"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ഇന്നത്തെ മതപരിവര്‍ത്തന (നിരോധന) ചര്‍ച്ചരാഷ്ട്രത്തെ സര്‍വ്വനാശത്തിലേക്ക് തള്ളിയിടുമോ - ഡോ. റ്റി. കെ. തങ്കപ്പന്‍


ഇന്ന് രാജ്യത്ത് മതപരിവര്‍ത്തനം വ്യാപകമായിരിക്കുന്നു. അതിനെ ഘര്‍വാപസി (കുടുംബത്തിലേക്കുള്ള മടക്കം) മുദ്ര അടിക്കുമ്പോഴാണ് സംഗതി ഗൗരവമുള്ളതാകുന്നത്. ഏതാണ്ട് രണ്ടു ദശവത്സരം മുമ്പ് തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തെ ഒരുപറ്റം പട്ടികജാതിക്കാരെ മുസ്ലീം മതത്തില്‍ ചേര്‍ക്കുകയും അവരില്‍ ചിലര്‍ പിന്നീട് ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുകയും ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു. അന്നത് ഒരു ദേശീയവാര്‍ത്തയായെങ്കിലും ഇന്നത്തെപ്പോലെ ദേശീയ ചര്‍ച്ചാവിഷയമായിരുന്നില്ല. 1956-ല്‍ നാഗ്പ്പൂരില്‍ അഞ്ചുലക്ഷത്തോളം മഹാര്‍ (പട്ടികജാതി) അംഗങ്ങളുമായി ഡോ. ബി. ആര്‍. അംബേദ്ക്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നു. നാഗ്പ്പൂരിലെയും മീനാക്ഷിപുരത്തെയും കൂട്ടമതപരിവര്‍ത്തനം ഇന്നു നടക്കുന്നപോലുള്ള ദേശീയ ചര്‍ച്ചയ്ക്കു വിഷയമായിരുന്നില്ല. നാഗ്പ്പൂരിലെ കൂട്ട മതപരിവര്‍ത്തനം ഡോ. അംബേദ്ക്കര്‍ പറഞ്ഞതുപോലെ ഹിന്ദിമതത്തിനേല്‍പ്പിച്ച ഒരു പാദാഘാതം ആയിരുന്നു. എന്നാല്‍ 2014-ലെ തിരിച്ചും മറിച്ചുമുള്ള മതപരിവര്‍ത്തനം ഒരു മതത്തിനെതിരെയുള്ള പാദാഘാതമല്ല. ഭൗതികമായ സൗകര്യങ്ങളും പ്രോത്സാഹനവുമാണ് ഇതിന്റെ കാരണങ്ങള്‍. കൂടാതെ ഭൗതിക സുഖവാഗ്ദാനങ്ങളുമുണ്ട്. ഇന്ന് എവിടെയാണ് നിര്‍ബന്ധ മതപരിവര്‍ത്തനം. കേരളത്തിന്റെ തീരദേശങ്ങളിലും ഹൈറേഞ്ച് മേഖലകളിലും ഹിന്ദുമതവിശ്വാസിക ളില്‍നിന്ന് പെന്തക്കോസ്തു സഭകളിലേക്ക് വളരെ നിശബ്ദമായി ഇന്ന് പരിവര്‍ത്തനം നടക്കുന്നുണ്ട്. ടെലിവിഷന്‍ ചാലനുകളിലൂടെയുള്ള സായിപ്പന്മാരുടെയും മദാമ്മമാരുടെയും ആഹ്വാനങ്ങളും സുവിശേഷയോഗങ്ങളും ഈ മതപരിവര്‍ത്തനത്തെ പ്രകടമായി സ്വാധീനിക്കുന്നുണ്ട്.

ഭക്തിയോ മതാവേശമോ ആരെയും തന്നെ സ്വാധീനിക്കുന്നില്ല. കേരളത്തിലെ പെന്തക്കോസ്തു മേധാവികള്‍ക്ക് നേരിട്ടോ മണിട്രാന്‍സ്ഫര്‍ ഏജന്‍സികള്‍ വഴിയോ കൈമാറുന്ന ഡോളറുകളുടെയും സ്റ്റെറിലിംഗ് പൗണ്ടുകളുടെയും കണക്കെടുത്താല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. ഭാരതത്തിലെ ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുവാനും മതന്യൂനപക്ഷമാക്കുവാനുള്ള ശ്രമങ്ങളാണ് ഇവയെല്ലാമെന്നു ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹം ഭയപ്പെടുന്നു. അതുകൊണ്ടാണ് ഘര്‍വാപസി നടക്കുന്നതിനു തെറ്റില്ലെന്ന് അവര്‍ വിശ്വസിക്കുന്നത്. സെക്കുലറിസത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ഭൂരിപക്ഷസമൂഹത്തെ ദുര്‍ബലമാക്കാനുള്ള രീതി ലോകത്ത് ഇന്ത്യയില്‍ മാത്രമേ നടക്കുന്നുള്ളൂ. എന്നാല്‍ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ ഹിന്ദുമതത്തിലേക്ക് പോകുന്നത് പഴയവിശ്വാസവുമായി താദാത്മ്യം പ്രാപിക്കുന്നതിനുവേണ്ടിയല്ല, മറിച്ച് പട്ടികജാതി സംവരണവും അതിന്റെ കൂടെവരുന്ന ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനുവേണ്ടിയാണ്.

ഇന്നത്തെ മതപരിവര്‍ത്തന(നിരോധന) ചര്‍ച്ച ഒരു സര്‍വ്വനാശത്തിലേക്ക് രാഷ്ട്രത്തെ തള്ളിയിടുമോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. (ഏറ്റവുംകൂടുതല്‍ മതസഹിഷ്ണുതയുള്ള ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ). 1947 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യപുലരിക്കു മുന്നോടിയായ ഇന്ത്യാ വിഭജന- പാക്കിസ്ഥാന്‍ രൂപീകരണ കാലത്തുണ്ടായ ഹിന്ദു- മുസ്ലീം കലാപംപോലെ ഒന്നുണ്ടാകാതിരിക്കാന്‍വേണ്ടി ഗവണ്മെന്റുകളും ദേശീയ നേതാക്കന്മാരും ശ്രദ്ധിക്കേണ്ട കാലമാണിത്. ഭാരതത്തിന്റെ മതേതര സ്വഭാവത്തെയും (പാക്കിസ്ഥാനില്‍നിന്ന് വ്യത്യസ്തമായി) ഭരണഘടനയുടെ അന്തഃസത്തയെയും മാനിക്കുന്ന തരത്തിലുള്ള മതപരിവര്‍ത്തന നിരോധനം ആശാസ്യമാണോ എന്ന് ഗവണ്മെന്റും ദേശീയ- പ്രാദേശീക പാര്‍ട്ടിനേതാക്കന്മാരും മതപുരോഹതന്മാരും ആലോചിക്കേണ്ടതാണ്. മതവിശ്വാസം ഒരാളിന്റെ സ്വകാര്യവകാശമാണ്. സ്റ്റേറ്റോ ജനങ്ങളോ അക്കാര്യത്തില്‍ ഇടപെടാന്‍ പാടില്ലെന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുശാസിക്കുന്നത്. അതേസമയം ജനങ്ങളുടെ കൂട്ടായ മതപരിവര്‍ത്തനം രാഷ്ട്രത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ടോയെന്ന ചുമതലയും തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനും ഗവണ്‍മെന്റിലെ പ്രതിപക്ഷത്തിനുമുണ്ട്.

ഡോ. റ്റി. കെ. തങ്കപ്പന്‍
ജനറല്‍ സെക്രട്ടിറി, അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍