"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

മഹിഷാസുര രക്തസാക്ഷിത്വദിനം:ജെ. എന്‍. യു. ഉണര്‍ത്തിയ ചിന്തകളും കെ.പി.എം.സി.നോടുള്ള ചില വിയോജനക്കുറിപ്പുകളും - പ്രകാശ് കോട്ടയം


പ്രകാശ്‌ കോട്ടയം 
ഭാഗം - രണ്ട് 

ഹിന്ദുയിസത്തിലടിയുറച്ചിട്ടുള്ളതും സാംസ്‌കാരിക മായി പല ലേബലുകളും ചാര്‍ത്തപ്പെട്ടിരിക്കുന്ന ചില സമൂദായ സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും സംവരണം പോലുള്ള അവകാശങ്ങളെ എതിര്‍ക്കുമ്പോള്‍, വിഭവങ്ങളുടെ മേല്‍ ഒരു വിധത്തിലും പങ്കാളിത്തം ഇല്ലാതായ സമൂഹ ത്തിന്, സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരുവാനും അതിജീവനം നടത്തുവാനുമുള്ള സംവരാണാ വകാശത്തെ ഭരണഘടനാപരമായി ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെ, ഒരു തരത്തിലുമുള്ള വേര്‍തിരിവുകളും, ആനുകൂല്യ ങ്ങളും പാടില്ലെന്ന ദുര്‍വ്യാഖ്യാനം നടത്തുന്ന സമൂദായ പ്രമാണിമാ രെയും, അവരുടെ അജണ്ടകളെയും നാം ഗൗരവത്തോടെ പ്രതിരോധി ക്കേണ്ടിയിരിക്കുന്നു. ചെറിയ ചെറിയ പ്രസ്താവനകളിലൂടെ ചില സവര്‍ണ്ണസമുദായ ഹിന്ദുപ്രമാണിമാര്‍ ദളിതന്റെ നെഞ്ചിലേക്ക് കത്തി കയറ്റുമ്പോള്‍ തിരിച്ചറിയാതെ പോകുന്ന നമ്മുടെ പല നേതൃത്വത്തെയും നാം തിരുത്തേണ്ടിയിരിക്കുന്നു. പ്രാദേശികമായിട്ടാണെങ്കില്‍പ്പോലും ഇങ്ങനെയുള്ള പ്രസ്താവനകളെ എന്തുകൊണ്ട് നമുക്കു പ്രതിരോധി ക്കുവാന്‍ സാധിക്കുന്നില്ല എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

''നായാടിമുതല്‍ - നമ്പൂതിരിവരെ'' എന്ന മോഹന മുദ്രാവാക്യത്തില്‍ മയങ്ങിവീണ്, ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി, ആരുടെ കൈകളാല്‍ അടിമകളാക്കപ്പെട്ടോ, അവരുടെ കൈകളെ സ്‌നേഹപൂര്‍വ്വം ആശ്ലേഷി ക്കുന്ന രാഷ്ട്രീയവും - ആശയപരവുമായ വിഡ്ഢിത്തത്തിലേക്ക് ഇവിടുത്തെ ദളിത് സംഘടനകള്‍ അധഃപതിച്ചതോര്‍ത്ത് നാം വിലപിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും ഇങ്ങനെയുള്ള ദളിത് വിരുദ്ധ കൂട്ടുകെട്ടുകളെ ദളിതര്‍ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടി യിരിക്കുന്നു. ജാതിവ്യവസ്ഥ ലിഖിതമായി ഗ്രന്ഥങ്ങളില്‍ രേഖപ്പെടു ത്തിയും, അലിഖിതമായി സമൂഹത്തിന്റെ ആചാരങ്ങളിലും വ്യവഹാരത്തിലൂടെയും മനുഷ്യന്റെ ജീവിതത്തില്‍ ആഴത്തില്‍ പതിയപ്പെട്ട അഭിഭാജ്യവും രൂഢമൂലവുമായ ഒന്നാക്കി, ഹൈന്ദവതയുടെ അടിത്തറ ഉറപ്പിക്കുമ്പോള്‍, ഈ ജാതിവ്യവസ്ഥയാണ് തങ്ങളുടെ അടിമത്തത്തിനു കാരണമെന്ന് ഇനിയും തിരിച്ചറിയാത്ത ഹൈന്ദവ ഇതര ജനങ്ങള്‍, ''നായാടി മുതല്‍ നമ്പൂതിരി വരെ'' എന്ന മുദ്രാവാക്യത്തില്‍ മയങ്ങി ജാതി വ്യവസ്ഥയെയും അയിത്തത്തെയും ന്യായീകരിക്കുന്ന, അവയൊക്കെയും തിരികെ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്ന സമുദായ -രാഷ്ട്രീയനേതാക്കന്മാരുമായി വേദിപങ്കിടുന്നത് എക്കാലത്തും വിഡ്ഢിത്ത വും ആശങ്കാജനകവുമാണ്. 

ആര്യന്‍ അധിനിവേശം കെട്ടുകഥയാണെന്നും, ഇന്‍ഡസ് വാലി സംസ്‌കാരം തകര്‍ക്കപ്പെട്ടതല്ലെന്നും, മറിച്ച് പകര്‍ച്ചവ്യാധിമൂലമാണ് സിന്ധുനാഗരിക തയുടെ ജനപഥങ്ങള്‍ നശിക്കാന്‍ ഇടയായതെന്നും കുത്സിതബുദ്ധികള്‍ പുതിയ വ്യാഖ്യാനം നല്കുമ്പോള്‍, ഈ ചിന്ത ഉയര്‍ത്തുന്നവര്‍ ബോധപൂര്‍വ്വം പ്രതിരോധിക്കുന്നത് ദ്രാവിഡ സ്വത്വത്തെയും പാരമ്പര്യത്തെയുമാണ്. രാജ്യത്തെങ്ങും ഉയര്‍ന്നു വരുന്ന ദളിത് ചിന്തകളുടെ ആഴത്തിലുള്ള വേരോട്ടവും അന്വേഷണങ്ങളും കൊണ്ടുചെന്നെത്തിക്കുന്നത് ആര്യവല്ക്കരണത്തിന്റെ നേരെയുള്ള വലിയ വെല്ലു വിളിയാണെന്നു മനസ്സിലാക്കി, ആര്യവല്ക്കരണത്തിനും ഹിന്ദുയിസത്തിനും ഭാവിയില്‍ വെല്ലുവിളിയുയര്‍ത്തുന്ന ചിന്തകളെ പാടെ നുള്ളാനുള്ള ശ്രമങ്ങളില്‍ ഒന്നായി ഈ പുതിയ ചരിത്രകാരന്മാരുടെ പുതിയ നിഗമനങ്ങളെ നാം കാണേണ്ടിയിരിക്കുന്നു. എക്കാലത്തും ഹൈന്ദവേതരവും, ആര്യന്‍ - ബ്രാഹ്മണ ആക്രമണങ്ങളും കൂട്ടക്കൊലകളും മൂലം നശിക്കുവാനിട യായിട്ടുള്ളതുമായ സംസ്‌കാരത്തിന്റേയും ജീവിതരീതികളുടെയും ആകെത്തുകയായ ദ്രവീഡിയന്‍ പാരമ്പര്യത്തിന്റെ മാത്രം പിതൃത്വംപേറുന്ന ദളിത് ജനവിഭാഗത്തെ, ബ്രാഹ്മണിക്കലായ- ഹൈന്ദവമായ ആരാധനകളിലും മതത്തിലും തളച്ചിടുവാനും അങ്ങനെ രാഷ്ട്രീയഭൂരിപക്ഷമുണ്ടാക്കി ഹൈന്ദവരാഷ്ട്രമെന്ന ദളിത് വിരുദ്ധ - രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തില്‍ കൊണ്ടെത്തിക്കുവാനും ഹിന്ദുത്വ അജണ്ടയുടെയുടെ ഭാഗമാക്കുവാനും പാവപ്പെട്ട ദളിതനെ അറിഞ്ഞും അറിയാതെയും, അതില്‍ ഭാഗഭാക്കാക്കി എന്നും ബ്രാഹ്മണ ചതിയുടെയും വഞ്ചനയുടെയും കഥകള്‍ മാത്രം പറയുന്ന പുരാണങ്ങളില്‍ ഉന്മത്തരാക്കി അവന്റെ സമൂഹത്തെ വീണ്ടും ചതിക്കുവാനും കൂടെകൂട്ടുന്നത് നാം ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. 

നാം ചരിത്രത്തെ പഠിക്കുന്നില്ല. പഠിക്കുവാന്‍ ശ്രമിക്കുന്നില്ല. ചരിത്രത്തെ വീണ്ടും പുനര്‍വായന നടത്തുന്നില്ല. ചരിത്രത്തെപുനര്‍വായന നടത്തി, നാനാവിധത്തിലുള്ള അടിമത്വത്തിന്റെയും നുകത്തെ തകര്‍ക്കുന്നതിനു പകരം, നമുക്ക് അടിമത്വം കല്പിച്ച ആര്യ-ബ്രാഹ്മണ- ഹിന്ദുയിസ ത്തിന്റെ തോളില്‍ അവസരത്തിനൊത്ത് നാമും കൈയിട്ട്, വിദൂരഭാവി യില്‍ ആശയപരവും അല്ലാതെയുമുള്ള അടിമത്വം വീണ്ടും നാം ഇരുന്നു വാങ്ങുന്നു.

ഒക്‌ടോബര്‍ 27 ലെ ജെ. എന്‍. യു. സംഭവങ്ങള്‍ സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാം ഗൗരവമായി കാണേണ്ടതും, വിലയിരുത്തുകയും പഠിക്കുകയും ചെയ്യേണ്ടതാണ്. ജെ. എന്‍. യു. കാമ്പസില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും ദളിതര്‍ക്കെതിരെ രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ചിലതു മാത്രമാണ്. എന്നാല്‍ അക്കാഡമിക് സ്ഥാപനങ്ങളില്‍ പോലും ജാതിയും വേര്‍തിരിവുകളും എത്ര ശക്തമായി നിലനില്‍ക്കുന്നുവെന്നതും, അതിനെ വര്‍ത്തമാനകാലത്തില്‍ ഫലപ്രദമായ ആയുധമായി ദളിതന്റെ നേര്‍ക്ക് ഉയര്‍ത്തുന്നതും നാം തിരിച്ചറിയേണ്ടതാണ്. ജെ.എന്‍.യു. പോലുള്ള, രാജ്യത്തെ ഒരു മികച്ച യൂണിവേഴ്‌സിറ്റിയില്‍ പോലും ദളിത് കുട്ടികള്‍ ഏതെല്ലാം വിധത്തിലാണ് പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് എന്നത് സങ്കടകരമായ അവസ്ഥയാണ്. ഈ അവസ്ഥകളെ യാഥാര്‍ത്ഥ്യമാക്കി നിലനിര്‍ത്തുന്നത് ജാതിവ്യവസ്ഥതന്നെയാണ്. ഈ കാമ്പസില്‍ ദളിത്-ബാക്ക്‌വേര്‍ഡ് സ്റ്റുഡന്‍സിനെതിരെ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കു ന്നുണ്ട്. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്ന ദളിത് കുട്ടികള്‍ക്ക് അവര്‍ മാര്‍ക്ക് നല്കാറില്ല. ഏതെല്ലാം വിധത്തില്‍ ദളിത് കുട്ടികളെ തഴയാമോ ആ അവസരങ്ങളൊന്നും ആരും പാഴാക്കുന്നില്ല. ഇതുകൊണ്ടു തന്നെ ഈ കുട്ടികള്‍ പറയുന്നത് കാസ്റ്റ് സിസ്റ്റം തകരണമെന്നാണ്. കാസ്റ്റ് സിസ്റ്റം തകരണമെങ്കില്‍ ഹിന്ദുയിസം തകര്‍ക്കപ്പെടണമെന്നും. ഈ ആഹ്വാനം കേട്ട് ഹിന്ദുവെന്നു പറഞ്ഞു നടക്കുന്ന ഒരു ദളിതനും രോഷം കൊള്ളേണ്ടതില്ല. കാരണം ഒരു ദളിതനും ഹിന്ദുവല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബ്രാഹ്മണ-ഹിന്ദു മതത്തിന്റെയുള്ളില്‍ ഒരു തരത്തിലും ഉള്‍പ്പെടാത്തവനും, അവരുടെ സമൂഹത്തിന്റെ പുറത്ത് എന്നും നിന്ദിക്കപ്പെട്ടവനുമായിരുന്ന ഇന്ത്യയിലെ ദളിത ജന്മങ്ങള്‍ എങ്ങനെയാണ് ഹിന്ദുവാകുന്നത്? ഹിന്ദുമതം രൂപപ്പെടുന്നതിനും മുമ്പുണ്ടായിരുന്ന ദ്രാവിഡജനവിഭാഗത്തില്‍പ്പെടുന്ന ദളിതര്‍ ഹിന്ദുക്കളല്ലായിരുന്നു എന്ന ചരിത്രസത്യം ഇനിയും ഉള്‍ക്കൊള്ളാതെ, ജാതീയമായ അടിമത്തത്തിന്റെ പേരും നെഞ്ചിലേറ്റി നടക്കുന്ന ദളിത് സംഘടനകള്‍ക്ക് ഒരു സമൂഹത്തിന് എങ്ങനെ ആത്മാഭിമാനം നേടിക്കൊടുക്കാന്‍ സാധിക്കും? തങ്ങളെ അടിമകളാക്കി നിന്ദിച്ചിരുന്ന ജാതീയനാമങ്ങളെ തിരസ്‌കരിച്ചുകൊണ്ട്, ജാതീയത ഞങ്ങളുടെ സംസ്‌കാരത്തിലും ജീവിതത്തിലും അന്യമായിരുന്നുവെന്നും, ദളിതന് ജാതിയില്ലെന്നും, ദളിതന്‍ ഹിന്ദുവല്ലെന്നും ഉച്ചത്തില്‍ വിളിച്ചു പറയുവാന്‍ എന്തുകൊണ്ടാണ് ഇവിടുള്ള ദളിത് സംഘടനകള്‍ക്കും ദളിത്ബുദ്ധിജീവികള്‍ക്കും സാധിക്കാത്തത്? സവര്‍ണ്ണന്‍ കല്പിച്ചു തന്ന നീചജാതിപ്പേരും ശിരസ്സിലേറ്റി ഇപ്പോഴും വിധേയത്വത്തിന്റെ കുപ്പായമണിഞ്ഞു നടക്കുന്ന ദളിത് ബുദ്ധിജീവികള്‍ ചരിത്രം പഠിക്കുകയും പുതിയ ചരിത്രം നിര്‍മ്മിക്കുവാന്‍ ശ്രമിക്കുകയും ചെയ്തില്ലെങ്കില്‍ നിങ്ങളുടെ സ്ഥാനം എന്നും കുപ്പത്തൊട്ടി തന്നെയായിരിക്കും.

ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ദളിതന്റെ ആത്യന്തികമായ പോരാട്ടം ഹൈന്ദവതയോടാണ് എന്നതാണ്. ബ്രാഹ്മണിക്കലായ ആചാരങ്ങളെയും ഹൈന്ദവതയില്‍ അടിസ്ഥാനമിട്ട കല്പിത കഥകളിലും വിശ്വാസമര്‍പ്പിച്ച് ആചാരങ്ങളിലും അനുഷ്ഠാന ങ്ങളിലും കുടുങ്ങിക്കിടക്കുന്ന ദളിത് ഹിന്ദുവും ദളിത് ക്രിസ്ത്യാനികളും എല്ലാം തന്നെ സവര്‍ണ്ണ ഹിന്ദുവിനേക്കാള്‍ ഒരു പടി മുന്നില്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും നിഷ്‌കര്‍തയുള്ള വരാണ്. ദളിതന്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും, ചരിത്രത്തില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ടപ്പോള്‍ ഇരുളടഞ്ഞ നൂറ്റാണ്ടുകളില്‍ അവന്‍ ഒന്നുമല്ലാത്തവനായിരുന്നപ്പോള്‍ ഹൈന്ദവതയെ അവനും അറിയാതെ സ്വാംശീകരിച്ചു എന്നതാണ് അതിനു കാരണം. ഹൈന്ദവന്റെ ആചാര അനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നതില്‍ നിന്ന് ക്രൈസ്തവ ദളിതനും ഹിന്ദു ദളിതനേക്കാള്‍ ഒട്ടും പിറകിലല്ല എന്നതും പരിതാപകരവും ലജ്ജാകരവുമായ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വര്‍ത്തമാനകാലത്ത് അക്ഷരംകൂട്ടിവായിക്കുവാനെങ്കിലും പ്രാപ്തിയുള്ള ദളിതന്‍ ചരിത്രം വായിക്കു കയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. ഹൈന്ദവത തങ്ങള്‍ക്കു സമ്മാനിച്ചത് അടിമത്തവും അസ്പൃശ്യതയുമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ഹൈന്ദവതയെ ധൈര്യപൂര്‍വ്വം നിരാകരിക്കുകയാണ് ഓരോ ദളിതനും ചെയ്യേണ്ടത്. കേരളീയ സമൂഹത്തില്‍ ഹൈന്ദവമായ സകല ആചാരാനുഷ്ഠാനങ്ങളിലും മുങ്ങിത്താണിരിക്കുന്ന ദളിതര്‍ ഈ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളില്‍ നിന്നും പുറത്തു കടക്കുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. 

ജാതിയും ഉപജാതിയുമായി വേര്‍തിരിക്കപ്പെട്ട ദളിതന് ശാസ്ത്രീയമായ വീഷണമോ ചരിത്രപരമായ അറിവോ ഇല്ലാത്തത്തിടത്തോളം അവന്‍ ജാതീയത എന്ന ഹൈന്ദവ ഉല്പന്നത്തില്‍ അടിയുറച്ച് ജീവിക്കുന്നവനാ യിരിക്കും. എന്നാല്‍ വിശാലമായ ദളിത് ഐക്യത്തിലൂടെയേ ഒരു വിമോചനം യാഥാര്‍ത്ഥ്യമാവുകയുള്ളു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ജാതി-ഉപജാതി പേരുകളിലുള്ള ദളിതന്റെ ജാതിസംഘടനകളെ നിര്‍വ്വീര്യമാക്കി, രാജ്യത്താകമാനമുള്ള ദളിതന്റെ ഒരു വിശാല ഐക്യമാണ് രൂപപ്പെടേണ്ടത്. ദളിതന്‍ ഹിന്ദുവല്ലാതായിരിക്കുകയും ജാതിവ്യവസ്ഥ ഹൈന്ദവതയുടെ ഉല്പന്നവുമായിരിക്കെ, ഹൈന്ദവത യെയും ജാതിവ്യവസ്ഥയെയും നിലനിര്‍ത്താന്‍ സഹായിക്കുന്ന വിധത്തില്‍ ദളിതനും സങ്കുചിതമായ ജാതീയ വീഷണത്തില്‍ നിന്നുകൊണ്ട് ജാതിസംഘടനകള്‍ രൂപീകരിച്ച്, ദളിതന്റെ വീശാല ഐക്യത്തിനെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. 

ഇന്ത്യാരാജ്യത്തിന്റെ വിശാലതയില്‍, വിശാലദളിത് ഐക്യത്തിലൂടെയേ ദളിതന് ഒരു വിമോചനം സാധ്യമാവുകയുള്ളൂ. ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന നയങ്ങളും സമീപനങ്ങളും സ്വീകരിക്കേണ്ടതിനു പകരം ദളിത് ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ജാതിസംഘടനകളായി ദളിത് പ്രസ്ഥാനങ്ങള്‍ അധഃപതിക്കുകയാണ് ചെയ്യുന്നത്. അടുത്തിടെ രൂപീകരിക്കപ്പെട്ട ചിലസംഘടനകള്‍, ചില വൈകാരിക സംഭവങ്ങള്‍ തങ്ങളുടെ സംഘാടനത്തിനു കാരണമായിത്തീര്‍ന്നിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ലായെങ്കിലും ജാതി സംഘടനകളായി ദളിതന്റെ വിശാല രാഷ്ട്രീയത്തെ പരിമിതപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ടതാണ്. ജാതിയുടെയും ഉപജാതിയുടേയും പേരുകള്‍ സ്വീകരിക്കപ്പെടുമ്പോള്‍ ചാതുര്‍വര്‍ണ്ണ്യ ത്തിലധിഷ്ഠിതമായ ഹിന്ദുയിസം നമുക്കു സ്വീകാര്യമായിത്തീരുക യാണുണ്ടാവുക. അതുകൊണ്ടുതന്നെ ഒരു വിശാലദളിത് രാഷ്ട്രീയ ലക്ഷ്യത്തിന് ജാതിസംഘടനകള്‍ വിഘാതം സൃഷ്ടിക്കുകയാണു ചെയ്യുന്നത്. അയ്യന്‍കാളിയുടെ പ്രസ്ഥാനമാണെങ്കിലും മറ്റേതു മഹാത്മാക്കള്‍ രൂപീകരിച്ച പ്രസ്ഥാനമാണെങ്കിലും ജാതീയതയില്‍ മാത്രം പരിമിതപ്പെടുന്ന സംഘടനകള്‍ വിശാലദളിത് ഐക്യത്തിനെ പരിമിതപ്പെടുത്തുന്നവയെന്നു മനസ്സിലാക്കി കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് വിശാല ദളിത് രാഷ്ട്രീയത്തിന് സാധ്യമായ അന്തരീക്ഷത്തെ നിര്‍മ്മിക്കുകയാണ് വേണ്ടത്. ഈ അടുത്ത കാലത്ത് രൂപപ്പെട്ട ചിലസംഘടനകള്‍, ചില മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒരുക്കുമ്പോള്‍ത്തന്നെ ജാതീയമായ പേരുകള്‍ സ്വീകരിക്കുന്നതിലൂടെ തങ്ങളുടെ വളര്‍ച്ചയ്ക്ക് പരിമിതികള്‍ സ്വയം സൃഷ്ടിക്കുന്നു എന്ന് മനസ്സിലാക്കാതെ പോകുന്നു. പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളെ അവഗണിക്കാതെ തന്നെ വിശാലദളിത് ഐക്യത്തിനും രാഷ്ട്രീയത്തിനും ഇന്‍ഡ്യന്‍ ചരിത്രവും സാഹചര്യവും നമ്മെ ആഹ്വാനം ചെയ്യുമ്പോള്‍ ജാതീയതയിലും ഹിന്ദുത്വത്തിന്റെ മറ്റുകെണികളിലും വീണുപോകാതെ, ദളിതനും വ്യക്തമായ പങ്കാളിത്തമുള്ള സംസ്‌കാരികവും രാഷ്ട്രീയവുമായ ഇന്‍ഡ്യന്‍ രാഷ്ട്രീയ നിര്‍മ്മിതിക്ക് കൈകോര്‍ക്കുകയാണ് ഓരോ ദളിതനും ചെയ്യേണ്ടത്. ജാതി വ്യവസ്ഥയും ഹിന്ദുത്വവും ഒരു ദളിതനെ സംബന്ധിച്ചിടത്തോളം അടിമത്വത്തിനു കാരണമായിരുന്നു എന്നു ചരിത്രം നമ്മെ പഠിപ്പിക്കുമ്പോള്‍, നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെയും അനുബന്ധ മത-ആചാര അനുഷ്ഠാനങ്ങളെയും തകര്‍ക്കാതെ ദളിതന് ഒരു വിമോചനം അസാദ്ധ്യമായിരിക്കെ, നാം പുതിയ മുന്നേറ്റങ്ങളും സാധ്യതകളും ആരായുവാന്‍ ധൈര്യം കാണിക്കേണ്ടിയിരിക്കുന്നു.അതുകൊണ്ടു വീണ്ടും ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് പറയുന്ന ''ദേശീയത'' എന്ന വിഷയത്തെ ദളിതന്‍ പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതാണ്. വര്‍ഗ്ഗീയ അജണ്ടയോടെയും സങ്കുചിത വീക്ഷണത്തോ ടെയും ''ദേശീയത'' പ്രകീര്‍ത്തിക്കുന്ന, ഹിന്ദുത്വവാദികളുടെ 'ദേശീയത'യുടെ അതിര്‍ത്തിക്കുവെളിയില്‍ മാത്രം നില്ക്കുന്ന നാം, എന്താണ് 'ഭാരതീയത' എന്നും എന്താണ് 'ആര്‍ഷഭൂമി' യെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചിന്തിക്കുമ്പോഴും ഉത്തരം കണ്ടെത്തുമ്പോഴും മാത്രമാണ് നാം വിമോചിക്കപ്പെടുകയുള്ളു. ഈ ചിന്ത ഉയര്‍ന്നു വരുന്ന സാഹചര്യത്തി ലാണ് ആര്‍.എസ്.എസി.ന്റെ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുന്ന ശ്രീ. നരേന്ദ്രമോദിയുമായുള്ള നമ്മുടെ ചങ്ങാത്തം ചര്‍ച്ച ചെയ്യേണ്ടതും.

ജാതി ഉപജാതി സംഘടനകളും അവയുടെ സ്വയം പ്രകീര്‍ത്തനങ്ങളും, ചരിത്രപുരുഷന്മാരെ ആത്മീയപരിവേഷം നല്കി ദൈവങ്ങള്‍ ആക്കിയും ദളിത് വിമോചനം സാധ്യമാകുകയില്ല എന്ന യാഥാര്‍ത്ഥ്യം ഇനിയും നമ്മുടെ സംഘടനകള്‍ മനസ്സിലാക്കിയിട്ടില്ല. ചരിത്രത്തെ വേണ്ടവിധം പഠിക്കാന്‍ ഒരു സാധ്യതയും ഇല്ലായിരുന്ന ഒരു കാലഘട്ടത്തില്‍, അടിമത്വം അനുഭവിച്ചറിഞ്ഞ്, അതിന്റെ വേദനയും ദുഃഖവും ഉള്‍ക്കൊണ്ടിട്ട് ഉണ്ടായ ഉയിര്‍ത്തെഴുന്നേല്പുകള്‍ ആണ് ആദ്യകാലങ്ങളില്‍ ഉണ്ടായിട്ടുള്ള വിമോചനപ്പോരാട്ടങ്ങള്‍. ആ വിമോചനപ്പോരാട്ടാങ്ങളിലും സമരങ്ങളിലും നേതൃത്വം കൊടുത്തവര്‍ക്കും അടിമത്വത്തിന്റെ നുകത്തിനടിയില്‍ കുടുങ്ങി ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അടിമകളായി വില്‍ക്കപ്പെടുകയും ചെയ്തവര്‍ക്കും ചരിത്രം വേണ്ടവിധം പഠിക്കുവാനോ വായിക്കുവാനോ, തങ്ങളുടെ അടിമത്വ അവസ്ഥയ്ക്കു കാരണം കണ്ടുപിടിക്കാനോ കഴിയുമായിരുന്നില്ല. അങ്ങനെയുള്ള കാലഘട്ടങ്ങളില്‍ രൂപം കൊണ്ട സംഘടനകള്‍ ഇന്ന് കാലഘട്ടത്തിനനുസൃ തമായ മാറ്റം ഉള്‍ക്കൊള്ളാതെ വിമോചനത്തിന്റെ പേരു പറഞ്ഞ്, തങ്ങളെ അടിമകളാക്കിയ ഹൈന്ദവതയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി മധുവിധു ആഘോഷിച്ചാല്‍ അതു വിമോചനമാകുകയില്ല. ഇന്ന്, ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ഒരു കാലഘട്ടത്തില്‍, പരിഷ്‌കൃതമായ ചിന്തകളും മുദ്രാവാക്യങ്ങളും, വ്യക്തമായ വിമോചന പ്രത്യയശാസ്ത്രവും ഇല്ലാതെ എങ്ങനെയാണ് ദളിത് സമൂഹത്തിനാകമാനം വിമോചനം സാധ്യമാകുന്നത്? ഈ പശ്ചാത്തലത്തിലാണ് സൈന്ധവമൊഴി യുടെ കഴിഞ്ഞ ലക്കത്തിലെ കെ.പി.എം.എസി. നെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള കെ. കെ. നീലകണ്ഠന്‍ മാസ്റ്ററുടെ ലേഖനം ചര്‍ച്ച ചെയ്യേണ്ടത്. ഈ ലേഖനത്തിന്റെ തുടക്കം ജെ.എന്‍.യു. സംഭവവും ബന്ധപ്പെട്ട വിഷയങ്ങളുമായിരുന്നു എന്നിരുന്നാലും നീലകണ്ഠന്‍ മാസ്റ്ററുടെ ലേഖനത്തിന് ഇതിലൂടെ തന്നെ മറുപടി പറഞ്ഞില്ലെങ്കില്‍ കേരളത്തിലെ പാര്‍ശ്വവല്‍കൃതസമൂഹത്തിന്റെ സംഘപരിവാര്‍ ബന്ധം ആരും ചര്‍ച്ച ചെയ്തില്ലെന്നു വരും.

കേരളത്തിലെ ജനസംഖ്യയില്‍ പ്രബലമായ കെ. പി.എം.എസ്. പ്രതിനിധാനം ചെയ്യുന്ന ജാതി, എന്താണ് തങ്ങളുടെ കീഴാള അവസ്ഥയ്ക്കു കാരണമെന്തെന്ന് ഇനിയും പഠിച്ചിട്ടില്ലായെന്നത് എന്‍. കെ. നീലകണ്ഠന്‍ മാസ്റ്ററുടെ നരേന്ദ്രമോഡി സ്തുതിയില്‍ നിന്നു മനസ്സിലായി. ഒന്നാം നമ്പര്‍ നേതാവെന്ന് മോഡിയെ നീലകണ്ഠന്‍ മാസ്റ്റര്‍ സ്തുതിച്ചത്, മോഡിയുടെ നേതൃത്വത്തില്‍ സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുമ്പോള്‍ ചാതുര്‍വര്‍ണ്ണ്യത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍പ്പോലും സ്ഥാനം ഇല്ലാതിരുന്ന അസ്പൃശ്യവിഭാഗത്തിന്, പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന വാനരസേനയുടെ സ്ഥാനം ലഭിക്കുമെന്ന വിശ്വാസത്തിലാകണം. ആ സ്ഥാനം ഞങ്ങള്‍ക്കു മതി, ഞങ്ങള്‍ ചരിത്രത്തിന്റെ ഭൂതകാലത്തിലും, ഇന്ന് ഈ ആധുനികതയുടെ കാലഘട്ടത്തിലും സ്വന്തം അസ്ഥിത്വം പണയപ്പെടുത്തി, ബ്രാഹ്മണിക്കല്‍ അജണ്ടകളെ നടപ്പിലാക്കുന്ന രാഷ്ട്രീ സ്വയം സേവകസംഘമെന്ന സാങ്കേതികത്വത്തിന്റെ മുദ്രാവാക്യമായ ''നായാടി മുതല്‍ നമ്പൂതിരി വരെ'' യെന്ന വാചകത്തില്‍ സ്വയം മുങ്ങിച്ചാകുവാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഇനി അങ്ങനെയല്ലായെങ്കില്‍ എന്തുകൊണ്ട്, മോഡി അധികാരത്തില്‍ വരുമ്പോള്‍, കേരളത്തിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളില്‍, അയിത്താചാരങ്ങളെ തകര്‍ത്തുകൊണ്ട് പ്രധാനപ്പെട്ട തന്ത്രി സ്ഥാനങ്ങളില്‍ ദളിതരെ അല്ലെങ്കില്‍ പുലയരെ നിയമിക്കണമെന്ന് പറയുവാന്‍ ധൈര്യം കാണിക്കാതിരുന്നത്. അതൊന്നും തങ്ങളുടെ അജണ്ടയിലില്ലെന്നും, കേവലം ദാസ്യവേലക്കാരായി നില്‍ക്കാന്‍ മാത്രമാണ് തങ്ങള്‍ക്കുദ്ദേശമെന്നും പറയാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, ഒരിക്കലും ചരിത്രത്തില്‍ ഹൈന്ദവതയുടെ ഭാഗമല്ലാതിരുന്ന പുലയരുള്‍പ്പെ ടെയുള്ള അധഃകൃത ജനതയെ നീലകണ്ഠന്‍ മാസ്റ്ററും കൂട്ടരും സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമായി ബലികൊടുക്കുകയാണ് ചെയ്യുന്നത്. മനുസ്മൃതിയെ അടിസ്ഥാനമാക്കിയ ഒരു മതത്തിലൂടെയൊ, അതിന്റെ രാഷ്ട്രീയ പ്രതിരൂപങ്ങളിലൂടെയോ കേരളത്തിലെയോ ഇന്‍ഡ്യാരാജ്യത്തിലെയോ അധഃസ്ഥിതജനതയ്ക്ക് ഒരു വിമോചനം സാധ്യമാകുകയില്ല. കൗടില്യനാല്‍ നിര്‍മ്മിക്കപ്പെടുകയും ശങ്കരനാല്‍ ക്രോഡീകരിക്കപ്പെടുകയും ചെയ്ത അര്‍ത്ഥശാസ്ത്രത്തെ ഭരണഘടന യാക്കുവാന്‍ ഉദ്ദേശിക്കുന്ന സംഘപരിവാറിന്റെ ബ്രാഹ്മണ നേതൃത്വം ജാതിവ്യവസ്ഥയെയും തള്ളിപ്പറയാന്‍ ഒരുക്കമാണോ? ''നായാടി മുതല്‍ നമ്പൂതീരി'' വരെയെന്ന മോഹന മുദ്രാവാക്യത്തില്‍ കോര്‍ത്തിണക്കി കേരളത്തിലെ ഹൈന്ദവരെ ഒന്നിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയെന്നല്ലാതെ, മ്ലേച്ഛവും ലജ്ജാകരവുമായ ജാതിവ്യവസ്ഥയെ ഇല്ലാതാക്കാന്‍ പുലയനും നമ്പൂതിരിയും തമ്മില്‍ വൈവാഹിക ബന്ധം സ്ഥാപിക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തി ഏറ്റെടുക്കാന്‍ കെ.പി.എം.സി. നും സംഘപരിവാറിനും സാധിക്കുമോ?

നൂറ്റാണ്ടുകളായി അടിമത്വം അനുഭവിച്ച് തങ്ങളുടെ ചരിത്രം പോലും നഷ്ടപ്പെട്ടിരിക്കുന്ന കീഴാള വിഭാഗത്തിന് എന്താണ് ഭാരതീയ സംസ്‌കാരത്തില്‍ അഭിമാനിക്കാനും ഊറ്റംകൊള്ളുവാനുമായിട്ടുള്ളത്? ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചുവാങ്ങിയതും, ശൂര്‍പ്പണഖയുടെ മുലഅറുത്തു കളഞ്ഞതും, ബാലിയെ ഒളിയമ്പെയ്തു കൊന്നതും.... വാത്സ്യായനന്റെ കാമസൂത്രവും അടങ്ങിയതല്ലേ നമ്മുടെ സംസ്‌കാരം? ചുംബന സമരത്തെക്കുറിച്ച് വിശമര്‍ശിക്കുവാന്‍ ഇവിടുത്തെ ഏത് സംസ്‌കാരിക പ്രമാണിക്കാണ് അധികാരം? വിവാഹത്തിന്റെ ആദ്യത്തെ ദിവസം, തന്റെ പെണ്ണിനെ നാട്ടിലെ തമ്പുരാനും, കരപ്രമാണിക്കും അടിയറവച്ചിരുന്ന സമ്പ്രദായവും, മാറുമറയ്ക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ടിരുന്നതുമായ ഒരു വ്യവസ്ഥിതിയെയാണ് നീലകണ്ഠന്‍ മാസ്റ്റര്‍ മഹത്തായ ഭാരതീയ സംസ്‌കാരം എന്ന് ഉത്‌ഘോഷിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മ്ലേച്ഛമായ അയിത്തവും അനാചാരങ്ങളും മൂലം ലോകത്തിനു മുന്നില്‍ ഇന്നും തലകുനിക്കേണ്ട വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇന്‍ഡ്യയില്‍ ദളിത ജന്മങ്ങള്‍ക്ക് എന്താണ് ഭാരതീയ സംസ്‌കൃതിയുടെ മുന്നില്‍ അഭിമാനിക്കുവാന്‍ ഉള്ളത്? ദളിതരെയും ആദിമവാസികളെയും എന്നും ചതിച്ചിട്ടുള്ള പുരാണ കഥകളില്‍ എവിടെയാണ് ദളിതര്‍ക്ക് അഭിമാനിക്കുവാന്‍ വകയുള്ളത്? പ്രേമം അഭ്യര്‍ത്ഥിച്ചെത്തിയ ദളിത സ്ത്രീയുടെ മുലമുറിച്ചെടുത്ത് അപമാനിച്ചുവിട്ട രാമന്റെ നീതിയെയും സംസ്‌കാരത്തെയുമാണോ നീലകണ്ഠന്‍ മാസ്റ്റര്‍ മഹത്തായ ഭാരതീയ സംസ്‌കാരമെന്ന് പറയുന്നത്? അങ്ങനെയുള്ള അനേക നീധിനിഷേധങ്ങളുടെ നായകനായ രാമന്റെ രാജ്യം സ്ഥാപിക്കുവാന്‍ സംഘപരിവാറിന്റെകൂടെ കൈ കോര്‍ക്കുന്നത് ഇവിടുത്തെ ദളിതജന്മങ്ങള്‍ക്ക് നീതിയും വിമോചനവും സാധ്യമാക്കിയെ ടുക്കാനാണോ?

തുറന്നു പറഞ്ഞുകഴിഞ്ഞാല്‍ പലരും പിണങ്ങും. അതോടെ ദളിത് ഐക്യം അസാധ്യമാവുകയും ചെയ്യും. ദളിത് ഐക്യവും വിമോചനവും സാധ്യമാകണമെങ്കില്‍ ആദ്യം ഹൈന്ദവതയും അതിന്റെ ഉല്പന്നമായ ജാതി വ്യവസ്ഥയും ഉപേക്ഷിക്കാന്‍ ദളിതര്‍ തയ്യാറാകണം. അതിനുള്ള ചങ്കുറപ്പും പുരോഗമന ചിന്തയും ആര്‍ജ്ജിക്കാതെ ഒരു ദളിതനും അവന്റെ സംഘടനയ്ക്കും ദളിത് വിമോചനം സാധ്യമാവുകയില്ല. ദളിതര്‍ പോലും അന്യോന്യം ജാതിയും അയിത്തവും ആചരിക്കുന്ന ദുരവസ്ഥ യാണ് ഇന്നുള്ളത്. ഇതു മാറുവാന്‍ ജാതിവ്യവസ്ഥ തകരണം. ആധൂനിക ലോകത്തില്‍ ശാസ്ത്രത്തിന്റെയും സാങ്കേതിക വളര്‍ച്ചയുടെയും ചലനം തിരിച്ചറിയാതെ മാമൂലുകളെ മുറുകെപ്പിടിച്ചിരിക്കുന്ന ജാതി ഉപജാതി സംഘടനകളും അതിന്റെ നേതാക്കന്മാരും, ജാതിവ്യവസ്ഥയെ തകര്‍ക്കുവാന്‍ ആഹ്വാനം ചെയ്യുകയും ഹൈന്ദവതയെ ഉപേക്ഷിക്കാന്‍ തയ്യാറാവുകയും ചെയ്യണം. നരവംശശാസ്ത്രപരമായി ഒരു വ്യത്യാസവും ഇല്ലാത്ത ഇവിടുത്തെ ദളിതരും ആദിവാസികളും വൈവാഹിക ബന്ധത്തിലൂടെ ജാതിവ്യവസ്ഥയെ തകര്‍ക്കുകയും, തങ്ങളുടെ അടിമത്വത്തിനു കാരണമായ ഹൈന്ദവതയെ ബഹിഷ്‌കരിക്കുകയും ചെയ്യണം. ജാതി ഉപജാതി സംഘടനകള്‍ പിരിച്ചു വിട്ട് ദളിതന്‍ ഐക്യപ്പെടണം. ഇതിനുള്ള ആര്‍ജ്ജവും പുരോഗമന ചിന്തയും കൈവരിച്ചില്ലെങ്കില്‍ ദളിതന് ഇന്‍ഡ്യാരാജ്യത്തും കേരളത്തിലും എന്നും അടിമത്വം തന്നെയായിരിക്കും അവസ്ഥ. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലും വിഭവങ്ങളുടെമേലും പങ്കാളിത്തം ഉള്ള ഒരു രാഷ്ട്രീയകാലഘട്ടത്തിലേക്ക് ദളിത് ജനതയെ ആകമാനം നയിക്കണമെങ്കില്‍ നീലകണ്ഠന്‍ മാസ്റ്ററും മറ്റ് ഇതര ജാതി ഉപജാതി സംഘടനകളുടെ നേതാക്കന്മാരും ഹൈന്ദവത യെയും ജാതിവ്യവസ്ഥയെയും തള്ളിപ്പറഞ്ഞ് ഒരു വിശാല ദളിത് ഐക്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കാന്‍ കെല്പുള്ള പ്രത്യയശാസ്ത്രം സ്വീകരിക്കുവാന്‍ തയ്യാറാകണം. ജാതിരഹിത സമൂഹമാണ് അംബേദ്ക്കര്‍ വിഭാവനം ചെയ്തത്. ജാതിരഹിത ഒരു പൊതുസമൂഹമെന്ന രീതിയിലേക്ക് ദളിതന്‍ വളരുമ്പോള്‍ മാത്രമേ ഇന്‍ഡ്യന്‍ രാഷ്ട്രീയ നിര്‍മ്മിതിയില്‍ ദളിതന് വ്യക്തമായ പങ്കാളിത്തം സാധ്യമാവുകയുള്ളു. വിവരേ സങ്കേതിക വിദ്യയും ബഹിരാകാശശാസ്ത്രവും വളരെയേറെ വളര്‍ന്നു കഴിഞ്ഞിട്ടും, അതൊന്നും മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യാതെ ലോകത്തിന്റെ വളര്‍ച്ചയില്‍ കേവലം ഒരു കാഴ്ചക്കാരന്‍ പോലും ആകാതെ, ഇരുപത്തെട്ടുകെട്ടും, തിരികത്തിക്കലും മറ്റ് അനാചാരങ്ങളും അന്ധവിശ്വാസങ്ങളിലും കുടുങ്ങിക്കിടക്കാതെ, ശാസ്ത്ര സാങ്കേതിക വളര്‍ച്ചയിലും പുതിയ ലോകക്രമത്തിന്റെ വളര്‍ച്ചയിലും പങ്കാളികളികളാകാനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരുവാനുമാണ് ഓരോ ദളിതനും ശ്രമിക്കേണ്ടത്. ദളിത് ആദിവാസി ഐക്യത്തിനും അതിലൂടെ സംജാതമാകേണ്ട ഇന്‍ഡ്യയുടെ പുതിയ രാഷ്ട്രീയനിര്‍മ്മിതിക്കും തടസ്സം നില്‍ക്കുന്നത് ജാതി സംഘടനകളായ കെ.പി.എം.എസ്. ആണെങ്കിലും പുലയര്‍ മഹാസഭയാണെങ്കിലും സാംബവ മഹാസഭയാണെങ്കിലും ചേരമര്‍ സംഘടനയായാലും അവയൊക്കെയും തകര്‍ന്ന് ജാതിരഹിത പൊതുസമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിന് ശക്തിപകരുന്ന സാമൂഹ്യ വപ്ലവത്തിന് ഇവിടെ തുടക്കം കുറിക്കേണ്ടിയിരിക്കുന്നു.

*ഈ ലേഖനത്തിലൂടെ ദളിത് വിമോചനം സാധ്യമാക്കുന്ന ഒരു പുതിയചിന്ത ഉയര്‍ന്നു വരേണ്ട ചര്‍ച്ച തുടങ്ങുവാന്‍ ആണ് ലേഖകന്‍ ശ്രമിക്കുന്നത്.

പ്രകാശ് കോട്ടയം, 9495848706