"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ഒന്നിച്ചൊന്നായ്മുന്നേറാം... സി. എസ്. ഡി. എസ്. പ്രഥമ സംസ്ഥാന കുടുംബസംഗമം 2015 - കെ. കെ. സുരേഷ്


കെ. കെ. സുരേഷ്
ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി ചരിത്രപരമായ കടമ നിര്‍വ്വഹിച്ചുകൊണ്ട് പ്രഥമ സംസ്ഥാന സമ്മേളനത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നു. ഹൈന്ദവ, ക്രൈസ്തവ ഇതര മത വിശ്വാസികളും വിവിധ രാഷ്ട്രീയ ചിന്താഗതിക്കാരും സങ്കുചിത തത്വചിന്താഗതികളും വെടിഞ്ഞുകൊണ്ട് സ്വസമൂഹത്തിന്റെ സമഗ്രമായ മുന്നേറ്റത്തിനും നന്മയ്ക്കും പുരോഗതിക്കും പരിഗണനകള്‍ നല്‍കി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഈ ജനവിഭാഗം സി. എസ്. ഡി. എസ്.നെ അനുദിനം നെഞ്ചോടു ചേര്‍ത്തു മുന്നേറുന്നു. ഇതൊരു ജാതി സംഘടനയല്ല, കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗങ്ങളിലെ രണ്ടു പ്രബല സമുദായമായ ചേരമ സാംബവ വിഭാഗങ്ങളുടെ സാമൂഹിക ഏകീകരണവും വികസനവും ലക്ഷ്യമാക്കുന്ന മത ഉപജാതി രഹിത പ്രസ്ഥാനമാണ്. കേരളം രാഷ്ട്രീയ സ്വാതന്ത്ര്യം നേടി നാലു ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും മതമേധാവികളും അവഗണിച്ചത് ഈ വിഭാഗങ്ങളെയാണ്. ഇവരുടെ സാമൂഹ്യ സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക പുരോഗതിക്കും സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി സംസ്ഥാനത്ത് ഇന്നു പ്രവര്‍ത്തിച്ചുവരുന്ന ഏക പ്രസ്ഥാപനം സി. എസ്. ഡി. എസ്. മാത്രമാണ്. അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്ന പ്രസ്ഥാനവും ഇതു മാത്രമാണ്. ഒരേ തായ്‌വേരിലുള്ള രണ്ട് സമൂഹങ്ങളുടെ കൂടിച്ചേരല്‍ അസഹിഷ്ണതയോടെ നോക്കിക്കാണുന്നു നമ്മുടെ സഹോദരങ്ങള്‍ പുതിയ മാറ്റത്തിനായി പരിശ്രമിക്കണമെന്നതില്‍ രണ്ട് പക്ഷമില്ല. സാമൂഹ്യ പരിവര്‍ത്തനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നു നല്‍കിയ നമ്മുടെ നവോത്ഥാന നായകന്മാരായ ബാബാസഹേബ് ഡോ. ബി. ആര്‍. അംബേദ്കര്‍, മഹാത്മ അയ്യന്‍കാളി, പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്‍, പാമ്പാടി ജോണ്‍ ജോസഫ് തുടങ്ങിയ നിരവധി ഗുരുക്കന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ സൊസൈറ്റി കൂടുതല്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചു വരുന്നു...

ഏറ്റവും പ്രാധാന്യത്തോടെ ശ്രദ്ധിക്കപ്പെടുന്നത് ചേരമനും സാംബവനും ഏതു മതവിശ്വാസിയും രാഷ്ട്രീയ ചിന്താഗതികളും ഉള്ളവരാകട്ടെ സ്വന്തം സഹോദരനെ തിരിച്ചറിയുക ഇതിലൂടെ പരസ്പര സ്‌നേഹവും സഹായവും സഹകരണവും വളര്‍ത്തിയെടുക്കുക... സംഘടിതരായി മുന്നേറുക സംവരണത്തിന്റെയും അധികാരത്തിന്റെയും അപ്പക്കഷ്ണങ്ങള്‍കൊണ്ടു മാത്രം മുന്നേറാം എന്നുള്ള പഴയ കാഴ്ചപ്പാടുകള്‍ മാറ്റണം. പുതിയ നൂറ്റാണ്ടില്‍ വളരുന്ന തലമുറയുടെ ഭാവി സുരക്ഷിതമാകുവാന്‍ അസംഘടിതരായ നാം ചങ്ങലകെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് അടിപതറാതെ മുന്നേറിയാല്‍ അതിന്റെ ഗുണഫലം നമ്മുടെ സമൂഹം കണ്ടു തുടങ്ങും. 1946ല്‍ ഭരണഘടന എഴുതി തയ്യാറാക്കാന്‍ തെരഞ്ഞെടുത്ത ഡോ. ബി. ആര്‍. അംബേദ്ക്കറെ നാം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ എല്ലാ അവകാശ ങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും തുല്യത ലഭിക്കേണ്ട ജനങ്ങള്‍ ജാതിവ്യവസ്ഥയിലൂടെ സ്വാതന്ത്ര്യവും അവകാശവും പണവും ഒരു കൂട്ടര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ദുഷിച്ച അവസ്ഥയ്‌ക്കെതിരെ ആഞ്ഞടിക്കുവാന്‍ ഭരണഘടനയുടെ 46-ാം വകുപ്പില്‍ കാണുന്ന രാഷ്ട്രത്തിന്റെ നയത്തിന്റെ നിര്‍ദ്ദേശകത്വങ്ങള്‍ എന്ന ഭാഗത്തിലൂടെ വിപ്‌ളവകരമായ ഒരു മാറ്റം സൃഷ്ടിക്കുവാന്‍ കഴിഞ്ഞത് ഡോ. ബി. ആര്‍. അംബേദ്ക്കര്‍ ഭരണഘടന തയ്യാറാക്കിയതുകൊണ്ടാണ്. ജനങ്ങളില്‍ നിരാശ്രയരായവരുടെ വിദ്യാഭ്യാസ, സാമ്പത്തിക താത്പര്യങ്ങളെ ശ്രദ്ധയോടുകൂടി മുഖ്യധാരയില്‍ എത്തിക്കുവാനും സാമൂഹികമായ അടിമത്വത്തില്‍ നിന്നും മറ്റള്ള ചൂക്ഷണത്തില്‍നിന്നും സംരക്ഷിക്കേണ്ടതുമാകുന്നു. ഇതാണ് 46-ാം വകുപ്പ് നിഷ്‌കര്‍ഷിക്കുന്നത് നമ്മുടെ സമൂഹത്തിലെ നവോത്ഥാന നായകന്മാരുടെ പരിശ്രമഫലമായി കിട്ടിയ ആനുകൂല്യങ്ങളും അവകാശങ്ങളും മാത്രമാണ് നാം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും നമുക്ക് എന്തു സംഭാവനകളാണ് കഴിഞ്ഞ കാലഘട്ടങ്ങളില്‍ ചെയ്തത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പുലയനും പറയനും ഒരു കാലത്തും നന്നാവാന്‍ പോകുന്നില്ലാ, സംഘടിക്കാനും കഴിയില്ല എന്നു പറയുന്നവര്‍ നമുക്കിടയിലുണ്ട്. 1901-ലെ സെന്‍സസ് റിപ്പോര്‍ട്ട് രേഖപ്പെടുത്തിയത് പുലയനും പറയനും തീണ്ടലിന്റെ തോത് തുല്യതയോടെയാണ്. അതായത് 65 അടി... ഈ വിഭാഗം ഒന്നാണ് എന്നതിന് ഇതുപോലെ എത്രയോ തെളിവുകള്‍ നമുക്ക് നിരത്താം... ചേരമ സാംബവ ഐക്യത്തെ ശിഥിലമാക്കി ഈ മുന്നേറ്റത്തെ തടയുന്നതിന് പലരും തക്കം പാര്‍ത്തിരിക്കുകയാണ്. നേതാക്കള്‍ക്കെതിരെയും സൊസൈറ്റിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ പലരും ശ്രമിക്കുന്നു. നമുക്കു നേരെ ഉണ്ടാകുന്ന ആരോപണങ്ങളുടെ അഭിപ്രായ രീതികളും സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതില്‍ ഒരു പുതിയ സമീപന രീതി കൈവരിക്കണം.

ഈ ജനവിഭാഗങ്ങളുടെ അവസാനത്തെ അത്താണിയായ ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റിയെ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെയും ഓരോ ചേരമ സാംബവ അംഗങ്ങളുടെയും കടമയാണ്... ബാദ്ധ്യതയാണ്... ഭാവി തലമുറയോടുള്ള ഉത്തരവാദിത്വവും ആകുന്നു... 2013 സെപ്തംബര്‍ 8നു 22 കുടുംബയോഗങ്ങളുമായി പ്രവര്‍ത്തന മാരംഭിച്ച സി. എസ്. ഡി. എസിന് ഇന്ന് 400അധികം കുടുംബയോഗങ്ങളും 7 ജില്ലകളില്‍ പ്രവര്‍ത്തനവും ആരംഭിച്ചിരിക്കുന്നു. കൃത്യതയോടെ ലക്ഷ്യബോധമുള്ള പ്രവര്‍ത്തരുടെ ഒരു വര്‍ഷം നീണ്ടു നിന്ന ഉജ്ജ്വലമായ പ്രവര്‍ത്തനത്തിന്റെ ഫലമായി സൊസൈറ്റിക്കുണ്ടായ സ്വീകാര്യതയും വളര്‍ച്ചയും കണ്ണുള്ളവര്‍ കാണട്ടെ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ...

സംസ്ഥാന കുടുംബ സംഗമത്തിന് 2015 ജനുവരി ഒന്നിന് പതാക ഉയരുന്നതോടെ പ്രവര്‍ത്തനം ആരംഭിക്കും. 19ന് ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്നും വിളംബരജാഥകള്‍ ആരംഭിക്കും. തിരു. കൊച്ചിയില്‍ കമ്മ്യൂണിസ്റ്റ പാര്‍ട്ടിയുടെ ഒന്നും രണ്ടും ജനറല്‍ സെക്രട്ടറിയും പുന്നപ്ര വയലാര്‍ സമരത്തിന് ധീരമായി നേതൃത്വംകൊടുത്ത പിന്നീട് ചരിത്രരേഖകളിലും പാര്‍ട്ടിരേഖകളില്‍നിന്നും വിസ്മരിക്കപ്പെട്ട സഖാവ് കെ. വി. പത്രോസിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ആലപ്പുഴയില്‍ ജാഥയുടെ ആരംഭം. അടിസ്ഥാന ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിന് കേരളത്തില്‍ ധീരമായി നേതൃത്വം നല്‍കിയ പലരും മറക്കുവാന്‍ ശ്രമിച്ച കറുത്ത കലാപകാരി ശ്രീ കല്ലറ സുകുമാരന്റെ സ്മൃതി മണ്ഡപത്തില്‍ ദീപം തെളിയിച്ചുകൊണ്ടുള്ള ജാഥ ഇടുക്കിയില്‍നിന്നും അടിമഅടിയാള വര്‍ഗ്ഗങ്ങളെ ആത്മീയതയിലൂടെ ഉയര്‍ത്തി എന്റെ സമൂഹത്തെക്കുറിച്ച ചരിത്രരേഖകളില്‍ യാതൊന്നും കാണുന്നില്ലെന്നും എന്നാല്‍ അനേകരവംശത്തിന്റെ ചരിത്രം മാത്രം കാണുന്നു എന്ന് ധീരമായ സന്ദേശത്തിലൂടെ നമ്മെ നയിച്ച പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ ജ്വലിക്കുന്ന ഓര്‍മ്മയ്ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ജാഥ പത്തനംതിട്ട ജില്ലകയില്‍നിന്നും ആരംഭിക്കുന്നു. ഈ ജാഥകള്‍ കേരളത്തിന്റെ സമസ്തമേഖലകളിലെ ഒരു മാറ്റത്തിന്റെ തുടക്കമായി പരിണമിക്കും.

കല്ലേന്‍ പൊക്കുടന്‍ ഉത്ഘാടനം ചെയ്യുന്നു 
വിളംബരജാഥകള്‍ 6 മണിക്ക് കോട്ടയത്ത് സംഗമിക്കും. 20-ന് സംസ്‌ക്കാരിക സമ്മേളനവും കുടുംബയോഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കലാപരിപാടികളും തിരുനക്കര മൈതനത്തു നടക്കും. ഈ സമൂഹത്തിലെ നിരവധി പ്രശസ്തരെ അനുമോദിക്കും. 27-ന് വനിത/ചെസാം യുവജന സമ്മേളനം മാമ്മന്‍ മാപ്പിള ഹാളില്‍ ചേരും. പ്രതിനിധി സമ്മേളനം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കും. കഴിഞ്ഞ ഒരു വര്‍ഷത്തെ വരവുചിലവു കണക്കുകളും ബഡ്ജറ്റ് അവതരിപ്പിക്കും. 31-ന് 1 മണിക്ക് പോലീസ് ഗ്രൗണ്ടില്‍നിന്നും സംഗമറാലി 2015 ആരംഭിക്കും. സംസ്ഥാന നേതാക്കള്‍ ഈ മഹാറാലിയെ നയിക്കും. നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, ഫ്‌ളോട്ടുകള്‍, ഇതര കലാപരിപാടികള്‍ റാലിക്ക് കൊഴുപ്പേകും. ഈ റാലിയും സംഗമവും ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കുന്ന ഒരദ്ധ്യയമായി മാറും എന്നതിന് രണ്ട് പക്ഷമില്ല. അതോടൊപ്പം ചേരമസാംബവ കുടുംബത്തിന്റെ ആത്മാഭിപോരാട്ടങ്ങളും...

കെ. കെ. സുരേഷ്
(സംസ്ഥാന പ്രസിഡന്റ, സി. എസ്. ഡി. എസ്.)
9447660221