"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള വി.എച്ച്.പിയുടെ മത പരിവര്‍ത്തന ഗൂഢാലോചന തിരിച്ചറിയുക - എ. ബി. ഉണ്ണി


ദളിത്-ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വി.എച്ച്.പി എന്ന സംഘടന ലക്ഷ്യം വെയ്ക്കുന്നത് സമൂഹത്തില്‍ വര്‍ഗ്ഗീയ സഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് എന്നത് തിരിച്ചറിഞ്ഞ് ജനാതിപത്യ-മതേതര വിശ്വാസികളും രാഷ്ട്രീയ പൊതു സമൂഹവും, പ്രത്യേകിച്ച് ദളിതരും പിന്നോക്ക-ന്യൂനപക്ഷങ്ങളും ശക്തമായി പ്രതിക്ഷേധിക്കണം.

ദളിത് ക്രിസ്ത്യന്‍, ദളിത് മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് പട്ടികജാതി സംവരണം നഷ്ടപ്പെടുത്തിയത് 1950 ആഗസ്റ്റ് 10 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലെ 3-ാം ഘണ്ഡികയിലെ പരാമര്‍ശനം മൂലമാണ്. ഭരണഘടനാ വിരുദ്ധവും സാമൂഹികനീതി നിഷേധതത്തിന്റെതുമായ ഈ ഓര്‍ഡര്‍ റദ്ദുചെയ്തുകൊണ്ട് ക്രിസ്ത്യന്‍- ഇസ്ലാം മത വിശ്വാസികളായ ദളിതര്‍ക്ക് പട്ടിക ജാതി ലിസ്റ്റില്‍ പുനഃപ്രവേശനം നല്‍കണമെന്ന് രംഗനാഥ് മിശ്ര കമ്മീഷന്‍ 2007 മെയ് 21ന് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അസന്നിഗ്ധമായ ഭാഷയില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വ്യത്യസ്ത മത വിശ്വാസികളായ ദളിതര്‍ക്കിടയില്‍ എന്തെങ്കിലും വിഭജനരേഖ നിലനില്‍ക്കുന്നുണെങ്കില്‍ അത് 'ഈ സംവരണ പ്രശ്‌നം മാത്രമാണ് താനും' ഭരണഘടന 25(1) വകുപ്പനുസരിച്ചുള്ള മത സ്വാതന്ത്ര്യവും, 15(1) , 16(2) വകുപ്പുകള്‍ ഉറപ്പു നല്‍കുന്ന അവകാശങ്ങളും ഇന്ത്യന്‍ പൗരന് നിഷേധിക്കുക എന്നാല്‍ ഭരണകൂടം തന്നെ 'മത വിവേചനനയം' സ്വീകരിക്കുന്നു എന്ന് വരും. ഭരണഘടനാശില്പികള്‍ സംവരണാനുകൂല്യങ്ങള്‍ ഹിന്ദു മതത്തിന് മാത്രമായി നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നതിനാല്‍ സംവരണാവകാശം മത വിമുക്തമായ ജാതി അടിസ്ഥാനത്തിലുള്ളതായിരിക്കേണ്ടതാണ്. 

എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ മതം മാനദണ്ഡമായി കാണുന്ന സംവരണ തത്വം നിലനില്‍ക്കുന്നതിനാലാണ് സംഘ പരിവാര്‍ സംഘടനകള്‍ പട്ടികജാതി-വര്‍ഗ്ഗ സംവരണ വിഷയം ഉയര്‍ത്തികാണിച്ച് സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. വടക്കേ ഇന്ത്യയിലും, കേരളത്തില്‍ ചിലയിടങ്ങളിലും നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തിയതിനെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷങ്ങള്‍ വിഷയം ഉന്നയിച്ച് ദിവസങ്ങളായി സഭ സ്തംഭനാവസ്ഥയിലെത്തിയിട്ടും വെല്ലുവിളിയുടെ സ്വരത്തില്‍ മത പരിവര്‍ത്തന ശ്രമം തുടരുമെന്ന സംഘപരിവാര്‍ നേതാക്കളുടെ പ്രഖ്യാപനത്തില്‍ നിന്നും മനസിലാകുന്നത് , ഇത്തരക്കാര്‍ക്ക് ബി.ജെ.പി സര്‍ക്കാരിന്റെ പിന്‍തുണ ഉണ്ട് എന്നുള്ളതാണ്. ഈ സന്ദര്‍ഭത്തില്‍ മറുപടി കിട്ടേണ്ടതായ പ്രസക്തമായ ചോദ്യം, ഭഘര്‍ വാപസിയുടെ' പേരില്‍ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് പുനര്‍ മത പരിവര്‍ത്തനം എന്ന പരാമര്‍ശനത്തോടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിച്ച് മതം മാറ്റത്തിന് നേതൃത്വം നല്‍കുന്ന സംഘപരിവാറുകാര്‍ ദളിതരെ ഭഹിന്ദു മേല്‍ജാതിയിലേയ്ക്ക് '-സവര്‍ണ്ണജാതിയിലേയ്ക്ക്-പരിവര്‍ത്തനം നടത്താന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ഹിന്ദുമത തത്വങ്ങളേയും ആചാര അനുഷ്ഠാനങ്ങളേയും താത്വീകമായിതന്നെ വെല്ലുവിളിച്ചുകൊണ്ട് നിലനില്‍ക്കുന്ന ബുദ്ധ-സിക്ക് മതങ്ങളിലെ ദളിതരെ ഘര്‍ വാപസി വഴി പരിവര്‍ത്തിപ്പിക്കുവാന്‍ എന്തുകൊണ്ട് താല്പര്യമെടുക്കുന്നില്ല? എന്നതു മാത്രമല്ല, ബ്രാഹ്മണിക്ക്-സവര്‍ണ്ണ ഹിന്ദു മതത്തിന്റെ മുഖമുദ്രയായ പഴയ ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥിതി തിരിച്ചുകൊണ്ടുവരുന്നതിനും വി.എച്ച്.പി യുടെ അജണ്ടയില്‍ ഉള്‍പ്പെടുന്നു എന്നത് വിസ്മരിക്കാവുന്നതല്ല. ഇന്ത്യന്‍ രാഷ്ട്രീയ -പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്തേണ്ടതും , മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും എല്ലാ മതേതരവിശ്വാസികളുടെയും അടിയന്തിര ആവശ്യമായി തീര്‍ന്നിരിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത.ആയതിനാല്‍ മതേതര-ജനാതിപത്യ വിശ്വാസികളായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക-സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളും, പ്രത്യേകിച്ച് ദളിത്- ന്യൂനപക്ഷ ജനസമൂഹങ്ങളും സംഘപരിവാര്‍ സംഘടനകളുടെ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള കുല്‍സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം.