"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

പി.കെ.ജയലക്ഷ്മി രാജിവച്ച് ആദിവാസിക്ഷേമകാര്യം ഭരണം അറിയാവുന്നവര്‍ക്ക് വിട്ടുകൊടുക്കണം -സി. ഗോവിന്ദന്‍


പി.കെ.ജയലക്ഷ്മി 
ഒരു ജനപ്രതിനിധിക്ക് അര്‍ഹതയുള്ള എല്ലാ ആദരവും നിലനിര്‍ത്തി ക്കൊണ്ടാണ് ലേഖകന് ഈ ആവശ്യം ഉന്നയിക്കുന്നത്. ആദിവാസി ക്ഷേമമന്ത്രാലയം ഒരു വര്‍ക്ക്‌ഷോപ്പോ, ബഹു മന്ത്രി അവിടുത്തെ ഒരു അപ്രന്റീസ് ട്രെയിനിയോ അല്ല.

47-ാം ഭരണഘടനാ അനുച്ഛേദം:
ജനതയുടെ പോഷകാഹാര നിലവാരവും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനും പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നായി പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഔഷധപ്രയോഗ ത്തിനുവേണ്ടിയല്ലാതെ ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുംവേണ്ടിയുള്ള കാര്യം ഗവണ്‍മെന്റ് പരിഗണിക്കേണ്ട താണെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദം അനുശാസിക്കുന്നത് മന്ത്രി പി.കെ.ജയലക്ഷ്മി ഉള്‍പ്പെടെയുള്ളവരോടാണ്.

വയനാടിന്റെ പ്രിയപുത്രി കുമാരി പി.കെ.ജയലക്ഷ്മി വയനാടന്‍ കാടുകളില്‍ ഈയിടെ ഉണ്ടായ വെടിയൊച്ചകള്‍ മാത്രം കേട്ടാല്‍ പോര. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും ഉണ്ടാകാത്ത വെടിയൊച്ചകള്‍ എങ്ങനെയാണ് വയനാട്ടിലും അട്ടപ്പാടിയിലും ഉണ്ടാകുന്നത്. ആദിവാസികളുടെ രോഷാഗ്നിയാണ് വെടിയുണ്ടകളായി നക്‌സലൈറ്റുകളുടെ തോക്കുകള്‍ നിറച്ചിരിക്കുന്നത്. ആദിവാസി അമ്മമാരുടെ ഗര്‍ഭപാത്രത്തില്‍ തന്നെയിരുന്ന് ചരമം അടയുന്ന ശിശുക്കളുടെയും പ്രസവിച്ചതിനു ശേഷം ചക്രശ്വാസം വലിച്ചുകൊണ്ട് വയനാടന്‍ പച്ചിലക്കാടുകളും നീലാകാശവും കണ്ടിട്ട് കണ്ണുചിമ്മുന്ന പിഞ്ചിളം കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ദീനരോദനങ്ങളും ബഹു. മന്ത്രി കേള്‍ക്കണം. മന്ത്രി ഇന്ന് നല്ലതുപോലെ ഭരിക്കും, നാളെ ഭരിക്കും, നാളെ സമര്‍ത്ഥയാകും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരുന്നത്. ഏറ്റവും അധികം കര്‍മ്മകുശലത വേണ്ട ഒരു വകുപ്പാണ് ആദിവാസിക്ഷേമം. ഇന്നത്തെ ബഹു. ആഭ്യന്തര വകുപ്പു മന്ത്രി കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോള്‍ ഒരു ആഗ്രഹം പ്രകടിപ്പിച്ചത് ഓര്‍ക്കുന്നുണ്ട്: ആദിവാസിക്ഷേമമന്ത്രി ആകാന്‍ ആഗ്രഹമുണ്ടെന്ന്. പി.കെ.ജയലക്ഷ്മിയുടെ ഭരണം കണ്ടായിരിക്കും അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തല അങ്ങനെ ഒരു ആഗ്രഹം പറഞ്ഞത്. 

ആദിവാസിക്ഷേമമന്ത്രിയുടെ ഇന്നത്തെ ഭരണം കണ്ടിട്ട് എല്ലാവരുടെയും ക്ഷമകെട്ടു. ഇന്ന് നമ്മുടെ ബഹു. മന്ത്രിക്ക് യുവജനക്ഷേമവും കാഴ്ചബംഗ്ലാവുകളുടെയും മൃഗശാലകളുടെയും ക്ഷേമവും നോക്കാനേ സമയമുള്ളൂ. മന്ത്രിയുടെ ഓഫീസില്‍ ആദിവാസികളുടെ ക്ഷേമം എങ്ങനെ ആയിരിക്കണമെന്ന റിയാവുന്ന ഒരു ഉദ്യോഗസ്ഥന്‍ പോലും ഇല്ലെന്നുള്ളതിന് തെളിവാണ് മന്ത്രിയുടെ ആദിവാസിക്ഷേമ പരിപാടികളുടെ അപചയവും ഗര്‍ഭസ്ഥ ശിശുക്കളുടെയും പിറന്നുവീണ ശിശുക്കളുടെയും മരണവും. ബഹുമാനപ്പെട്ട മന്ത്രി, സ്ഥാനം ഒഴിഞ്ഞ് വയനാട്ടില്‍ ചെല്ലുന്ന സമയത്ത് (അടുത്ത തെരഞ്ഞെടുപ്പു കാലത്ത് വോട്ടു ചോദിക്കാന്‍ ചെല്ലുമ്പോഴെങ്കിലും) 'നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തു' എന്ന് വിദ്യാസമ്പന്നരായ ആദിവാസി യുവതി-യുവാക്കള്‍ മന്ത്രിയോടു ചോദിക്കുമ്പോള്‍ താങ്കള്‍ എന്തു മറുപടി പറയും? കേരളത്തില്‍ മന്ത്രിക്ക് സ്വതന്ത്ര ചുമതലയാണുള്ളത്. അതുകൊണ്ട് മന്ത്രിയുടെ വിജയത്തിനും പരാജയത്തിനും കാരണം സ്വതന്ത്ര ചുമതലയുള്ള മന്ത്രി മാത്രമാണ്.

എന്തിനിങ്ങനെ ധാര്‍മ്മികരോഷം കൊള്ളുന്നുവെന്ന് ചോദിക്കുന്നവരോട് ചുവടെ പറയുന്നതാണ് അതിനുള്ള കാരണങ്ങള്‍ എന്ന് പറയട്ടെ. 

ആദിവാസിമേഖലകളില്‍ ഇന്ന് കൊടുംപട്ടിണി തന്നെ. ആധുനിക ഭാഷയില്‍ ക്ഷാമം എന്ന് പറയാം. ബി.പി.എല്‍. റേഷനുണ്ടായാലും അതു വാങ്ങാന്‍ രൂപ വേണം. ബഹുമാനപ്പെട്ട ഒരു ആദിവാസി ക്ഷേമകാര്യമന്ത്രി ഇല്ലാതിരുന്നാലും അവരുടെ പട്ടിണി ഇന്നത്തേതില്‍ നിന്നൊട്ടും കൂടില്ലായിരുന്നു. മന്ത്രിയുടെ ഒരു ഉപഓഫീസ് വയനാട്ടില്‍ ആരംഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഇന്റര്‍നെറ്റും വയര്‍ലെസ് സംവിധാനവും ഉള്ളതുകൊണ്ട് ഭരണകാര്യങ്ങള്‍ മന്ത്രിക്കു വയനാട്ടിലി രുന്നു നിയന്ത്രിക്കാം. മന്ത്രിസഭാ മീറ്റിംഗുകള്‍ക്ക് മന്ത്രി തിരുവനന്തപുരത്തു പോയാല്‍ മതിയല്ലോ. മന്ത്രിയുടെ ഉദ്യോഗസ്ഥര്‍ക്കോ ഉദ്യോഗസ്ഥകള്‍ക്കോ ആ തസ്തിക വേണമെന്നുണ്ടെങ്കില്‍ മന്ത്രിയുടെ വയ നാട്ടിലെ ഉപഓഫീസില്‍ എത്തണം. മന്ത്രിക്കും മന്ത്രിസഭയ്ക്കും ഇങ്ങനെ ഒരു നല്ല തീരുമാനം എന്തുകൊണ്ട് എടുത്തുകൂടാ. അതിനുള്ള നിയമനിര്‍മ്മാണം നടത്തിക്കൂടാ.

വേദനാജനകമായ അല്പം കാര്യങ്ങള്‍ വെളിപ്പെടുത്താം. 2014 ഡിസംബര്‍ 8-ന് ചീരക്കാട് കോളനിയിലെ രണ്ടുമാസം പ്രായമായ പെണ്‍കുട്ടി മരണമടഞ്ഞു (ആദിവാസി ജനതയുടെ ജനസംഖ്യ എങ്ങനെ കുറയാതിരിക്കും. ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം മരണനിരക്ക് കൂട്ടിക്കൊണ്ട് ജനസംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കണമെന്നാണോ ബന്ധപ്പെട്ട അധികൃതര്‍ ആഗ്രഹിക്കുന്നത്?). 2013-ല്‍ 16 കുട്ടികള്‍ മരണമടഞ്ഞു. 2014-ല്‍ അത് 15 ആയി എന്ന വ്യത്യാസമേ ഉള്ളൂ. ആദിവാസികള്‍ക്കിടയിലുള്ള ശിശുമരണങ്ങള്‍ തടയാനായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'സ്‌പെഷ്യല്‍ അട്ടപ്പാടി പാക്കേജുകള്‍' വിജയിച്ചില്ലെന്നാണ് സൂചന. ഒരു പ്രദേശത്തിന്റെ സാമൂഹ്യ വികസനത്തിന്റെ അളവുകോല്‍ ആ പ്രദേശത്തെ ശിശുമരണനിരക്കാണെന്നതു ലോകമാസകലം അംഗീകരിക്കപ്പെട്ട വസ്തുതയാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ അട്ടപ്പാടിയിലെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ശിശുമരണങ്ങളില്‍ 80%ത്തോളം ജനസംഖ്യയുടെ വെറും 40% മാത്രമുള്ള ആദിവാസികള്‍ ക്കിടയിലാണുണ്ടായിട്ടുള്ളത്. ഇതില്‍ 65% ത്തോളവും പ്രസവിച്ച് മാസം തികയാത്ത നവജാത ശിശുക്കളായിരുന്നു. നവജാത ശിശുക്കളുടെ മരണകാരണം അമ്മാരുടെ ഗര്‍ഭകാലത്തും അതിനുമുന്‍പുമുള്ള ആരോഗ്യപരിചരണത്തിന്റെയും പോഷകാഹാരത്തിന്റെയും കുറവാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിവരെ അട്ടപ്പാടി ബ്ലോക്കില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട 18 ശിശുമരണങ്ങളില്‍ 15-ഉം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടേതായിരുന്നു. ഇവരില്‍ 11 പേര്‍ക്കും ജനനസമയത്ത് വേണ്ടത്ര ശരീരഭാരം (2.5 കി.ഗ്രാം) ഉണ്ടായിരുന്നില്ല.

പല കുടുംബങ്ങളിലും എല്ലാവര്‍ക്കും പോഷകാഹാരം ശരിയായി വിളമ്പാന്‍ കഴിയുന്നില്ല. അവിടെ പോഷകാഹാരക്കുറവുമൂലം ശിശുമരണം സംഭവിക്കുന്നു. 2013-ലെ ആവര്‍ത്തനംപോലെ തന്നെ കഴിഞ്ഞ വര്‍ഷവും 9 കുട്ടികള്‍ മരിച്ചത് വീടുകളിലോ (6) ആശുപത്രികളിലേക്കുള്ള വഴിമദ്ധ്യയോ (3) ആണ്.

21-ാം നൂറ്റാണ്ടിലും കേരളത്തില്‍ പിറന്ന കുട്ടികളില്‍ ചിലര്‍ ചികിത്സപോലും കിട്ടാതെ മരിക്കുന്നത് വിരോധാഭാസം തന്നെയാണ്. ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാകാത്ത ഉള്‍ക്കാടുകളിലെ ഊരുവാസികള്‍ക്കായി പ്രത്യേകം യാത്രാസംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

ഗര്‍ഭിണികളില്‍ മുറയ്ക്കു നടത്തേണ്ടുന്ന ശരീര, ഉദര, രക്ത പരിശോധനകള്‍, രോഗനിര്‍ണ്ണയങ്ങള്‍, പോഷകാഹാരവിതരണം, ഇരുമ്പുസത്ത്, ഫോളിക് ആസിഡ് എന്നിവയുടെ വിതരണം, അപകടകരമായ രോഗമുള്ളവരെ കണ്ടെത്തി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഉള്ളിടത്തേക്ക് റഫര്‍ ചെയ്യല്‍, കുട്ടികളുടെയും ഗര്‍ഭിണികളുടെയും ട്രാക്കിംഗ് (tracking), വാഹനസൗകര്യം ഒരുക്കല്‍ തുടങ്ങി താഴെത്തട്ടില്‍ നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതിനാലുള്ള പ്രത്യക്ഷ രോഗലക്ഷണങ്ങളാണ് മേല്‍ വിവരിക്കപ്പെട്ട ശിശുമരണങ്ങള്‍ക്ക് കാരണം. ഇതിനു പരിഹാരം കാണാന്‍ അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികള്‍ കൂടുതലുള്ള മറ്റു പ്രദേശങ്ങളിലെയും ആദിവാസിവികസന ഓഫീസുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. ബന്ധപ്പെട്ട മന്ത്രി സ്വന്തം ഓഫീസുകളെ ഉത്തേജിപ്പിക്കണം. ആദിവാസിജനതയ്ക്കു കരയാനറിയാത്ത തുകൊണ്ട് അവരെ ആരും അവഗണിക്കരുത്. അവര്‍ക്ക് എല്ലാറ്റിനും 'നില്പുസമരം' സാദ്ധ്യമല്ലല്ലോ. ട്രൈബല്‍ വകുപ്പിലെ പ്രൊമോട്ടര്‍മാരുടെയും (178) ആനിമേറ്റര്‍മാരുടെയും (48) പ്രവര്‍ത്തനങ്ങള്‍ ആദിവാസികള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാക്കേണ്ടതാണ്. അവര്‍ അലവന്‍സുകള്‍ പറ്റുന്ന 'ഉദ്യോഗസ്ഥര്‍' മാത്രമാകരുത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ കോട്ടത്തറ ട്രൈബല്‍ ആശുപത്രികളില്‍ നടന്ന 281 പ്രസവങ്ങളില്‍ 207-ഉം ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടേതായിരുന്നു. ഗര്‍ഭസ്ഥമരണ ങ്ങളില്‍ മുഴുവനും (8) ആദിവാസി വിഭാഗത്തില്‍നിന്നായിരുന്നു. ഇവിടെ ചികിത്സയ്ക്കു കൊണ്ടുവന്ന ഗര്‍ഭിണികളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 50 ശതമാനം പേരും വിളര്‍ച്ചാരോഗ ബാധിതരായ പ്പോള്‍ മറ്റു വിഭാഗങ്ങളില്‍ വെറും ഏഴുശതമാനത്തിനു മാത്രമായിരുന്നു വിളര്‍ച്ചാരോഗം ഉണ്ടായിരുന്നത്. ആദിവാസി വിഭാഗത്തിലെ നവജാത ശിശുക്കളില്‍ പകുതിയും തൂക്കക്കുറവുള്ളവരാ യപ്പോള്‍ മറ്റു വിഭാഗത്തില്‍ പത്തില്‍ ഒന്നുമാത്രമായിരുന്നു തൂക്കക്കുറവുള്ളവര്‍. ആരോഗ്യമുള്ള കുട്ടികള്‍ ജനിക്കണമെങ്കില്‍ ആരോഗ്യമുള്ള അമ്മമാര്‍ വേണം. കേരളത്തിലെ ഇപ്പോഴത്തെ ശിശുമരണനിരക്ക് ആയിരത്തിനു 12 ആണ്. ഇതുപ്രകാരം അട്ടപ്പാടിയില്‍ ആറു ശിശുമരണങ്ങള്‍ മാത്രമേ പാടുള്ളുവെങ്കിലും ആദിവാസികള്‍ക്കിടയില്‍ ഇത് ആയിരത്തില്‍ 30 ആണ്. രണ്ടര ഇരട്ടി! ഇതിനെ എങ്ങനെയാണ് നീതീകരിക്കുക. താഴെത്തട്ടില്‍നിന്നും മേലേ തട്ടുവരെയുള്ള ബന്ധപ്പെട്ടവര്‍ ഇതിനു മറുപടി പറയണം.

കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെയുള്ള ആദിവാസികളുടെ എണ്ണം 90 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയുകയും വനഭൂമി 80 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയുകയും ചെയ്തു. ആദിവാസികളെ ചൂഷണം ചെയ്യുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ആദിവാസി വിഭാഗങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ 65% മുതല്‍ 85% വരെ അവരെ കബളിപ്പിച്ച് തട്ടിയെടുക്കപ്പെട്ടു. ഇന്ന് 80 ശതമാനംപേരും കൂലിവേല ചെയ്യുന്ന ഇവിടെ 10 ശതമാനം പേര്‍ക്ക് മാത്രമേ സ്വന്തമായി കൃഷിഭൂമിയുള്ളൂ.

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 9500-ലധികം ആദിവാസികള്‍ക്കും 2011-12 വര്‍ഷം ശരാശരി 21 ദിവസം മാത്രമാണ് തൊഴില്‍ദിനങ്ങള്‍ ഉണ്ടായിരുന്നത്. ഇത് കേരളത്തിലെ ഇതരപ്രദേശങ്ങളിലെ തൊഴില്‍ദിന ശരാശരിയെക്കാള്‍ വളരെ താഴെയാണ്. ഇത് എങ്ങനെ സംഭവിക്കുന്നു.

കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ക്കായി 750 കോടി ചെലവാക്കിയി ട്ടുണ്ട്. ഇതുപ്രകാരം അവിടെയുള്ള പതിനായിരത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് ഏഴരലക്ഷം രൂപാവീതം ഓരോരുത്തര്‍ക്കും ലഭിക്കാവുന്നതാണ്. ഈ ചെലവാക്കുന്നതൊന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ല. എന്തുകൊണ്ട്?

കഴിഞ്ഞവര്‍ഷം മുതല്‍ ഇവിടെ കുട്ടികളുടെ വളര്‍ച്ചയും പോഷകാഹാരകുറവും നിരീക്ഷിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ 'ജാതക ജനനി സോഫ്റ്റ്‌വെയര്‍' പ്രകാരം ആറുവയസ്സില്‍ താഴെയുള്ള 672 കുട്ടികളെ പോഷകാഹാരക്കുറവുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര പദ്ധതികള്‍ നടപ്പാക്കേണ്ടുന്ന ഐ.സി.ഡി.എസ്സിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന 174 അങ്കണവാടികളില്‍ 132 എണ്ണത്തിനു മാത്രമേ കെട്ടിടസൗകര്യമുള്ളൂ. ഇതില്‍ 130 എണ്ണത്തില്‍ കുടിവെള്ള ലഭ്യതയും 66 എണ്ണത്തില്‍ കക്കൂസു സൗകര്യവും ഇല്ല എന്നതാണ് 'തമ്പാ'ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വംശനാശം സംഭവിച്ച് അന്യംനിന്നുപോകുന്ന ഇരകളെ അപരിഷ്‌കൃതരെന്നും മദ്യപരെന്നും അടച്ചാക്ഷേപിച്ച് പടിയടച്ച് പുറത്താക്കുന്ന പ്രവണതയും മനോഭാവവും ഈ മേഖലകള്‍ക്കായി ജോലി ചെയ്യുന്ന ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലുണ്ട്.

സ്വന്തം പ്രവര്‍ത്തനമണ്ഡലത്തില്‍ ഉദ്യോഗസ്ഥന്മാരെ നേര്‍വഴിക്ക് നടത്തുന്നതിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട മന്ത്രിക്കുണ്ട്. മന്ത്രിസഭാരൂപീകരണ സമയത്ത് മന്ത്രിസ്ഥാനം കണക്കുപറഞ്ഞു വാങ്ങിച്ച ബഹു മന്ത്രിക്ക് തന്റെ ജനതയെ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമകാര്യങ്ങള്‍ നോക്കുന്നതിനുമുള്ള ഉത്തരവാദിത്വമുണ്ട്.

വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനും അട്ടപ്പാടിയില്‍ ഒരു ജനറല്‍ ആശുപത്രിയും നിശ്ചിതപ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അങ്കണവാടികളും സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട മന്ത്രി നടപടി സ്വീകരിക്കേണ്ടതാണ്.

ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി '1975-ലെ ആദിവാസി ഭൂസംരക്ഷണ (ഭൂമി വീണ്ടെടുക്കല്‍) നിയമം' അനുസരിച്ച് തിരിച്ചുപിടിച്ചു അവര്‍ക്ക് കൊടുക്കണം. അവരുടെ ഭൂമിക്ക് ആദിവാസികളല്ലാത്ത ആര്‍ക്കെങ്കിലും പട്ടയം നല്‍കിയിട്ടുണ്ടെങ്കില്‍ ആ പട്ടയം റദ്ദാക്കണം. വയനാട്ടില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഒരു ഉപകേന്ദ്രം സ്ഥാപിച്ച് ആദിവാസികളുടെ കൃഷിക്ക് ഉത്തേജനം നല്‍കണം. ആധുനിക കാര്‍ഷികരീതികള്‍ ആദിവാസികളെ പഠിപ്പിക്കുകയും കൃഷിയോടു ബന്ധപ്പെട്ട വ്യവസായങ്ങള്‍ അവിടെ ആരംഭിക്കുകയും വേണം.

റവന്യൂ, ആരോഗ്യ, ശിശുക്ഷേമ, സാമൂഹ്യക്ഷേമ ഡിപ്പാര്‍ട്ടുമെന്റുകളുടെ ഏകോപനം ഇവിടെ സാധ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം ആദിവാസി ക്ഷേമമന്ത്രി ഏറ്റെടുക്കണം. ഇല്ലെങ്കില്‍ ബഹു. മന്ത്രി ആദിവാസിക്ഷേമ കാര്യം വിട്ടൊഴിഞ്ഞിട്ട് യുവജനക്ഷേമകാര്യവും കാഴ്ചബംഗ്ലാവുകളുടെയും മൃഗശാലകളുടെയും ക്ഷേമകാര്യവും നോക്കി മന്ത്രിപ്പണി ചെയ്യട്ടെ (ഈ പ്രസ്താവനയ്ക്കു ബഹു. മുഖ്യമന്ത്രി ക്ഷമിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു). അതിന് കേരളത്തിലാര്‍ക്കും ഒരു എതിര്‍പ്പുമില്ല. ആദിവാസികളെ വഞ്ചിക്കാതിരുന്നാല്‍ മതി. 

(ഇതിലെ വിവരങ്ങള്‍ക്കും കണക്കുകള്‍ക്കും ഡോ.ജയകൃഷ്ണന്‍ ടി., മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനോട് കടപ്പാട്)

സി. ഗോവിന്ദന്‍ ഐ. ഐ. എസ്. 
സ്ഥാപക സെക്രട്ടറി ജനറല്‍, സംവരണ സംരക്ഷണ സേന
8891177662