"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 13, ചൊവ്വാഴ്ച

സാമൂഹ്യനീതി അട്ടിമറിക്കുന്ന എയ്ഡഡ് വിദ്യാലയങ്ങള്‍ - വി വി ഗിരി


സംസ്ഥാനത്ത് വളരെയധികം ഒച്ചപ്പാടിനും വിവാദങ്ങള്‍ക്കും തിരികൊളുത്തിക്കൊണ്ട് ഹയര്‍ സെക്കണ്ടറി തലത്തില്‍ അനുവദിച്ച 699 ബാച്ചുകളില്‍ 285 എണ്ണം റദ്ദുചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചി രിക്കുന്നു. അനുവദിച്ച 699 ബാച്ചുകളില്‍ 285 എണ്ണം റദ്ദുചെയ്യാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട സര്‍ക്കാരിന് മുമ്പില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. 285 ബാച്ചുകള്‍ റദ്ദാക്കികൊണ്ട് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ട തീരുമാനം ഒരവസാന വാക്കാണെന്ന് തെറ്റിദ്ധരിക്കരുത്. ഭരണം നിയന്ത്രിക്കുന്ന വരുടെ രാഷ്ട്രീയ, സാമുദായിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിനാലും, പലര്‍ക്കും ഇതിനകം നല്‍കിയ ഉറപ്പുകള്‍ പാലിക്കേണ്ടതുകൊണ്ടും ഇപ്പോള്‍ റദ്ദാക്കിയതിലധികം ബാച്ചുകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സമീപഭാവിയില്‍ തന്നെ ഉണ്ടാകുമെന്നത് തര്‍ക്കമറ്റകാര്യമാണ്. അടുത്ത അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ പുതിയ ബാച്ചുകള്‍ അനുവദിച്ചു നല്‍കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പുതിയ എയ്ഡഡ് ആരംഭിക്കുന്നതിലും നിലവിലുള്ള വിദ്യാലയങ്ങളില്‍ കൂടുതല്‍ ബാച്ചുകളും കോഴ്‌സുകളും അനുവദിക്കുന്നതിലും എന്തുകൊണ്ടാണ് സര്‍ക്കര്‍ ഇത്രയധികം താല്‍പ്പര്യവും നിര്‍ബദ്ധബുദ്ധിയും കാണിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണ മെങ്കില്‍, വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്നവര്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ഏതൊക്കെ വിധത്തിലാണ് തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്നതെന്ന് ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.

കേരളത്തില്‍ സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകള്‍ എല്ലാ അര്‍ത്ഥത്തിലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ടാണ് എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതേ നിരക്കില്‍ എയ്ഡഡ് ജീവനക്കാര്‍ക്കും ലഭിക്കുന്നു. ഒരു വ്യത്യാസമുള്ളത് നിയമനത്തിന്റെ കാര്യത്തില്‍ മാത്രമാണ്. സര്‍ക്കാര്‍ സര്‍വ്വീസിലെ നിയമനങ്ങള്‍ മെരിറ്റും സാമുദായിക സന്തുലനവും പാലിച്ച് പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുമ്പോള്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ പ്രത്യേകിച്ച് മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ദശലക്ഷങ്ങള്‍ കോഴവാങ്ങി സ്ഥാപനങ്ങളുടെ മേധാവികള്‍ നേരിട്ടു നടത്തുന്നു. നിയമനം നടത്തുന്ന തിന് സര്‍ക്കാര്‍, സര്‍വകലാശാല പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഒരു സമിതി രൂപീകരിക്കുമെങ്കിലും ഈ സമിതിയെ വെറും നോക്കുകുത്തിയാക്കി കൊണ്ട്  മാനേജ്‌മെന്റുകള്‍ അവരുടെ താല്‍പ്പര്യാനുസൃതം നിയമനങ്ങള്‍നടത്തുകയാണ് ചെയ്യുന്നത്.

കോളേജ് അധ്യാപക നിയമനത്തിന് നിലവില്‍ നിശ്ചയിച്ചിട്ടുള്ള കോഴ 50 ലക്ഷം വരെയാണ്. ഹയര്‍സെക്കണ്ടറി തലത്തില്‍ 25 ലക്ഷം രൂപ വരെയും, ഹൈസ്‌ക്കൂള്‍ തലത്തില്‍ 15 ലക്ഷവും നല്‍കിയാലെ നിയമനം ലഭിക്കുകയുള്ളൂ. കോഴ നല്‍കുന്ന ഉദ്യോഗാര്‍ത്ഥിയും വാങ്ങുന്ന മാനേജരും അഴിമതിക്കെതിരെ പടപൊരുതുന്നെന്ന് അവകാശപ്പെടുന്ന രാഷട്രീയക്കാരും എന്തിന്, അഴിമതിക്കാരെ പിടികൂടി തുറുങ്കിലടക്കാന്‍ അധികാരപ്പെട്ട അഴിമതി നിരോധന വകുപ്പിലെ ഉദ്യോഗസ്ഥരും പരസ്യമായി സമ്മതിക്കുന്ന കണക്കുകളാണിവ. സര്‍ക്കാരിന്റെ അറിവോടും ഒത്താശയോടും സ്വകാര്യ വിദ്യാലയങ്ങളില്‍ സുതാര്യമായി നടക്കുന്ന ഈ തീവെട്ടിക്കൊള്ള ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നേരിട്ട് ശമ്പളവും പെന്‍ഷനും നല്‍കുന്ന ഡയറക്ട് പേയ്‌മെന്റ് സ്‌കീം  നിലവില്‍ വന്ന 1972 ല്‍ ആരംഭിച്ചതാണ് പണം വാങ്ങിനിയമനം നടത്തുന്ന ഈ കോഴ  സംസ്‌ക്കാരം. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ വന്‍തുക കോഴ വാങ്ങി തന്റെ സ്ഥാപനത്തില്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ആജീവനാന്തം ശമ്പളവും പെന്‍ഷനും നല്‍കുന്ന ഇത്തരത്തിലുള്ള തലതിരിഞ്ഞ സാമൂഹ്യ വ്യവസ്ഥ 'ദൈവത്തിന്റെ സ്വന്തം നാടാ'യ കേരളത്തിലല്ലാതെ ലോകത്ത് മറ്റൊരു പരിഷ്‌കൃത 
സമൂഹത്തിലും നടക്കുകയില്ലെന്ന് തീര്‍ച്ചയാണ്. സംസ്ഥാനത്ത് ലോവര്‍ പ്രൈമറി മുതല്‍ കോളേജ് തലം വരെ 8700 ഓളം വിദ്യാലയങ്ങളാണ് എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഈ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന 1,25,000 ല്‍ പ്പരം ജീവനക്കാരില്‍ 4500 ഓളം പേര്‍ ഓരോ വര്‍ഷവും പെന്‍ഷന്‍ പറ്റി പിരിഞ്ഞു പോകുമെന്നാണ് കണക്കാക്കുന്നത്. പ്രൊട്ടക്ടഡ് അദ്ധ്യാപകരെ നിലനിര്‍ത്തേണ്ടതിനാല്‍ 4000 ന് താഴെ പെന്‍ഷന്‍ ഒഴിവുകളിലേയ്ക്ക് മാത്രമേ നിയമനം നടക്കുകയുള്ളു. ചില വിഭാഗം ക്രിസ്ത്യന്‍, മുസ്‌ളീം മാനേജ്‌മെന്റുകള്‍ കോഴ വാങ്ങാതെ പ്രധാനമായും
സാമുദായികാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത് എന്നതിനാല്‍ 3000 ഓളം പെന്‍ഷന്‍ ഒഴിവുകളിലേയ്ക്ക് മാത്രമാണ് കോഴ വാങ്ങിയുള്ള നിയമനം നടക്കുന്നത്. ഈ നിയമനങ്ങള്‍ക്ക് ശരാശരി 20 ലക്ഷം കണക്കാക്കിയാല്‍ പോലും 600 കോടി രൂപയുടെ കോഴ കച്ചവടമാണ് ഓരോ വര്‍ഷവും നടന്നുവരുന്നത്. റിട്ടയര്‍മെന്റ് ഒഴിവുകളിലേയ്ക്കുള്ള നിയമനങ്ങളില്‍ കൈകടത്താന്‍ സാധാരണ നിലയ്ക്ക് രാഷ്ട്രീയക്കാരെ മാനേജ്‌മെന്റുകള്‍ അനുവദിക്കാറില്ല. അതായത് റിട്ടയര്‍മെന്റ് നിയമനങ്ങളില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് യാതൊരു നേട്ടവും ഉണ്ടാകുന്നില്ല എന്നര്‍ത്ഥം. അവിടെയാണ് വര്‍ഷംതോറും പുതിയ എയ്ഡഡ് സ്ഥാപനങ്ങളും ബാച്ചുകളും കോഴ്‌സുകളും അനുവദിക്കാന്‍ സര്‍ക്കാര്‍ അത്യുത്സാഹം കാണിക്കുന്നതിലെ രാഷ്ട്രീയതാല്‍പ്പര്യം ഒളിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സര്‍ക്കാരുകള്‍ രൂപീകരിക്കുമ്പോള്‍ വിദ്യാഭ്യാസവകുപ്പിനുവേണ്ടി  ഘടകകക്ഷികള്‍ പിടിവലി നടത്തുന്നത് നാം കാണുന്നതാണ്. വിദ്യാഭ്യാസവകുപ്പിന്റെ പ്രധാന ആകര്‍ഷണം എയ്ഡഡ് മേഖലയുമായി ബന്ധപ്പെട്ട താല്‍പ്പര്യങ്ങളാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. പുതിയ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കുക, നിലവിലുള്ള സ്ഥാപനങ്ങളില്‍ പുതിയ ബാച്ചുകളും കോഴ്‌സുകളും അനുവദിക്കുപക, തുടര്‍നടപടിയായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുക - എയ്ഡഡ് മേഖലയില്‍ ദശകങ്ങളായി നടന്നുവരുന്ന ഈ പ്രക്രിയയിലൂടെ ഭരണാധികാരികള്‍ നേടിയെടുക്കുന്നത് അവരുടെ രാഷ്ട്രീയ, കച്ചവട, സാമുദായിക താല്‍പ്പര്യങ്ങളാണ്. സമുദായ സംഘടനകളുടെ വിദ്യാലയങ്ങളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചുനല്‍കുന്നതിലൂടെ സമുദായ നേതാക്കളെയും സമ്മര്‍ദ്ദഗ്രൂപ്പുകളെയും വരുതിയിലാക്കാനും സാധിക്കുന്നു. 

സംസ്ഥാനത്ത് ഈ വര്‍ഷം ഹയര്‍ സെക്കറി തലത്തില്‍ അനുവദിച്ച 699 ബാച്ചുകളില്‍ 500 ഉം സ്വകാര്യമേഖലയ്ക്കാണ് നല്‍കിയത്. ഘടകകക്ഷികളുടെയും എന്തിന്, സര്‍ക്കാര്‍ ധനകാര്യ വകുപ്പിന്റെ പോലും ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ  പ്രത്യേക താല്‍പ്പര്യം സംരക്ഷിക്കാന്‍ മന്ത്രിസഭ ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടത്. സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന ഒരു സര്‍ക്കാരാണ് ഓരോ വര്‍ഷവും നൂറുകണക്കിന് കോടികളുടെ അധികസാമ്പത്തിക ബാദ്ധ്യത ക്ഷണിച്ചുവരുത്തുന്ന ഈ തീരുമാനം എല്ലാ എതിര്‍പ്പുകളെയും തൃണവല്‍ഗണിച്ചുകൊണ്ട്  കൈക്കൊള്ളുന്ന തെന്നോര്‍ക്കണം. അദ്ധ്യാപകരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ, തല്‍ക്കാലം ഗസ്റ്റ് അദ്ധ്യാപകരെ നിയമിച്ച് അദ്ധ്യയനം നടത്തുമെ ന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും ഭംഗിവാക്കുമാത്രമാണ്. സ്ഥിരം  തസ്തികയല്ലാതെ ഗസ്റ്റ് തസ്തികകൊണ്ട്  മാനേജുമെന്റുകള്‍ക്ക് യാതൊരു സാമ്പത്തികനേട്ടവും ഉണ്ടാകില്ലെന്ന് ആര്‍ക്കാണറിയാത്തത്. ഗസ്റ്റ് അദ്ധ്യാപകരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച യുക്തമായ തീരുമാനം പിന്നീട് കൈക്കൊള്ളുന്നതാണ് എന്ന ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഉപാധിമാത്രം മതി വിദ്യാഭ്യാസവകുപ്പിന്റെ മനസ്സറിയാന്‍. സ്വകാര്യ മേഖലയില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി അനുവദിക്കാന്‍പോകുന്നത് കുറഞ്ഞത് 2000 അദ്ധ്യാപക തസ്തികകളാണ്. പ്ലസ് വണ്‍ കഴിഞ്ഞ പ്ലസ് ടു കൂടി കടന്നുവരുമ്പോള്‍ വീണ്ടും ആയിരത്തോളം തസ്തികകള്‍ സൃഷ്ടിക്കേണ്ടി  വരും. അതായത്, അടുത്ത ഒരു വര്‍ഷത്തിനുള്ള സ്വകാര്യ ഹയര്‍ സെക്കറി സ്‌ക്കൂളുകളില്‍ നടക്കാന്‍ പോകുന്നത് 3000ലധികം അദ്ധ്യാപക നിയമനങ്ങളാണ്. സര്‍ക്കാര്‍ തുല്യമായ ഈ സ്ഥിരം നിയമനങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് ഏറ്റവും കുറഞ്ഞത് 700 കോടിയുടെയെങ്കിലും അഴിമതി യാണ്. അനദ്ധ്യാപക നിയമനങ്ങളുടെ കണക്ക് ഇതിന് പുറമെയാണ്.

ടുജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരി തുടങ്ങി ലക്ഷം കോടികളുടെ കുഭകോണങ്ങള്‍ നടക്കുന്ന നമ്മുടെ രാജ്യത്ത്, ഇവിടെ എയ്ഡഡ് മേഖലയില്‍ നടക്കുന്ന ഏതാനും ആയിരം കോടികളുടെ അഴിമതിയെ അത്ര വലിയൊരു വിഷയമായോ അപരാധമായോ കാണേണ്ടതില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. അഴിമതിയെ നിസ്സാരവല്‍ക്കരിക്കുകയോ ന്യായീകരിക്കുകയോ ചിലപ്പോഴെങ്കിലും മഹത്വല്‍ക്കരിച്ചുകാണുകയോ ചെയ്യുന്നവര്‍  നമ്മുടെ നാട്ടില്‍ എയ്ഡഡ് മേഖലയില്‍ അഴിമതിക്കഥ കളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിരര്‍ത്ഥകമാണെന്നതിനാല്‍ ഈ നിലയ്ക്കുള്ള കുറിപ്പുകള്‍ തല്‍ക്കാലം ഇവിടെ നിര്‍ത്താം. എന്നാല്‍, എയ്ഡഡ് നിയമനങ്ങളില്‍ നടമാടുന്നതും നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതുമായ സാമുദായികവും സാമ്പത്തികവുമായ അസമത്വവും അനീതിയും പൊതുസമൂഹം ചര്‍ച്ച ചെയ്യുകയോ അല്‍പ്പമെങ്കിലും തിരുത്തപ്പെടുകയോ ചെയ്യാതെ പോകുന്നത് ഉത്ക്കണഠയു ളവാക്കുന്ന കാര്യമാണ്. സര്‍ക്കാരില്‍നിന്ന് ശമ്പളം പറ്റുന്ന എയ്ഡഡ് ഉദ്യോഗ ങ്ങളില്‍നിന്ന് സമ്പത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങളെ അകറ്റിനിര്‍ത്തുന്ന ജനാധിപത്യവിരുദ്ധ സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ ഇവിടുത്തെ പൊതു പ്രവര്‍ത്തകരോ സാംസ്‌ക്കാരിക നായകരോ പതിഞ്ഞസ്വരത്തില്‍ പോലും പ്രതികരിച്ചുകാണാറില്ല. വിദ്യാഭ്യാസ രംഗത്ത് നിനില്‍ക്കുന്ന സാമൂഹ്യ അരാജകത്വത്തെ കുറിച്ച് തികഞ്ഞ ബോധവാന്മാരാ ണെങ്കിലും, തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ഹനിക്കപ്പെടുകമോ എന്ന് ഭയന്ന് മൗനം ഭജിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ മനസ്സിലാക്കേണ്ട  ഒരു കാര്യമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങള്‍ മുതല്‍ ശ്രീനാരായണഗുരു തുടങ്ങിയ നവോത്ഥാന നായകരുടെ പ്രവര്‍ത്തന ഫലമായി കേരളം കൈവരിച്ച സാമൂഹ്യ പരിവര്‍ത്തനങ്ങളെയും പരിഷ്‌ക്കാരങ്ങളെയും തകിടം മറിക്കുന്ന ഒരു പ്രതിലോമ സാമൂഹ്യ വ്യവസ്ഥയെയാണ് എയ്ഡഡ് മേഖലയിലൂടെ നമ്മുടെ ഭരണാധികാരികള്‍ സംസ്ഥാന ത്ത് വളര്‍ത്തിക്കൊണ്ടു വരുന്നത്. കേരള സമൂഹത്തിന് താങ്ങാനാ വത്ത ഒരു സാമൂഹ്യ ദുരന്തത്തി ലേക്കാണ് നാം സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന സത്യം അവര്‍ കാണാതെ പോകുക യാണ്. അഥവാ കണ്ടാലും കണ്ടില്ലെന്നു നടിക്കുകയാണ്. 

സാമൂഹ്യനീതി അട്ടിമറിക്കുന്നു

സംസ്ഥാനത്താകെയുള്ള 153 എയ്ഡഡ് കോളേജുകളില്‍ ദേവസ്വം ബോര്‍ഡിന്റേതൊഴി കെയുള്ളവ ചില പ്രബലസമുദായങ്ങളുടെ കീഴിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളില്‍ ബഹുഭൂരിപക്ഷവും വിവിധ ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ക്രിസ്ത്യന്‍ സമുദായം കഴിഞ്ഞാല്‍ എന്‍.എസ്.എസിനും മുസ്ലീം സമുദായ സംഘടന കള്‍ക്കും തെറ്റില്ലാത്ത പ്രാതിനിധ്യമുണ്ട്. എസ്. എന്‍. ട്രസ്റ്റിന്റെ കീഴിലുള്ളത് 15 കോളേജുകളാണ്. 8500 ഓളം വരുന്ന സ്‌ക്കൂളുകള്‍, മുകളില്‍ പറഞ്ഞ കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍ക്ക് പുറമെ വ്യക്തികളു ടേയും  കുടുംബ ട്രസ്റ്റുകളുടെയും  ഉടമസ്ഥതയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇങ്ങനെ യുള്ള സ്‌ക്കൂളുക ളില്‍ കൂടുതലും മുസ്ലീം, നായര്‍ സമുദായങ്ങളില്‍പ്പെട്ടതാണ്. എസ്.എന്‍.ഡി.പി. യോഗത്തിനും എസ്.എന്‍. ട്രസ്റ്റിനുമായി സംസ്ഥാനത്താകെയുള്ളത് 35 സ്‌ക്കൂളുകള്‍ മാത്രമാണ്. ക്രിസ്ത്യന്‍, മുസ്ലീം, നായര്‍ സമുദായങ്ങളൊഴികെയുള്ള എല്ലാ സമുദായങ്ങള്‍ക്കുമായുള്ള കേവലം 400 ഓളം എയ്ഡഡ് വിദ്യാലയങ്ങള്‍ മാത്രമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, സംസ്ഥാനത്താ കെയുള്ള 8700 ഓളം എയ്ഡഡ് സ്ഥാപനങ്ങളില്‍ 95 ശതമാനവും 3 പ്രബല സമുദായങ്ങളുടെ ഉടമസ്ഥത യിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.

എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങളില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും മാനേജ്‌മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തില്‍ നിന്നായിരിക്കണമെന്ന് വ്യവസ്ഥയുണ്ട് . ക്രിസ്ത്യന്‍, മുസ്ലീം വിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങളിലും എന്‍.എസ്.എസിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും 50 ശതമാനമല്ല. മിറച്ച് ഏതാണ്ട്  മുഴുവന്‍ നിയമനങ്ങളും സ്വന്തം സമുദായത്തില്‍ നിന്നുതന്നെയാണ് നടത്തിവരുന്നത്. കോഴ വാങ്ങിയും വാങ്ങാതെയുമുള്ള എല്ലാ നിയമനങ്ങള്‍ക്കും സമുദായം തന്നെയാണ് പ്രധാന മാനദണ്ഡം. സ്വന്തം സമുദായത്തില്‍ വേണ്ടത്ര യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലാതെ വരുമ്പോള്‍ മറ്റ് സമുദായങ്ങളില്‍പ്പെട്ടവരെ പരിഗണിക്കുമെന്നുമാത്രം. വ്യക്തികളുടേയും ട്രസ്റ്റുകളുടെയും ഉടമസ്ഥതയിലുള്ള സ്‌ക്കൂളുകളില്‍ കച്ചവട താല്‍പ്പര്യത്തിനാണ് മുന്‍ഗണനയെങ്കിലും കോഴയോടൊപ്പം അവിടെയും ബന്ധുബലവും സമുദായ താല്‍പ്പര്യവും കൂടി കണക്കിലെടുത്തുമാത്രമേ നിയമനങ്ങള്‍ നടക്കാറുള്ളൂ. ചുരുക്കത്തില്‍ എയ്ഡഡ് മേഖലയില്‍ നടക്കുന്ന ഒട്ടുമുക്കാല്‍ നിയമന ങ്ങളും ക്രിസ്ത്യന്‍ മുസ്ലീം നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കാണ് ലഭിച്ചുവരുന്നതെന്നര്‍ത്ഥം.

എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങളെക്കുറിച്ചു പറയുമ്പോള്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് . സംസ്ഥാനത്തെ ജനസംഖ്യയുടെം 12 ശതമാനം വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരെ എയ്ഡഡ് പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നു. ദേവസ്വം ബോര്‍ഡിന്റേ തൊഴികെ മറ്റൊരു എയ്ഡഡ് കോളേജിലും കഴിഞ്ഞ 42 വര്‍ഷങ്ങള്‍ക്കിപ്പുറം  ഒരു പട്ടികജാതി ക്കാരനെയെങ്കിലും അദ്ധ്യാപകനായി നിയമിച്ചതായി അറിവില്ല.

ഇനി, എയ്ഡഡ് മേഖലയിലെ ജിവനക്കാരുടെ ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ ചെലവിടുന്ന കോടികളുടെ കണക്ക് ഒന്ന് പരിശോധിക്കാം. അതുകൂടി അിറയുമ്പോളേ എയ്ഡഡ് വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടക്കുന്ന സാമൂഹ്യനീതി നിഷേധം എത്ര കഠോരമാണെന്ന് മനസ്സിലാകുകയുള്ളൂ. സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലി നോക്കുന്ന 1,25,000 ഓളം ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് സര്‍ക്കാര്‍ ഖജനാവില്‍നിന്നും പ്രതിവര്‍ഷം ചെലവിടുന്നത് 10,000 കോടിയോളം രൂപയാണ്. 10,000 കോടിയെന്നാല്‍ സംസ്ഥാന വാര്‍ഷിക ബഡ്ജറ്റിന്റെ എട്ടിലൊന്ന് വിഹിതമാണ്. സംസ്ഥാന ഖജനാവ് എന്നാല്‍ എന്താണ്? പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും മറ്റു സമുദായങ്ങളിലെ നിര്‍ദ്ധനരും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വിയര്‍പ്പൊഴുക്കി സര്‍ക്കാരിലേയ്ക്ക് നേരിട്ടും പരോക്ഷമായും നല്‍കുന്ന നികുതി പണമാണ് ഖജനാവിലേയ്ക്ക് ഒഴുകിയെത്തുന്നത്. സര്‍ക്കാര്‍ ഖജനാവ് സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ക്ഷേമപദ്ധതികള്‍ക്ക് കൂടുതലായി വിനിയോഗിക്കുക എന്നത് ലോകത്തെ എല്ലാ പരിഷ്‌കൃത സമൂഹങ്ങളും അംഗീകരിച്ചിട്ടുള്ള സാമൂഹിക സിദ്ധാന്തമാണ്. എന്നാല്‍ ഇവിടെ സംഭവിക്കുന്നതോ? എയ്ഡഡ് മേഖലയ്ക്കായി ഖജനാവില്‍ വകയിരുത്തിയിട്ടുള്ള 10,000 കോടി രൂപ ചില പ്രബലസമുദായങ്ങളിലെ വരേണ്യ വിഭാഗം സമര്‍ത്ഥമായി തട്ടിക്കൊണ്ടു പോകുന്നു. പാവപ്പെട്ടവനെ സമ്പന്നന്‍ ചൂഷണം ചെയ്യുന്ന ഈ തലതിരിഞ്ഞ വ്യവസ്ഥിതിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഇവിടുത്തെ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക സംഘടനാ നേതാക്കള്‍ ധൈര്യപ്പെടുന്നില്ല എന്നതാണ് ഏറ്റവും ദു:ഖകരമായിട്ടുള്ളത്. എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തുന്ന സമുദായ സംഘടനാ നേതാക്കളെ എന്തെങ്കിലും ആനുകൂല്യങ്ങളുടെ അപ്പക്കഷണങ്ങള്‍ എറിഞ്ഞുകൊടുത്തു നിശബ്ദരാക്കുന്ന തന്ത്രമാണ് അധികാരികള്‍ എക്കാലത്തും കൈക്കൊണ്ടിട്ടുള്ളത്. എയ്ഡഡ് മേഖലയിലെ നിയമനങ്ങളില്‍ നിന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെ ഒഴിവാക്കുന്നതിനെതിരെ പട്ടികജാതി ക്ഷേമവകുപ്പു കൈകാര്യം ചെയ്ത ഏതെങ്കിലും ഒരു മന്ത്രിയോ ജനപ്രതിനിധിയോ ഒരക്ഷരം ഉരിയാടിയതായി കേട്ടിട്ടില്ല. സംസ്ഥാനത്ത് എയ്ഡഡ് വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന സാമുദായിക അരാജകത്വത്തെ പരോക്ഷമായി പരാമര്‍ശിച്ച എ. കെ. ആന്റണിക്ക് മാസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പദം നഷ്ടപ്പെട്ട ചരിത്രം മറ്റ് രാഷ്ട്രീയ നേതാക്കള്‍ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. വി. എം. സുധീരനെപ്പോലുള്ള ആദര്‍ശവാദികള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതും തങ്ങള്‍ രാഷ്ട്രീയ രംഗത്തുനിന്നും തൂത്തെറിയപ്പെടുമെന്ന ഭയംകൊണ്ടു മാത്രമാണ്.

സര്‍ക്കാര്‍ നിയമനങ്ങള്‍ അല്‍പ്പം ചരിത്രം

കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അഴിമതിക്കും സാമുദായിക പക്ഷ  പാതത്തിനും സമാനമായ ഒരു സ്ഥിതിവിശേഷം കഴിഞ്ഞ നൂറ്റാണ്ടി ന്റെ ആദ്യ ദശകങ്ങള്‍ വരെ കേരളത്തില്‍ പ്രത്യേകിച്ച് തിരുവിതാംകൂറില്‍ നിലനിന്നിരുന്നു. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി സവര്‍ണ്ണ ഹിന്ദുക്കള്‍ കയ്യടക്കി വെച്ചിരുന്ന സ്ഥിതി. തികച്ചും അപലപനീയമായ ഈ അവസ്ഥ അവസാനിപ്പിച്ചു കിട്ടുന്നതിനുവേണ്ടി  എസ്.എന്‍.ഡി.പി. യോഗം ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങളുമായി സഹകരിച്ച് 1932 ല്‍ ആരംഭിച്ച പ്രക്ഷോഭണമാണ് നിവര്‍ത്തന പ്രക്ഷോഭണം. സര്‍ക്കാരിനെതിരെ ഉച്ചത്തില്‍ ശബ്ദിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത രാജഭരണ കാലത്താണ് ഈ സര്‍ക്കാര്‍ വിരുദ്ധ നിസ്സഹകരണ പ്രക്ഷോഭണം നടന്നത്. ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ മോട്ടോര്‍ വാഹനങ്ങളോ പ്രചരണത്തിന് ഉച്ചഭാഷിണിയോ ഇല്ലാതിരുന്നകാലം. എന്നിട്ടും കാല്‍നടയായും കാളവണ്ടിയിലും മൈലുകള്‍ താണ്ടി  പതിനായിരങ്ങള്‍ ആവേശത്തോടെ പ്രക്ഷോഭണത്തില്‍ പങ്കെടുത്തു. നാലുവര്‍ഷം നീണ്ടുനിന്ന പ്രക്ഷോഭണം ഒടുവില്‍ വിജയം കണ്ടു . സര്‍ക്കാര്‍ നിയമനങ്ങളില്‍ എല്ലാ സമുദായങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഒരു പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനമായി. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി രൂപീകരിച്ച പബ്ലിക് സര്‍വ്വീസ് കമ്മീഷനായിരുന്നു അത്. നാലുവര്‍ഷം നീണ്ടു നിന്ന നിവര്‍ത്തന പ്രക്ഷോഭണം വിജയം കണ്ടതിന്റെ പ്രധാനകാരണം അന്നത്തെ യോഗ നേതാക്കളുടെ നിസ്വാര്‍ത്ഥതയും, നിശ്ചയദാര്‍ഢ്യവും ത്യാഗസന്നദ്ധതയും, അര്‍പ്പണ ബോധവുമായിരുന്നു. 1932 ല്‍ പ്രക്ഷോഭണം ആരംഭിച്ചപ്പോള്‍ മിതവാദി സി. കൃഷ്ണന്‍ (പ്രസിഡന്റ്), സി. കേശവന്‍ (ജനറല്‍ സെക്രട്ടറി) എന്നിവരായിരുന്നു യോഗത്തിന്റെ സാരഥികള്‍. 1936 ല്‍ നിവര്‍ത്തന പ്രക്ഷോഭണം വിജയം വരിച്ചപ്പോള്‍ സഹോദരന്‍ അയ്യപ്പന്‍, വി. കെ. വേലായുധന്‍ എന്നിവരായിരുന്നു ഈ സ്ഥാനങ്ങളില്‍.

1932 ല്‍ എസ്.എന്‍.ഡി.പി. യോഗത്തോടൊപ്പം സാമുദായിക സമത്വത്തിനുവേണ്ടി  പ്രക്ഷോഭണം നടത്തിയ ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ എയ്ഡഡ് മേഖലയിലെ ഇന്നത്തെ വ്യവസ്ഥിതിയുടെ ഗുണഭോക്താക്കളായി മാറിയപ്പോള്‍ ഇവിടുത്തെ പിന്നോക്ക സമുദായങ്ങള്‍ അവഗണനയുടെ പടുകുഴിയില്‍ വീണ് കിടക്കുന്ന പരിതാപകരമായ കാഴ്ചയാണ് നാം കാണുന്നത്. എന്തുകൊണ്ട് ഇതെങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരം പറയേണ്ടത് ഇന്ന് യോഗനേതൃത്വമാണ്. അത് അവര്‍തന്നെ ചെയ്യട്ടെ.

മാനേജ്‌മെന്റുകളുടെ വാദം

സ്വകാര്യ വിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് മാനേജ്‌മെന്റുകളുടെ ചിലവിലാ യതിനാല്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കുകയില്ലെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. ഈ വാദത്തില്‍ കുറേയൊക്കെ കഴമ്പുെണ്ടെന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്. എന്നാല്‍ സാമൂഹ്യനന്മ ലക്ഷ്യമാക്കി  പ്രവര്‍ത്തിക്കേണ്ട  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് സാമൂഹ്യനീതി അട്ടിമറിക്കുന്ന കച്ചവട സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തില്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. വിദ്യാര്‍ത്ഥി പ്രവേശനത്തിലെന്നപോലെ അദ്ധ്യാപക നിയമനത്തിലും പത്തോ പതിനഞ്ചോ ശതമാനം മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട്  ബാക്കി തസ്തികകളില്‍ മെരിറ്റും സാമുദായിക സന്തുലനവും പാലിച്ചുകൊണ്ടുള്ള ഒരു നിയമന സംവിധാനം ഉണ്ടാക്കുകയാണ് അടിയന്തിരമായി ആവശ്യമായിട്ടുള്ളത്.

പ്രക്ഷോഭണം അനിവാര്യം

സംസ്ഥാനത്തെ പിന്നോക്ക സമുദായങ്ങള്‍ക്കും മറ്റ് സമുദായങ്ങളിലെ നിര്‍ദ്ധനര്‍ക്കും ജനസംഖ്യാനു പാതികമായി ന്യായമായും ലഭിക്കേണ്ട  4000 ല്‍ പരം സര്‍ക്കാര്‍ സമാന നിയമനങ്ങളാണ് ഓരോ വര്‍ഷവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 42 വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയകളിലൂടെ അവര്‍ക്ക് നഷ്ടപ്പെട്ടത് ഒന്നരലക്ഷത്തോളം നിയമനങ്ങളാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന ഈ സാമൂഹ്യ ദുരവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള ഏക പോംവഴി എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടുക എന്നത് മാത്രമാണ്. ഇത്തര മൊരു നീക്കത്തിന് ഇവിടുത്തെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വമേധയാ മുന്‍കൈയെടു ക്കുമെന്നു കരുതുന്നത് മൗഢ്യമാണ്, കഴിഞ്ഞ ഇടത് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ക്ക് ചില നിയമന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടത് നാം കണ്ടതാണ്. സാമുദായിക വോട്ടുബാങ്കുകള്‍ക്കായി  ഹിതകരമല്ലാത്ത ഒരു പരിഷ്‌കാരനടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കേണ്ടതില്ല.

കഴിഞ്ഞ നാല് ദശാബ്ദങ്ങളായി എയ്ഡഡ് നിയമനങ്ങളില്‍ അവഗണിക്കപ്പെട്ടുകഴിയുന്ന ജനവിഭാ ഗങ്ങള്‍ ഒത്തുചേര്‍ന്നുള്ള ശക്തമായൊരു പ്രക്ഷോഭത്തിലൂടെ മാത്രമേ എയ്ഡഡ് മേഖലയില്‍ നിലനില്‍ക്കുന്ന അരാജകത്വം അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരമൊരു പ്രക്ഷോഭണ ത്തിന് നേതൃത്വം നല്‍കാനുള്ള ധാര്‍മ്മികവും ചരിത്രപരവുമായ കടപ്പാട് എസ്.എന്‍.ഡി.പി. യോഗത്തിനാണുള്ളത്. അതിനുള്ള സംഘടനാ ശക്തി ഇന്നത്തെ നിലയ്ക്ക് യോഗത്തിന്  മാത്രമേ യുള്ളു താനും. എന്നാല്‍ യോഗത്തിന്റെ ഭാഗത്തുനിന്നും സര്‍ക്കാരിനെതിരെ ആത്മാര്‍ത്ഥമായ യാതൊരു നീക്കവും ഉണ്ടാകുകയില്ലെന്നത് തീര്‍ച്ചയാണ്. തങ്ങളുടെ കൈവശമുള്ള കോളേജുകളിലും വിരലിലെണ്ണാവുന്ന സ്‌ക്കൂളുകളിലും ഏത് വിധേനയും കുറെ തസ്തികകള്‍ തപ്പെടുത്തി നിയമനങ്ങള്‍ നടത്തുക എന്ന ഏക അജണ്ടയില്‍ നീങ്ങുന്ന യോഗത്തെ എങ്ങനെ വരുതിയിലാക്കാമെന്ന് സര്‍ക്കാരിന് നന്നായറിയാം. ഈ വര്‍ഷം എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി 699 ഹയര്‍ സെക്കറി ബാച്ചുകള്‍ അനുവദിച്ച വിദ്യാഭ്യാസ മന്ത്രിക്ക് സ്തുതിഗീതം പാടാന്‍ യോഗം മുന്നോട്ടുവന്നത്, ഹയര്‍സെക്കറി ഡയറക്ടറുടെ ശുപാര്‍ശയെ മറികടന്ന് കുറേ ബാച്ചുകള്‍ അനുവദിച്ച് കിട്ടിയതിന്റെ പ്രത്യുപകരമായിട്ടാണ്.

സമൂഹത്തില്‍ നീതിനിഷേധവും അസമത്വും അസഹനീയമാകുമ്പോഴാണ് അതിനെചെറുക്കുന്ന പ്രക്ഷോഭണങ്ങള്‍ ചിട്ടപ്പെടുന്നതും ശക്തിപ്രാപിക്കുന്നതും. ഇതൊരു ലോക തത്വമാണ്. എയ്ഡഡ് മേഖലയില്‍ നിലനില്‍ക്കുന്ന് അഴിമതിക്കും സ്വജനപക്ഷപാത്തിനുമെതിരെ ശക്തമായ പ്രക്ഷോഭണം ആരംഭിക്കേണ്ട  സമയം അതിക്രമിച്ചിരിക്കുന്നു. ആ പ്രക്ഷോഭണത്തിന് ആര് നേതൃത്വം നല്‍കുമെന്നാണ് കേരളസമൂഹം ഉറ്റുനോക്കുന്നത്.

******

കടപ്പാട്: കേരളശബ്ദം വാരിക. ജനുവരി 4, 11 ലക്കങ്ങള്‍