"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

പിഴവുകളുടെ പതിവുകളുമായി ഒരു ചലച്ചിത്രമേളകൂടി കടന്നുപോയി


പതിവു പാക്കേജുകള്‍കൊണ്ട് ഒരുവിധം ഒപ്പിച്ചു പോവികയായിരുന്നു 2014 ലും. അബോറിജിനല്‍, നവാഗത സംവിധായകര്‍, മാര്‍ജിനലൈസ്ഡ് തുടങ്ങിയ പാക്കേജുകള്‍ ഇത്തവണയും വര്‍ജ്യം. ഹോമേജ് വിഭാഗത്തില്‍ വിഖ്യാത ഹംഗേറിയന്‍ സംവിധായകന്‍ മൈക്കിളോസ് യാംങ്‌ചോയുടെ ചിത്രങ്ങള്‍ എടുത്തുപറയേണ്ട ഒരു തെരഞ്ഞടുപ്പാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വിഖ്യാതമായ 'ഹംഗേറിയന്‍ റാപ്‌സഡി' കാണിക്കാതിരുന്നത് ഖേദകരമായിപ്പോയി. 'കണ്‍ട്രി ഫോക്കസി' മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളെ ഉള്‍പ്പെടുത്തുക എന്നുള്ളത് മേള നടത്തിപ്പുകാരുടെ ഒബ്‌സഷനാണ്. 

മനുഷ്യാവകാശപ്പോരാളികളുടെ ഇടപെടലുകള്‍ അങ്ങേയറ്റം അനിവാര്യമായിരിക്കുന്ന മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളിന്മേലുള്ള ഉത്കണ്ഠ രേഖപ്പെടുത്തുന്ന തിനായല്ല ഇവിടത്തെ ഈ തെരഞ്ഞെടുപ്പ്. മറിച്ച് കേരളത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിലെ സ്ഥിര നിക്ഷേപകരായ സെമിറ്റിക് മതവിശ്വാസികളെ പ്രീണിപ്പിച്ച് അവരുടെ കൊഴിഞ്ഞുപോക്ക് തടയുക എന്നതാണ് ഇതിലൂടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇറാനില്‍ നിന്നുള്ള മജീദ് മജീദി, കൊറിയയില്‍ നിന്നുള്ള കിം കി ദുക് തുടങ്ങിയവരുടെ പങ്കാളിത്തം അമിതമാക്കുന്നത് മേളയിലെ പിഴവുകള്‍ പ്രശ്‌നമാക്കാതിരിക്കാന്‍ പ്രേക്ഷകരെ കയ്യിലെടുക്കുന്നതിനുവേണ്ടിയാണ്.

എന്തായാലും ഇത്തവണ ഈ സ്ഥിരം ബിംബങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ ഇടിവ് സംഭവിച്ചത് ആശ്വാസകരമാണ്. എന്നാല്‍ ഉത്ഘാടന ചിത്രം 'ഡാന്‍സിംങ് അറബ്' സംവിധാനം ചെയ്ത എറാന്‍ റിക്ലിസ് മറ്റൊരു ബിംബം ആകാതിരിക്കട്ടെ എന്ന് വിചാരിക്കാം. അവരുടെ മുന്‍ ചിത്രങ്ങളായ 'സിറിയന്‍ ബ്രൈഡ്' 'ലെമണ്‍ ട്രീ' തുടങ്ങിയവ ഈ വേദികളില്‍ കാണിച്ച് കയ്യടി നേടിയിട്ടുള്ളവയാണ്. 'ഒമര്‍','പാരഡൈസ് നൗ' തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ട് അവതരിച്ച, സംവിധായകന്‍ ഹാനി അബു ആസാദിന്റെ പാക്കേജ് വളരെ നന്നായി. അദ്ദേഹവും മറ്റൊരു ബിംബം ആകാതിരിക്കട്ടെ എന്നുകൂടി വിചാരിക്കാം.

മൈക്കിളോസ് യാംങ്‌ചോ, ക്രിസ്റ്റഫ് സനുസ്സി, ചി ഫെയ് തുടങ്ങിയവരുടെ സിനിമകള്‍ കാണ്‍കെ, കാലത്തിന്റെ പിന്‍തിരിപ്പന്‍ പ്രവണതകളെ പ്രതിരോധിക്കാന്‍ വന്‍പ്രഹരശേിയുള്ള ആയുധങ്ങള്‍ തീര്‍ത്തുവെക്കാന്‍ ഇപ്പോഴും അവരൊക്കെത്തന്നെയേ നമുക്കുള്ളൂ എന്ന് ബോധ്യമാകുന്നു. 1994 ല്‍ ഡിസംബറില്‍ കോഴിക്കോട്ട് ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിക്കുന്നത്, കേരളത്തിലെ ആര്‍ക്കൈവിലുള്ള ഫിലിമുകള്‍ മാത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു. പാക്കേജുകളായി തിരിച്ചിരുന്നില്ല. മത്സരവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഉള്‍പ്പെടുത്തിയ ചി ഫെയ് (ചൈന) യുടെ 'ഗേള്‍ ഫ്രം ഹുനാന്‍' അന്നും കാണിച്ചിരുന്നു.

അങ്ങേയറ്റം സൃഷ്ടിപരമാണ് ഒരു മേളയുടെ നടത്തിപ്പ്. പിന്‍തിരിപ്പന്‍ ഏര്‍പ്പാടുകള്‍ക്കെതിരേ കലാകാരന്‍ തന്റെ സൃഷ്ടികളിലൂടെ സമരം ചെയ്യുന്നതുപോലെ, പ്രഹര ശേഷിയുള്ള ഒരു സൃഷ്ടിയായി ചലച്ചിത്രമേളയുടെ നടത്തിപ്പിനെ കാലത്തില്‍ കൊത്തിയെടുക്കാവുന്നതാണ്. അതിനുള്ള ഇച്ഛാശക്തിയുള്ളവര്‍ മേളയുടെ നടത്തിപ്പുകാരായി വരാത്തത് വലിയ പോരായ്മയാണ്. ഇപ്പോഴത്തെ അഡൈ്വസറി കമ്മിറ്റിയിലുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനാ യിരിക്കുമ്പോള്‍ നടത്തിയ മേളകള്‍ ഏറെക്കുറേ കുറ്റമറ്റതായിരുന്നു. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ അടൂരിന്റെ സിനിമകളോട് വലിയ മതിപ്പ് പ്രഗത്ഭമതികള്‍ക്കില്ല. ഇക്കാര്യത്തില്‍ മലയാളത്തിലെ ബെര്‍ഗ്മാന്‍ എന്നറിയപ്പെടുന്ന സാനന്ദരാജിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞ്; 'ഇന്ത്യന്‍ സിനിമയുടെ വേള്‍ഡ് ഇമേജ് അടൂര്‍ ഉണ്ടാക്കിയതല്ല. കരമന ജനാര്‍ദ്ദനന്‍ നായരുടെ അഭിനയംകൊണ്ട് വിജയിച്ച 'എലിപ്പത്തായം' ഒഴിച്ചാല്‍ അടൂര്‍ പടങ്ങളൊന്നും ചെയ്തിട്ടില്ല. എന്നാല്‍ തനിക്ക് ഒരു വേള്‍ഡ് ഇമേജുണ്ടാക്കാന്‍ അടൂരിന് കഴിഞ്ഞിട്ടുണ്ട.'

സമാധാനത്തോടെയിരുന്ന് സിനിമ കാണുന്നതിനുള്ള അന്തരീക്ഷം ഇത്തവണയും ഒരുക്കിത്തരുക യുണ്ടായില്ല. കാണികള്‍ മൊത്തം കൊള്ളരുതാത്തവര്‍ എന്ന് നിരീക്ഷിക്കപ്പെടുന്നത് മേളയുടെ അന്തസത്തയെ അങ്ങേയറ്റം നശിപ്പിച്ചുകളഞ്ഞു. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലിരുന്ന് സിനിമ കാണുന്നവന്റെ ഉള്ളം ഭരിക്കുന്നത് ആസ്വാദ്യതയാണോ ആശങ്കകളാണോ? വിധ്വംസക പ്രവൃത്തികള്‍ നടക്കാനിടയുള്ള - ഇവിടെ തിയേറ്ററുകള്‍ - സ്ഥലത്തുവന്നാണോ അതിനെ തടയാന്‍ ശ്രമിക്കേണ്ടത്. അത്തരം പ്രവണതകളുടെ പ്രാരംഭ കേന്ദ്രം കണ്ടെത്തി, അവിടെ വെച്ച് അതിനെ നശിപ്പിക്കാതെ, ആ പ്രവൃത്തി നടത്താനിടയുള്ള ഇടം വരെ കടന്നുവരാനനുവദിക്കുന്നത് നമ്മുടെ സുരക്ഷാ സംവിധാനങ്ങളിടെ പിഴവുകളേയല്ലേ കാണിക്കുന്നത്? കൂടുതല്‍ പര്യാലോചനകള്‍ ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

തിയേറ്ററുകളുടെ എണ്ണം കുറച്ചതും ഉള്ളവ വെട്ടിച്ചുരുക്കിയതും ബുക്കിംങ് സംവിധാനം പാളിയതും മേള നടത്തിന്റെ താളം തെറ്റിച്ചു.