"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

മനുഷ്യരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മൃഗങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കാമോ?


'പട്ടിക്ക് ഇണ ചേരാന്‍ സ്വാതന്ത്ര്യമുണ്ട്. അത് കുട്ടികള്‍ കാണാതെ തടയാന്‍  അച്ഛന് സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ അച്ഛന്‍ അവകളെ കല്ലെറിഞ്ഞ് ഓടിക്കും' - ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഇത്. ഇതിനോടുള്ള വിമര്‍ശനമോ വിയോജിപ്പോ അല്ല ഇവിടെ കുറിക്കുന്നത്, വിചിന്തനം മാത്രം.

പട്ടികള്‍ എന്നല്ല ഒരു മൃഗവും മനുഷ്യന്റെ കണ്‍വെട്ടത്തോ മനുഷ്യന്‍ പെരുമാറുന്നിടത്തോ ഇണചേരാറില്ല. അവയും സ്വകാര്യ ഇടങ്ങളും നേരവും നോക്കിത്തന്നെയാണ് ഇണചേരാറ്. യാദൃശ്ചികമായി അതിന്റെ മുന്നില്‍ പെട്ടുപോകുന്ന സന്ദര്‍ഭങ്ങളെ മനുഷ്യന്‍ അഭിമുഖീകരിക്കാറുണ്ട്. ഒരുപക്ഷെ, കോഴികള്‍ ഈ പറഞ്ഞതിന് ഒരു അപവാദമായിരിക്കാം.

അങ്ങനെ കണ്‍മുന്നില്‍ പെട്ട പട്ടികളെ കുട്ടി കാണാതിരിക്കാന്‍ വേണ്ടി കല്ലെറിയേണ്ടതുണ്ടോ. കുട്ടികളുടെ ശൂന്യമായ മനസ്സിലേക്ക് ചുറ്റുപാടുകളില്‍ നിന്നും പകര്‍ത്തപ്പെടുന്ന അറിവുകളില്‍ ഒന്നാണ് ഇതും. പഞ്ചേന്ദ്രിയങ്ങളില്‍ 80% അറിവ് പകര്‍ത്തപ്പെടുന്നത് നേത്രേന്ദ്രിയത്തിലൂടെയാണ്. പട്ടികളെ കല്ലെറിഞ്ഞ് കുട്ടിയുടെ കണ്‍വെട്ടത്തുനിന്ന് ഓടിക്കുമ്പോള്‍ അരുതാത്തതെന്തോ ആണ് പട്ടികള്‍ ചെയ്യുന്നത് എന്ന അറിവാണ് കുട്ടിയില്‍ നിറക്കപ്പെടുന്നത്. എന്നാല്‍ പിന്നെ കുട്ടിയുടെ അടുത്തുനിന്ന് പട്ടികള്‍ ചെയ്യുന്നതെന്താണെന്ന് വിശദീകരിച്ചു കൊടുക്കാം! പക്ഷെ അങ്ങനെ വിചാരിക്കേണ്ടതില്ല. എന്നാല്‍ കുട്ടിക്കുവേണ്ട അറിവു ലഭ്യമാകുന്ന ഉറവിടങ്ങളെ തടയാനും പാടില്ല! ഇതൊക്കെ പ്രായമാകുമ്പോള്‍ തനിയെ അറിഞ്ഞുകൊള്ളും എന്നും കരുതാമോ!

എങ്ങിനെ?

ഇപ്പോള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തപ്പെട്ട വസ്തുത വളര്‍ന്നു വലുതായ ഒരുവനില്‍ ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതെങ്ങനെ? ഇവിടെയാണ് 'മെന്റര്‍' ആവശ്യമായി വരുന്നത്. ഈ ഉദാഹരണത്തിലെ കുട്ടിയെ അച്ഛന്‍ - തനിക്ക് പട്ടിചെയ്യുന്നതെന്തെന്ന് വിശദീകരിക്കാനാവാ ത്തസ്ഥിതിക്ക് കുട്ടിയില്‍ ഒരു തെറ്റായ അറിവ് നിറക്കപ്പെടാതിരിക്കാന്‍ - മെന്റര്‍ക്ക് വിട്ടുകൊടുക്കണമായിരുന്നു. കുട്ടിയെ കൂട്ടുകാരുടെ സമൂഹത്തിലേക്ക് സ്വതന്ത്രമായി വിടുക. മുതിര്‍ന്ന കൂട്ടുകാരന്‍ മെന്റെറുടെ ചുമതലയില്‍ പ്രവര്‍ത്തിക്കും. അച്ചന് ഇവിടെ അരുതാത്ത പ്രവൃത്തി കുട്ടിക്ക് വിശദീകരിച്ചു കൊടുക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാവാം. സമൂഹ്യ ജീവിയല്ലാത്തെ വീട്ടിലടച്ചു വളര്‍ത്തുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം മെന്ററുടെ സേവനം ഒരിക്കലും ലഭ്യമാകില്ല. പട്ടികള്‍ ചെയ്ത തെറ്റായ പ്രക്രിയ കണ്ടു/കാണാതെ അവന്‍ വളര്‍ന്ന് വരുമ്പോള്‍ അവനകുന്ന ജീവിക്ക് ഒരിക്കല്‍ ഇത് ചെയ്യേണ്ട ഘട്ടത്തില്‍ അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുന്നവന്റെ പാപബോധമാണ് ഉണ്ടാകുക. 

വീട്ടിലടക്കപ്പെട്ട കുട്ടി എന്നത് തല്ക്കാലം മറക്കാം. അവനെ കൂട്ടുകാരുടെ സമൂഹത്തിലേക്ക് ഇറക്കി വിടണമെന്നതും വേണമെന്നില്ല. ഇവിടെ അച്ഛനുതന്നെയും മെന്റെറാകാമല്ലോ! എങ്ങനെ? ഈ അറിവ് വളരെ ലളിതവും സരസവുമായി സംക്രമിപ്പിക്കാനുതകുന്ന പുസ്തകങ്ങള്‍ (ഇപ്പോള്‍ റിസോഴ്‌സ് സി ഡി കളും) മാര്‍ക്കറ്റില്‍ ധാരാളം ലഭ്യമാണ്. ശാസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരിച്ച 'അച്ഛാ ഞാനെങ്ങനെ ഉണ്ടായി?' എന്ന പുസ്തകം നല്ലൊരു ഉദാഹരണമാണ്. മെന്ററായ അച്ഛന്‍ ഒന്നു മെനക്കെടണമെന്നു മാത്രം. കുട്ടി വല്ലവരുടേതുമല്ലല്ലോ, തന്റേതല്ലേ! മിക്കവാറും എല്ലാ വൈല്‍ഡ് ലൈഫ് ചാനലുകളിലും മൃഗങ്ങളുടെ ഈ പ്രക്രിയകളുടെ ദൃശ്യപാഠങ്ങള്‍ നല്‍കുന്നവയാണ്. മെന്റര്‍ അവരോടൊപ്പമിരുന്ന് കാണണമെന്നില്ല, അര്‍ക്ക് അവസരം ഉണ്ടാക്കിക്കൊടുത്താല്‍ മതി. അതെങ്ങനെ പട്ടിയെ തല്ലിയോടിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാണല്ലോ. ഇവിടെ പട്ടിയേയും ഉപദ്രവിച്ചു, സ്വന്തം കുട്ടിയേയും ഉപദ്രവിച്ചു. എന്തിന് ? തന്റെ സ്വാര്‍ത്ഥതക്കു വേണ്ടി. സ്വാര്‍ത്ഥതയാണോ സ്വാതന്ത്ര്യം? മനുഷ്യനു മാത്രം മതിയോ സ്വാതന്ത്ര്യം പട്ടികള്‍ക്കുമില്ലേ സ്വാതന്ത്ര്യം. മനുഷ്യരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ വേണ്ടി പട്ടികളുടെ സ്വാതന്ത്ര്യം നിഷേധിക്കാന്‍ നമുക്ക് അവകാശമുണ്ടോ!

അധ്യാപകന്‍

മെന്ററെക്കൊണ്ടു മാത്രം അറിവ് നിര്‍മ്മിക്കപ്പെടും എന്ന് ചിന്തിക്കുന്നതും മൗഢ്യമായിരിക്കും. അവിടെയാണ് അധ്യാപന്‍ വേണ്ടത്. മെന്റര്‍ സുഹൃത്തും വഴികാട്ടിയുമാണല്ലോ, തെറ്റായ വഴിയിലേക്ക് നയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നേര്‍വഴിക്കാക്കുന്നത് അധ്യാപകനാണ്. കുട്ടി സ്‌കൂളിലെത്തുമ്പോള്‍ മെന്ററില്‍ നിന്നും നേടിയ അറിവ് പൂര്‍ണമാക്കുന്നതിനുള്ള പാഠ്യങ്ങള്‍ അതിനുവേണ്ട സ്‌റാന്‍ഡേര്‍ഡിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ടാം ക്ലാസ്സിലെ പാഠത്തില്‍ പ്രത്യുത്പാദനത്തെ സംബന്ധിച്ച അറിവ് പകരുന്ന ഭാഗം മുമ്പ് ഉണ്ടായിരുന്നു. ഈ പ്രായത്തിലെത്തിയ കുട്ടി മെന്ററില്‍ നിന്നും ഇക്കാര്യത്തിലുള്ള അറിവ് രൂപപ്പെടുത്തിയിരുന്നില്ലെങ്കില്‍ അധ്യാപകന്‍ തെറ്റായ കാര്യമാണ് തനിക്ക് പറഞ്ഞുതരാന്‍ ശ്രമിക്കുന്നത് എന്ന് ധരിക്കാനാണ് ഇട. കാരണം ആ തെറ്റായ അറിവ് കുട്ടിയിലേക്ക് പകര്‍ത്തപ്പെടാതിരിക്കാന്‍ അച്ഛന്‍ അന്ന് ഒരു പാഠം കുട്ടിയെ പഠിപ്പിച്ചിരുന്നല്ലോ!