"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

അരിയുടെ വിലക്കയറ്റത്തെ ചക്കകൊണ്ട് പ്രതിരോധിക്കാം - അജിത് നന്ദന്‍കോട്


ഒരുകാലത്ത് കേരളകരയില്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും വിശപ്പ് അകറ്റി പട്ടിണിയില്‍ നിന്നും രക്ഷിച്ചിരുന്ന പ്രകൃതിവിഭവമാണ് ചക്ക. ഉഷ്ണകാലത്ത് വിളഞ്ഞ് പാകമാകുന്ന ചക്കയും ചക്കപ്പഴവും പ്രകൃതിതന്നെ മനുഷ്യനും ജീവിവര്‍ഗ്ഗങ്ങള്‍ക്കും കനിഞ്ഞു നല്‍കുന്ന ഫലം തന്നെയാണ്. പ്ലാവില്‍ ആഗസ്റ്റ് മാസം തൊട്ട് ചക്ക കളയിടുന്നു. ഏപ്രില്‍ -മേയ് മാസത്തോടെ പാകമാകുന്ന ചക്കയ്ക്ക് 5 മാസം വിളവു വേണ്ടി വരുന്നു. ലോകത്തിലെ പഴവര്‍ഗ്ഗങ്ങളില്‍ ഏറ്റവും വലുപ്പം കൂടിയതും ചക്ക തന്നെ. ഒരു നിത്യ ഹരിത മരമായ പ്ലാവിന്റെ ജന്മസ്ഥലം ഫിലിപ്പേന്‍സ് ആണെന്നു പറയപ്പെടുന്നു. ഇതിന്റെ കറ (പാലു പോലുള്ള നിറം) ഉള്ളതുകൊണ്ടാണ് പ്ലാവിന് ഈ പേരു വന്നതെന്ന് പഴമക്കാര്‍ പറയുന്നത്. ഏതാണ്ട് 3000-6000 വര്‍ഷങ്ങള്‍ക്കുമുമ്പ് ലോകത്തില്‍ മനുഷ്യന്‍ ചക്ക ഭക്ഷണമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ സംഘകാലഘട്ടത്തില്‍ ദ്രാവിഡ ദേശവുമായി ബന്ധമുള്ള കേരളവും ചക്ക ഉപയോഗിച്ചിരുന്നതായി ന്യായമായി നമുക്ക് പറയാന്‍ കഴിയും. നമ്മുടെ നാട്ടില്‍ സമ്പുഷ്ടവും ഔഷധദായകവുമായ ചക്ക വേണ്ട രീതിയില്‍ ഭക്ഷ്യയോഗ്യമായി ഉപയോഗിക്കാതെ കളയുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. പറമ്പുകളിലും വഴിവക്കിലും വീണ ഈച്ചയും കൊതുകിന്റേയും വാസഫലമാക്കി മാറ്റുന്നതും എന്തിനേറെ വീടിന്റെ അടുത്തു നില്‍ക്കുന്ന പ്ലാവിന്റെ ചക്കപോലും ഉപയോഗിക്കാന്‍ മിനക്കെടാത്തവരാണ് മലയാളികളില്‍ ഏറെപേരും. മൊറേസി കുടുംബത്തില്‍പ്പെട്ട പ്ലാവിന്റെ ശാസ്ത്രനാമം ആര്‍ട്ടോകാര്‍പ്പസ് ഹെറ്റ്‌റോഫൈലസ് (ARTO CARPUS HETRO PHYLLUS) എന്നാണ്. ഇംഗ്‌ളീഷില്‍ ജാക്ക് ഫ്രൂട്ട് ട്രീ എന്നും തമിഴില്‍ പലാക്ക എന്നും വിളിക്കുന്നു. കേരളത്തെ കൂടാതെ ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും സമൃദ്ധമായി ചക്ക വളരുന്നു. ശ്രീലങ്ക, ബര്‍മ്മ, മലയാ, തെക്കന്‍ ചൈന, ഈസ്റ്റ് ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും ധാരാളമായി കണ്ടു വരുന്നു. കൂടാതെ ബംഗാള്‍ ദേശത്തിന്റെ ദേശീയ വൃക്ഷവുമാണ് പ്ലാവ്. ഒരു പ്ലാവില്‍ നിന്നും ശരാശരി 20 മുതല്‍ 300 ചക്കവരെ ഒരാണ്ടില്‍ കിട്ടുന്നു. 35 കിലോഗ്രാമിലേറെ തൂക്കമുള്ള ചക്ക കിട്ടിയതായി തെളിവുകള്‍ ഉണ്ട്. ചക്ക ഏറ്റവും വലിയ സംയുക്ത ഫലമാണ് എന്നു പറഞ്ഞാല്‍ ചക്ക ഒരു പഴമല്ല. അനവധി ചെറിയ പഴങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കുന്നു. ഓരോ ചുളയും ഓരോ പഴമാണ്. പ്ലാവ് രണ്ടു തരമുണ്ട്. കൂഴയും വരിക്കയും. കൂഴയുടെ ചുള കട്ടി തീരെയില്ല. മാത്രമല്ല നാരു കൂടുതലും മധുരം കുറവായും ഇരിക്കും. കൂഴച്ചക്ക പലതരവുമുണ്ട്. എന്നാല്‍ വരിക്ക ചക്കയുടെ ചുളയ്ക്ക് ബലവും മധുരവും രുചിയും കൂടും. ചില പഴുത്ത വരിക്ക ചക്ക ചുളയില്‍ മധുരമുള്ള ഒരു തരം ദ്രാവകം ഒലിച്ചിറങ്ങും അതാണ് തേന്‍വരിക്ക.

തമിഴ്‌നാട്ടിലെ മധുരനഗരത്തില്‍ വിവിധ ഇടങ്ങളിലും ബസ്റ്റാന്‍ഡിലും വേനല്‍ രൂക്ഷമാകുമ്പോള്‍ സുലഭമായി വരിക്കചക്ക ലഭിക്കുന്നു. ഒരു ചുളയ്ക്ക് 3 രൂപ മുതല്‍ 5 രൂപവരെ വില വരുന്ന ഇതിനെ അവിടങ്ങളില്‍ ഉള്ളവര്‍ ഭക്ഷിക്കുന്നത് വേനല്‍ചൂടിനെ ശരീരത്തിന് പ്രതിരോധിക്കാന്‍ കഴിയും എന്നുള്ള തിരിച്ചറിവിലാണ്.

ചക്ക കറിയായും പഴമായും ഉപയോഗിക്കം. അവിയല്‍, ചക്ക എരിശ്ശേരി, ചക്ക പുരട്ട്, ചക്ക പുഴുക്ക് എന്നിങ്ങനെ അനവധി വിഭവങ്ങള്‍ ചക്ക ചുളയില്‍ നിന്നുണ്ടാക്കുന്നു. ചക്കക്കുരുകൊണ്ട് ഉപ്പേരി, അവിയല്‍, ചക്കകുരു ഉടച്ചത്, ചക്കകുരു തോരന്‍ തുടങ്ങിയ വിഭവങ്ങളും ഉണ്ടാക്കുന്നു. പുഴുങ്ങിയ (അവിച്ച) ചക്കകുരു ഇടഭക്ഷണമായി ഉപയോഗിക്കുന്നു. ചുട്ട ചക്കകുരുവും കട്ടന്‍ ചായയും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും പ്രിയപ്പെട്ട ഒരിനമാണ്.

ചക്കപ്പഴത്തില്‍ മോയിസ്ച്ചര്‍ 7.72 ശതമാനവും പ്രോട്ടീന്‍ 1.9 ശതമാനവും കാര്‍ബോഹൈഡ്രേറ്റ് 18.9 ശതമാനവും വിറ്റാമിന്‍ എ, വിറ്റാമിന്‍ സി ഉം ചക്കക്കുരുവില്‍ വിറ്റാമിന്‍ ബി ഒന്നും രണ്ടും കാര്‍ബോഹൈഡ്രേറ്റ് 38.4 ശതമാനവും പ്രോട്ടീന്‍ 6.6 ശതമാനവും അടങ്ങിയിരിക്കുന്നു.

ചക്കപ്പഴം പിത്തം, വാതം, രക്തദോഷം, ചുട്ടുനീറ്റല്‍, ക്ഷയം ഇവയെ ശമിപ്പിക്കും. പ്ലാവിന്‍ പട്ട (മര മഞ്ഞള്‍) മുണ്ടിനീരിന് കൈക്കൊണ്ട മരുന്നാണ്. അരച്ച് പുറമേ പുരട്ടിയാല്‍ മതിയാകും. പഴുത്ത പ്ലാവില ഞെട്ടും ജീരകവും കൂടി കഷായം വച്ചു സേവിച്ചാല്‍ ദുഷ്‌ക്കരമായ മഞ്ഞപ്പിത്തം ശമിക്കും. ചക്ക ചുളയും ചക്കകുരുവും ക്യാന്‍സറിനെ തടഞ്ഞു നിര്‍ത്താന്‍ കഴിയുമെന്ന് രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടന്ന പരീക്ഷണങ്ങള്‍ ഈ അടുത്ത കാലത്ത് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ചക്കകുരു പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുഘടകം ഭക്ഷണത്തിലെ പഞ്ചസാര തന്മാത്രകളുടെയും , കൊഴുപ്പു ഘടകങ്ങളുടെയും ആഗിരണം കുറയ്ക്കുന്നു. പ്രമേഹരോഗികള്‍ക്കും അമിത കൊളസ്‌ട്രോള്‍ രോഗികള്‍ക്കും ചക്ക ഭക്ഷണം കഴിക്കുന്നതും നല്ലതു തന്നെയാണ്. അരിയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ഈ നാട്ടില്‍ മരച്ചീനി (കപ്പ) യെക്കാള്‍ വില കുറഞ്ഞതു നാം പാഴാക്കിക്കളയുന്നതുമായ ചക്കയെ ഭക്ഷണത്തില്‍ ഉപയോഗപ്രദമാക്കിയാല്‍ അരിയുടെ അളവു കുറച്ച് ചക്കയുടെ ആനുപാതികം കൂട്ടി ഭക്ഷിച്ചാല്‍ നമുക്ക് സാമ്പത്തികലാഭം ഉണ്ടാക്കാന്‍ കഴിയും. ദാരിദ്യം പേറുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമായിത്തീരും. കൂടാതെ ടി.വി. ഉള്‍പ്പെടെയുള്ള വിപണന പരസ്യങ്ങളില്‍ ഭ്രമിച്ചും അതില്‍ അടിമകളായി കഴിയുന്ന നമ്മള്‍ കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമായിത്തീര്‍ന്നിട്ടുള്ള ചോക്ലേറ്റു മിഠായികളും, മഞ്ചും, മാഗിയും, ഐസ്‌ക്രീമും വാങ്ങിക്കൊടുത്ത് പൊങ്ങച്ചക്കാരായി കഴിയുന്ന നമ്മള്‍ അറിയാതെ പോകുന്ന ഒരു സത്യം ഉണ്ട്. ഇത് കാലക്രമത്തില്‍ കുട്ടികളുടെ കുടലിനും ആമാശയത്തിനും വൃക്കയ്ക്കും പല്ലുകള്‍ക്കും തകരാറുണ്ടാക്കി രോഗികളാക്കിമാറ്റുന്നു. ഇതിനു പകരം പോഷകാംശം നിറഞ്ഞ ചക്കക്കുരുവിന്റെ പുറംതോട് കളഞ്ഞ് ചുവന്ന തൊലിയോടെ വേവിച്ച് പൊടിച്ച് കരിപ്പട്ടി ചേര്‍ത്ത് കുറുക്കുപോലുള്ള ആഹാരസാധനങ്ങള്‍ നമ്മുടെ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് കൊടുക്കുകയാണെങ്കില്‍ നാളത്തെ രോഗികള്‍ ആയിതീരാത്ത ഒരു തലമുറ ഉണ്ടാകും എന്ന കാര്യത്തില്‍ നിസ്സംശയം പറയാന്‍ കഴിയും പ്രകൃതിയില്‍ കീടനാശിനികളാല്‍ മലിനീകരിക്കാത്ത ഈ ഫലത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ഇനിയെങ്കിലും നാം അമാന്തിക്കരുത്.