"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

എ ടി പ്രഭാകരന്‍: തണലില്ലാവഴിനീളം തനിയെ ജീവിതം തുടരുന്നു... - കണ്ണന്‍ മേലോത്ത്

എ  ടി  പ്രഭാകരന്‍ 
വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തിരുന്നവരില്‍ ഒരേ ഒരു ദലിതനായ ആമചാടി തേവന്റെ മക്കളില്‍ എ ടി പ്രഭാകരനും സരോജിനിയും മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളൂ. പെണ്‍മക്കളില്‍ ഒരാളായ വള്ളി ഈയിടെയാണ് അന്തരിച്ചത്. പ്രഭാകരന്‍ ആമചാടി തുരുത്തിന്റെ ഇപ്പുറത്ത് പൂത്തോട്ടയില്‍ കമ്പിവേലിക്കകത്തുള്ള വീട്ടില്‍ ഒറ്റക്കു താമസിക്കുകയാണ്. ലോഹത്തകിടുകൊണ്ട് മേല്‍ക്കൂരയിടുന്ന ഒറ്റമുറി വീട് പണിതീര്‍ന്നു വരുന്നതേയുള്ളൂ. ഈ സ്ഥലം വേമ്പനാട്ടുകായയില്‍ ആലപ്പുഴ ജില്ലയുടേയും കോട്ടയം ജില്ലയുടേയും കൂടി സംഗമസ്ഥാനമായ എറണാകുളം ജില്ലയുടെ തെക്കുഭാഗത്ത് ഉള്‍പ്പെടുന്നു. സര്‍വീസിലുണ്ടായിരുന്നപ്പോള്‍ സജീവമായിരുന്ന പ്രണയം സഫലമാമാതിരുന്നതിനെ തുടര്‍ന്ന് പ്രഭാകരന്‍ ഒറ്റക്കു കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.

തേവന്‍ പൊനാച്ചി ദമ്പതികളുടെ ഇളയ മകനായി 1946 ലാണ് പ്രഭാകരന്‍ പിറന്നത്. കുഞ്ഞപ്പനും നാരായണനും സഹദേവനും വേലപ്പനുമാണ് സഹോദരങ്ങള്‍. ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം ചെയ്തത് നാരായണനായിരുന്നു. തയ്യല്‍ക്കാരനായിരുന്ന വേലപ്പന്‍ കാഞ്ഞിരമറ്റം എല്‍പിഎസ് ല്‍ നിന്നും നാലര വരെ പഠിച്ചിട്ടുണ്ട്. 1962 വരെ സിപിഐ യുടെ സജീവ പ്രവര്‍ത്തകനായിരുന്ന വേലപ്പന്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

വാണ്ട, കാളി, വള്ളി, സരോജിനി എന്നിവര്‍ സഹോദരിമാരാണ്. തേവന്‍ രണ്ടാമത്, കാളി എന്ന സ്ത്രീയെ വിവാഹം കഴിച്ചു. അതിലുള്ള സഹോദരങ്ങളാണ് മനോരമ, ബാലന്‍, കല എന്നിവര്‍.

തേവന്‍ ജനിച്ചത് പെരുമ്പളം ദ്വീപിലാണ്. തേവന്റെ അച്ഛനും അമ്മയും കുഞ്ഞുന്നാളിലേ മരിച്ചു. നായര്‍ തറവാടായ കണ്ണേത്തുവീട്ടിലെ കാരണവത്തി തേവനെ എടുത്തുവളര്‍ത്തി. സ്വന്തം മക്കളോടൊപ്പം അക്ഷരാഭ്യാസം കൊടുത്തു. വളര്‍ന്നപ്പോള്‍ തേവനെ ആമചാടി തുരുത്തിലേക്ക് മാറ്റി. കണ്ണേത്ത് തറവാട്ടുകാരണവത്തിക്ക് തേവനോട് എന്നും വാത്സല്യമായിരുന്നു - തേവന്റെ മക്കളോടില്ലാത്ത അത്രക്കുണ്ടായിരുന്നു അത്. അവര്‍ മുളന്തുരുത്തിയിലുള്ള ബന്ധുക്കളുടെ വീട്ടിലേക്ക് വഞ്ചിയില്‍ തുരുത്തിനു സമീപത്തുകൂടി കടന്നുപോകുമ്പോള്‍ തേവനെ വിളിച്ച് സംസാരിക്കാന്‍ ഒരിക്കലും മറക്കാറില്ലായിരുന്നു.

നെല്‍പ്പാടം നോക്കാനായാണ് തേവന്‍ ആമചാടി തുരുത്തിലേക്ക് വരുത്തപ്പെട്ടത്. പള്ളിപ്പുറം പള്ളി വകയും ഞാറ്റേത്ത് അച്യുതന്‍ നായര്‍ വകയും പൂത്തോട്ടയിലെ ഈഴവ പ്രമാണിയായ മഠത്തില്‍ കേശവന്‍ വകയും ചെമ്പുകാട്ടി വകയും പാണാവള്ളിയിലെ പണ്ഡകശാലക്കാര്‍ വകയുമായി അഞ്ചു കൂട്ടരുടേതായിരുന്നു ആമചാടി തുരുത്ത്. തേവന്‍ ഞാറ്റേത്തുകാരുടെ നോട്ടക്കാരനായിരുന്നു. പാടത്തുപണിക്കു പുറമേ തേവനും പൊനാച്ചിയും മീന്‍ പിടിച്ച് ഉണക്കി വില്‍ക്കുമായിരുന്നു. തലയോലപ്പറമ്പ് ചന്തയിലേക്ക് ഉണക്കമീനുമായി വഞ്ചിതുഴഞ്ഞു പോകുമ്പോള്‍ തട്ടാവേലി കടവില്‍ വെച്ച് തേവന്‍ കുഞ്ഞുവര്‍ക്കിയെ പരിചയപ്പെട്ടു. ആ പരിചയം ആമചാടി തുരുത്ത് കുഞ്ഞുവര്‍ക്കിക്ക് വാങ്ങിക്കൊടുക്കുന്ന ഇടനിലക്കാരനാകുന്നത് വരെയെത്തി. വര്‍ക്കി ആമചാടി തുരുത്ത് വാങ്ങിക്കഴിഞ്ഞും തേവന്‍ തന്നെ നോട്ടക്കാരനായും തുടര്‍ന്നു. അവിടെ വെച്ചാണ് തേവന് എട്ടു മക്കളും പിറന്നത്. 

കുഞ്ഞുവര്‍ക്കിക്ക് തന്റെ മക്കളുമായി ഒത്തുപോകാനായില്ല. സ്ഥലം വീതം വെച്ചു. വര്‍ക്കികുഞ്ഞ്, തോമസ്, ഔസേപ്പച്ചന്‍ (പള്ളീലച്ചന്‍) കുരിയാക്കോസ് എന്നീ മക്കളുടെ കൈവശമായി ആമചാടിത്തുരുത്ത്. കുരിയാക്കോസ് മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റും ബിഎ ബിഎല്‍ കാരനും വടയാര്‍ കര്‍ഷക സംഘത്തിന്റെ സെക്രട്ടറിയും ഒക്കെയായിരുന്നു. കുരിയാക്കോസിന്റെ മകന്‍ മനോജ് കുരിയാക്കോസാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നത്. തേവന്റെ ശവകുടീരം ഉള്‍ക്കൊള്ളുന്ന 40 സെന്റ് സ്ഥലം ഇപ്പോള്‍ ആമചാടി തുരുത്തിന്റെ പടിഞ്ഞാറേ ഭാഗത്തുണ്ട്. അതില്‍ 20 സെന്റ് മനോജിന്റെ അമ്മക്ക് തേവന്‍ പണയം വെച്ചിരുന്നു എന്ന് അവര്‍ ഒരു അവകാശവാദം ഉന്നയിക്കുന്നു. അതിനെതിരേ പ്രഭാകന്‍ കൊടുത്ത കേസിന്റെ വിചാരണ ഇപ്പോള്‍ ഹൈക്കോടതിയില്‍ നടക്കുന്നു.

കാഞ്ഞിരമറ്റം LPS ലാണ് പ്രഭാകര്‍ തന്റെ വിദ്യാഭ്യം ആരംഭിക്കുന്നത്. അവിടെ മൂന്ന് ക്ലാസ് പഠിച്ചു. തുടര്‍ന്ന് പൂത്തോട്ട LPS ലും പഠിച്ചു. SNDP മിഡില്‍ സ്‌കൂളില്‍ നിന്ന് പിന്നീട് തേഡ് ഫോറം പാസായി. അതില്‍ പിന്നീട് ഉദയംപേരൂര്‍ SNDP സ്‌കൂളില്‍ നിന്ന് 9 ആം ക്ലാസില്‍ തോറ്റു. 1964 ല്‍ പ്രഭാകരന്‍ പൂത്തോട്ട KPMHS ല്‍ നിന്നും SSLC പാസായി. പ്രൈവറ്റായി പഠിച്ച മലയാളം വിദ്വാന്‍ പരീക്ഷ രണ്ടു പ്രാവശ്യം എഴുതി. പ്രൈമറി പാസായി, വിദ്വാന്‍ കിട്ടിയില്ല. തുടര്‍ന്ന് കൂലിപ്പണിയും മീന്‍പിടുത്തവുമായി കഴിഞ്ഞു. ഇതിനിടെ ടൈപ്പ്‌റൈറ്റിംങ് ഹയര്‍ പാസായി. പൂത്തോട്ടയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ശ്രീകല ട്യൂട്ടോറിയലില്‍ അധ്യാപകനായി ചേര്‍ന്നു. 

പിന്നീട് അഡ്വക്കേറ്റായ വിജയന്‍ പൂത്തോട്ട ആയിടെ, ലാസ്റ്റ് ഗ്രേഡ് സര്‍വീസിന് SSLC പാസായവര്‍ക്കും അപേക്ഷിക്കാമെന്ന PSC യുടെ പുതിയ ഉത്തരവ് പ്രഭാകരനെ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രേരണയാല്‍ ഉടന്‍തന്നെ അപേക്ഷ അയച്ചു. അങ്ങനെ 1983 ല്‍ ചെറ്റുവ പെരുമനയൂരില്‍ വില്ലേജ്മാനായി സര്‍വീസ് പ്രവേശിച്ചു.1985 ല്‍ കൈപ്പമംഗലത്തേക്കും 87 ല്‍ നാട്ടികയിലേക്കും സ്ഥലം മാറ്റമായി. ടെസ്റ്റ് പാസായതിനെ തുടര്‍ന്ന് പിന്നീട് തളിക്കുളത്തേക്കും സ്ഥലം മാറ്റമായി. അവിടെ വെച്ച് സര്‍വേയര്‍ ട്രെയിനിംങ് ലോവര്‍ പാസായ ശേഷം വില്ലേജ് അസിസ്റ്റന്റായി പ്രമോഷന്‍ നേടി വീണ്ടും നാട്ടികയില്‍ വന്നു. കൃഷ്ണന്‍ കണിയാംപറമ്പില്‍ ഇടപെട്ടതിനാല്‍ പിന്നീടെങ്ങോട്ടും സ്ഥലം മാറേണ്ടിവന്നില്ല. ആ തസ്തികയില്‍ തുടരവേ 2000 മെയ് 31 ന് എ ടി പ്രഭാകരന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.

പ്രഭാകരന്‍ നാട്ടികയിലുണ്ടായിരുന്നപ്പോഴാണ് രൂക്ഷമായ അഴിമാവ് കള്ളുഷാപ്പ് സമരം നടക്കുന്നത്. ചെത്തുതൊഴിലാളി പ്രശ്‌നമാണ് സമരത്തില്‍ ഉന്നയിക്കപ്പെട്ടത്. ഇതിന്റെ നായകത്വം തളിക്കുളത്ത് പുന്നച്ചുവട്ടില്‍ വാലത്ത് മാധവന്‍ സുധീരന്‍ എന്ന വി എം സുധീരനായിരുന്നു. സമരത്തിന്റെ നേതൃത്വം അദ്ദേഹം തന്റെ ശിഷ്യനായ ടി എന്‍ പ്രതാപനെ ഏല്‍പ്പിച്ചു. തളിക്കുളം സഹകരണ ബാങ്കില്‍ UDC യായിരുന്ന ടി എന്‍ പ്രതാപന്‍ രാഷ്ട്രീയത്തിലെത്തുന്നത് അങ്ങിനെയാണ്. എല്ലാവരുമായി എ ടി സ്ഥാപിച്ച സൗഹൃദം നല്ല നിലയില്‍ ഇന്നും തുടരുന്നു.

വലപ്പാട് ഹൈസ്‌കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി തുടര്‍ന്ന, ഡബിള്‍ എം എ ബിരുദധാരിയായ വടക്കേടത്ത് രാമചന്ദ്രന്‍ മാസ്റ്റര്‍ എ ടി യുടെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ, സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്തും പ്രേമചന്ദ്രന്‍ വടക്കേടത്തും എ ടിയുടെ ഉറ്റ ചങ്ങാതിമാരാണ്. CPM നേതാവ് കാഞ്ഞിരപ്പറമ്പില്‍ കെ വി പീതാംബരനും CPI നേതാവ് കടവില്‍ ശശിയും എ ടി യുടെ ചങ്ങാതി വൃന്ദത്തില്‍ പെടുന്നവരാണ്. എല്ലാവരും 1999 ല്‍, എ ടിയുടെ ചേട്ടന്‍ വേലപ്പന്റെ മകളുടെ കല്യാണത്തില്‍ പങ്കടുക്കാന്‍ പൂത്തോട്ടയില്‍ വന്നിരുന്നു.

1965 ല്‍ കെ പി കേശവമേനോനെ കാണാന്‍ കോഴിക്കോട്ട് പോയിരുന്നു. ഗള്‍ഫില്‍ പോയി തിരിച്ചു വന്ന കണ്ണംപറമ്പില്‍ ബോസിന്റെ പ്രേരണയാല്‍, മന്ത്രിയായിരുന്ന മാധവന്റെ (എം കെ സാനുവിന്റെ ഭാര്യയുടെ അച്ഛന്‍) കത്തും വാങ്ങിയാണ് പോയത്. കോഴിക്കോട്ട് ചെന്നപ്പോള്‍ വൈകിട്ട് ഏഴര മണിയായി. തേവന്റെ മകന്‍ എന്നു കേട്ടമാത്രയില്‍ ഉടനെ 'ദേവന്‍' , 'ദേവന്‍' എന്നുപറഞ്ഞ് ആഹ്ലാദത്തോടെ കെ പി കേശവമോനോന്‍ വന്ന് എ ടി യെ കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന് അപ്പോള്‍ കാഴ്ചശക്തി കുറഞ്ഞിരുന്നു. മാതൃഭൂമിയുടെ എഡിറ്ററായിരുന്ന ദോമോദരമേനോന് ഒരു കത്തുതന്നു. ദമോദരമോനോന്‍ കുറേ നടത്തിച്ചതല്ലാതെ കെ പി കേശവമോനോന്‍ കൊടുത്ത കത്തിന് എ ടി പ്രഭാകരന് വേറെ ഗുണമൊന്നും ഉണ്ടായിരുനിനല്ല. ഒരു ദിവസം നേരിട്ടുചെന്ന് ദാമോദരമേനോനോട് പ്രതിഷേധം അറിയിച്ച ശേഷം ഇറങ്ങിപ്പോന്ന എ ടി പിന്നീട് ആ വഴിക്കുള്ള ഒരു ശ്രമത്തിനും നിന്നില്ല. ആമചാടി തേവന്‍ മരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അത്.

അച്ഛന്‍ തേവന് സമരപങ്കാളി എന്ന പെരുമ ഈ അടുത്തകാലത്താണ് ലഭിക്കുന്നത്. തേവന്‍ മരിക്കും വരെ കോണ്‍ഗ്രസുകാരനായിരുന്നു. അതുകൊണ്ടുതന്നെ തേവന് പലപ്പോഴും കുടുംബത്തിലുള്ളവരെത്തന്നെ പൂര്‍ണമായും നോക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തേവനെ ഓര്‍ക്കേണ്ട ബാധ്യത എക്കാലവും കോണ്‍ഗ്രസുകാര്‍ക്കു തന്നെയായിരുന്നു. പക്ഷെ, അച്ഛനും അമ്മയും മരിച്ചപ്പോള്‍ പോലും ഒരു കോണ്‍ഗ്രസു കാനരനും തിരിഞ്ഞുനോക്കുക പോലുമുണ്ടായില്ല എന്ന് എ ടി ഓര്‍ക്കുന്നു. അയ്യന്‍കാളിയുടേയും വള്ളോന്റേയും കെ പി കറുപ്പന്റെയും സമരകാലത്ത് സജീവമായിരുന്നിട്ടും തേവന്‍ പ്രവര്‍ത്തിച്ചത് ദലിതുകളുടെ വിമോചനത്തിനു വേണ്ടിയായിരുന്നി ല്ലല്ലോ. അതുകൊണ്ട് ദലിതരും അച്ഛനെ ഓര്‍ത്തില്ല. വൈക്കം സത്യാഗ്രഹത്തില്‍ തേവന്‍ പങ്കെടുക്കുന്ന കാലത്ത് അയ്യന്‍കാളി ആമചാടി തുരുത്തിലെ വീട്ടില്‍ വന്നിട്ടുപോലുമുണ്ട്. 

പെന്‍ഷന്‍ കിട്ടുന്നതുകൊണ്ട് എ ടി ക്ക് കഴിഞ്ഞുകൂടാന്‍ പ്രയാസമില്ല. ഒറ്റക്കായതിനാല്‍ സമ്പാദ്യത്തിന്റേയും ആവശ്യമില്ലല്ലോ. വലിയ ആരോഗ്യ പ്രശ്‌നങ്ങളുമില്ല. നാട്ടുകാരുടെ സ്‌നേഹത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല. സ്ഥലത്തിന്റെ കാര്യത്തില്‍ കോടതിയില്‍ നടന്നുവരുന്ന കേസല്ലാതെ എ ടി ഇതുവരെ ആരുടെ ഉള്ളിലും ഒരു നീരസത്തിന് കാരണമായിട്ടില്ല. അതിന് തെളിവാണ്, പ്രഭാകരന്റെ കൂടെ പൂത്തോട്ടയിലൂടെ നൂറ് അടി നടക്കുമ്പോഴേക്കും 'എ ടി', 'എ ടി' എന്ന പത്ത് കുശലാന്വേഷണങ്ങളെങ്കിലും കേള്‍ക്കാനാവുന്നത്!