"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

സേവ് ബഹുജന്‍; പ്രസ്ഥാനത്തിന്റെ ദേശീയ വക്താവും മുന്‍ ബി.എസ്.പി. എം.പി.യുമായ ശ്രീ പ്രമോദ് കുരീലുമായുള്ള അഭിമുഖം


പ്രമോദ് കുരീല്‍ 
ഇന്ത്യയില്‍ ബഹുജന്‍ മൂവ്‌മെന്റിന് ഇന്നും അതുപോലെ തന്നെ ഭാവിയിലും ഉള്ള പ്രസക്തിയെന്ത്?

ബ്രാഹ്മണിസം അഥവാ മനുവാദി സാമൂഹ്യവ്യവസ്ഥിതി ഇന്ത്യയില്‍ നിലനില്‍ക്കുന്നിടത്തോളം ബഹുജന്‍ മൂവ്‌മെന്റിന് പ്രസക്തിയുണ്ടാ യിരിക്കും. മനുഷ്യകുലം ലോകത്ത് നിലനില്‍ക്കുന്നിടത്തോളം അതിന് ഒഴിച്ചുകൂടാനാകാത്ത ''സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം'' എന്ന തത്വത്തിന്റെ പൂര്‍ത്തീകരണത്തിനായി നിലനില്‍ക്കുന്ന പ്രസ്ഥാനമാണ് ബഹുജന്‍ പ്രസ്ഥാനം. മാനുഷ്യകതയില്‍ അധിഷ്ഠിതമായിട്ടുള്ള ബുദ്ധിസവും മാനുഷിക വിരുദ്ധമായ ബ്രാഹ്മണിസവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇന്ത്യയുടെ ചരിത്രം എന്നാണ് ബാബാ സഹേബ് ഡോ. ബി.ആര്‍. അംബേദ്ക്കര്‍ അഭിപ്രായ പ്പെട്ടിട്ടുള്ളത്. ബ്രാഹ്മണിസത്തിന്റെ മതപരമായ ശാസനകളില്‍ അടങ്ങിയിട്ടുള്ള ഉയര്‍ച്ച-താഴ്ചകളില്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള ജാതിവ്യവസ്ഥിതിയിലധിഷ്ഠിതമായ സാമൂഹ്യ കാഴ്ചപ്പാടിനുള്ള മറുമരുന്നായിട്ടാണ് ബഹുജന്‍ പ്രസ്ഥാനം ഇവിടെ ഉയര്‍ന്ന് വന്നതും ശക്തി പ്രാപിച്ചതും. അതുകൊണ്ടുതന്നെ അശാസ്ത്രീയവും അസാന്മാര്‍ഗ്ഗീകവുമായ ബ്രാഹ്മണിക സാമൂഹ്യവ്യവസ്ഥ ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലം ബഹുജന്‍ പ്രസ്ഥാനവും പ്രസക്തമായി തന്നെ തുടരും. 

കാന്‍ഷി റാംജി പടുത്തുയര്‍ത്തിയ ബഹുജന്‍ പ്രസ്ഥാനവും മായാവതി ഇപ്പോള്‍ മുന്നോട്ടു കൊണ്ടുപോകുന്ന പ്രസ്ഥാനവും തമ്മില്‍ തത്വത്തിലും പ്രയോഗത്തിലും എന്തെങ്കിലും വ്യത്യാസമുണ്ടോ?

അവ വ്യത്യസ്ഥമാണെന്ന് മാത്രമല്ല, കടകവിരുദ്ധവുമാണ്. ഒരു പ്രസ്ഥാനമെന്ന് വിളിക്കാമെങ്കില്‍ മായാവതി നയിക്കുന്ന പ്രസ്ഥാനം കാന്‍ഷിറാംജി നിര്‍വ്വജിക്കുകയും പ്രയോഗവല്‍ക്കരിക്കുകയുംചെയ്ത സിദ്ധാന്തത്തിന്റെ വിപരീത സിദ്ധാന്തത്തെയാണ് ആസ്പദമാക്കുന്നത്. കാന്‍ഷിറാംജിയുടെ പരിനിര്‍വ്വാണത്തിന് ശേഷം മായാവതി നടത്തിയിട്ടുള്ള പ്രസംഗങ്ങളും, ഇന്റര്‍വ്യൂകളും അച്ചടിച്ച് പ്രസിദ്ധീകരിച്ച രേഖകളും പരിശോധിക്കുകയാണെങ്കില്‍ ''ബഹുജന്‍'' എന്ന പ്രയോഗം തന്നെ പാടേ ഉപേക്ഷിച്ച് അവിടെ ''സര്‍വ്വജന്‍'' എന്നോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് വരുന്നതായി കാണാന്‍ സാധിക്കും. ബുദ്ധന്‍ മുന്നോട്ട് വെച്ചതും കാന്‍ഷിറാംജിയുടെ അവസാനം വരെയുമുള്ള 2500 വര്‍ഷക്കാലം നിലനിന്ന ''ബഹുജന്‍ഹിതായ ബഹുജന്‍ സുഖായ'' എന്ന ഉല്‍കൃഷ്ഠമായ തത്വം ''സര്‍വ്വജന്‍ ഹിതായ, സര്‍വ്വജന്‍ സുഖായ'' എന്നാക്കി ബ്രാഹ്മണരായ തന്റെ യജമാനന്മാരെ തൃപ്തിപ്പെടുത്തുകയാണ് മായാവതി ചെയ്തത്. അത്യധികം നിന്ദാപരവും സത്യവിരുദ്ധവുമായ പ്രവൃത്തിയാണ് മായാവതി ചെയ്തിരിക്കുന്നത്. ബ്രാഹ്മണരായ യജമാനന്മാര്‍ തന്നെ പ്രധാനമന്ത്രിയാക്കുമെന്ന മോഹത്താലാണ് ഇവയെല്ലാം ചെയ്തിരിക്കുന്നത്. ബഹുജന്‍ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രസക്തമായ സിദ്ധാന്തം തന്നെ മാറ്റുക വഴി ചരിത്രപുരുഷന്മാരെയും ഗുരുക്കന്മാരെയും മഹാത്യാഗികളെയും നേതാക്കളെയും ചതിക്കുകയാണ് മായാവതി ചെയ്തിരിക്കുന്നത്. ചരിത്രം മായാവതിക്ക് മാപ്പ് നല്‍കില്ലെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുകയാണ്. 2014-ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ ഒരു സീറ്റുപോലും കിട്ടാതിരിക്കുകവഴി മായാവതിക്ക് ഇതിനുള്ള ശിക്ഷ ലഭിച്ചെങ്കില്‍കൂടി ബഹുജന്‍ സമൂഹം ഇതിനകം സഹിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ ഇനിയുള്ള കാലംകൂടി അനുഭവിക്കേണ്ടി വരുമല്ലോ എന്നാണ്. മായാവതിയിലുള്ള വിഡ്ഢിത്തവും വഞ്ചനാത്മകമായ സാഹസികതയും കാണുമ്പോള്‍ ഭയമുളവാകുന്നു.

മായാവതി നയിക്കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍നിന്നും പുറത്തു പോരാന്‍ താങ്കളെ പ്രേരിപ്പിച്ച സാഹചര്യവും സേവ് ബഹുജന്‍ പ്രസ്ഥാനം എന്ന സംഘടന ഉണ്ടാക്കാനുള്ള കാരണവും എന്താണ്?
ഞാന്‍ ആടജയില്‍ നിന്ന് വിട്ട് പോന്നിട്ടില്ലെന്ന വസ്തുത ആദ്യമായി ഞാന്‍ വ്യക്തമാക്കിക്കൊള്ളട്ടെ. ഞാന്‍ ഇപ്പോഴും ആടജയുടെ ഭാഗം തന്നെയാണ്. ഞാന്‍ ഉയര്‍ത്തിയ ചില വിഷയങ്ങള്‍ക്ക് മായാവതി ഇന്നേവരെ മറുപടി പറഞ്ഞിട്ടില്ല. എന്ത് അച്ചടക്ക ലംഘനമാണ് ഞാന്‍ നടത്തിയിട്ടുള്ള തെന്ന് മായാവതി പറയട്ടെ. ഞാന്‍ പാര്‍ട്ടി വിട്ടിട്ടുമില്ല, ഇനിയൊട്ട് വിടാനുദ്ദേശിക്കുന്നുമില്ലെന്ന വസ്തുത ഞാന്‍ പറഞ്ഞുകൊള്ളട്ടെ. മാത്രമല്ല, മായാവതി എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടു മില്ല. അവര്‍ക്ക് അതിനൊട്ടു കഴിയുകയുമില്ല. മായാവതിയോ അവരുടെ ചട്ടുകങ്ങളോ എന്നെ ബി.എസ്.പിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു എന്ന് പരസ്യമായി രേഖാമൂലം പറയട്ടെ. അവര്‍ക്ക തിന് കഴിയില്ലെന്ന് എനിക്കറിയാം.

മായാവതിയെപ്പോലുള്ള ഏതെങ്കിലും ഒരു വ്യക്തിയുടെ സ്വകാര്യസ്വത്തല്ല BSP. BSP-യോ മറ്റ് പാര്‍ട്ടികളോ അര്‍പ്പണബോധമുള്ള പ്രവര്‍ത്തകരുടെയും അതിന്റെ അനുയായികളുടെയും സ്വത്താണ്. പാര്‍ട്ടികൊണ്ട് തനി ക്കു തോന്നുന്നതെന്തും ചെയ്യാമെന്നത് മായാവതിയെപ്പോലുള്ള വരുടെ തോന്നലുകള്‍ മാത്രമാണ്. അത്തരം നേതാക്കള്‍ പ്രവര്‍ത്തകരെ സ്വന്തം അടിമ ത്തൊഴിലാളികളെപ്പോലെ വാങ്ങുകയും വില്‍ ക്കുകയും ചെയ്യുകയാണ്. അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ സ്വന്തം സമ്പത്തും, സമയവും ഊര്‍ജ്ജവും ജീവിതവും തന്നെ ബലികഴിച്ച് ഫലമൊന്നും ഇച്ഛിക്കാതെ പണിയെടുക്കുന്നു. നേതാവിനെ വാര്‍ത്തെടുക്കുന്നത് പ്രവര്‍ ത്തകരാണ്, അല്ലാതെ മറിച്ചല്ല. അര്‍പ്പണ ബോധമുള്ള പ്രവര്‍ ത്തകര്‍ ഇപ്പോള്‍ മായാവതിയെ നിലംപരിശാക്കിയത് നിങ്ങള്‍ക്ക് കാണാമല്ലോ; അതുകൊണ്ടാണല്ലോ അവര്‍ പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്. അധികാരമുണ്ടായിരുന്നപ്പോള്‍ മായാവതി പ്രവര്‍ ത്തകരെ കാവല്‍ക്കാരായി കണ്ട് പരിഹസിച്ചിരുന്നു. അവരുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. ആ ക്രൂരതകള്‍ക്ക് അവരിപ്പോള്‍ വിലകൊടുത്തുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള ക്രൂരതയും, സ്വാര്‍ത്ഥമതിയും ലഘുവീക്ഷണമുള്ളവളും ക്ഷിപ്രകോപിയും വിഡ്ഢിയുമൊക്കെയായ ഒരു നേതാവിന് BSP-യെ പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ല.

പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളോട് കൂറും പാര്‍ട്ടി പ്രവര്‍ത്തകരോട് ബഹുമാനവും പാര്‍ട്ടിയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും കാഴ്ചപ്പാടുള്ളവര്‍ക്കും മാത്രമേ ഒരു നേതാവായിരിക്കാന്‍ കഴിയൂ. ഇത്തരത്തിലുള്ള യാതൊരു ഗുണവും തനിക്കില്ലെന്ന് സംശയലേശമെന്യേ മായാവതി ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ തെളിയിച്ച് കഴിഞ്ഞു. പാര്‍ട്ടിയുടെ രേഖകളില്‍നിന്നും ബഹുജന്‍ സമാജിന്റെ മഹാഗുരുക്കന്മാരായ പെരിയോറിന്റെയും നാരായണ ഗുരുവിന്റെയും ഛായാചിത്രങ്ങള്‍ നീക്കം ചെയ്യുകവഴി ആ ഗുരുക്കന്മാരെ ചതിക്കുകയാണ് മായാവതി ചെയ്തിരിക്കുന്നത്. അവരും അവരുടെ ബ്രാഹ്മണ ശിങ്കിടികളുംകൂടി കാന്‍ഷി റാംജിയെ കൊലപ്പെടുത്തി. ഈ വസ്തുത വെളിവാക്കുന്ന രേഖകള്‍ 8 ഭാഷകളില്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയുക്തരായിട്ടുള്ള പ്രവര്‍ത്തകരെ തേജോവധം ചെയ്തും തള്ളിക്കളഞ്ഞും അധാര്‍മ്മിക മായി പുറത്താക്കിയും പാവപ്പെട്ടവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞും ബഹുജന്‍ സമാജിനെ മൊത്തത്തില്‍ വഞ്ചിച്ചും അതിനുവേണ്ടി ബ്രാഹ്മണരുമായി അകാരണമായി കൂട്ടുകൂടി. അവര്‍ ചെയ്ത തെറ്റുകളെല്ലാം മൂന്ന് ചാര്‍ജ് ഷീറ്റുകളായി ഞങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരൊറ്റ ആരോപണത്തിനുപോലും മായാവതി മറുപടി പറഞ്ഞിട്ടില്ല.

കാന്‍ഷിറാംജിയെ വധിച്ചതിന് പരസ്യമായി ഞങ്ങള്‍ അവരെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അതിനു മറുപടി തരണം. അല്ലെങ്കില്‍ ഞങ്ങള്‍ ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം. പണക്കാരിയല്ലേ, ആവശ്യത്തിന് പണവും അത് ഉപയോഗിച്ച് വലിയ വലിയ വക്കീല്‍ മാരെ വിലയ്ക്ക് വാങ്ങാനും കഴിവുള്ള ആളല്ലെ? എന്നിട്ടും മൗനം പാലിക്കുന്നത് എന്തുകൊണ്ട്?

എന്തുകൊണ്ടാണ് തെക്കെ ഇന്ത്യയില്‍ ബഹുജന്‍ സമാജ് പ്രസ്ഥാനം ശക്തി പ്രാപിക്കാത്തത്? താങ്കള്‍ക്ക് ഈ അവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ?
കാന്‍ഷി റാംജിയുടെ കാലത്ത് ആന്ധ്രാപ്രദേശിലും കര്‍ണ്ണാടകത്തിലും നല്ലൊരു തുടക്കം സൃഷ്ടിക്കുവാന്‍ സാധിച്ചു. ആ കാലത്ത് MLA സീറ്റ് നേടാന്‍ കൂടി സാധിച്ചു. വോട്ടിംഗ് ശതമാനവും നല്ലതായിരുന്നു. വടക്കെ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് തെക്കെ ഇന്ത്യയില്‍ നല്ല ഫലം ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നിരുന്നാലും തെക്കെ ഇന്ത്യയില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അതുകൊണ്ട് തന്നെയാണ് കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ പരിപാടികള്‍ അദ്ദേഹം സംഘടിപ്പിച്ചത്. കേരളത്തിന്റെ സൗന്ദര്യം അദ്ദേഹത്തെ ആകര്‍ഷിച്ചിട്ടുള്ളതായും എനിക്ക് വ്യക്തിപരമായി അറിയാം. പക്ഷെ, അദ്ദേഹത്തിന് ശേഷം മായാവതി തെക്കെ ഇന്ത്യയില്‍ പാര്‍ട്ടി വളര്‍ത്താന്‍ തീരെ താല്പര്യം കാണിച്ചില്ല. 2010-ല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉത്തരവാദിത്വമുള്ള ദേശീയ കോ-ഓര്‍ഡിനേറ്ററായി എന്നെ നിയമിച്ചതിനുശേഷം ഞാന്‍ ഇവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മായാവതിയുടെ ഏജന്റായ സുരേഷ് മാനെയുടെ ഭാഗത്തുനിന്ന് വളരെയധികം തടസ്സങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ബഹുജന്‍സമാജ് പാര്‍ട്ടിയെ (BSP) ബിസിനസ് സമാജ് പാര്‍ട്ടി (BSP) ആക്കി മാറ്റി. BSPയുടെ പാര്‍ട്ടി ടിക്കറ്റുകള്‍ മനുവാദികള്‍ക്കും സമ്പന്നര്‍ക്കും വലിയ തുകകള്‍ക്ക് വിറ്റുകൊണ്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെരെഞ്ഞെടുപ്പില്‍ നോമിനേഷന്‍ ലഭിക്കാതെയായി. അതിനു ലക്ഷങ്ങള്‍ മുടക്കുവാനുള്ള സാമ്പത്തിക ഭദ്രത അവര്‍ക്കുണ്ടായിരുന്നില്ല.

ഈ വിഷയം മായാവതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഈ കച്ചവടം നിര്‍ത്തലാക്കുന്നതിന് പകരം പിന്‍താങ്ങുകയാണ് അവര്‍ ചെയ്തത്. അതുകൊണ്ടൊക്കെ യാണ് ആടജയുടെ വോട്ടിംഗ് ശതമാനത്തിന്റെ ഗ്രാഫ് കീഴോട്ട് പോയിക്കൊണ്ടിരിക്കുന്നതും അതിന്റെ ദേശീയ അംഗീകാരം നഷ്ടപ്പെട്ടതും. ഇതിനേക്കാളും മോശമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളൂ. മായാവതി നേതൃത്വത്തില്‍ ഇരിക്കുന്നിടത്തോളം കേരളത്തിലെയും തമിഴ്‌നാട്ടിലെയും വോട്ട് നില കീഴ്‌പ്പോട്ട് പോയിക്കൊണ്ടിരിക്കുകയേയുള്ളൂ.

ഇതിന് പകരം വെയ്ക്കാവുന്ന ഒരു യഥാര്‍ത്ഥ ബഹുജന്‍ പ്രവര്‍ത്തകനിര കെട്ടിപ്പടുക്കുകയാണ് ഞങ്ങളുടെ സേവ് ബഹുജന്‍ പ്രസ്ഥാനം ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മറ്റ് തെന്നിന്ത്യയിലെയും പ്രവര്‍ത്തകര്‍ മനസ്സുമടുത്ത് ഇച്ഛാഭംഗത്തിനിരയായി നിസ്സഹായരായിരിക്കുകയാണ്. വിശ്വാസയോഗ്യമായതും ദൃഢതയുള്ളതുമായ ഒരു പ്രസ്ഥാനത്തിനുവേണ്ടി അവര്‍ കാത്തിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു പ്രസ്ഥാനമാണ് അവര്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. 'മായാവതിയെ മാറ്റൂ, ആടജയെ രക്ഷിക്കൂ' എന്ന വ്യക്തമായ മുദ്രാവാക്യത്തോടുകൂടി BSP-യ്ക്ക് അകത്തുനിന്ന് തന്നെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണിത്. രാജ്യത്തിനകത്ത് എല്ലായിടങ്ങളിലും ഈ പ്രസ്ഥാനത്തിന് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ ഞങ്ങള്‍ 29 സീറ്റുകളില്‍ മത്സരിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. 80,000 വോട്ടുകള്‍ ലഭിച്ചു. വളരെ കുറച്ച് പ്രവര്‍ത്തകരും പണവും മാത്രമെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. മായാവതിയുടെ സ്ഥാനാര്‍ത്ഥികളെക്കാളും കൂടുതല്‍ വോട്ടുകള്‍ ഞങ്ങളുടെ 2-3 സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചു.

ജനങ്ങള്‍ ഞങ്ങളുടെ ബൗ ദ്ധിക നിലപാടിനെ അംഗീകരിക്കാനും മായാവതി BSP-യെ നശിപ്പിച്ചു എന്ന് തുറന്ന് പറയാനും തുടങ്ങിയിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും 2016-ലെ ഇലക്ഷനില്‍ മല്‍സരിക്കാനും അതിനുവേണ്ടി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാനും ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളിലും ഉണ്ടായിരുന്ന BSP-യിലെ 60-70% പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കൊ പ്പമാണ് ഇപ്പോള്‍. ബാക്കിയുള്ളവര്‍ ഉടനെ ഈ പ്രസ്ഥാനത്തില്‍ വന്നുചേരുന്നതായിരിക്കും. 2016-ല്‍ ഇവിടെ മത്സരിക്കാന്‍ മായാവതിക്ക് സ്ഥാനാര്‍ത്ഥികളെ കിട്ടാതെയാവും എന്നുകൂടി ഞാന്‍ പറയുകയാണ്.

മായാവതിയാല്‍ നയിക്കപ്പെടുന്ന ബഹുജന്‍ സമാജാ പ്രസ്ഥാനം എന്തെങ്കിലും തിരിച്ചടി നേരിടുന്നുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍എന്തൊക്കെയാണ് അതിനുള്ള കാരണങ്ങള്‍?
ഒരു കാര്യം ഞാന്‍ വ്യക്തമാക്കട്ടെ. അതായത് മായാവതി നയിക്കുന്നത് ഒരു ബഹുജന്‍ സമാജ് പ്രസ്ഥാനമല്ല. അവര്‍ നയിക്കുന്നത് ബിസിനസ് സമാജ് പ്രസ്ഥാനമാണ്. അതില്‍ പണക്കാര്‍ക്കും ചട്ടുകങ്ങള്‍ക്കും മാത്രമേ പ്രവേശിക്കാനാവൂ. അതിന്റെ ഫലം എല്ലാവര്‍ക്കും നേരില്‍ കാണാവുന്ന താണ്. അവര്‍ക്ക് 2012-ല്‍ ഉത്തര്‍പ്രദേശില്‍ അധികാരം നഷ്ടമായി. 2014-ല്‍ അവര്‍ പൂജ്യത്തിലെത്തി, ദേശീയപദവി നഷ്ടമായി. ഇതിനേക്കാള്‍ മോശമായ അവസ്ഥ വരാനിരിക്കുന്ന തേയുള്ളൂ. തമിഴ്‌നാട്ടിലെ പെരിയോറുടെ ദ്രാവിഡ പാര്‍ട്ടിയെ ബ്രാഹ്മണസ്ത്രീ ആയ ജയലളിത പിടിച്ചെടുത്തു. മായാവതി ചെയ്തുകൂട്ടിയ അഴിമതിയുടെയും മറ്റ് ദുഷ്‌ചെയ്തികളുടെയും വിശാദാംശങ്ങള്‍ മായാവതിയുടെ വക്കീലായ സതീഷ് ചന്ദ്രമി്ര്രശയുടെ കൈവശമുള്ളതുകൊണ്ട് മായാവതി ഇപ്പോള്‍ കൂട്ടിലടയ്ക്കപ്പെട്ട തത്തയുടെ ഗതിയിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ബി.എസ്. പിയെ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്. അയാളുടെ പാട്ടിന് അനുസരിച്ച് മായാവതിയെക്കൊണ്ട് നൃത്തം ചെയ്യിക്കുകയാണ്. കാന്‍ ഷിറാംജിയെന്ന മഹാനായ നേതാവിനെ വഞ്ചിച്ചതിനുള്ള വിലകൊടുത്തുകൊണ്ടിരിക്കുകയാണ് മായാവതി.

കാന്‍ഷിറാംജിയെ 2003 സെപ് തംബര്‍ 15-ാം തീയതി മുതല്‍ 2006 ഒക്‌ടോബര്‍ 8-ാം തീയതിവരെ ഏത് അവസ്ഥയിലായിരുന്നുവോ മായാവതി ആക്കിയത് അതേ അവസ്ഥയിലോ അതിനേക്കാളും മോശമായ അവസ്ഥയിലോ ആണ് അവരിപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. കാന്‍ഷിറാംജിയോട് എന്താണോ ചെയ്തത് അത് ഇപ്പോള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മാറ്റാനാകാത്ത പ്രകൃതി നിയമമാണ്; അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന്. മായാവതിക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട് എന്നുള്ളത് മറ്റുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് നൂറ് ശതമാനം അത് മനസ്സിലായിട്ടുണ്ട്.

വിഷലിപ്തമായ വിത്ത് നട്ട് വളര്‍ത്തിയതില്‍നിന്ന് ലഭിക്കുന്ന വിഷലിപ്തമായ പഴമാണ് അവര്‍ കഴിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ കാന്‍ഷിറാംജിയെ നശിപ്പിച്ചു; ലക്ഷക്കണക്കിന് സമര്‍പ്പിതരായ പാര്‍ട്ടി കേഡര്‍മാരെ നശിപ്പിച്ചു, മഹത്തായ ആ രാഷ്ട്രീയ പാര്‍ട്ടി തന്നെ നശിപ്പിച്ചു; ഇപ്പോഴിതാ അവര്‍ സ്വയം തന്നെ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ ജീവിതവും രാഷ്ട്രീയ ജീവിതവും വട്ടപ്പൂജ്യത്തിലെത്തി. അവരുടെ ഈ തകര്‍ച്ചയെ ഒന്നിനും തന്നെ തടയാന്‍ കഴിയില്ല. തീയ്യില്‍ കളിക്കാന്‍ (ബ്രാഹ്മണിസം) ശ്രമിച്ച് ഒടുവില്‍ തീയ്യില്‍ അകപ്പെട്ടു. ബ്രാഹ്മണിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും (ഇനി മുതിര്‍ ന്നാല്‍) പോലും കഴിയില്ല. പക്ഷേ, കാന്‍ഷിറാംജിയുടെ വിശ്വസ്ഥരായ പടയാളികളുടെ ഉത്തരവാദിത്വം ബോധം ചുമലിലേറ്റിയിട്ടുള്ള ഞങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തിന് (ആടജ) ബ്രഹ്മണിസത്തില്‍നിന്ന് രക്ഷിച്ചേ പറ്റൂ. ഞങ്ങള്‍ പരമാവധി അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ബാബാസാഹേബിനു ശേഷം കാന്‍ഷിറാംജി വന്നു. മായാവതി അത് പിന്‍തുടര്‍ന്നു. ഈ പ്രസ്ഥാനത്തിന്റെ ഭാവി എന്താണ്?

മായാവതിയുടെ കൈകളിലൂടെ ഈ പ്രസ്ഥാനം താഴോട്ട് പോയ തും ഇപ്പോള്‍ പോയിക്കൊണ്ടിരി ക്കുന്നതും കാണുമ്പോള്‍ അവരുടെ നേതൃത്വത്തില്‍ ബി.എസ്.പി. ക്ക് എന്തെങ്കിലും ഭാവിയുണ്ടെന്ന് കരുതുന്നില്ല. അതിന്റെ കാരണം വളരെ ലളിതമാണ്. ഇതിന്റെ നിയന്ത്രണം മായാവതിയുടെ കൈകളിലല്ല. മറിച്ച് പണ്ഡിറ്റ് മിശ്രയുടെ കരങ്ങളിലാണ്. മായാവതിയുടെ കഴുത്ത് സതീഷ് ചന്ദ്ര മിശ്രയുടെ പിടിയിലാണ്. അവര്‍ക്ക് രക്ഷപെടുവാന്‍ കഴിയുകയില്ല. ബ്രാഹ്മണനായ മിശ്രയുടെ ലക്ഷ്യം ബി.എസ്.പി.യെ വികസിപ്പിക്കുകയല്ല. മറിച്ച് ബി.എസ്.പി.യെ നശിപ്പിക്കുകയും ബ്രഹ്മണിസത്തെ രക്ഷിക്കുകയാണ്. അതുതന്നെ യാണ് ഈ ഭൂമിയില്‍ ജനിച്ചുവീണിട്ടുള്ള ഏതൊരു ബ്രഹ്മണനും ചെയ്തിരിക്കാന്‍ പ്രതീക്ഷിക്കപ്പെടുന്നതും ഞാന്‍ പറയട്ടെ! അദ്ദേഹം ആ ദൗത്വം വളരെ ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നുണ്ട്.

കാന്‍ഷിറാം ജി 2006 ഒക്‌ടോബര്‍ 8-ാം തീയതി അര്‍ദ്ധരാത്രി കഴിഞ്ഞ് 9-ാം തീയതി മരിച്ചുവെന്ന് മായാവതി സമര്‍ത്ഥിക്കുന്നു. അതല്ല, മായാവതി പറഞ്ഞതിനേക്കാള്‍ നേരത്തെ തന്നെ കാന്‍ഷിറാംജി മൃതിയടഞ്ഞു എന്ന് താങ്കള്‍ പറയുന്നു. എന്തുകൊണ്ടാണ് താങ്കള്‍ ആ ഘട്ടത്തില്‍തന്നെ അത് ചോദ്യം ചെയ്യാതിരുന്നത്?

മായാവതിയുടെ ജീവിതത്തില്‍ ബി.എസ്.പി.യെക്കുറിച്ച് പല നുണകളും കപടവാദങ്ങളും പ്രസ്ഥാനത്തിനുവേണ്ടി സംഭാവന ചെയ്തതിനെക്കുറിച്ചും അവരെക്കുറിച്ച് തന്നെയും പ്രചരിപ്പിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും വലിയതും എന്നാല്‍ ബലമില്ലാത്തതുമായ നുണ പ്രചരണം കാന്‍ഷിറാജിയുടെ മരണത്തെക്കുറിച്ചുള്ളതായിരുന്നു. കാന്‍ഷിറാംജി മൃതിയടഞ്ഞു എന്ന് മായാവതി പറയുന്ന 8-ാം തീയതി രാത്രി 12.20 കഴിഞ്ഞ് ഉടനെ തന്നെ ആ നിര്‍ണ്ണായക രാത്രിയില്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. കാന്‍ഷിറാംജിയുടെ മൃതദേഹം കിടത്തിയിരുന്ന സ്ഥലത്ത് 9-ാം തീയതി അവിടെ 1.25ന് ഞാന്‍ എത്തി. ഞാന്‍ എത്തിയപ്പോഴേക്കും അവിടെ എയര്‍ കണ്ടീഷന്‍ ചെയ്തു ഭംഗിയായി ഒരുക്കിയിരിക്കുന്ന ഒരു വലിയ പന്തലിനകത്ത് എയര്‍കണ്ടീഷന്‍ ചെയ്ത ഒരു സ്റ്റീലും ചില്ലും കൂടിയ ശവപ്പെട്ടിയില്‍ അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നു. അവിടെ തടിച്ചുകൂടിയിരുന്ന 150ല്‍ പരം ആളുകളില്‍ ഭൂരിഭാഗവും മായാവതിയുടെ അടുത്ത രാഷ്ട്രീയ സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു. അവരെല്ലാവരും വളരെ ഭംഗിയായി വെള്ള വസ്ത്രങ്ങളുടുത്ത് വളരെ നേരത്തെ തന്നെ എത്തി പ്പെട്ടിരുന്നവരായിട്ടാണ് കാണപ്പെട്ടത്. ഇതെല്ലാം ഞാന്‍ വളരെ വിശദമായി മായാവതിക്കെ തിരെയുള്ള കുറ്റാരോപണം നവംബര്‍ 1-ല്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് അന്നത്തെ രാത്രയിലെ സംഭവവികാസങ്ങള്‍ ഒന്നൊന്നായി അതില്‍നിന്നെടുത്ത് അച്ചടിക്കാവുന്നതാണ്.

മായാവതി അവകാശപ്പെടുന്ന 9-ാം തീയതി രാവിലെ 1.20-നാണ് കാന്‍ഷിറാംജി മൃതിയടഞ്ഞ തെങ്കില്‍ അത്രയും ചുരുങ്ങിയ നേരത്തിനുള്ളില്‍ അത്രക്ക് വലിയ ഒരു പന്തലും 500 കിലോ മീറ്ററില്‍ അധികം ദൂരെനിന്ന് അത്രയധികം ബന്ധുക്കളും രാഷ്ട്രീയ സുഹൃത്തുക്കളും അവിടെ എത്തിയതെങ്ങനെ യെന്നുള്ളതാണ് പ്രധാന ചോദ്യം. കാന്‍ഷിറാം ജീ മൃതിയടഞ്ഞത് (അല്ലെങ്കില്‍ കൊല്ലപ്പെട്ടത്) വളരെയധികം മണിക്കൂറുകള്‍ മുമ്പായിരുന്നെന്നും ജനങ്ങള്‍ എല്ലാം ഉറങ്ങിക്കഴിഞ്ഞതിനുശേഷം അര്‍ദ്ധരാത്രിയാകുമ്പോള്‍ വിവരം പുറത്തു വിട്ടതുമാണെന്ന് തിരിച്ചറിയാന്‍ സാമാന്യ ബുദ്ധി മാത്രം മതി. ആ സമയം വരെ മരണ വിവരം രഹസ്യമാക്കിവെക്കുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ക്കുപോലും മരണ വിവരം 9-ാം തീയതി രാവിലെ മാത്രം അറിയാന്‍ കഴിഞ്ഞതും അവര്‍ ഡല്‍ഹിയില്‍ എത്തുമ്പോഴേക്കും മൃതദേഹം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തിരക്കു പിടിച്ച് ദഹിപ്പിച്ചതും ഈ വസ്തുതകളെല്ലാം സൂചിപ്പിക്കുന്നത് മരണത്തില്‍ എന്തോ ദുരൂഹതയുള്ളതായിരുന്നു എന്നുള്ളതാണ്. അതിന്റെ പല ഭാഗങ്ങളും ഞങ്ങള്‍ തുറന്നു കാണിച്ചു കഴിഞ്ഞു. ബാക്കിയുള്ളത് ഉടനെ തന്നെ പുറത്തുവരുന്നതാണ്.

ഞാന്‍ എന്തുകൊണ്ടാണ് ആ സമയത്ത് മൗനം പാലിക്കുകയും വളരെ നാളുകള്‍ക്കുമാത്രം ആ ദുരൂഹതയെക്കുറിച്ച് പുറത്തു പറയുകയും ചെയ്തു എന്ന നിങ്ങളുടെ വളരെ വിലപ്പെട്ട ചോദ്യം എന്നെ വളരെയധികം സന്തോഷിപ്പിക്കുകയാണ്.

നമ്മുടെ സമൂഹത്തിന്റെയും നമ്മുടെ പ്രസ്ഥാനത്തിന്റെയും ചരിത്രം തന്നെ അതിനുള്ള മറുപടി പറയുന്നുണ്ട്. നമ്മുടെ വലിയ വലിയ നേതാക്കളും ഗുരുക്കന്മാരും രാജാക്കന്മാരും ബ്രാഹ്മണരാല്‍ കൊല്ലപ്പെട്ടവരോ അവരുടെ കൊലപാതക ശ്രമങ്ങള്‍ക്ക് വിധേയരായവരോ ആണ്. പക്ഷേ, അവര്‍ അപ്രകാരമാണ് കൊലപ്പെട്ടതെന്ന വസ്തുത ബഹുജന്‍ സമാജിന് അറിയില്ലായിരുന്നു. അവര്‍ അതിനെക്കുറിച്ച് അജ്ഞരായിരുന്നു. അതുകൊണ്ടു തന്നെ അതിനെതിരെ കലാപം ചെയ്തതുമില്ല. ബാബാ സാഹേബ് അംബേദ്ക്കര്‍ നെഹ്രുവിന്റെയും ബ്രാഹ്മണ സ്ത്രീയായ ഭാര്യയും കൊല്ലപ്പെട്ടതാ ണെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായിയും പേഴ്‌സണല്‍ സെക്രട്ടറിയുമായ സോഹന്‍ ലാല്‍ ശാസ്ത്രി വ്യക്തമായി തന്നെ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അതുപോലെ മറ്റ് പല എഴുത്തുകാരും അതിനെക്കുറിച്ച് തങ്ങളുടെ രചനകളില്‍ സൂചന നല്‍കിയിട്ടുണ്ട്. ഗുരു രവിദാസ് തുടങ്ങിയ നമ്മുടെ പല പൂര്‍വ്വിക ഗുരുക്കന്മാരും ബ്രാഹ്മണരുടെ ഗൂഢാലോചനയുടെ ഫലമായി കൊല്ലപ്പെടുകയായിരുന്നു. ഇത്രയൊക്കെ നിഗമനപരമായ തെളിവുകളുണ്ടായിട്ടും എന്ത് സംഭവിച്ചു? നമ്മുടെ ജനങ്ങള്‍ പ്രത്യേകിച്ച് ദലിതര്‍ കോണ്‍ഗ്രസ്സിനും ബ്രഹ്മണിസത്തിനും എതിരെ കലാപം ചെയ്‌തോ? യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം ദലിതരും (പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ മഹറുകള്‍) ബാബാ സാഹേബിന്റെ കൊലപാതകത്തില്‍ നേരിട്ട് കുറ്റക്കാരായിട്ടുള്ള കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ചേരുകയാണ് ചെയ്തത്. മായാവതി കഴിഞ്ഞ 10 വര്‍ഷമായി ആ പാര്‍ട്ടിയെ പിന്‍ താങ്ങിക്കൊണ്ടിരിക്കുന്നു.

2006 ഒക്‌ടോബര്‍ 8നും 9നും ഇടയ്ക്കുള്ള രാത്രിയില്‍ കാന്‍ഷിറാംജിയുടെ മരണസ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മരണവും ബാബാസാഹേബ് അംബേദ്ക്കറു ടേതുപോലെ അസാധാരണ മരണമായിരുന്നെന്നത് പെട്ടന്നു തന്നെ മനസിലാക്കാന്‍ എനിക്കു കഴിഞ്ഞു. അത് വളരെ ആലോചിച്ച് തയ്യാറാക്കിയ പദ്ധതിയായിരുന്നു അത്. മായാവതിയുടെ മാത്രം നിയന്ത്രണത്തിലായിരുന്നില്ല; മറിച്ച് ഈ രാജ്യത്തെ മുഴുവന്‍ ബ്രാഹ്മണിക സാമൂഹ്യ വ്യവസ്ഥയുംകൂടി പങ്കാളികളായി നടത്തിയ പദ്ധതിയായിരുന്നു. അപ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് മനസിലായി, കാരണം എല്ലാം മായാവതി യുടെയും അവരുടെ ബ്രഹ്മണ സഹയാത്രികരുടെയും അപ്പോള്‍അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കൂട്ടായ നിയന്ത്രണത്തിലായിരുന്നു അവിടുത്തെ നീക്കളെല്ലാം ഒരു മുന്നൊരുക്കമില്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ മായാവതിയിയെ അവരുടെ ബ്രഹ്മണ സൂത്രധാരന്‍മാരെയും പ്രത്യേകിച്ച് പണ്ഡിറ്റ് മിശ്രയെ തുറന്നു കാണിക്കാന്‍ എനിക്ക് അവസരമില്ലാതാവും എന്ന് ബോദ്ധ്യമുണ്ടായിരുന്നു. കാന്‍ഷിറാംജിക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച് വിഷമിക്കാതെ മൗനം പാലിച്ച് മായാവതിയുടെ ക്യാമ്പില്‍ നിന്ന് കിട്ടുന്ന സുഖവും നുകര്‍ന്ന് കഴിയാമെന്ന് വിചാരിച്ച മറ്റുള്ളവരെപ്പോലെ എനിക്കും ആകാമായിരുന്നു.

പക്ഷേ, മറ്റുള്ളവര്‍ ചെയ്യാത്തത് ചെയ്യാമെന്നാണ് ഞാന്‍ തീരുമാനിച്ചത്. മായാവതിക്കും ബ്രാഹ്മണിസത്തിനുമെതിരെ ഒരു വലിയ യുദ്ധം നടത്താന്‍ ഒരു വലിയ തയ്യാറെടുപ്പ് ആവശ്യമാണെന്ന് എനിക്കറിയാമായിരുന്നു. വളരെ ആസൂത്രിതമായി തയ്യാറാക്കിയ പദ്ധതിയിലൂടെ വധിക്കപ്പെട്ട കാന്‍ഷിറാംജിയെ രക്ഷിക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു. പക്ഷേ അദ്ദേഹം കഠിനപ്രയത്‌നത്തിലൂടെ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ നാം കൂട്ടമായി ശ്രമിക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ ഞാന്‍ ഒരു കാര്യം പറയട്ടെ- കാന്‍ഷിറാംജി വധിക്കപ്പെട്ട സമയത്തുതന്നെ മായാവതിയുടെ അന്ത്യവും തീരുമാനിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്തിട്ടുണ്ട്. കാരണം, അതേ ദിവസംതന്നെ മായാവതിയുടെ കഴുത്ത് ബ്രാഹ്മണിസത്തിന്റെ പിടിയിലകപ്പെട്ടുകഴിഞ്ഞു; അവരുടെ രക്തം പുരണ്ട കൈകള്‍ ബ്രാഹ്മണിസത്തിന്റെ നാദതന്ത്രികളായി കഴിഞ്ഞു. ആ തന്ത്രികള്‍ ഉപയോഗിച്ച് അവര്‍ മായാവതിയെ നൃത്തം ചെയ്യിക്കും. കാന്‍ഷിറാംജിയെ വധിക്കുക എന്ന മഹാസേവനം ബ്രാഹ്മണിസത്തിന് വേണ്ടി ചെയ്താല്‍ തനിക്ക് അവരില്‍നിന്ന്, പാരിതോഷികം കിട്ടുമെന്ന വിഡ്ഢിയായ അവര്‍ വിശ്വസിച്ചു. ബ്രഹ്മണര്‍ തനിക്ക് നേരത്തെ നല്‍കിയ വാഗ്ദാനം പോലെ ഈ സേവനത്തിന് തനിക്ക് പ്രധാന മന്ത്രിപദം ലഭിക്കുമെന്ന് മായാവതി മോഹിച്ചു. പക്ഷേ നൂറ്റാണ്ടുകളായി ദലിതരെ പാദരക്ഷക്കും താഴെ കണ്ടു പോന്ന ബ്രാഹ്മണര്‍ക്ക് ദലിതരും പ്രത്യേകിച്ച് സ്ത്രീയുമായ ഒരു വ്യക്തിയെ കിരീടം ധരിപ്പിക്കുമെന്നുവരെ മായാവതി ഭ്രാന്തമായും അന്ധവുമായി വ്യാമോഹിച്ചു. അവര്‍ ബ്രാഹ്മണരുടെ കൈകളില്‍ കിടന്നു കളിച്ചു. അതിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. 2009ലേയും 2014ലേയും ഇലക്ഷന്‍ ഫലങ്ങളിലൂടെ നിങ്ങളത് കാണുന്നുണ്ടാവും. പക്ഷേ ഞാന്‍ അത് 2006ലേ കണ്ടൂ.

അതുകൊണ്ട്, അത്തരത്തിലുള്ള ഒരു ദുര്‍ഘട സാഹചര്യത്തില്‍ നമ്മുടെ ജനങ്ങള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ മായാവതിയെ പിന്‍താങ്ങിക്കൊണ്ടിരുന്ന ഒന്നും തിരിച്ചറിയാതെ മുഴുവന്‍ ബ്രാഹ്മണിക വ്യവസ്ഥ (രാഷ്ട്രീയ പാര്‍ട്ടികളും ഗവണ്മെന്റുകളും മാധ്യമങ്ങളും നീതിന്യായം മുതലായവയും)യെ അന്ധമായി പിന്‍തുടര്‍ന്നുകൊണ്ടിരുന്ന സമയത്ത് വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ഇത് പുറത്തു പറയുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ന്യായീകരണമില്ലായിരുന്നു. അതിനുശേഷം ഞാനും എന്റെ അടുത്ത സഹചാരികളും പറ്റിയ സമയത്ത് യുദ്ധം നടത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഒരു ദിവസം നേരിടേണ്ടിവരുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. കാന്‍ഷിറാംജിയെ നശിപ്പിക്കാന്‍ ബ്രഹ്മണരെ പ്രസ്ഥാനത്തിനകത്ത് കയറ്റാനും കാലങ്ങളോളം സാഹചര്യം ഒത്ത് കിട്ടുന്നതിനുവേണ്ടി അവരോടൊപ്പം ക്ഷമയോടെ കാത്തിരിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും മായാവതിക്ക് കഴിഞ്ഞുവെങ്കില്‍, എല്ലാം മായാവതിയുടെയും അവരുടെ ബ്രാഹ്മണ സഹജരായിട്ടുള്ള അധികാരം കയ്യാളിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന്റെയും നിയന്ത്രണത്തിലിരിക്കുന്ന ആ സാഹചര്യത്തില്‍ ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നതില്‍ കാര്യമില്ലെന്ന് എനിക്ക് ഉടനെ തന്നെ മനസ്സിലായി.

ആ നേരത്ത് മൗനം പാലിച്ചതു വളരെ ശാന്തമായി. അതിനെ നേരിടാന്‍ ഇത്രയും നാള്‍ കാത്തിരുന്ന് തയ്യാറെടുപ്പുകള്‍ നടത്തിയതും എന്റെ ഭാഗത്തുനിന്ന് വീക്ഷിക്കുമ്പോള്‍ ന്യായീകരിക്കത്തക്കതാണെന്ന് ശരിയാണെന്നും എനിക്ക് തോന്നുന്നു. ഒരു വലിയ ശത്രുവിനെ നേരിടാന്‍ അത്രതന്നെ വലിയ പദ്ധതിയും തയ്യാറെടുപ്പുകലും ആവശ്യമാണെന്ന് നിങ്ങള്‍ സമ്മതിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശാന്തമായി ഓരോ പ്രവര്‍ത്തകരോടും കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് അവരെ സംഘടിപ്പിച്ചുകൊണ്ടുവന്ന പ്രവര്‍ത്തനവും അതിന്റെ ഫലമായി മായാവതിക്കുണ്ടായ തിരിച്ചടിയും വളരെ നീണ്ടകാലത്തെ പ്രവര്‍ത്തനഫലമാണ്. അവരുടെ തന്നെ തെറ്റായ പ്രവര്‍ത്തനങ്ങളുടെ ഫലമായി അവര്‍ തുറന്ന് കാട്ടപ്പെടുന്നതുവരെ ഞങ്ങള്‍ കാത്തിരുന്നു. 2007 മുതല്‍ 2012 വരെ യു. പി.യില്‍ ഗവണ്‍മെന്റിനെ ചലിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നു. ബ്രഹ്മണര്‍ മായാവതിയുടെ കഴുത്തില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് ആ കാലയളവില്‍ ബഹുജന്‍ സമാജിനെ തകര്‍ത്ത് തരിപ്പണമാക്കി. അതുകൊണ്ടാണ് മായാവതി 220 സീറ്റുകളില്‍നിന്ന് 2012-ല്‍ 80 സീറ്റുകളിലേക്ക് നിപതിച്ചത് ജനങ്ങള്‍ ഇത് സ്വയം ബോദ്ധ്യപ്പെട്ട് തുടങ്ങുമ്പോഴേക്കും ഞങ്ങളുടെ വേദി തയ്യാറായിക്കഴിഞ്ഞിട്ടു ണ്ടായിരുന്നു. തല്‍സമയം 2012-ല്‍ തന്നെ ഞങ്ങളുടെ പ്രസ്ഥാനം ആരംഭിച്ചു. യു.പി.യിലെ 403 സീറ്റുകളില്‍ വെറും 9 സീറ്റായിരുന്നു. 2014-ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ മായാവതിയുടെ അസംബ്ലിതല കണക്ക് എന്നത് നിങ്ങള്‍ക്ക് അറിയാമായിരിക്കും. അതായത് ബഹുജന്‍ സമാജ് മായാവതിയുടെ യഥാര്‍ത്ഥ മുഖവും അവരുടെ ബഹുജന്‍ നയവിരുദ്ധതയും ബഹുജന്‍സമാജ് തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്തു.

പലരും മായാവതിക്കെതിരെ പലപ്പോഴും കലാപങ്ങല്‍ ചെയ്തിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ, അവര്‍ക്കൊന്നും ആദ്യമായി എന്തെങ്കിലും ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ കാരണം വളരെ ലളിതമാണ്. അവര്‍ കലാപം ചെയ്തത് മുഴുവന്‍ എന്തെങ്കിലും പദ്ധതി രൂപവത്കരണമോ തയ്യാറെടുപ്പുകളോ ഇല്ലാതെയായിരുന്നു. അവര്‍ പുറത്താക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്ത സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് പലരും എതിര്‍ക്കാന്‍ തുടങ്ങി, അവസാനം തളര്‍ന്ന് പിന്‍മാറി. ചിലര്‍ മറ്റ് പാര്‍ട്ടികളില്‍ ചേക്കേറി മറ്റു ചിലര്‍ മായാവതിയാല്‍ വ്യാമോഹിപ്പിക്കപ്പെട്ട് തിരിച്ച് അവരുടെ കാല്‍ച്ചുവട്ടിലേക്കു തന്നെ പോയി.

പക്ഷേ ഞങ്ങള്‍ ഈ പ്രസ്ഥാനം തുടങ്ങുന്നത് 2012 മാര്‍ച്ച് 21-ാം തീയതി ഞാന്‍ ഒരു എം. പി. ആയിരിക്കുമ്പോള്‍തന്നെ ആയിരുന്നു. ഞങ്ങള്‍ വളരെ അടുക്കും ചിട്ടയോടുംകൂടി മുന്നേറി. രണ്ടരകൊല്ലത്തിനുള്ളില്‍ ഇന്ത്യയുടെ എല്ലാഭാഗത്തും എത്താനും സ്വീകാര്യത ലഭിക്കാനും കഴിഞ്ഞു. അത് സൂചിപ്പിക്കുന്നത് തങ്ങള്‍ രക്തവും വിയര്‍പ്പും കൊടുത്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന് മായാവതി കേടുപാടുകള്‍ ഉണ്ടാക്കിയിരിക്കുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു എന്നാണ്. അതു കൊണ്ടാണ് ബി. എസ്. പി.ക്ക് അകത്ത് മായ-മിശ്ര ആന്റ് കമ്പനിക്ക് കലാപങ്ങള്‍ നേരിടേണ്ടിവന്നു കൊണ്ടിരിക്കുന്നത്. മായ-മിശ്രയെ ബി. എസ്. പി.യില്‍നിന്ന് പുറത്താക്കി ആ പ്രസ്ഥാനത്തെ തിരിച്ചു പിടിക്കുക എന്നത് ഞങ്ങളുടെ തുറന്നലക്ഷ്യമാണ്. ബഹുജന്‍ പ്രത്യയശാസ്ത്ര മനുസരിച്ച് ബി. എസ്. പി.യെ ഞങ്ങള്‍ നയിക്കും.

അംബേദ്‌കര്‍ - കാന്‍ഷിറാം പ്രസ്ഥാനത്തിന്റെ പുന്‍തുടര്‍ച്ചക്കാരന്‍ താങ്കളാണെന്ന് അവകാശപ്പെടുന്നുണ്ടോ? അങ്ങിനെയെങ്കില്‍ മായാവതിയുടെ സ്ഥാനം എന്താണ്? ആ പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ അവകാശി താങ്കളാണെന്ന് അവകാശപ്പെടാന്‍ എങ്ങനെ കഴിയും?
ഞാന്‍ അംബേദ്ക്കര്‍ കാന്‍ഷിറാം പ്രസ്ഥാനത്തിന്റെ തുടര്‍ച്ചക്കാരനാണോ അല്ലയോ എന്ന് വിലയിരുത്തേണ്ടത് ഞാനല്ല. ഞാന്‍ എങ്ങനെയുള്ള ആളാണെന്നും എന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിലിയിരിത്തേണ്ടതും ബഹുജന്‍ സമാജാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പ്രവര്‍ത്തനം എന്റെ തിരിച്ചറിവിനനുസരിച്ചുള്ളതാണ്. കാന്‍ഷിറാംജിയോട് അടുപ്പമുണ്ടായിരുന്ന ഭടന്മാര്‍ പ്രസ്ഥാനം വിട്ടു പോകുകയോ തിരിച്ച് മായാവതിയുടെ കാല്‍കീഴിലേക്ക് വീഴുകയോ ചെയ്തപ്പോള്‍ എനിക്കും വേണമെങ്കില്‍ അപ്രകാരം പ്രവര്‍ത്തിക്കാമായിരുന്നു. പുറം കാണിച്ചു കൊടുക്കാതെ അവരെ വെല്ലുവിളിക്കാനും തുറന്നു കാണിക്കാനും ഇഷ്ടപ്പെട്ടത്. ഞങ്ങളുടെ പ്രവര്‍ത്തനം എപ്രകാരമാണ് ഭാവിയില്‍ വിലയിത്തപ്പെടുക എന്നത് കാലം തെളിയിക്കും; ഞാന്‍ അതിനെക്കുറിച്ച് തീരെ ഉത്കണ്ഠപ്പെടുന്നില്ല. പക്ഷെ, ഞാന്‍ ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ് ചെയ്തത് എന്നുള്ളതില്‍ എനിക്ക് സന്തോഷവും സംതൃപ്തിയുമുണ്ട്; അതായത്, കാന്‍ഷിറാംജി തെളിയിച്ച ദീപം കെടാതെ സൂക്ഷിക്കുക എന്നത്.

അതുപോലെ തന്നെ, മായാവതിയുടെ സ്ഥാനം എവിടെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടതും ഇനിയും ബഹുജന്‍ സമാജ് തന്നെയാണ്. പക്ഷെ, സൂക്ഷ്മമായി നാം നോക്കുമ്പോള്‍ ജനങ്ങള്‍ വിധി കല്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. അവര്‍ ഇനിയും കഴിവോ, സത്യസന്ധതയോ ഉള്ള ഒരു നേതാവല്ല. അവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന വിശ്വസ്തത നഷ്ടപ്പെട്ടു കഴിഞ്ഞു. പാര്‍ട്ടിയെ നയിക്കാനുള്ള ധാര്‍മ്മികഅവകാശം അവര്‍ക്ക് നഷ്ടപ്പെട്ടുപോയി. അവര്‍ പാര്‍ട്ടിയില്‍നിന്ന് സ്വയം രാജിവെച്ചൊഴിഞ്ഞ് നേതൃത്വം കാന്‍ഷിറാം അനുഭാവികളെ ഏല്‍പ്പിക്കണം. അവര്‍ക്ക് വേണമെ ങ്കില്‍ പാര്‍ട്ടിയുടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും എടുക്കാം. അതും പോരെങ്കില്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ബഹുജന്‍ സമാജ് കുറച്ചുകൂടി കോടികള്‍ സമാഹരിച്ച് അവരുടെ ചെലവി നായികൊടുക്കാം, പക്ഷെ എന്തു തന്നെ ആയാലും ഞങ്ങളുടെ മഹാന്‍മാരായ ഗുരുക്കന്മാരും നേതാക്കളും പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ ഇനിയും നശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. സേവ് ബഹുജന്‍ പ്രസ്ഥാനം അവര്‍ പുറത്തു പോകുന്നതുവരെ തുടരും എന്ന കാര്യം വളരെ വ്യക്തമായിത ന്നെ ഞങ്ങള്‍ അവരോട് പറയുകയാണ്.

ബി. എസ്. പി.യുടെ പിന്‍തുടര്‍ച്ചക്കാരില്‍ മൂന്നമനോ നാലാമനോ പത്താമനോ പോലുമാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരിക്കലും എന്ന വാക്ക് ഞാന്‍ ആവര്‍ത്തിച്ച് പറയുകയാണ്. ഈ അനന്തരാവകാശി നാടകം തന്നെ മായാവതിയാണ് തുടങ്ങിയത്. ബി. എസ്. പി. ഒരു തൊഴില്‍ ശാഖയോ, ആരുടെയെങ്കിലും സ്വകാര്യ കമ്പനിയോ അല്ല (മായവതിക്ക് വിവരമില്ലാത്തതുകൊണ്ട് അങ്ങിനെയാണ് കരുതുന്നത്). അങ്ങിനെ ആയിരുന്നെങ്കില്‍ അതിന്റെ ഉടമയ്ക്ക് തന്റെ കാലശേഷം തന്നെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകാരം അത് മുന്നോട്ടു കൊണ്ടുപോകാന്‍ അടുത്ത അവകാശിയായി ആരെയെങ്കിലും ചുമതലപ്പെടുത്തിയിരിക്കുന്നതായി പ്രഖ്യാപിക്കാമായിരുന്നു. ബി. എസ്. പി. ബഹുജന്‍ സമാജിന്റെ പാര്‍ട്ടിയാണ്- ലക്ഷക്കണക്കിന് കാന്‍ഷിറാം അനുയായികളുടെയും അതിനുവേണ്ടി ആത്മാര്‍പ്പണം നടത്തിയവരുടെയും. മായാവതി പുറത്തുപോകുമ്പോള്‍ (അധികം വൈകാതെ പോകുമെന്ന് എനിക്കുറപ്പുണ്ട്) യഥാര്‍ത്ഥ കാന്‍ഷിറാം മിഷനറി പ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന് കൂടിയാലോചിച്ചായിരിക്കും ഇനി ആരാണ് പാര്‍ട്ടിയെ മുന്നോട്ടു നയിക്കേണ്ടതെന്ന്. അത് ജനാധിപത്യപരവും സുതാര്യവുമായിരിക്കും എന്ന് ഈ സാഹചര്യത്തില്‍ പറയാന്‍ എനിക്ക് സാധിക്കും.

ബഹുജന്‍ സമാജ് പ്രസ്ഥാനത്തിന്റെ വിശ്വാസധാര എന്തൊക്ക് വിശദീകരിക്കാമോ? ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന്റെ പ്രായോഗിതക എന്താണ്?

സേവ് ബഹുജന്‍ പ്രസ്ഥാനം ബി. എസ്. പി.യില്‍ മായാവതിയുടെ സ്വാര്‍ത്ഥവും ഇടുങ്ങിയ ചിന്തയിലൂന്നിയ അഴുക്കുപിടിച്ച രാഷ്ട്രീയവും മൂലം കയറിക്കൂടിയിട്ടുള്ള അഴുക്കും, ചവറും വിഷവും വൃത്തിയാക്കാന്‍വേണ്ടി ദേശീയ തലത്തില്‍ അതിനകത്തു തന്നെ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ബി. എസ്. പി. സ്വന്തം ഭവനമാണെന്നും എന്തും അതില്‍ അടിഞ്ഞുകൂടിയിട്ടുള്ള അഴുക്കുകള്‍ എപ്രകാരം വന്നതായാലും അത് ഇന്ന് വൃത്തിയാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ആത്മാര്‍ത്ഥമായി ചിന്തിക്കുന്നവരുടെ സ്വയം തിരുത്തല്‍ പ്രക്രിയയാണ് ഇതെന്നും വിലയിരുത്താവു ന്നതാണ്. ബി. എസ്. പി. കെട്ടിപ്പടുക്കുന്നവര്‍ക്ക് മാത്രമെ അതില്‍ അഴുക്കും ചപ്പുചവറുകളും നിറഞ്ഞ സാഹചര്യം മനസ്സിലാക്കാന്‍ കഴിയൂ. അവര്‍ക്ക് മാത്രമേ അതിനെ രക്ഷിക്കാന്‍ കഴിയൂ. ഞങ്ങള്‍ അത് ചെയ്യുന്നുവെന്ന് മാത്രമേയുള്ളൂ. ബി. എസ്. പി.ക്കകത്ത് മായാവതിയും മനുവാദികളും കൊണ്ടിട്ട അഴുക്കും മറ്റും എടുത്ത് പുറത്തെറിഞ്ഞ് അത് ശുദ്ധിയാകുന്നതുവരെ ബഹുജന്‍സമാജിന് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന ശരിയായതും വിശ്വാസയോഗ്യവുമായ മറ്റൊരു പ്രസ്ഥാനമാണ് ബഹുജന്‍ പ്രസ്ഥാനം. മാത്രമല്ല ജനാധിപത്യത്തിന് ഒട്ടും ഇടംകൊടുക്കാത്ത് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സ്വന്തം തൊഴില്‍ ശാലകളായി കണ്ടുവരുന്നു. രാഷ്ട്രീയ നേതാക്കളുടെ ഈ രാജ്യത്തെ രാഷ്ട്രീയത്തിനും ജനാധിപത്യപരവുമായ ഭാഷാശൈലിക്കും ഒരു പുനര്‍നിര്‍വ്വചനം നല്‍കുകയാണ് സേവ് ബഹുജന്‍ പ്രസ്ഥാനം. നേതാക്കളും പ്രവര്‍ത്തകരും യഥാക്രമം യജമാനനും ഭൃത്യന്മാരും പോലെയാകാതെ തുല്യനിലവാരമുള്ള പങ്കാളികളായി കാണുകയും പ്രവര്‍ത്തകരുടെ പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടി ക്കുകയും ചെയ്തുകൊണ്ട് ഈ രാജ്യത്തെ ജനാധിപത്യത്തിന്റെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നതില്‍ ഒരു പ്രധാന പങ്കാണ് സേവ് ബഹുജന്‍പ്രസ്ഥാനം നിര്‍വ്വഹിക്കുന്നത്. മായാവതിയെപ്പോലെയുള്ള നേതാക്കള്‍ പ്രോത്സാഹിപ്പിച്ചിട്ടുള്ള ചട്ടുകവത്കരണ സമ്പ്രദായത്തെ വളര്‍ത്തുന്ന ജന്മിത്വ ജനാധിപത്യത്തില്‍നിന്ന് ഈ രാജ്യത്തെ ജനാധിപത്യം വളരേണ്ടകാലം സമാഗതമായിരിക്കുന്നു.

മായാവതി നയിക്കുന്ന ബി.എസ്.പി.ക്കെതിരെ ഒരുപാട് ചെറിയ ചെറിയ ഗ്രൂപ്പുകളുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത്തരം നാമാവശേഷമായ പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ബഹുജന്‍ സമാജ് പ്രസ്ഥാനത്തെ വിഷമവൃത്തിയിലാക്കുമെന്ന് താങ്കള്‍ കരുതുന്നില്ലേ?

വിഷമവൃത്തിയിലാക്കുകയല്ല, മറിച്ച് അത് ബഹുജന്‍ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ആദ്യമായി, അത്തരം പ്രസ്ഥാനങ്ങള്‍ എങ്ങിനെയാണ് രൂപപ്പെട്ടു എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. അവയില്‍ മിക്കതും കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കിടക്ക് മായാവതി അനാവശ്യമായി അന്യായമായി പുറത്താക്കപ്പെട്ടവരാല്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ്. അവര്‍ വെറുതെ വീട്ടിലിരിക്കണമെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് മായാവതി, തന്നിഷ്ടപ്രകാരം അച്ഛന്റെ പലചരക്കുകട നടത്തുന്നതുപോലെയാണ് ഇത്രയും നാള്‍ ബി. എസ്.പി.യെ കൊണ്ടുനടന്നിരുന്നത്. കാന്‍ഷിറാംജിയുടെ മിഷനറി പ്രവര്‍ത്തകരെയെല്ലാം പുറത്താക്കി തല്‍സ്ഥാനത്ത് അവരുടെ മനുവാദി ചട്ടുകങ്ങളെ പ്രതിഷ്ഠിച്ചു. ഈ തകര്‍ച്ച ആദ്യമായി ഉണ്ടാക്കിവെച്ചത് മായാവതിയും അവരുടെ വൃത്തികെട്ട രാഷ്ട്രീയവുമാണ്. മായാവതിയെപ്പോലെ ഇടുങ്ങിയ മനസ്സും ഹൃദയവുമുള്ള ഒരു നേതാവിന് ബഹുജന്‍ പ്രസ്ഥാനം പോലുള്ള ചരിത്രപരമായ ഒരു മഹാപ്രസ്ഥാനം നയിക്കാന്‍ കഴിയില്ല.

യഥാര്‍ത്ഥത്തില്‍ അത്തരത്തിലുള്ള ചെറിയ ഗ്രൂപ്പുകള്‍ അവരുടെ വഴിയിലൂടെ ചെയ്തുവരുന്ന പ്രവൃത്തി നേരിട്ടോ അല്ലാതെയോ ബഹുജന്‍ പ്രസ്ഥാനത്തിന് ഗുണമാണ് ഉണ്ടാക്കുക. അവരെ ആ പ്രവൃത്തി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവര്‍ കഴിവും സത്യസന്ധത യുമുള്ളവരാണെങ്കില്‍ ഏഴുമടങ്ങ് നിലനില്‍ക്കും. അല്ലാത്തപക്ഷം അധികം വൈകാതെ അസ്തമിക്കും പക്ഷേ, മനുവാദി പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി. ജെ. പി., കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവയില്‍ ചേരുന്നതിനെക്കാളും നല്ലത് അത്തരത്തിലുള്ള ചെറിയ ചെറിയ ഗ്രൂപ്പുകളായി നില്‍ക്കുന്നതു തന്നെയാണ്. ഞാന്‍ ഡാര്‍വ്വിന്റെ 'അനുയോജ്യാതി ജീവന സിദ്ധാന്ത''ത്തിലാണ് വിശ്വസിക്കു ന്നത്. കഴിവും സത്യസന്ധ്യതയുമുള്ളത് അതിജീവിക്കും. ബാക്കിയുള്ളത് പിന്‍തള്ളപ്പെടുകയോ നാമാവശേഷമാവുകയോ ചെയ്യും. അതുകൊണ്ട് എന്റെ കാഴ്ചപ്പാടില്‍ ശരിയെന്ന് തോന്നുന്ന വഴിയിലൂടെ കഴിവിന്റെ പരമാവധി മുന്നോട്ടു പോവുകയാണ് മറ്റുള്ളവയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താതെ നാം ചെയ്യേണ്ടത്.

മായാവതി ബഹുജന്‍ ആശയസംഹിതയെ ബലികഴിച്ച, കാന്‍ഷി റാംജി കെട്ടിയുണ്ടാക്കിയ ശക്തമായ സംഘടനാ സംവിധാനത്തെ നശിപ്പിച്ചു; അര്‍പ്പിത മനസ്സുകളെ പാര്‍ട്ടി പടയാളികളെ പുറത്താക്കി, ബ്രാഹ്മണ നുഴഞ്ഞുകയറ്റക്കാര്‍ക്ക് വാതില്‍ തുറന്നുകൊടുത്തു. എന്നിട്ടും ഈ പ്രസ്ഥാനത്തിന്റെ രക്ഷകസ്ഥാനം തനിക്കാണെന്ന് അവകാശപ്പെടുന്നു. ഞങ്ങള്‍ക്കതൊന്നും സ്വീകാര്യമല്ല. ഞങ്ങള്‍ ഈ പ്രസ്ഥാനം എന്‍.സി.എസ്.ബി.എം. തുടങ്ങിയതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കുന്ന നടപടി അവര്‍ ഈ പ്രസ്ഥാനത്തില്‍ ചേര്‍ന്നാലോ എന്ന ഭീതിമൂലം മായാവതി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തന്നതായിരിക്കും. വളരെ ക്രുദ്ധയായ നേതാവായ മായാവതി ഇന്ന് വളരെ ഇണക്കമുള്ളവളായി ഞങ്ങളുടെ എന്‍.സി. എസ്.ബി.എം. പ്രസ്ഥാനത്തെ ഭയപ്പെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ പുറത്താക്കിയ നാടിന്റെ നാനാഭാഗത്തുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് തിരിച്ച് ബി. എസ്. പി.യിലേക്ക് വരാന്‍ ആവശ്യപ്പെട്ട് തന്റെ ചട്ടുകങ്ങള്‍ക്കൊപ്പം കെഞ്ചിനടക്കുന്നത് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ വിജയത്തെയാണ് കാണിക്കുന്നത്. എന്നിരുന്നാലും കുറച്ച് നട്ടെല്ലില്ലാത്തവര്‍ പാര്‍ട്ടിയിലേക്കുതന്നെ തിരിച്ചു പോയിട്ടുണ്ട്. പക്ഷേ അവരാരും പൂര്‍ണ്ണമായും യോജിച്ചിട്ടില്ല. കാരണം അവരുടെ പൂര്‍വ്വകാലചെയ്തികളായ ''ഉപയോഗിച്ചു വലിച്ചെറിയുക'' എന്ന രീതികള്‍ അറിയുന്നതുകൊണ്ട് മായാവതിയുള്ള നേതൃത്വത്തില്‍ തങ്ങള്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് അവര്‍ക്കറിയാം. ഇത് സമൂഹത്തിലെ ഒരു ഉന്മഥന പ്രക്രിയയാണ്. അത് നാം മനസ്സിലാക്കുകയും സ്വാഗതം ചെയ്യുകയുംവേണം. ഈ സാമൂഹ്യ-രാഷ്ട്രീയ കടച്ചിലില്‍നിന്ന് പുറത്തുവരുന്നത് ഈ സമൂഹത്തിന് ഗുണകരമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.