച്ച് ഈ ഒരു പ്രസ്താവനയേ നടത്തിയുള്ളോ ? ഇന്ത്യയില്‍ കേരളത്തില്‍ മാത്രമേ ഈ സ്ഥിതിയുണ്ടായിരുന്നു ള്ളോ? വിവേകാനന്ദന്‍ അത്രക്ക് 'മതവിദ്വേഷി' യായിരുന്നെങ്കില്‍ തുടര്‍പ്രവര്‍ത്തനങ്ങളും അതോടനുബന്ധിച്ചുള്ളവയാകണമല്ലോ. എന്തുകൊണ്ട് വിവേകാനന്ദന്റെ ഈ പ്രസ്താവന ഒന്നൊഴിച്ച് ബാക്കിയെല്ലാം മതത്തെക്കുറിച്ച് മാത്രമാകുന്നു? ഉദാ:- കാറല്‍ മാര്‍ക്‌സ് കമ്മ്യൂണിസത്തെക്കുറിച്ച് കേവലം ഒരു വാചകം മാത്രം കുറിച്ചുകൊണ്ട് പിന്‍വാങ്ങുകയോ അതിനെതിരേ നീങ്ങുകയോ ചെയ്ത തത്വചിന്തകനല്ല. അതില്‍ത്തന്നെ മുഴുകി കൂടുതല്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. ഡോ. അംബേഡ്കര്‍ 'ജാതി ഉന്മൂലനം' എന്ന് ഒരു വാക്ക് പറഞ്ഞശേഷം നിശബ്ദനാകുകയോ അതിനെതിരേ നീങ്ങുകയോ ചെയ്ത ജാതിഉന്മൂലന സൈദ്ധാന്തികനായിന്നില്ല. ജീവിതകാലമത്രയും എഴുതുകയും പ്രസ്താവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത് ജാതി ഉന്മൂലനത്തിനു വേണ്ടിയായിരുന്നു. അതുതന്നെ ലോകത്തിലുള്ള സകലമാന തത്വചിന്തകരുടേയും രാഷ്ട്രമീമാംസകരുടേയും നവോത്ഥാന നായകരുടേയും കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട്. വിവേകാനന്ദന്‍ കേരളത്തിലെ ജാതിവ്യവസ്തക്കെതിരേ ഒരു വാക്കുമാത്രം പ്രസ്താവിച്ചിട്ട്, എന്തുകൊണ്ട് അത് നീക്കം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗരേഖയും മുന്നോട്ടുവെച്ചില്ല! അദ്ദേഹത്തിന് കേരളത്തിലെ ജാതിവ്യവസ്ഥയോട് വിയോജിപ്പുണ്ടായിരുന്നെങ്കില്‍ അതിനെ ഉന്മൂലനം ചെയ്യാനും എന്തെങ്കലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കണമല്ലോ!

ഒന്നുകൂടി അറിയുക, വിവേകാനന്ദന്‍ കേരളത്തെ 'ഭ്രാന്താലയം' എന്ന് വിളിച്ചിട്ടില്ല. അന്ന് കേരളം ഇല്ല എന്നത് പോകട്ട, മലബാറിനെക്കുറിച്ച് അങ്ങനെ പറയാന്‍ കാരണം ഇവിടത്തെ പട്ടികജാതി ക്കാര്‍ ക്രിസ്തുമതം സ്വീകരിച്ച് സ്വതന്ത്രരാകുന്നതിന് എതിരായിട്ടായിരുന്നു. വിവേകാനന്ദന്‍ താനൊരിക്കലും ഒരു ഹിന്ദുവല്ലെന്ന് പറഞ്ഞിട്ടില്ല. ഒരു ഹിന്ദുവിന് ഒരിക്കലും മതം മാറ്റത്തെ അനുകൂലിക്കാനാവുമോ?

അപ്പോള്‍, പട്ടകജാതിക്കാര്‍ തന്നെ വേണം തങ്ങള്‍ക്കെതിരേ നീങ്ങിയ ഒരാളുടെ സ്മരണീയ ദിനം ആചരിക്കാന്‍. ഒരു കാര്യംകൂടി വിവേകാനന്ദന്റെ 150 ആം ജന്മദിനം രണ്ടുവര്‍ഷം മുമ്പായിരുന്നു. എല്ലാവരും ഒട്ടുമിക്ക കാര്യങ്ങള്‍ക്കും റൗണ്ട് ഫിഗറാണ് ജൂബിലി ആഘോഷങ്ങള്‍ക്കായി തെരഞ്ഞെടുക്കാറ്. ഇപ്പോള്‍ ബദ്ധപ്പെട്ട് 152 ആം ജന്മദിനം ആഷോഷിക്കാനായി തെരഞ്ഞെടു ത്തതിനുപിന്നിലെ പ്രചോദനം എന്താണ്? ഒരിക്കലും നന്നാവില്ല എന്ന് സ്വയം തീരുമാനിച്ചാല്‍ ആര്‍ക്കും നങ്ങളെ രക്ഷിക്കാനാവില്ല, സ്വാമി വിവേകാനന്ദനുപോലും!

പുസ്തകം ഡൌണ്‍ലോഡ് : സ്വാമി വിവേകാനന്ദന്‍ സോഷ്യലിസ്റ്റോ ?-എസ് കെ ബിശ്വാസ്.

വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചിട്ടില്ല - ഐ ശാന്തകുമാര്‍.