"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ദലിതരും ജനാധിപത്യ കേരളത്തിന്റെ അര നൂറ്റാണ്ടും - കെ. ഉദയസിംഹന്‍


കെ. ഉദയസിംഹന്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് ഭൂമി പതിച്ചു കൊടുക്കണമെന്ന് 1912-ല്‍ മഹാത്മാ അയ്യന്‍കാളി തന്റെ കന്നിപ്രസംഗത്തില്‍ ശ്രീമൂലം പ്രജാസഭയില്‍ ആവശ്യപ്പെടുകയുണ്ടായി. ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും അതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദലിത് ആദിവാസി ജനത ശീതികരിച്ച് കൊട്ടാരത്തില്‍ വാഴുന്ന ജനാധിപത്യ രാജാക്കന്മാരോട് അപേക്ഷിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. രാജഭരണ കാലത്ത് രാജാവിനു തോന്നിയ ദയപോലും ദലിതരും ആദിവാസികളും ഉള്‍പ്പെടുന്ന സമ്മതിദായകര്‍ തെരഞ്ഞെടുത്ത ജനാധിപത്യ രാജാക്കന്മാര്‍ക്ക് ഇല്ലാതെ പോയി.

നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിയുടെ മാനദണ്ഡം പട്ടികജാതി- പട്ടികവര്‍ഗ്ഗങ്ങളുടെ നാനാവിധമായ പുരോഗതിയായിരിക്കുമെന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്രു അഭിപ്രായപ്പെടുകയുണ്ടായി. പക്ഷേ അധികാരത്തിലേറിയ സര്‍ക്കാരുകള്‍ ആദിമ തദ്ദേശീയ ജനതയുടെ പുരോഗതിയിലേക്കുള്ള വഴി അധോഗതിയിലാക്കുകയാണുണ്ടാത്.

മാറി മാറി കേരളം ഭരിച്ച ഭരണകൂടങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വികസനം വെറും പ്രഹസനമാക്കുകയാണുണ്ടായത്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ മറ്റുള്ളവരേക്കാള്‍ വളരെ പിന്നിലാണിവര്‍. അട്ടപ്പാടിയില്‍ ആദിവാസി ശിശുക്കള്‍ പോഷകാഹാരക്കുറവുമൂലം മരണപ്പെടുന്ന ദയനീയ കാഴ്ചയാണ് കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിന്റെ ആരോഗ്യസൂചികയുടെ നേട്ടത്തിനിടയില്‍ ദൃശ്യമാകുന്നത്. നല്ല വിദ്യാഭ്യാസവും ആരോഗ്യപരിപക്ഷയും എല്ലാ പൗരന്റെയും അവകാശമാണ്. പക്ഷെ നാം ഇപ്പോഴും പാവപ്പെട്ടവന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ദലിത ആദിവാസികള്‍ ഇപ്പോഴും പരീക്ഷണ മൃഗങ്ങളാണ്.

ആറാം നൂറ്റാണ്ടില്‍ ഗ്രീസില്‍ ഉദയംകൊണ്ട ജനാധിപത്യ ഭരണസംവിധാനം എല്ലാ ജനങ്ങള്‍ക്കും ക്ഷേമം ഉറപ്പാക്കിയപ്പോള്‍ 21-ാം നൂറ്റാണ്ടിലെ ജനാധിപത്യം നിയമസഭയില്‍ പൗരന്‍ പ്രതിക്ഷേധിച്ചതിന്റെ പേരില്‍ ഒരു ദിവസത്തെ തടവ് ശിക്ഷ വിധിച്ച ആധുനിക ജനാധിപത്യത്തിന്റെ നിര്‍വ്വചനം ജൂലിയസ് സീസറെ വധിച്ച ജനാധിപത്യ ഹിംസയെക്കാള്‍ ഭയാനകമാണ്.

ഡല്‍ഹിയിലെ മൃഗശാലയില്‍ അബദ്ധത്തില്‍ കടുവയുടെ മുന്നില്‍ അകപ്പെട്ട യുവാവിനെ കഴുത്തില്‍ ദൃംഷ്ടകള്‍ താഴ്ത്തി കടുവ തൂക്കിക്കൊണ്ടുപോയതുപോലെ നിരാലംബനായ ഒരു പാവം പൗരനെ നിയമസഭയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ വാച്ച് ആന്റ് വാര്‍ഡ് എന്ന കടുവക്കുട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ച് ഇരയെ കടിച്ചെടുത്തുകൊണ്ടു പോകുന്ന കാഴ്ചയും ലാഘവത്തോടെ തൂക്കിക്കൊണ്ടുപോകുന്ന കാഴ്ചയും തമ്മില്‍ എന്താണ് വ്യത്യാസം?

അഴിമതി ചെറുതായാലും വലുതായാലും കുറ്റകരമാണ്. ജനാധിപത്യ സംവിധാനത്തില്‍ അഴിമതിയിലും രണ്ടു തരം നീതിയാണ് നടപ്പിലാക്കുന്നത്. പ്രതികള്‍ ഉന്നതരാണെങ്കില്‍ ജയിലിന് പുറത്തും സാധാരണക്കാരനാണെങ്കില്‍ അഴികള്‍ക്കുള്ളിലുമായിരിക്കും വാസം. ജനാധിപത്യം രാജാധിപത്യത്തെക്കാള്‍ ജീര്‍ണ്ണിതവും യൂദാസുകളാല്‍ കയ്യടക്കപ്പെട്ടതുമാണ്.

സാമൂഹിക നീതി ഇന്നും ദലിത്- ആദിവാസി ജനതയ്ക്ക് അന്യമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 പ്രകാരം അയിത്തം നിയമം മൂലം രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും അയിത്തം ഇപ്പോഴും നിലനില്‍ക്കുന്നു. നിയമം മാത്രം പോരാ നിയമം നടപ്പിലാക്കുക തന്നെ വേണം. ഉത്തര്‍പ്രദേശില്‍ രണ്ട് ദലിത് ബാലികമാരെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നു കെട്ടിത്തൂക്കിയ പൈശാചിക മായ സംഭവം ഇപ്പോള്‍ ആത്മഹത്യയാണെന്നു പറഞ്ഞ് കേസ് ഇല്ലാതാക്കിയിരിക്കുകയാണ്. അമേരിക്കയില്‍ ഒരു ബാലകനെ ഭീകരവാദിയെന്ന് മുദ്രകുത്തി നിര്‍ദ്ദാഷിണ്യം വെടിവെച്ചു കൊന്ന വെള്ളക്കാരനായ പോലീസുകാരനെതിരെ കറുത്ത വര്‍ഗ്ഗക്കാരനായ അമേരിക്കന്‍ പ്രസിഡന്റിനു പോലും കേസെടുക്കാന്‍ വൈമുഖ്യം. പൈശാചികമായ ഈ നരഹത്യക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം അലയടിക്കുകയാണ്. ജാതി അന്നും ഇന്നും മുന്നില്‍ തന്നെ. അതിനെ തോല്‍പ്പിക്കാന്‍ ഇതേവരെ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. കറുപ്പിന്റെ കാര്യത്തില്‍ ശാസ്ത്രം തോറ്റു മനുഷ്യന്‍ ജയിച്ചു.

ഭരണഘടനാ നിര്‍മ്മാണവേളയില്‍ ജാതി നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി ഒരു കരട് നിര്‍ദ്ദേശം ഡോ. ബി. ആര്‍. അംബേദ്ക്കര്‍ ഭരണഘടനാ ഡ്രാഫ്റ്റിങ്കമ്മറ്റി മുമ്പാകെ സമര്‍പ്പിച്ചെങ്കിലും കമ്മറ്റി അത് അംഗീകരിച്ചില്ല എന്നു മാത്രമല്ല കെ. എം. മുന്‍ഷി നിര്‍ദ്ദേശിച്ച അയിത്തോച്ചാടനം മാത്രം മതിയെന്ന് ശഠിക്കുകയും അത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 1951 ഫെബ്രുവരി 5-ന് അന്നത്തെ നിയമ മന്ത്രിയായിരുന്ന അംബേദ്ക്കര്‍ ഹിന്ദു കോഡ്ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ശക്തമായ എതിര്‍പ്പുമൂലം പാസ്സാക്കാതെ വന്നപ്പോള്‍ 1951 സെപ്റ്റംബര്‍ 27-ന് നെഹ്രു മന്ത്രി സഭയില്‍നിന്ന് അംബേദ്ക്കര്‍ രാജിവെച്ചു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടന നിലവില്‍ വന്ന് 64 വര്‍ഷം പിന്നിടുമ്പോഴും സാമൂഹിക- സാമ്പത്തിക വികസന സൂചികകളെടുത്താല്‍ ഇന്ത്യയിലെ പട്ടിക വിഭാഗങ്ങള്‍ ഇന്നും പിന്നാക്കം നില്‍ക്കുന്ന അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്. ഇവര്‍ക്കായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചിട്ടുപോലും സാമ്പത്തിക ഭദ്രതയുള്ള ഒരു സാമൂഹമായി മാറാന്‍ ഇന്നും ഇന്ത്യയിലെ പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ജനാധിപത്യത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ നല്‍കിയ ഡോ. ബി. ആര്‍. അംബേദ്ക്കര്‍ വര്‍ണ്ണജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജനാധിപത്യം സാധ്യമാകയില്ല എന്ന നിലപാടിലാണ് വിശ്വസിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സാമൂഹിക ഘടനയെ പുനഃസൃഷ്ടിക്കാതെ ജാതിവ്യവസ്ഥിതിയെ ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ലെന്നതാ യിരുന്നു. ഓരോ ജാതിയുടെ താത്പര്യത്തിനു പുറമെ പൊതുവായൊരു ബോധം ഇന്ത്യയില്‍ ഇല്ല. ശ്രേണി ബദ്ധമായ അസമത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ അധികാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അധികാര സ്രോതസുകളെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചിരുന്നത്. അധികാരത്തെ താങ്ങി നിര്‍ത്തുന്നത് ദൈവിക അധികാരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്വാതന്ത്ര്യമില്ലാതെ ജനാധിപത്യവും ജനാധിപത്യമില്ലാതെ സ്വതന്ത്ര്യവും സാഹോദര്യമില്ലാതെ ജനാധിപത്യവും ആത്യന്തികമായി രാജ്യത്തെ തകര്‍ക്കും മൗലികാവകാശ പ്രഖ്യാപനത്തിന്റെ ആറു ദശകങ്ങള്‍ക്കു ശേഷവും ഇന്ത്യയില്‍ ശരാശരി 27 ശതമാനം വീടുകളിലും അയിത്താചരണം നടക്കുന്നുണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ (IHDS 2011-þ12) കാണിക്കുന്നു.

ഇന്ത്യയില്‍ നാലിലൊന്ന് പേര്‍ അയിത്തം ആചരിക്കുന്നുവെന്ന് സര്‍വ്വേ. പുരോഗമന ചിന്തയില്‍ കേരളം ബംഗാളിനു പിന്നില്‍. ഇന്ത്യയില്‍ നാലിനലൊന്നു പേരും കേരളത്തില്‍ രണ്ട്ശതമാനം പേരും അയിത്തം ആചരിക്കുന്നുണ്ടെന്ന് സര്‍വ്വേ ഫലം. മനുഷ്യ വികസന സൂചിക തയ്യാറാക്കു ന്നതിന്റെ ഭാഗമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (NCAER) അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാലയിലും സംയുക്തമായാമ് സര്‍വ്വേ നടത്തിയത്. ഇന്ത്യയില്‍ ഹിന്ദു മത വിശ്വാസികളില്‍ മൂന്നിലൊന്നു പേരും അയിത്തം ആചരിക്കുന്നു. ഇങ്ങനെ 30 ശതമാനം ഹന്ദുമത വിഭാഗക്കാരും അയിത്തത്തില്‍ വിശ്വസിക്കുന്നവരാണ്. ജൈനമതക്കാരനാണ് ഏറ്റവും മുന്നില്‍ 35 ശതമാനം സിഖ് മതക്കാരില്‍ 23 ശതമാനവും മുസ്ലീങ്ങളില്‍ 18 ശതമാനവും ക്രിസ്ത്യന്‍ മത വിശ്വാസികളില്‍ 5 ശതമാനം പേരും അയിത്തം ആചരിക്കുന്നു. ഹിന്ദു ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങളാണ് അയിത്തത്തില്‍ ഏറ്റവും മുന്നില്‍. സര്‍വ്വേയോടുള്ള പ്രതികരണം അനുസരിച്ച് മൊത്തമായി വിലയിരുത്തിയാല്‍ നാലിലൊന്ന് ഇന്ത്യക്കാരും അയിത്തം ആചരിക്കുന്നുണ്ടെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

നിരോധനം നിലവിലുണ്ടെങ്കിലും രാജ്യത്ത് 27 ശതമാനം പേര്‍ ഇപ്പോഴും അയിത്തം ആചരിക്കുന്നു വെന്ന കണ്ടെത്തലാണ് സര്‍വ്വെ എത്തിച്ചേരുന്നത്. ഈ സര്‍വ്വേയിലെ ചില കണ്ടെത്തലുകള്‍ അവിശ്വസനീയമാണ്. പട്ടിക വര്‍ഗ്ഗക്കാരില്‍ 22 ശതമാനവും അയിത്തം ആചരിക്കുന്നുവെന്ന കണ്ടെത്തല്‍ എങ്ങനെ വിശ്വസിക്കും? രാജ്യത്തെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാവുന്ന ആരും ചോദിച്ചു പോകും പട്ടികവര്‍ഗ്ഗക്കാര്‍ ആചരിക്കുന്നത് എന്ത് അയിത്തമാണെന്ന്. രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഉച്ചനീചത്വം അവസാനിപ്പിക്കാന്‍ കെട്ടുകഥ പോലെയുള്ള സര്‍വ്വേ ഫലങ്ങള്‍ക്ക് കഴിയില്ല. കണ്ണ് തുറന്നു നോക്കിയാല്‍ കാണാവുന്ന യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള മനസ്സിന്റെ വിമലീകരണമാണ് അതിന് ആവശ്യം. വര്‍ണ്ണ വെറിയുടെ നിരാലംബരായ ഇരകളാണ് പട്ടികവര്‍ഗ്ഗക്കാര്‍. അവരില്‍ 22 ശതമാനം പേര്‍ അയിത്തം ആചരിക്കുന്നുവെന്ന കണ്ടെത്തല്‍ മനസ്സുകളെ മലിനമാക്കാനേ ഉപകരിക്കൂ.

അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വ്വകലാശാലയുടെ സഹായത്തോടെയാണ് ഇന്ത്യയില്‍ അയിത്താചരണം കണ്ടെത്താനുള്ള സര്‍വ്വെ നടത്തിയത്. ഐക്യരാഷ്ട്ര സഭയുടെ സൂചിക പ്രകാരം അമേരിക്ക മുന്നില്‍ നില്‍ക്കുന്നുവെന്നാണ് അമേരിക്കയുടെ കണ്ടുപിടുത്തം. പക്ഷെ അമേരിക്കയില്‍ സിസൈറിയിലെ ഫെര്‍ഗൂസത്തില്‍ നിരായുധനയാ ഒരു കറുത്തവര്‍ഗ്ഗക്കാരനെ ലോക ആദിവാസി ദിനമായ ആഗസ്റ്റ് 9ന് വെടിവെച്ചു കൊന്നു. വെളുത്ത വര്‍ഗ്ഗക്കാരനായപോലീസ് ഉദ്യോഗസ്ഥനെ വെളുത്തവംശക്കാര്‍ക്ക് മൃഗീയമായ ഭൂരിപക്ഷമുള്ള ഗ്രാന്റ് ജൂറി വെറുതെ വിട്ടതിനെ ചൊല്ലിയായിരു ന്ന കലാപം തുടരുകയാണ്.

കേരളത്തിലെ ജനങ്ങളില്‍ 2 ശതമാനം മാത്രമേ ജാതിയുടെ പേരില്‍ വിവേചനം കാട്ടുന്നുള്ളൂവെന്ന സര്‍വേയിലെ കണ്ടെത്തല്‍ ഈ പശ്ചാത്തലത്തില്‍വേണം പരിശോധിക്കാന്‍. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ വര്‍ണ്ണവിവേചനവുമായും വര്‍ണ്ണ വിദ്വേഷവുമായും ബന്ധപ്പെട്ട സംഭവങ്ങള്‍ നടക്കുകയാണ്. കാസര്‍കോഡ് കീഴൂര്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന അയിത്താചരണത്തെക്കുറിച്ചുള്ള വാര്‍ത്ത ചുറ്റമ്പലത്തിനത്ത് സവര്‍ണ്ണര്‍ക്കും പുറത്ത് അവര്‍ണ്ണര്‍ക്കും സദ്യ വിളമ്പിയായിരുന്നു ക്ഷേത്രത്തിലെ അയിത്താചരണം. കേരള സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സല്‍ ഡോ. വീരമണികണ്ഠന്റെ ഡോക്ടറേറ്റിനെ ചൊല്ലി വര്‍ണ്ണവിദ്വേഷത്തോടെ കുത്തിപ്പൊക്കിയതിനെക്കുറിച്ചായിരുന്നു മറ്റൊരു വാര്‍ത്ത. ഗവേഷണ പ്രബന്ധം തയ്യാറാക്കാന്‍ ആശയ പ്രചരണം നടത്തിയെന്ന് ആരോപിച്ചുകൊണ്ട് പട്ടികജാതിക്കാരനായ അദ്ദേഹത്തെ താറടിക്കാനായിരുന്നു ശ്രമം. ശ്രമമാകട്ടെ സംഘടിതവും വിപുലവുമായിരുന്നുവെന്നു മാത്രമല്ല അവസാനിച്ചിട്ടുമില്ല.

ഭരണഘടനാപ്രകാരം അയിത്തം നിരോധിച്ചിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും രാജ്യത്ത് ഈ അനാചാരം നിലനില്‍ക്കുന്നതിന് ഒരു കാരണം യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നതില്‍ അറിഞ്ഞോ അറിയാതെയോ വരുത്തുന്ന വീഴ്ചയാണ്.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫസര്‍ എം. എ. ഉമ്മന്‍ കേരള വികസനത്തെക്കുറിച്ച് അന്താരാഷ്ട്ര പ്രശസ്തമായ ഒരു അക്കാദമിക് ജേര്‍ണലില്‍ ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. അസമത്വത്തെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ഉള്‍ക്കൊണ്ടുള്ളതാണ് ഈ പ്രബന്ധം. കേരളീയര്‍ അഭിമാനത്തോടെ എവിടെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഭൂപരിഷ്‌കരണം. ഇതുപക്ഷേ കേരളത്തിലെ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളെ കാര്യമായി സ്പര്‍ശിച്ചിട്ടില്ല ഭൂമി കലപ്പയേന്തുന്നവര്‍ക്ക് എന്നൊക്കെ മേനി പറയാമെങ്കിലും കേരളത്തിലെ പട്ടികജാതിക്കാരില്‍ കുറെപ്പേരെ കോളനികളില്‍ തളച്ചിടുന്നതിലേക്കും ബാക്കിയുള്ളവരെ പുറമ്പോക്കുകളിലേക്ക് തള്ളിയൊതുക്കുന്നതിലേക്കുമാണ് ഭൂപരിഷ്‌കരണം നയിച്ചത്. പട്ടികവര്‍ഗ വിഭാഗത്തിന്റെ കാര്യത്തില്‍ കൈയ്യിലുള്ള ഭൂമി കുടിയേറ്റക്കാരുടെയും കയ്യേറ്റക്കാരുടേയും കൈകളില്‍ എത്തിച്ചേരുകയാണുണ്ടായത്.

വരുമാനത്തിലുള്ള അസമത്വമാണ് അടുത്തത്. ദേശീയ സാമ്പിള്‍ സര്‍വ്വേ സംഘടനയുടെ ഉപഭോഗ സര്‍വ്വേകള്‍ സംശയലേശമന്യേ തെളിയിക്കുന്നത്. അസമത്വം ഏറ്റവും വേഗം വര്‍ദ്ധിച്ചു വരുന്ന ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്. ഇവിടെയും ആളോഹരി ഉപഭോഗത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ദളിതരും വനവാസികളുമാണ്. മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ സഹജമായ ഈ സ്വഭാവം പുരോഗമന പരമായ പനര്‍വിതരണ പ്രക്രിയയിലൂടെ കുറച്ചുകൊണ്ടു വരികയാണ് യഥാര്‍ത്ഥത്തില്‍ ഏതൊരു സര്‍ക്കാരിന്റെയും പ്രാഥമികമായ ഉത്തരവാദിത്വം. കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ രൂപത്തില്‍ ദരിദ്രരിലേക്ക് ഒഴുകിയെത്തുന്ന പൊതു വിഭവങ്ങള്‍ ഓരോ വര്‍ഷവും കുറഞ്ഞു വരികയാണ്. കേരളത്തിലെ മിക്കവാറും സമുദായങ്ങള്‍ കുടിയേറ്റത്തിലൂടെ സാമ്പത്തികമായി മെച്ചപ്പെടുമ്പോള്‍ ദലിത് ആദിവാസി വിഭാഗങ്ങള്‍ തുടങ്ങിയ ദരിദ്രവിഭാഗങ്ങള്‍ക്ക് ഈ അവസരവും പ്രയോജനപ്പെടുത്താനായില്ല. കേരളത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ട ദരിദ്രര്‍ക്ക് സാമൂഹികമായി മുന്നേറാനുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണെന്നും പ്രബന്ധം പറയുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പതുക്കെയാണെങ്കിലും പിന്മാറിത്തുടങ്ങിയ കാലഘട്ടത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉയര്‍ന്നഫീസ് താങ്ങാന്‍ കഴിയാത്തതുമൂലം ഇക്കൂട്ടരില്‍ ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ആരോഗ്യ രംഗത്ത് സ്വകാര്യ ആശുപത്രികളില്‍ ചെലവേറിയ സേവനങ്ങളുടെ ഭാരം മൂലം കടക്കെണിയിലാവുന്നവരില്‍ ബഹുഭൂരിപക്ഷവും ദരിദ്രരാണ്.
തുടരും...