"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ദലിത് സംവരണാവകാശ ധ്വംസനങ്ങള്‍ ; ഭരണഘടനക്കുമേല്‍ പ്രതിഷ്ഠിക്കപ്പെടുന്ന ഭരണകൂട നിയമങ്ങള്‍ - പ്രൊഫ. എസ് കൊച്ചുകുഞ്ഞ്


ഒരു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമരം അവസാനിക്കുമ്പോഴും കുറഞ്ഞ പക്ഷം അതില്‍ പങ്കുകൊണ്ടവരിലും അതിനു നേതൃത്വം നല്‍കിയവരിലും രൂപം കൊണ്ട ജനാധിപത്യ സ്വപ്‌നങ്ങളും കാഴ്ചപ്പാടുകളുമാണ് പൗരസ്വാതന്ത്ര്യം, പൗരാവകാശം, ഹരിജനോദ്ധാരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമം തുടങ്ങിയവ. ഈ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഇന്ത്യയിലെ അധഃസ്ഥിതരായ പട്ടികജാതി - പട്ടിക വര്‍ഗത്തിന്റേയും പിന്നോക്ക ജാതി ജനവിഭാഗങ്ങളുടേയും ക്ഷേമത്തിനായി ഭരണഘടനയിലെ ചില പ്രത്യേക വകുപ്പുകളിലൂടെ സംവരണ വ്യവസ്ഥ സംവിധാനം ചെയ്തിരിക്കുന്നത്. അങ്ങനെയാണ് സംവരണം ഒരു ഭരണഘടനാ അവകാശമാകുന്നത്. ആ അവകാശത്തേയെണ് ഭരണകര്‍ത്താക്കളും ഇടതു - വലതു ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഇന്ത്യയിലാകെ അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്. 

പല രീതിയിലാണ് സംവരണം കവര്‍ന്നെടുക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും, ഭരണം നടത്തുവാനും ന്യൂന പക്ഷങ്ങള്‍ക്കുള്ള അവകാശം മാത്രമാണ് ഭരണഘടനയുടെ അനുഛേദം 30 അനുശാസിക്കുന്നത്. എന്നാല്‍ 2005 ലെ 93 ആം ഭരണഘടനാ ഭേദഗതിയിലൂടെ ഒരു വകുപ്പുകൂടി ഭരണഘടനക്കുവന്നു. അതാണ് അനുഛേദം 30 (1). അതുപ്രകാരം അധ്യാകപ - അനധ്യാപക നിയമനങ്ങളില്‍ സാമുദായിക സംവരണം നടപ്പിലാക്കാന്‍ ന്യൂന പക്ഷ സ്ഥാപനങ്ങള്‍ ബാധ്യസ്ഥമല്ല. കേരളത്തിലെ ക്രൈസ്തവ സമുദായത്തിനു സോണിയാ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിലും ഇടതു പാര്‍ട്ടികളിലുമുള്ള അമിത സ്വാധീനത്തിന് ഉദാഹരണമാണ് ധൃതി പിടിച്ച്, അനവധാനമായി സാധിച്ചെടുത്ത 93 ആം ഭരണഘടനാ ഭേദഗതി. അനുഛേദം 16 (1) ലൂടെ പട്ടികജാതി - പട്ടിക വര്‍ഗത്തിനും, 16 (4) ലൂടെ പിന്നോക്ക ജാതി ജനവിഭാഗങ്ങള്‍ക്കും നല്‍കിയ മൗലികാവകാശ പിന്‍ബലമുള്ള സംവരണാവകാശത്തെയാണ് 93 ആം ഭരണഘടനാ ഭേദഗതി കവര്‍ന്നെടുത്തത്. സി പി ഐ (എം) നേതൃത്വം നല്‍കിയ ഇടതുപക്ഷത്തിന്റെ താങ്ങില്‍ നിലനിന്ന ഒന്നാം യു പി എ ഗവണ്‍മെന്റിന്റെ കാലത്താണ് ഈ ഭേദഗതി ഉണ്ടായതെന്നും ശ്രദ്ധേയം.

അനാവശ്യമായ ഭരണഘടനാ ഭേദഗതികള്‍ക്കെതിരേ സ്വതന്ത്ര ഭാഗതത്തിന്റെ ഭരണാരംഭ ത്തില്‍ത്തന്നെ ഭരണഘടനാ ശ്ല്പി ഡോ. ബി ആര്‍ അംബേഡ്കര്‍ വിമര്‍ശനമുയര്‍ത്തി യിട്ടുള്ളതാണ്. ജനങ്ങളുടം അംഗീകാരമില്ലാതെ ഭരണഘടന കൂടെക്കൂടെ ഭേദഗതി ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും, ലോകത്തൊരിടത്തും ധൃതിപിടിച്ച അനവധാനമായി ഭരണഘടനകള്‍ ഭേദഗതി ചെയ്തിട്ടുള്ളതായി തനിക്കറിയില്ലെന്നുമാണ് 3 ആം ഭരണഘടനാ ഭേദഗതിയില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഡോ. ബി ആര്‍ അംബേഡ്കര്‍ പറഞ്ഞത്. സ്ഥാപിത താത്പര്യങ്ങള്‍ക്കു വഴങ്ങി ശനിയാഴ്ച - ശനിയാഴ്ച ഭരണഘടനാ ഭേദഗതി നടത്തുന്ന ശീലത്തോടു തനിക്കു യോജിപ്പില്ലെന്നു ഡോ. അംബേഡ്കര്‍ പറഞ്ഞപ്പോല്‍ സഭ തീര്‍ച്ചയായും പൊട്ടിച്ചിരിച്ചുകാണും. 

സമ്പന്നരും സ്വാധീനമുള്ളവരുമായ സംവരണ വിരുദ്ധര്‍ സാധിച്ചെടുക്കുന്ന കോടതി വിധികളാണ് സംവരണത്തെ അട്ടിമറിക്കുന്ന മറ്റൊരു ശക്തി. ഭരണഘടനാ ബാങ്യ എക്‌സിക്യുട്ടീവ് ഉത്തരവുകളിലൂടെ സംവരണാവകാശം വരുന്നതാണ് മറ്റൊരു രീതി. ഇത്തരം എക്‌സിക്യുട്ടീവ് ഉത്തരവുകളാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സംവരണത്തിനു തടസ്സം നില്‍ക്കുന്ന നിയമങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന അഡ്വ കെ സോമപ്രസാദിനെ നയിക്കുന്നത്. (കേരളശബ്ദം 2014 നവംബര്‍ 23, 30 ലക്കങ്ങളില്‍ വന്ന ലേഖനം). വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ശ്രീ എം എ ബേബി അറിഞ്ഞോ അറിയാതെയോ സംവരണ സമുദായത്തോട്, പ്രത്യേകിച്ച് പട്ടിക ജാതി - പട്ടിക വര്‍ഗത്തോട് ചെയ്ത ദ്രോഹത്തെ ന്യായീകരിക്കാന്‍ യു ജി സിയുടെ അധികാരത്തേയും അതിന്റെ നിര്‍ദ്ദേശങ്ങളേയും ശ്രീ സോമപ്രസാദ് വീണ്ടും വീണ്ടും ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. യു ജി സി നിര്‍ദ്ദേശങ്ങള്‍ എയ്ഡഡ് കോളേജുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്ക് ബാധകമല്ലെന്നു ശഠിക്കുന്ന ശ്രീ സോമപ്രസാദ് മാനേജുമെന്റുകള്‍ നടത്തുന്ന ഭരണഘടനാ ലംഘനങ്ങളേയും സാമൂഹിക നീതിക്കുമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളേയും സാധൂകരിക്കുന്ന ഭരണകൂട നിലപാടുകളെ ന്യായീകരിക്കുകയാണ്. ഈ അനീതിയെ ചോദ്യം ചെയ്യാന്‍ ബാധ്യസ്ഥനായ ശ്രീ സോമപ്രസാദ് അതിനെ ന്യായീകരിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? എന്തായാലും അത് പട്ടികജാതി - പട്ടിക വര്‍ഗത്തിനുവേണ്ടിയല്ല. പാര്‍ട്ടിക്കും അത് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.

ഒരര്‍ത്ഥത്തില്‍ ഭരണഘടനാ വ്യവസ്ഥകള്‍ മാത്രം മതി എയ്ഡഡ് - സ്വകാര്യ വിദ്യാഭ്യാസ മേഘലയില്‍ സാമുദായിക സംവരണം നടപ്പിലാക്കാന്‍. അത്രക്ക് ശക്തമായ വകുപ്പുകളിലൂടെയാണ് ഡോ. അംബേഡ്കര്‍ ഭരണഘടനയില്‍ സംവരണ വകുപ്പുകള്‍ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്നു പതിറ്റാണ്ടുകാലം താന്‍ താലോലിച്ച സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമായിരുന്നു അത്. ഭരണഘടനയുടെ ഭാഗം III 'മൗലീകാവകാശങ്ങള്‍' എന്നതിലാണ് സാമുദായിക സംവരണത്തെപ്പറ്റി പറയുന്ന അനുഛേദങ്ങള്‍ ഉള്ളത്. അനുഛേദം 16: പൊതു ജീവനം സംബന്ധിച്ച വിഷയങ്ങളില്‍ അവസരസമത്വം. (Equality of oppertunity in matters of public employment) -'(1) എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രത്തിന്റെ കീഴിലുള്ള ജീവനത്തേയോ അഥവാ ഏതെങ്കിലും ഉഊദ്യോഗത്തിലുള്ള നിയമനത്തേയോ സംബന്ധിച്ച വിഷയങ്ങളില്‍ അവസരസമത്വം ഉണ്ടായിരിക്കുന്നതാണ്.' ഈ മൗലീകാവകാശത്തെയാണ് സര്‍ക്കാര്‍ അനുമതിയോടെ സ്‌കൂള്‍ - കോളേജ് മാനേജ്‌മെന്റുകള്‍ ഈ കാലമത്രയും അട്ടിമറിച്ചു കൊണ്ടിരിക്കുന്നത്.

പിന്നോക്ക സമുദായ അവകാശം എടുത്തു പറയുന്ന അധ്യായമാണ് 16(4): ' ഈ അനുഛേദത്തിലെ യാതൊന്നും രാഷ്ട്രത്തിന്‍രെ അഭിപ്രായത്തില്‍ രാഷ്ട്രത്തിന്റെ കീഴിലുള്ള സര്‍വീസുകളില്‍ മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പൗരന്മാര്‍ക്ക് നിയമനങ്ങളോ തസ്തികകളോ സംവരണം ചെയ്യുന്നതിന് ഏതെങ്കിലും വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയുന്നതല്ല' അനുഛേദം 16, 16(4) എന്നിവയോട് ചേര്‍ത്ത് വായിക്കേണ്ടതാണ് 46 ആം അനുഛേദം. അതിങ്ങനെ: 'രാഷ്ട്രം ജനങ്ങളില്‍ ദുര്‍ബല വിഭാഗങ്ങളുടെ പ്രത്യേകിച്ച് പട്ടിക ജാതികളുടേയും പട്ടിക ഗോത്ര വര്‍ഗങ്ങളുടേയും വിദ്യാഭ്യാസപരവും സാമ്പത്തിക 
വുമായ താത്പര്യങ്ങളെ പ്രത്യേക ശ്രദ്ധയോടുകൂടി അഭിവൃദ്ധിപ്പെടുത്തേണ്ടതും, അവരെ സാമൂഹികമായ അനീതിയില്‍ നിന്നും ഏല്ലാവിധത്തിലുമുള്ള ചൂഷണത്തില്‍ നിന്നും രക്ഷിക്കേണ്ടതും ആകുന്നു' മേല്‍പ്പറഞ്ഞ ഭരണഘടനാ അനുഛേദങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ് യു ജി സി ക്ക് ഉത്തരവുകള്‍ കൊടുക്കുന്നതും യു ജി സി മാര്‍ഗ നിര്‍ദേശങ്ങള്‍ ഇറക്കുന്നതും.

ശ്രീ സോമപ്രസാദ് പാടുപെട്ടു ശേഖരിച്ച നിയമങ്ങളും ചട്ടങ്ങളുമല്ല സാമുദായിക സംവരണ കാര്യത്തില്‍ പ്രസക്തം. ഭരണഘടനാ അവകാശ പരിപാലനമാണ് പ്രസക്തം. ഭരണഘടനാ തത്വങ്ങളെ നിരാകരിക്കുന്ന നിയമങ്ങള്‍, അത് നിയമസഭ പാസാക്കുന്നതായാലും എക്‌സിക്യുട്ടീവ് ഉത്തരവുകളായാലും നിലനില്‍ക്കുന്നതല്ല. സംസ്ഥന നിയമങ്ങളേയും എക്‌സിക്യുട്ടീവ് ഉത്തരവുകളേയും ഭരണഘടനക്കു മുകളില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഭരണഘടനാ അവകാശമായ സംവരണത്തെ അട്ടിമറിക്കുന്നത്.

യു ജി സി നിര്‍ദ്ദേശം കേന്ദ്ര സ്ഥാപനങ്ങള്‍ക്കുമാത്രം ബാധകമാണെന്നു സ്ഥാപിക്കാന്‍ ശ്രീ പി എ അനില്‍കുമാറിന് വിവരാവകാശ നിയമപ്രകാരം യു ജി സി കൊടുത്ത മറുപടിയിലെ ഒരു വാചകം ശ്രീ സോമപ്രസാദ് മുറിച്ചെടുത്ത് ഉദ്ധരിച്ചിട്ടുണ്ട്. ആ വാചകം: '... ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ പൊതുഭണ്ടു സ്വീകരിക്കുന്ന കേന്ദ്ര യൂണിവേഴ്‌സിറ്റികളും ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികളിം സംവരണം ഫലപ്രദമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'. പക്ഷെ അതിന്റെ തൊട്ടടുത്ത വാചകം എന്തുകൊണ്ട് വിട്ടുകളഞ്ഞു? വിട്ടുകളഞ്ഞ വാചകം ഇതാണ്. 'അതുപ്രകാരം യൂണിവേഴ്‌സിറ്റികളിലും ഗ്രാന്റ് - ഇന്‍ - എയ്ഡ് സ്വീകരിക്കുന്ന മറ്റു സ്ഥാപനങ്ങളിലും SC/ST സംവരണം കര്‍ശനമായി പാലിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഈ ആഫീസിലെ (യുജിസി ഓഫീസ്) No.F1-5/2006(set) dated 25-08-2006 ആം നമ്പര്‍ ലെറ്റര്‍ പ്രകാരം നല്‍കിയിട്ടുണ്ട്.'

ആര്‍ക്കുവേണ്ടിയാണ് ഈ തമസ്‌കരണം? വസ്തുതകളെ തമസ്‌കരിച്ചാണോ വാദങ്ങള്‍ക്ക് സാധുത ഉണ്ടാക്കുന്നത്? സത്യസന്ധത തെളിയാത്ത എഴുത്താണിത്.

സംവരണ നിഷേധത്തിനെതിരേ 2010 ഒക്ടോബറില്‍ ജോലി ലഭിക്കാത്ത 10 പട്ടികജാതി ഉദ്യോഗാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. 114 എതിര്‍ കക്ഷികളുള്ള കേസിലെ ഒന്നാം പ്രതി ശ്രീ സോമപ്രസാദ് പറയുന്ന ഒരധികാരവുമില്ലാത്ത യുജിസിയാണ്. കേരള സര്‍ക്കാര്‍, ഉന്നതവിദ്യാഭ്യാസവകുപ്പ് കോളേജിയേറ്റ് എജ്യൂക്കേഷന്‍ ഡയറക്ടര്‍, കേരള, എം ജി, കണ്ണൂര്‍, കാലടി സര്‍വകലാശാലകള്‍ എന്നിവ കഴിഞ്ഞാല്‍ ബാക്കി 96 ഉം സ്വകാര്യ എയ്ഡഡ് കോളേജ് മാനേജ്‌മെന്റുകള്‍. സംവരണ തത്വം പാലിക്കാതെ 1599 അധ്യാപകരെ ഒറ്റയടിക്ക് എയ്ഡഡ് കോളേജുകളില്‍ നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ ഉത്തരവാണ് കേസിനാധാരം. കേസ് നാല് കൊല്ലം കഴിഞ്ഞിട്ടും എങ്ങും എത്തുന്നില്ല. കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാത്തതാണ് കാരണം. കോടതി ചോദിച്ച മാത്രയില്‍ ഒന്നാം കക്ഷി യുജിസി സംവരണത്തിന് അനുകൂലമായ നിലപാട് വ്യക്തമാക്കിയപ്പോള്‍ അന്ന് നിലനിന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അനങ്ങിയില്ല. അതാണ് ശ്രീ സോമപ്രസാദ് പറയുന്ന അവസരം കിട്ടുമ്പോഴത്തെ എല്‍ഡിഎഫ് നയം. ഹരിജനോദ്ധാരണ സന്ദേശവുമായി ഇന്ത്യയിലാകെ 9 മാസക്കാലമെടുത്ത് 12500ഓളം മൈലുകള്‍ സഞ്ചരിച്ച ഗാന്ധിജിയുടെ പിന്മുറക്കാരനായ ശ്രീ ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് ഗവണ്മെന്റിന് മൂന്നരക്കൊല്ലം കഴിഞ്ഞിട്ടും അനക്കമില്ല. എന്‍ എസ് എസ് , സംവരണ സമുദായം കൂടിയായ എസ് എന്‍ ഡി പി, ക്രൈസ്തവ സഭ തുടങ്ങിയവയുടെ രാഷ്ട്രീയ സമ്മര്‍ദ്ദശേഷി സമ്മതിച്ചേ തീരൂ. ഇതൊന്നും പഠിക്കാതെയും മനസ്സിലാക്കാതെയുമാണ് ശ്രീ സോമപ്രസാദ് നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത്. അദ്ദേഹം അവിടെത്തന്നെ നില്‍ക്കട്ടെ, പക്ഷെ പ്രശ്‌നം വായനക്കാര്‍ക്ക് വഴിതെറ്റുമോ എന്നതിലാണ്.

പട്ടികജാതി - പട്ടികവര്‍ഗത്തിന് കോടതിയിലും നീതി പിടികിട്ടാതെ വഴുതുകയാണോ? എന്തിനും ഏതിനും സ്‌റ്റേ കൊടുക്കുന്ന ബഹുമാനപ്പെട്ട കോടതി ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു ദുര്‍ബല സമൂഹത്തിന്റെ ഭരണഘടനാ അവകാശത്തെ കശാപ്പുചെയ്യുന്ന പ്രക്രിയക്കു സ്റ്റേ കൊടുക്കാതിരിക്കാന്‍ ഒരു മടിയും കാണിച്ചില്ല. സര്‍ക്കാരിന്റെ രഹസ്യം മനസ്സിലാക്കി കോടതിക്ക് കേസ് മുന്നോട്ടു കൊണ്ടുപോകാവുന്നതേയുള്ളൂ. 3 മാസം മുമ്പ് 2014 ജൂലൈ 31 ന് കേസ് പരിഗണനക്ക് വെച്ചിരുന്നതായിരുന്നു. പക്ഷേ, കേസ് വന്നില്ല. ഭരണഘടനാവിരുദ്ധമായി ഒറ്റയടിക്ക് 1599 അധ്യാപകരെ നിയമിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ അപേക്ഷ കോടതി പരിഗണിച്ചിരുന്നെങ്കില്‍ ഈ വിഷയത്തിലെ കല്ലും നെല്ലും വേര്‍തിരിയുമായിരുന്നു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പി എസ് നാണുപിള്ള അനുസ്മരണ ചടങ്ങില്‍ ഉയര്‍ന്നുകേട്ട ചില പരാമര്‍ശങ്ങള്‍ ഇവിടെ പ്രസക്തമാണ്. ജനാധിപത്യ വ്യവസ്ഥയിലെ രണ്ടാം കാലായ ജുഡീഷ്യറിയെപ്പറ്റിയാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് കെ സുകുമാരന്‍ സംസാരിച്ചത്. സമൂഹത്തില്‍ പൊതുവേയും ജുഡീഷ്യറിയില്‍ പ്രത്യേകിച്ചും നിലനില്‍ക്കുന്ന സാമൂഹ്യ നീതിനിഷേധത്തിനറുതി വരുത്താന്‍ ജൂഡീഷ്യറിയിലും സംവരണം നടപ്പിലാക്കണമെന്ന അഭിപ്രായമാണ് അദ്ദേഹം സമ്മേളനത്തില്‍ പ്രകടിപ്പിച്ചത്. അങ്ങനെയൊരു ഭരണ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ ഭരണഘടനയുടെ വ്യാഖ്യാനവും നിയമങ്ങളുടെ വ്യാഖ്യാനവും നടത്തുന്ന ന്യായാധിപന്മാരില്‍ സാമൂഹിക പ്രതിബദ്ധതക്ക് ഇടം കീട്ടൂ. ജുഡീഷ്യറിയില്‍ സാമൂഹിക നീതിയില്‍ വിശ്വസിക്കുന്നവരുടെ സജീവ പങ്കാളിത്തമുണ്ടെങ്കില്‍ മാത്രമേ ഒരു രാജ്യത്ത് ശരിയായ നീതി നടപ്പിലാവുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എയ്ഡഡ് കോളേജുകളില്‍ അധ്യാപക അനധ്യാപക നിയമനത്തിന് എസ് സി / എസ് ടി സംവരണം നിര്‍ബന്ധമാക്കിക്കൊണ്ട് നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യം പരിഹാസ്യം തന്നെയാണ്. ഇനി നടത്തേണ്ട നിയമനിര്‍മ്മാണം ഏതാണ്? ഭരണഘടനക്കപ്പുറം ഒരു നിയമമുണ്ടോ? ഭരണഘടന അനുശാസിക്കുന്നതിനനുസരിച്ച് ഭരണപരമായ നടപടി മാത്രം പോരേ സംവറ സമുദായങ്ങള്‍ക്ക് നീതി നല്‍കാന്‍? കേന്ദ്ര ഗവണ്മെന്റും യുജിസിയും നിര്‍ദ്ദേശിച്ചതും അതല്ലേ?


കടപ്പാട്: 'കേരളശബ്ദം' വാരിക 2015 ജനുവരി 18 ലക്കം.