"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഉജ്ജ്വലമായ വ്യക്തിത്വം - കല്ലറ സുകുമാരന്‍


കാന്‍ഷി റാം,കല്ലറ സുകുമാരന്‍ 
1946 ഫെബ്രുവരി 21ന് അംബേദ്കര്‍ അമേരിക്കയിലേക്കും ലണ്ടനിലേക്കുമായി വിമാനമാര്‍ഗ്ഗം പുറപ്പെടുമെന്നറിഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ് മാഞ്ചെസ്റ്റര്‍-ഗാര്‍ഡിയന്‍ പത്രങ്ങളുടെ പ്രതിനിധികള്‍ 20-ാം തീയതി രാത്രി അംബേദ്കറുമായി അഭിമുഖ സംഭാഷണത്തിനെത്തി. അര്‍ദ്ധരാത്രിയില്‍ ഡല്‍ഹി പൃഥ്വിരാജ് റോഡിലെ 20-ാം നമ്പര്‍ കെട്ടിടത്തിലെത്തിയ സന്ദര്‍ശകര്‍ തങ്ങളുടെ പ്രതീക്ഷയ്ക്കു വിപരീതമായി വായനാമുറയില്‍ പുസ്തകങ്ങളില്‍ കണ്ണും നട്ടിരിക്കുന്ന അംബേദ്ക്കറെയാണ് കണ്ടത്. അവര്‍ ഗാന്ധിയെയും ജിന്നയെയും കാണാന്‍ ശ്രമിച്ചപ്പോള്‍ ആ നേതാക്കള്‍ സുഖനിദ്രയിലായതിനാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. 'താങ്കളെന്താണ് ഉറങ്ങാതെ കഴിയുന്നതെന്ന് സന്ദര്‍ശകര്‍ ചോദിച്ചതിന് ബാബാസാഹേബ് നല്‍കിയ മറുപടി' അവരുടെ രണ്ടുപേരുടെയും അനുയായികള്‍ (ഗാന്ധിയുടെയും ജിന്നയുടെയും) രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരും ഉണര്‍ന്നു കഴിഞ്ഞ ജനതയുമാണ്. എന്നാല്‍ എന്റെ ജനങ്ങള്‍ കഴിഞ്ഞ രണ്ടായിരത്തോളം വര്‍ഷങ്ങളായി ഗാഢനിദ്രയിലാണ്. ആകയാല്‍ ഞാനവര്‍ക്ക് കാവലിരിക്കുന്നു എന്നാണ്. എത്രയോ അര്‍ത്ഥപൂര്‍ണ്ണമായ വിലയിരുത്തലായിരുന്നു അതെന്ന് കാലംതെളിയിച്ചുകഴിഞ്ഞു.

ഡോ. അംബേദ്കറിന് അഞ്ചുമക്കള്‍ ഉണ്ടായിരുന്നതില്‍ നാലുപേരും കുട്ടിക്കാലത്തുതന്നെ മരിച്ചുപോയി. യശ്വന്ദറാവു അംബേദ്ക്കര്‍ മാത്രമാണ് ഏക അവലംബമായി ഉണ്ടായിരുന്നത്. അയാള്‍ ബോംബെയിലെ രാജഗൃഹത്തില്‍ താമസമാക്കിയിരുന്നു. യശ്വന്ദിന്റെ വിവാഹം മുന്‍കൂട്ടി ആലോചിച്ചു ഉറപ്പിച്ചിരുന്നതായിരുന്നുവെങ്കിലും ജോലിത്തിരക്കുമൂലം അംബേദ്കറിന് മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാനേ കഴിഞ്ഞില്ല. ഏക മകന്റെ വിവാഹച്ചടങ്ങില്‍പോലും പങ്കെടുക്കാതെ ആ ദിവസം സാഹേബ് അംബേദ്കറുടെ അര്‍പ്പണബോധവും നിസ്വാര്‍ത്ഥ സേവനവും വിമതിക്കാ നാവാത്തതാണ്. 1944 ജൂണ്‍ 30ന് യശ്വന്ദ് ബോംബെയില്‍ നിന്നും ഡല്‍ഹിയിലെത്തി. അംബേദ്കര്‍ അന്ന് കേന്ദ്ര പൊതുമാരാമത്ത് വകുപ്പിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലറാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഒരു ഇന്ത്യാക്കാരന് ലഭിക്കാവുന്നതില്‍ വലിയ പദവി. അക്കൊല്ലം ബജറ്റില്‍ പൊതുമരാമത്ത് വകുപ്പിന് ഭീമമായ ഒരു തുക അനുവദിക്കുകയും ചെയ്തിരുന്നു. സര്‍ദാര്‍ ശോഭാസിംഗ് എന്ന വന്‍കിട പൊതുമരാമത്ത് കോണ്‍ട്രാക്ടറുടെ പാര്‍ട്ട്ണറായി കോണ്‍ട്രാക്ട് പണികള്‍ തുടങ്ങുന്നതിന് അനുവാദത്തിനുവേണ്ടിയാണ് യശ്വന്ദ് വന്നത് മകന്റെ ആഗ്രഹം മനസ്സിലാക്കിയ അംബേദ്കര്‍ ക്ഷുഭിതനായി. മകന്‍ തന്റെ വകുപ്പിനു കീഴില്‍ കോണ്‍ട്രാക്ടറാകുന്നത് അഴിമതിക്ക് അവസരം സൃഷ്ടിക്കുമെന്ന് മനസ്സിലാക്കി അംബേദ്കര്‍ തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായ മോഡിയെ വിളിച്ച് ബോംബെയ്ക്കുള്ള അടുത്ത ട്രെയിനില്‍ യശ്വന്തിന് യാത്രായാക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. ആ വ്യക്തിത്വം കറപുരളാത്ത കരങ്ങളുള്ള അപൂര്‍വ്വം ഭരണാധികാരികളുടെപട്ടികയില്‍ അംബേദ്ക്കറുടെ പേരും എഴുതിച്ചേര്‍ക്കാന്‍ ചരിത്രകാരന്മാരെ സഹായിച്ചു.

ഡോ. അംബേദ്ക്കര്‍ രചിച്ച ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ 1952 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ നേതൃത്വം നല്‍കിയിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയും മറ്റു ചില സംഘടനകളും അംബേദ്കറുടെ പട്ടികജാതി ഫെഷ്‌റേഷനും യോജിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികജ് രോല്‍ക്കല്‍ അംബേദ്ക്കറെ ദയനീയമായി പരാജയപ്പെടുത്തി. അംബേദ്ക്കറുടെ പരാജയത്തിനു പിന്നില്‍ കമ്യൂണിസ്റ്റ് നേതാവായ എസ്. എ. ഡാങ്കോയുടെ ഉപജാപമാണ് പതിയിരുന്നതെന്ന് ധനജ്ഞകീര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ തികച്ചും അസ്വസ്ഥനും നിരാശനുമായിട്ടാണ് അംബേദ്ക്കര്‍ കഴിഞ്ഞിരുന്നത് എന്നു പറഞ്ഞാല്‍ ഏതു രംഗത്തും വിജയംവരിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് വ്യക്തമാകും.

ഇന്ത്യയിലെ വ്യക്തികളുടെതായ ലൈബ്രറികളില്‍ ഒന്നാംതരവും ഒന്നാമത്തേതുമായിരുന്നു അംബേദ്ക്കറുടെ പുസ്തകശാല. 35000ത്തിലേറെ വിശിഷ്ട ഗ്രന്ഥങ്ങള്‍ അദ്ദേഹം വായിച്ച് അടയാളപ്പെടുത്തി സൂക്ഷിച്ചിരുന്നുവെന്നുമാത്രമല്ല മരണം തന്നെ ആശ്ലേഷിക്കുമ്പോഴും അദ്ദേഹം ഗ്രന്ഥങ്ങളോട് സല്ലപിക്കുകയായിരുന്നു. അംബേദ്ക്കറുടെ ലൈബ്രറി നേരിട്ടുകണ്ട ജി. ഡി. ബിര്‍ള പ്രസ്തുത പുസ്തക ശേഖരങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വില പറഞ്ഞു. എന്നാല്‍ അംബേദ്ക്കര്‍ പറഞ്ഞ മറുപടി, 'ഏതെങ്കിലും സാഹചര്യത്തില്‍ ഒരു കടക്കാരന്‍ എന്റെ വീട് ജപ്തി ചെയ്യുമ്പോള്‍ ഒരു പുസ്തകത്തില്‍ കൈവച്ചാല്‍ അതിനുമുമ്പ് അയാളെ ഞാന്‍ വെടിവെച്ചുകൊല്ലും' എന്നാണ്. പുസ്തകങ്ങള്‍ മാത്രമല്ല പാത്രങ്ങളിലം മാസികകളിലും വരുന്ന പ്രധാന കാര്യങ്ങള്‍പോലും അദ്ദേഹം പ്രത്യേകം ശേഖരിച്ച് ഭദ്രമായി സൂക്ഷിച്ചുപോന്നു. രോഗശയ്യയില്‍ പോലും വായന ഒരു ശീലമാക്കുകയും തന്റെ ചെറിയ പുസ്തകംപോലും മറ്റാരും കൈമാറിക്കൊണ്ടുപോകാതെ സൂക്ഷിക്കാനും ശ്രദ്ധിച്ചിരുന്നു.

നല്ലയിനം നായ്ക്കളെ വളര്‍ത്തുന്നതില്‍ അംബേദ്കറിനുണ്ടായിരുന്ന താല്പര്യം പ്രസിദ്ധമാണ്. തന്റെയൊരു നായ രോഗം മൂലം മരിച്ചപ്പോള്‍ അംബേദ്ക്കര്‍ പൊട്ടിക്കരഞ്ഞു. ഇതേ വാത്സല്യം അദ്ദേഹം വീട്ടിലെ വേലക്കാരോടും പ്രകടിപ്പിച്ചിരുന്നു. നല്ല പൂന്തോട്ടമുണ്ടാക്കാനും വിലകൂടിയതും മോടിയേറിയതുമായ വസ്ത്രങ്ങള്‍ ധരിക്കാനും അദ്ദേഹം ഏപ്പോഴും ശ്രദ്ധിച്ചിരുന്നു.

അധഃസ്ഥിത വിഭാഗങ്ങളുടെ പരാജയകാരണം പ്രബലമായ നേതൃത്വത്തിന്റെ അഭാവമാണെന്ന് മനസ്സിലാക്കിയ അംബേദ്ക്കര്‍ അവരുടെ നേതൃത്വം സ്വയം ഏറ്റെടുത്തു. അത് അവരെക്കൊണ്ട് അംഗകരിപ്പിക്കാനും ശ്രമിച്ചതിന്റെ ഭാഗമായി താനെഴുതുന്ന കത്തുകളുടെ അടിയില്‍ 'ജയ്ഭീം' എന്ന് സ്വയം എഴുതുകയും പില്‍ക്കാലത്ത് അതു അനുയായികളുടെ മുഖ്യ അഭിവാദ്യ അടയാളമായി തീരുകയും ചെയ്തു.