"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ആദി ദ്രാവിഡര്‍ ഒന്നാകണം - കുഞ്ഞുകുട്ടി കൊഴുവനാല്‍


കുഞ്ഞുകുട്ടി 
ലോക ചരിത്രത്തില്‍തന്നെ, അതിപ്രാചീനമായ ഒരു സംസ്‌ക്കാരത്തിന്റെ ഉടമകളാണ് ഭാരത്തിലെ ആദി ദ്രാവിഡര്‍. അങ്ങനെയുള്ള ഇവര്‍ ഇന്ത്യാ രാജ്യത്ത് എവിടെയെല്ലാമുണ്ടോ, അവരും അവരുടെ സാമുദായിക സംഘടനകളും ഒത്തൊരുമിച്ച്, ഈ വിഭാഗത്തിന്റെ സമഗ്രപുരോഗതിക്കും സമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനുംവേണ്ടി പ്രവര്‍ത്തിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ആമുഖമായി പറഞ്ഞുകൊള്ളട്ടെ. ലോക പുരോഗതിയുടെ ക്രമാനുഗതമായ അവസ്ഥാന്തരങ്ങളെക്കുറിച്ച് ചിന്തിക്കുവാനോ പഠിക്കാനോ ഇന്നും ഈ വിഭാഗത്തിനു കഴിയുന്നില്ല. അതിനു മതിയാ കാരണങ്ങളുണ്ട്. സ്വന്തം സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ചോ മറ്റു സമൂഹങ്ങളുടെ അഭിവൃദ്ധിയെക്കുറിച്ചോ പഠിക്കുന്നതിനുള്ള സഹാചര്യങ്ങളോ സ്വാതന്ത്ര്യമോ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, സാഹചര്യങ്ങളുടെ പിന്‍ബലത്തില്‍ അറിവു നേടിയവര്‍പോലും അതിനു ശ്രമിച്ചിട്ടുമില്ല.

വിദേശിയരുടെ ഭാരത പ്രവേശനത്തോടുകൂടിയാണ് ഭാരതസംസ്‌ക്കാരം തുടങ്ങുന്നതെന്ന് പഴയകാലത്ത് തല്പരകക്ഷികള്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍, ഈ ഉപഭൂഖണ്ഡത്തിലെ ആദിമജനം ആദിദ്രാവിഡര്‍തന്നെയാണൈന്നും അവരില്‍നിന്നുമാണ് ചരിത്രവും സംസ്‌ക്കാരവും ആരംഭിക്കുന്നതെന്നും ആധുനിക ലോകം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. മോഹന്‍ജദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍നിന്നും രൂപപ്പെടുത്തിയുയര്‍ത്തിയതാണ് ഇവരുടെ നാഗരികത എന്നതു പ്രസ്താവ്യമാണ്. ഇന്ത്യയിലെ ദ്രാവിഡഗോത്ര വംശത്തിന് ഏഴായിരം വര്‍ഷത്തെ പാരമ്പര്യ മുണ്ടെന്നാണ് ചരിത്രത്തെളിവുകള്‍ വ്യക്തമാക്കുന്നത്. ഭാരത്തിന്റെ ഭരണകര്‍ത്താക്കളും ഭരണീയരുമായി സഹസ്രാബ്ദങ്ങളോളും ഇവര്‍ നിലനിന്നിരുന്നു. പൊതുവേ, ശാന്തശീലരും കഠിനാദ്ധ്വാനികളുമായിരുന്ന ദ്രാവിഡര്‍ അതിസമര്‍ത്ഥരുമായിരുന്നു. ഓരോരോ പ്രദേശങ്ങളില്‍ ഭരണപരിധികള്‍ വിസ്തൃതമാക്കിയും ജീവിച്ചുവന്നവര്‍ക്ക് അതാതുപ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞ തൊഴില്‍, സംസ്‌ക്കാരം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെ ആധാരമാക്കി വ്യത്യസ്തപേരുകളും വിഭജനങ്ങളുമുണ്ടായി.

ഭാരതത്തിലെ ആദിദ്രാവിഡരില്‍ ഒരു വിഭാഗം തെക്കേ ഇന്‍ഡ്യയിലും മറ്റൊരുവിഭാഗം പടിഞ്ഞാറേ ഇന്‍ഡ്യയിലും അടുത്ത വിഭാഗം ഉത്തരേന്ത്യയിലെ സിന്ധൂതീരത്തും ആവസം ഉറപ്പിച്ചു. ദക്ഷിണേന്ത്യയില്‍ പ്രവേശിച്ചവരില്‍ ഒരു വിഭാഗമാണ് കേരളത്തില്‍ ആദിദ്രാവിഡര്‍. ശേഷിച്ചവര്‍ തമിഴകത്തും കര്‍ണ്ണാ ടകയിലും വാസമുറപ്പിച്ചു.

സിന്ധൂനദീതീരത്ത് താവളമടിച്ചവരാണ് ഭാരതത്തിന്റെ ഉദാത്തമായ സൈന്ധവ സംസ്‌ക്കാരത്തിന്റെ ശില്‍പ്പികളായത്. കേരളത്തില്‍ പ്രവേശിച്ചവര്‍ പ്രധാനമായും കൃഷി സമ്പ്രദായമാണ് പുലര്‍ത്തിയിരുന്നത്. ഈ കാര്‍ഷിക സംസ്‌ക്കാരത്തിനു തുടക്കം കുറിച്ച ഈ വിഭാഗത്തെ, പൊതുവേ പുലയര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 'പുലം' എന്ന വാക്കിനര്‍ത്ഥം നിലം, ഭൂമി എന്നാണ്. നിലത്തിന്റെ ഉടമകള്‍ എന്ന നിലയ്ക്കാണ് (പുലം കൈയ്യാളുന്നവര്‍) ഇവരെ പുലയര്‍ എന്ന പേരില്‍ അറിയപ്പെട്ടു പോന്നത്. 'ചേരമര്‍' എന്നു കൂടി വിളിക്കപ്പെടുന്ന ആ വംശത്തിന്റെ ഉള്‍പ്പിരിവുകളാണ് പുലയര്‍, പറയര്‍, സാംബവര്‍, വേടര്‍, സിദ്ധനര്‍ തുടങ്ങിയ ഒട്ടനവധി ജാതികള്‍. ജനസംഖ്യയില്‍ കൂടുതലുള്ളവര്‍ പുലയരായിരുന്നതിനാല്‍, പൊതുവേ ഈ വിഭാഗങ്ങള്‍ക്കെല്ലാംകൂടി പുലയര്‍ എന്നാണ് വിളിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ പുലയര്‍ ശക്തരും നാടിന്റെ ഉടമകളുമായിരുന്നുവെന്ന് ചരിത്രകാരനായ അനന്തകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്. ആദി ദ്രാവിഡരായ ഈ പുലയരില്‍ തന്നെ മുപ്പത്തിയേഴില്‍ പരം ജാതികളും മുപ്പതിനായിരത്തോളം ഉപജാതികളുമുണ്ടത്രേ. (കേരളവിജ്ഞാന കോശം- പുറം 748).

കേരളത്തിന്റെ ഉടമകളായിരുന്ന ആദിദ്രാവിഡ ജനത ക്രിസ്തുവിന് 2000 വര്‍ഷങ്ങള്‍ക്കു മുന്‍പുമുതല്‍ അറേബ്യ, അസ്സീറിയ, ഇസ്രായേല്‍ ബാബിലോണിയ, ഫിനീഷ്യന്‍, ഗ്രീക്ക്, റോമാ. ചൈന തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. ഏതെല്ലാം കാലഘട്ടത്തില്‍ ഏതെല്ലാം രാജ്യങ്ങളില്‍നിന്നും ആരെല്ലാം കേരളത്തിലെത്തിയിട്ടുണ്ടോ അവരുടെയെല്ലാം ലക്ഷ്യം കേരളത്തിലെ അപൂര്‍വ്വങ്ങളും അമൂല്യങ്ങളുമായ വസ്തുക്കള്‍ കൈക്കലാക്കലും ആധിപത്യം നേടിയെടുക്കലുമായിരുന്നു.

ക്രിസ്തുവിന് ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പു രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന മഹാഭാരതത്തില്‍ അക്കാലത്തു നടന്ന കുരുക്ഷേത്രയുദ്ധാവശ്യത്തിലേക്ക് പടയാളികളേയും ഭക്ഷ്യവസ്തുക്കളും കൊടുത്തയച്ച കേരളത്തിലെ ദ്രാവിഡര്‍ക്ക് ആറായിരം മുതല്‍ ഏഴായിരം വര്‍ഷങ്ങള്‍വരെ പാരപമ്പര്യമുണ്ടെന്നു കാണാം. അക്കാലത്ത് ദ്രാവിഡരുടെയിടയില്‍ ആകെയുണ്ടായിരുന്ന വിഭാഗീയത ഇല്ലങ്ങളും ഇല്ലങ്ങളുടെ തത്വമനുസരിച്ചുള്ള വിഭജനവും മാത്രമായിരുന്നു. അത് ഭിന്നിപ്പിന്റെയോ യുദ്ധത്തിന്റെയോ ആയിരുന്നില്ല. കെട്ടുറപ്പിന്റെ ബന്ധമായിരുന്നു. ശുദ്ധരും നിഷ്‌കളങ്കരുമായിരുന്ന ദ്രാവിഡ മദ്ധ്യത്തിലേക്ക് ആര്യന്‍മാര്‍ കടന്നുവന്നതോടെ പവിത്രമായ ദ്രാവിഡ സംസ്‌ക്കാരത്തെയും ചരിത്രത്തെയും തകര്‍ക്കുകയായിരുന്നു. ആര്യാഗമനത്തോടെയാണ് ചരിത്രം ആരംഭിക്കുന്നതെന്ന് സവര്‍ണ്ണബുദ്ധിമാന്മാര്‍ പ്രചരിപ്പിക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ ഇറാന്‍, മദ്ധ്യേഷ്യന്‍ ഭാഗങ്ങള്‍ എന്നിവടങ്ങളില്‍നിന്നും ബി. സി. 2000-1700 കാലഘട്ടങ്ങളില്‍ ആര്യന്മാര്‍ ഇന്ത്യയിലേക്കുള്ള ജൈത്രയാത്ര തുടങ്ങിയിരുന്നുവെന്നാണ് ചരിത്രരേഖകളില്‍നിന്നും വ്യക്തമാക്കുന്നത്.

കേരളത്തിലെത്തിയ ഈ വിദേശീയര്‍ക്ക് ഇവിടുത്തെ ദ്രാവിഡരുടെ ഭാഷയോ ആചാരങ്ങളോ അറിവില്ലായിരുന്നു. അലഞ്ഞുതിരിഞ്ഞ് യാത്ര ചെയ്ത് എത്തുന്നിടത്ത് കിടന്നുറങ്ങിയും വെളുക്കുമ്പോള്‍ വീണ്ടും യാത്ര തുടര്‍ന്നും നേടിയ അനുഭവജ്ഞാനങ്ങള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തി വേട്ടയാടലും കൃഷിസമ്പ്രദായങ്ങളും ഇവരും സ്വീകരിച്ചു തുടങ്ങി. പിന്നീട്, കായികശേഷിയും ബുദ്ധിവൈഭവവുമുള്ള ആര്യന്മാര്‍ ദ്രാവിഡരുടെമേല്‍ ആധിപത്യം സ്ഥാപിക്കുകയാണുണ്ടായത്. ആര്യസൃഷ്ടിയായ വര്‍ണ്ണവ്യവസ്ഥകള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചുകൊ ണ്ട്, ഉന്നതരും അധമരുമെന്ന രീതിയില്‍ ആര്യന്മാരും ദ്രാവിഡരും തമ്മില്‍ ഒരു വിഭജനം നടപ്പിലാക്കി. തൊഴിനുസൃതമായി ഏറ്റവും ശ്രേഷ്ഠര്‍ ബ്രാഹ്മണ (പൂജാരികള്‍)രെന്നും ക്ഷത്രിയര്‍ പടയാളികള്‍ (രാജ്യരക്ഷാ പോരാളികള്‍) എന്നും, വൈശ്യര്‍ കച്ചവടം ചെയ്യണമെന്നും ശൂദ്രര്‍ സേവകരെന്നും അവര്‍ തന്നെ വിധിച്ചു ദസ്യുക്കളെന്നു വിളിച്ച് ദ്രാവിഡരെ ആര്യന്മാരില്‍നിന്നും വളരെ അകലെ പാര്‍പ്പിച്ചു. ഈ വിഭജനത്തിനും ഏക്കാലവും ദ്രാവിഡരെ അടിമകളാക്കി നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള നൈയാമിക പരിവേഷമണിയിക്കാന്‍ 4 വേദങ്ങളും 108 പ്രധാന ഉപനിഷത്തുക്കളും ആറു ശാസ്ത്രങ്ങളും നിര്‍മ്മിച്ചു പ്രാവര്‍ത്തികമാക്കി. ഈ ചതിയും ആര്യബുദ്ധിയും മനസ്സിലാക്കാന്‍ നാടിന്നുടമകള്‍ക്കു കഴിഞ്ഞില്ലെന്നു മാത്രമല്ല, ഇന്നും മനസ്സിലാവുന്നില്ല.

ആര്യ ദ്രാവിഡ സംഘട്ടനത്തോടുകൂടി ഉടമകളെ അടിമകളാക്കിക്കൊണ്ട് അവരെ അടിമപ്പണികള്‍ക്കായി ഉപയോഗിക്കുകയും ചെയ്തിരുന്നു. അടിമത്വത്തിനും അടിമക്കച്ചവടത്തിനും നാലായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ടെന്ന് പ്രമുഖ ദളിത് ചരിത്രകാരന്‍ എന്‍. കെ. ജോസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ നടന്ന ആര്യ ദ്രാവിഡ സംഘട്ടനത്തിനുശേഷമാണ് അടിമ വ്യവസ്ഥിതി നിലവില്‍ വന്നത്. തുടര്‍ന്ന്, കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടപ്രഭുക്കന്മാരും അവരംഗീകരിച്ച നാടുവാഴികളുമൊക്കെ ഇവരെ ക്രയവിക്രയം ചെയ്യുകയും അടിമപ്പണിക്കുപയോഗിക്കുകയും ചെയ്തു.

ആര്യചരിത്രം അവരുടെ ബുദ്ധിയില്‍നിന്നും ഉരുത്തിരിഞ്ഞത് മാത്രമാണ്. അവര്‍ പറഞ്ഞു തന്നെ ഐതിഹ്യങ്ങള്‍ കേട്ടും പഠിച്ചും ജീവിതം നിരര്‍ത്ഥകമാക്കുന്നത് അക്ഷന്തവ്യമായ കുറ്റമാണെന്ന് ദ്രാവിഡ ജനം ഇനിയെങ്കിലും മനസ്സിലാക്കണം. വ്യാജചരിത്രങ്ങളിലൂടെ നേടിയെടുത്ത ജ്ഞാനംകൊണ്ട് തിരുത്താനും പഠിക്കാനും വളരാനും കഴിയണം.

ആര്യന്മാരുടെ അക്രമസംഘട്ടനങ്ങളില്‍ പൊറുതിമുട്ടിയ ദ്രാവിഡരില്‍ കുറേ വിഭാഗങ്ങള്‍ വനാന്തരങ്ങളിലേക്കു പാലായനം ചെയ്തു. കേരളത്തിലെ കുറിച്ചിയര്‍, മുതുവാന്‍മാര്‍, നായിക്കര്‍, കരിമ്പാലന്‍, മാവിലര്‍, മന്നാന്‍, ഊരാളി, മലമ്പറയര്‍, മല പുലയര്‍, പണിയര്‍ തുടങ്ങിയ അവാന്തര വിഭാഗങ്ങളെല്ലാം പുലയരില്‍പ്പെട്ടവരാണ്. ഓരോ സമുദായത്തിനും ആത്മീയാചാര സംസ്‌ക്കാരങ്ങള്‍ ഉണ്ടെങ്കിലും കൂട്ടായ ഒരു സംഘടനയും ഉള്ളതായി അറിവില്ല. 

എന്നാല്‍ 1863 ആഗസ്റ്റ് 28-ാം തീയതി (കൊല്ലവര്‍ഷം 1039 ചിങ്ങം 14) നാളില്‍ ജനിച്ച ശ്രീ അയ്യന്‍കാളി എന്ന ചരിത്ര പുരുഷന്‍ 1905ല്‍ സാധുജനപരിപാലന സംഘം എന്ന പേരില്‍ ദ്രാവിഡ പുലയര്‍ക്കുവേണ്ടി സ്ഥാപിച്ച സംഘടനയായിരുന്നു കേരളത്തില്‍ ഏറ്റവും ശക്തി പ്രാപിച്ചു വികസിച്ചത്. അദ്ദേഹത്തിന്റ ആശയങ്ങളെയോ കാലഘട്ടതിന്റെ സത്തയുള്‍ക്കൊണ്ടുള്ള പ്രതിഷേധ പ്രതിരോധ പ്രവര്‍ത്തനങ്ങളോ പിന്തുടര്‍ന്നുകൊണ്ടു പോകാന്‍ പിന്‍തലമുറയ്ക്കു കഴിഞ്ഞില്ലെന്നതാണ് ഏറെ ദുഃഖകരം അങ്ങനെ ശ്രമിച്ചിരുന്നെങ്കില്‍ ഈ ജനം എന്നേ മറ്റു സമുദായങ്ങളെപ്പോലെയോ അതിലേറെയോ വളരുമായിരുന്നു? പില്‍ക്കാലത്ത് പല സംഘടനകളുമുണ്ടായി കെ. പി. എം. എസ്. കെ. എച്ച്. എഫ് തുടങ്ങി പലതും എന്നാല്‍ ഇവയ്‌ക്കേതിനെങ്കിലും സമുദായത്തിനോ അംഗങ്ങള്‍ക്കോ എന്തെങ്കിലും അഭിവൃദ്ധിയുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ സംഘടനകളെയെല്ലാം സംഘാടകര്‍ക്കും നേതാക്കള്‍ക്കും ഉദരപൂരണത്തിനപ്പുറം സമുദായത്തിന്റെ സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക- വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ക്രിയാത്മകമായ എന്തു മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ നേതാക്കളോടും മറ്റും ഒന്നേ പറയാനുള്ളൂ. സ്വജനത്തെ തിരിച്ചറിഞ്ഞ് അവരുടെ ആവശ്യങ്ങളും വേദനകളും മനസ്സിലാക്കി പരിഹാരത്തിനായി ഇനിയെങ്കിലും ഒത്തൊരുമിച്ച് ഒരു കുടക്കീഴില്‍ അണി നിരന്നു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഒരു കാലത്തും വളര്‍ച്ചയ്ക്കു വഴിയുണ്ടാവുകയില്ല.

വീണ്ടും ദ്രാവിഡ ജനത വിഭജിക്കപ്പെടുന്നു

ആര്യാധിനിവേശത്തിനുമുമ്പ് അക്ഷരാര്‍ത്ഥത്തില്‍ പുണ്യഭൂമിയായിരുന്ന കേരളം ദ്രാവിഡ ജനതയുടെ സ്വന്തമായിരുന്നുവല്ലോ. ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണരേഖാങ്കിതങ്ങളായിട്ടുള്ള ദ്രാവിഡ സംസ്‌കാരത്തെ ചവിട്ടിമെതിച്ച്, ഉടമകളെ അടിമകളാക്കിയതാണ് ആര്യാഗമത്തോടെ സംഭവിച്ചത്. ഇതോടൊപ്പം കേരളത്തിലെത്തിയ വിദേശ മിഷനറിമാരും കാലാനുസൃകമായ കൂര്‍മ്മ ബുദ്ധി പ്രയോഗിച്ചതായി കാണാം. ഇവരോടൊപ്പം അവരുടെ സ്ത്രീകളാരും ഇല്ലായിരുന്നിട്ടും അടുത്ത ഒരു തലമുറയ്ക്ക് ജന്മം നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞത്, അടിമകളാക്കപ്പെട്ട പുലയ പറയ സ്ത്രീകളില്‍ അടിച്ചേല്‍പ്പിച്ച് ആധിപത്യത്തിനുള്ള തെളിവാണ് ഈ വിദേശികള്‍. കേരളത്തില്‍ ഭരണത്തിലു ണ്ടായിരുന്ന രാജാക്കന്മാരു ടേയും നാടുവാഴികളുടെയുമൊക്കെ താത്പര്യം പിടിച്ചുപറ്റി അധികാരങ്ങളും അംഗീകാരങ്ങളും ഒപ്പം ഭൂപ്രദേശങ്ങളും നേടിയെടുത്തു. കാലഗതിയില്‍ ഇവര്‍ സൃഷ്ടിച്ച പിന്‍തലമുറ ഇവിടുത്തെ ആദിമ ക്രിസ്ത്യാനികളായി അറിയപ്പെട്ടു. ഇവരുടെ പാരമ്പര്യത്തിന് ഏതാണ്ട് അഞ്ഞൂറില്‍പരം വര്‍ഷങ്ങളുടെ പഴക്കം മാത്രമേ ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നുള്ളൂ.

അടിമ വ്യാപാര വ്യവസ്ഥിതി നിലവിലുണ്ടായിരുന്ന അക്കാലത്ത്, ഭരണപങ്കാളിത്തവും സമ്പത്തും സ്വാധീനവും ഉണ്ടായിരുന്ന ആദിമക്രിസ്ത്യാനികള്‍ അടിമകളെ സ്വീകരിച്ചുതുടങ്ങി ഒരടിമയ്ക്ക് ആറുരൂപ പത്തുചക്രമായിരുന്നു വില. ഏതാണ്ട് 1852 ആയപ്പോഴ്‌യ്ക്കും വൈദേശികരില്‍നിന്നും ക്രൈസ്തവ സഭാധികാരം നാട്ടുപുരോഹിതരിലേയ്ക്കും അവരുടെ സമൂഹത്തിലേയ്ക്കും മാറ്റപ്പെട്ടുകഴിഞ്ഞു.

ആംഗ്ലിക്കന്‍ സഭയായ സി. എം. എസ്.ലെ തദ്ദേശിയനായ ആദ്യപുരോഹിതന്‍ റവ. ഫാ. ജോര്‍ജ് മാത്തനായിരുന്നു. പ്രബലനായിരുന്ന ആദിമ ക്രിസ്ത്യാനികളിലെ ഒരു കുടുംബമായിരുന്ന മല്ലപ്പള്ളിമോടയില്‍ കുടുംബത്തിലെ അടിമകളായിരുന്ന തെയ്യത്താനെയും ഭാര്യയേയും മക്കളേയും മല്ലപ്പള്ളിയിലെ കല്പറ്റ എന്ന സ്ഥലത്തുവച്ച് 1853 സെപ്റ്റംബര്‍ 8-ാം തീയതി തെയ്യത്താന് ഹാബേല്‍ എന്ന പേരു നല്‍കി ക്രൈസ്തവ സഭയിലേക്ക് മതപരി വര്‍ത്തനം നടത്തി. ഫാ. ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിവര്‍ത്തനപ്രക്രിയ അതിനുശേഷം പുതുക്രിസ്ത്യാനിയെന്ന പേരുനല്‍കി വേര്‍തിരിച്ചു നിര്‍ത്താനും അവര്‍ മറന്നില്ല. അങ്ങനെയാണ് പുതുക്രിസ്ത്യനി എന്ന ക്രിസ്ത്യാനി ഉണ്ടായത്. ആ പേര് ഇപ്പോഴും മാഞ്ഞിട്ടില്ല. ഈ വിവേചനത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ഈ വിഭാഗത്തില്‍പ്പെട്ട ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ''പരിശുദ്ധ സഭയില്‍ പഴയവന്റേത് പൗരാണികമെന്നും പുതിയവന്റേത് പുതിയത് എന്നും ഉള്ള വേര്‍തിരിവ് ആവശ്യമോ? ഇത്തരം അസമത്വങ്ങള്‍ക്കെതിരെ പ്രതികരിച്ച്, മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നതിന് ചരിത്രബോധം അനിവാര്യമാണ്.

തുടര്‍കാലങ്ങളില്‍ കേരളത്തില്‍ മതപരിവര്‍ത്തനം വ്യാപകമായി ആവര്‍ത്തിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. ആദ്യകാലത്തുതന്നെ, ശക്തിയാര്‍ജ്ജിച്ചിരുന്ന ആദിമക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തിയ പുതുക്രിസ്ത്യാനികളെ അതിനിഷ്ഠൂരമായ അടിമപ്പണികള്‍ക്കു നിയോഗിച്ചിരുന്നു. അന്നത് നേരിട്ടായിരുന്നെങ്കില്‍ ഇന്നത് പരോക്ഷമായെങ്കിലും തുടരുന്നു. അടിമകളെ നുകത്തില്‍ ബന്ധിച്ച് വയല്‍ ഉഴുവിക്കുകയും അശക്തനായി വയലിലെ ചെളിയില്‍ മറിഞ്ഞു വീണ് ഊര്‍ദ്ധശ്വാസം വലിക്കുമ്പോള്‍ നുകത്തിന് തലയ്ക്കടിച്ചുകൊന്ന് വയലില്‍തന്നെ ചവിട്ടിത്താഴ്ത്തുകയും തുടങ്ങി എത്രയെത്ര ക്രൂരപ്രവൃത്തികള്‍ അടിമകളോടു ചെയ്തിരു ന്നു. ഇതെല്ലാം സഭയുടെ ദൈവം നോക്കിയിരുന്ന് ആര്‍ത്തു ചിരിക്കുകയായിരുന്നിരിക്കാം.

പഴയവര്‍ അടിമക്രിസ്ത്യാനികള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല പുരോഹിതരും അനുയായികളും ചേര്‍ന്ന് ഈ നിരാലംബരില്‍ അയിത്തം അടിച്ചേല്‍പ്പിച്ച് സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടുത്താഴ്ത്തി ഈ സമൂഹത്തിന്റെ കൂട്ടകൊലപാതകമാണ് അയിത്തത്തിലൂടെ അന്ന് ആരംഭിച്ചതെന്ന് മനസ്സിലാക്കാന്‍ ഇന്നും ഈ അടിമവര്‍ഗ്ഗത്തിനു കഴിഞ്ഞിട്ടുണ്ടോ? സഭാപുരോഹിതന്മാര്‍ പറയുന്ന സ്വര്‍ഗ്ഗവും നരകവും എവിടെയാണെന്ന് അറിവില്ലാത്ത ചിന്തിക്കാനാവകാശമില്ലാത്ത, പ്രതികരിക്കാന്‍ കഴിയാത്ത ഈ ജനത്തിന് സ്വര്‍ഗ്ഗം മരീചികമാത്രമാണ്. അയിത്തം ഈ സമുദായത്തിന്റെ- സാമൂഹിക സാമ്പത്തിക- വിദ്യാഭ്യാസ- സാംസ്‌ക്കാരിക മേഖലകളുടെ അടിത്തറതന്നെ തകര്‍ക്കുകയായിരുന്നു. ഉത്ഥാനത്തിന്റെ ശംഖൊലി മുഴക്കിവന്ന ക്രിസ്തുമതം തന്നെയല്ലേ ഈ സമൂഹത്തിന്റെ സര്‍വ്വവിധ വളര്‍ച്ചയും തകര്‍ത്തത് സ്വത്വത്തെ ഇല്ലാതാക്കി, മതപരിവര്‍ത്തനം നടത്തി. അധഃപതനത്തിന്റെ അഗാതതയിലേക്കു തള്ളി വിട്ടതും ആരാണെന്നു ചിന്തിച്ചറിയുക.

അടിമത്വത്തിന്റെയും പാരതന്ത്ര്യങ്ങളുടേയും തിക്താനുഭവങ്ങള്‍ സഹിച്ചുകൊണ്ട്, പുലയ- പറയ- ക്രിസ്ത്യാനികള്‍ 1853 മുതല്‍ 103 വര്‍ഷങ്ങള്‍ യാന്ത്രികമായി ജീവിച്ചു. അതിനിടയില്‍ ഇവര്‍ക്ക് സാമൂ ഹിക പുരോഗതിക്കു തുടക്കമിടന്‍ സാധിച്ചിരുന്നതായി ഐതിഹ്യങ്ങള്‍പോലുമില്ല. എന്നാല്‍, ആ കാലഘട്ടമായപ്പോഴേക്കും ഇവരില്‍ കുറേപേര്‍ക്ക് (പല സഭകളില്‍പെട്ടവര്‍) വിദ്യാഭ്യാസ മേഖലകളില്‍ പങ്കാളിത്തം ലഭിക്കുയുണ്ടായി. അതിനായി വേണ്ടിവന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ അസഹ്യമായ യാതനകള്‍ സഹിക്കേണ്ടിവന്നു. വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യ സ്വാശ്രയ- ബോധം ലഭിച്ച് കേരളത്തിലെ വിവിധ ക്രൈസതവ സഭകളില്‍പ്പെട്ട പുലയ ക്രിസ്ത്യന്‍ പ്രതിനിധികള്‍ 1955ല്‍ തിരുവല്ല എം. ടി. സെമിനാരി ഹൈസ്‌കൂളില്‍ ഒരു യോഗം ചേര്‍ന്നു. പ്രൊഫ. മാത്തുണ്ണി (യു. സി. കോളേജ്, ആലുവ), പി. ചാക്കോ എക്‌സ് എം. എല്‍. എ., തിരുവല്ല (മാര്‍ത്തോമ്മ) സി. ജെ. ജോണ്‍ (ടീമേക്കര്‍, അയ്യപ്പന്‍കോവില്‍) ഡോ. കോവിലകം പി. സി. പോള്‍, എറണാകുളം (കാതലിക്), ജോസഫ് ജെ. പുള്ളോലി, കൊഴുവനാല്‍ (കാത്തലിക്), പി. എം. മര്‍ക്കോസ് എക്‌സ്. എം. എല്‍. എ., വിജയപുരം (ലാറ്റിന്‍) തുടങ്ങി 22ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ഔദ്യോഗിക ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ പ്രതിനിധികള്‍ ഉള്‍പ്പെടാത്തതിനാല്‍ അവര്‍ ഐക്യവേദിയില്‍നിന്നും പിന്‍മാറുകയാണുണ്ടായത്. ഈ തിരുവല്ലാ സമ്മേളനമാണ് പുലയ ക്രിസ്ത്യാനികളുടെ ആദ്യസംഘടിതയോഗം, പക്ഷേ, അന്നു രൂപീകൃതമായ സംഘടനയും കാര്യമായ ഒരു പുരോഗതിയും പ്രാപിച്ചില്ല.

ഈ യോഗത്തില്‍ നടന്ന വിവേചനം കത്തോലിക്കാ പുലയ ക്രിസ്ത്യാനികളെ നിരാശരാക്കി. അനന്തരം ശ്രീ പി. എം. മര്‍ക്കോസിന്റെയും ശ്രീ പി. സി. പോളിന്റെയും നേതൃത്വത്തില്‍ കോട്ടയം ഗുഡ്‌ഷെപ്പേര്‍ഡ് ഹൈസ്‌കൂളില്‍ ഒരു യോഗം ചേരുകയും പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ഒരു പൊതുസംഘടന ആവശ്യമാണെന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം തയ്യാറക്കി, എറണാകുളം ആര്‍ച്ച് ബിഷപ്പിനെ അരമനയിലെത്തിക്കണ്ട് റിട്ടു സമര്‍പ്പിച്ചുവെങ്കിലും അദ്ദേഹം ഈ ആവശ്യം നിരാകരിക്കുക യായിരുന്നു. എന്നാല്‍ സംഘടന വേണമെന്ന ആവശ്യത്തിലവര്‍ ഉറച്ചുനിന്നു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഫാ. ജോര്‍ജ് കൊച്ചുപറമ്പന്റെ നേതൃത്വത്തില്‍ അഡ്വ. അറയ്ക്കല്‍ ഷെവലിയാര്‍, തര്യതു കുഞ്ഞിത്തൊമ്മന്‍, ജസ്റ്റീസ് തളിയത്ത്, എസ്, റ്റി. വിതയത്തില്‍ തുടങ്ങിയ പുരാതന ക്രൈസ്തവ സമ്പന്ന ബുദ്ധിമാന്‍മാ രുടെ കമ്മറ്റി രൂപീകരിച്ച് പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ഒരു സംഘടനാ ഭരണഘടന തയ്യാറാക്കുന്നതിനു നിയോഗിച്ചു. തുടര്‍ന്ന് പി. എം. മര്‍ക്കോസ് പ്രസിഡന്റായും പി. സി. പോള്‍ ജനറല്‍ സെക്രട്ടറിയായും ഒരു കമ്മറ്റി രൂപീകരിച്ചു. ഈ സംഘടനയാണ് കേരളത്തിലുടനീളം വ്യാപിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്. 1955ല്‍ നിയമാവലി തയ്യാറാക്കി 1955 ജൂലൈ 16-ാം തീയതി കോട്ടയത്തുവച്ചു നടന്ന രൂപതാ പ്രതിനിധിയോഗത്തില്‍വച്ച് അവശ ക്രൈസ്തവ മഹാജനസഭ (എ. സി. എം. എസ്.) എന്ന സംഘടനയ്ക്ക് ഒരു സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇത്തരുണത്തില്‍ ഒരു നഗ്നസത്യം അറിയിക്കാനാഗ്ര ഹിക്കുന്നു. സംസ്ഥാനത്ത് ഒരിടത്തും രജിസ്റ്റര്‍ ചെയ്യുകപോലും ചെയ്തിട്ടില്ലാത്ത ഈ സംഘടനയെ കഴിഞ്ഞ ആരുപതിറ്റാണ്ടുകളായി അമാലന്മാരെപ്പോലെ നാം ചുമക്കുകയാണ്. പ്രിയപ്പെട്ട അവശക്രിസ്ത്യാനി സഹോദരങ്ങളോട് ഒന്നുചോദിക്കട്ടെ. അറുപതുവര്‍ഷമായി നമുക്കുവേണ്ടി ഒന്നും ചെയ്യാത്ത, അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍പോലും കഴിയാത്ത ഈ സംഘടന നമുക്കാവശ്യമുണ്ടോ? ഒന്നുകില്‍ ഈ സംഘടനയുടെ നീരാളിപ്പടുത്തത്തില്‍നിന്നും രക്ഷപ്പെടുക, അല്ലെങ്കില്‍, സ്വന്തമായി പ്രവര്‍ത്തിച്ച് നമ്മുടെ അവകാശങ്ങള്‍ക്കു പോരാടാന്‍ കഴിയുന്ന ഒരു സംഘടന രൂപീകരിക്കുക. എ. സി. എം. എസ്. എന്ന സംഘടനയുടെ നിയമാവലി ഭരണഘടനയുടെ നിയമങ്ങള്‍ ശ്രദ്ധേയമാണ്. യൂണിറ്റ് കമ്മറ്റി (ഇടവക) മുതല്‍ സംസ്ഥാന കമ്മറ്റിവരെയുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റികള്‍ പാസ്സാക്കുന്ന ഏതു തീരുമാനങ്ങളും നടപ്പാക്കണ മെങ്കില്‍ സ്പിരിച്വല്‍ ഡയറക്ടറുടെ അനുവാദം വേണമെത്രേ. അതും രേഖാമൂലമായിരിക്കണം (എ. സി. എം. എസ്.) നിയമാവലി (പേജ് 71, ഡയറക്ടര്‍- പേജ് 52) ഇവിടെ ഒരു കാര്യം പ്രസക്തമാണ്. ആരാണീ സ്പിരിച്വല്‍ ഡയറക്ടര്‍? ഇടവകവികാരിയോ, രൂപതയുടെ പരിധിയിലുള്ള ഏതെങ്കിലും പുരോഹിതനോ ആയിരിക്കണമത്രേ. നിയമാവലിയിലെ മറ്റു നിയമങ്ങളും ഡയറക്ടറുടെ അധികാരങ്ങളുംകൂടി മനസ്സിലാക്കേണ്ടതുണ്ട്. സഭാമേലധികാരികളുടെയോ അവരുടെ പ്രതിനിധികളായ പുരോഹിതരുടേയോ തീരുമാനങ്ങളാവും സംഘടന അനുസരിക്കേണ്ടത്. പുലയ (പുതു) ക്രിസ്ത്യാനികള്‍ക്ക് എന്തെങ്കിലും നേടാന്‍ മാര്‍ഗ്ഗമുണ്ടോ? ചിന്തിക്കേണ്ടുന്ന വിഷയമാണിത്. 1853 മുതല്‍ 1955 വരെ അനുഭവിച്ചുവന്ന പഴയ അടിമത്വം തന്നെ ഇപ്പോഴും നിലനില്‍ക്കുകയാണെന്നതാണ് സത്യം.

അവശ ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും അവരെ വീണ്ടും അടിമകളാക്കി പുരോഗതി വിഘ്‌നപ്പെടുത്തുന്നതും ഇവിടുത്തെ ക്രൈസ്തവ സഭാ നേതൃത്വവും അനുയായികളുമാണ്. ഈ സത്യം സമുദായനേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കുമെല്ലാം വ്യക്തമായറിയാവുന്നതാണ്. ക്രൈസ്തവരുടെ വോട്ടുബാങ്കില്‍ കണ്ണുനട്ടിരിക്കുന്ന ആര്‍ക്കും ശബ്ദിക്കാന്‍ കഴിയുന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ാം തീയതി (8-2-2014) പാലാ സെന്റ് തോമസ് കോളേജ് മൈതാനത്തു നടന്ന കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സി. ബി, സി. ഐ.) സമ്മേളനത്തില്‍ ഇന്ത്യയിലെ 136 ബിഷപ്പുമാരും നിരവധി പുരോഹിതരും അല്‍മായരും പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായിരുന്ന ബഹുമനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത് ''ഇവിടെ കൂടിയിരിക്കുന്ന പിതാക്കന്മാര്‍ തീരുമാനിച്ചാല്‍ ഒരു നിമിഷംകൊണ്ട് ഈ പാവപ്പെട്ട പരിവര്‍ത്തിത ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ'' വെന്നാണ്. ഈ പ്രസ്താവനയില്‍നിന്നുതന്നെ യഥാര്‍ത്ഥത്തില്‍ ഈ പാവങ്ങളുടെ ശത്രുക്കളാരാണെന്നു വ്യക്തമല്ലേ? ഈ ചതി മനസ്സിലാക്കാന്‍ ഇത്രയേറെ അനുഭവിച്ചിട്ടും ഈ ജനം വൈകുന്നതെന്തുകൊണ്ടാണെന്നു ചിന്തിക്കണം.

അനുബന്ധമായി ചിന്തിച്ചുകൊള്ളട്ടെ കേരളത്തിലെ ആദ്യ ദ്രാവിഡ സമുദായ പ്രിതിനിധികളും സംഘടനാ നേതൃത്വങ്ങളും ഒരേ വേദിയിലിരുന്നുള്ള പഠനചര്‍ച്ചകള്‍ക്കുള്ള അവസരം ഉണ്ടാകണം. ഈ സമുദായങ്ങളുടെ സമഗ്രവളര്‍ച്ചയ്ക്കുള്ള മാറ്റങ്ങള്‍ അനിവാര്യമായിരിക്കുന്നു. അതിനു വേണ്ടുന്ന വേദിയൊരുക്കാന്‍ ''സൈന്ധവമൊഴി'' ഡയറക്ടര്‍ബോര്‍ഡും ഏതു സമുദായത്തെപ്പറ്റിയുള്ള ലിഖതമല്ലാത്ത പ്രാദേശികമായ ചരിത്രങ്ങള്‍ അറിവുള്ളവര്‍ അത് താഴെപ്പറയുന്ന വിലാസത്തില്‍ അയച്ചു തരണമെന്നും അറിയിക്കുകയാണ്. അധമരെന്നു മുദ്രകുത്തപ്പെട്ട് പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടിരിക്കുന്ന ഈ സമുദായത്തിന്റെ സംശുദ്ധവും സത്യസന്ധവുമായ ഒരു ചരിത്രം ഉണ്ടാക്കി യെടുക്കാം. അത് പ്രസിദ്ധീകരിച്ച് വരും തലമുറയെ ഉദ്ബുദ്ധരാക്കാന്‍ ''സൈന്ധവമൊഴി''യുടെ സഹായസഹകരണങ്ങളും അഭ്യര്‍ത്ഥിക്കുന്നു.

കുഞ്ഞുക്കുട്ടി കൊഴുവനാല്‍,
കൊഴുവനാല്‍ പി. ഒ., കോട്ടയം
9605375816