"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

ബുദ്ധമത ആഭിമുഖ്യമുള്ള പണ്ഡിറ്റ് കെ പി കറുപ്പന്‍ ഒരു ഹിന്ദുവോ?


ശ്രീബുദ്ധന്റെ തത്വസംഹിതകളിലും ലോകസേവന കൗതുകത്തിലും കവിതിലകന്‍ അത്യഗാധമായ വിശ്വാസവും അളവറ്റ ഭക്ത്യാദരവുകളും പ്രടിപ്പിച്ചിട്ടുണ്ടെന്ന കാര്യം അനുസ്മരണാര്‍ഹമാണല്ലോ. ഈ വസ്തുത 1924 ലെ 'മിതവാദി' യുടെ വിശേഷാല്‍ പതിപ്പില്‍ 'സുഗതസൂക്തം' എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ കവിതയില്‍ നിന്നു വ്യക്തമാകുന്നതുമാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്ന ശ്രീമാന്മാര്‍ സഹോദരന്‍ കെ അയ്യപ്പന്‍, റിട്ടയേര്‍ഡ് ജഡ്ജി ഇ കെ അയ്യാക്കുട്ടി, മിതവാദി പത്രാധിപര്‍ സി കൃഷ്ണന്‍ വക്കീല്‍ മുതലായവര്‍ ഈഴവര്‍ ബുദ്ധമതം സ്വീകരിക്കണമെന്നു വാദിച്ചിരുന്ന കാലഘട്ടത്തിലാണ് ഈ കവിത എഴുതിയിരുന്നതെന്ന് പ്രത്യേകം ഓര്‍മ്മിക്കേണ്ടതായിട്ടുണ്ട്. അക്കാലത്ത് ശ്രീ സി വി കുഞ്ഞുരാമനും മുമ്പു സൂചിപ്പിച്ചവരുടെ അഭിപ്രായത്തോടു യോജിച്ചു പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

സുഗത സൂക്തം

ഘനശോകഗര്‍ത്തമതില്‍വീണുകേണിടും
ജനതേ!ത്വദീയജീവിതങ്ങെ
അനഘങ്ങള്‍, നിര്‍വൃതിസുധാമയങ്ങള്‍,സ-
ര്‍ജ്ജിനദേവസൂക്തികള്‍ നയിച്ചിടട്ടെമേല്‍.

അവ,നല്‍കിഭാരതധരാസുധര്‍ക്കുപ-
ണ്ട,വശര്‍ക്കുചേതന,തളര്‍ന്നനാഡിയില്‍
ദിവസേശ തപ്തവയലിന്നു,നീര,മ-
ന്നവനീലനീരദനികായമെന്നപോല്‍.

പുലയന്റെ പാഴ്ക്കുടിലിലും,വസുന്ധരാ-
വലജിഝുധാധവഴിതാലത്തിലും
കലകള്‍ക്കധീശ്വര!വിളങ്ങീടുന്നു,നിന്‍-
കുലരമ്യഗോക്കളൊരുപോലെയെങ്ങുമേ.

സുഗതന്റെ,നിര്‍മ്മലവിചാരധാരയാം
നഗനിമ്‌നഗാസലിലസിക്തമൂലമായ്
നിഗമാഗമം പരിലസിപ്പൂ,തപ്തരാ-
മഗതിപ്രജങ്ങളതിനെശ്രയിക്കുവാന്‍.

അതുഭാരതോര്‍വിയുടെ പുഷ്പവാടിക-
ക്കകത്തുലാഭചേര്‍ത്തതരുരത്‌നമാകിലും
സുമനസ്സുഖാപ്തിയിതരാവനീഗമാം
സുമനസ്സെഴും ജനതയെപ്പുണര്‍ന്നുപോയ്.

മണിമന്ദിരാങ്കണമണീനിബദ്ധയാം
മണികുട്ടിമസ്ഥലിയില്‍നിന്നു കല്പകം
അണിമഞ്ഞുപൂക്കള്‍ചൊരിയെ, സ്വനാട്ടുകാ-
രണിയേണ്ടിവന്നു ഹതസൗഭഗംസുമം

കരവാള്‍മുനക്കുകരയുംമൃഗത്തേയും
കരളില്‍കൃപാലതതഴച്ച നാളവും
പരമന്ധര്‍വെച്ചിടവേ, ബന്ധുജീവികോല്‍-
ക്കരശോഭിചെന്നിണമണിഞ്ഞിടാതെയും.

വര്‍വര്‍ണ്ണനല്ല, ശുഭജാതി, നീയടു-
ക്കരുതെന്നുഹന്ത! നരനെ സ്വസോദരന്‍
നിരസിച്ചുനിഷ്‌കൃപമുരച്ചിടുന്ന വാ-
ങ്ങ്‌നിര, കന്മഷങ്ങളെ വളര്‍ത്തിടാതെയും,

അനിഷ്ദ്ധയാകിയ വിശുദ്ധ ബുദ്ധസ-
ന്മുനിമണ്ഡലൈധിതശമ പ്രധാനമായ്
അനിശം ലസിപ്പൊരു വിഹാരമേ! ഭവ-
ജ്ജനിഭൂതലത്തിനരുളുന്നു ഭാവുകം. (വിശേഷകം)

അഗപംക്തിയില്‍ ഹിമനികേതമുത്തമം,
ദ്യുതിമല്‍ഗ്രഹങ്ങളില്‍ ദിനേശനുത്തമന്‍,
അനിഷിദ്ധ ബുദ്ധമതവും ലസിച്ചിടു-
ന്നതുപോല്‍മതങ്ങളുടെ പൊന്‍കിരീടമായ്.

ഇടരെന്യമുന്നിലിരുഭാഗമൂഴിമേല്‍
സ്ഫുടശോഭിധര്‍മ്മകിരണം പൊഴിക്കയാല്‍
ഇടര്‍തീര്‍ന്നുഹന്ത! വിജയിപ്പതീമതം
കടല്‍കാഞ്ചിയിങ്കലിതു സര്‍വസമ്മതം.

ഹതപാപര,ന്നിശമ സേവനത്തിനാല്‍
കൃതകൃത്യഭാഗവതര്‍ തന്റെ സംഖ്യയോ
ശതലക്ഷമല്ലൂലകിതില്‍ സദാചതു-
ശതകോടിയല്ലതിലുമേറെയല്ലയോ?

തൃണതുല്യമായ് പറയുമെങ്കിലും ശുഭോല്‍-
ബണതത്വമൊക്കെയതില്‍നിന്നെടുക്കയാല്‍
ഉണരുന്നു നഗ്നതമറച്ചു കേചിദ-
ന്തണര്‍ പോറ്റുമിന്ത്യയിലെ ഹൈന്ദവം മതം.

അഴകാര്‍ന്നുലോകമഖിലം പരക്കുവാ-
നുഴറുന്നു കൃസ്തുഭഗവാന്റെ വന്മതം
അഴലറ്റ ശാക്യമുനിശാസനോല്‍ക്കരം
നിഴലിക്കയാലതുവിധം ലസിപ്പുതേ

ഇതുപോല്‍ മനുഷ്യസമാജത്തെയൊക്കെയും 
വിജയിക്കുയെന്നൊരുകൃതാര്‍ത്ഥതാഭരം
അനിശംലസിക്കുമതുഹന്ത! ലോകജി-
ന്മുനിയെങ്കിലന്യെപുനരേതൊരാളിലാം

വിമലപ്രബോധമിയലും വിശുദ്ധഗൗ-
തമബുദ്ധജീവിത ചരിത്രസഞ്ചയം
സുമഹത്തരം, തപദിവിസ്മയോക്തിയും
ക്രമഭംഗവും കിമപിചേര്‍ന്നിരിക്കിലാം

ഭുവനൈകശുദ്ധിയെയശുദ്ധമാക്കുവാന്‍
ലവമെങ്കിലും കൃപയെവെല്ലുവാനുമേ
അവയിങ്കലൊറ്റമൊഴിപോലുമില്ല,ഹോ!
സ്തവനാര്‍ഹമാര്‍ഹതചരിത്രമെപ്പൊഴും

ധരണീധവന്റെ സുകുമാരനുറ്റതാം
വരസല്‍ഗുണാദിസുഗുണാഭിരാമമായ്
ഒരഗാധചിന്തകനെഴും വിശിഷ്ടമാം
സ്മരണീയ മാനസഗതിപ്രഭാവവും

ഉയിര്‍കൈവെടിഞ്ഞുമൃതരക്ഷണത്തിനായ്
മുതിരും മഹര്‍ഷിയുടെ ഭക്തിഭാരവും
അതിലങ്ങുസങ്കലിതമായ്ക്കിടപ്പൂ,വെണ്‍-
കുളിര്‍മുത്തുവാരിനിധിയിങ്കലെന്നപോല്‍

കൃതിയറ്റു, സംസ്‌കൃതിയുമറ്റു, ദിവ്യനിര്‍-
വൃതിസൗധവാതിലിലണഞ്ഞനാളിലും
അതിമര്‍ത്ത്യനല്ലിവനയേ!ഭവാദൃശന്‍,
സ്തുതിപൂജനാദികളിവന്നര്‍ഹമാം

പ്രതിഷിദ്ധമന്ത്രനതിവന്ദ്യനാം ഭവാ-
നിതിലോകരോടരുളിയെന്നിരിക്കിലും 
അതിനെക്കടന്നുമവര്‍ വാഴ്ത്തിമേല്‍ക്കുമേ-
ലതിമാനുഷേഡ്യമയി നിന്‍ പദാംബുജം

അകളങ്ക, ഭവ്യദവിഹാരചാരുഭൂ-
മികളില്‍ ത്വദാശ്രിത ജനങ്ങള്‍ തൂകിടും
മലരപ്പൊഴപ്പഴൊരുമിച്ചുകൂട്ടിയാ-
ലവ, ഹന്ത! ഹന്ത! മലര്‍കാനനങ്ങളാം

ദ്വിസഹസ്രവല്‍സരവയസ്സിലേറുവാന്‍
പദമോങ്ങിനില്‍ക്കുമൊരു ക്രിസ്തുവിന്‍ മതം
സുഗതാഗമോത്ഭവദിനത്തെ, ദൂരദര്‍-
ശിനിവെച്ചുകാണ്മു, ഗതകാലവിണ്‍തലേ

പലഗന്ധശൈലനികരത്തൊടൊത്തുവ-
ന്മലഭംഗിതിങ്ങിവിലസിച്ചിടുന്നപോല്‍
മതരാജിചൂഴവേ നടുക്കുയര്‍ന്നതാ-
മരുവന്നു ശക്യമുനിതന്‍ മഹാമതം

പ്രേമത്താലമൃതായമാനമനന-
സ്ഥൈര്യത്തിനാല്‍ സുന്ദരം
ക്ഷേമത്തില്‍ പുലരുന്നകൊണ്ടഖിലലോ-
കത്താല്‍സമാരാധ്യവും
ഹാ! മര്‍ത്ത്യര്‍ക്കഖിലര്‍ക്കുമാര്‍ന്നു വിലസാം
സ്വാതന്ത്ര്യമെന്നുള്ളവാക്-
സ്‌തോമത്തിന്റെ നിരുക്തമായുമനിശം
ശോഭിപ്പൂ ബുദ്ധാഗമം.

@@@@@

കടപ്പാട് : 1981 ല്‍ എസ് പി സി എസ് കോട്ടയം പ്രസിദ്ധീകരിച്ച കെ എ കൃഷ്ണന്‍റെ 'പണ്ഡിറ്റ്‌ കരുപ്പനും മലയാള കവിതയും ' എന്ന കൃതിയില്‍ നിന്നും. പേജ് 282 - 285