"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

ഉയര്‍ന്ന ലക്ഷ്യങ്ങള്‍ ഉറപ്പിച്ച് കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാമൂഹ്യവ്യവസ്ഥയ്ക്കുവേണ്ടി പോരാടുക - വി.സി. സുനില്‍


വി.സി. സുനില്‍
സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ട തദ്ദേശീയ ആദിമജനതയുടെ സമഗ്രമായ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കേരളത്തിന്റെ 21-ാം നൂറ്റാണ്ടിലെ സാമൂഹ്യപരിവര്‍ത്തനത്തേയും ലക്ഷ്യമാക്കി, സ്ഥിതി സമത്വത്തിലും സാമൂഹ്യനീതിയിലുമധിഷ്ഠിതമായി മാനവനവോത്ഥാനത്തിന്, വ്യക്തി- കുടുംബ കേന്ദ്രീകൃതമായി ജാതിരഹിത 'നവ സാംസ്‌ക്കാരിക ജനാധിപത്യ സമൂഹത്തെ'' സൃഷ്ടിച്ചെടുക്കാനും കേരളത്തിന്റെ നിലവിലുള്ള സാമുദായിക- രാഷ്ട്രീയ സാമ്പത്തിക- അധികാരഘടനയില്‍ പൊളിച്ചെഴുത്തുണ്ടാക്കി നവമുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ദിശാബോധം രൂപപ്പെടുത്താനും പുതിയൊരു സാമൂഹിക- രാഷ്ട്രീയാധികാരഘടന നിര്‍മ്മിച്ചെടുക്കാനും തദ്ദേശീയര്‍ക്ക് സാമൂഹികാധികാരപദവി സ്ഥാപിച്ചെടുക്കാനും 16 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രസ്ഥാനമാണ് സൈന്ധവമൊഴി. പരിവര്‍ത്തനോന്മുഖ ആശയാദര്‍ശ കാഴ്ചപ്പാട് വികസിപ്പിച്ചെടുത്ത് നന്മയുടെ വെളിച്ചവും സംസ്‌കാരത്തിന്റെ തെളിച്ചവുമായി പുതിയൊരു ജീവിതരീതിയുടെ ശക്തമായ സമാന്തര (ബദല്‍) മാധ്യമസംസ്‌ക്കാരമായാണ് സൈന്ധവമൊഴി മുന്നോട്ടു വരുന്നത്. അതിജീവന പ്രതിസന്ധികളുടെ ഈ കാലത്ത് പുതുവഴിവെട്ടുക എത്രശ്രമകരമാണ്. അത്തരം പ്രതിസന്ധികളെ നിശ്ചയദാര്‍ഢ്യത്തോടെ ഇച്ഛാശക്തിയോടെ അതിജീവിച്ചാണ് 16 വര്‍ഷം പിന്നിടുന്നത്. നമ്മുടെ സമൂഹത്തില്‍ അധികാരവും അടിസ്ഥാനപരവുമായ ഒരു മാറ്റം കൂട്ടുത്തരവാദിത്വത്തോടെ ക്രമപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് സൈന്ധവമൊഴി.

തദ്ദശീയ ജനതയുടെ തനത് പ്രവര്‍ത്തന മണ്ഡലങ്ങളേയും അതോടൊപ്പം മനുഷ്യാവകാശങ്ങള്‍ക്കും സ്ഥിതിസമത്വത്തിനും സാമൂഹ്യനീതിക്കും പാരിസ്ഥിതിക സംരക്ഷണത്തിനും അണിനിരക്കുന്ന പൊതു പുരോഗമനശക്തികളേയും സംയോജിപ്പിക്കുന്ന നയനിലപാടിലധിഷ്ഠിതമായി കേരളത്തിന്റെ ഒരു നാലാം രാഷ്ട്രീയപക്ഷത്തെ'' നിര്‍വ്വചിക്കുന്ന ഘടനയിലും നയനിലപാടിലുമാണ് സൈന്ധവമൊഴി പൊതു അജണ്ട/ 21-ാം നൂറ്റാണ്ടിലെ സാമൂഹ്യപരിവര്‍ത്തന മണ്ഡലത്തിന്റെ നവപുരോഗമന ശക്തികളെന്ന നിലയില്‍ വിരാജിക്കുന്നവരുടെ പൊതുഘടന രൂപപ്പെടുത്തിയത്.

ഡോ. അംബേദ്ക്കറുടെ നിര്‍വ്വചനപ്രകാരം ''ജനിച്ച സമൂഹത്തിന്റെ അത്യന്തിക ഉയര്‍ത്തെഴുന്നേല്‍പ്പിനുവേണ്ടി'' അക്ഷീണം പ്രവര്‍ത്തിക്കുന്ന മാധ്യമപ്രസ്ഥാനമാണ് സൈന്ധവമൊഴി. ജനാധിപത്യാനന്തര നവോത്ഥാനത്തിനും നവീകരണത്തിനും മാറ്റിത്തീര്‍ക്കലിനും വേണ്ടിയുള്ള രാഷ്ട്രീയമാണ് സൈന്ധവമൊഴിയുടെ ഉള്‍ക്കാമ്പ്.

ഒരു സാങ്കേതിക സ്ഥാപനമെന്ന നിലയില്‍ ശക്തമായ ഒരു മാധ്യമ പ്രസ്ഥാനത്തെ സംസ്ഥാനാടിസ്ഥാനത്തില്‍ വിന്യസിച്ചുകൊണ്ടാണ് സൈന്ധവമൊഴി മുന്നോട്ടുപോകുന്നത്. ഇത്തരമൊരു അടിസ്ഥാന മുന്നേറ്റങ്ങള്‍ക്കാവശ്യമായ ഇന്‍ഫ്രാസ്‌ട്രെച്ചറും സാങ്കേതികത്വവും ഒരു പൊതുസംവിധാനത്തിന്റെ കൃത്യവും സത്യസന്ധവുമായ കൂട്ടുത്തരവാദിത്വം ക്രമീകരിച്ച് പുതിയ രൂപഘടനയില്‍ സമൂര്‍ത്തവത്ക്കരിക്കുകയും സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌ക്കാരികവും സാമ്പത്തികവുമായ രൂപീകരണം സാദ്ധ്യമാക്കി, സംസ്ഥാനാടിസ്ഥാനത്തില്‍ സൈന്ധവമൊഴിയെ ജനകീയവത്കരിക്കുകയും കൃത്യമായ ഒരു മാധ്യമ സങ്കേതിക ഘടന രൂപപ്പെടുത്തി സാമൂഹ്യാഭിമാനത്തിന്റെ അടയാളമാക്കി പൊതുമണ്ഡലത്തില്‍ സ്ഥാപനവത്കരിക്കുകയും മാധ്യമസാങ്കേതിക സ്ഥാപനം വളര്‍ത്തിവികസിപ്പിച്ച് സാമൂഹ്യവിമോചന മുന്നേറ്റങ്ങള്‍ക്ക് ആധികാരികമായ പൊതുഘടന രൂപവത്കരിച്ച് വരിസംഖ്യ (വാര്‍ഷികം/ ആയുഷ്‌ക്കാലം) സംഭാവനകളും സമാഹരിച്ച് 'സാമൂഹ്യമൂലധനമായി' രൂപവത്കരിക്കുകയുമാണ് ലക്ഷ്യം. ഒരു പൊതുമാധ്യമ സാങ്കേതിക സ്ഥാപനത്തിന്റെ ഘടനയില്‍, സാദ്ധ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് അനുബന്ധ വികസനോന്മുഖ പൊതു അജണ്ഡയും ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്. തദ്ദേശീയ ആദിമജനതയുടെ വിമോചനമുന്നേറ്റങ്ങള്‍ക്ക് പൊതുവായ താത്പര്യങ്ങളെ മാനിക്കുകയും അതോടൊപ്പം മനുഷ്യത്വപരമായ മുന്നേറ്റങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന പൊതുപുരോഗമന ശക്തികളേയും ഐക്യപ്പെടുത്തുന്ന ഈ കര്‍മ്മ പരിപാടിയിലേക്ക് മാന്യവായനക്കാരുടെ സഹകരണം പ്രതീക്ഷിക്കുന്നു, സ്വാഭിമാനം ക്ഷണിക്കുന്നു.