"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

ഓര്‍മ്മകളില്‍ എന്നെന്നും ഡോ. മന്മഥന്‍ സ.കെ കെ മന്മഥന്‍ (1947-2004)


കെ കെ മന്മഥന്‍
കോട്ടയം ജില്ലയിലെ അമരയില്‍ കല്ലുകുളം വീട്ടില്‍ ജനിച്ചു. അച്ഛന്‍ കൊച്ചുകുഞ്ഞ്, അമ്മ സുലോചന, നക്‌സല്‍ബാരിയെതുടര്‍ന്നു പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. വെള്ളത്തൂവല്‍ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയി. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. എട്ടു വര്‍ഷക്കാലം ജയില്‍വാസം അനുഭവിച്ചു. അടിയന്തരാവസ്ഥയിലും അറസ്റ്റു ചെയ്യപ്പെട്ടു. ജയിലില്‍ കിടക്കുമ്പോള്‍ ജയപ്രകാശ് നാരായണന്റ ജീവചരിത്രം എഴുതി. അത് പിന്നീട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നീലി സുകുമാരന്‍ എന്ന എന്‍ സുകുമാരന്‍. ജോസ് എന്ന് വിളിക്കുന്ന രാമങ്കരിക്കാരന്‍ കെ. കുഞ്ഞന്‍. രണ്ടാളുകളും തപാല്‍ ജീവനക്കാര്‍. പിന്നെ ഞാന്‍......മേല്‍വിലാസക്കാരന് കമ്പി സന്ദേശം (ടെലഗ്രാം) എത്തിക്കുന്ന 'കൂലി മെസഞ്ചര്‍' ഒരു കമ്പിക്ക് കൂലി നാല്‍പതു പൈസ. 

കാലം....ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ അവസാനം എഴുപതുകളുടെ തുടക്കം. ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ 1964-ല്‍ ഉണ്ടായ പിളര്‍പ്പിനെത്തുടര്‍ന്നും പാര്‍ട്ടിക്കുള്ളില്‍ പ്രത്യയശാസ്ത്രപരമായ അഭിപ്രായഭിന്നതകളും വാദപ്രതിവാദങ്ങളും നിലനിന്നിരുന്ന ഒരു സന്ദര്‍ഭമായിരുന്നു ഇത്. കമ്പി-തപാല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റ് ആന്റ് ടെലഗ്രാഫ് എംപ്‌ളോയീസ് യൂണിയനിലെ (NFPTE) സജീവ പ്രവര്‍ത്തകരായിരുന്ന ഞങ്ങള്‍ക്കിടയിലും ഈ ചര്‍ച്ച ചൂടുപിടിച്ചിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന ഈ പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്കു ഒരു പ്രായോഗിക നടപടി എന്ന രീതിയിലാണ് 1967 മെയ് 25-ന് നക്‌സല്‍ബാരി സായുധ കാര്‍ഷിക കലാപം പൊട്ടിപ്പുറപ്പെട്ടത്. പശ്ചിമബംഗാളില്‍ തുടക്കം കുറിച്ച ഈ കാര്‍ഷിക ഉയിര്‍ത്തെഴുനേല്‍പിനെ 'ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം' എന്നു വിശേഷിപ്പിക്കപ്പെട്ടു. തുടര്‍ന്ന് 1969 ഏപ്രില്‍ 22-ന് സി പി ഐ (എം എല്‍) രൂപീകരിക്കുന്നതിനും ഇതു വഴി തെളിച്ചു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപ്‌ളവകാരികളെയും കര്‍ഷകപോരാളികളെയും വിദ്യാര്‍ഥികളെയും യുവാക്കളെയും തട്ടി ഉണര്‍ത്തിയ സംഭവമായിരുന്നു നക്‌സല്‍ബാരി. ഇതിന്റെ സന്ദേശമാണ് സ.മന്മഥനെയും വിപ്‌ളവത്തിലേക്ക്‌നയിച്ചത്.

നക്‌സല്‍ബാരി ഞങ്ങള്‍ക്കിടയിലും സ്വാധീനം ചെലുത്തി. എന്നെക്കൂടാതെയുള്ള മറ്റു രണ്ടാളുകളും ഇതിന്റ അനുഭാവികളായിരുന്നുവെങ്കില്‍ ഞാന്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകാനാഗ്രഹിച്ചു. ആയിടെ ഒരു ശനിയാഴ്ചദിവസം രാവിലെ സുകുമാരന്‍ സാര്‍ (ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ വിഷയങ്ങളില്‍ അന്ന് എന്റെ ഒരു ഗുരുവായിരുന്നു എന്നു പറയാം. എന്നോടു പറഞ്ഞു:- 'ഞാനും കുഞ്ഞനും ഇന്നു വീട്ടില്‍ പോകുകയാണ്. ഒരു സുഹൃത്തു ഇന്നു നമ്മുടെ മുറിയില്‍ വരും. മിക്കവാറും രണ്ടു ദിവസങ്ങളോളം അയാള്‍ അവിടെ ഉണ്ടായിരിക്കും.' 

വരാന്‍ പോകുന്ന ആളെ സംബന്ധിച്ചുള്ള ഒരു ചെറിയ വിശദീകരണത്തിനുശേഷം അദ്ദേഹം നിര്‍ദേശിച്ചു. 'അയാള്‍ ആരാണെന്ന് ഞാന്‍ നിങ്ങളെ ബോധ്യപ്പെടുത്തിയതായി അയാള്‍ അറിയണമെന്നില്ല. നിങ്ങള്‍ അയാളെ പരിചയപ്പെടാന്‍ മുന്‍കൈ എടുക്കുകയും വേണ്ട. അയാള്‍ക്കു വേണ്ടതു ചെയ്തുകൊടുക്കുക.'

ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തനിര്‍ദേശം. ഞാന്‍ അങ്ങനെതന്നെ ഉള്‍ക്കൊള്ളുകയും ചെയ്തു. പറഞ്ഞ സമയത്തുതന്നെ ഞാന്‍ മുറിയിലേക്ക് നടന്നു. കതക് അടച്ചിരിക്കുകയാണ്. ഞാന്‍ കതകില്‍ മുട്ടി. 'വരണം' കതകു തുറക്കുന്നതിനിടയില്‍ ആഗതന്‍ എന്നെ സ്വാഗതം ചെയ്തു. ഒത്ത വണ്ണമുള്ള സുസ്‌മേരവദനനായ ഒരു യുവാവ്. 

വിവിധങ്ങളായ പത്രമാസികകളും വാരികകളും അയാള്‍ ഇരുന്നതിനു ചുറ്റും ചിതറി കിടന്നിരുന്നു. ഞങ്ങളുടെ രണ്ടു ദിവസങ്ങള്‍ തികച്ചും തിരക്കുള്ളതായിരുന്നു. വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ചു ഞങ്ങള്‍ സംസാരിച്ചു. കുരുക്ഷേത്രയുദ്ധം, പാരിസ് കമ്യൂണ്‍, റഷ്യന്‍ വിപ്‌ളവം, ചൈനയിലെ സാസ്‌കാരിക വിപ്‌ളവം, തേഭാഗ, തെലുങ്കാന, പുന്നപ്രവയലാര്‍, നക്‌സല്‍ബാരി.....തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചക്കു വിധേയമാക്കി. ഈ ചര്‍ച്ചകള്‍ക്കിടയില്‍ ആഗതന്റെ ചുണ്ടുകളില്‍നിന്നുതിര്‍ന്നു വീണ വാക്കുകളില്‍നിന്ന് തന്റെ വിപ്‌ളവപ്രതിബദ്ധത, അര്‍പ്പണബോധം, മനുഷ്യസ്‌നേഹപരമായ സമീപനം, ജനാധിപത്യവീക്ഷണം, നിഷ്‌കളങ്കത, വിപ്‌ളവവീര്യം ഇതെല്ലാം ഗ്രഹിക്കാന്‍ എനിക്ക് സാധിച്ചു. മൂന്നാം ദിവസം പുലര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു:- 

'ഇന്നു ഞാന്‍ ഇവിടെനിന്നു പോവുകയാണ്' 

വഴിയമ്പലങ്ങളില്‍നിന്ന് വഴിയമ്പലങ്ങളിലേക്കുള്ള യാത്രക്ക് അദ്ദേഹം തയാറായി. ജനങ്ങളൊരുക്കിയ താവളങ്ങളില്‍ ഉണ്ടും ഉണ്ണാതെയും ഉറങ്ങിയും ഉറങ്ങാതെയും ആ പ്രയാണം തുടര്‍ന്നു. പക്ഷേ വേട്ടക്കാര്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം പത്രത്തില്‍ വന്ന ആ വാര്‍ത്ത ഞാന്‍ കണ്ടു. 'നക്‌സലൈറ്റ് മന്മഥന്‍ അറസ്റ്റില്‍' പിന്നീട് പല സന്ദര്‍ഭങ്ങളിലും സ.മന്മഥനുമായി ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചു. ഇതിനിടയില്‍ അദ്ദേഹം എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കി ഡോക്ടറായി ജീവിതം തുടരുമ്പോളും വിപ്‌ളവ പ്രതിബദ്ധതയും സാമൂഹിക പ്രവര്‍ത്തനങ്ങളും അദ്ദേഹം കൈവെടിഞ്ഞില്ല. സമൂഹത്തിലെ താഴെ തട്ടിലുള്ള ജനവിഭാഗങ്ങളുടെ വിമോചനമായിരുന്നു തന്റെ സ്വപ്നത്തില്‍ എപ്പോഴും ഉണ്ടായിരുന്നത്.

നക്‌സല്‍ബാരിയെ തുടര്‍ന്നു ഇന്ത്യന്‍ ഭരണവര്‍ഗം കെട്ടഴിച്ചുവിട്ട ഭീകരതയും കൊടിയ പീഡനങ്ങളും നക്‌സലൈറ്റ് വേട്ടയും വിപ്ലവകാരികളായ ഇന്ത്യന്‍ യുവാക്കളെയും ബുദ്ധിജീവികളെയും ചിതറിക്കുകയും തകര്‍ക്കുകയും ചെയ്തു. ആ തിക്ത അനുഭവങ്ങള്‍ സ.മന്മഥനെയും കുത്തി നോവിക്കുകയും ചഞ്ചലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് സ്വഭാവികം മാത്രം. എന്നാല്‍താന്‍ കാത്തുസൂക്ഷിച്ചിരുന്ന വിപ്‌ളവസ്വപ്നങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഒരു സമ്മര്‍ദങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ഇനിയും സാക്ഷാത്കരിക്കാത്ത ഇന്ത്യന്‍ വിപ്‌ളവത്തിന്റെ സ്വപ്ന നൊമ്പരങ്ങളാണ് സ.മന്മഥനെയും വേട്ടയാടിക്കൊണ്ടിരുന്നത്. 

2004 ഡിസംബര്‍ 24-ന് സ.മന്മഥന്റെ അന്ത്യം സംഭവിക്കുമ്പോള്‍ ഞാന്‍ പാര്‍ട്ടി, സി പി ഐ (എം എല്‍) ലിബറേഷന്‍ അഖിലേന്ത്യാ തലത്തില്‍ ഭുവനേശ്വറില്‍ (ഒറീസ) സംഘടിപ്പിച്ച പഠനക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നു. അവിടെവെച്ച് സുനാമി വിതച്ച വന്‍ദുരന്തങ്ങളുടെ വാര്‍ത്ത ഞങ്ങളറിഞ്ഞു. മടങ്ങിയെത്തുമ്പോള്‍ സ.മന്മഥന്റ വേര്‍പാടിനെക്കുറിച്ചുള്ള വാര്‍ത്തയും. 

സ.മന്മഥനുമൊത്ത് ആദ്യം പങ്കുവെച്ച രണ്ടു ദിവസങ്ങള്‍ക്കു എന്നെ സംബന്ധിച്ചിടത്തോളം പില്‍ക്കാലത്ത് വന്‍ പ്രാധാന്യമുണ്ടായി. അന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്ത മര്‍മ്മ പ്രധാന വിഷയങ്ങള്‍എന്നെ ഏറെ സ്വാധീനിച്ചിരുന്നു. വിപ്ലവപ്രവര്‍ത്തനരംഗത്തേക്ക് കൂടുതല്‍ അടുക്കുന്നതിന് എനിക്ക് പ്രചോദനം നല്‍കിയ ഘടകങ്ങളില്‍ ഒന്നായിരുന്നു ഇതും. തപാല്‍ വകുപ്പില്‍ കൂലി മെസഞ്ചറുടെ ജോലിയെതുടര്‍ന്ന് ഇ.ഡി (ED) ജീവനക്കാരനായി ലഭിച്ച ജോലി ഉപേക്ഷിച്ച് ഞാന്‍ സി പി ഐ (എം എല്‍) ലിബറേഷന്റെ പ്രവര്‍ത്തകനായി മാറി. ഇപ്പോഴും അത് തുടരുന്നു.

സഖാവ് മന്മഥനെക്കുറിച്ച് അധികമൊന്നും പറയേണ്ട കാര്യമില്ലെന്നെനിക്കു തോന്നുന്നു. സ.മന്മഥന്‍ വിടപറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുന്നു. എന്നാല്‍ വിപ്‌ളവകാരികള്‍ക്കു ആവേശം പകര്‍ന്ന മണ്‍മറഞ്ഞ മഹാന്മാരായ വിപ്‌ളവകാരികളുടെ സ്മരണകള്‍ക്കൊപ്പം സ.മന്മഥനും വിപ്‌ളവകാരികളുടെ മനസില്‍ എന്നെന്നും ജീവിക്കുകയും സമരപാതകളില്‍ സന്ധിക്കുകയും ആവേശം പകരുകയും ചെയ്യും.