"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഉയര്‍ച്ചയുടെ വഴികള്‍; ഒരോര്‍മ്മക്കുറിപ്പ് - പി പി ഗോപി


പി പി ഗോപി 
അടിയാള വര്‍ഗ്ഗത്തില്‍ പിറന്ന ഒരുവന് ജീവിത സമരത്തില്‍ വിജയിക്കാനുള്ള ആയുധം എന്ത് എന്ന ചോദ്യത്തിന് ഒറ്റ മറുപടി മാത്രമേയുള്ളൂ; വിദ്യാഭ്യാസം അവന്റെ മുന്‍ തലമുറകള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന ആ ആയുധം നിരന്തരമായ സമരങ്ങളിലൂടെ നേടിത്തന്ന അടിയാള വര്‍ഗ്ഗ പോരാളികളെ വന്ദിച്ചുകൊണ്ട് ഈ കുറിപ്പ് ആരംഭിക്കട്ടെ. സ്വന്തം ജീവിതാനുഭവങ്ങളുടെ ഒരു ഭാഗം ഞാനിവിടെ പകര്‍ത്തുകയാണ്.

ഔപചാരിക വിദ്യാഭ്യാസമില്ലാത്ത പിതാവിന്റെയും പ്രാഥമിക വിദ്യാഭ്യാസം മാത്രുമുണ്ടായിരുന്ന മാതാവിന്റെയും തണലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒട്ടുമില്ലാതിരുന്ന ഒരു കുഗ്രാമത്തില്‍ ഞാനും ഇളയകുട്ടികളും പിച്ചവച്ച് ജീവിതപ്പാതയില്‍ യാത്ര തുടങ്ങി. അടുത്തുണ്ടായിരുന്ന ഒരു പ്രൈമറി സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ അവര്‍ എന്നെയും കൂട്ടി ചെന്നപ്പോള്‍ മറ്റുള്ള ജാതിക്കാര്‍ക്ക് കൗതുകം. ഇവനെ പഠിപ്പിക്കാനോ? എന്തായാലും പ്രവേശനം കിട്ടി. ഒന്നാം ക്ലാസ്സില്‍ ആദ്യദിനം അദ്ധ്യാപിക കുട്ടികളോടവശ്യപ്പെട്ടു. ''എല്ലാവരും സ്ലേറ്റില്‍ പേരെഴുതുക'' അക്കാലത്ത് സാമ്പത്തികശേഷിയുള്ള ആളുകള്‍ തങ്ങളുടെ കുട്ടികളെ കുടിപ്പള്ളിക്കൂടത്തില്‍ എഴുത്താശാന്റെ അടുത്തുവിട്ട് മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുമായുന്നു. ഞങ്ങളുടെ ക്ലാസ്സിലെ ഏതാനും കുട്ടികള്‍ അത്തരം പഠനം കഴിഞ്ഞവരായിരുന്നു. ഞാനുള്‍പ്പെടെ ഭൂരിപക്ഷം കുട്ടികളും സ്വന്തം പേരെഴുതാനറിയാതെ നിന്നു. സ്വന്തം പേരെഴുതാനറിയാതെ സ്ലേറ്റും കല്ലുപെന്‍സിലുമായി എഴുന്നേറ്റു നിന്ന ആ നിമിഷം ഞാനൊരിക്കലും മറക്കില്ല. വിദ്യാഭ്യാസ കാലഘട്ടത്തിന്റെ സുവര്‍ണ്ണ അടിത്തറയാണ് ആ ദിനത്തില്‍ ആ അദ്ധ്യാപിക ആദ്യാക്ഷരം കുറിച്ച് എനിക്കു നല്‍കിയത്.

പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം വീട്ടില്‍നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള ഹൈസ്‌കൂളിലും പത്താംക്ലാസ്സിനും ശേഷം പതിനൊന്നു കിലോമീറ്റര്‍ അകലെയുള്ള കോളേജിലും കാല്‍നടയായി സഞ്ചരിച്ച് പഠിച്ചു. ഭക്ഷണവും വസ്ത്രവും അക്കാലത്ത് കഷ്ടിച്ച് നിലനില്‍പ്പിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, പഠിച്ചു. ട്യൂഷനോ ഗൈഡുകളോ ഇല്ലാതെ പഠിച്ചു. സ്‌കൂളില്‍ അദ്ധ്യാപകര്‍ പകര്‍ന്നു തന്ന അറിവിന്റെ തെളിനീര്‍മാത്രം കിട്ടി.

ഹൈസ്‌കൂള്‍ പഠനകാലത്ത് പല രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ സ്‌കൂളിലേക്ക് നടന്നു പോകവെ ഉന്നതജാതിയില്‍പ്പെട്ട ഒരാള്‍ ചോദിച്ചു; ''ഏതു ക്ലാസ്സില്‍ പഠിക്കുന്നു?'' എട്ടാം ക്ലാസ്സിലെന്നു മറുപടി കേട്ടപ്പോള്‍ പട്ടികജാതിക്കാരന്‍ ഹൈസ്‌കൂളിലോ എന്ന് അത്ഭുതം കൂറി കണ്ണ് തുറിച്ചു നോക്കിയത് ഇപ്പോഴും ഓര്‍മ്മിക്കുന്നു. അതേ കാലയളവിലുണ്ടായ മറ്റൊരു സംഭവം അതിലും രസകരമാണ്. കൂലിവേലക്കാരനായ എന്റെ പിതാവിനോട് ഒരാള്‍ ചോദിച്ചു; ''നീ എന്താടാ മകനെ പഠിപ്പിച്ച് കളക്ടറാക്കാന്‍ പോകുന്നോ?'' എന്തായാലും ആ മാന്യന്റെ നാവ് പൊന്നാണെന്ന് ഞാന്‍ പറയും ഔദ്യോഗിക ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ എനിക്ക് ജില്ലാകളക്ടറായി ഏതാണ്ട് രണ്ടര വര്‍ഷം സേവനമനുഷ്ഠിക്കാന്‍ ഭാഗ്യമുണ്ടായി.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പത്താംക്ലാസ്സ് പാസായി. ഇനി എന്ത് എന്ന ആലോചന. ഉപദേശം തരാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. ഞാന്‍ പഠിച്ച പ്രൈമറി ക്ലാസ്സിലെ ഒരദ്ധ്യാപകനോട് എന്റെ പിതാവ് ഇക്കാര്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഉപദേശം ഇതായിരുന്നു; ''അവന് നല്ല ഒരു തൂമ്പാ വാങ്ങിക്കൊട്, നല്ലൊരു പണിക്കാരനാകട്ടെ.'' അതുകേട്ട് നടുങ്ങിയ പിതാവ് ഉടന്‍ പറഞ്ഞു; ''അവന് കോളജില്‍ ചേരണമെന്നാ ആഗ്രഹം'' ഉടന്‍ വന്നു അടുത്ത പ്രതികരണം:'' എടോ, കോളേജ് എന്നൊക്കെ പറഞ്ഞാല്‍ വലിയ വലിയ വീടുകളിലെ പിള്ളേര്‍ പഠിക്കാന്‍ വരുന്ന സ്ഥലമാ. അവിടെ, വരുന്നവരുടെയിടയില്‍ നിന്റെ മകനെങ്ങനെയാ ചെന്നിരിക്കുന്നത്?'' ഇത്രയും കേട്ട പിതാവ് പിന്നെ അവിടെ നിന്നില്ല.

ഞങ്ങളുടെ ജാതിയില്‍ ആ പ്രദേശത്തുനിന്നും ആദ്യമായി പത്താംക്ലാസ്സ് പാസായത് ഞാനായിരുന്നു. എന്തായാലും കോളേജില്‍ ചേര്‍ന്നു. തേര്‍ഡ് ഗ്രൂപ്പാണ് എടുത്തു പഠിച്ചത്. കണക്കും സയന്‍സും എന്തുകൊണ്ടോ എന്റെ ബുദ്ധിയില്‍ പ്രവേശിച്ചില്ല. ക്ലാസ്സില്‍ ''സിവിക്‌സ്'' (CIVICS) എന്നൊരു വിഷയം പഠിക്കാനുണ്ടായിരുന്നു. ആ വിഷയം പഠിപ്പിക്കാനെത്തിയത് പ്രൊഫസറും വകുപ്പു തലവനുമായിരുന്ന ശ്രീ തര്യന്‍ സാറായിരുന്നു. സിലബസില്‍ ഇന്ത്യന്‍ ഭരണഘടനയുടെ മുഖവുര (Preamble) സംബന്ധിച്ച കാര്യങ്ങളും പഠിക്കേണ്ടി യിരുന്നു. ''We the people of India....'' എന്നു തുടങ്ങുന്ന ആമുഖം മനഃപാഠമാക്കി വരാന്‍ എല്ലാവര്‍ക്കും സാര്‍ നിര്‍ദ്ദേശം നല്‍കി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അക്ഷരംപ്രതി അനുസരിക്കാന്‍ തീരുമാനിച്ചാണ് അന്ന് വീട്ടിലേക്കു മടങ്ങിയെത്തിയത്. സാര്‍ നിര്‍ദ്ദേശിച്ച പാഠഭാഗം മനഃപാഠമാക്കിയശേഷമേ ഞാനുറങ്ങിയുള്ളൂ. ഏതാനും വാക്യങ്ങള്‍ മാത്രമുള്ള ആ മുഖവുര എന്റെ ജീവിതത്തിന് പുതിയൊരു ദിശാബോധം നല്‍കി. അന്നുമുതല്‍ പഠനം എന്റെ ജീവിത വ്രതമായി. ഓലക്കുടിലിന്റെ മൂലയിലിരുന്ന് മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചിത്തിലിരുന്ന് അക്ഷരങ്ങളുടെ അനന്തമായ ലോകത്തിലേക്ക്
യാത്ര
തുടങ്ങി. ക്ലാസ്സില്‍ അദ്ധ്യാപകര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളും കോളേജ് ലൈബ്രറിയിലെ ഇംഗ്ലീഷ്- മലയാളം പത്രങ്ങളും മാസികകളും പുസ്തകങ്ങളും തുണയായി. വായന ഒരു ആവേശമായി. പുതിയ വാക്കുകളും പുതുമയുള്ള വാക്യങ്ങളും പൊതുവിജ്ഞാന ശകലങ്ങളും പ്രത്യേകമൊരു നോട്ടുബുക്കില്‍ കുറിച്ചുവെച്ചു. ഇതൊക്കെ പിന്നീട് എന്തു മാത്രം പ്രയോജനം ചെയ്തുവെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.

എം. എ. വരെ പാലാ സെന്റ് തോമസ് കോളേജില്‍ പഠി ച്ചു. പത്താംക്ലാസ്സിലെ പൊതുപരീക്ഷ മുതല്‍ എം. എ.യുടെ ഫൈനല്‍ പരീക്ഷവരെയുള്ള എല്ലാ പരീക്ഷകളും യാതൊരുവിധ ടെന്‍ഷനുമില്ലാതെ എഴുതാന്‍ കഴിഞ്ഞു. ഇത് അതിശയോക്തയായി പറയുന്നതല്ല. തികച്ചും സത്യം. ബിരുദ പരീക്ഷയ്ക്ക് കോളജിലെ ഉയര്‍ന്ന മാര്‍ക്കും എ. എ.യ്ക്ക് ഫസ്റ്റ് ക്ലാസ്സും രണ്ടാം റാങ്കും ലഭിച്ചു. എം. എ.യുടെ പരീക്ഷാഫലം അറിഞ്ഞപ്പോള്‍ സ്വന്തം പേരെഴുതാ നറിയാതെ ഒന്നാംക്ലാസ്സില്‍ ആദ്യദിനം മൂകനായി നിന്ന നിമിഷം ഓര്‍മ്മയിലെത്തി.

നിരന്തരമായ വായന, പ്രത്യേകിച്ച് ഇംഗ്ലീഷ് പത്രങ്ങളും മാസികകളും നോവലുകളും വലിയ പ്രയോജനം ചെയ്തു. കുറെയൊക്കെ ഇംഗ്ലീഷില്‍ സംസാരിക്കുവാനും സാധിച്ചു. അന്നൊക്കെ നമ്മുടെ നാട്ടിലെ കോളജുകളില്‍ ആരും അതത്ര ശീലമാക്കിയിരുന്നില്ല, പ്രത്യേകിച്ച് മലയാളം മീഡിയത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്തിരുന്നവര്‍. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം മുതല്‍ ജോലിക്കുള്ള അപേക്ഷകള്‍ അയച്ചു തുടങ്ങിയിരുന്നു. അക്കാലത്തെ ഒരനുഭവം പ്രത്യേകം ഓര്‍ക്കുന്നു. സംസ്ഥാന വിദ്യുഛക്തി വകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികക്ക് അപേക്ഷിച്ചിരുന്നു. ഒരു ശനിയാഴ്ച പാലായിലെ ഒരു സ്‌കൂളില്‍വച്ച് പരീക്ഷ. നിര്‍ഭാഗ്യമെന്നു പറയട്ടെ പരീക്ഷയുടെ അന്ന് അതികലശലായ പനിമൂലം എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ. അതിനാല്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റും നോക്കി ദുഃഖഭാരത്തോടെ ആ ദിവസം കഴിച്ചു. ദിവസങ്ങള്‍ക്കുശേഷം മറ്റൊരാളിന്റെ പക്കല്‍നിന്നും ചോദ്യപേപ്പര്‍ വാങ്ങി വായിച്ചപ്പോള്‍ കരഞ്ഞുപോയി. എഴുതിയിരുന്നെങ്കില്‍ ആ ചോദ്യപേപ്പറിലെ ഏതാണ്ട് മുഴുവന്‍ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം എഴുതാന്‍ കഴിയുമായിരുന്നു. എങ്കില്‍ സെലക്ഷന്‍ കിട്ടുകയും വൈദ്യുതി ബോര്‍ഡില്‍ നിയമിതനാവുകയും ചെയ്യുമായിരുന്നു. അന്നൊക്കെ വൈദ്യുതി ബോര്‍ഡിലെ നിയമനങ്ങള്‍ക്ക് നല്ല ഗ്ലാമറും മികച്ച വേതനവും ഉണ്ടായിരുന്നു. അപ്രകാരം ജോലികിട്ടിയിരുന്നെങ്കില്‍ പ്രീഡിഗ്രി പഠനം വിട്ട് ഒരു ഗുമസ്തനായി, പിന്നീട് എപ്പോഴെങ്കിലും ഒരു സൂപ്രണ്ടായോ ഞാന്‍ കഴിയുമായിരുന്നു. പക്ഷേ, എല്ലാം ദൈവ നിശ്ചയമല്ലേ?

പഠനകാലത്തു തന്നെ ജോലി തേടി നിരവധി അപേക്ഷകള്‍ അയയ്ക്കുകയും പല വകുപ്പുകളിലെ നിയമനങ്ങള്‍ക്ക് അര്‍ഹനാവുകയും ചെയ്തു. ആദ്യനിയമനം സംസ്ഥാന സെക്രട്ടറിയേറ്റിലായിരുന്നു. അവിടെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തു. ഒടുവില്‍ 2005-ല്‍ അഖിലേന്ത്യാ സര്‍വ്വീസില്‍ ''സെലക്ഷന്‍'' വഴി നിയമിതനായി. അതേത്തുടര്‍ന്ന് വിവിധ വകുപ്പുകളില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. പഠനകാലത്തെ മികവ് ഉദ്യോഗ കാലത്തും നിലനിര്‍ത്താന്‍ മിക്കവാറും സാധിച്ചു എന്നുള്ള സന്തോഷവും മറച്ചു വയ്ക്കുന്നില്ല.

പട്ടികവിഭാഗത്തില്‍നിന്നും മികച്ച രീതിയില്‍ വിദ്യാഭ്യാസം നേടുകയും ഉന്നത സ്ഥാനങ്ങളില്‍ ഉദ്യോഗം നേടുകയും ചെയ്ത മിടുക്കരായ മറ്റ് ധാരാളം പേര്‍ ഉണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ വിജയവും സ്ഥാനലബ്ധി യും മഹത്തരമെന്ന് ഞാനവകാശപ്പെടുന്നില്ല. എങ്കിലും തൂമ്പാ വാങ്ങി നല്‍കി നല്ലൊരു കൂലിപ്പണിക്കാരനാക്കാന്‍ ആഗ്രഹിച്ചവര്‍ക്കും വലിയ വലിയ വീട്ടിലെ പിള്ളാരോടൊപ്പം ഇവനെങ്ങനെ കോളേജിലിരിക്കുമെന്ന് സംശയം പ്രകടിപ്പിച്ചവര്‍ക്കും തക്ക മറുപടി കൊടുക്കാന്‍ എന്റെ മേല്‍ വിദ്യാദേവത കാരുണ്യപൂര്‍വ്വം അനുഗ്രഹം ചൊരിഞ്ഞു വിദ്യാഭ്യാസമെന്ന മഹാമന്ത്രം എല്ലാ വിജയങ്ങള്‍ക്കും ഹേതു എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.

പി പി ഗോപി IAS (Rtd) 9846672485