"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

സി.പി.എം. മാര്‍ക്‌സിയന്‍ വീക്ഷണം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് മാത്രമല്ല ജനാധിപത്യത്തിനും ശത്രുവാണ് - പ്രവീണ്‍ കെ. മോഹന്‍, കടുത്തുരുത്തി


പ്രവീണ്‍ കെ മോഹന്‍ 
മലയാള മനോരമ ദിനപത്രത്തില്‍ 15. 12.2014 ല്‍ എം.വി.ഗോവിന്ദന്റെ വിദ്വേഷ പ്രസ്താവനയുടെ മറുപടിയാണ് കുറിപ്പിനാധാരം. 

മാര്‍ക്‌സിസത്തിന്റെ ഇന്നത്തെ നില അതി വിപ്ലവകരമായി എന്ന് തെളിയിക്കുന്നു. മാനവ സമൂഹത്തിന്റെ ഭാവി പ്രവചിക്കാനുള്ള മാര്‍ക്‌സിസത്തിന്റെ ശ്രമം സാങ്കല്‍പികവും കാല്പനികവുമാണ്. സമൂഹത്തിന്റെ ഭാവി മാതൃകകള്‍ തത്വദര്‍ശനപരമായ പ്രവചനത്തിന് അതീതമാണ്. രാഷ്ട്രീയത്തിന്റെ അഥവാ അധികാരത്തിന്റെ മന:ശാസ്ത്രം കമ്മ്യൂണിസത്തിന്റെ കൈകളില്‍ നിന്നും വഴുതി പോയിരിക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ അഭാവമാണ് കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ദോഷം. 70 -ല്‍ പരം വര്‍ഷങ്ങള്‍ കമ്മ്യൂണിസം പ്രയോഗത്തിലായിരിക്കുകയും, കമ്മ്യൂണിസത്തിന്റെ മാതൃരാജ്യമെന്ന് അറിയപ്പെടുകയും ചെയ്തിരുന്ന സോവിയറ്റ് യൂണിയനിലും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഈ ഭരണക്രമം നാമാവശേഷമാകുവാനുള്ള പ്രധാന കാരണം ജനതയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.

ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഒതുങ്ങുന്ന മാര്‍ക്‌സിസത്തിന്റെ കുറച്ച് പ്രചരണം മാത്രമാണിപ്പോള്‍ നിലനില്‍ക്കുന്നത്. അത് ഫ്യൂഡല്‍ മനോഭാവത്തിന്റെ തിരുശേഷിപ്പുകളില്‍ അധിഷ്ഠിതമാണ്. എം.വി.ഗോവിന്ദനെപ്പോലുള്ള സി.പി.എം. സെക്രട്ടറിയേറ്റ് അംഗങ്ങള്‍ കൊലപാതക രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ തെളിവാണ് ഈ പാര്‍ട്ടിയുടെ ജനവിരുദ്ധ നിലപാട് ശ്രദ്ധേയമാകുന്നത്. 'NSS,SNDP. പോലുള്ള സമുദായങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല എന്നാല്‍ പുലയര്‍, സിദ്ധനര്‍ തുടങ്ങിയ പട്ടികജാതി സംഘടനകളുടെ പ്രവര്‍ത്തകര്‍ മരിച്ചിടത്ത് റീത്തുമായി വരികുകയോ മറ്റും ചെയ്താല്‍ കൈകാര്യം ചെയ്യുമെന്ന് ഗോവിന്ദന്‍ ഭീഷണിമുഴക്കിയിരിക്കുകയാണ്.' ശരിയായ കാഴ്ചപ്പാടില്‍ സ്വന്തം ജാതി ബോധമാണ് ഗോവിന്ദനെ ഇങ്ങനെ പറയുവാന്‍ പ്രേരിപ്പിച്ചത്. 

എം.വി.ഗോവിന്ദന്റെയും സി.പി.എം. പാര്‍ട്ടിയുടെയും ധിക്കാരഭാവം കേരള ജനത അവഗണിക്കുക തന്നെ ചെയ്യും. പട്ടികജാതി വിരോധം മൂലമാണോ ഗോവിന്ദന്റെ പാര്‍ട്ടി പി.കെ.എസ്സ് എന്ന ജാതി സംഘടന രൂപീകരിച്ചത്? ഈ സംഘടനയ്ക്ക് മരിച്ചിടത്തു വന്നാല്‍ റീത്ത് വെയ്ക്കാനാകുമോ? കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രം വാസ്തവത്തില്‍ പിന്നോക്ക അയിത്ത ജാതിക്കാരുടെ രക്തസാക്ഷിത്വത്തിലൂടെ ആണെന്നുള്ള കാര്യം ഗോവിന്ദനും സി.പി.എം. പാര്‍ട്ടിക്കും നിഷേധിക്കാനാകുമോ? കേരളം മുഴുവനും ഈ പാര്‍ട്ടി രൂപപ്പെടുത്തുന്നതിന് നിര്‍ണ്ണായകമായി നിലപാട് സ്വീകരിച്ച ജനവിഭാഗങ്ങളെയാണ് ഈ പ്രസ്ഥാനം തള്ളികളഞ്ഞിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളമാകെ രൂപപ്പെടുത്തുന്നതിന് ഗോവിന്ദന്റെ സമുദായം മാത്രമേയുള്ളൂ എന്നുള്ള വാദം ശരിയല്ല. 

കേരളത്തിലെ സാധാരണ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ട്ടാണ് മാര്‍ക്‌സിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പട്ടികജാതിപ്പെട്ടവരെ സി.പി.എം. സംസ്ഥാന സെക്രട്ടറി അടക്കമുള്ള പ്രധാനപ്പെട്ട പദവികളില്‍ അവരോധിക്കാന്‍ ശ്രമിക്കാത്തതിന്റെ കാരണം ഈ പ്രസ്ഥാനത്തിലുള്ള ജാതി വിവേചനമാണ്. മാര്‍ക്‌സിസ്റ്റ് ഭരണകൂടം അധികാരത്തില്‍ വരുമ്പോഴെല്ലാം സ്വജനപക്ഷപാതമായി മാറുന്നതും മേല്‍ചൊന്ന ദുര്‍വൃത്തി മൂലമാണ്. കമ്മ്യൂണിസം സാധാരണ ജനവിഭാഗങ്ങളുടെ രാഷ്ട്രീയാധികാരത്തിന്റെ പങ്കിനെ താഴ്ത്തി കാണിക്കുന്നു. 

സി.പി.എം. പാര്‍ട്ടി സമ്പ്രദായത്തിന്റെ ന്യൂനതകള്‍ ഏറെയാണെങ്കിലും ജനാധിപത്യക്രമത്തിന്റെ നല്ല പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെങ്കില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പുതിയ രാഷ്ട്രീയാധികാരഭാവി ആവശ്യമായിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരെ ഒരു തരം പുച്ഛത്തോടെ അവഗണിക്കാന്‍ അധരീണ ജാതി സംഘടനകള്‍ക്ക് കഴിയുകയും, നവരാഷ്ട്രീയാധികാരം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും വേണം. കമ്മ്യൂണിസം അടിസ്ഥാനവിഭാഗങ്ങള്‍ക്ക് മാത്രമല്ല ജനാധിപത്യത്തിനും ശത്രുവാണ്. പുതിയ സാംസ്‌കാരിക നേതൃത്വം അധരീണ ജനവിഭാഗ ങ്ങളില്‍ ഉയര്‍ന്നു വരികയും ഭൂമി, രാഷ്ട്രീയം, അധികാരം തുടങ്ങിയ വ്യവസ്ഥാപിത താല്‍പര്യങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ പുതിയ സാമൂഹിക ബന്ധങ്ങള്‍ ആവശ്യമാണ്. അതിനായി ഇടതുനിന്നും വലതിലേക്ക് മാറുന്ന ശൈലിയല്ല. മറിച്ച് അധരീണ ജാതി സമൂഹത്തിന് സാംസ്‌കാരികമായ അധീശത്വം സ്ഥാപിക്കാന്‍ പുതിയ ലോകവീക്ഷണത്തിന്റെയും ചരിത്രബോധത്തിന്റെയും ആധുനിക ജനാധിപത്യ ദര്‍ശനത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചെടുക്കപ്പെടേണ്ട രാഷ്ട്രീയകാഴ്ചപ്പാടുകള്‍ മുന്നോട്ട് വച്ചുകൊണ്ടാണ് ഡോ.അംബേദ്കര്‍ ജാതി വ്യവസ്ഥക്കെതിരെ ശക്തമായി നിലകൊണ്ടത്. 

സി.പി.എം. നടപ്പിലാക്കുന്ന സാമൂഹ്യവിപ്ലവത്തില്‍ പൊതുവെ പറഞ്ഞാല്‍ അക്രമമാര്‍ഗ്ഗമാണ. ഈ രീതി അധരീണ ജാതി വിഭാഗങ്ങള്‍ക്ക് നേരെ ഉപയോഗിച്ചാല്‍ നിഷ്ഫലവുമാകുമെന്നുറപ്പാണ്. അടിസ്ഥാന ജനങ്ങളെ സംഘടിപ്പിച്ചും രാഷ്ട്രീയവല്‍ക്കരിച്ചും ഭരണകൂടം സ്ഥാപിച്ചും മാര്‍ക്‌സിസ്റ്റുകാര്‍ പാവപ്പെട്ട ജനസഞ്ചയത്തെ വഞ്ചിക്കുകയായിരുന്നു ചെയ്തത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വഞ്ചന തിരിച്ചറിഞ്ഞ അടിസ്ഥാനജനതയെ ഭീഷണിപ്പെടുത്തിയും അക്രമ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഒറ്റയടിക്ക് എല്ലാം മാറ്റിത്തീര്‍ക്കണമെന്നാഗ്രഹിക്കുന്ന അസഹിഷ്ണു ക്കളായ മാര്‍ക്‌സിസ്റ്റുകാര്‍ ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗം സ്വീകരിച്ചാല്‍ അതു ഫലവത്താകുകയുമില്ല. സിവില്‍ സമൂഹത്തില്‍ കൊലപാതകവും ശാരീരികക്ഷതമേല്‍പ്പിച്ചും അനീതിപരമായ മാര്‍ഗ്ഗങ്ങള്‍ നടത്തിയും സി.പി.എം. പാര്‍ട്ടിക്ക് അധികനാള്‍ കേരളത്തിലും പിടിച്ചു നില്‍ക്കാനാവില്ല. അസ്വാതന്ത്യത്തിന്റെയും ചൂഷണത്തിന്റേതുമായ ഘടനകള്‍ അട്ടിമറിക്കപ്പെടുമ്പോഴേ ജനമനസ്സുകളില്‍ നിന്നു ഫ്യൂഡല്‍ - മാര്‍ക്‌സിസ്റ്റ് വീക്ഷണ മനോഭാവങ്ങള്‍ ദുരീകരിക്കപ്പെടുകയും നവരാഷ്ട്രീയ മൂല്യങ്ങള്‍ മുളപൊട്ടുകയും ചെയ്യും.

പ്രവീണ്‍ കെ. മോഹന്‍, കടുത്തുരുത്തി
9496591754