"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ദലിതരുടെ മതം മാറ്റത്തെ അനുകൂലിച്ചിരുന്ന പണ്ഡിറ്റ് കെ പി കറുപ്പന്‍ എത്രത്തോളം ഒരു ഹിന്ദുവാണ്?


പണ്ഡിറ്റ് കെ പി കറുപ്പനെ ഹിന്ദുവാക്കുന്നതിന് സംഘപരിവാറിന് കൂട്ടുനില്‍ക്കുന്ന ധീവരരും 'ഘര്‍ വാപസി' ക്ക് വഴങ്ങുന്ന പട്ടിക ജാതിക്കാരും കറുപ്പനെ ഹിന്ദുവാക്കുന്ന ജാതി ഹിന്ദുക്കളും ഒരേപോലെ മറുപടി പറയേണ്ട ചോദ്യമാണിത്.

ഗോള്‍വാള്‍ക്കറേയോ ഹെഡേഗേവാറിനേയോ മോഹന്‍ ഭഗത്തിനേയോ അമിത് ഷായെ പോലെയോ വിദ്യാഭ്യാസം ചെയ്യാന്‍ അധികാരമുണ്ടാ യിരുന്ന പണ്ഡിറ്റല്ല കെ പി കറുപ്പന്‍ എന്ന വര്‍ണബാഹ്യന്‍. കൊടുങ്ങല്ലൂര്‍ കോവിലകത്തെ തീണ്ടാപ്പുരയിലിരുന്നു പഠിച്ചാണ് കറുപ്പന്‍ പണ്ഡിറ്റായത്. കറുപ്പന്‍ ഹിന്ദുവായിരുന്നു എങ്കില്‍ എന്തുകൊണ്ടാണ് തീണ്ടാപ്പുരയിലിരുന്ന പഠിക്കേണ്ടി വന്നത്? ഗോള്‍വാക്കറെ പോലെ എന്തുകൊണ്ട് കറുപ്പന് പഠിക്കാനായില്ല? എല്ലാ ഹിന്ദുക്കള്‍ക്കും അവകാശങ്ങള്‍ തുല്യമല്ലേ?

വിദ്യാഭ്യാസാനന്തരം കറുപ്പന്‍ വ്യാപരിച്ചത് സാമൂഹ്യം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ്. കറുപ്പന്റെ സാഹിത്യ കൃതികളിലെല്ലാം പ്രതിഫലിക്കുന്നത് ഹിന്ദുത്വത്തിനെതിരായ സാമൂഹ്യ നിലപാടുകളാണ്. ഹിന്ദുക്കളെ പോലെ കെ പി കറുപ്പന്‍ ദേവീ സ്തവങ്ങളോ ദേവതാ പ്രീതിക്കുവേണ്ടിയോ ഉള്ള സ്‌തോത്ര കൃതികളോ ഒന്നും രചിച്ചിട്ടില്ല. ജാതിഹിന്ദുക്കളുടെ അസമത്വ നിലപാടുകളെ ചോദ്യം ചെയ്യുന്ന 'ജാതിക്കുമ്മി' തുടങ്ങിയ വിപ്ലവ കാവ്യങ്ങള്‍ രചിക്കുകയാണ് ചെയ്തത്. അത്തരം കൃതികള്‍ രചിച്ച ഒരു കവി എങ്ങനെ ഹൈന്ദവനാകും? ക്ഷേത്ര മാഹാത്മ്യത്തെ കുറിച്ച് ഒരു വാക്കെങ്കിലും എഴുതുകയോ ക്ഷേത്രങ്ങളില്‍ പോയി ആരാധന നടത്തുവാന്‍ അനുയായികളെ പ്രേരിപ്പിക്കുകയോ കറുപ്പന്‍ ചെയ്തില്ല. എന്നാല്‍ മറ്റൊരു മതമായ ഇസ്ലാമിലെ പ്രവാചകനെ കുറിച്ച് 'മുഹമ്മദ്' എന്ന കവിത എഴുതുകയും ചെയ്തു. അത്തരം ഒരു കവിത എഴുതിയെന്നാകിലും കെ പി കറുപ്പന്‍ ഒരു ഹിന്ദു തന്നെയായിരിക്കും എന്നാണെങ്കില്‍ ചോദിക്കുവാനുള്ളത് ഗോള്‍വാക്കര്‍ തുടങ്ങിയ ഹൈന്ദവ നേതാക്കള്‍ ആരെങ്കിലും അന്യ മതക്കാരെ പ്രകീര്‍ത്തിക്കുന്ന ഏതെങ്കിലും വരി എവിടെയെങ്കിലും കുറിച്ചിട്ടുണ്ടോ എന്നാണ്. അയിത്ത ജാതിക്കാരുടെ അവകാശങ്ങള്‍ പൊതു ശ്രദ്ധയിലേക്കു കൊണ്ടുവന്ന 'പുലയന്‍' തുടങ്ങിയ കവിതകളും കറുപ്പന്‍ രചിച്ചിട്ടുണ്ട്. 

ഹിന്ദുവിന് അധികാരത്തില്‍ തുടരണമെങ്കില്‍ മതത്തിനകത്ത് ആളെണ്ണം കൂട്ടേണ്ടതുണ്ട്. അതിനായി ഹിന്ദുക്കള്‍ കാലകാലങ്ങളില്‍ അയിത്ത ജാതിക്കാരെ ഹിന്ദുക്കളാക്കുന്ന ഹീന തന്ത്രം നടപ്പാക്കാറുണ്ട്. വൈക്കം സത്യാഗ്രഹവും തുടര്‍ന്നുള്ള ക്ഷേത്ര പ്രവേശനവുമെല്ലാം ഈ തന്ത്രത്തിന്റെ ഭാഗമായി നടപ്പാക്കിയ ഹീനതകളാണെന്ന് ധീവര ജനത തിരിച്ചറിയേണ്ടതുണ്ട്. 

ധീവരരും ഹിന്ദുക്കളാണെങ്കില്‍ എന്തുകൊണ്ട് ഒരു ധീവരന് ഹൈന്ദവ സംഘടനകളുടെ ഏതിന്റേയെങ്കിലും തലപ്പത്ത് വന്നുകൂടാ? ഹൈന്ദവര്‍ ഭരണ സമിതിയിലുള്ള ഏതെങ്കിലും മഹാക്ഷേത്രങ്ങളില്‍ ഒരു ധീവരന് മേല്‍ശാന്തിയായിരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? അപ്പോള്‍ ചിന്തിക്കേണ്ടത്, ആശ്രിത വിഭാഗമായാണ് ധീവരനെ ഹിന്ദു ഉള്‍പ്പെടുത്തുന്നത് എന്നാണ്. ധീവര സമൂഹമേ, എന്തുകൊണ്ട് നിങ്ങള്‍ക്ക് സ്വയം ആജ്ഞാശക്തിയുള്ള ജനതയായി തലയുയര്‍ത്തി നിന്നുകൂടാ ? ആശ്രിതത്വം അത്രക്ക് സുഖകരമാണോ?

അടിമ ജനങ്ങള്‍ എക്കാലവും ഹിന്ദുവിന്റെ നുകത്തിന്‍ കീഴില്‍ കിടന്നു നരകിക്കാതെ മതം മാറി രക്ഷപ്പെടുന്നതിനെ കെ പി കറുപ്പന്‍ അങ്ങേയറ്റം അനുകൂലിച്ചിരുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ '.... മതം മാറ്റം കൊണ്ട് പുലയര്‍ക്ക് സ്വല്‍പ്പമെങ്കിലും ഗുണമാണ് ഉണ്ടായിട്ടുള്ളത്. തന്റെ സ്വന്തം മതവും പേരും മാറ്റി മതാന്തരവും നാമാന്തരവും സ്വീകരിക്കുമ്പോള്‍ ഒരു അധഃകൃതനുണ്ടാകുന്ന ജീവന്‍ ഒന്നു വേറെതന്നെയാണ്. ചാത്തനും ശീതങ്കനും, ജോണും ചാര്‍ളിയും മറ്റുമായി മാറുമ്പോള്‍ പേരില്‍ത്തന്നെ ഊര്‍ജിതം സിദ്ധിക്കുന്നു. ക്രിസ്തീയ - മുസ്ലീം സമുദായങ്ങള്‍ക്കും അധഃകൃത സമുദായങ്ങള്‍ക്കും ഇന്നുകാണുന്ന സാമുദായിക സ്ഥിതി ഭേദങ്ങളാണ് മേല്‍പ്പറഞ്ഞ വ്യത്യാസത്തിന് കാരണങ്ങളായി നില്‍ക്കുന്നത്. 

മതം മാറുന്ന ഒരു അധഃകൃതന് പൊടുന്നനവേ ലഭിക്കുന്ന വലിയ ഒരു ഗുണമാണ് സഞ്ചാര സ്വാതന്ത്ര്യം. വൈക്കം സത്യാഗ്രഹത്തിന്റെ സ്വഭാവം അത് നടക്കുന്ന കാലത്ത് തന്നെ അവിടന്ന് അറിഞ്ഞിരിക്കുമല്ലോ. ഞങ്ങളേയും, അധഃകൃതരേയും ഒക്കെ ക്ഷേത്രത്തില്‍ കടത്തുവാനല്ല അതിന്റെ പുറമതിലിന്റെ അരികില്‍ക്കൂടി സഞ്ചരിപ്പിക്കുവാനാണ് ആ സംഭവമുണ്ടായത്. എത്ര ലക്ഷം രൂപാ നശിച്ചു. അതിനുവേണ്ടി എത്ര ആളുകള്‍ പട്ടിണി കിടന്നു. എത്രപേര്‍ തല്ലു കൊണ്ടു! ഒടുവില്‍ മാഹാത്മാ ഗാന്ധി പോലും അവിടെ എത്തേണ്ടി വന്നു. എന്തിന് ? പട്ടിയും പൂച്ചയും ഒക്കെ നടക്കുന്ന ആ നിരത്തില്‍ക്കൂടി മനുഷ്യരെ സഞ്ചരിപ്പിക്കുവാന്‍!

ഈ വക യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ ഒരു അധഃകൃതന് സഞ്ചാര സ്വാതന്ത്ര്യം സമ്പാദിച്ചുകൊടുക്കുന്ന ഒരു ഉറ്റ മിത്രമാകുന്നു മതാന്തര സ്വീകാരം. കൂടുതല്‍ ഉയര്‍ന്ന ഉദ്യോഗ ലാഭത്തിനും, കരാറു പണികള്‍ എടുക്കുന്നതിനും മറ്റും പല വിഷയങ്ങള്‍ക്കും മതാന്തര സ്വീകാരം അധഃകൃതരേയും ആസ്പദീയരേയും സഹായിക്കുമെന്നുള്ളതിന് രണ്ടു പക്ഷമില്ല.

പുതുതായി മതം മാറുന്നവരുടെ നേരേ പഴേ ക്രിസ്താനികളില്‍ ഭൂരിപക്ഷവും കാണിക്കുന്ന ഭേദബുദ്ധി യല്ലെങ്കില്‍ ഇപ്പോഴിവിടെ പല ദിക്കിലും മാസ് കണ്‍വെന്‍ഷന്‍ തന്നെ നടക്കാതിരിക്കയില്ലായിരുന്നു. മതാന്തരത്തില്‍ ചേരുന്നതുകൊണ്ട് സഞ്ചാര സ്വാതന്ത്ര്യം മുതലായവ ലഭിക്കുന്നുണ്ടെങ്കിലും സാമുദായികമായ തുല്യതക്ക് വളരെ കാലതാമസം വേണ്ടിവരുന്നു. യാഥാസ്ഥിതിക മനഃസ്‌കരായ ക്രിസ്ത്യാനികളുടേയും മുസ്ലീമിങ്ങളുടേയും ആഭിജാത്യ മനോഭാവം മാറുവാന്‍ വേണ്ടിവരുന്ന കാലതാമസം കൊണ്ട് ജാതി ഹിന്ദുക്കളുടെ ഇടയിലുള്ള ജാതി വ്യത്യാസം തന്നെ നശിച്ചുപോകു മെന്നാണ് ഇപ്പോള്‍ ഞങ്ങളുടേയൊക്കെ പ്രതീക്ഷ.' ( 1981 ല്‍ വിശ്വകേരളം തിരുവനന്തപുരം പ്രസിദ്ധീകരിച്ച വൃന്ദാവനം വേണുഗോപാലന്റെ 'കെ പി വള്ളോന്‍ സ്മരണിക' എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'പുലയരുടെ ഉയര്‍ത്തെഴുനേല്‍പ്പ്' എന്ന കെ പി കറുപ്പന്റെ നിവേദനത്തില്‍ നിന്നുമാണ് ഇത്രയും ഭാഗം ഉദ്ധരിച്ചത്. സര്‍വന്‍സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ പ്രസിഡന്റ് ശ്രീ ദേബാര്‍ക്ക് സമര്‍പ്പിക്കുന്നതിന് 1936 ല്‍ കറുപ്പന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇത്. പേജ് 48,49,50. കെ പി കറുപ്പന്റെ കൈപ്പടയും പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്)

ഇപ്പോള്‍ ഹൈന്ദവകൂടാരം കയറിപ്പറ്റാന്‍ ഒരുമ്പെടുന്ന പരിവര്‍ത്തിത ക്രൈസ്തവരും അവര്‍ക്ക് സംവരണം കൊടുക്കാന്‍ സമ്മതിക്കില്ല എന്ന് ശഠിക്കുന്ന സങ്കുചിത സാമുദായിക വാദികളായ പട്ടികജാതിക്കാരും ഒരേപോലെ, പണ്ഡിറ്റ് കെ പി കറുപ്പന്‍ മുന്നോട്ടുവെച്ചിട്ടുള്ള ഈ നിരീക്ഷണം ഉള്‍ക്കൊള്ളേണ്ടതാണ്. നല്ല ഒരു മതം നോക്കി ക്രിസ്തുമതം സ്വീകരിക്കുകയല്ല പട്ടികജാതിക്കാര്‍ ചെയ്തത്. അവരെ ഉള്‍പ്പെടുത്തിയിരുന്ന ഹിന്ദുമതത്തില്‍ നല്ലത് ലവലേശമില്ലാതിരുന്നതു കൊണ്ടാണല്ലോ അവര്‍ ക്രിസ്തുമതം സ്വീകരിച്ചത്. വിശ്വാസം മാറിയാല്‍ വര്‍ഗം മാറുമോ?

എന്തോക്കെയായിരുന്നു ഹിന്ദുമതത്തിലെ തിന്മകള്‍? പട്ടിക ജാതിക്കാരന്‍ വിദ്യാഭ്യാസം ചെയ്തുകൂടാ, പൊതു നിരത്തിലൂടെ വഴിനടന്നുകൂടാ, വസ്ത്രം ധരിച്ചുകൂടാ, ഇതിനൊക്കെ പുറമേ ഹിന്ദുവിന് വേണ്ടി അടിമ വേല ചെയ്യുകയും വേണം! അവന്റെ പണിയായുധങ്ങള്‍ക്കും ശരീരാവയവങ്ങള്‍ക്കും വരെ കരം ഒടുക്കുകയും കടുത്ത ശക്ഷകള്‍ ഏറ്റു വാങ്ങുകകയും വേണമായിരുന്നു. ചോതി മതം മാറി ചാക്കോ ആയാല്‍ ഹിന്ദു അവന് നിഷേധിച്ചിരുന്ന മനുഷ്യാവകാശങ്ങളെല്ലാം ക്രൈസ്തവനില്‍ നിന്ന് ലഭിക്കുമായിരുന്നു. അവന്‍ മതം മാറിയത് നല്ല മതം കംക്ഷിച്ചാണെങ്കില്‍ക്കൂടി അത് സ്വതന്ത്രനാ കാന്‍ വെണ്ടിയുള്ളതായിരുന്നു. ഘര്‍ വാപസിക്ക് വഴങ്ങുന്ന പട്ടികജാതിക്കാര്‍ക്ക് ഈ വക മനുഷ്യാവകാശങ്ങളൊന്നും ഒരിക്കലും വേണ്ടെന്ന് ഇനിയും സ്വയം തീരുമാനിക്കുകയാണോ?