"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 19, തിങ്കളാഴ്‌ച

പുസ്തകം: കേരളത്തിലെ അവര്‍ണ രാജാക്കന്മാര്‍ - ഡി ദയാനന്ദന്‍


ഡി ദയാനന്ദന്‍
കേരളത്തിലെ ആദിമ നിവാസികളായിരുന്ന നെഗ്രിറ്റോ വംശജരേയും പിന്നീടു വന്ന ആസ്ട്രലോയ്ഡുകളേയും തള്ളിമാറ്റിക്കൊണ്ട് ഈ നാട്ടില്‍ കടന്നുവന്ന മെഡിറ്ററേനിയന്‍ വര്‍ഗക്കാരാണ് ദക്ഷിണേന്ത്യയിലെ ദ്രാവിഡ വര്‍ഗത്തിന്റെ പൊതുവായ ഘടകമെന്നാണ് പൊതുവേ കരുതിപ്പോരുന്നത്. ഇന്ന് കേരള ത്തിന്റെ മലപ്രദേശങ്ങളില്‍ വസിക്കുന്ന കാടര്‍, കാണിക്കാര്‍, ഉള്ളാളന്മാര്‍, പണിയന്മാര്‍, ഊരാളികള്‍, മലമ്പണ്ടാരങ്ങല്‍ മുതുവാന്മാര്‍ തുടങ്ങിയ ഗിരിവര്‍ഗ ക്കാര്‍ നെഗ്രിറ്റോ വംശജരാണ്. ആസ്ട്രലോയ്ഡ് വര്‍ഗത്തില്‍ പെട്ടവരാണ് കുറിച്ചിയര്‍, കരിമ്പാലന്മാര്‍, ഇരുളര്‍, മലയരയന്മാര്‍, മലവേടന്മാര്‍ തുടങ്ങിയവര്‍. ഇവര്‍ ഗ്രീക്കുകാരുടെ ആക്രമണം മൂലം മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ തങ്ങളുടെ ആദ്യ സങ്കേതം വെടിഞ്ഞ് മൂന്ന് സംഘങ്ങളായി പിരിഞ്ഞ് ഒന്നിനു പിറകേ ഒന്നായി ഇന്ത്യയിലേക്കു വന്നുവെന്ന് കരുതിപ്പോരുന്നു. അതില്‍ ഒരു സംഘം ദക്ഷിണേന്ത്യയിലും ഒരു സംഘം ഉത്തരേന്ത്യയിലും മൂന്നാമതൊരു സംഘം ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും ആവാസമുറപ്പിച്ചു. അതില്‍ ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളില്‍ വാസമുറപ്പിച്ച മെഡിറ്ററേനിയന്‍ ജനവിഭാഗങ്ങളാണ് ദക്ഷിണേന്ത്യയില്‍ ദ്രാവിഡ സംസ്‌കാരം പടുത്തുയര്‍ത്തിയത്. ഉത്തരേന്ത്യയില്‍ ആര്യാധിനിവേശം ഉണ്ടായപ്പോള്‍ അവിടെ വാസമുറപ്പിച്ചിരുന്ന ദ്രാവിഡ ജനത അവിടം വിടുകയും ദക്ഷിണേന്ത്യയിലെ ദ്രാവിഡരോട് ചേരുകയുമുണ്ടായി. അവരാണ് കേരളത്തിലും ദ്രാവിഡ സംസ്‌കാരം പടുത്തുയര്‍ത്തി യത്. കേരളത്തില്‍ ഇന്നുകാണുന്ന ഈഴവര്‍, നായര്‍, നാടാര്‍, പുലയര്‍, പറയര്‍, കുറവര്‍ തുടങ്ങിയവരൊക്കെ ഈ വിഭാഗത്തില്‍ പെടുന്നു.

സംഘകാലത്ത് ഇന്നത്തെ കേരളവും തമിഴ്‌നാടും ഉള്‍പ്പെട്ട പ്രദേശങ്ങള്‍ തമിഴകം എന്ന ഒരൊറ്റ പേരിലാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് അക്കാലം മുതലാണ് കേരള ചരിത്രം സംഘകാല കൃതികളില്‍ നിന്ന് ലഭിക്കുന്നത്. കൂടാതെ ശാസനകളില്‍ നിന്നും ചില വിവരങ്ങല്‍ ലഭിക്കുണ്ട്. അതിനു മുമ്പുള്ള കേരള ചരിത്രപഠനം ഈ പുസ്തകത്തിന്റെ പരിധിക്ക് പുറത്താണ്.

സിന്ധുനദീതട സംസംക്രാം പടുത്തുയര്‍ത്തിയ ദ്രാവിഡ വര്‍ഗത്തില്‍പ്പെട്ടവരുടെ പരമ്പര തന്നെയാണ് സംഘകാലത്തും അതിനു മുമ്പും കേരളത്തില്‍ ജീവിച്ചിരുന്നത്. ഉത്കൃഷ്ടമായ ഒരു സംസ്‌കാരമായിരുന്നു അവരുടേത്. സിന്ധൂനദീതട സംസ്‌കാരം ഉത്കൃഷ്ടമായിരുന്നു വെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ പോലും പുലയര്‍ക്കും പറയര്‍ക്കും അതുപോലെ താണവരെന്ന് ഇന്നു പറയുന്ന മറ്റ് സമുദായങ്ങള്‍ക്കും നല്ല പരിഷ്‌കാരവും സംസ്‌കാരവും ഉണ്ടായിരുന്നുവെന്നു പറയാന്‍ വൈമുഖ്യം കാണിക്കുന്നു. അതിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിക്കു ന്നത് ഒരു കുറ്റമാകുന്നുവെന്ന് കരുതുന്നില്ല.

ആര്യാധിനിവേശത്തോടെയാണ് ചാതുര്‍വര്‍ണ്യത്തിന്റെ നീരാളിപ്പിടിത്തം മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റിയത്. ആര്യ മേധാവിത്ത നയോപായങ്ങള്‍ കൊണ്ട് ഇവിടത്തെ നാടുവാഴികളെ ക്ഷത്രിയരായി ഉയര്‍ത്തുകയും ഹിന്ദുമതം പ്രചരിപ്പിക്കുകയും ചെയ്തു. ക്രമേണ പിറന്നുവീണ മണ്ണില്‍ ഈ മണ്ണിന്റെ മക്കള്‍ക്ക് അഭയാര്‍ത്ഥികളാകേണ്ടിവന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട മണ്ണില്‍ പിടിച്ചു നില്‍ക്കുന്നതിനുതന്നെ ബുദ്ധിമുട്ടി. അതില്‍ പരാജിതരായ ഒട്ടനവധി ആളുകള്‍ ചാതുര്‍വര്‍ണ്യത്തിന്റെ കാവല്‍ക്കാരോട് ഏറ്റുമുട്ടി പരാജിതരായി വനാന്തരങ്ങളിലേക്ക് പലായനം ചെയ്തു. അവരെ നാട്ടില്‍ കയറാനോ മാന്യമായി ജീവിക്കാനോ അനുവദിച്ചില്ല. അവര്‍ ഇന്നും വനാന്തരങ്ങളില്‍ കഴിയുന്നു. ശേഷിച്ചവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി പണിയെടുക്കുന്ന ഉപകരണങ്ങളായി മാറി. അങ്ങനെ ഇന്നു കാണുന്ന ഹീനജാതിക്കാര്‍ ഉണ്ടായി. ഇത് അറിയാവുന്ന പലരും അത് മൂടിവെക്കുന്നു. അതൊന്ന് പുറത്തു പറയേണ്ടേ?

പുരാരേഖകളാണ് ചരിത്രത്തിന്റെ അസ്തിപഞ്ജരം. അതില്‍ മജ്ജയും മാംസവും വെച്ചുപിടിപ്പിച്ചാണ് ചരിത്രകാരന്‍ ചരിത്ര നിര്‍മ്മിതി നടത്തുന്നത്. സംസ്ഥാന പുരാരേഖ വകുപ്പില്‍ 30 വര്‍ഷത്തിലധികം നീണ്ടുനിന്ന സേവനം മൂലം പുരാരേഖകളെ അടുത്തറിയാന്‍ ഈ ഗ്രന്ഥകാരന് അവസരം ലഭിച്ചിട്ടുണ്ട്. അതില്‍ 10 വര്‍ഷക്കാലം ആര്‍ക്കിവിസ്റ്റായിരുന്നതുകൊണ്ട് പുരാരേഖകളില്‍ നിന്ന് ചരിത്രം രചിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. രേഖകളില്ലാതെ വരുമ്പോ ഴോ? അപ്പോഴാണ് ആഖ്യാനമെന്ന മാര്‍ഗം (interpretation) അവലംബിക്കുന്നത്. കണ്ടിടത്തോളം കാര്യങ്ങള്‍ വെച്ച് കാണാത്തകാര്യങ്ങള്‍ മനസ്സിലാക്കുകയാണ് ഈ രീതി.

ഈ ഗ്രന്ഥകാരന്‍ ജാതിമത വിശ്വസിയല്ല. പക്ഷെ, ചരിത്രവും സാമൂഹ്യ ശാസ്ത്രവും മറ്റും പഠിക്കുമ്പോള്‍ ജാതികളേയും വംശങ്ങളേയും പരാമര്‍ശിക്കേ ണ്ടിവരും. അതുകൊണ്ടാണ് ഇതില്‍ ജാതിതിരിച്ച് രാജാക്കന്മാരേയും ജനങ്ങളേയും പറഞ്ഞിരിക്കുന്നത്. ആരേയും പുകഴ്ത്താനോ ഇകഴ്ത്താനോ വേണ്ടിയല്ല. വസ്തുതകള്‍ അപഗ്രഥിക്കുന്നുവെന്നു മാത്രം.

ഓരോ അധ്യായവും സ്വയം പൂര്‍ണമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന തുകൊണ്ട് ചില കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. ദയവായി ക്ഷമിക്കുക.

എന്റെ മറ്റ് ചരിത്ര ഗ്രന്ഥങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത ഈ ഗ്രന്ഥ രചനക്ക് പ്രചോദനമായിട്ടുണ്ട്. ചരിത്ര കൃതികള്‍ക്കും മറ്റ് വായനക്കാര്‍ക്കും ഈ ഗ്രന്ഥം പ്രയോജനപ്പെടുമെന്ന് കരുതുന്നു.

@@@@@@@

ഡി ദയാനന്ദന്‍
പുസ്തകത്തിന് ആവശ്യപ്പെടേണ്ട ഫോണ്‍ നമ്പര്‍ 0471 2721155
e-mail:melindabookskerala@gmail.com
www.melindabooks.com