"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 14, ബുധനാഴ്‌ച

സ്വാതന്ത്രത്തിനുളള അവകാശങ്ങള്‍ - എ ശശിധരന്‍


എ ശശിധരന്‍ 
പിറന്ന നാട്ടില്‍ സ്വതന്ത്രമായി ജീവിക്കുക എന്നത് ഏവരുടെയും ജന്‍മാവകാശമാണ്. ആ അവകാശത്തിനായി നടന്ന പോരാട്ടങ്ങള്‍ ചരിത്രത്തില്‍ ഏറെ രേഖപ്പെടുത്തിയിട്ടുണ്ട്. 14-ാം നൂററാണ്ടില്‍ ഇംഗ്ലണ്ടില്‍ ലൂയി 14-ാം മനെകൊണ്ട് ജനങ്ങള്‍ ഒപ്പുവപ്പിച്ച മാഗ്നാകാര്‍ട്ട അത്തരത്തി ലൊന്നാണ്. പൊതുജനങ്ങളുടെ ജീവിക്കാനുളള അവകാശത്തെ എവിടെ യൊക്കെ ചോദ്യം ചെയ്തിട്ടുണ്ടോ അവിടെയൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരികയും അടിച്ചമര്‍ത്തലു കളെ നേരിട്ടുകൊണ്ടു തന്നെ വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്‍ഡ്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്രത്തിനുളള അവകാശം താഴെ പറയുന്നവയാണ്.

1. സംസാരത്തിനും ആശയ പ്രകടനത്തിനും ഉളള സ്വാതന്ത്ര്യം 2. സമാധാനപരമായും ആയുധങ്ങള്‍ കൂടാതെയും സമ്മേളിക്കുവാനുളള സ്വാതന്ത്ര്യം 3. സമാജങ്ങളോ യൂണിയനുകളോ രൂപീകരിക്കുവാനും 4. ഭാരതത്തിന്റെ ഭൂപ്രദേശത്ത് ഏതു ഭാഗത്തും താമസിക്കുവാനും സ്ഥിരവാസമാക്കുവാനും 6. ഏതെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയോ ഏതെങ്കിലും തൊഴില്‍ വ്യാപാരമോ ബിസിനസ്സോ നടത്തുകയോ ചെയ്യുവാനുളള അവകാശം എന്നിവയാണ്.
2.
ഒരു രാജ്യത്തെ ജനതയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനുളള അവകാശങ്ങളാണ് മേല്‍പ്പറഞ്ഞവ. സ്വാതന്ത്ര്യം അനുഭവിക്കണമെങ്കില്‍ അവ സംരക്ഷിക്കപ്പെടണം. പുറമേ നിന്നു നോക്കിയാല്‍ ഇവിടെ അതിനെല്ലാം എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നാണ് പൊതുധാരണ. എന്നാല്‍ പ്രായോഗികതലത്തില്‍ പട്ടികജാതി വര്‍ഗ്ഗ ജനതയ്ക്ക് അവ അനുഭവേദ്യമാക്കുന്നി ല്ലെന്നുളളതാണു സത്യം. ചെറുതും വലുതുമായ സംഘടനകള്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജാഥകളും സമ്മേളനങ്ങളും ധര്‍ണ്ണകളും ഉപവാസങ്ങളും നടത്തുന്നുണ്ട്. മെമ്മോറാണ്ടങ്ങള്‍ ലക്ഷകണക്കിനു കൊടുത്തു കഴിഞ്ഞു. എന്നാല്‍ ഇവയെല്ലാം ബധിര കര്‍ണ്ണങ്ങളിലാണു പതിക്കുന്നത്. അധികാരികള്‍ കണ്ടഭാവം നടിക്കുന്നില്ല. ആദിവാസി ഭൂസമരത്തിന് ഗോത്രസഭയുമായും ചെങ്ങറ ഭൂസമരത്തില്‍ അതിന്റെ സമര നായകന്‍മാരായും സര്‍ക്കാരുണ്ടാക്കിയ കരാറുകള്‍, മറികടക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിവിദ്ധമായി കരുക്കള്‍ നീക്കിയത് ചരിത്രമാണ്. സമാധാന പരമായി സമരം നടത്തിയിരുന്ന ചെങ്ങറ സമര സേനാനികളെ കളളന്‍മാരെന്നു മുദ്രകുത്തുകയും തൊഴിലാളി വര്‍ഗ്ഗത്തെകൊണ്ടു തന്നെ സമരത്തെ നേരിട്ട് ന്യായമായ ആ സമരത്തെ അടിച്ചമര്‍ത്താന്‍ തൊഴിലാളി വര്‍ഗ്ഗ നേതൃമുണ്ടെന്നവകാശപ്പെടുന്നവര്‍ നയിച്ച സര്‍ക്കാര്‍ തന്നെ ശ്രമിച്ചത് ചരിത്രമാണ്. അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചു പിടിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ തിരിച്ചുപിടിക്കുന്ന മുഴുവന്‍ ഭൂമിയും പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യുമെന്നുളള പ്രത്യാശ ജനിക്കുകയും പാവപ്പെട്ട മുഴുവന്‍ ജനതയുടെയും കോടതിയുടെ പോലും പിന്‍തുണ ലഭിക്കുകയും ചെയ്തിരുന്നു. ആ പ്രക്രിയ മുന്നോട്ടു കൊണ്ടുപോയാല്‍ മിച്ചഭൂമി മുഴുവന്‍ തിരിച്ചു പിടിക്കേണ്ടി വരുമെന്നും അങ്ങിനെ തിരിച്ചു പിടിച്ചാല്‍ അതിന്റെ ന്യായമായ ഭാഗം ഇവിടുത്തെ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തിനു വിതരണം ചെയ്യേണ്ടി വരുമെന്നും ഉളള തിരിച്ചറിവില്‍ നിന്നാണ് ആ പ്രക്രിയ പൊളിക്കുവാനുളള ഗൂഢാലോചന നടക്കുന്നത്. ലക്ഷക്കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവരെ വിട്ടിട്ട് രണ്ടു സെന്റും മൂന്നു സെന്റും വളച്ചു കെട്ടി കുടില്‍ കെട്ടി താമസിക്കുന്നവരെ തെരുവിലിറക്കി ജനരോക്ഷം ക്ഷണിച്ചു വരുത്തി ആ പ്രക്രിയ തകിടം മിറക്കുകയാണ് തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍. അനുഛേദം 19 ല്‍ പറയുന്ന എ മുതല്‍ ഡി വരെയുളള സ്വാതന്ത്രങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനതക്കു നിഷേധിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണിത്. 

ആദ്യം നമുക്ക് തൊഴില്‍ രംഗം പരിശോധിക്കാം. 

തൊഴിലിനെ പരമ്പരാഗതമെന്നും ആധുനികമെന്നും തരംതിരിക്കാം. പരമ്പരാഗതമായവ കൃഷി, കരകൗശലം, വന്യവിഭവ സംഭരണം എന്നിവയാണ്.

കാര്‍ഷിക രംഗവും മുരടിപ്പിന് നേരിട്ടുകൊണ്ടിരിക്കുകയാണ്. യന്ത്രവല്‍ക്കരണവും കൃഷി ഭൂമി മററാവശ്യങ്ങള്‍ക്കുപയുക്തമാക്കലും നിമിത്തം കാര്‍ഷിക രംഗത്ത് തൊഴിലില്ലാതായിരിക്കുകയും മാത്രമല്ല, സര്‍ക്കാരിന്റെ തെററായ ന്യായങ്ങള്‍ മൂലം പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനതയ്ക്കു ഭൂമിയില്‍ പണിയെടുത്ത് ഉപജീവനം കഴിക്കുന്നതിനാവശ്യമായ ഭൂമിയില്ല. ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം 65% ഭൂമിയും വന്‍കിടക്കാരനു വേണ്ടി സംരക്ഷിക്കപ്പെടുകയും പാട്ടവും വാരവും പ്രകാരമുളള ഭൂമി മററു ജാതിക്കാര്‍ക്കായി നല്‍കപ്പെടുകയും ചെയ്തപ്പോള്‍ കുടിലുകെട്ടുവാനുളള ഭൂമി മാത്രമാണ് വില ഈടാക്കികൊണ്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ ജനതയ്ക്കു കൊടുത്തത്. അതുകൊണ്ട് കൃഷി ചെയ്തു ജീവിക്കുവാന്‍ നിര്‍വാഹമില്ല. പരമ്പരാഗത തൊഴിലായ കൊട്ട, പനമ്പ് നെയ്ത്ത്, കയര്‍-കയ്ത്തറി എന്നിവയും തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈററയുടെയും മററും വിലയും, വ്യവസായ വല്‍ക്കരണം മൂലം സമാന വസ്തുക്കളുടെ കടന്നു കയററവും, ഈററ വ്യവസായത്തെയും, മില്‍ത്തു ണികളുടെ വിലക്കുറവുമൂലം കൈത്തറി വ്യവസായത്തേയും, ചകിരിയുടെ ദൗര്‍ലഭ്യവും കയററുമ തിയുടെ പരിമിതിയും മൂലം കയര്‍ വ്യവസായത്തെയും, എല്ലാം സാരമായി ബാധിച്ചിരിക്കുന്നു. തന്‍മൂലം പരമ്പരാഗത കാര്‍ഷിക-വ്യവസായിക തൊഴിലാളികള്‍ തൊഴിലില്ലാത്ത അവസ്ഥ യിലാണ്. തൊഴിലെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് ഭരണഘടന ഉറപ്പുനല്‍കുമ്പോള്‍ തൊഴിലി ല്ലാത്ത അവസ്ഥയിലേക്ക് പട്ടികജാതി-വര്‍ഗ്ഗ ജനത വഴുതി വീഴുകയാണ്. ഇതിന് പരിഹാരം കാണുന്നതിന് സര്‍ക്കാരിന്റെ പക്കല്‍ യാതൊരു പരിപാടിയുമില്ല. അതുമൂലം ഈ ജനത ദാരിദ്രത്തിന്റെ പടുകുഴിയിലേക്കു കൂപ്പുകുത്തുകയാണ്. 

ആധുനിക തൊഴില്‍

വ്യാപാര വ്യവസായ മേഖലയിലെ തൊഴിലും സര്‍ക്കാര്‍ ഉദ്ദ്യോഗങ്ങളും ഈ ഗണത്തില്‍പ്പെടുത്താം. വ്യാപാര വ്യവസായിക രംഗത്ത് വിദഗ്ദ്ധ തൊഴിലാളികളെയും അതിവിദഗ്ദ്ധ തൊഴിലാളികളെയും ആവശ്യമുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തണമെങ്കില്‍ വൈദദ്ധ്യമാവശ്യമുളള തൊഴില്‍ ലഭിക്കണം. അതിനാവശ്യമുളള വിദ്യാഭ്യാസം അനിവാര്യമാണ്. ഇവിടെ വിദ്യാഭ്യാസം സവര്‍ണ്ണ വര്‍ഗ്ഗത്തിനായി സംവരണം ചെയ്തിരിക്കുകയാണ്. ലോക ബാങ്കിന്റെ ജോംതിയന്‍ തിയറിയ നുസരിച്ചുളള സര്‍വ്വാണി വിദ്യാഭ്യാസമാണ് പട്ടിജാതി-വര്‍ഗ്ഗ ജനതയ്ക്കു ലഭിക്കുന്നത്. ഒന്നാം ക്ലാസില്‍ ചേര്‍ന്നാല്‍ പത്താം ക്ലാസുവരെ തോല്‍ക്കാതെ എത്താം. അക്ഷരം പോലും അിറയാതെ പത്താം ക്ലാസില്‍ നിന്നും പുറത്താകുന്നവന്‍ ഒന്നിനും കൊളളാത്തവനായി പുറത്തുവരുന്നു. വല്ല വിധേയനേയും കടന്നുകൂടുന്നവര്‍ക്കാകട്ടെ ആധുനിക വിദ്യാഭ്യാസം ഒരു മരീചിക മാത്രമാണ്. സര്‍ക്കാര്‍ വക സ്‌ക്കൂളുകളും കോളേജുകളും വിരലിലെണ്ണാവുന്നവ മാത്രമായതുകൊണ്ട് സ്വാശ്രയ കോളേജിനെ ആശ്രയിക്കേണ്ടി വരുന്നു. അവിടെ ഫീസുകൊടുത്ത് പഠിക്കുവാന്‍ നിത്യവൃത്തിയില്ലാ ത്തവര്‍ക്കെങ്ങനെയാണ് കഴിയുക? അങ്ങിനെ ആധുനിക തൊഴില്‍ രംഗവും ഭരണഘടനാപരമായി പ്രാപ്യമാണെന്നു പ്രഖ്യാപിക്കുമ്പോഴും വസ്തുതാപരമായി തടയപ്പെട്ടിരിക്കുന്നു.

ഇനി വ്യാപരമോ ബിസിനസ്സോ നടത്തുന്ന കാര്യം നോക്കാം. വന്‍കിട വ്യാപാരം പോയിട്ട് ചെറുകിട വ്യാപാരം പോലും നടത്തുന്നതിന് ഭാരതത്തില്‍ പട്ടികജാതിക്കാരനോ, പട്ടികവര്‍ഗ്ഗക്കാരനോ ആസ്ഥിയില്ലെന്നുളളത് പകല്‍പോലെ സത്യമാണ്. സ്വന്തം തൊഴിലിന്റെ ഭാഗമായി കുടില്‍ വ്യവസായം പോലെ എന്തെങ്കിലും തുടങ്ങുന്നതിന് സര്‍ക്കാര്‍ ചില പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നും ഈ ജനതയ്ക്ക് ലഭ്യമാകാതിരിക്കാനുളള വ്യവസ്ഥകളും അതിന്‍മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. സ്വയം തൊഴിലിന് 5 ലക്ഷം രൂപ വരെ ലഭിക്കും. അതിനു സബ്‌സിഡി കഴിച്ചുളള തുക നല്‍കുവാന്‍ ഏതെങ്കിലും ബാങ്ക് സന്നദ്ധമാകണം. ബാങ്ക് തുക നല്‍കണമെങ്കില്‍ അതിനുളള ഈട് നല്‍കണം. ഈട് നല്‍കുവാനുളള വസ്തു പട്ടിക സമൂഹത്തിനില്ല. ഉളള കിടപ്പാടം തന്നെ രോഗ ചികില്‍സയ്ക്കും മകളുടെ വിവാഹാവശ്യത്തിനും ഒക്കെ പണയത്തിലും ജപ്തിയിലുമാണ്. അടുക്കള പൊളിച്ച് ശവം അടക്കം ചെയ്യുന്ന പട്ടിക സമൂഹത്തിന് സ്വയം തൊഴിലിനുളള തുകയ്ക്ക് വസ്തു ജാമ്യം ചോദിക്കുന്നത് ക്രൂരതയല്ലാതെ മറ്റെന്താണ്? ഇവിടെയും ഭരണഘടനയും നിയവും അനുവാദം നല്‍കുന്ന രംഗത്തേക്ക് പ്രവേശിക്കുന്നത് തടയുവാന്‍ ഭരണകൂടം ബുദ്ധിപൂര്‍വ്വമായ നടപടികള്‍ എടുക്കുന്നു. അങ്ങനെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്രത്തിനുളള അവകാശം പട്ടിക വിഭാഗ ദനതയ്ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.

അനുഛേദം 20

കുറ്റങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് സംരംക്ഷണം

''ഒരു കുററം ആരോപിക്കപ്പെടുന്ന കൃത്യം ചെയ്ത സമയത്ത് പ്രാബല്യത്തിലുണ്ടായിരുന്ന ഒരു നിയമത്തിന്റെ ലംഘനത്തിനൊഴികെ യാതൊരാളുടെയും പേരിലും ഏതെങ്കിലും കുററം സ്ഥാപിക്കു കയോ, ആ കുററം ചെയ്ത സമയത്ത് പ്രാബല്ല്യത്തിലുണ്ടായിരുന്ന നിയമപ്രകാരം ചുമത്താമായിരു ന്നതില്‍ കൂടുതലായ ശിക്ഷയ്ക്ക് ആ ആളെ വിധേയനാകുകയോ ചെയ്യാന്‍ പാടുളളതല്ല'' എന്നു പറയുന്നു. 

ഏതെങ്കിലും കുററം ചെയ്യാതെ തന്നെ പട്ടികജാതിക്കാരായവരുടെ മേല്‍ കുററം കെട്ടി ഏല്‍പ്പിക്ക പ്പെടുന്ന അനേകം സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് പറവൂര്‍ പോലീസ് സ്റ്റേഷനില്‍ 2013 മാര്‍ച്ച് 26 ന് കൊച്ചുമുഹമ്മദ് എന്നയാള്‍ ബിനോജ് എന്ന പട്ടികജാതിക്കാരന്റെ പേരില്‍ കളള പരാതി നല്‍കി. അയാള്‍ വാടക വീട് ഒഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന ഫാന്‍, അലമാര മുതലായ സാധനങ്ങള്‍ എടുത്തു കൊണ്ടുപോയി എന്നതായിരുന്നു പരാതി. ഇതില്‍ എസ്.ഐ. അന്വാഷണം നടത്തി പ്രസ്തുത സാധനങ്ങള്‍ വിലയ്ക്കു വാങ്ങിയതിന്റെ അസ്സല്‍ ബില്‍ ഹാജരാക്കുവാന്‍ ബിനോജിനു കഴിഞ്ഞു. എന്നാല്‍ ഇയാളെ വീണ്ടും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിളിപ്പിക്കുകയും മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. മാസങ്ങളായി ഇയാള്‍ ചികില്‍സയിലാണ്. ഇതിനെതിരെ ജനരോക്ഷം ഇരമ്പി. വിവിധ പട്ടികജാതി സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് വരെ നടന്നു. ഒരു പക്ഷേ, തുടര്‍ന്നുളള പോരാട്ടത്തില്‍ സി.ഐ. സസ്‌പെന്റ് ചെയ്യപ്പെട്ടേക്കാം. പക്ഷേ, അതൊരു അഡ്ജസ്റ്റുമെന്റു മാത്രമാണ്. കുറച്ചു ദിവസം കഴിയുമ്പോള്‍ ആരും അിറയാതെ അയാള്‍ സര്‍വ്വീസില്‍ തിരിച്ചടുക്കപ്പെടുകയും അച്ചടക്ക നടപടി തേഞ്ഞുമാഞ്ഞു പോകുകയും ചെയ്യും. സര്‍ക്കാര്‍ കേസ് രജിസ്‌ററര്‍ ചെയ്താലാകട്ടെ, പട്ടികജാതിക്കാരന്‍ വര്‍ങ്ങളോളം കോടതി കയറി ഇറങ്ങിയാലും അവസാനം തെളിവിന്റെ അഭാവത്തില്‍ കേസ് വെറുതെ വിടുകയും പ്രതി രക്ഷപ്പെടുകയും ചെയ്യുക എന്നുളളതാണ് ചരിത്ര അനുഭവം. അതായത് നിയമം എപ്പോഴും പട്ടികജാതി-വര്‍ഗ്ഗ ദനതയ്‌ക്കെതിരായി ഉപയോഗിക്കാനുളള മര്‍ദ്ദനോപകര ണമായി മറ്റു സമുദായാംഗങ്ങളുടെ കയ്യില്‍ സുരക്ഷിതമാണ്. അങ്ങിനെ ഈ മൗലികവകാശവും പട്ടികജാതി-വര്‍ഗ്ഗ ജനതയ്ക്കു നിഷേധിക്കപ്പെടുന്നു.

അനുഛേദം 21

ജീവന്റെയും വ്യക്തി സ്വാതന്ത്രത്തിന്റെയും സംരക്ഷണം

''നിയമം വഴി സ്ഥാപിച്ചിട്ടുളള നടപടി ക്രമം അനുസരിച്ചല്ലാതെ യാതൊരാളുടെയും ജീവനോ വ്യക്തി സ്വാതന്ത്രമോ ഇല്ലാതാക്കാന്‍ പാടുളളതല്ല.'' മേല്‍ വിവരിച്ചിട്ടുളള കാര്യം തന്നെ എടുക്കുക. ശ്രീ. ബിനോജിന്റെ സൈര്യമായി ജീവിക്കുവാനുളള വ്യക്തി സ്വാതന്ത്രത്തിനു മേലുളള കടന്നു കയററമാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ. അബ്ദുള്‍ സലാം നടത്തിയത്. അയാള്‍ കുററം ചെയ്തട്ടില്ലെന്ന് തെളിഞ്ഞതാണ്. വാടക വീട്ടില്‍ നിന്നും ശ്രീ. ബിനോജ് കടത്തികൊണ്ടു പോയെന്നാരോപിക്കുന്ന ഫാന്‍ മുതലായവ അയാള്‍ വാങ്ങിയ ബില്ലും ഗ്യാരണ്ടി കാര്‍ഡും സഹിതം എസ്.ഐ മുമ്പാകെ ഹാജരാക്കി നിരപരാധിത്വം തെളിയിച്ചതാണ്. എന്നിട്ടും അയാളുടെ ജീവന്‍ അപകടപ്പെടുത്തുന്ന തരത്തിലുളള മൃഗീയമായ മര്‍ദ്ദനമാണ് യാതൊരു കാരണവും കൂടാതെ നടത്തിയത്. മര്‍ദ്ദനമേററ ശേഷം ആദ്യം കൊണ്ടു ചെന്ന പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അവിടുത്തെ ചികില്‍സാ മതിയാവില്ലെന്നും വിദഗ്ദ്ധ ചികില്‍സാ ആവശ്യമാണെന്നും കാണിച്ച് വിദഗ്ദ്ധ ചികില്‍സക്കായി റഫര്‍ ചെയ്യുകയാണുണ്ടായത്. തുടര്‍ന്ന് പ്രൈവററാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും അവിടെത്തെ ചികില്‍സയും മതിയാവില്ലെന്ന് കാണിച്ച് വീണ്ടും റഫര്‍ ചെയ്തിട്ട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. എത്ര ക്രൂരമായിരുന്നു ഈ മര്‍ദ്ദനം എന്ന് ഈ വസ്തുതകള്‍ തെളിയിക്കുന്നു. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് വ്യാജമായി കുററങ്ങള്‍ ചുമത്തി പട്ടികസമൂഹത്തിലെ ആളുകളെ അറസ്‌ററു ചെയ്യുകയും രക്ഷപ്പെടാനാവാത്ത വിധത്തിലുളള വകുപ്പുകളില്‍ കേസ് ചാര്‍ജ്ജ് ചെയ്യുകയും തെളിയാതെ കിടക്കുന്ന കേസുകളില്‍ പ്രതിചേര്‍ത്ത് അവരെ കുടുക്കുകയും സമൂഹത്തിനു മുന്നില്‍ അവരെ സാമൂഹ്യ ദ്രേഹികളായി മുദ്രകുത്തുകയും തല്ലിചതക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവില്‍ പോലീസ് സ്റ്റേഷനുകളില്‍ നടന്നു വരുന്നത്. ഇതിനെതിരെയുളള പ്രതിക്ഷേധങ്ങള്‍ വെറും വനരോദനങ്ങളായി അവശേഷിക്കുന്നു. അങ്ങിനെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികവകാശം 21-ാം അനുഛേദവും നിഷേധിക്കപ്പെടുന്നു. 
അനുഛേദം 21(എ)

വിദ്യാഭ്യാസത്തിനുളള അവകാശം

''ആറ് മുതല്‍ പതിനാലു വയസ്സുവരെയുളള എല്ലാ കുട്ടികള്‍ക്കും രാഷ്ട്രം നിയമം വഴി തീരുമാനിക്കു ന്നതും അങ്ങിനെയുളള രീതിയില്‍ സൗജന്യവും നിര്‍ബ്ബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ് എന്നു പറയുന്നു.

ഒരു രാഷ്ട്രത്തിന്റെ ഭാവി അതിന്റെ ഉയര്‍ച്ച-വികസനം എന്നിവ നിശ്ചയിക്കുന്നത് ആ രാജ്യത്തെ ജനതയുടെ വിദ്യാഭ്യാസ നിലവാരമാണ്. സാസ്‌ക്കാരികമായ ഉന്നമനം അതിലൂടെ ഉണ്ടാകുന്ന സാമൂഹ്യമായ അച്ചടക്കം സമാധാനപരമായ സഹവര്‍ത്തിത്വം വ്യവസായിക വാണിജ്യ കാര്‍ഷിക പുരോഗതി, സാമ്പത്തീകമായ ഉന്നമനം, രാജ്യതന്ത്രജ്ഞത, പ്രതിരോധം അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയെല്ലാം ആ രാജ്യത്തെ ജനതയുടെ വിദ്യാഭ്യാസ നിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം പട്ടികജാതി പട്ടികവര്‍ഗ്ഗ ജനത പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാതെ അത്ര അധ:സ്ഥിതാവസ്ഥയിലാണ്. പൊതു സമൂഹത്തില്‍ മാന്യമായി ജീവിക്കുവാനോ സാങ്കേതിക ജ്ഞാനം അധികമായി ആവശ്യമില്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെടാനോ വര്‍ത്താമാന പത്രം വായിച്ച് സാമൂഹ്യാവസ്ഥ മനസിലാക്കുവാനോ ഒക്കെ പ്രാഥമിക വിദ്യാഭ്യാസം ആവശ്യമാണ്. ആ പ്രാഥമിക വിദ്യാഭ്യാസം ഏതെങ്കിലും അവശന്‍മാരും ആര്‍ത്തന്‍മാരുമായ ആലംമ്പഹീനരുമായ ജനത്തിനു കരഗതമാകുന്നതിനും വേണ്ടിയാണ് പ്രൈമറി വിദ്യാഭ്യാസം മൗലിവകാശമായി ഭരണഘടന പ്രഫ്യാപിച്ചത്. ഇവിടെ വിദ്യാഭ്യാസം രണ്ടു തട്ടുകളിലാണ്. പളമുളളവന്‍ എന്‍.സി.ഇ.ആര്‍.ടി പോലുളള സിലബസിലൂടെ വിലവാരമുളള വിദ്യാഭ്യാസവും അല്ലാത്തവന് സര്‍ക്കാര്‍ സ്‌ക്കൂളിലെ സര്‍വാണി വിദ്യാഭ്യാസവും. പട്ടിക വിഭാഗം ജനത വിദ്യ ആഭ്യസിക്കുന്നത് സര്‍ക്കാര്‍ സ്‌ക്കൂളുകളിലാണ്. 1990 മാര്‍ച്ച് 5 മുതല്‍ 9 വരെ തായ്‌ലന്റിലെ ജോംതിയാനില്‍ ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ അംഗീകരിച്ച ഏവര്‍ക്കും വിദ്യാഭ്യാസമെന്ന ജോംതിയാന്‍ തിയറി അനുസരിച്ചുളള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നല്‍കുന്നത്. ജോംതിയാന്‍ തിയറിപ്രകാരം അതിജീവനത്തിനുളള സാമര്‍ത്ഥ്യം ജനങ്ങള്‍ സ്വയം ആര്‍ജ്ജിച്ചേ മതിയാകൂ. അതുപ്രകാരം പഠനം ഒരു സ്വയം പരിശീലനമാണ്. വിദ്യാഭ്യാസം എന്നൊന്നില്ല. പരീക്ഷകളും അച്ചടക്കവും, സാങ്കേതികതയും തോല്‍വിയും വിജയവും അക്ഷരങ്ങളും അക്കങ്ങളും, ജ്ഞാനവും വിവേകവും, ഇല്ലാത്ത വിവിധയിനം പണികള്‍ ചെയ്യാനുളള കഴിവും മനോഭാവവും സൃഷ്ടിച്ചെടുക്കല്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടക്കുന്നത്. ഒന്നാം ക്ലാസില്‍ ചേരുന്ന ഒരു കുട്ടി യാതൊരു ക്ലാസിലും തോല്‍ക്കാതെ പത്താംക്ലാസുവരെ എത്തണമെന്ന് നിബന്ധം പിടിക്കുമ്പോള്‍ അദ്ധ്യാപകരെ അവരുടെ ഉത്തരവാതിത്വത്തില്‍ നിന്നൊഴിവാകുകയാണ് ചെയ്യുന്നത്. അന്നന്നുളള അപ്പത്തിനു വേണ്ടി പകലന്തിയോളം പണിയെടുക്കുന്ന പട്ടിക സമൂഹത്തിനാകട്ടെ മക്കള്‍ക്ക് വിദ്യ പകര്‍ന്നു കൊടുക്കാനുളള ജ്ഞാനമോ സാഹചര്യങ്ങളോ സമയമോ ഇല്ല. ആകെ അറിയുന്നത് അവന്റെ കുട്ടി ഓരോ വര്‍ഷവും ഓരോ ക്ലാസും ജയിച്ചു കയറുന്നുണ്ടോ മാത്രമാണ്. അതോടെ തന്റെ കുട്ടി പഠിക്കുന്നുണ്ടെന്നുളള വിശ്വാസത്തിലും മനസമാധാനത്തിലും ശുഭാപ്തി വിശ്വാസത്തിലും അവര്‍ എത്തിച്ചേരുന്നു. അവസാനം പത്താം ക്ലാസില്‍ തോററ് പ്രാദേശിക ഭാഷയുടെ അക്ഷരമാല പോലും അിറയപ്പെടാത്തവനായി സമൂഹത്തില്‍ ഒന്നിനും കൊളളാത്തവനായി പുറംന്തളള പ്പെടുകയാണ് ചെയ്യുന്നത്. യാതൊരു തൊഴില്‍ മേഖലയ്ക്കും ഇയ്യാളെ ആവശ്യമില്ല. ആകെ ചെയ്യാന്‍ കഴിയുന്നത് കൃഷിപ്പണിയും കെട്ടിടനിര്‍മ്മാണ ജോലിയും മാത്രമാണ്. കൃഷി ഭൂമി കുറഞ്ഞു വരികയും യന്ത്രവല്‍ക്കരിക്കപ്പെടുകയും ചെയ്തതോടുകൂടി ആ രംഗത്തും തൊഴിലില്ല. ആകെ അഭയം കെട്ടിട നിര്‍മ്മാണ രംഗം മാത്രം. പരമ്പരാഗത തൊഴിലുകളുടെ കാര്യം നേരത്തെ സുചിപ്പിച്ചു.

അങ്ങിനെ പ്രൈമറി വിദ്യാഭ്യാസം പോലും ആര്‍ജ്ജിക്കാന്‍ കഴിയാത്ത വിധത്തില്‍ പട്ടികജാതി-വര്‍ഗ്ഗ സമൂഹത്തെ അതി വിദഗ്ദ്ധമായി ഭരണവര്‍ഗ്ഗം വഞ്ചിച്ചു കൊണ്ടിരിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികവകാശമായ 21-ാം അനുഛേദവും അങ്ങിനെ നിഷേധിക്കപ്പെടുന്നു.

അനുഛേദം 22

ചില സംഗതികളില്‍ അറസ്‌ററിനും തടങ്കലിനും എതിരായി സംരക്ഷണം


1. അറസ്‌ററുചെയ്ത യാതൊരാളെയും ആ അറസ്‌ററിനുളള കാരണങ്ങള്‍ കഴിയുന്നത്ര വേഗം അിറയിക്കാതെ തടങ്കലില്‍ സൂക്ഷിക്കുകയോ അയാള്‍ക്കിഷ്ടമുളള ഒരഭിഭാഷകനുമായി ആലോചിക്കുവാനും അദ്ദേഹം മുഖേന പ്രതിപാതിക്കുവാനുളള അവകാശം നിഷേധിക്കുവാനോ പാടുളളതല്ല. 
2.
2. അറസ്‌ററു ചെയ്യുകയും തടങ്കലില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുളള ഏതൊരാളെയും ഏററവും അടുത്ത മജിസ്‌ട്രേററിന്റെ മുമ്പാകെ അറസ്‌ററു ചെയ്ത സ്ഥലത്തുനിന്ന് ആ മജിസ്ട്രററിന്റെ കോടതിയിലേക്കുളള യാത്രക്കു വേണ്ട സമയം ഒഴിച്ച് ആ അറസ്‌ററിനു ശേഷം 24 മണിക്കൂര്‍ സമയത്തിനുളളില്‍ ഹാജരാക്കേണ്ടതും അങ്ങനെയുളള യാതൊരാളെയും ഒരു മജിസ്‌ട്രേററിന്റെ അധികാരം കൂടാതെ മേല്‍പ്പറഞ്ഞ കാലാവധിക്കു ശേഷം തടങ്കലില്‍ സൂക്ഷിക്കുവാന്‍ പാടില്ലാത്തതാകുന്നു.

ഭരണഘടന ഇങ്ങളെ അനുശാസിക്കുന്നതെങ്കിലും കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും അറസ്‌ററ് ചെയ്യപ്പെടുന്ന പട്ടികജാതിക്കാര്‍ പല കേസുകളിലും യഥാര്‍ത്ഥ പ്രതികള്‍ പോലുമല്ല. ഇനി പ്രതികളാണെങ്കില്‍ തന്നെ ഭരണഘടന അനുശാസിക്കും വിധം വക്കീലിനെ കാണുന്നതിനോ കൃത്യ സമയത്ത് എതിര്‍ വാദം ഉന്നയിക്കുന്നതിനോ, ആ അവസരം കൊടുക്കാതെ ഭരണഘടന നിര്‍ദ്ദേശിക്കും വിധം 24 മണിക്കൂറിനകം മജിസ്ട്രററിന്റെ മുമ്പില്‍ ഹാജരാകാതെ അന്യായമായി നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കുകയും പോലീസുകാര് പഠിപ്പിച്ചിട്ടുളള സകലവിധ മര്‍ദ്ദന മുറകളും അരങ്ങേറുകയും ചെയ്യുന്നു. അവസാനം ഇവരില്‍ ഭൂരിഭാഗം പേരും രോഗികളായി മാറുന്നു. ചിലര്‍ കസ്‌ററഡിയില്‍ തന്നെ മരിക്കുന്നു. മററു ചിലര്‍ ആത്യമഹത്യ ചെയ്യുന്നു.

തിരുവനന്തപുരം സെക്രട്ടറിയേററിന്റെ നടയില്‍ നടന്ന ആദിവാസി സമരത്തിലെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ സര്‍ക്കാര്‍ പാലിക്കാതിരുന്നതിലാണ് മുത്തങ്ങയില്‍ ആദിവാസികള്‍ കുടില്‍ കെട്ടി താമസമാക്കിയത്. അതിന് സര്‍ക്കാര്‍ നേരിട്ടത് വെടിയുണ്ടകള്‍ കൊണ്ടാണ്. ആ കലാപത്തില്‍ എത്ര പേര്‍ മരിച്ചുയെന്ന് കൃത്യമായ കണക്കുകള്‍ ഇന്നും പുറത്തുവന്നിട്ടില്ല. ആ കലാപത്തോടനുബ ന്ധിച്ച് 2003 ഫെബ്രുവരി 19-ാം തിയതി സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി ആദിവാസികളെ അറസ്‌ററു ചെയ്തിട്ട് കോടതിയില്‍ ഹാജരാക്കിയത് 22-ാം തിയതി മാത്രമാണ്. ആദിവാസി നേതാവ് ജാനുവിന്റെ, അടികൊണ്ട് വീര്‍ത്തമുഖം ടിവിയിലും പത്രങ്ങളിലും കണ്ടത് ഇന്നും മനസില്‍ മായാതെ കിടക്കുന്നു. ഈ മൂന്നു ദിവസങ്ങളും പോലീസ്, നിരപരാധികളും നിരാലബരുമായ ആദിവാസികളെ അന്യായമായി കസ്‌ററഡിയില്‍ വച്ച് പീഢിപ്പിക്കുകയായിരുന്നു. 

2003 ല്‍ എറണാകുളം ജില്ലയിലെ ഞാറക്കല്‍ പോലീസ് സ്റ്റേഷനില്‍ ശരവണന്‍ എന്ന പട്ടികജാതിക്കാരനെ ഒരു കളവു കേസില്‍പ്പെടുത്തി ഏഴു ദിവസത്തോളം മജിസ്‌ട്രേററിന്റെ മുമ്പില്‍ ഹാജരാക്കാതെ അന്യായ തടങ്കലില്‍ വച്ചു പീഢിപ്പിച്ചു. മാനസീകമായി തകര്‍ന്നു പോയ ആ പാവം ആത്മഹത്യ ചെയ്തു. ഇതു നാട്ടില്‍ വലിയ കോളിളക്കം ഉണ്ടാക്കി.

ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയും നേതാവിന്റെ പരാതിയില്‍ പട്ടികജാതിക്കാരനായ മൂന്നു പേരെ മുനമ്പം പോലീസ് അറസ്‌ററ് ചെയ്ത സംഭവം മാതൃഭൂമി അടക്കമുളള പത്രങ്ങള്‍ ഫോട്ടോ സഹിതം റിപ്പോര്‍ട്ടു ചെയ്തതാണ്. എന്നിട്ടും മൂന്നു ദിവസം കഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കിത്.

അങ്ങനെ ഭരണഘടന അനുശാസിക്കുന്ന പരിരക്ഷ പട്ടികജാതി-വര്‍ഗ്ഗ ജനതയുടെ കാര്യമാകുബോള്‍ വ്യക്തമായി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. അത് പുസ്തക താളുകളില്‍ ഉറങ്ങുകയാണ് ചെയ്യുന്നത്-പ്രവൃത്തി പഥത്തില്‍ എത്തുന്നില്ല. അതിനു കാരണം ഈ സമൂഹം പട്ടികജാതി വര്‍ഗ്ഗ ജനതയെ ഇന്‍ഡ്യന്‍ പൗരന്‍മാരായി അംഗീകരിക്കുന്നില്ലെന്നുളളതു തന്നെയാണ്.

ഭരണഘടനയില്‍ അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ അനുഛേദം 14 മുതല്‍ 35 വരെയാണ്. അതില്‍ 14 മുതല്‍ 17 വരെ സമത്വത്തിനുളള അവകാശങ്ങളും 19 മുതല്‍ 22 വരെ സ്വാതന്ത്രത്തി നുളള അവകാശങ്ങളും 23 മുതല്‍ 24 വരെ ചൂഷണത്തിനെതിരെയുളള അവകാശങ്ങളുമാണ്. മേല്‍പ്പറഞ്ഞവയാണ് പട്ടികജാതി-വര്‍ഗ്ഗ ജനതയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കു ന്നത്. 14 മുതല്‍ 22 വരെയാണ് (18 ഒഴികെ) അവയെല്ലാം നിഷേധിക്കപ്പെടുന്നതായി നാം കണ്ടു കഴിഞ്ഞു. അതായത് സ്വാതന്ത്ര പരമാധികാര രാഷ്ട്രത്തിനകത്ത് പൗരാവകാശങ്ങളില്ലാത്ത ഒരു ജനതയാണ് പട്ടികജാതി-വര്‍ഗ്ഗ ജനത, പൗരാവകാശങ്ങളില്ലാത്തവര്‍ വെറും അടിമകളാണ്. അടിമകളുടെ ക്ഷേമം ഉടമകള്‍ക്കാവശ്യമുണ്ട്. കാരണം സമ്പത്തുല്‍പ്പാദനവും ഉടമയുടെ നിലനില്‍പ്പും അടിമയുടെ ക്ഷേമത്തിലാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നത്. മററുളള ജാതിക്കാര്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ ഉന്നതിക്കുതകുന്ന പരിപാടികള്‍ (സ്വത്തുസമ്പാദനം ഉള്‍പ്പെടെ) നടപ്പിലാക്കുമ്പോള്‍ പട്ടിക സമൂഹത്തിനായി സര്‍ക്കാര്‍ വെറും ക്ഷേമ പദ്ധതികള്‍ മാത്രമാണ്. അതു കൊണ്ട് ഈ സമൂത്തിനാവശ്യം ക്ഷേമ പദ്ധതികളല്ല, ഭരണഘന അനുശാസിക്കുന്ന മൗലിക അവകാശങ്ങളാണ്. അടിമത്വത്തില്‍ നിന്നുളള മോചന മാണ്. സ്വാതന്ത്രമാണ് അതിനായ് നടക്കുന്ന അവകാശ പോരാട്ടങ്ങളെ സ്വാതന്ത്രത്തിനുളള സമരമായി തിരിച്ചറിഞ്ഞ് ഏറ്റെടുത്ത് നടത്തേണ്ടുന്ന ബാദ്ധ്യത പട്ടികജാതി-വര്‍ഗ്ഗ ജനതയിലെ ഓരോ പൗരനുമുണ്ട്. അതിനായി ജാഗ്രതയോടെ മുന്നേറുക. സ്വാതന്ത്ര്യം നമ്മുടെ ലക്ഷ്യമായിരി ക്കട്ടെ! ഓരോ ശ്വാസവും തുടിക്കുന്നത് സ്വാതന്ത്രത്തിനു വേണ്ടിയായിരിക്കട്ടെ! പുതിയൊരു പുലരിക്കു വേണ്ടിയായിരിക്കട്ടെ! കൊടുങ്കാററിനു മുമ്പുളള ഈ ശാന്തത ഭഞ്ജിക്കപ്പെട്ടെ! സ്വാതന്ത്ര സമരഭേരി മുഴങ്ങട്ടെ! ഇതിനായി ഡോ. അംബേദ്കര്‍ വെട്ടിതെളിയിച്ച പാത നമ്മുക്ക് മാര്‍ഗ്ഗമാകട്ടെ! അദ്ദേഹത്തിന്റെ ചിന്തകള്‍ നമ്മുക്ക് വെളിച്ചമാകട്ടെ! അദ്ദേഹം ഉദ്‌ബോധിപ്പിച്ചതുപോലെ പഠിക്കുക സംഘടിക്കുക പോരാടുക.