"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

പുനര്‍ മതപരിവര്‍ത്തനവും വിവാദങ്ങളും - പി. എസ്. പ്രസാദ്


പി എസ് പ്രസാദ്‌
കേരളത്തില്‍ ഇപ്പോള്‍ ഏറെ വിവാദമായിട്ടുള്ള വിഷയമാണ് പുനര്‍ മതപരിവര്‍ത്തനത്തെ സംബന്ധച്ചുള്ളത്. സ്വന്തം ഇഷ്ടപ്രകാരം ഏതു മതത്തില്‍ വിശ്വസിക്കാനും ഏതു മതത്തില്‍ അംഗമാകാനും നമ്മുടെ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. 17-ാം വകുപ്പനുസരിച്ച് അയിത്തത്തിന്റെ ഏതു തരത്തിലുള്ള ആചരണവും കുറ്റകരവുമാണ്. കൂടാതെ നിര്‍ബന്ധിത മതപരിവര്‍ത്തനവും ഇതില്‍ ഏതിന്റെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന കാര്യം വ്യക്തമാക്കാതെ യാണ് വിവാദങ്ങള്‍ കത്തിപ്പടരുന്നത്.
ഹിന്ദുമതത്തിലെ അനാചാരങ്ങളും അയിത്താചരണങ്ങളും അന്ധവിശ്വാസ ജഡിലമായ പ്രവര്‍ത്തനങ്ങളും അതില്‍നിന്നും ഉളവായ കെടുതികളില്‍ നിന്നും രക്ഷനേടുന്നതിനാണ് ദളിത് വിഭാഗത്തിലുള്ളവര്‍ മതപരിവര്‍ത്തനം നടത്തിയത്. ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും ബുദ്ധ മതത്തിലേക്കും പരിവര്‍ത്തനം നടത്തിയിട്ടുണ്ട്. അന്നൊന്നും യാതൊരു വിവാദങ്ങളും ഉയര്‍ന്നിട്ടില്ല. ഇപ്പോഴും പല സ്ഥലത്തും ദളിതരും ക്രിസ്തുമതം സ്വീകരിക്കുന്നുമുണ്ട്. മാധ്യമങ്ങളൊന്നും തന്നെ വാര്‍ത്തക്കുവേണ്ടി അതൊന്നും പ്രസിദ്ധം ചെയ്തിട്ടില്ല. എന്നാല്‍ പരിവര്‍ത്തനം ചെയ്തുപോയ മതത്തില്‍നിന്നും തിരികെ മത പരിവര്‍ത്തനം ചെയ്തപ്പോള്‍ സ്വീകരിക്കുന്നതിന് ലളിതമായ ചടങ്ങുകളേയുള്ളൂ. മതപരമായ അംഗീകരാത്തിന് ചെലവുകളും ഇല്ല. എന്നാല്‍ ക്രിസ്തുമതത്തില്‍നിന്നോ ഇതരമതങ്ങളില്‍നിന്നോ പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് അനേക കടമ്പകള്‍ കടക്കേണ്ടതുണ്ട്. അംഗീകൃത ഹിന്ദുമത സംഘടനയുടെ നേതൃത്വത്തില്‍ ശുദ്ധി കര്‍മ്മം നടത്തുകയും പ്രസ്തുത സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഗവ. പ്രസ് നിര്‍ദ്ദേശിക്കുന്ന സര്‍ട്ടിഫിക്കറ്റു കളോടുകൂടി ഗസറ്റില്‍ വിജ്ഞാപനം നടത്തണം. ഇതിനൊക്കെ വളരെ പണച്ചിലവുള്ളതാണ്. നര്‍ബന്ധിച്ച് ഒരാളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കാന്‍ പറ്റുമോ? വെറുതെ വിവാദം ഉണ്ടാക്കുകയാണ് ലക്ഷ്യം.

മുന്‍പ് സൂചിപ്പിച്ചതുപോലെ സ്വയ രക്ഷനോക്കിയാണ് ക്രിസ്തുമതത്തില്‍ ദലിതര്‍ ചേര്‍ന്നത്. ദലിതരെന്ന സങ്കല്‍പ്പിത്തിനു തന്നെ മാറ്റം വരുമെന്നും സമത്വവും സുന്ദരവുമായ ഒരു ജീവിതാനുഭവം ഉണ്ടാകുമെന്നും കരുതിയവര്‍ക്ക് തെറ്റി. ചാതുര്‍വര്‍ണ്ണ്യത്തിന്റെയും അയിത്താചരണ ത്തിന്റെയും അടിമവ്യവസ്ഥിയുടെയുടെയും വക്താക്കളായിരുന്നവര്‍ പൂണൂല്‍ ഊരി ക്രിസ്തുമതം സ്വീകരിച്ച് സഭയുടെ ഭരണം നടത്തുന്നവരായി ഉണ്ടെന്ന കാര്യം പാവം മതം മാറിച്ചെന്ന ദലിതര്‍ക്ക് അറിയാന്‍ പാടില്ലായിരുന്നു. പൂണൂലേ ഊരികളഞ്ഞിട്ടുള്ളൂ. മനസിനു മാറ്റം വന്നിട്ടില്ല എന്ന കാര്യം വളരെ വൈകിയാണ് അവര്‍ക്കു മനസ്സിലായത്. ചോതിയും കണ്ടനും കോരനും മതംമാറി മത്തായിയും പത്രോസും തോമായും ആയി പേരിനു മാറ്റം വന്നതല്ലാതെ അവസ്ഥയ്ക്കു വ്യത്യാസം വന്നില്ല. വേറെ പള്ളിയും ശവക്കോട്ടയും പെരുന്നാളും അവര്‍ക്കു കല്‍പ്പിക്കപ്പെട്ടു. സഭകളുടെ ഭരണങ്ങളില്‍ പങ്കാളികളാക്കാനോ സഭാസ്ഥാപനങ്ങളില്‍ ജോലിക്കാരാകനോ യോഗ്യത ഉള്ളവര്‍ക്കു പുരോഹികരാകനോ കഴിഞ്ഞില്ല. അവിടെയും പുലയനും പറയനും കുറവനുമായി യാതൊരു മാറ്റവുമില്ലാതെ കഴിയേണ്ടതായിവന്നു. ഇതില്‍ മനം മടുത്ത മഹാത്മാ പാമ്പാടി ജോണ്‍ ജോസഫ് ഒരു ഡയസ് ദളിതര്‍ക്കായി പ്രത്യേകം അനുവദിക്കണമെന്ന് ബ്രിട്ടീഷ് ഭരണാധികാരി കള്‍ക്ക് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്, വിവാദമായ സംഗതിയാണ്. പൊയ്കയില്‍ യോഹന്നാന്‍ (കുമാരഗുരുദേവന്‍) ജഞഉട എന്ന സഭ തന്നെ സ്ഥാപിച്ച് പ്രതിഷേധിച്ചു. മേല്‍സൂചിപ്പിച്ച കാര്യങ്ങളെല്ലാം തന്നെ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ദളിത് ക്രൈസ്തവരുടെ ജനസംഖ്യയും കൂട്ടിച്ചേര്‍ത്താണ് സംഖ്യ പെരുപ്പിച്ച് ന്യൂനപക്ഷ അവകാശത്തിലൂടെ നേട്ടങ്ങള്‍ ക്രൈസ്തവ സഭ കരസ്ഥമാക്കുന്നത് ഇതില്‍ ഒരു ശതമാനത്തിന്റെ ആനുകൂല്യം പോലും സഭയിലുള്ള ദലിതര്‍ക്കു ലഭിക്കുന്നില്ല. ഗവണ്മെന്റ് സംവരണ ആനുകൂല്യങ്ങളും ഇവര്‍ക്കു കൊടുക്കുന്നില്ല ഈ തിരിച്ചറിവാണ് കുറച്ചു കുടുംബങ്ങളെയെങ്കിലും പുനര്‍ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചത്.

അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭയെ സംബന്ധിച്ചിടത്തോളം പുനര്‍മതപരിവര്‍ത്തനത്തെ സ്വാഗതം ചെയ്യുന്നു. സംവരണസംബന്ധമായ കാര്യങ്ങളില്‍ വീതംവയ്പ്പ് ഏറുമെങ്കിലും ഒരു വലിയ കൂട്ടായ്മ രൂപപ്പെടുന്നതിനും സംഘടിത ശക്തിയായി തീര്‍ന്ന് ഭരണ പങ്കാളിത്തം ഉള്‍പ്പെടെ അവകാശങ്ങള്‍ നേടിയെടുക്കാനും കഴിയും. ഒരു മതത്തിന്റെയും മതസംഘടനയുടെയും അഞ്ജാനവര്‍ത്തികാളായി നില്‍ക്കേണ്ടതായി വരുന്നില്ല. സ്വന്തം സമൂഹത്തോടൊപ്പം നിന്ന് ജീവിതസാഹചര്യങ്ങള്‍ മാറ്റിയെടുക്കാനും കഴിയും. അതുകൊണ്ട് അഗഇഒങട ഇതിനെ സ്വാഗതം ചെയ്യുന്നത്.

പക്ഷേ പുനര്‍മതപരിവര്‍ത്തനം നടത്തിവരുന്നവര്‍ ആനുകൂല്യത്തിനു വേണ്ടി മാത്രം വരുന്നവരാകരുത്. നൂറ്റാണ്ടുകളായി അടിമത്വത്തിനും അയിത്താചരണത്തിനും വിധേയരായി കഴിഞ്ഞവരാണ് എന്ന തിരിച്ചറിവും ഒന്നിച്ചുനിന്ന് അവകാശപോരാട്ടങ്ങള്‍ ജനാധിപത്യമര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് നടത്തുവാന്‍ കഴിയുന്നവരായി മാറുകയും വേണം. മതസംഘടനകളുടെ അദൃശ്യ നിയന്ത്രണത്തിലുള്ളവരാകരുത്. ഹിന്ദു മതത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളിലും ശക്തിയായി ഇടപെടാന്‍ കഴിയുന്നവരാകണം. ഒരേ സംസ്‌ക്കാരത്തിന്റെ ഉടമകളായി മാറാന്‍ കഴിയണം. മതവിശ്വാസത്തിന്റെ അടിമകളല്ല ഉടമകളാണ് തങ്ങളെന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യണം. പുനര്‍ മതപരിവര്‍ത്തന ത്തോടൊപ്പം ഇക്കാര്യങ്ങളിലും മനപരിവര്‍ത്തനം ഉണ്ടാകണം. മറ്റൊരു മതത്തില്‍നിന്നും തങ്ങളുടെ മതത്തിലേക്ക് ആളുകളെ എത്തിച്ചാല്‍ മാത്രം പോര അവര്‍ക്ക് ആത്മീയ, ഭൗതിക സാഹചര്യങ്ങളും അനുകൂലമാക്കണം.

പി. എസ്. പ്രസാദ്
വൈസ് പ്രസി. എ.കെ.സി.എച്ച്.എം.എസ്.
ങീയ: 9746402024