"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

ദലിത് ബുദ്ധീജീവികള്‍ സംവരണ പ്രശ്നത്തില്‍ ക്രൂരമായ മൗനം ആചരിക്കുന്നത് എന്തുകൊണ്ട്?


കേരളത്തിലെ സ്വകാര്യ/എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണ അട്ടിമറിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചക്ക് വന്നിട്ടുണ്ട്. അതിലിടപെട്ട് നിലപാട് വ്യക്തമാക്കാനോ സംവരണത്തിനുവേണ്ടി പോരാടാനോ ബാധ്യസ്ഥരായ ദലിത് ബുദ്ധിജീവികള്‍ ഇപ്പോള്‍ അനാവശ്യമായ ചര്‍ച്ചകള്‍ ചെയ്ത് പ്രാധാന്യമേറിയ ഈ സംവരണ പ്രശ്‌നത്തിന് മറപിടിക്കുകയും അതിനെതിരേ കുറ്റകരമായ മൗനം ആചരിക്കുകയുമാണ്. സംവരണം തൊഴില്‍ദാന പദ്ധതിയോ അശരണര്‍ക്കുള്ള ഔദാര്യമോ അല്ല, മറിച്ച് പൗരന്മാര്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കാനാണ് എന്ന അംബേഡ്കറുടെ കാഴ്ചപ്പാടിനെ കുറിച്ച് നല്ലവണ്ണം അറിയാവുന്ന ഇവര്‍ പ്രശ്‌നത്തിലിട പെടാത്തതിനുള്ള കാരണം വ്യക്തമാണ്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടം അനുവദിക്കപ്പെട്ടിട്ടുള്ള ഈ ദലിത് ബുദ്ധിജീവികളുടെയെല്ലാം മക്കള്‍ പഠിച്ചതും പഠനം തുടരുന്നതും സ്വകാര്യ/എയ്ഡഡ് / അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്! ഈ സ്ഥപനങ്ങളുടെ ഉടമകളായ സമുദായങ്ങള്‍ തന്നെ നടത്തുന്നതാണ് മുഖ്യധാരാ മാധ്യമങ്ങളും. തങ്ങള്‍ നടത്തുന്ന സ്വകാര്യ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തിനായി ആരെങ്കിലും എഴുതിയാല്‍ പ്രസിദ്ധീകരിക്കാനാവില്ലെന്ന മുഖ്യധാരാ മാധ്യമങ്ങളുടെ 'മാധ്യമധര്‍മ്മം' ഒരു വശത്ത്. തങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ സംവരണത്തിനായി വാദിക്കുന്നതില്‍ ദലിത് ബുദ്ധിജീവികള്‍ക്കുള്ള ഉളുപ്പ് വേറൊരു വശത്ത്.....! ഇതിനിടയില്‍ കൂടുതല്‍ അവമതിക്കപ്പെടുകയാണ് 'സംവരണ'വും സംവരണായരും.


വസ്തുതകളിലേക്ക്...

കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖല പൊതു വിദ്യാഭ്യാസ മേഖലയുടെ മൂന്നിരട്ടിയോളം വരും.
79.14% കോളേജുകളും 78.33% അധ്യാപകരും ഉള്‍ക്കൊള്ളുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ 38 വഷമായി പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം നടപ്പാക്കുന്നില്ല.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ 687 ഹയര്‍ സെക്കന്റി സ്‌കൂളുകളിലായി 10,212 അധ്യാപകര്‍ ജോലി ചെയ്യുന്നു. ഇതില്‍ എസ്സി/എസ്ടി അധ്യാപകരുടെ കണക്ക് ലഭ്യമല്ല.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ഹൈസ്‌കൂളില്‍ 35,584 അധ്യാപകര്‍ ജോലി ചെയ്യുന്നു. ഇതില്‍ 84 എസ്‌സി അധ്യാപകരും 2 എസ്ടി അധ്യാപകരും ജോലി ചെയ്യുന്നുണ്ട്
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ യുപി സ്‌കൂളുകളില്‍ 33,057 അധ്യാപകര്‍ ജോലിചെയ്യുന്നു. ഇതില്‍ 91 എസ് സി അധ്യാപകരും 32 എസ് ടി അധ്യാപകരും ജോലിചെയ്യുന്നു.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ 36,287 അധ്യാപകര്‍ ജോലി ചെയ്യുന്നു. ഇതില്‍ 176 എസ് സി അധ്യാപകരും 62 എസ് ടി അധ്യാപകരും ജോലിചെയ്യുന്നു.

ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ വരെ മൊത്തം 11,5140 അധ്യാപകര്‍ ജോലിചെയ്യുന്നു. എസ് സി / എസ് ടി അധ്യാപകരുടെ പ്രാതിനിധ്യം കേവലം 447 മാത്രമാണ്. സംവരണപ്രകാരം ലഭിക്കേണ്ടതാകട്ടെ 11,500 അധ്യാപക തതസ്തികകളാണ്!

കോളേജുകളുടെ കണക്ക്

2007-08 ലെ കണക്കുപ്രകാര്ം കേരളത്തില്‍ മൊത്തം 9810 കേളേജ് അധ്യാപകരാണ് ഉണ്ടായിരുന്നത്.
സര്‍ക്കാര്‍ കോളേജുകള്‍ 2125 (21.77%)
എയ്ഡഡ് കോളേജുകള്‍ 7685 (78.33%)

39 ഗവണ്മെന്റ് കോളേജുകളിലായി 2335 അധ്യാപകര്‍ ജോലിചെയ്യുന്നു. ഇതില്‍ എസ് സി 284, എസ് ടി 14.
150 യെ്ഡഡ് കോളേജുകളിലായി 7199 അധ്യാപകര്‍ ജോലിചെയ്യുന്നുണ്ട് ഇതില്‍ 11 പേര്‍ എസ് സി / എസ് ടി വിഭാഗത്തില്‍ നിന്നുണ്ട്.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രൊഫണല്‍ കോളേജുകളില്‍ എസ് സി / എസ് ടി ആരുംതന്നെയില്ല.

ഭാഗികമായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 182 അധ്യാപകരുണ്ട്. ഒരാള്‍ പോലും എസ് സി / എസ് ടി വിഭാഗത്തില്‍ നിന്ന് ഇല്ല.
ഇവിടെ 182 ല്‍ 135 ഉം നായര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്.

കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ശ്രീ കേരളവര്‍മ്മ കോളേജില്‍ 89 അധ്യാപകര്‍ ഉണ്ട്.
നായര്‍ 33
ഈഴവ 22
ക്രിസ്ത്യന്‍ 8 
എസ് സി / എസ് ടിയില്‍ നിന്ന് ഒരാള്‍ പോലുമില്ല. (8 ക്രിസ്ത്യന്‍ വിഭാഗത്തിന് കൊടുത്തിട്ടുപോലും - എന്താ എസ് സി / എസ് ടി ഹിന്ദുക്കളല്ലേ!?)

എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് പ്രതിവര്‍ഷം ഗ്രാന്റും മെയിന്റനന്‍സ് ഗ്രന്റുകള്‍ക്കും പുറമേ ശമ്പള ഇനത്തില്‍ 4000 കോളി രൂപയാണ് പൊതുഖജനാവില്‍ നിന്നും ഒഴുകിപ്പോകുന്നത്. ഇതിന്റെ പത്ത് ശതമാനമായ 400 കോടി രൂപ എസ് സി / എസ് ടി ക്ക് അവകാശപ്പെട്ടതാണ്. ഇതിന്റെ ഒരു ശതമാനമായ 4 കോടി പോലും ഒരു ചെറിയ തുകയല്ല. ഇതിലൊക്കെ പുറമേ നിയമനം നത്ത്തുമ്പോള്‍ കോഴ ഇനത്തില്‍ എയ്ഡഡ് മേഖലയിലെ മാനേജ്‌മെന്റുകള്‍ , പ്രതിവര്‍ഷം 3000 നിയമനങ്ങള്‍ നടത്തുമ്പോള്‍ 7000 കോടി രൂപകൂടി സമാഹരിക്കുന്നു!

കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റ് എയ്ഡഡ് മേഖലയില്‍ 1599 അധ്യാപകരെ നിയമിച്ചിട്ട് അതില്‍ ഒരൊറ്റ എസ് സി / എസ് ടി പോലുമില്ല! (വിപ്ലവം ജയിക്കട്ടെ)

വസ്തുതകള്‍ ഇതായിരിക്കെ, ഒന്നും കാണാത്തവരോ കേള്‍ക്കാത്തവരോ ആണ് ഈ ദലിത് ബുദ്ധിജീവികള്‍ എന്നും കരുതരുത്. എന്‍എസ്എസ്, ക്രിസ്ത്യന്‍, ഈഴവ, മുസ്ലീം മാനേജ്‌മെന്റുകള്‍ നടത്തുന്ന എയ്ഡഡ് സ്‌കൂളുകളില്‍ സ്വന്തം മക്കളെ ചേര്‍ത്തു പഠിപ്പിക്കുന്നതുകൊണ്ടാണ് അവര്‍ക്ക് മിണ്ടാന്‍ പറ്റാതെ വന്നത്. ഈ മാനേജുമെന്റുകള്‍ ഓരോരോ പ്രബല സമുദായങ്ങളുമാണല്ലോ, ആയവര്‍ നടത്തുന്നതാണ് മുഖ്യാധാരാ മാധ്യമങ്ങളും. എന്നാല്‍ ഈ ബുദ്ധിജീവികള്‍ മിക്കവരും പഠിച്ചത് സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. എന്നാല്‍ മുഴുവന്‍ പേരും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നു ! അവരുടെ മക്കള്‍ പഠിക്കുന്നതാകട്ടെ സ്വകാര്യ/ എയ്ഡഡ്/ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലും. എന്നാല്‍ ഇവരുടെ മക്കള്‍ക്കും വേണ്ടത് സര്‍ക്കാര്‍ ജോലിയാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി കിട്ടുമോ? അവര്‍ തരുമോ?!

സ്വന്തം ഭാര്യമാരെ ചാരിയാണ് പലരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. ഭാര്യയുടെ നിര്‍ബന്ധംകൊണ്ട് മക്കളെ അണ്‍എയ്ഡഡ് സ്‌കൂളില്‍ ചേര്‍ത്തു! ഇവിടെ മാത്രം അവര്‍ക്ക് ഭാര്യമാര്‍ ചിന്താശേഷി യുള്ളവളും സ്വതന്ത്രയുമായ വനിതകളുടെ ഉത്തമോദാഹരണങ്ങളാണ്. എത് എന്തെങ്കിലുമാകട്ടെ, തങ്ങള്‍ക്ക് സ്ഥലം അനുവദിച്ചിട്ടുള്ള മാധ്യമങ്ങളില്‍, അരുന്ധതി - ഗാന്ധി സംവാദം പോലെയുള്ള പ്രയോജന രഹിതങ്ങളായ എഴുത്തുകള്‍ കുത്തിനിറച്ച് വാസ്തവത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതായ ഇത്തരം വസ്തുതകള്‍ക്ക് മറ പിടിക്കാതിരിന്നാല്‍ മതി. അത്രയെങ്കിലും സമുദായത്തിനുവേണ്ടി ഇവര്‍ക്ക് സഹിക്കാമല്ലോ.

@@@@@@@@@@

* അവലംബം: പ്രൊഫ.എസ് കൊച്ചുകുഞ്ഞ് , വി വി ഗിരി, ആര്‍ അനിരുദ്ധന്‍ , തുടങ്ങിയവരുടെ പഠനങ്ങള്‍