"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

നെടുമുടി ഗംഗാധരന്‍ എന്റെ ഓര്‍മ്മയില്‍ - എം. ബി. ചന്ദ്രശേഖരന്‍, പൊങ്ങ


നെടുമുടി ഗംഗാധരന്‍ 
കുട്ടനാട് താലൂക്കില്‍ കൈനകരി വില്ലേജില്‍ നെടുമുടി ഗ്രാമപഞ്ചായത്തില്‍ കടന്നംങ്ങാട്ടു പാടത്തിന്റെ നടുവില്‍ വാഴത്തറ എന്ന തറവാട്ടില്‍ ശ്രീ വാസുദേവന്‍ കല്യാണി ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കളില്‍ ഏറ്റവും ഇളയവനായി കൊല്ലവര്‍ഷം 1123-ാംമാണ്ട് കര്‍ക്കിട മാസം 22-ാം തീയതി ഗംഗാധരന്‍ ജനിച്ചു.

ഭൂരഹിത കര്‍ഷകരായ മാതാപിതാക്കള്‍ ദാരിദ്ര കുടുംബമായിരുന്നു ഒറ്റ കൃഷി മാത്രമായിരുന്നു അന്ന്. കൂലിയാന്‍ അളവില്‍ കിട്ടുന്ന വേതനം മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാനം.

പൊങ്ങ ഗവ. എല്‍. പി. എസ്സ്.ല്‍ ആയിരുന്നു വിദ്യാഭ്യാസം അതിനുശേഷം പഴയവീട് ഹൈസ്‌കൂളില്‍. കാര്‍മ്മല്‍ പൊളിടെക്‌നി ക്കില്‍നിന്നും ഐ. റ്റി. ഐ. കോഴ്‌സ് പാസ്സായി. അന്ന് നെടുമുടി- ആലപ്പുഴ ബസ്സിന് 30 പൈസ മാത്രം. പള്ളാത്തുരുത്തി പാലം ഇല്ല. മറുകര എത്താന്‍ കടത്തുവള്ളം മാത്രമാണ് ആശ്രയം. കടത്തുകൂലി 10 പൈസ. രാവിലെ കാല്‍നടയായി നടന്നുപോയാണ് സ്‌കൂളില്‍ പഠിച്ചിരുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ കലാകായിക പരിശീലനം നടത്തിയിരുന്നു. മുട്ടം കറുത്തകുഞ്ഞ് ആശാന്റെ കീഴില്‍ കമ്പുകളി പരിശമുട്ട് കളിയും പാണ്ടനാട് കേശവന്‍ ഗുരുക്കളില്‍നിന്ന് കളരി അഭ്യാസവും പഠിച്ചു. വില്‍പാട്ട്, ഹാര്‍മോണിയം വായന, ഭജന എന്നിവയും സ്‌കൂള്‍ പഠനത്തിനുശേഷം കഥാപ്രസംഗം പഠിച്ചു. വി. വി ഗംഗാധരന്‍ നെടുമുടി ഗംഗാധരനായി അറിയപ്പെട്ടു. കുട്ടികളെ കഥാപ്രസംഗം പഠിപ്പിക്കലും ഉണ്ടായിരുന്നു.

കേരളാ ചേരമര്‍ സംഘത്തിന്റെ കനകജൂബിലി കുറിച്ചി സചിവോത്ത മപുരം സ്‌കൂളില്‍വച്ചു നടക്കുമ്പോള്‍ കേരളാ ചേരമര്‍ സംഘം 127-ാം നമ്പര്‍ ശാഖായോഗത്തിന്റെ ജനറല്‍ സെക്രട്ടറി മൂത്ത സഹോദരന്‍ വി. വി. കൃഷ്ണന്‍കുട്ടിക്ക് സമ്മേളന പ്രതിനിധിയാകാന്‍ പറ്റാത്ത സാഹചര്യത്തില്‍ സെക്രട്ടറി എം. ബി. ചന്ദ്രശേഖരന്റെ കൂടെ സൗഹാര്‍ദ്ദ പ്രതിനിധിയായി നെടുമുടി ഗംഗാധരന്‍ സംഘടന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കലാപരിപാടിയെക്കുറിച്ച് മൈക്കില്‍കൂടി സുശീലന്‍ ഭാഗവതര്‍ പറയുന്നു. നെടുമുടി ഗംഗാധരന്റെ കഥാപ്രസംഗം അല്‍പ്പസമയത്തിനുള്ളില്‍ നടത്തപ്പെടുമെന്ന്.

ഞങ്ങള്‍ രണ്ടുപേരും ഭക്ഷണം കഴിച്ചതിനുശേഷം ഭാഗവതരെ കണ്ടു പരിപാടി നടത്താന്‍ ബുദ്ധിമുട്ടുണ്ട് പിന്നണിക്കാര്‍ ഇല്ല.

സുശീലന്‍ ഭാഗവതരുടെ പിന്നണി ക്കാരെ സ്റ്റേജില്‍ ഇരുത്തിക്കൊണ്ടാണ് നെടുമുടിയെ വിളിച്ചത്. എല്ലാവരുടേയും സഹായത്താല്‍ പരിപാടി വന്‍വിജയമാക്കി.

അതിനുശേഷം 127-ാം നമ്പര്‍ ശാഖാ യോഗത്തില്‍ സെക്രട്ടറിയായി കുട്ടനാട് താലൂക്ക് യൂണിയന്‍ സെക്രട്ടറിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പോന്നു. യൂണിയന്‍ ഓഫീസിനു സ്ഥലം വാങ്ങുകയും വിവിധ സാമുദായങ്ങളായ എസ്. എന്‍. ഡി. പി., എന്‍. എസ്. എസ്. എന്നീ സംഘടനാ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിപോന്നിരുന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുമായി അടുപ്പത്തില്‍ ആയിരുന്നു. കൈരളി കലാ സമതിയുടെ സ്ഥാപകന്‍കൂടിയാണ്. സമിതി ഇന്നും നിലവിലുണ്ട്.

ഡി. പി. ഇ. പി. പാഠ്യപദ്ധതി നടപ്പിലാക്കാതിരിക്കാന്‍ എസ്. യു. സി. ഐ.യുടെ സമര സമിതിയില്‍ പ്രധാനപ്പെട്ട പ്രവര്‍ത്തകന്‍ ആയിരുന്നു.

ജോണ്‍ ഏബ്രഹാം സ്മാരക ഭരണസമിതി, അംബേദ്ക്കര്‍ ബോട്ട് ക്ലബ്ബ് എന്നിവയില്‍ നെടുമുടിയുടെ സേവനം വളരെ വിലപ്പെട്ടതായിരുന്നു.

കണ്‍സ്യൂമേഴ്‌സ് ഓഫ് ഇന്ത്യ (സി. എഫ്. ഐ.) എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

പട്ടികജാതി- വര്‍ഗ്ഗക്കാരുടെ ദേശീയ സംഘടനയായ ആള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്. സി./എസ്. റ്റി. വിഷയങ്ങളില്‍ നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ വളരെ വിലപ്പെട്ടതാണ്.

ഭീംറാം മാസികയില്‍ നമ്മുടെ ജലസമ്പത്തിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കുട്ടനാട് താലൂക്ക് വികസന സമിതി അംഗം, ആലപ്പുഴ പോലീസ് സൂപ്രണ്ടിന്റെ പട്ടികജാതിക്കാരുടെ സമിതി അംഗം എന്ന നിലയിലും പട്ടികജാതിക്കാരുടെയും പരാതിക്കു പരിഹാരം കാണാന്‍ നെടുമുടിക്ക് സാധിച്ചിട്ടുണ്ട്.

നെടുമുടിയിലെ പട്ടികജാതി വിഭാഗത്തിലെ യുവാക്കള്‍ കെ. ഡി. പി. രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സി. പി. ഐ. (എം)മായും വഴക്കും അടിയും ഉണ്ടാകുകയും കെ. ഡി. പി. പ്രവര്‍ത്തകരായ പ്രവര്‍ത്തകര്‍ നാടുവിടുകയും കുടുംബം ഉപേക്ഷിച്ചു പോകേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ സി. പി. ഐ. (എം) ന്റെ നേതാക്കളുമായി നേരില്‍ സംസാരിച്ചു പട്ടികജാതി യുവാക്കളെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനം വിജയത്തില്‍ എത്തിച്ചത് നെടുമുടിയുടെ കഴിവ് ഒന്നു തന്നെയാണ്.

കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ആയതിനുശേഷം മാവേലിക്കര മണ്ഡലത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് എന്റെ ഓര്‍മ്മയില്‍ വരുന്നത് യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി ശ്രീ കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരങ്ങളും മറ്റു സഹപ്രവര്‍ത്തകരും ഒരു വെള്ള അംബാസഡര്‍ കാറില്‍ വന്നു. നെടുമുടി ഗംഗാധരനുമായി തെരഞ്ഞെടു പ്പില്‍ സഹായിക്കണമെന്നു പറയുകയും കെ. സി. എസ്.ന്റെ വോട്ടുകള്‍ കൊടുക്കിന്നിലിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കണ മെന്ന് അവര്‍ അപേക്ഷിക്കുകയും വാക്കുകൊടുക്കുകയും ചെയ്തു. എന്നാല്‍ ശ്രീ നെടുമുടി ഗംഗാധരന്‍ പല കാര്യങ്ങള്‍ ശ്രീ കൊടികുന്നി ലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സാധിച്ചു കൊടുത്തില്ല.

സിഡിയനുമായി അടുത്തു സഹകരിക്കുകയും സെമിനാറിലും പരിപാടികളിലും സജീവ സാന്നിദ്ധ്യവും നെടുമുടിക്കുണ്ടായിരുന്നു.

നെടുമുടി ഗ്രാപഞ്ചായത്തില്‍ ജനകീയ ആസ്രൂണ പദ്ധതികള്‍ തയ്യാറാക്കുന്ന വര്‍ക്കിംഗ് കമ്മറ്റികളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.

ഇത്രയും നാളത്തെ പൊതുജീവിതത്തില്‍ ത്രിതലപഞ്ചായത്തിലും സഹകരണബാങ്കിലെയും ജനപ്രതിനിധിയും ബോര്‍ഡ് അംഗവും ആകാന്‍ സാധിച്ചിട്ടില്ല. അതിനുള്ള ആഗ്രഹവും ഇല്ലായിരുന്നു.

ഇന്നേ നാളിതുവരെ ഒരു തരത്തിലുള്ള പെന്‍ഷന്‍ പോലും നെടുമുടിക്ക് ഇല്ല.

പൊങ്ങ ഐ. എച്ച്. ഡി. പി. കോളനി വികസനത്തിനുവേണ്ടിയും പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നെടുമുടി ഗംഗാധരന്റെ അകാല വേര്‍പാട് പട്ടികജാതി- വര്‍ഗ്ഗ മറ്റു സമൂഹത്തിനു തീരാനഷ്ടമാണ്‌