"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

വസൂരിപ്പുര - തമ്പി മണര്‍കാട്


അവഗണനയുടെ ബാക്കിപത്രങ്ങളായ പട്ടിക ജാതി - വര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ അസ്ഥിപഞ്ജങ്ങള്‍ക്കു മേല്‍ മൃതസഞ്ജീവനി വര്‍ഷിപ്പിക്കുവാന്‍ കെല്പുള്ള ഒരു ഭരണാധികാരി അവതരിച്ചെങ്കില്‍ കൊള്ളാമായിരുന്നു.
കൊളോണിയലിസത്തിന്റെ ഇരകളായതു മൂലമാണ് ദളിതര്‍ പിറന്ന മണ്ണില്‍ പ്രവാസികളാകേണ്ടി വന്നതെന്നുള്ള നിരീക്ഷണങ്ങളെല്ലാം തന്നെ പഴം പുരാണങ്ങള്‍ മാത്രമാണ്. ഭൂപരിഷ്‌കരണത്തിലും തൊഴില്‍ സംവരണത്തിലും പാര്‍ലമെന്ററി സംവരണത്തിലും ദളിതര്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടത് ഭരണകൂട ഭീകരതയുടെ ഇരകളാകേണ്ടി വന്നതുമൂലമാണ്. പട്ടികജാതി - വര്‍ഗ്ഗ പാക്കേജുകളും പദ്ധതികളും ഭരണപരമായ വര്‍ണ്ണാശ്രമ വ്യവസ്ഥ തന്നെയാണ്. അവരുടെ വിഹിതവുമായി അവരുടെ പ്രാകാരങ്ങളിലിരുന്ന് ഉപഭോഗിക്കട്ടെ. അതാണ് സര്‍ക്കാര്‍ നയം. ഇത്തരം സാമ്പത്തിക അയിത്തങ്ങള്‍ ദളിതരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയുന്നില്ല. ദളിതര്‍ ചൂഷണരഹിതരായിരിക്കണം എന്ന ഉദാത്ത ലക്ഷ്യത്തെടെ ജനാധിപത്യപരമായ അവരുടെ കര്‍മ്മശേഷി വര്‍ദ്ധിപ്പിക്കുവാനാണ് പട്ടിക ജാതി- വര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ രൂപീകൃതമായത്. കേള്‍ക്കുമ്പോള്‍ വളരെ ഉദാത്തമെന്നു തോന്നുമെങ്കിലും ഈ സംഘങ്ങളെല്ലാം വസൂരിപ്പുരകളാണ്.

കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ദളിതു സമുദ്ദാരണത്തിനായി എല്ലാ ജില്ലകളിലും സഹകരണ മോട്ടോര്‍, ട്രാന്‍സ്‌പോര്‍ട്ട് സംഘങ്ങള്‍ രൂപീകൃതമായി. എന്നാല്‍ അര ദശാബ്ദം പോലും ഈ സംഘങ്ങള്‍ക്ക് ആയുസ്സുണ്ടായില്ല. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തന്നെ പരമ ദയനീയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അശാസ്ത്രീയമായി രൂപീകരിച്ച പട്ടികജാതി മോട്ടോര്‍ സഹ.സംഘങ്ങള്‍ അസ്തമിച്ചുപോയത് സ്വാഭാവികം മാത്രമായിരുന്നു. ഈ പദ്ധതി പരാജയപ്പെട്ടതിന് പല കാരണങ്ങളുമുണ്ട്. കൊടിയ മത്സരം നിലനിന്നുരുന്ന സ്വകാര്യ വാഹന വ്യവസായ രംഗത്ത് സഹകരണ സംഘങ്ങള്‍ക്ക് നിലനില്‍ക്കത്തക്ക യാതൊരു ഉദാര വ്യവസ്ഥകളും മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ലാഭകരമായ റൂട്ട് ലഭിക്കുന്നതിന് സംഘം പ്രസിഡന്റായ ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട ആര്‍.ടി.എ പ്രത്യേക പരിഗണന ഒന്നും നല്‍കിയിരുന്നില്ല. ലഭിച്ച റൂട്ടുകളില്‍ ടൈമിങ്ങ് മാറ്റപ്പെട്ടതോടുകൂടി ടയര്‍ തേഞ്ഞതല്ലാതെ ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കുന്നതിനുള്ള കളക്ഷന്‍ പോലും ലഭിക്കാതെയായി. ചില ജില്ലകളില്‍ തൊഴിലാളികള്‍ തങ്ങളുടെ കൂലി വിഹിതം മനപ്പൂര്‍വമായി വെട്ടിച്ചുരുക്കിയിരുന്നു. എന്നിട്ടുപോലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പല സംഘങ്ങളും വെന്റിലേറ്ററിലേയ്ക്കു മാറ്റപ്പെട്ടു. സംഘം ബോര്‍ഡ് മെമ്പറായ ആര്‍.ടി.ഒ തന്നെ മരുന്നുമാറി കുത്തിവച്ച് എല്ലാ സംഘങ്ങളുടേയും കഥകഴിച്ചെന്നു ചുരുക്കിപ്പറഞ്ഞാല്‍ മതിയല്ലോ.

വയനാട് ഇടുക്കി പത്തനംതിട്ട ജില്ലകളിലെ ട്രൈബല്‍ സംഘങ്ങള്‍ ഇടമലകൂടി സംഘമുള്‍പ്പെടെ കാര്‍ഷിക വനവിഭവ വ്യാപാരമേഖലയില്‍ തകര്‍ച്ച കൂടാതെ നിലനിര്‍ത്താന്‍ കഴിയുന്ന സ്വച്ഛന്ദ മേഖലകളാണ്. പക്ഷെ ഭരണകൂട ഭീകരത തന്നെ അവയെ തകര്‍ത്തു കളയുന്നു. ആയുര്‍വ്വേദ അമൂല്യ സസ്യ സമാഹരണ വിപണനരംഗത്ത് വ്യാപാര പ്രതിയോഗികളേ ഇല്ല. മരുന്ന് പറിക്കുന്നത് ആദിവാസി മാത്രമാണ്. പക്ഷെ അതിന്റെ വിപണനം ഒരു മാഫിയ കൈക്കലാക്കിയിരിക്കുകയാണ്. അവരുടെ അപ്പക്‌സ് സംഘത്തിന് പേരൂര്‍ക്കടയില്‍ ഒരു പെട്രോള്‍ ബങ്കുണ്ട്. തലസ്ഥാനത്തെ സര്‍ക്കാര്‍ വാഹനങ്ങള്‍ ക്രെഡിറ്റില്‍ പെട്രോള്‍ ഉപഭോഗിക്കുന്നത് ഇവിടെ നിന്നാണ്. ഈ വകയില്‍ പിരിഞ്ഞു കിട്ടാന്‍ കോടിക്കണക്കിനു രൂപയുണ്ട്. ഇതൊന്നും രജിസ്ട്രാറോ വകുപ്പ് മന്ത്രിയോ ശ്രദ്ധിക്കുന്നില്ല. ആലപ്പുഴയിലെ പട്ടികജാതി മിച്ചഭൂമി സഹകരണ സംഘത്തിന്റെ ഭൂമി അതിന്റെ ഉടമസ്ഥരറിയാതെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന് ഈടുഭൂമിയായി മാറ്റപ്പെട്ടതിലൂടെ ആ സംഘം നാമമാത്രമായി മാറി.

ഇപ്പോള്‍ ഈ സംഘങ്ങളുടെ ഭരണചുമതല സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥന്‍മാരായ അഡ്മിനിസ്‌ട്രേറ്റര്‍മാരാണ് നിര്‍വഹിക്കുന്നത്. പല അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും തങ്ങളുടെ കക്ഷത്തിലിരിക്കുന്ന പട്ടിക ജാതി - വര്‍ഗ്ഗ സംഘം തെക്കാണോ വടക്കാണോ എന്ന ദിശാബോധം പോലും നഷ്ടപ്പെട്ട സ്ഥിതിയിലാണ്. വ്യക്തമായ ദര്‍ശനമോ ആസൂത്രണ പാടവമോ ഒന്നും സര്‍ക്കാര്‍ വച്ചു പുലര്‍ത്തുന്നില്ല എന്നതാണ് ഇതിന്റെ പിന്നിലെ പരസ്യമായ രഹസ്യം. കോട്ടയം ജില്ലയിലെ പുഞ്ചവയല്‍ എന്ന ഉള്‍നാടന്‍ മലയോര മേഘലയില്‍ ഒരു പട്ടികജാതി സംഘമുണ്ട്. ഇവിടെ റബ്ബറല്ലാതെ ഒരുല്പന്നവും കാണാനേയില്ല. പക്ഷെ ഈ സംഘത്തിന് ഉഴവു നടത്തുവാന്‍ ഒരു ട്രാക്ടര്‍ അനുവദിക്കുകയുണ്ടായത്രേ. സ്ഥലപ്പേര്‍ കേട്ടപ്പോള്‍ ഗവര്‍മേണ്ടു മാമ്മന്‍ വിചാരിച്ചത് നിറയെ പുഞ്ചപ്പാടമായിരിക്കു മെന്നാണ്. എന്തിനേറെപ്പറയുന്നു അവഗണനയുടെ ബാക്കിപത്രങ്ങളായ പട്ടിക ജാതി - വര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ അസ്ഥിപഞ്ജങ്ങള്‍ക്കു മേല്‍ മൃതസഞ്ജീവനി വര്‍ഷിപ്പിക്കുവാന്‍ കെല്പുള്ള ഒരു ഭരണാധികാരി അവതരിച്ചെങ്കില്‍ കൊള്ളാമായിരുന്നു.

തമ്പി മണര്‍കാട്
9747582432