"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

ഉണരുക ദളിതരേ... ബോധോദയത്തിലേക്ക്.. - സുധീഷ് വെള്ളാപ്പള്ളി


സുധീഷ് വെള്ളാപ്പള്ളി
ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കറുത്തവന് വ്യവസ്ഥാപിതമായ അറകള്‍ പണിത് യുക്തിക്കുപോലും ഇടം നല്‍കാതെ മാറ്റപ്പെട്ടു. സഹോദരങ്ങളെ സ്‌നേഹിക്കാന്‍ പോലും കഴിയാത്തവിധം താളംതെറ്റിച്ച് കഴിഞ്ഞ നാളുകളില്‍ ഈയം ഉരുക്കി ഒഴിച്ചു. അച്ഛനും അമ്മയും സഹോദരങ്ങളും കാലങ്ങളായി സമൂഹത്തിന്റെ ഇരകളായി. ജനനം അവജ്ഞയുടെ തീണ്ടലുകളായി. തണല്‍ നല്‍കിയ വൃക്ഷങ്ങള്‍ മറയുകയും ഓര്‍മ്മപ്പെടാതയുമായി. പഠനം പരശുരാമനിലൂടെ, സവര്‍ണ്ണാധിപത്യത്തിന്റെ കരങ്ങളിലൂടെ, തലമുറകളിലേക്ക് പാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പൊന്നുവിളയിച്ചവന്‍ ഭക്ഷണത്തിനായി, മണ്ണിനായി കൈനീട്ടിയപ്പോള്‍ ഭിക്ഷയായി കല്‍പ്പിക കോര്‍പ്പറേറ്റുകളുടെ ഉച്ഛിഷ്ടവസ്തു തന്ന് തൃപ്തനാക്കി. മദ്യമുണ്ടാക്കി അമൃതെന്നപേരില്‍ നല്‍കിയപ്പോള്‍ മതിമറന്ന് സേവകരായി. ഉണ്ടാക്കിയവന്റെ നെറുകയില്‍ പൊന്‍തൂവല്‍ മെനഞ്ഞപ്പോള്‍ കുടിച്ചവന്റെ കിഡ്‌നി മാറ്റപ്പെടേണ്ടതായി. ഇവിടെയെല്ലാം സംഭവിക്കുന്നത് സവര്‍ണ്ണ- അവര്‍ണ്ണ- അപ്രഖ്യാപിത നിയമങ്ങള്‍. അപ്പോള്‍ അവര്‍ണ്ണന്‍ അഥവാ പഞ്ചമര്‍ പുറംതീനികളായി തീറ്റിപ്പോറ്റുന്നവരായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതാണ് സംസ്‌കാരമെന്ന് മുദ്രകുത്തുന്നു. വാരിക്കോരി തരുന്ന എന്ന പ്രസ്താവനയോടെ ദളിത് സ്‌നേഹം തുടരുന്നു.

ഇവിടെ അധികാരവും ചെങ്കോലുമില്ലാത്ത ദളിത് ജീവിതങ്ങള്‍ മറ്റുള്ളവര്‍ക്കായി കഴിഞ്ഞുപോകുന്നു. നേരായ ജീവിതങ്ങള്‍ മറ്റുള്ളവര്‍ക്കായി കണ്ടെത്തുന്നിതിന് പലയിടങ്ങളിലും കഴിയാതെ വരുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷത്തെ മാത്രം ചരിത്രമെടുത്താല്‍ ഇവിടെ രാഷ്ട്രീയ മതമേലാളന്മാര്‍ക്ക് അനുസൃതമായി അധികാര വിഭജിത വടംവലിമാത്രമാണ് ദളിത് സമൂഹത്തിനിടയ്ക്ക് നടന്നിട്ടുള്ളത്. വിവിധ സംഘടനകളും, മഹാസഭകളും സ്വാര്‍ത്ഥസംരക്ഷിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഇത്രയുമൊക്കെയായിട്ടും ദളിതര്‍ രാഷ്ട്രീയമായി സാമൂഹികമായി സ്വാതന്ത്ര്യത്തിലും അംഗീകാരത്തിലും എത്തിയിട്ടില്ല. എത്തുന്നതിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനോ അവ സ്വീകരിച്ച് പോകുന്നതിനോ കഴിഞ്ഞിട്ടില്ല. സൈന്ധവജനതയുടെ രാഷ്ട്രീയ മത സ്വാധീനം അത്രയ്ക്കാണ്.

പ്രകൃതിയേയും മണ്ണിനേയും ആരാധിച്ച സ്‌നേഹിച്ച ജനത ഇന്ന് കുടിയേറ്റക്കാരന്റെ 'ഗ്രന്ഥങ്ങള്‍' വായിച്ച് അതാണ് ചട്ടക്കൂട് എന്ന് വിശ്വസിക്കുന്നു. ലോകത്ത് എവിടെയും കുടിയേറ്റ അധിനിവേശ മനുഷ്യന്‍ തങ്ങളുടെ അജണ്ട യില്‍ എഴുതപ്പെടുന്ന നിയമങ്ങള്‍ ചരിത്രങ്ങള്‍ ആണെന്നും ദൈവീക ഗ്രന്ഥമാണെന്നു വിശ്വസിപ്പിക്കുന്നതിന് ശ്രമം നടത്തി വിജയം കൈവരിച്ചിരുന്നു. അത് ഇന്ത്യയിലും കേരളത്തിലും നടപ്പിലാക്കി. പക്ഷെ ആ ഗ്രന്ഥങ്ങള്‍ അവരുടെ സമൂഹത്തെ ഉദ്ധരിക്കുന്നതിന് എഴുതപ്പെട്ടപ്പോള്‍ തദ്ദേശീയര്‍ അതിനെ മഹദ്ഗ്രന്ഥങ്ങളായും ദൈവീക തൂലികയില്‍ എഴുതിയ ചരിത്രങ്ങളായും വിശ്വസിച്ച് പഠിച്ച് പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതിലൂടെ സൈന്ധവന്‍ തന്റെ സംസ്‌ക്കാരവും ഭാഷയും അവനിലേക്ക് ലേലം ചെയ്യപ്പെട്ടു. ഇത് നഗ്നനസത്യം. ഇനിയും ഇത്തരത്തില്‍ ചിന്താശൂന്യനും ചട്ടുകവുമായി മാറിയാല്‍ ദളിതന്, സൈന്ധവന് ഞലറ റമമേ യീീസല്‍ കയറേണ്ടിവരും. ഇവിടെ ദളിതര്‍ക്കായി മതങ്ങള്‍ ഉണ്ടായിട്ടില്ല. അവനെ നേരായ ജീവിത ദിശയിലേക്ക് നയിക്കുന്ന ചരിത്രഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടില്ല. എഴുതിയത് മായ്ക്കപ്പെടുകയും ചെയ്തു. ഇരുണ്ട യുഗത്തിനുശേഷം എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ ഒന്നും തന്നെ ഇവിടുത്തെ തദ്ദേശീയര്‍ക്കില്ല എന്നു നാം തിരിച്ചറിയണം. ഇത്തരത്തില്‍ തിരിച്ചറിവ് വന്നില്ലായെങ്കില്‍ അവസാന കണ്ണിയായി ഈ പൊതുദളിത് ഗോത്രം സാമ്പത്തികമില്ലാത്ത സംസ്‌ക്കാരമില്ലാത്ത തഴയപ്പെട്ട അടിമകളായി മാറും. സവര്‍ണ്ണര്‍ തങ്ങളുടെ സമൂഹത്തിനുവേണ്ടി തയ്യാറാക്കപ്പെട്ട ചരിത്രഗ്രന്ഥങ്ങള്‍ പലപ്പോഴും അതാത് പ്രദേശങ്ങളിള്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ അത്തരത്തില്‍ സവര്‍ണ്ണ ജീവിത ഐതിഹ്യങ്ങളെഴുതിയ ഗ്രന്ഥങ്ങള്‍ പലപ്പോഴും ദളിത് വിഭാഗങ്ങള്‍ തങ്ങളുടെ ജീവിത ആവാസ വ്യവസ്ഥയ്ക്ക് ഉപയോഗിച്ചിരുന്നു. തന്മൂലം ഹൈന്ദവരായും ക്രിസ്ത്യാനിയായും മാറ്റപ്പെട്ടു. അവരുടെ ആചാരങ്ങള്‍ വസ്ത്രധാരണകള്‍, പ്രാര്‍ത്ഥനകള്‍ ദളിതന്റേതുമായി. ഇസ്രായേയിലെ മനുഷ്യരും അവരുടെ ജീവിത ക്രമീകരണ വ്യവസ്തകളും വിവിധ സുവിശേഷങ്ങളായി എഴുതപ്പെട്ടപ്പോള്‍ അവ വായിച്ച കേരളത്തിലെ ദളിതര്‍ പല ക്രിസ്ത്യാനികളായും പല സഭകളായും രൂപന്തരപ്പെട്ടു. ഇത്തരത്തില്‍ ദളിതര്‍ മതം മാറിയതുകൊണ്ട് അവന്റെ ജാതി മാറുന്നില്ല എന്നവന് ബോദ്ധ്യമാകുന്നില്ല. ഇത്തരത്തില്‍ പുതുക്രിസ്ത്യാനിയായും ഹൈന്ദവനായും മാറിയപ്പോള്‍ ചിലര്‍ അതിനെ സാംസ്‌ക്കാരിക മാറ്റമായി ചിത്രീകരിച്ചു. ഇത്തരം കുടിയേറ്റ, ഹൈന്ദവ ഐതീഹ്യങ്ങള്‍ വായിച്ച് തലക്കടിയേറ്റ ദളിതര്‍ തന്റെ സമൂഹത്തിന് വഴിനടക്കാനും വിദ്യാഭ്യാസ സ്വാതന്ത്ര്യ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ മഹാത്മാ അയ്യന്‍കാളിയേയും ഡോ. ബാബാ സാഹബ് അംബേദ്ക്കറേയും പഠിക്കാനും ഒരു നിമിഷം അവരുടെ ചിത്രങ്ങള്‍ക്കുമുമ്പില്‍ പ്രാര്‍ത്ഥിക്കാനും മറന്നു പോകുന്നു. ഈ യജമാനന്മാരെ തള്ളിക്കളയുന്നത്ര തരത്തില്‍ ദളിതനെ മതങ്ങള്‍ സ്വാധീനം ചെലുത്തി.

ഋതുഭേദങ്ങള്‍ക്കനുസരിച്ച് ജീവിതമാര്‍ഗ്ഗവും ആവാസവ്യവസ്ഥയും ഉണ്ടാക്കി ജീവിച്ചിരുന്ന ദളിതര്‍, ആര്യന്മാരുടെ ആഗമനത്തോടുകൂടി ഇവിടുത്തെ ദളിതരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ആരാധനാ സമ്പ്രദായങ്ങളേയും ആരാധനാ ബിംബങ്ങളെയും തങ്ങളുടേതാക്കി. ദളിതരുടെ ദൈവങ്ങളെ ആര്യന്മാര്‍ സ്വീകരിച്ചപ്പോള്‍ ആര്യന്മാരുടെ വിശ്വാസങ്ങളെയും ദൈവങ്ങളേയും ഗ്രന്ഥങ്ങളെയും ദളിതര്‍ അവരുടേതാക്കാന്‍ ശ്രമിച്ചു. തന്മൂലം ദളിതനും ഹൈന്ദവരാണെന്ന് ധാരണയുണ്ടായി. മുന്‍കൈ എന്നും ആര്യന്മാര്‍ക്കായിരുന്നു. കാരണം അവര്‍ സംഘടിതരായിരുന്നു. കൂടുതല്‍ ദീര്‍ഘവീക്ഷണമുള്ളവരായിരുന്നു. ഐതിഹ്യങ്ങളെ മെനയാനും പ്രചരിപ്പിക്കുവാനും കൂടുതല്‍ കഴിവുള്ളവരും അവരുടെ നിലനില്‍പ്പുതന്നെ ഐതിഹ്യങ്ങളായി. കേരളം തന്നെ പരശുരാമന്‍ കോടാലി എറിഞ്ഞു സൃഷ്ടിച്ചതാണ് എന്ന് തറപ്പിച്ചു പറഞ്ഞു. (ദളിത് ബന്ധു- അയ്യന്‍കാളിയും ക്ഷേത്രപ്രവേശന വിളബരവും) ഇത്തരത്തില്‍ ദളിതരുടെ ചരിത്രവും ജീവിതരീതിയും മാറ്റിമറിച്ചു. അവന് പ്രാര്‍ത്ഥനയും ആരാധനായിടവും നഷ്ടപ്പെട്ടു. ഇന്ന് അതെല്ലാം സവര്‍ണ്ണന്റെ കൈകളിലായി. തന്മൂലം ക്ഷേത്രത്തില്‍ യാചകനായി വേലിക്കപ്പുറത്ത് ആരാധനാമൂര്‍ത്തിയെ കാണാന്‍ മാത്രം അനുവാദമായി. വേലിക്കപ്പുറത്തെ സ്പര്‍ശനം തീണ്ടലാകും പോലും. വ്രതമെടുത്ത് ശുദ്ധികലാശം നടത്തേണ്ടിവരും. എന്നിട്ടും തിരിച്ചറിവില്ലാത്ത ദളിതര്‍ ഹിന്ദുവാണെന്നും വാതോരാതെ ഹിന്ദുത്വം വാദിക്കുകയും ചെയ്യുന്നു. ഈ ശുദ്ധകലശത്തിന്റെ കാലത്താണ് പഴയ ഒരു ക്ഷേത്രപ്രവേശന വിളംബരം! ആര്‍ക്കുവേണ്ടി? പൊതു സമൂഹത്തില്‍ പോലും ദളിതര്‍ അയിത്തക്കാരനായി മാറ്റപ്പെടേണ്ടവനായി മാറ്റിക്കൊണ്ടെയിരിക്കുന്നു. ഇങ്ങനെ ആശ്രയമില്ലാതെ വന്നതിന്റെ ഫലമായി അവന്‍ കാലങ്ങളായി അക്കരപ്പച്ചയായ ക്രിസ്ത്യാനിറ്റിയിലേക്ക് ചേക്കേറി. ഇന്ന് പാടാനും തുള്ളാനും തറയില്‍ ഇരിക്കാനും പ്രത്യേകം പ്രത്യേകം ദളിത് ക്രിസ്ത്യാനികളുമായി.

അപ്പോള്‍ എന്താണ് ദളിതര്‍ക്കിടയില്‍ സംഭവിക്കുന്നത്? മഹാത്മാ അയ്യന്‍കാളിക്ക് തന്റെ സമൂഹത്തില്‍ പത്ത് ബി. എ.ക്കാരെ കാണണമെന്നാഗ്രഹിച്ചപ്പോള്‍ പത്തല്ല പതിനായിരക്കണക്കിന് വിദ്യാസമ്പന്നരെ ഇന്ന് കാണാന്‍ കഴിയും. അപ്പോള്‍ വിദ്യാഭ്യാസമല്ല പ്രശ്‌നം. മാടിനെപ്പോലെ കാലങ്ങളായി പണിയെടുക്കുന്ന ദളിതരെ അവന്റെ നിത്യേന ചിലവിലേക്കല്ല മറിച്ച് ഈ സമൂഹത്തെ തീറ്റിപ്പോറ്റുന്നതിന് കഠിനവ്രതമെടുത്ത് പണിചെയ്യുന്നു. അപ്പോള്‍ പണിയെടുക്കാന്‍ മടിയില്ല. തൊഴിലില്ലായ്മയുമല്ല പ്രശ്‌നം. ദിനവും 500 രൂപാമുതല്‍ 1500 രൂപാവരെ പണിചെയ്യുന്ന ദളിതര്‍ അവനു ലഭിക്കുന്ന വേതനം എങ്ങനെ വിനിയോഗിക്കണമെന്ന് അറിയില്ല. ആ അറിവില്ലായ്മയാണ് ദളിതന്റെ മണ്ഡരിബാധ തെങ്ങുപോലെ നില്‍ക്കുന്ന ഭവനങ്ങള്‍. ശരിയായ ഭക്ഷണവും വിശ്രമവുമില്ല. തന്റെ കുട്ടികള്‍ക്ക് ആവശ്യമായ ഭൗതിക പശ്ചാത്തലം ഒരുക്കുന്നതില്‍ പരാജയപ്പെടുന്നു. സാമ്പത്തികം വിനിയോഗിക്കാന്‍ അറിയാന്‍മേലാത്തതുമൂലം അവനും അവന്റെ തലമുറകളും തോട്ടിപ്പണിക്കാരായും മേസ്തിരിയായും തൊഴിലുറപ്പ്കാരികളായും മാറ്റപ്പെടുന്നു. അപ്പോള്‍ സാമ്പത്തിക ക്രമീകരണം ഭാഗികമായി ദളിതര്‍ക്കിടയില്‍ പ്രശ്‌നമാണ്. സാമ്പത്തിക ക്രമീകരണങ്ങള്‍ ചിട്ടപ്പെടുത്തുന്നതിന് നാളിതുവരെയും ഒരു ദളിത് സംഘടനകളും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല എന്നതും സത്യം.

വിവിധ ഇല്ലങ്ങളായി സ്വയംപര്യാപ്തമായി കഴിഞ്ഞിരുന്ന ദളിത് സമൂഹം വില്‍പ്പനച്ചരക്കുകളായി തെക്കോട്ടും വടക്കോട്ടും മാറ്റപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ടത് അവന്റെ സംസ്‌ക്കാരമാണ്. ദളിതര്‍ മതംമാറിയതുകൊണ്ടോ മതങ്ങളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായതുകൊണ്ടോ അവന്റെ ജീവിതക്രയവിക്രയങ്ങള്‍ മാറ്റപ്പെടുന്നില്ല. മാറ്റപ്പെട്ടതുമില്ല. അപ്പോള്‍ ദളിതനാവശ്യം അവന്റെ സാമ്പത്തിക ജീവിത ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതാണ്. വിവിധ രാഷ്ട്രീയ, മത, സമുദായിക സംഘടനകളില്‍ നില്‍ക്കുമ്പോള്‍പോലും അവന്റെ ജീവിതത്തില്‍ നേരായ ചിന്തകള്‍ കൊണ്ടുവരാനും തന്നോടൊപ്പം ജീവിക്കുന്ന സഹോദരങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാനും കഴിയണം. അതിനാദ്യം വിദ്യാസമ്പന്നനാകുകയെന്നതാണ്. അറിവിലൂടെ ലോകത്തെ സമൂഹത്തെ നയിക്കാന്‍ പര്യാപ്തമാകണം. ബോധവത്ക്കരണം നേടുക, ബോധവല്‍ക്കരണം അനുശാസിക്കും കര്‍ത്തവ്യം-ധര്‍മ്മം അനുഷ്ഠിക്കുക. അതേധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ ഒരുമിക്കുക. സംഘടന സ്ഥാപിക്കുക. വിദ്യസമ്പാദിച്ച് സമരം ചെയ്ത് അവകാശങ്ങള്‍ നേടിയെടുക്കുക. മുന്നേറ്റം കുറിക്കുക അതാണ് ശ്രീബുദ്ധനും അംബേദ്ക്കറും ഇന്ത്യയിലെ അടിസ്ഥാന ജനകോടികള്‍ക്ക് നല്‍കിയ സന്ദേശം.

കേരളത്തിലെ പ്രാചീന മതമായിരുന്ന ജൈനമതത്തിന് വളരെ പ്രധാന്യം നേടി ക്കൊടുക്കുന്നത് വിദ്യയാണ്. ത്രിരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന ശരിയായ അറിവ്, ശരിയായ വിശ്വാസം, ശരിയായ പ്രവര്‍ത്തി എന്ന ജൈന സന്ദേശം ദളിതന് വളരെ പ്രധാനപ്പെട്ടതാണ്. ഇവ വേണ്ടവിധം ദളിതന്‍ ഉള്‍ക്കൊണ്ട് പഠിക്കണം. ശരിയായ അറിവില്ലാത്തതിനാല്‍ ചരിത്രബോധവുമില്ല. കഴിഞ്ഞുപോയ തലമുറയേയും അറിയില്ല. തന്മൂലം വരും തലമുറയെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കഴിയില്ല. ഇന്നും ശരിയായ അറിവില്ലാതെ പാതി അടഞ്ഞ മിഴികളുമായി അവന്‍ നീചനും അധഃസ്ഥിതനുമായി സമൂഹത്തില്‍ ജീവിക്കുന്നു. തമ്പുരാന്റെ ആജ്ഞയ്ക്കനുസരിച്ച് ചട്ടുകമായി ചങ്ങലയ്ക്കുള്ളില്‍ നില്‍ക്കുന്നു. തികഞ്ഞ ചിന്താശേഷിയും സാമൂഹിക അറിവും ദളിതന് ഉണ്ടാകേണ്ടതുണ്ട്. ഇത്തരം അറിവിലൂടെ മാത്രമേ അവന് തന്റെ ഈ സമൂഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ശരിയായ വിശ്വാസത്തിലൂടെ എത്തിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇനിയും തിരിച്ചറിവില്ലാതെപോയാല്‍, ഐതീഹ്യങ്ങളും മഹദ്ഗ്രന്ഥങ്ങളും ആണ് തന്റെ സമൂഹത്തിന്റെ വഴികാട്ടിയെന്ന് വിശ്വസിച്ച് വരും തലമുറയേയും നാശത്തിലേക്ക് നയിക്കും എന്നതിന് യാതൊരു മാറ്റവുമില്ല. അറിവും വിശ്വാസവും ഒന്നുചേര്‍ന്നാല്‍ മാത്രമേ ദളിതന് തന്റെ സമൂഹത്തില്‍ കറയില്ലാത്ത മനസ്സുമായി സഹോദരങ്ങളെ സ്‌നേഹിച്ച് വരും തലമുറയെ നല്ലൊരു പാതയിലൂടെ നയിക്കാന്‍ സാധിക്കുകയുള്ളൂ. അതാണ് അവന്റെ ശരിയായ പ്രവര്‍ത്തി. ഇത്തരം പ്രവര്‍ത്തിയിലേക്ക് എത്തുന്നതിന് അവന് സ്വതന്ത്രചിന്തയുണ്ടായിരിക്കണം. അതിന് ബോധോദയം ലഭിച്ചേ തീരൂ...

സ്വജനത്തെ സ്‌നേഹിക്കാനും അവരെ പരിപാലിക്കാനും കഴിഞ്ഞാല്‍ മാത്രമേ തന്റെ ധര്‍മ്മത്തില്‍ എത്തിച്ചേരാന്‍ കഴിയൂ. കാലങ്ങളായി ദളിത് സ്‌നേഹം നടിച്ച സവര്‍ണ്ണന്‍ ദളിത് സമൂഹത്തെ ഉദ്ധരിക്കാന്‍ എന്ന രീതിയില്‍ ചെയ്തു കൂട്ടുന്ന വികൃതികള്‍ മിഴികള്‍ തുറന്ന് കാണാന്‍ തയ്യാറാകണം. വിദ്യാഭ്യാസ പോരാട്ടങ്ങള്‍ക്ക് സാംസ്‌ക്കാരികമായ മുന്നേറ്റം തന്നെ ആവശ്യമാണ്. അതിനായി അവന്റെ കുടുംബത്തില്‍നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. ഭക്ഷണം, വസ്ത്രം, സംസ്‌ക്കാരക്രമീകരണങ്ങള്‍ അവന്‍ ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു. മാറേണ്ടസമയം അതിക്രമിച്ചിരിക്കുന്നു എന്നു തോന്നിത്തുടങ്ങണം. കറുത്തവരായായി കവലത്തെണ്ടികളാകാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സംസ്‌ക്കാരസമ്പന്നനായി തിരിച്ചുവരണം. എങ്കില്‍മാത്രമേ മാറ്റങ്ങള്‍ ആരംഭിക്കുകയുള്ളൂ. കാലങ്ങളായി പോസ്റ്റര്‍ തൊഴിലാളികളും വോട്ടുബാങ്കകളുമായി മാറാതെ അവന്‍ സ്വയം ആരെന്ന് തിരിച്ചറിയണം. ഇത്തരം തിരിച്ചറിവുകള്‍ ഉണ്ടായിരിക്കുമ്പോള്‍ ദളിത് സമൂഹം സാംസ്‌കാരിക, സാമ്പത്തിക, ലക്ഷ്യങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധിക്കും. നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ സ്വപ്നം കണ്ട നല്ല നാളുകള്‍ കടന്നുവരും. നമ്മള്‍ സ്വയംപര്യാപ്തമായ സമൂഹമായിമാറും. അതിനായി ഉണര്‍ന്നിരിക്കുന്ന ദളിതനാവണം. ഉണര്‍ന്ന മിഴികളോടെ സമൂഹത്തെ കാണുകയും താന്‍ വളരാന്‍ തയ്യാറാകുകയും ചെയ്യണം. അതിന് സ്വതന്ത്രചിന്തകള്‍ ഉദിക്കണം. ബോധമണ്ഡലം ഉണരണം. വരും തലമുറയെ നിലനിര്‍ത്തണമെങ്കില്‍ ആ ബോധമണ്ഡലത്തില്‍ നല്ല ഫലങ്ങള്‍ ഉണ്ടാകണം. അതിന് അവന്‍ ബോധോദയത്തില്‍ എത്തിച്ചേര്‍ന്നേ പറ്റൂ. ബോധമണ്ഡലത്തെ രൂപപ്പെടുത്തണം. കൃഷിയില്‍ അധിഷ്ഠിതമായ ജീവിതശൈലിയുള്ള ദളിത് സമൂഹം അവന്റെ സ്വന്തം മണ്ണിനെ സ്‌നേഹിക്കണം. അവയെ തിരിച്ചറിയണം. അതിന് കൃഷിയുടെ രീതിയുലുള്ളതാവട്ടെ അവന്റെ ബോധോദയം.

ഹൃദയം- കൃഷിയിടം
വിശാലമായ ചിന്തകള്‍ക്ക് പ്രവര്‍ത്തികള്‍ക്ക് തയ്യാറെടുക്കുന്നതിനായി സമരകൃത്യതയോടുള്ള വിശാലമായ സമതലം അതാണ് കൃഷിയിടമായ ഹൃദയം.
മനസ്സ്- കരി
വിവിധ ചിന്തകള്‍കൊണ്ട് നന്മകളിലലാത്ത വിഷം നിറഞ്ഞ കൃഷിയിടത്തിലെ അഹന്തയുടെ പ്രദേശം.
ഗുണങ്ങള്‍- കാളകള്‍
വിവിധ ചന്തകളാല്‍ വഷം നിറഞ്ഞ കൃഷിയിടത്തെ പാകപ്പെടുത്തുന്ന നന്മയുടെ ഗുണങ്ങള്‍ കാളകള്‍.
വിവേകം- ചമ്മട്ടി (ചാട്ട)
നന്മയുടെ ഗുണങ്ങളെ പാകപ്പെടുത്തുന്നതിനും വിഷമായ കരിയെ എടുത്തു കാളകളെ വേണ്ടവിധം വിനിയോഗിക്കുന്നത് ചമ്മട്ടി.
ധൈര്യം- വളങ്ങളിലുത്തമം
പാകപ്പെടുത്തിയ കൃഷിയിടത്തിലേക്ക് കരിയാകുന്ന വിഷത്തെ ഇല്ലായ്മ ചെയ്യുന്നത് അറിവാകുന്ന വളങ്ങളിലുത്തമം ധൈര്യം.
പ്രേമം- വിത്ത്
വിഷത്തെ നീക്കം ചെയ്യുമ്പോള്‍ കൃഷിയിടം ഉണരുന്നു. ഇവിടെ അറിവായ ധൈര്യം പകരുമ്പോള്‍ വിത്താകുന്ന പ്രേമം പരക്കുന്നു.
ഭക്തി- മഴ
സ്‌നേഹത്തിന്റെ, പുതിയ ചിന്തകള്‍ക്ക് കരുത്തേകുന്ന വിത്തിനെ ഉണര്‍ത്തുന്നതിന് ആദരവുള്ള മനസ്സിന്റെ താളമായി മഴ ഭക്തിയായി കൃഷിടിയടങ്ങളില്‍ പെയ്തിറങ്ങുന്നു.
വികാരങ്ങള്‍- കളകള്‍
പെയ്തിറങ്ങിയ മഴയില്‍ വികാരമാകുന്ന കളകളായി നന്മയായി സ്‌നേഹമായി പുതിയ ശുദ്ധമായ ചിന്തകളെ ഉണര്‍ത്തുന്നു.
വിള- ബോധോദയം
ശുദ്ധമായ മനസ്സിന്റെ ചിന്തകള്‍ക്ക് നന്മയുടെ സ്‌നഹത്തിന്റെ വിശ്വസ്തതയുടെ നേര്‍വഴികാണിക്കാന്‍ മനോഭാവം എന്ന മനസ്സിന്റെ പാകപ്പെട്ട രൂപാന്തരം വിള. അതാണ് ബോധോദയം.

ഇത്തരത്തില്‍ മനസ്സിനെ നിയന്ത്രിച്ച് ആവശ്യമായ അറിവുകളുടെ കരുത്തോടെ രൂപപ്പെടുത്താന്‍ ദളിതന് സാധിച്ചാല്‍ അവന്‍ ബോധോദയത്തില്‍ എത്തിച്ചേരും. ഇവിടെ പിറക്കുന്നത് പരസ്പര സ്‌നേഹത്തിന്റെ കലര്‍പ്പില്ലാത്ത ത്യാഗത്തിന്റെ പുതിയ മുഖങ്ങളായിരിക്കും. ഇത്തരം ചിന്താശേഷിയുള്ള ആളുകളായി മാറിയെങ്കിലേ ഈ സമൂഹം പുരോഗതിയിലേക്ക് കുതിക്കുകയുള്ളൂ. അതിനായി അവന്‍ തന്റെ കുടുംബങ്ങളില്‍നിന്നും രൂപന്തരത്തിനായി സമയം കണ്ടെത്തണം. തന്റെ കുട്ടികള്‍ക്ക് ആരോഗ്യമുള്ള സ്വപ്നങ്ങള്‍ നല്‍കണം. നാളയുടെ കരുത്ത് ആര്‍ജിക്കാന്‍ കൈത്താങ്ങ് നല്‍കണം. കുടുംബങ്ങള്‍ക്ക് മാന്യതയും ഐക്യവും കൈവരിക്കണം. ഇത്തരത്തില്‍ മാറി ചിന്തിക്കാന്‍ ദളിത് ഐക്യം ഉണ്ടാക്കിയെടുക്കാന്‍, ഓരോരുത്തരും തീരുമാനിച്ചാല്‍ ദളിതര്‍ വിജയിക്കും. തന്നെ നിയന്ത്രിക്കുന്ന ചങ്ങലകളെ മനസ്സിലാക്കണം. മാറ്റം സംഭവ്യമാണ്. മാറേണ്ട സമയമായി. അതിനായി വിവിധ മത- ജാതി ഉപജാതി ചിന്തകള്‍ മനസ്സിലാക്കി മാറ്റിവച്ച്, അല്‍പ്പ സമയം തന്റെ ഈ ദളിത് സഹോദരങ്ങളെ മനസ്സിലാക്കി, ഈ സമൂഹത്തില്‍ ദളിതര്‍ക്കിടയില്‍ കാട്ടിക്കൂട്ടുന്ന വൃത്തികേടുകളെ മനസ്സിലാക്കി, ഈ സമൂഹത്തില്‍ ഞാന്‍ ആരെന്ന് തിരിച്ചറിഞ്ഞ് ഒത്തൊരുമിച്ച് ഒരു വന്‍കടലായ് മാറണം. എങ്കില്‍ മാത്രമേ നല്ലൊരു നാളെ നമുക്കായി പിറക്കയുള്ളൂ. അവിടെ സാമ്പത്തിക സാമൂഹിക തുല്യത ആരംഭിക്കും. അല്ലാത്തപക്ഷം ചൈനാ വന്‍മതില്‍പോലെ വേര്‍തിരിച്ച് പുതിയ സഹസ്രാബ്ദം കടന്നുവരും. അന്ന് പിന്‍തിരിഞ്ഞു നോക്കിയാല്‍ ശൂന്യതകള്‍ മാത്രമായിരിക്കും ഫലം.

ബുദ്ധനാണ് ആദ്യം പറഞ്ഞത് നിങ്ങള്‍ ചിന്തിക്കുക, സ്വയം ചിന്തിക്കുക. ബോധ്യപ്പെടുന്നത് മാത്രം സ്വീകരിക്കുക. ആര് എന്ത് പറഞ്ഞാലും വിശ്വസിക്കരുത്. ഒന്നും വിശ്വസിക്കരുത്. ആരെയും വിശ്വസിക്കരുത്. ഒരു തമ്പുരാന്‍ പറയുന്നതും വിശ്വസിക്കരുത്. അതുകൂടി കേട്ട് സ്വയം ചിന്തിച്ചുമാത്രം തീരുമാനമെടുക്കുക... (ദളിത് ബന്ധു-ബുദ്ധനാണ് ശരി/ പേജ് 29)

സുധീഷ് വെള്ളാപ്പള്ളി
9447013981