"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

പെരുമാള്‍ മുരുകന്റെ സര്‍ഗമൃത്യു - കെ വി പത്മന്‍


പെരുമാള്‍ മുരുകന്‍ 
ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടുകൂടി നരേന്ദ്രമോഡി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം വികസനത്തിന്റേയും രാജ്യ നന്മയുടേയും പേരില്‍ ഒരു ഭാഗത്ത് തീവ്രമായ സാമ്രാജ്യത്വ പ്രീണനവും സേവയും നടത്തുമ്പോള്‍ത്തന്നെ, ഇതിന്റെ മറവില്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ മറുവശത്ത് തീവ്ര ജാതിമത വികാരമിളക്കിവിട്ടുകൊണ്ട് രാജ്യത്തെ വരുംകാലങ്ങളില്‍ കാവിവല്‍ക്കരിക്കാനുള്ള ഗൂഢ കരുനീക്കങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയുമാണ്. സര്‍ഗാത്മകമായ കലാ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ രാജ്യത്താകമാനം ഹിന്ദു വര്‍ഗീയവാദികള്‍ ബോധപൂര്‍വമായും സംഘടിതമായും നടത്തുന്ന ഇടപെടലുകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പെരുമാള്‍ മുരുകന്റെ 'സര്‍ഗാത്മകാത്മഹത്യ'.

'പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമില്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാല്‍ അയാള്‍ ഇനിമുതല്‍ പി മുരുകന്‍ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതേ വിടുക' എന്ന തന്റെ ഫേസ് ബുക്ക് പോസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സര്‍ഗാത്മക പ്രതിഭയുടെ ആത്മഹത്യാ കുറിപ്പ് തന്നെയായിരുന്നു. ആധുനിക തമിഴ് സാഹിത്യ രചനകളിലേറിയ ഭാഗവും തഞ്ചാവൂര്‍, തിരുനെല്‍വേലി, പ്രദേശങ്ങളിലെ ആഢ്യരായ ഗ്രാമവാസികളുടേയോ അതുമല്ലെങ്കില്‍ ചെന്നൈ നഗരവും പ്രാന്തപ്രദേശങ്ങളുമടങ്ങുന്ന വരേണ്യ ജനതയുടേയോ കഥകള്‍ മാത്രം പറഞ്ഞുകൊണ്ടിരുന്ന കാലത്താണ് തൊട്ടുകൂടാത്തവരും അടിമ സമാനമായ ജീവിതം നയിക്കുന്നവരുമായ കൊങ്കു പ്രദേശത്തെ അടിയാളരുടെ ഇടയിലെ കഥാ പാത്രങ്ങളുമായി പെരുമാള്‍ മുരുകന്‍ ആധുനിക തമിഴ് സാഹിത്യ പ്രസ്ഥാനത്തില്‍ നവോത്ഥാനത്തിന്റെ ചെറുനാമ്പുകള്‍ തെളിയിക്കുന്നത്.

കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം, കരൂര്‍ ജില്ലകളടങ്ങുന്ന ഭൂപ്രദേശത്തെയാണ് 'കൊങ്കു' പ്രദേശമായി വിശേഷിപ്പിക്കുന്നത്. ഒരു എഴുത്തുകാരനെന്നുള്ളതിനുപരി പെരുമാള്‍ മുരുകന്‍ സാഹിത്യ ചരിത്രകാരനും പണ്ഡിതനും കൂടിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം കൊങ്കു പ്രദേശത്തെ ആദിമ സംസ്‌കൃതിയുടേയും നാടന്‍ പദപ്രയോഗങ്ങള്‍, നാടോടി കഥകള്‍, കടംകഥകള്‍ എന്നിവയുടെ അകക്കാമ്പ് തേടി ഗവേഷണം നടത്തുകയും അങ്ങനെ സുദീര്‍ഘമായ 17 വര്‍ഷത്തോളം പ്രയത്‌നിച്ച് രണ്ട് വാള്യങ്ങളിലായി 2000 ല്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച തമിഴ് ക്ലാസിക് കൃതികള്‍ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ നിദര്‍ശനമാണ്. സാഹിത്യ മേഖലയില്‍ നഷ്ടപ്പെട്ടു പോയെന്ന് കരുതിയിരുന്ന എ മുത്തുസ്വാമിയുടെ 'കൊങ്കുവിന്റെ ചരിത്രം' എന്ന പുസ്തകം കണ്ടുപിടിക്കുകയും പുനപ്രസിദ്ധീകരണത്തിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്, തമിഴ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള പെരുമാള്‍ മുരുകന്‍ എന്ന ഈ കോളേജ് അധ്യാപകന്‍.

കൊങ്കു പ്രദേശത്തിന്റെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന ഒരു വാതില്‍ ജനതക്കുമുമ്പില്‍ തുറക്കുവാന്‍ ജീവിതത്തിന്റെ നല്ലൊരംശവും നീക്കിവെച്ച ഒരു മനുഷ്യന് ആര്‍ഷ സംസ്‌കാര പാരമ്പര്യവാദികളെന്നു മേനിനടിക്കുന്ന ഹിന്ദുമത ഭ്രാന്തശക്തികള്‍ നല്‍കിയ പുതുവത്സര സമ്മാനമായിരുന്നു അദ്ദേഹത്തെ ആ മണ്ണില്‍ നിന്നും നാടുകടത്തിയത്. ലോകമെങ്ങും പുതുവത്സരപ്പുലരിയുടെ ആഘോഷാരവങ്ങള്‍ക്കു ശേഷം മയങ്ങിവീണ 2015 ജനുവരി 8 നാണ് തിരിച്ചുങ്കോട്ട് പൊലീസ് പെരുമാള്‍ മുരുകനോട് കുടുംബസമേതം നാടുവിട്ടു പോകുവാനുപദേ ശിക്കുന്നത്.

ഹിന്ദുമത ഭ്രാന്തന്മാരുടെ നേതൃത്വത്തില്‍ ജനുവരി 9 ന് തിരിച്ചുങ്കോട് പ്രദേശത്ത് ഹിംസാത്മകവും നിര്‍ബന്ധിതമായ ബന്ദ് ആചരിക്കുകയും പെരുമാള്‍ മുരുകന്റെ 'മാതൊരു പാകന്‍ - അര്‍ധനാരീശ്വരന്‍' എന്ന നോവല്‍ പൊതു ഇടങ്ങളില്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. മാത്രമല്ല എഴുത്തുകാരനേയും പ്രസാധകനേയും അറസ്റ്റ്‌ചെയ്ത് തുറുങ്കിലടക്കുമെന്നുവരെ ആക്രോശിക്കുകയും ചെയ്തു. നാല് വര്‍ഷം മുമ്പ് (2010 ല്‍) തമിഴില്‍ ആദ്യമായി പ്രസിദ്ധീകരിച്ചതും 2012 ല്‍ പുനഃപ്രസിദ്ധീകരിച്ചതുമായ നോവല്‍. പ്രദേശവാസികളുടെ, പ്രത്യേകിച്ച് ജാതിമതക്കോമരങ്ങളുടെ 'വികാരം വ്രണപ്പെടുത്തി' യെന്ന ആരോപണമോ അതുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. 2014 ല്‍ ഈ പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്ക് 'വണ്‍ പാര്‍ട്ട് വുമണ്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തിയപ്പോഴും തിരുച്ചങ്കോട്ട് നാമക്കല്‍ പ്രദേശവാസികളാരുംതന്നെ ഈ സര്‍ഗസാഹിത്യ സൃഷ്ടികള്‍ക്കെതിരേ പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നില്ല എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ഈ പശ്ചാത്തലത്തില്‍ വേണം ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കൃത്യമായി വര്‍ഗീയ അജണ്ട കയ്യിലുള്ള അദൃശ്യ ഹിന്ദുശക്തികള്‍ ഈ തരത്തിലുള്ള കലാപങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ച് ജനങ്ങളെ സംഘടിപ്പിക്കുവാനും തദ്വാരാ താത്കാലിക രാഷ്ട്രീയ ലാഭം കൊയ്യാനുമുള്ള ശ്രമങ്ങളെ നിരീക്ഷിക്കേണ്ടത്. 


image courtesy 
ഹിന്ദുത്വ ജാതിമത വൈതാളികരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്വയം എഴുത്തുജീവിതം അവസാനിപ്പിക്കുവാന്‍ പെരുമാള്‍ മുരുകനെ നിര്‍ബന്ധിതനാക്കിയതില്‍ ജില്ലാ ഭരണ നേതൃത്വം വഹിച്ച നിര്‍ണായകമായ പങ്കിനെതിരേ പുരോഗമന സാഹിത്യ സംഘം പ്രസിഡന്റ് എസ് എസ് തമിഴ് ശെല്‍വന്റെ പരാതി പരിഗണിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് കെ കൗളും ജസ്റ്റിസ് എസ് എസ് സുരേഷുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല വിധി രാജ്യത്തെ പുരോഗമന വാദികള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരുന്നതാണ്. 'സാഹിത്യകാരന്മാര്‍ എന്തെഴുതണമെന്ന് തീരുമാനിക്കേണ്ടത് അവര്‍തന്നെയാണെന്നും മറിച്ച് ഏതെങ്കിലും ജാതി മത സങ്കുചിത സംഘടനകളല്ലെന്നു'മാണ് നിര്‍ണായകമായ ആ നിരീക്ഷണം. 

രാജ്യത്തെമ്പാടുമുള്ള സര്‍ഗധനരായ എഴുത്തുകാരും കലാകാരന്മാരും ഒരേ സ്വരത്തില്‍ ഈ ഹിന്ദുത്വ ഫാസിസത്തെ അപലപിച്ചതും മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണവും ശുഭോദര്‍ക്ക സൂചകമാണെങ്കിലും ശാസ്ത്ര - സാങ്കേതിക, സാംസ്‌കാരിക - സാമൂഹിക, ചരിത്ര, വിദ്യാഭ്യാസ രംഗത്തെ എല്ലാ പൊതു സ്ഥാപനങ്ങളുടെ തലപ്പത്തും അവയുടെ സമിതികളിലും സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളേയും പിണിയാളുകളേയും നിയമിക്കുകയും നീതിന്യായ നിയമന കമ്മീഷന്‍ വഴി നീതിന്യായ വ്യവസ്ഥയിലും സംഘപരിവാര്‍ കാരുടെ നിയമനം ഉറപ്പാക്കുകയും, രാജ്യത്തെ നീതിന്യായ വ്യവസ്ഥയടക്കം കാവിവല്‍ക്കരിക്കാനുള്ള നരേന്ദ്രമോഡിയുടെ ഹീന ശ്രമത്തെ മുളയിലേ നുള്ളി ചെറുത്ത് തോല്‍പ്പിക്കാന്‍ രാജ്യത്തെ മുഴുവന്‍ ഇടതുപക്ഷ, പുരോഗമന, ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ് എന്നുതന്നെയാണ് പെരുമാള്‍ മുരുകന്റെ 'സര്‍ഗമൃത്യു' നമ്മെ ബോധ്യപ്പെടുത്തുന്നത്.

@@@@@@@@

കടപ്പാട്: 'സഖാവ്' മാസിക 2015 ഫെബ്രുവരി ലക്കം.