"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

സൈന്ധവ സംസ്‌കാരം നശിച്ചത് ആര്യന്‍ ആക്രമണത്തിലൂടെ - എം പി പരമേശ്വരന്‍


എം പി പരമേശ്വരന്‍
സിന്ധു നദിയുടെ പടിഞ്ഞാറുഭാഗത്ത്, ബലൂചിസ്ഥാന്‍ പീഠഭൂമിയുടെ അടിവാരങ്ങളില്‍ കാണപ്പെട്ട ചില അവശിഷ്ടങ്ങളും മൊഹഞ്ജദാരോവില്‍ നിന്ന് അധികം ദൂരത്തല്ലാതെ കാണപ്പെട്ട മറ്റു ചില അവശിഷ്ടങ്ങളും ഏല്ലാംകൂടി തരുന്ന ഏകദേശ ചിത്രം ഇതാണ്.

സൈന്ധവ സംസ്‌കാരത്തിന്റെ സ്ഥാപകര്‍ വന്നത് വടക്കു പടിഞ്ഞാറു നിന്നാണ് - ബലൂചിസ്ഥാന്‍ പീഠഭൂമിയില്‍ നിന്നും അതിനപ്പുറത്തുനിന്നും. എന്നാല്‍ തങ്ങള്‍ കൂടെ കൊണ്ടുവന്ന സംസ്‌കാരം - നഗരാസൂത്രണം ആയുധ നിര്‍മ്മാണം, സാമൂഹ്യ സംഘാടനം തുടങ്ങിയവ സിന്ധുവിന്റെ തീരങ്ങളില്‍ സ്ഥാപിക്കുകയല്ല അവര്‍ ചെയ്തത്. നഗരം, നാഗരികത മുതലായ ആശയങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കാം. മെസോപ്പൊട്ടോമിയയിലെ നഗരങ്ങള്‍ അതിലധികം പഴക്കമുള്ളതായിരുന്നു. ജീവിക്കാന്‍ കൂടുതല്‍ അനുകൂലമായ ഭൂപ്രദേശങ്ങള്‍ തേടിവന്ന ഈ ഗോത്രങ്ങള്‍ സിന്ധുവിന്റെ തീരങ്ങളില്‍ അവിടവിടങ്ങളിലായി വാസമുറപ്പിക്കുവാന്‍ തുടങ്ങി. നൈല്‍ നദിയെ പോലെ സിന്ധുവും കൊല്ലം തോറും കരകവിയുകയും ആവശ്യമായ ജലസേചനവും വളം ചേര്‍ക്കലും നടത്തുകയും ചെയ്കയാല്‍ ഈ പ്രദേശത്തിന്റെ കൃഷിസാധ്യത ബലൂചിസ്ഥാന്‍ പൂഠഭൂമിയിലേതിനേക്കാള്‍ വളരെ കൂടുതലായിരുന്നു. നേരത്തേ പറഞ്ഞപോലെ, ഇവരില്‍ ഒരാളോ ഒരു ഗ്രൂപ്പോ കൊടുത്ത നേതൃത്വമാണ് മൊഹഞ്‌ജോദാരോ., ഹാരപ്പ എന്നീ നഗരങ്ങള്‍ സ്ഥാപിക്കപ്പെട്ടതിനു കാരണം. അതിനെപ്പറ്റിയുള്ള കഥകളൊന്നും നമുക്ക് കിട്ടിയിട്ടില്ല. ആകെ ഒന്നു മാത്രം ഊഹിക്കാന്‍ കഴിയുന്നു. വളരെ നീണ്ട ഒരു കാലഘട്ടത്തില്‍ പരിണമിച്ചുണ്ടായ പട്ടണങ്ങളല്ല അവ. ഏറ്റവും ആദ്യത്തെ പട്ടണം, അതായത് ഏറ്റവും അടിയിലത്തെ പട്ടണം തന്നെ പൂര്‍ണമായും ആസൂത്രിതമാണ്. ഈ അടര്‍ ഇനിയും പൂര്‍ണമായി ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല. കാരണം ഇന്നത്തെ ഭൗമജല വിതാനത്തിന്റെ എത്രയോ താഴെയാണത്. കുഴിക്കുമ്പോള്‍ വെള്ളം വന്നു നിറയുന്നു. ചുരുങ്ങിയ ഒരു കാലത്തി നുള്ളിലായി രിക്കണം അതിന്റെ നിര്‍മ്മാണം നടന്നത്.

എന്നാല്‍, ഈ നഗരങ്ങളുടെ പതനത്തെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങള്‍ ഊഹിക്കാന്‍ കഴിയും. ഒന്നാമതായി പറയേണ്ടത് ഭൂപ്രകൃതിയില്‍ വന്ന ഭൗതികമായ ക്ഷയവും ജനസംസ്‌കാരത്തില്‍ വന്ന മുരടിപ്പുമാണ്. ക്രൃതിയുമായി മല്ലടിക്കുന്നു; അതില്‍ വിജയിക്കാന്‍ പ്രകൃതിയെ കൂടുതല്‍ കൂടുതല്‍ വികൃതമാക്കുന്നു - വന നശീകരണം വഴി. പ്രകൃതി കൂടുതല്‍ രൂക്ഷമായി പ്രതിപ്രവര്‍ത്തിക്കുന്നു. അവസാനം തുടക്കത്തിലുണ്ടായിരുന്നതിന്റെ മുകളില്‍ പുതിയൊരു നഗരം നിര്‍മ്മിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. കുറേക്കൊല്ലങ്ങള്‍ക്കുള്ളില്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു. കുറേക്കഴിയുമ്പോള്‍ ജനങ്ങളുടെ സാംസ്‌കാരികമായ ഓജസ്സും പ്രകൃതിയെ നേരിടാനുള്ള വീറും നഷ്ടപ്പെട്ടു. കൃഷി രീതിയിലോ മറ്റു തൊഴിലുകളിലോ വലിയ മാറ്റമൊന്നും വന്നില്ല - ക്രമത്തില്‍ ക്രമത്തില്‍ തുടക്കത്തിലുണ്ടായിരുന്ന 'മുനിസിപ്പല്‍ ഭരണ' സംവിധാനം അധഃപതിക്കാന്‍ തുടങ്ങി. വീടുകള്‍ തോന്നിയ രീതിയില്‍ പണിയാന്‍ തുടങ്ങി. റോഡുകളിലും അഴുക്കു ചാലുകളിലും കിണറുകളിലും ഒന്നിലും പഴയ നിഷ്‌കര്‍ഷ ഇല്ലാതായി. അങ്ങനെ അവസാനമായപ്പോഴേക്കും നഗരത്തിന്റെ ജീവസ്സില്ലാത്ത വികൃതമായ പ്രേതമായി മാറാന്‍ തുടങ്ങി ഇവ. ഇക്കാലത്താണ് കൂടുതല്‍ ഓജസ്സും വീറുമുള്ള ആര്യന്മാരുടെ നീക്കം ഉണ്ടായത്. അവരുടെ ആക്രമണത്തിന്‍ കീഴില്‍ സൈന്ധവ നഗരങ്ങള്‍ ഞൊടിയിടക്കുള്ളില്‍ തകര്‍ന്നു തരിപ്പണമായി. ഏറ്റവും മുകളിലെ അടരുകളില്‍ കാണുന്ന അവശിഷ്ടങ്ങളും ഋഗ്വേദത്തിലെ പരാമര്‍ശങ്ങളും ഒട്ടൊക്കെ പരസ്പരം ഒത്തുപോകുന്നുണ്ട്. എവിടേയും സംഘട്ടനത്തിന്റേയും ഓടിപ്പോക്കിന്റേയും അവശിഷ്ടങ്ങള്‍ കാണാം. ഡസന്‍ കണക്കിന് അസ്തികൂടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അവയൊന്നും സംസ്‌കരിക്കപ്പെട്ടതല്ല. മരിച്ചു വീണിടത്തുതന്നെ കിടക്കുന്നു. വാളു കൊണ്ടുള്ള വെട്ടുകൊണ്ട് മുറിഞ്ഞ തലയോട് കണ്ടിട്ടുണ്ട്. മുറിക്കകത്ത്, തെരുവുകളില്‍ ഒക്കെ അസ്തികൂടങ്ങള്‍ കാണപ്പെട്ടു. താഴെയുള്ള അടരുകളിലെല്ലാം വിധിയാംവണ്ണം സംസ്‌കരിച്ച ശവശരീരങ്ങളുടെ അസ്തികൂടങ്ങളാണ്കണ്ടത്. ഭീകരവും അതേസമയം ഹ്രസ്വവുമായ ഒരു യുദ്ധത്തിന്റെ പ്രതീതി തന്നെ ഉണ്ടാകുന്നു. ഋഗ്വേദത്തില്‍ ഇന്ദ്രനെ 'പുരന്ധരന്‍' എന്ന് വിളിക്കുന്നത് ഇതുകൊണ്ടായിരിക്കാം. 'കോട്ട തകര്‍പ്പന്‍' എന്നാണ് ഇതിനര്‍ത്ഥം. സൈന്ധവരുടെ നഗരങ്ങളായിരിക്കണം കോട്ടകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവര്‍ തകര്‍ത്ത കോട്ടകളില്‍ ഒന്നിന്റെ പേര് തന്നെ 'ഹരിയൂപ' എന്നാണ്. ഇത് തന്നെയായിരിക്കണം ഇന്നത്തെ ഹാരപ്പ.

എന്നാണ് ഇത് നടന്നത് എന്ന് കൃത്യമായി ഇനിയും പറയാന്‍ പറ്റില്ല. ഏതാണ്ട് ക്രി മു 1500 ന് അടുത്തായിരിക്കണം എന്നാണ് ധാരണ. സൈന്ധവ നഗരങ്ങളെ നശിപ്പിച്ച ആര്യന്മാര്‍ വളരെക്കാലത്തേക്കു കൂടി നാടോടികളായി കഴിഞ്ഞുകൂടി. അവര്‍ ഒറ്റ സംഘമായല്ല വന്നത്. പല കാലങ്ങളിലായി പല സംഘങ്ങളിലായി സിന്ധുതടത്തേയും മുറിച്ചു കടന്ന് അവര്‍ കിഴക്കോട്ടു നീങ്ങി. ഗംഗാ തടത്തിലേക്ക്: കാലിവളര്‍ത്തലിന് കൂടുതല്‍ അനുകൂലമായ പ്രദേശത്തേക്ക്, ഇരുമ്പുകൊ ണ്ടുള്ള ആയുധങ്ങള്‍ ധാരാളമായപ്പോള്‍ ഗംഗാതടത്തിലെ കാടുകള്‍ വെട്ടിത്തെളിച്ച് കൃഷിയും തുടങ്ങി. ക്രി മു ആയിരാമാണ്ട് ഇന്നത്തേക്ക് 3000 വര്‍ഷം മുമ്പ് ആയപ്പോഴേക്കും ആര്യന്മാര്‍ നാടോടിത്തം വിട്ട് സ്ഥിരവാസമുറപ്പിക്കാന്‍ തുടങ്ങിയിരുന്നു. 'വേദങ്ങളുടെ നാട്' രൂപം കൊള്ളുകയായിരുന്നു. 

@@@@@@@@@@

കടപ്പാട്: കേരള ശാസ്തസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച, എം പി പരമേശ്വരന്റെ 'സിന്ധുവിന്റെ കഥ' എന്ന പുസ്തകത്തിന്റെ അവസാനഭാഗമാണ് ഇവിടെ പകര്‍ത്തിയിട്ടുള്ളത്