"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

വീണ്ടും അടിമത്തത്തിലോക്കോ ഹിന്ദുക്കള്‍ പട്ടികജാതിക്കാരെ മടക്കി അയക്കുന്നത്?


ഹിന്ദു ഒരു മതമല്ലെങ്കിലും ആണ് എന്ന് അതിന്റെ ആളുകള്‍ തറപ്പിച്ചു പറയുമ്പോള്‍ പട്ടികജാതിക്കാര്‍ ഹിന്ദുക്കളാണോ എന്നും അവര്‍ക്ക് എന്തു പരിഗണനയാണ് ഹിന്ദു സമൂഹം കൊടുക്കുന്നത് എന്നും പരിശോധിക്കേ ണ്ടതുണ്ട്. പട്ടികജാതിക്കാര്‍ ഹിന്ദുക്കളല്ല ഒരു വിഭിന്ന വിഭാഗമാണ് എന്ന് ഡോ. അംബേഡ്കര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം തെളിയിച്ചിട്ടുണ്ട്. അപ്പേള്‍ പട്ടികജാതിക്കാരില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരെ തിരികെ പട്ടികജാതിക്കാരാക്കുകയല്ല, മറിച്ച് അവരെ ഹിന്ദുക്കളാക്കുക എന്നതാണ് 'ഘര്‍ വാപസി' എന്ന കുടില തന്ത്രത്തിലൂടെ ഹിന്ദുക്കള്‍ ലക്ഷ്യമിടുന്നത്. 

അങ്ങനെ ഹിന്ദുക്കളാക്കുമ്പോള്‍ എന്തു പരിഗണനയാണ് പട്ടികജാതിക്കാര്‍ക്ക് കിട്ടുന്നത്? ഹിന്ദുവിന്റെ സാമൂഹ്യഘടന ഏകതാനമല്ല. മുകള്‍ത്തട്ടില്‍ നിന്ന് ക്രമമായി അധികാര - അവകാശങ്ങള്‍ കുറഞ്ഞുവരുന്ന നാല് വര്‍ണങ്ങളുടെ അധികാര ഘടനയാണ് അതിനുള്ളത്. ഇതില്‍ മുന്തിയ പരിഗണന വിദ്യാഭ്യാസം ചെയ്യല്‍ കര്‍മ്മമായിട്ടുള്ള ബ്രഹ്മണനാണ്. അതില്‍ കുറഞ്ഞ പരിഗണന യുദ്ധം ചെയ്യല്‍ എന്ന കര്‍മ്മമുള്ള ക്ഷത്രിയന് കിട്ടുന്നു. അതില്‍ കുറഞ്ഞ പരിഗണന കച്ചവടം ചെയ്യല്‍ മുഖ്യ കര്‍മ്മമായിട്ടുള്ള വൈശ്യന് കിട്ടുന്നു. ഏറ്റവും അവസാനത്തെ വര്‍ണക്കാരനായ ശൂദ്രന് സവിശേഷമായ കര്‍മ്മങ്ങളൊന്നും വിധിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവന്റെ കര്‍മ്മം തനിക്ക് മുകളിലുള്ള മറ്റ് മൂന്ന് വര്‍ണക്കാരനേയും സേവിക്കുക എന്നുള്ളതാണ്! ഹിന്ദുവിന്റെ ഈ കര്‍മ്മ വ്യവസ്ഥ ലോകോത്തരമായ സോഷ്യലിസ്റ്റ് വ്യവസ്ഥയാണെന്നാണ് അവര്‍ കൊട്ടിഘോഷിക്കുന്നത്. സോഷ്യലിസം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ എന്താണ്? സമത്വം എന്നാണല്ലോ. വിദ്യാഭ്യാസം, യുദ്ധം, കച്ചവടം എന്നിവ തുല്യമൊണോ? ഹിന്ദുക്കള്‍ അങ്ങനെ വിശ്വസിച്ചതുകൊണ്ടുമാത്രം സത്യം അതാകണമെന്നില്ല. ഇവര്‍ക്ക് മേലനങ്ങാതെ ജീവിക്കുന്നതിനായാണ് നാലാമത്തെ വര്‍ണക്കാരനായ ശൂദ്രന് മേല്‍വര്‍ണക്കാരെ സേവിക്കുക എന്ന കര്‍മ്മം ഏല്‍പ്പിച്ചിരിക്കുന്നത്. അതായത് വര്‍ണ വ്യവസ്ഥക്കുള്ളില്‍ ഒരു അടിയാള വിഭാഗത്തെ ഉണ്ടാക്കി നിര്‍ത്തിയിരിക്കുന്നു. അടിയാളനും മേലാളനും സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ ഘടകങ്ങളാണെന്ന് ഏതെങ്കിലും തത്വസംഹിത അടിവരയിട്ടു പറയുന്നുണ്ടോ? ഹിന്ദുവിന്റെ തത്വസംഹിതകള്‍ അങ്ങിനെ അവകാശപ്പെടുന്നതല്ലാതെ ലോകത്തെ ഒരു തത്വശാഖയും ഇത് അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല ചര്‍ച്ചക്കുപോലും പരിഗണിക്കാതെ തള്ളിക്കളഞ്ഞതുമാണ്. മേലാളനും അടിയാളനും സമന്മാരാണെന്ന് മേലാള ഹിന്ദു കല്‍പ്പിച്ചാല്‍ പോര, അടിയാളന്‍ അംഗീകരിച്ചാലും പോര, എല്ലാര്‍ക്കും അല്ലാ അധികാരങ്ങളും തുല്യമായ സമത്വം എന്ന സത്യം സാമൂഹ്യ വ്യവസ്ഥയുടെ നെടുംതൂണായിരിക്കുകയും വേണം!

പട്ടികജാതിക്കാര്‍ ഹിന്ദുവാകുമ്പോള്‍ അവന് ഏത് വര്‍ണമാണ് കൊടുക്കുക? വിദ്യാഭ്യാസം ചെയ്യാന്‍ അധികാരമുള്ള ബ്രാഹ്മണനാക്കുമോ? അതല്ല ശൂദ്രന്റെ ദാസ്യപ്പണി ചെയ്യാന്‍ അവര്‍ തയ്യാറാകുമോ?

ആദ്യ മൂന്നു വര്‍ണക്കാര്‍ ദ്വിജന്മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. രണ്ട് ജന്മമുള്ളവരാണ് ദ്വിജന്മാര്‍. ഇവരുടെ ആദ്യത്തെ ജന്മം ഗര്‍ഭപാത്രത്തില്‍ നിന്നും രണ്ടാമത്തെ ജന്മം വിദ്യാഭ്യാസം ചെയ്തശേഷവും സംഭവിക്കുന്നു. ദ്വിജന്മാര്‍ക്ക് പൂണൂല്‍ ധരിക്കാന്‍ അവകാശമുണ്ട്. വിദ്യാഭ്യാസം ചെയ്യാല്‍ അവകാശം ഉള്ള വര്‍ണക്കാരന്റെ അവകാശമാണ് അത്. നാലാം വര്‍ണക്കാരനായ ശൂദ്രന്‍ ദ്വിജനല്ല. അവര്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ അവകാശമില്ലാത്തതുകൊണ്ട് രണ്ടാമത്തെ ജന്മവുമില്ല. അവര്‍ക്ക് പൂണൂലുമില്ല. ശൂദ്രന്റെ പദവിയാണ് ഹിന്ദുക്കള്‍ പട്ടികജാതിക്കാര്‍ക്ക് നീക്കിവെച്ചിരിക്കുന്നതെങ്കില്‍ അവര്‍ ഹിന്ദുവാകാന്‍ തയ്യാറാകുമോ? 

വിദ്യാഭ്യാസ അവകാശത്തിനായി അയ്യന്‍കാളി കര്‍ഷകത്തൊഴിലാളി സമരം നയിച്ചപ്പോള്‍, അധികാരികള്‍ പറഞ്ഞത് തിരുവിതാംകൂര്‍ ഒരു ഹിന്ദുരാജ്യമായതിനാല്‍ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശം ദ്വിജന്മാര്‍ക്ക് മാത്രമായിരിക്കെ ഈ ആവശ്യം അംഗീകരിച്ചു കൊടുക്കാന്‍ പറ്റില്ലെന്നാണ്. സവര്‍ണരില്‍ ശൂദ്രര്‍ക്കുതന്നെ വിദ്യാഭ്യാസം ചെയ്യാന്‍ അവകാശമില്ലെന്നിരിക്കെ വര്‍ണബാഹ്യര്‍ അതിനുവേണ്ടി ശ്രമിക്കുന്നത് ഹിന്ദു ഭരണഘടനയായ സ്മൃതി -ശ്രുതികള്‍ക്ക് വിരുദ്ധമായതിനാലാണ് അധികാരികള്‍ ആവശ്യം അംഗീകരിച്ചുതരാന്‍ വിസമ്മതിച്ചത്.

ഹിന്ദുമതത്തിലേക്ക് മടങ്ങിവരാന്‍ തയ്യാറാകുന്ന പട്ടികജാതിക്കാരും ഒന്നു ചിന്തിക്കേണ്ടതാണ്. നിങ്ങള്‍ എങ്ങോട്ടാണ് മടങ്ങിപ്പോകുന്നത്? അടിമത്വത്തിലേക്കോ? നിങ്ങളുടെ കാരണവന്മാര്‍ ഹിന്ദുക്കളായിരുന്നില്ല. എന്നാല്‍ ഹിന്ദുക്കളുടെ അടിമകളായിരുന്നു. അവരില്‍ അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്നുകൊടുത്തത് ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു. അതിന്റെ വെളിച്ചത്തിലാണ് അവര്‍ സ്വാന്ത്ര്യത്തിലേക്കുള്ള പാത അല്‍പ്പാല്‍പ്പമായി കണ്ടു തുടങ്ങിയത്. നിങ്ങള്‍ക്ക് മോചനം വേണമെങ്കില്‍ വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം വേണമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഹിന്ദുക്കള്‍ നിങ്ങള്‍ക്ക് വിദ്യാഭ്യാസം തന്നിരുന്നുവോ? ഹിന്ദുക്കള്‍ ആയത് തന്നിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ വേണ്ടിവരില്ലായിരുന്നു. നിങ്ങള്‍ വിദ്യാഭ്യാസം ചെയ്താല്‍ സ്വാതന്ത്ര്യം പോരാടി നേടുമെന്ന് ഹിന്ദുവിന് നന്നായറിയാം. അപ്പോള്‍ പിന്നെ അവരുടെ കാര്യം അവതാളത്തിലാകും. മേലനങ്ങാതെ നിങ്ങളെപ്പോലെയുള്ള അടികളുടെ അധ്വാനഫലം ഭുജിച്ച് കഴിഞ്ഞിരുന്ന അവര്‍ നിങ്ങള്‍ സ്വതന്ത്രരാകുന്നതോടെ കഴിഞ്ഞുകൂടണമെങ്കില്‍ മേലനങ്ങി പണിയെടുക്കേണ്ടതായി വരും. ആരാണ് നിങ്ങളെക്കൊണ്ട് അടിമപ്പണിയെടുപ്പിച്ച് കഴിഞ്ഞുകൂടിയിരുന്നത്? ക്രിസ്ത്യന്‍ മിഷനറിമാരോ അതോ ഹിന്ദുക്കളോ? 

വിദ്യാഭ്യം ചെയ്യാനുള്ള അവകാശം സമരംചെയ്ത് നേടിയെടുത്തശേഷം അയ്യന്‍കാളി വെച്ചുകെട്ടിയ പള്ളിക്കൂടം രായ്ക്ക്‌രാമാനം തീയിട്ട് നശിപ്പിച്ചവരാണ് ഹിന്ദുക്കള്‍? എന്തിന് നിങ്ങള്‍ വിദ്യാഭ്യാസം ചെയ്യാതിരിക്കുന്നതിനുവേണ്ടി! നിങ്ങളുടെ മോചനമായിരുന്നു അവരുടെ ലക്ഷ്യമെങ്കില്‍ ഹിന്ദുക്കള്‍ അത് ചെയ്യുമായിരുന്നില്ല എന്നെങ്കിലും തിരിച്ചറിയുക.