"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

ക്രിസ്ത്യാനിയായ ദലിതരെ ഹിന്ദുക്കളായ ദലിതര്‍ അവഗണിക്കുന്ന തെന്തുകൊണ്ട്? - അംബേദകര്‍പുരം മുരുകന്‍


അഡ്വ. പി. എം. ബേബിയുടെ ദളിത് ക്രൈസ്തവ സംവരണം കാണാച്ചരടുകള്‍ എന്ന ലേഖന പരമ്പരക്ക് വന്ന പ്രതികരണങ്ങള്‍:-

ഇന്ത്യയില്‍ ജാതിവ്യവസ്ഥ പത്തിവിടര്‍ത്തി ആടിയിരുന്ന കാലത്ത് ഉച്ചനീചത്വങ്ങളുടെ കറപുരണ്ട മനസ്സികളില്‍ വിവേചനത്തിന്റെ വേലിക്കെട്ടുകളു യര്‍ത്തിയ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടത്തില്‍ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും ദൃഷ്ടിയില്‍പ്പെട്ടാല്‍ പോലും ദോഷമുള്ളവരുമായ ഒരു ജനത മനുഷ്യഗണത്തില്‍പ്പെട്ടത്തവരെന്നും തോന്നിപ്പിക്കുന്ന ഇരുകാലി ജീവികള്‍ മൃഗതുല്യം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മേലാളന്മാര്‍ നടക്കുന്ന വഴിയില്‍ക്കൂടി നടന്നുകൂടാ, അരയ്ക്കു മുകളില്‍ (പെണ്ണും ആണും) വസ്ത്രം ധരിച്ചുകൂടാ, വിശപ്പും ദാഹവും സഹിച്ച് അതുപോലും അവഗണിക്കപ്പെട്ട് ശക്തിയില്ലാത്ത മനസ്സുകളെ വ്യവസ്ഥിതികൊണ്ട് പൂട്ടിയിട്ട് പൂണൂല്‍ത്തുമ്പില്‍ കെട്ടി താക്കോലുമായി സുഖിച്ചു വാണിരുന്ന കാലത്ത് (അന്നത്തെ ഹിന്ദുക്കള്‍).

വിദേശികള്‍ ഇന്ത്യയില്‍ വരികയും ആധിപത്യം ഉറപ്പിക്കുകയും പുതിയൊരു ശക്തി ആയി അവര്‍ വളര്‍ന്ന് അധികാരങ്ങളും അവകാശങ്ങളും അവരുടെ കൈകളില്‍ അകപ്പെട്ടു. മേലാളന്മാര്‍ അവരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു അന്ന് അവശതയനുഭവിച്ച് ജീവിച്ച മണ്ണിന്റെ മക്കളായ ഒരു ജനതയുടെ കഷ്ടപ്പാടുകള്‍ അവര്‍ മനസ്സിലാക്കി കരുത്തും കായകക്ഷമതയും ഉള്ള ദലിതരെ അന്നത്തെ വിദേശികള്‍ (ആംഗലേയര്‍) അവരുടെ പട്ടാളത്തില്‍ താഴ്ന്ന ഉദ്യോഗങ്ങളില്‍ നിയമിച്ചു. അവരില്‍നിന്നും കിട്ടിയ അറിവും കായിക അഭ്യാസങ്ങളും പഠിച്ച ദളിതര്‍ കായികപരമായി മേലാളന്മാരെ നേരിട്ടു എന്നതാണ് ചരിത്രസത്യം. അന്നത്തെ കാലത്തല്ലെ ബ്രിട്ടീഷുകാരന്റെ പട്ടാളത്തില്‍ അധ്യാപകരുടെ കൂട്ടത്തില്‍ റാംജി സല്‍പ്പാലിനെ നിയമിച്ചത്. അദ്ദേഹത്തിന്റെ മകനല്ലേ 1891 ഏപ്രില്‍ മാസം 14-ാം തീയതി ജനിച്ച് ഭീമറാവു റാംജി അംബേദ്കര്‍. ഇന്ത്യന്‍ ഭരണഘടനാ ശില്പി. 1956 ഒക്‌ടോബര്‍ 14 ബുദ്ധമതത്തില്‍ ചേര്‍ന്നു. തന്റെ ജനതയെ അതിനു പ്രേരിപ്പിച്ചു (ഹിന്ദുമതത്തിലല്ല്.)

അയ്യന്റെയും മാലയുടേയും മകനായി 1039 ചിങ്ങം 14-ാം തീയതി (28-08-1863 വെള്ളിയാഴ്ച്ച) ജനിച്ച് ചരിത്രത്താളുകളില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട മഹാത്മാ അയ്യന്‍കാളി. നായര്‍ മുതല്‍ നമ്പൂതിരി വരെ അദ്ദേഹത്തെ എതിര്‍ത്തത് അന്നത്തെ ഹിന്ദുക്കളായിരുന്നു.

തൊണ്ണൂറാമാണ്ട് ലഹള. പുല്ലാട് ലഹള, പെരിനാട് ലഹള മാഹാത്മാ അയ്യന്‍കാളി സ്വന്ത സമുദായത്തെ കോര്‍ത്തിണക്കിക്കൊണ്ട് നേടിയെടുത്ത സമരങ്ങളായിരുന്നു അന്നത്തെ ഈ ലഹളകളെല്ലാം. അദ്ദേഹത്തെ എതിര്‍ത്തുകൊണ്ടിരുന്നത് സവര്‍ണ്ണ ഹിന്ദുക്കള്‍ ആയിരുന്നു. സദാനന്ദസ്വാമിയുടെ ആഗമനത്തോടുകൂടിയാണ് അയ്യന്‍കാളിയുടെ പ്രവര്‍ത്തനരംഗങ്ങള്‍ വിപുലമായത്. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കും ചെറുകിട കച്ചവടത്തിനുമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നത്. അന്നവര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ഒരുവിഭാഗം ജനങ്ങളെ മറ്റൊരു വിഭാഗം സാമ്പത്തികമായും മാനസ്സികമായും ശാരീരികമായും ക്രൂരമായി പെരുമാറുന്നതാണ് കണ്ടത്. ഇവര്‍ അവര്‍ണ്ണജനതയെ തങ്ങളോടൊപ്പം നിര്‍ത്തി തീണ്ടലും തൊടീലും കൊണ്ട് ദുരിതമനുഭവിച്ച ജനതയെ അവര്‍ ക്രിസ്തുമതത്തിലേക്ക് ചേര്‍ത്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തണലില്‍ അവര്‍ മാനസികമായും ശാരീരികമായും വളര്‍ന്നു വന്നു. അന്നു മതം മാറിയ അവശര്‍ക്ക് പട്ടാളത്തില്‍ അയിത്തം ഒരു പ്രശ്‌നമായിരുന്നില്ല. കുരിശടയാളം അവര്‍ക്കൊരു തുണയായി.

അയ്യന്‍കാളിയുടെ മാതൃസഹോദരിയുടെ കുടുംബം ഹൈന്ദവരുടെ ക്രൂരതയില്‍ മനംനൊന്ത് ക്രിസ്തുമത്തില്‍ ചേര്‍ന്നു. ആ കുടുംബത്തിലെ തോമസ് വാദ്ധ്യാര്‍ സാല്‍വേഷന്‍ ആര്‍മിയുടെ ചുവന്ന കോട്ടും ധരിച്ചു. 

അവര്‍ണ്ണര്‍ കാളച്ചാത്തന്‍ മാടന്‍ ചുടല മാടന്‍ തുടങ്ങിയ ദൈവങ്ങളെ പൂജിക്കുവാന്‍ അനുവദിച്ച കാലത്ത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയും ഉടുതുണിക്കു മറുതുണിയില്ലാതെ അലഞ്ഞപ്പോള്‍ അവരുടെ രക്ഷയ്ക്കായി വരുന്നവരെ അവര്‍ വിശ്വസിച്ചു. കാലാന്തരത്തില്‍ അവര്‍ സാമ്പത്തികമായും മാനസ്സികമായും വിദ്യാഭ്യാസപരമായും തന്റെ ജീവിതങ്ങളെ മെച്ചപ്പെടുത്തി. ഒരു കാലത്ത് തന്റെ ജനതയെ തകര്‍ത്തവരുടെ കൂട്ടരെ അവര്‍ വിശ്വസിക്കുന്നില്ല.

എന്തിനാണ് ഹിന്ദുക്കളായ ദലിതര്‍ ക്രൈസ്തവരായ ദലിതരെ അവഗണിച്ച് ഫാസിസ്റ്റ് ഹിന്ദു തേര്‍വാഴ്ചയ്ക്ക് ഇക്കാലത്ത് ആളെ കൂട്ടുന്നതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സാഹോദര്യ സ്‌നേഹത്തോടും ഹിന്ദു-ക്രൈസ്തവര്‍ മതാതീതമായി ഒരുമിക്കണമെന്നാണ് ദലിതരിലെ പുതിയ തലമുറ ആഗ്രഹിക്കുന്നത്. അതിനെ തടയിടുന്ന ഫാസിസ്റ്റ് മതശക്തികളെ ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം ഫണ്ടമെന്റലിസ്റ്റുകളെ എതിര്‍ക്കണം.

അംബേദകര്‍പുരം മുരുകന്‍
9388120441